This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തിരുവഞ്ചിക്കുളം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

തിരുവഞ്ചിക്കുളം

ഒന്നാം ചേര സാമ്രാജ്യത്തിലെ ചക്രവര്‍ത്തിമാരുടെ തലസ്ഥാന നഗരം. 800 മുതല്‍ 1102 വരെ കേരളം ഭരിച്ച കുലശേഖരന്മാരെന്ന് വിഖ്യാതരായ രാജാക്കന്മാരുടെ ആസ്ഥാനവും തിരുവഞ്ചിക്കുളം അഥവാ മഹോദയപുരം ആയിരുന്നു. ചേര ചക്രവര്‍ത്തിമാരുടെ തലസ്ഥാന നഗരി വളരെ വിസ്തൃതമായിരുന്നു. കുഴൂര്‍, കുണ്ടൂര്‍, കരുപ്പടന്ന, തൃക്കണാമതിലകം, ചേന്ദമംഗലം, തൃക്കുലശേഖരപുരം, കീഴ്ത്തളി, മേല്‍ത്തളി (മേത്തല), നെടിയ തളി, ശൃംഗപുരത്ത് തളി, കോതപറമ്പ് തുടങ്ങിയ സ്ഥലങ്ങള്‍ തലസ്ഥാന നഗരിയില്‍ ഉള്‍പ്പെട്ടിരുന്നു. യുവരാജാക്കന്മാര്‍ക്കും അനന്തരാവകാശികള്‍ക്കും ഈ സ്ഥലങ്ങളില്‍ കൊട്ടാരങ്ങള്‍ ഉണ്ടായിരുന്നു. മൂപ്പ് കിട്ടിയിരുന്ന ആള്‍ അതത് സ്ഥലങ്ങളിലാണ് രാജധാനി സ്ഥാപിച്ചിരുന്നത്. അതുകൊണ്ടാണ് ചില ചേര രാജാക്കന്മാര്‍ കുഴൂരും, കരുപ്പടന്നയിലും, ചേന്ദമംഗലത്തും മറ്റും ഉണ്ടായിരുന്നതായി കാണുന്നത്. എന്നാല്‍ മൂല ആസ്ഥാനം വഞ്ചി (തിരുവഞ്ചിക്കുളം) തന്നെ ആയിരുന്നു.

സംഘകാല തമിഴ് കാവ്യങ്ങളില്‍ തിരുവഞ്ചൈക്കളം, വഞ്ചി എന്നീ പേരുകളില്‍ പ്രകീര്‍ത്തിക്കുന്നത് ഈ സ്ഥലത്തെയാണ്. 'പെരിയാറിന്റെ തീരത്തായിരുന്നു വഞ്ചി (തിരുവഞ്ചിക്കുളം). വഞ്ചിയില്‍ ആടകമാടവും (വിഷ്ണു ക്ഷേത്രം) ബുദ്ധ വിഹാരവും നഗര കവാടത്തിനു പുറത്ത് ജൈന സന്ന്യാസി മഠവും ഉണ്ടായിരുന്നുവെന്ന് ചിലപ്പതികാരത്തില്‍ പറയുന്നു.

ചേര സാമ്രാജ്യത്തിന്റെ തലസ്ഥാന നഗരമായിരുന്ന വഞ്ചിമാ നഗരത്തെ മണിമേഖലയിലെ 26, 27, 28 എന്നീ കതൈകളില്‍ വര്‍ണിച്ചിരിക്കുന്നു. അത് അക നഗരം, പുറ നഗരം എന്നിങ്ങനെ രണ്ടായി വിഭജിക്കപ്പെട്ടിരിക്കുന്നു. കോട്ടയ്ക്കകത്തുള്ളത് അക നഗരം; പുറത്തുള്ളത് പുറ നഗരം. ദേവതകള്‍ക്കായി നിര്‍മിക്കപ്പെട്ട ക്ഷേത്രങ്ങളും ബുദ്ധ ഭിക്ഷുക്കളും ഭിക്ഷുണികളും പാര്‍ത്തിരുന്ന സംഘാരാമങ്ങളും വൈദികന്മാര്‍ താമസിച്ചിരുന്ന മാളികകളും അവിടെ ധാരാളമുണ്ടായിരുന്നു. ഉദ്യാനങ്ങളും സരസ്സുകളും വേണ്ടുവോളമുണ്ട്. അവിടെ ഒരു കണ്ണകീ ക്ഷേത്രവുമുണ്ട്.

ചേരമാന്‍ പറമ്പ്

കോട്ടയ്ക്കു വെളിയില്‍ ധാരാളം വീഥികളും കമ്പോളങ്ങളും ഉണ്ടായിരുന്നു, വിഭിന്ന ജോലികളില്‍ ഏര്‍പ്പെട്ടിരുന്നവര്‍ അവിടെയാണ് താമസിച്ചിരുന്നത്. സ്വര്‍ണപ്പണിക്കാര്‍, ശില്പികള്‍, പുഷ്പകന്മാര്‍, ജോത്സ്യന്മാര്‍, കൂത്തു നടത്തുന്നവര്‍, വൈതാളികന്മാര്‍, ദേവദാസികള്‍, ചിത്രകാരന്മാര്‍ എന്നിവര്‍ അക്കൂട്ടത്തില്‍പ്പെടും. മന്ത്രിമാര്‍, മറ്റ് ഉന്നത ഉദ്യോഗസ്ഥന്മാര്‍, രത്ന വ്യാപാരികള്‍, വൈദികര്‍ എന്നിവര്‍ പ്രത്യേക കേന്ദ്രങ്ങളില്‍ പാര്‍ത്തിരുന്നു. ജനങ്ങള്‍ യോഗം ചേരുന്നത് വൃക്ഷഛായകളിലാണ്. നഗരത്തില്‍ വാണിജ്യം അത്യുന്നത നിലയില്‍ നടന്നിരുന്നു. ചോളരാജ്യത്തിന്റെ തലസ്ഥാനമായ കാവേരിപ്പൂംപട്ടണം കടല്‍ എടുത്തു പോയപ്പോള്‍ ആ പട്ടണത്തിലേയും, കാഞ്ചീപുരത്ത് ക്ഷാമം നേരിട്ടപ്പോള്‍ ആ നഗരത്തിലേയും ഭിക്ഷുക്കള്‍ വഞ്ചിനഗരത്തെയാണ് ശരണം പ്രാപിച്ചത്.

ചേരതലസ്ഥാനത്ത് ഉണ്ടായിരുന്നതും ദക്ഷിണേന്ത്യയില്‍ മുഴുവന്‍ പേര്‍പെറ്റതുമായ ഒരു സര്‍വകലാശാലയെക്കുറിച്ചും മണി മേഖലയില്‍ പരാമര്‍ശമുണ്ട്. കാന്തളൂര്‍ശാലയെപ്പോലെ (നോ: കാന്തളൂര്‍ശാല) പ്രസിദ്ധമായിരുന്നു ഈ ശാലയും.

'തേവകുലവും തെറ്റിയും പള്ളിയും

പൂമലര്‍പ്പൊഴിയും പൊയ്കൈയും മീടൈന്തു

നറ്റവ മുനിവരും കറ്റു അടങ്കിനരും

നന്നെറി കാണിയ തൊന്നൂല്‍ പുലവരും

എങ്കണം വിളങ്കിയ എയില്‍പുറ ഇരുക്കൈ'

(കതൈ 26, വരി 72-76)

തിരുവഞ്ചിക്കുളത്തെ വിദ്യാകേന്ദ്രത്തില്‍ ഒട്ടധികം പണ്ഡിത ന്മാര്‍ ഉണ്ടായിരുന്നു. മതത്തേക്കുറിച്ചും വിവിധ വിഷയങ്ങളേക്കു റിച്ചും അങ്ങേയറ്റം പാണ്ഡിത്യം നേടിയവരായിരുന്നു അവര്‍. എന്തു സംശയവും തീര്‍ത്തുക്കൊടുക്കാന്‍ കഴിവുള്ളവരുമായിരുന്നു. പരിണാമവാദി, സാംഖ്യവാദി, ബ്രഹ്മവാദി, വൈശേഷികവാദി, ശൈവവാദി, ആജീവകവാദി, നിര്‍ഗ്രന്ഥവാദി, ഭൂതവാദി എന്നിങ്ങനെ എല്ലാ വിഭാഗങ്ങളിലുംപെട്ട വിജ്ഞാനനിധികള്‍ ആ വിദ്യാകേന്ദ്രത്തെ അലങ്കരിച്ചിരുന്നു. ഈ പണ്ഡിതന്മാരുടെ കീഴില്‍ മണിമേഖല കുറേനാള്‍ പഠനം നടത്തിയിട്ടുണ്ട്.

ചേരരാജാവ് ചെങ്കുട്ടുവന്‍ വഞ്ചിയിലുള്ള കൊട്ടാരത്തിലിരുന്ന് കടലിലേയും മലകളിലേയും അപൂര്‍വ വസ്തുക്കള്‍ സന്ദര്‍ശകര്‍ക്ക് സമ്മാനിച്ചിരുന്നതായി സംഘകാല കവികള്‍ പാടുന്നു. ചേക്കിഴാര്‍ രചിച്ച പെരിയപുരാണത്തില്‍ തിരുവഞ്ചിക്കുളത്തിന്റെ മഹിമകള്‍ വര്‍ണിക്കുന്നുണ്ട്.

ആദിചേരന്മാരുടെ പ്രതാപം അസ്തമിച്ചതിനുശേഷം വീണ്ടും ചേര സാമ്രാജ്യം സ്ഥാപിച്ചത് കുലശേഖരന്മാരാണ്. 800 മുതല്‍ 1102 വരെ മഹോദയപുരം (തിരുവഞ്ചിക്കുളം) ആസ്ഥാനമാക്കി ഇവര്‍ രാജ്യം ഭരിച്ചിരുന്നുവെന്ന് തെളിയിക്കാന്‍ ധാരാളം രേഖകളുണ്ട്. കുലശേഖരന്മാര്‍ ആദിചേരന്മാരുടെ വംശപരമ്പരയില്‍പ്പെട്ടവരായിരുന്നുവെന്ന് ശങ്കരനാരായണീയത്തില്‍നിന്ന് മനസ്സിലാക്കാം. ഇവരുടെ ഭരണകാലം കേരളത്തിന്റെ സൂവര്‍ണ കാലഘട്ടമായി വിശേഷിപ്പിക്കപ്പെടുന്നു. തലസ്ഥാന നഗരിയില്‍ നല്ലൊരു നക്ഷത്ര ബംഗ്ളാവ് ഉണ്ടായിരുന്നു. 844-ല്‍ സിംഹാസനാരൂഢനായ രവിവര്‍മ കുലശേഖരന്‍ ആ നക്ഷത്രബംഗ്ളാവില്‍ കൂടുതലായി ചില യന്ത്രങ്ങള്‍ സ്ഥാപിച്ചുവെന്ന് ശങ്കരനാരായണന്‍ രേഖപ്പെടുത്തിയിട്ടുണ്ട്. തലസ്ഥാന നഗരിയില്‍ ഉള്‍പ്പെട്ടിരുന്ന കൊടുങ്ങല്ലൂര്‍, കോട്ടയ്ക്കകം, സേനാമുഖം, ബാലക്രീഡേശ്വരം, ഗോത്രമല്ലേശ്വരം മുതലായ പട്ടണങ്ങളില്‍ നാഴികതോറും മണിയടിച്ച് സമയമറിയിക്കുന്ന പതിവ് ഉണ്ടായിരുന്നു.

ചോളര്‍ പല പ്രാവശ്യം മഹോദയപുരം തീയിട്ടു നശിപ്പിച്ചതായി ചോളശാസനങ്ങളില്‍ പറയുന്നുണ്ട്. ദീര്‍ഘകാലം നീണ്ടുനിന്ന ചേര-ചോള യുദ്ധത്തില്‍ കോട്ടകൊത്തളങ്ങള്‍, ഗോപുരങ്ങള്‍, പ്രാസാദങ്ങള്‍ മുതലായവയെല്ലാം നശിച്ചുപോയി. പ്രസിദ്ധിയാര്‍ജിച്ച അവിടത്തെ നക്ഷത്രബംഗ്ളാവും ശില്പകലാവൈശിഷ്ട്യത്തിന് പേര്‍പെറ്റ രാജമന്ദിരങ്ങളും മണ്ണടിഞ്ഞു. ഈ പരിതസ്ഥിതിയിലായിരിക്കാം രാമവര്‍മ കുലശേഖരന്‍ തലസ്ഥാനം തുരുവഞ്ചിക്കുളത്തുനിന്ന് കൊല്ലത്തേക്കു മാറ്റിയത്. കൊല്ലത്തെ കുലശേഖര ആസ്ഥാനത്തിനെ തെന്‍വഞ്ചി എന്നാണു പറഞ്ഞിരുന്നത്. അതില്‍ നിന്ന് വടക്ക് മറ്റൊരു വഞ്ചി ഉണ്ടായിരുന്നുവെന്ന് വ്യക്തമാണ്. ചേര രാജധാനി സ്ഥിതിചെയ്തിരുന്ന സ്ഥലം ഇപ്പോഴും ചേരമാന്‍ പറമ്പ് എന്ന പേരിലാണ് അറിയപ്പെടുന്നത്.

കുലശേഖരന്മാരുടെ പിന്തുടര്‍ച്ച അവകാശപ്പെടുന്ന കൊച്ചി രാജവംശം കുറേനാള്‍ തിരുവഞ്ചിക്കുളം ആസ്ഥാനമാക്കിയിരുന്നു. അവരുടെ മൂലസ്ഥാനം പെരുമ്പടപ്പിലായിരുന്നു. ഈ ആസ്ഥാനം സാമൂതിരി കൈക്കലാക്കിയതോടെയാണ് ഇവര്‍ തിരുവഞ്ചിക്കുളത്തേക്കു മാറിയത്. ഒടുവിലത്തെ ചേര ചക്രവര്‍ത്തിയുടെ കിരീടം, പള്ളിശംഖ്, സ്വരൂപമായ തിരുവഞ്ചിക്കുളം ക്ഷേത്രത്തിന്റെ തിരുക്കോലധികാരം എന്നിവ ഈ സ്വരൂപത്തിന് കിട്ടിയതായി കരുതപ്പെടുന്നു. കൊടുങ്ങല്ലൂര്‍ തുറമുഖത്തിന്റെ പ്രാധാന്യം അസ്തമിക്കുകയും കൊച്ചി തുറമുഖം തുറക്കുകയും ചെയ്തതോടെയാണ് ഈ രാജവംശം തിരുവഞ്ചിക്കുളത്തു നിന്ന് കൊച്ചിയിലേക്കു മാറിയത്.

വളരെയേറെ പഴക്കമുള്ള ഒരു ശിവക്ഷേത്രം തിരുവഞ്ചിക്കുള ത്തുണ്ട്. ചേരരാജാക്കന്മാരുടെ കുലദേവന്‍ ശിവന്‍ ആയിരുന്നു. ശൈവ സന്ന്യാസി പരമ്പരയിലേക്ക് ഉയര്‍ത്തപ്പെട്ട ചേരമാന്‍ പെരുമാളിന്റേയും സുന്ദരമൂര്‍ത്തി നായനാരുടേയും വിഗ്രഹങ്ങള്‍ ഈ ക്ഷേത്രത്തില്‍ ഉണ്ട്. കേരളത്തിലെ മറ്റു ക്ഷേത്രങ്ങളില്‍ കാണാത്ത പള്ളിയറ ഈ ക്ഷേത്രത്തിലുണ്ട്. ഇവിടത്തെ പല സമ്പ്രദായങ്ങള്‍ക്കും പരദേശങ്ങളിലെ രീതികളോടാണ് സാമ്യം. എല്ലാ ദിവസവും രാത്രി പൂജയെല്ലാം കഴിയുമ്പോള്‍ ശിവനേയും പാര്‍വതിയേയും പള്ളിയറയില്‍ എഴുന്നള്ളിച്ചു കൊണ്ടുവരും. അടുത്ത ദിവസം രാവിലെയാണ് ക്ഷേത്രത്തിലേക്ക് തിരിച്ചെഴുന്നള്ളിപ്പ്. പള്ളിയറ തൊഴല്‍ എന്നൊരു പ്രത്യേക ആരാധനാ രീതിയും ഇവിടെയുണ്ട്.

(വേലായുധന്‍ പണിക്കശ്ശേരി)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍