This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തിരുനെല്‍വേലി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

തിരുനെല്‍വേലി

Tirunelveli

മനോന്‍മണീയം സുന്ദരനാര്‍ യൂണിവേഴ്സിറ്റി ആസ്ഥാന മന്ദിരം

തമിഴ്നാട്ടിലെ ഒരു ജില്ല, താലൂക്ക്, ജില്ലാ ആസ്ഥാനം. 'തിരു', 'നെല്‍', 'വേലി എന്നീ തമിഴ്പദങ്ങളുടെ സംയോജിത രൂപമായ തിരുനെല്‍വേലി എന്ന സ്ഥലനാമത്തിന് 'പരിപാവനമായ നെല്‍ പാടശേഖരം' എന്നാണര്‍ഥം. പുരാതനകാലം മുതല്‍ ഈ പ്രദേശത്തിന് നെല്‍കൃഷിയിലുണ്ടായിരുന്ന പ്രാധാന്യത്തെയാണ് പ്രസ്തുത നാമം സൂചിപ്പിക്കുന്നത്. ജില്ലയുടെ വിസ്തൃതി: 6810 ചി.കി.മീ.; ജനസംഖ്യ: 28,01,194(2001); അതിരുകള്‍: വ.വിരുദുനഗര്‍ ജില്ല, കി.തൂത്തുക്കുടി ജില്ല, തെ.മന്നാര്‍ ഉള്‍ക്കടല്‍, പ.കന്യാകുമാരി ജില്ലയും കേരളവും.

പശ്ചിമഘട്ട നിരകളാണ് ജില്ലയിലെ പ്രധാന മലനിരകള്‍; താമ്രപര്‍ണി മുഖ്യ നദിയും. ശങ്കരന്‍ കോവില്‍ താലൂക്കിന്റെ വ.പ. നിന്നാരംഭിച്ച് കന്യാകുമാരിക്കു സമീപം വരെ സു.160 കി.മീ. ദൈര്‍ഘ്യത്തില്‍ വ്യാപിച്ചിരിക്കുന്ന പശ്ചിമഘട്ട നിരകള്‍ ജില്ലയുടെ പ. ഭാഗത്തെ കേരളത്തില്‍ നിന്നു വേര്‍തിരിക്കുന്നു. പശ്ചിമഘട്ട നിരകളില്‍പ്പെട്ട കോട്ടൈമലൈ (സു.1,900 മീ.), കുളിരാറ്റി (സു.1,762 മീ.), അഗസ്ത്യമല (സു.1,839 മീ.) എന്നിവയാണ് ജില്ലയിലെ ഉയരം കൂടിയ മലകള്‍. ചെങ്കോട്ട ചുരം വഴി കടന്നുപോകുന്ന മീറ്റര്‍ഗേജ് റെയില്‍പാതയും റോഡും തിരുനെല്‍വേലിയെ കേരളവുമായി ബന്ധിപ്പിക്കുന്നു. മലനിരകളിലെ വനങ്ങളില്‍ തേക്ക്, ഈട്ടി തുടങ്ങി സാമ്പത്തിക പ്രാധാന്യമുള്ള ഒട്ടനവധി വൃക്ഷങ്ങള്‍ സമൃദ്ധമായി വളരുന്നുണ്ട്. തടിയോടൊപ്പം തേന്‍, മെഴുക്, മാങ്ങ, കശുവണ്ടി, കുരുമുളക്, പുളി, മുള തുടങ്ങിയ ഉത്പന്നങ്ങളും ജില്ലയിലെ വനങ്ങളില്‍ നിന്നു ലഭിക്കുന്നു.

അഗസ്ത്യാര്‍ മലയില്‍ നിന്ന് ഉദ്ഭവിച്ചൊഴുകുന്ന താമ്രപര്‍ണി യാണ് തിരുനെല്‍വേലി ജില്ലയിലെ പ്രധാന ജലസ്രോതസ്സ്; ചിറ്റാര്‍, ജംബു തുടങ്ങിയവ മറ്റു പ്രധാന നദികളും. കുറ്റാലം കുന്നുകളില്‍ നിന്ന് ഉദ്ഭവിക്കുന്ന ചിറ്റാര്‍ തെങ്കാശി-തിരുനെല്‍വേലി പ്രദേശങ്ങളിലൂടെ ഒഴുകി താമ്രപര്‍ണിയില്‍ സംഗമിക്കുന്നു. നെല്ലാണ് ജില്ലയിലെ പ്രധാന വിള. പരുത്തിക്കാണ് രണ്ടാം സ്ഥാനം.

ചുണ്ണാമ്പുകല്ല്, എക്കല്‍മയ ജിപ്സം, കളിമണ്ണ്, ധാതുമണല്‍, ഗ്രാഫൈറ്റ് എന്നിവ ജില്ലയിലുടനീളം കാണപ്പെടുന്ന ഖനിജങ്ങളാണ്. ചെറുകിട കുടില്‍വ്യവസായങ്ങള്‍ക്കാണ് ജില്ലയുടെ വ്യാവസായിക മേഖലയില്‍ മൂന്‍തൂക്കം. ബീഡി, തീപ്പെട്ടി, പനയോല ഉത്പന്നങ്ങള്‍, കൈത്തറി വസ്ത്രങ്ങള്‍ തുടങ്ങിയവയുടെ ഉത്പാദനവും വിതരണവുമാണ് ഇവയില്‍ പ്രധാനം. തമിഴ്നാട് ഷുഗര്‍ കോര്‍പ്പറേഷനു കീഴിലുള്ള പഞ്ചസാര ഫാക്റ്ററിക്കു പുറമേ സിമന്റ്, പരുത്തിനൂല്‍, വസ്ത്രങ്ങള്‍, രാസവസ്തുക്കള്‍ തുടങ്ങിയവ ഉത്പാദിപ്പിക്കുന്ന ഏതാനും വ്യവസായ യൂണിറ്റുകളും ജില്ലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ജില്ലയിലെ റെയില്‍ - റോഡ് ഗതാഗത ശൃംഖലയും താരതമ്യേന വികസിതമാണ്.

ദ്രാവിഡ വാസ്തുശില്പ വൈഭവത്തിന് മകുടോദാഹരണങ്ങ ളായുള്ള നിരവധി പുരാതന ക്ഷേത്രങ്ങള്‍ തിരുനെല്‍വേലി ജില്ലയിലുണ്ട്. ശ്രീ നെല്ലൈയപ്പര്‍ ക്ഷേത്രം, ഗാന്ധിമതി ക്ഷേത്രം എന്നിവ ശ്രദ്ധാര്‍ഹങ്ങളാണ്. തമിഴും തെലുങ്കുമാണ് ജില്ലയിലെ മുഖ്യ ഭാഷകള്‍; ഹിന്ദു, ഇസ്ളാം, ക്രിസ്ത്യന്‍ എന്നിവ പ്രധാന മതവിഭാഗങ്ങളും. തിരുനെല്‍വേലി മെഡിക്കല്‍ കോളജ്, രാജാ ഫാര്‍മസി കോളജ്, രാജാസ് ഡെന്ററല്‍ കോളജ്, മനോന്‍മണീയം സുന്ദരനാര്‍ സര്‍വകലാശാല തുടങ്ങിയ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇവിടെ പ്രവര്‍ത്തിച്ചുവരുന്നു.

സ്വാതന്ത്യ്രലബ്ധിക്കു മുമ്പുതന്നെ ദക്ഷിണേന്ത്യയിലെ ഒരു പ്രധാന വാണിജ്യ-വിനോദസഞ്ചാര കേന്ദ്രം എന്ന നിലയില്‍ തിരുനെല്‍വേലി ശ്രദ്ധ നേടിയിരുന്നു. തിരുനെല്‍വേലി പട്ടണവും ശങ്കരന്‍ കോവിലുമാണ് ജില്ലയിലെ പ്രധാന വാണിഭ കേന്ദ്രങ്ങള്‍. തമിഴ്നാട്ടിലെ പ്രസിദ്ധ വിനോദസഞ്ചാര കേന്ദ്രമായ കുറ്റാലം, വാണിജ്യ കേന്ദ്രമായ തെങ്കാശി, മുണ്ടന്‍തുറൈ കടുവ സംരക്ഷണ കേന്ദ്രം, കലക്കാട് വന്യമൃഗസംരക്ഷണ കേന്ദ്രം എന്നിവയും ഈ ജില്ലയിലാണു സ്ഥിതിചെയ്യുന്നത്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍