This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തിരുമലനായ്ക്കന്‍ (ഭ.കാ. സു.1625 - 59)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

തിരുമലനായ്ക്കന്‍ (ഭ.കാ. സു.1625 - 59)

തിരുമലനായ്ക്കന്‍

പതിനേഴാം ശ.-ത്തില്‍ തമിഴ്നാട്ടില്‍ മധുര ഭരിച്ചിരുന്ന പ്രമുഖ നായ്ക്ക ഭരണാധികാരി. തമിഴ്നാട്ടിന്റെ ചരിത്രത്തില്‍ 15-ാം ശ.-ത്തിനുശേഷം അധികാരത്തില്‍ വന്ന ഭരണാധികാരികളാണ് നായ്ക്കന്മാര്‍. വിവിധ സ്ഥലങ്ങളിലാണ് ഈ നായ്ക്കന്മാര്‍ അധികാരം ഉറപ്പിച്ചത്. വേലൂര്‍, തഞ്ചാവൂര്‍, മധുര എന്നിവ മൂന്നു നായ്ക്കന്മാരുടെ അധികാരകേന്ദ്രങ്ങളായിരുന്നു. മധുര ഭരിച്ചിരുന്ന നായ്ക്കന്മാരില്‍ പ്രമുഖനായിരുന്നു തിരുമലനായ്ക്കന്‍. 1625 മുതല്‍ 59 വരെ ആയിരുന്നു ഇദ്ദേഹത്തിന്റെ ഭരണകാലം. സമര്‍ഥനായ സൈന്യാധിപനായിരുന്ന ഇദ്ദേഹം പല സ്ഥലങ്ങളും ആക്രമിച്ചു കീഴടക്കി. കലകളില്‍ താത്പര്യമുള്ള ഒരു രാജാവു കൂടിയായിരുന്നു ഇദ്ദേഹം. ഇന്ന് മധുര മീനാക്ഷി ക്ഷേത്രത്തിനു സമീപത്തു സ്ഥിതിചെയ്യുന്ന 'തിരുമലനായ്ക്കര്‍ മഹല്‍' ഇദ്ദേഹത്തിന്റെ വാസ്തുശില്പ പ്രതിപത്തിക്ക് ഒരു ദൃഷ്ടാന്തമാണ്. വളരെ വിശാലമായ ഒരു രാജസദസ്സിനെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ഗംഭീരമായ സൌധമാണ് നായ്ക്കരുടെ മഹല്‍. ഇദ്ദേഹത്തിന്റെ സൈന്യത്തില്‍ യുദ്ധനൈപുണ്യമുള്ള യോദ്ധാക്കളുടെ പല വിഭാഗങ്ങളും ഉള്‍പ്പെട്ടിരുന്നു. 1634-ല്‍ തിരുവിതാംകൂറിലേക്ക് സൈന്യത്തെ അയച്ച് ആ പ്രദേശം കീഴടക്കുകയുണ്ടായി. വേണാട്ടിലെ പ്രശസ്ത പടത്തലവനായിരുന്ന ഇരവിക്കുട്ടിപ്പിള്ളയെ തിരുമലനായ്ക്കന്റെ സൈന്യത്തിന് പരാജയപ്പെടുത്തുവാന്‍ കഴിഞ്ഞു. അതിനെത്തുടര്‍ന്ന് രാമനാഥപുരം പ്രദേശത്തേയും അധീനമാക്കി. പോര്‍ച്ചുഗീസുകാരോട് ഇദ്ദേഹം സൗഹാര്‍ദ ബന്ധം പുലര്‍ത്തിയിരുന്നു. എന്നാല്‍ ഡച്ചുകാരെ ശത്രുതയോടെ വീക്ഷിച്ചു. ക്രൈസ്തവ മിഷണറിമാര്‍ക്ക് തിരുമലനായ്ക്കന്‍ പ്രോത്സാഹനം നല്കി. അസാമാന്യനായ യുദ്ധവീരനും ബലവാനും ആയിരുന്നുവെങ്കിലും മൃദുല മനസ്കന്‍ കൂടിയായിരുന്നു. നീലകണ്ഠ ദീക്ഷിതര്‍ എന്ന സംസ്കൃത പണ്ഡിതനെ പ്രോത്സാഹിപ്പിക്കാന്‍ ഇദ്ദേഹത്തെ പ്രേരിപ്പിച്ചത് ഈ വിശാല മനസ്കതയാണ് എന്നു പറയപ്പെടുന്നു. ലങ്കാവതരണം, നളചരിത നാടകം, നീലകണ്ഠവിജയം എന്നീ കൃതികള്‍ നായ്ക്കരുടെ പ്രോത്സാഹനത്തില്‍ രചിക്കപ്പെട്ടവയാണ്. മധുര മീനാക്ഷി ക്ഷേത്രം ഉള്‍പ്പെടെ ആ പ്രദേശത്ത് സ്ഥിതിചെയ്തിരുന്ന പല ക്ഷേത്രങ്ങളേയും നായ്ക്കന്‍ പുനരുദ്ധരിക്കുകയുണ്ടായി. സമീപ പ്രദേശങ്ങളിലെ രാജാക്കന്മാരുടെ സൈനിക ബലത്തേയും അധികാരങ്ങളേയും നായ്ക്കന്‍ നിയന്ത്രിച്ചിരുന്നു. മൈസൂറിലെ 'കന്തീരവന്‍' എന്ന രാജാവ് നായ്ക്കരുടെ എതിര്‍പ്പിനു പാത്രമായ ഒരു പ്രധാന ഭരണാധികാരിയാണ്. തന്റെ ഒരു ആശ്രിതന് രാജ്യം വീണ്ടെടുത്തു കൊടുക്കുന്നതില്‍നിന്ന് കന്തീരവനെ നായ്ക്കന്‍ തടഞ്ഞു. കന്തീരവന്‍ മധുരയിലേക്ക് സൈന്യത്തെ അയച്ച് അവിടെയുള്ള പലരുടേയും മൂക്കുകള്‍ അറുത്തെടുത്ത് മാലകോര്‍ത്ത് മൈസൂറില്‍ കൊണ്ടുപോയി. ഇതിനു പ്രതികാരമായി നായ്ക്കന്‍ ഇതേ രീതിയില്‍ മൈസൂറിലെ അനേകം പേരുടെ മുക്കുകള്‍ അറുത്തെടുത്ത് മധുരയിലേക്ക് കൊണ്ടു പോയി. ഇത് നായ്ക്കന്റെ പ്രതികാരേച്ഛയ്ക്ക് ഒരു തെളിവാണ്. വളരെ പ്രഗല്ഭനും ഉദാരമതിയും ആയിരുന്നെങ്കിലും തിരുമലനായ്ക്കന്‍ മേല്പ്പറഞ്ഞതുപോലുള്ള ഹീനകൃത്യങ്ങള്‍ കൂടി നടത്തിയിരുന്നതുകൊണ്ട് പാശ്ചാത്യ കമ്പനികള്‍ക്കും മിഷണറിമാര്‍ക്കും നായ്ക്കനോട് കടുത്ത അമര്‍ഷം ഉണ്ടായിരുന്നു. റോബര്‍ട്ട് ഡി. നൊബിലി എന്ന റോമന്‍ കത്തോലിക്കാ മിഷണറി മധുരയില്‍ വസിച്ച് തമിഴ് ഭാഷയുടെ വികാസത്തിനായി പ്രവര്‍ത്തിച്ചത് തിരുമലനായ്ക്കന്റെ കാലഘട്ടത്തിലാണ്. റോബര്‍ട്ട് തമിഴരെപ്പോലെ വസ്ത്രധാരണം ചെയ്യുകയും 'റോമാപുരി അയ്യര്‍' എന്ന പേര് സ്വയം സ്വീകരിക്കുകയും ചെയ്തു. വീരമാമുനിവര്‍ എന്ന പേരിലറിയപ്പെടുന്ന പ്രശസ്ത പണ്ഡിതനായ ഇദ്ദേഹം പല തമിഴ് ഗ്രന്ഥങ്ങളും രചിച്ചതിനുപുറമേ ഒട്ടേറെ തമിഴ് ഗ്രന്ഥങ്ങള്‍ പാശ്ചാത്യ ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്യുകയുമുണ്ടായി. തമിഴിലെ ആദ്യത്തെ നിഘണ്ടു തയ്യാറാക്കിയത് ഈ 'വീരമാമുനിവര്‍' ആണ്. നോ: ഇരവിക്കുട്ടിപ്പിള്ള, ഇരവിക്കുട്ടിപ്പിള്ളപ്പോര്.

(പ്രൊഫ. കെ.എസ്. നാരായണപിള്ള)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍