This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തിരുനെല്ലി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

07:00, 6 ജൂണ്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

തിരുനെല്ലി

വയനാട് ജില്ലയില്‍ മാനന്തവാടി താലൂക്കിലെ മാനന്തവാടി ബ്ളോക്കില്‍ ഉള്‍പ്പെട്ട ഒരു ഗ്രാമ പഞ്ചായത്ത്. തിരുനെല്ലി, തൃശ്ശലേരി എന്നീ വില്ലേജുകളും 11 വാര്‍ഡുകളുമായി വിഭജിച്ചിരിക്കുന്ന തിരുനെല്ലി പഞ്ചായത്തിന് 201.6 ച.കി.മീ. വിസ്തൃതിയുണ്ട്. അതിരുകള്‍: വ.കര്‍ണാടകം, തെ.മാനന്തവാടി പഞ്ചായത്ത്, കി.കര്‍ണാടകവും പുല്‍പ്പള്ളി പഞ്ചായത്തും, പ.മാനന്തവാടി പഞ്ചായത്ത്. രണ്ട് അന്തര്‍സംസ്ഥാന റോഡുകള്‍ തിരുനെല്ലി പഞ്ചായത്തിന്റെ ആസ്ഥാനമായ കാട്ടിക്കുളത്തുക്കൂടി കടന്നുപോകുന്നു.

 മനോഹരമായ ഭൂപ്രകൃതിയും പ്രസന്നമായ കാലാവസ്ഥയും കൊണ്ട് ശ്രദ്ധേയമായ തിരുനെല്ലി 14-ാം ശ.-ത്തിലെ കൃതികളായ ഉണ്ണിയച്ചി ചരിതത്തിലും ബ്രഹ്മപുരാണത്തിലും പ്രതിപാദിക്കപ്പെട്ടിട്ടുണ്ട്. ചിരപുരാതനകാലം മുതല്‍ 'തിരുഗ്രാമം' എന്നറിയപ്പെട്ടിരുന്ന പ്രദേശമാണ് പില്കാലത്ത് തിരുനെല്ലി എന്ന പേരില്‍ പ്രസിദ്ധമായത് എന്നാണ് ഐതിഹ്യം. പ്രസിദ്ധ മലയാള നോവലിസ്റ്റ് പി.വത്സല നെല്ല്, ആഗ്നേയം, കൂമന്‍കൊല്ലി എന്നീ കൃതികളിലൂടെ തിരുനെല്ലിയുടെ ഗ്രാമീണ സൌന്ദര്യത്തെ അനശ്വരമാക്കിയിട്ടുണ്ട്. 'തെക്കന്‍ കാശി' എന്നറിയപ്പെടുന്ന തിരുനെല്ലി ക്ഷേത്രവും പ്രസിദ്ധമായ തൃശ്ശിലേരി ക്ഷേത്രവും തിരുനെല്ലിയിലാണ് സ്ഥിതിചെയ്യുന്നത്. കര്‍ണാടകയിലെ നാഗര്‍ഹോള നാഷണല്‍ പാര്‍ക്ക് തിരുനെല്ലിയുടെ അതിര്‍ത്തിയോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്നു. ജൈവ വൈവിധ്യത്താല്‍ സമ്പന്നമാണ് തിരുനെല്ലിയിലെ വനങ്ങള്‍. കൃഷിയാണ് തദ്ദേശീയരുടെ പ്രധാന തൊഴില്‍. പ്രധാന ധാന്യവിളയായ നെല്ലിനു പുറമേ പച്ചക്കറികള്‍, നാണ്യ വിളകളായ കാപ്പി, കുരുമുളക്, കവുങ്ങ്, തെങ്ങ് എന്നിവയും ഇവിടെ കൃഷി ചെയ്യുന്നുണ്ട്. പഞ്ചായത്തിന്റെ സമ്പദ്ഘടനയില്‍ മൃഗ പരിപാലനത്തിന് നിര്‍ണായകമായ സ്വാധീനമുണ്ട്.
 ദേശീയ പ്രസ്ഥാനവുമായി ബന്ധപ്പെട്ട് സെര്‍വന്റ്സ് ഒഫ് ഇന്ത്യാ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ തിരുനെല്ലിയില്‍ ഒരു സ്കൂള്‍ ആരംഭിച്ചിരുന്നു. ഇപ്പോള്‍ 2 ഹൈസ്കൂളുകളും 2 യു.പി.സ്കൂളുകളും 8 എല്‍.പി.സ്കൂളുകളും ഇവിടെ പ്രവര്‍ത്തിക്കുന്നു. പ്രാഥമികാരോഗ്യ ഉപകേന്ദ്രങ്ങള്‍, ആയുര്‍വേദ ഡിസ്പന്‍സറി, വില്ലേജ് ഓഫീസ്, പഞ്ചായത്ത് ഓഫീസ്, പോസ്റ്റ് ഓഫീസ് തുടങ്ങിയ പൊതുസ്ഥാപനങ്ങളും നിരവധി ചെറുകിട വ്യവസായ യൂണിറ്റുകളും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്.
 ആദിവാസികളുടെ അനുഷ്ഠാന കലാരൂപങ്ങളായ  ഗദ്ദിക, നാടുനീക്കല്‍, വട്ടക്കളി, കോല്‍ക്കളി എന്നിവ തിരുനെല്ലിയില്‍ നിലനില്ക്കുന്നു. കുറിച്യര്‍, അടിയര്‍, പണിയര്‍ തുടങ്ങിയ ആദിവാസി വിഭാഗങ്ങളാണ് തിരുനെല്ലിയിലുള്ളത്.
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍