This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തിരുനിഴല്‍മാല

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

തിരുനിഴല്‍മാല

ഒരു പ്രാചീന മലയാള കാവ്യം. രാമചരിതം എന്ന കൃതിയെപ്പോലെ തമിഴിനോട് വളരെ ഗാഢമായി അടുപ്പമുളള ഭാഷാ ശൈലിയില്‍ എഴുതപ്പെട്ടിരിക്കുന്നു. അതിനാല്‍ പാട്ടു പ്രസ്ഥാനത്തില്‍പ്പെട്ട കാവ്യങ്ങളിലൊന്നായി ഇതിനെ കണക്കാക്കിവരുന്നു. 1200-നും 1300-നും ഇടയ്ക്ക് ഗോവിന്ദന്‍ എന്ന കവി രചിച്ച കൃതിയായിട്ടാണ് ഗവേഷകര്‍ ഇതിനെ കണക്കാക്കുന്നത്. തിരു ആറന്മുള ദേവന്റെ തിരുനിഴലിന്റെ പ്രകീര്‍ത്തനമാണ് ഇതിലെ ഉളളടക്കം. തിരുനിഴല്‍മാലയുടെ ഒന്നാം ഭാഗത്തില്‍ ദേവതാസ്തുതികളും ഭാരതഖണ്ഡം, കേരളോത്പത്തി, ചേരരാജ്യം, അറുപത്തിനാലു ഗ്രാമങ്ങള്‍, ആറന്മുളഗ്രാമം തുടങ്ങിയവയും രണ്ടാം ഭാഗത്തില്‍ തൂവലുഴിയല്‍, നാകൂറ് എന്നിവയും അടങ്ങിയിരിക്കുന്നു. മലയര്‍ അര്‍പ്പിക്കുന്ന ബലിയുടെ വര്‍ണനമാണ് മൂന്നാം ഭാഗത്തിലുളളത്. ഇതാണ് ഈ കൃതിയുടെ മുഖ്യഭാഗം. വിവിധ തരത്തിലുളള ബലികള്‍, അതില്‍ പങ്കെടുക്കുന്നവര്‍, പ്രകീര്‍ത്തിക്കപ്പെടുന്ന ദേവചരിതങ്ങള്‍, കുറത്തിനൃത്തം, നിഴലേറ്റല്‍ എന്നിവ ഈ ഭാഗത്ത് പ്രതിപാദിച്ചിരിക്കുന്നു. ഉളളടക്കത്തിലും, ഭാഷാശൈലിയിലും ദ്രാവിഡ പാരമ്പര്യം പുലര്‍ത്തിയിട്ടുള്ളത് ഇതിന്റെ പ്രത്യേകതയാണ്. സാമൂഹികാചാരങ്ങള്‍, ഭൂമിശാസ്ത്രം, ദേശചരിത്രം എന്നിവയില്‍ അവഗാഹമുളള ആളായിരുന്നു ഗ്രന്ഥകര്‍ത്താവ്. രചനാരീതി മനസ്സിലാക്കാന്‍ തിരുനിഴല്‍മാലയിലെ ഒരു ഭാഗം താഴെ ചേര്‍ക്കുന്നു:

'മുകിലാന മുന്‍ചുകപ്പും മുകിള്‍മുല്ലനകം കയെറ്റി

കൈത്തലമണിന്ത ചെംപൊല്‍ക്കനവള കലുപിലെന

ചെംകമെന്നകവിളും കത്തനിനക്കൊടി തുളുംപ

അംകചെര്‍ വളര്‍ന്തപൂം കാവടര്‍ത്തുടെന്‍ നടന്തപോലെ'

ഭാഷാപരമായി ഈ കാവ്യത്തിനുളള പ്രധാന സവിശേഷത ദ്രാവിഡാക്ഷരമാലയില്‍ രേഖപ്പെടുത്തപ്പെട്ട ദ്രാവിഡ പദങ്ങളും സംസ്കൃതപദങ്ങളും ഇതില്‍ പ്രയോഗിച്ചിരിക്കുന്നു എന്നതാണ്. സാമാന്യമായി പറഞ്ഞാല്‍ ഇതിലെ ദ്രാവിഡഭാഷാ പ്രയോഗം രാമചരിതത്തിലെ ഭാഷാപ്രയോഗത്തോട് സാദൃശ്യമുളളതാണ്. അതായത് ദ്രാവിഡാക്ഷരങ്ങളില്‍ മാത്രം രേഖപ്പെടുത്തിയിട്ടുളള ദ്രാവിഡപദങ്ങളും സംസ്കൃതപദങ്ങളുമാണ് ഈ കാവ്യത്തില്‍ മുഖ്യമായി കാണുന്നത്. എന്നാല്‍ ദ്രാവിഡ അക്ഷരമാല മാത്രം ഉപയോഗിച്ച് എഴുതപ്പെട്ട ഗ്രന്ഥമല്ല ഇത്. അനുനാസികാതിപ്രസരം, താലവ്യാദേശം, സ്വരസംവരണം എന്നീ വ്യാകരണപരമായ മാറ്റങ്ങള്‍ സംഭവിച്ചതും സംഭവിക്കാത്തതുമായ ധാരാളം പദങ്ങള്‍ ഇതില്‍ കാണാം. വിരുത്ത രൂപത്തിലുളള ഭാഗങ്ങള്‍ തമിഴിനോടും മറ്റുളളവ സമകാല ഭാഷണശൈലിയോടുമാണ് പൊരുത്തപ്പെട്ടിരിക്കുന്നത്. ആധുനിക മലയാളഭാഷയോട് അടുത്തു നില്ക്കുന്നതാണ് നാകൂറിലെ ഭാഷ. സംസ്കൃത പദങ്ങള്‍ വളരെ കുറവാണ് എന്നതും ഒരു പ്രത്യേകതയാണ്. രാമചരിതത്തിന്റെ ഭാഷയുടെ ലക്ഷണമായി ലീലാതിലകക്കാരന്‍ ചൂണ്ടിക്കാണിച്ചിട്ടുളള ദ്രാവിഡ സംഘാതാക്ഷരനിബദ്ധം ആയ ഭാഷ ഇതില്‍ എല്ലായിടത്തും അതേപടി ഉപയോഗിച്ചിട്ടില്ല. അതിനാല്‍ ഇത് പാട്ടു പ്രസ്ഥാനത്തില്‍പ്പെടുന്ന കൃതിയാണെന്ന് തറപ്പിച്ചു പറയുക സാധ്യമല്ല. മലയാള ലിപിയിലുളള ഇതിന്റെ താളിയോലഗ്രന്ഥം കണ്ണൂര്‍ ജില്ലയിലെ വെളളൂരിലുളള ചാമക്കാന്‍ ദേവസ്വത്തില്‍ നിന്നാണ് ലഭിച്ചിട്ടുള്ളത്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍