This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തിരുമുറൈ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

തിരുമുറൈ

ശൈവപ്രമാണത്തില്‍പ്പെട്ട പന്ത്രണ്ട് തമിഴ് കാവ്യഗ്രന്ഥങ്ങള്‍. മുറൈ എന്ന പദത്തിന് ഗ്രന്ഥം എന്നര്‍ഥം. 'തിരു' എന്ന വിശേഷണപദം ശൈവപ്രമാണഗ്രന്ഥങ്ങളെ കുറിക്കാന്‍ പൊതുവേ ഉപയോഗിക്കുന്നു. തിരുമന്തിരം, തിരുവാചകം, തിരുക്കോവയാര്‍, തിരുപ്പുകഴ് എന്നിങ്ങനെ. 14-ാം ശ.-ത്തിലെ ഇരട്ടയര്‍ കവികള്‍ തേവാരം കര്‍ത്താക്കളുടെ എല്ലാ കൃതികളേയും തിരുമുറൈകള്‍ എന്നാണ് പറയുന്നത്.

തിരുമുറൈകളില്‍ ആദ്യത്തെ ഏഴെണ്ണം തേവാര സ്തോത്രങ്ങളാണ്. രാഗങ്ങളുടെ അടിസ്ഥാനത്തിലാണ് ഇവയെ വിഭജിച്ചിരിക്കുന്നത്. സംബന്ധര്‍ രചിച്ച തേവാര സ്തോത്രങ്ങളാണ് ആദ്യത്തെ മൂന്ന് തിരുമുറൈകള്‍. നാല് മുതല്‍ ആറ് വരെയുളള തിരുമുറൈകളില്‍ തിരുനാവുക്കരശരുടെ തേവാരങ്ങള്‍ ഉള്‍ക്കൊളളിച്ചിരിക്കുന്നു. സുന്ദരര്‍ രചിച്ച തേവാരങ്ങളാണ് ഏഴാം തിരുമുറൈയിലുളളത്. മാണിക്കവാചകരുടെ തിരുവാചകവും തിരുക്കോവയാറുമാണ് എട്ടാമത്തെ സഞ്ചയത്തില്‍ അടങ്ങിയിരിക്കുന്നത്. ഇതിന്റെ ഉളളടക്കം സംഗീതാത്മക രചനകളല്ല.

പത്തും പതിനൊന്നും ശ.-ങ്ങളില്‍ ചോളക്ഷേത്രങ്ങളില്‍ പാടിയിരുന്ന സംഗീതാത്മക രചനകളായ ഇശൈപ്പാക്കള്‍ അടങ്ങിയതാണ് ശൈവനിയമത്തിലെ ഒന്‍പതാം കൃതി. തിരുമാളികൈ തേവര്‍, ചേന്തനാര്‍, കരുവൂര്‍ തേവര്‍, കണ്ടരാതിത്യര്‍, വേണാട്ടടികള്‍, തിരുവാലിയമുത്തനാര്‍, പുരുഷോത്തമനമ്പി, ചേതിരായര്‍ എന്നിവരുടെ തിരുവിചൈപാ കൃതികള്‍ ഈ സഞ്ചയത്തില്‍ ഉള്‍ പ്പെടുന്നു. തിരുമൂലരുടെ തിരുമന്തിരം ആണ് പത്താമത്തെ തിരുമുറൈ. പതിനൊന്നാമത്തെ തിരുമുറൈയില്‍ തിരുവായുടൈയാര്‍, കാരയ്ക്കലമ്മയാര്‍, അയ്യടികള്‍ക്കടവര്‍കോന്‍, നായനാര്‍, ചേരമാന്‍ പെരുമാള്‍, നക്കീരതേവര്‍, കല്ലാടര്‍, കപിലതേവര്‍, പരണതേവര്‍, ഇളംപെരുമാനടികള്‍, അതിരാവടികള്‍, പട്ടിനത്തടികള്‍, നമ്പിയാണ്ടാര്‍ നമ്പി എന്നിവരുടെ 40 കൃതികളാണുളളത്. ഇവ ആറ് മുതല്‍ പത്തുവരെയുളള നൂറ്റാണ്ടുകളില്‍ രചിക്കപ്പെട്ടവയാണെന്ന് വിശ്വസിക്കുന്നു. ചേക്കിഴാര്‍ രചിച്ചിട്ടുളള പെരിയപുരാണമാണ് പന്ത്രണ്ടാം തിരുമുറൈ. തിരുമുറൈകളില്‍ എട്ടുമുതല്‍ പന്ത്രണ്ട് വരെയുളളവ വ്യത്യസ്ത കാലങ്ങളില്‍ രചിക്കപ്പെട്ടവയാണ്. പതിനൊന്നാം തിരുമുറൈവരെയുളള കൃതികള്‍ രാജരാജന്‍ I-ന്റെ കാലത്ത് നമ്പിയാണ്ടാര്‍ നമ്പിയാണ് സമാഹരിച്ചിരിക്കുന്നത്. പില്ക്കാലത്തു ചേര്‍ക്കപ്പട്ടതാണ് പെരിയപുരാണം, തേവാരം, തിരുവാചകം, തിരുക്കോവൈയാര്‍, തിരുമന്തിരം, തിരുവിശൈപ്പാ തുടങ്ങിയവ. ഇവ പ്രത്യേക ശീര്‍ഷകങ്ങളില്‍ കൊടുത്തിട്ടുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍