This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തിരുനെല്ലി ക്ഷേത്രം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

തിരുനെല്ലി ക്ഷേത്രം

തിരുനെല്ലി ക്ഷേത്രം

വയനാട് ജില്ലയിലെ മാനന്തവാടി താലൂക്കില്‍ ബ്രഹ്മഗിരിയുടെ താഴ്വരയില്‍ സ്ഥിതിചെയ്യുന്ന മഹാവിഷ്ണു ക്ഷേത്രം. അമലക ക്ഷേത്രം, സിദ്ധക്ഷേത്രം എന്നീ പേരുകളും ഈ ക്ഷേത്രത്തിനുണ്ട്. ഇവിടെ വിഷ്ണു ആദ്യമായി പ്രത്യക്ഷപ്പെട്ടത് ഒരു നെല്ലിമരത്തിലാണെന്നും അതിനാല്‍ ഈ സ്ഥലത്തിന് തിരുനെല്ലി എന്ന പേര് സിദ്ധിച്ചു എന്നുമാണ് ഐതിഹ്യം. ക്ഷേത്രത്തില്‍ പ്രതിഷ്ഠ നടത്തിയത് ബ്രഹ്മാവാണെന്നാണ് വിശ്വാസം. ശംഖചക്രാദികളോടുകൂടിയ ചതുര്‍ബാഹു വിഷ്ണു രൂപമാണ് ഇവിടത്തെ പ്രതിഷ്ഠ. ഈ മൂര്‍ത്തി 'തിരുനെല്ലി പെരുമാള്‍' എന്ന പേരിലാണ് അറിയപ്പെടുന്നത്. വട്ടളപായസം, നിറമാല, രുദ്രാഭിഷേകം, മൃത്യുഞ്ജയഹോമം, തിലഹോമം, കറുകഹോമം, ഉദയാസ്തമനപൂജ എന്നിവയാണ് പ്രധാന വഴിപാടുകള്‍. ക്ഷേത്രത്തിന്റെ കിഴക്കു ഭാഗത്തുള്ള ബ്രഹ്മഗിരിയിലെ ഒരു ഉറവയില്‍ നിന്നുള്ള ജലം കരിങ്കല്‍ തൂണുകളില്‍ ഉറപ്പിച്ച കല്പാത്തിയിലൂടെ ക്ഷേത്രത്തിലേക്ക് എത്തുന്നു. ചേരവംശത്തിലെ രാജാവായിരുന്ന ഭാസ്കരരവിവര്‍മന്റെ കാലത്തുള്ള ശിലാലിഖിതങ്ങളും താമ്രശാസനങ്ങളും ഇവിടെനിന്നു ലഭിച്ചിട്ടുണ്ട്.

തിരുനെല്ലി പിതൃതര്‍പ്പണം നടത്തുന്നതിനു വിശേഷപ്പെട്ട സ്ഥലമായി കണക്കാക്കപ്പെടുന്നു. ക്ഷേത്രത്തിന്റെ പടിഞ്ഞാറു ഭാഗത്തായി സ്ഥിതിചെയ്യുന്ന പാപനാശിനി തീര്‍ഥത്തില്‍ ശ്രാദ്ധമൂട്ടിയാല്‍ ഗയാശ്രാദ്ധത്തിന്റെ ഫലം ലഭിക്കുമെന്നാണു വിശ്വാസം. മരിച്ചവര്‍ക്കായി പാപനാശിനിയില്‍ പിണ്ഡം വയ്ക്കുന്നത് പിണ്ഡപ്പാറയിലാണ്. തീര്‍ഥജലം പതിച്ച് പിണ്ഡം ഒഴുകിപ്പോകുമ്പോള്‍ പരേതാത്മാവിനു മുക്തി ലഭിക്കുന്നു എന്നാണ് വിശ്വാസം. പരശുരാമനും ശ്രീരാമനും പാപനാശിനിയില്‍ പിതൃകര്‍മം അനുഷ്ഠിച്ചിട്ടുണ്ടെന്നാണ് ഐതിഹ്യം. പാപനാശിനിയിലും ഇവിടെയുള്ള മറ്റു തീര്‍ഥങ്ങളായ പഞ്ചതീര്‍ഥം, ഋണമോചിനി തീര്‍ഥം, ഗുണിക തീര്‍ഥം, ശതബിന്ദു തീര്‍ഥം, സഹസ്രബിന്ദുതീര്‍ഥം, വരാഹതീര്‍ഥം എന്നിവയിലും സ്നാനം ചെയ്യുന്നത് ജന്മാന്തര പാപത്തിന് പ്രായശ്ചിത്തമാകും എന്ന് ഭക്തര്‍ വിശ്വസിക്കുന്നു.

പഞ്ചതീര്‍ഥത്തിന്റെ നടുവിലുള്ള പാറയില്‍ മഹാവിഷ്ണുവിന്റേതാണെന്ന സങ്കല്പത്തില്‍ പാദമുദ്രയും ശംഖ്, ചക്രം, ഗദ, പദ്മം എന്നിവയും കൊത്തിയിരിക്കുന്നു. ഇവിടെ നിന്നുകൊണ്ട് മഹാവിഷ്ണു ബ്രഹ്മാവിനു ദിവ്യോപദേശം നല്കി എന്നൊരു ഐതിഹ്യം പ്രചാരത്തിലുണ്ട്. പഞ്ചതീര്‍ഥത്തില്‍ നിന്ന് അല്പം ദൂരെ മാറി സ്ഥിതിചെയ്യുന്ന ഗുഹാക്ഷേത്രത്തിന് തിരുനെല്ലി ക്ഷേത്രത്തോളം തന്നെ പഴക്കമുണ്ട്. ഇവിടെ ത്രിമൂര്‍ത്തികളുടെ സാന്നിധ്യമുണ്ടെന്നാണ് വിശ്വാസം. പിതൃകര്‍മം ചെയ്ത് മടങ്ങുന്നവര്‍ ഇവിടെയും ദര്‍ശനം നടത്താറുണ്ട്. ഈ ഗുഹാക്ഷേത്രത്തിന്റെ പുരാവൃത്തം ബുദ്ധ-ജൈന മതങ്ങളോട് ബന്ധം പുലര്‍ത്തുന്നതായി കാണാം.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍