This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തിരുമന്തിരം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

തിരുമന്തിരം

പ്രാചീന തമിഴ്കൃതി. ശൈവപ്രമാണ സാഹിത്യമായ തിരുമുറൈകളില്‍ ഒന്ന്. കാശ്മീരില്‍ നിന്നു വന്നുചേര്‍ന്നു എന്നു വിശ്വസിക്കപ്പെടുന്ന സിദ്ധനും മിസ്റ്റിക്കുമായ തിരുമൂലര്‍ ആണ് രചയിതാവ്. തിരുമന്തിരമാലൈ, തമിഴ് മൂവായിരം എന്നീ പേരുകളിലും അറിയപ്പെടുന്നു. 3047 പാട്ടുകളാണ് തിരുമന്തിര(തിരുമന്ത്രം)ത്തിലേതായി ലഭിച്ചിട്ടുള്ളത്. പഴയ വിശ്വാസമനുസരിച്ച് 3000 പാട്ടുകളേ ഇതിലുള്ളൂ. ബാക്കിയുള്ളവ പ്രക്ഷിപ്തങ്ങളോ പാഠഭേദങ്ങളോ ആയിരിക്കാനാണു സാധ്യത. പായിരിങ്ങളും ഒന്‍പതു തന്ത്രങ്ങളുമാണ് ഇതിലടങ്ങിയിരിക്കുന്നത്. തന്ത്രങ്ങള്‍ക്കും ആഗമങ്ങള്‍ക്കും പുറമേ മന്ത്രത്തേയും യോഗത്തേയും പറ്റിയുള്ള പരാമര്‍ശങ്ങളും കാണാം.

തിരുമന്തിരത്തില്‍ ശൈവസിദ്ധാന്തങ്ങള്‍ക്കു പുറമേ മഴ, ഐശ്വര്യം, ഭരണം, വിദ്യാഭ്യാസം, സ്വഭാവം, വാനനിരീക്ഷണം, ആയുര്‍ രഹസ്യം, ചികിത്സാരീതി, നാഡിശാസ്ത്രം, ജ്യോതിഷം, യോഗമുറകള്‍, തപസ്സ്, സിദ്ധന്മാരുടെ പ്രശസ്തി, ഭക്തിമാര്‍ഗം തുടങ്ങിയ പല കാര്യങ്ങളും പ്രതിപാദിച്ചിട്ടുണ്ട്. സാധാരണക്കാര്‍ക്ക് അറിയാന്‍ കഴിയാത്ത പല കാര്യങ്ങളും തിരുമൂലര്‍ യോഗസിദ്ധികൊണ്ട് ഗ്രഹിച്ച് പ്രതിപാദിച്ചിരിക്കുന്നതായി പറയപ്പെടുന്നു.

ഹൃദയദ്രവീകരണ ശക്തിയുള്ള ഭക്തി തിരുമന്തിരത്തിലെ പാട്ടുകളില്‍ തുളുമ്പി നില്ക്കുന്നു. സ്നേഹം തന്നെയാണ് ശിവം എന്നതാണ് ഇതിലെ പ്രധാന സന്ദേശം. സ്നേഹം മാത്രമാണ് നിത്യമായ സത്യം എന്നും പറയുന്നു. 'മന്തിരം പോല്‍ വേണ്ടുമടി ചൊല്ലിന്‍പം'എന്നാണ് മഹാകവി ഭാരതിയാര്‍ തിരുമന്തിരത്തെ വിശേഷിപ്പിക്കുന്നത്. ശിവമാഹാത്മ്യത്തെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ടെങ്കിലും ത്രിമൂര്‍ത്തികളുടെ പേരില്‍ ജനങ്ങള്‍ അന്യോന്യം കലഹിക്കുന്നതില്‍ കവി ആശ്ചര്യം പ്രകടിപ്പിക്കുകയും ചെയ്യുന്നു.

തിരുകറുന്തൊകൈ എന്നു വിളിക്കപ്പെടുന്ന വിരുത്തമെന്ന വൃത്തരീതിയിലാണ് തിരുമന്തിരം രചിച്ചിരിക്കുന്നത്. അന്യാപദേശരീതി കവിതകളില്‍ ഉപയോഗിച്ചിട്ടുണ്ടെങ്കിലും മിസ്റ്റിക് ഭാവങ്ങളുടെ ഭാഷ ഒരിക്കലും പ്രയോഗിച്ചിട്ടില്ല. ഭാഷാശൈലി പ്രായേണ ലളിതവും രമണീയവുമാണ്. എല്ലാ പദ്യങ്ങളുടേയും വൃത്തം ഒന്നു തന്നെയാണെങ്കിലും ആശയങ്ങളുടെ താളത്തിനനുസരിച്ച് കവിതയുടെ താളവും മാറുന്നതു കാണാം. തിരുമന്തിരത്തിലെ പ്രതിപാദനരീതിക്ക് ഒരുദാഹരണം:

'ആനന്ദം നൃത്തരംഗം, ആനന്ദം ഗാനമെല്ലാം;

ആനന്ദമേ ഗാനങ്ങള്‍, ആനന്ദ വചസ്സുകള്‍;

ആനന്ദമയമല്ലോ, സകല ചരാചരം,

ആനന്ദമാനന്ദക്കൂത്താസ്വദിക്കുവോനെല്ലാം.'

തമിഴ്നാട്ടില്‍ തിരുമന്തിരമാണ് ആദ്യത്തെ ജ്ഞാനഗ്രന്ഥമെന്നും തിരുമൂലരുടെ മഠമാണ് ആദ്യത്തെ ജ്ഞാനകേന്ദ്രമെന്നും പറയപ്പെടുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍