This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തിരുമുലര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

തിരുമുലര്‍

പ്രാചീന തമിഴ് ശൈവകവി. എ.ഡി. 600-നു മുമ്പ് ജീവിച്ചിരുന്നു. ഇദ്ദേഹത്തിന്റെ ജീവിതകഥ തിരുത്തൊണ്ടര്‍ പുരാണത്തിലും തിരുമന്തിരത്തിലും പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്. അതിപ്രകാരമാണ്:

തിരുനന്തിയില്‍ നിന്നും സന്ന്യാസം സ്വീകരിച്ച ഇദ്ദേഹം 'അണിമ' മുതലായ സിദ്ധികള്‍ സ്വായത്തമാക്കിയിരുന്നു. കൈലാസത്തില്‍ തപസ്സിരിക്കുകയും ചെയ്തു. കൈലാസത്തില്‍ നിന്ന് അഗസ്ത്യമുനിയെ ദര്‍ശിക്കാനായി ദക്ഷിണ ദിക്കിലേക്കു നടന്ന ഇദ്ദേഹം ഇടയ്ക്ക് തിരുവാവാടു തുറയില്‍ വിശ്രമിച്ചു. അവിടെനിന്നു യാത്ര തുടര്‍ന്നപ്പോള്‍ പശുക്കള്‍ കലഹം കൂട്ടുന്നതുകണ്ടു. അതിനെപ്പറ്റി അന്വേഷിച്ചപ്പോള്‍ അവയെ മേയ്ച്ചു കൊണ്ടിരുന്ന മൂലന്‍ മരിച്ചതാണു കാരണമെന്നു മനസ്സിലായി. തന്റെ ശരീരം അവിടെ ഒരിടത്തു സൂക്ഷിച്ചിട്ട് മൂലന്റെ ശരീരത്തില്‍ പ്രവേശിച്ച് പശുക്കളെ ആനന്ദിപ്പിച്ചു. പിന്നീട് തന്റെ ശരീരം അന്വേഷിച്ചപ്പോള്‍ അതവിടെ കാണാനായില്ല. തിരിച്ച് തിരുവാവാടു തുറയില്‍ വന്ന് തപസ്സില്‍ മുഴുകി. അന്നു മുതലാണ് തിരുമുലര്‍ എന്ന പേരു ലഭിച്ചത് (യഥാര്‍ഥ പേര് സുന്ദരനാഥന്‍ എന്നാണ്). വളരെക്കാലം ശിവനെ തപസ്സു ചെയ്തു ലഭിച്ച ബ്രഹ്മബോധത്തില്‍ നിന്നും ഒന്റവന്‍ താനേ എന്നാരംഭിക്കുന്ന മൂവായിരം മന്ത്രങ്ങളുള്ള തിരുമന്തിരം എന്ന ഗ്രന്ഥം രചിച്ച് ദൈവത്തില്‍ വിലയം പ്രാപിച്ചു.

സിദ്ധനും മിസ്റ്റിക്കുമായ ഇദ്ദേഹത്തിന്റെ പ്രധാന കൃതിയാണ് ശൈവ സാഹിത്യത്തിലെ പ്രാമാണിക ഗ്രന്ഥമായ തിരുമന്തിരം. തന്ത്രാഗമത്തെ കുറിച്ച് പരാമര്‍ശിക്കപ്പെട്ടിട്ടുള്ള ഏറ്റവും പ്രാചീന ഗ്രന്ഥമാണിത്. 3000 പദ്യങ്ങള്‍ ഇതില്‍ കാണപ്പെടുന്നു. അവയില്‍ ധാരാളം പ്രക്ഷിപ്തങ്ങളും കടന്നുകൂടിയിട്ടുണ്ട്. തന്ത്രങ്ങളേയും മന്ത്രങ്ങളേയും കൂടാതെ യോഗത്തെപ്പറ്റിയുള്ള പരാമര്‍ശങ്ങളും കാണാം. സ്നേഹം ദൈവമാണ് എന്നതാണ് ഈ കൃതിയിലൂടെ ഇദ്ദേഹം നല്കുന്ന പ്രധാന സന്ദേശം.

തിരുമന്തിരത്തിലും തിരുമുലരെക്കുറിച്ചുള്ള പല പരാമര്‍ശങ്ങളും കാണാം. ചന്ദകര്‍, സനന്തനര്‍, സനാതനര്‍, സനല്‍കുമാരര്‍, ശിവയോഗമാമുനി, പതഞ്ജലി, വിയാക്കിരമര്‍ എന്നിവര്‍ തിരുമുലരുടെ സഹപാഠികളായിരുന്നു. തിരുമുലര്‍ തിരുമന്തിര ദര്‍ശനങ്ങളെ തന്റെ ശിഷ്യരായ ചേരമന്‍, പിരമന്‍, ഉരുത്തിരന്‍, ഇന്ദിരന്‍, മാലാങ്കന്‍, കന്തുരു കാലാങ്കി, കഞ്ചമലയന്‍ എന്നീ ഏഴുപേര്‍ക്കും നല്കി. ഇവര്‍ വെവ്വേറെ മഠങ്ങള്‍ സ്ഥാപിച്ച് ഗുരുവിന്റെ ദര്‍ശനങ്ങള്‍ പ്രചരിപ്പിച്ചു.

'മൂലര്‍ മരപില്‍ വരു മൗനഗുരുവേ'എന്ന് തായുമാനവര്‍ പ്രസ്താവിച്ചിരിക്കുന്നതില്‍ നിന്നും തിരുമുലരുടെ വംശം തമിഴ്നാട്ടില്‍ നിലവിലിരുന്നു എന്ന് മനസ്സിലാക്കാം. തിരുവാവാടു തുറയില്‍ സൂക്ഷിച്ചിരുന്ന തിരുമന്തിരം 7-ാം ശ.-ത്തില്‍ ജീവിച്ചിരുന്ന ചീകാഴിപ്പിളളയാണ് കണ്ടെടുത്തു പ്രസിദ്ധീകരിച്ചത്. 8-ാം ശ.-ത്തില്‍ ജീവിച്ചിരുന്ന നമ്പിയാരൂരര്‍ 'നമ്പിരാന്‍ തിരുമൂലര്‍ അടിയാര്‍ക്കും അടിയേന്‍' എന്ന് പ്രശംസിച്ചിട്ടുണ്ട്. ഇതെല്ലാം വച്ചു നോക്കുമ്പോള്‍ തിരുമുലര്‍ ഇഹലോകവാസം വെടിഞ്ഞത് 7-ാം ശ.-ത്തിന്റെ അന്ത്യത്തിലായിരിക്കാം എന്ന് പണ്ഡിതന്മാര്‍ വിശ്വസിക്കുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍