This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തിരുനാവായ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

തിരുനാവായ

മലപ്പുറം ജില്ലയിലെ തിരൂര്‍ ബ്ലോക്കില്‍ ഉള്‍പ്പെട്ട ഒരു ഗ്രാമ പഞ്ചായത്ത്. പ്രകൃതിരമണീയതയും ചരിത്രവും കൈകോര്‍ക്കുന്ന തിരുനാവായ ചിരപുരാതനകാലം മുതല്‍ പ്രസിദ്ധമാണ്. 1961-ല്‍ നിലവില്‍വന്ന ഈ പഞ്ചായത്തിനെ തിരുനാവായ, അനന്താവൂര്‍ വില്ലേജുകള്‍ പ്രതിനിധാനം ചെയ്യുന്നു. അതിരുകള്‍: വ.കല്‍പകഞ്ചേരി, അതവനാട് പഞ്ചായത്തുകള്‍; തെ.ഭാരതപ്പുഴ; കി.കുറ്റിപ്പുറം ഗ്രാമ പഞ്ചായത്ത്; പ.തലക്കാട്, വളവന്നൂര്‍ ഗ്രാമപഞ്ചായത്തുകള്‍. ഒരു റെയില്‍വേ സ്റ്റേഷന്‍ കൂടിയാണ് തിരുനാവായ.

തിരുനാവായ ഗ്രാമ പഞ്ചായത്തിന്റെ തെ.ഭാഗത്തുകൂടി ഒഴുകുന്ന ഭാരതപ്പുഴയാണ് ഈ പ്രദേശത്തിന്റെ പ്രധാന ജലസ്രോത സ്സെങ്കിലും അശാസ്ത്രീയമായ മണല്‍വാരല്‍ നദിയിലെ നീരൊഴുക്കിന് തടസ്സം സൃഷ്ടിച്ചിരിക്കുന്നു. ഇപ്പോള്‍ വര്‍ഷകാലത്ത് മാത്രമേ ഭാരതപ്പുഴയില്‍ ശക്തമായ നീരൊഴുക്ക് ഉണ്ടാകാറുള്ളൂ. പല്ലാര്‍ക്കായല്‍ ആറും പറപ്പൂര്‍ കായലുമാണ് പഞ്ചായത്തിലെ മറ്റ് ജലസ്രോതസ്സുകള്‍. നിരവധി പൊതു കുളങ്ങളും പഞ്ചായത്തിലുണ്ട്.

ഭാരതപ്പുഴയോട് ചേര്‍ന്നു കിടക്കുന്ന ഒരു കാര്‍ഷിക ഗ്രാമമായ തിരുനാവായയിലെ തദ്ദേശീയരില്‍ അധികവും കൃഷിയേയും അനുബന്ധ തൊഴിലുകളേയും ആശ്രയിച്ചു ജീവിക്കുന്നവരാണ്. പ്രധാന വിളകളില്‍ നെല്ല്, നാളികേരം, കമുക്, വാഴ, വെറ്റില, കശുമാവ് എന്നിവ ഉള്‍പ്പെടുന്നു. ഇടവിളയായി കിഴങ്ങുവര്‍ഗങ്ങള്‍, പച്ചക്കറികള്‍, കുരുമുളക് എന്നിവയും ചിലയിടങ്ങളില്‍ നെല്‍വയലുകളില്‍ മൂന്നാം വിളയായി എള്ള്, പയറ്, പച്ചക്കറി എന്നിവയും കൃഷിചെയ്യുക പതിവാണ്. 1978-ല്‍ തിരുനാവായ ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി നിലവില്‍വന്നതോടെ കാര്‍ഷികോത്പാദനം ഗണ്യമായി വര്‍ധിച്ചു.

വ്യാവസായികമായി അവികസിതമാണ് തിരുനാവായ. 1906-ല്‍ ബാസല്‍ മിഷന്‍ കൊടക്കലില്‍ ഒരു ഓട് ഫാക്ടറി നിര്‍മിച്ചു. ഓട് ഫാക്ടറിയില്‍ നിന്നും ഉത്പന്നങ്ങള്‍ കൊണ്ടുപോകുന്നതിനു വേണ്ടി നിര്‍മിച്ച ബന്തര്‍ റോഡും മൈസൂര്‍ സുല്‍ത്താന്റെ കാലത്ത് ബേപ്പൂരില്‍ നിന്നും പാലക്കാട് കോട്ടയിലേക്കു പോകുന്നതിന് നിര്‍മിച്ച പ്രധാന റോഡിന്റെ ഭാഗമായ കോലുപ്പാലം മുതല്‍ പള്ളിപ്പടി വരെയുള്ള ചെത്തുവഴിയും പഞ്ചായത്തിലെ പൊതു റോഡുകളാണ്. വെട്ടത്ത് തമ്പുരാന്റെ കോട്ടയില്‍ നിന്ന് ആഴ്വാഞ്ചേരിമനയിലേക്ക് പോകുന്നതിനു നിര്‍മിച്ച പ്രധാന വഴി പിന്നീട് വൈരങ്കോട് റോഡ് എന്ന പേരില്‍ അറിയപ്പെട്ടു. അക്കാലത്ത് വഴിയാത്രക്കാര്‍ക്കായി സ്ഥാപിച്ച വിശ്രമസങ്കേതങ്ങള്‍ 'വെണ്‍മാടം'എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ബ്രിട്ടീഷുകാരുടെ കാലത്ത് നിര്‍മിച്ച ഷൊര്‍ണൂര്‍-കോഴിക്കോട് റെയില്‍പാത 2 കി.മീ. ദൈര്‍ഘ്യത്തില്‍ പഞ്ചായത്തിലൂടെ കടന്നു പോകുന്നുണ്ട്. മുമ്പ് മലപ്പുറത്തെ പ്രധാന വാണിജ്യ കേന്ദ്രമായ പൊന്നാനിയില്‍ നിന്നായിരുന്നു അവശ്യസാധനങ്ങള്‍ ഭാരതപ്പുഴയിലൂടെ തിരുനാവായ കടവത്ത് എത്തിച്ചിരുന്നത്. ഇപ്പോള്‍ ഏതാനും ഇഷ്ടിക നിര്‍മാണ യൂണിറ്റുകള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്.

1906-ല്‍ കൊടക്കല്‍ പ്രദേശത്ത് ബാസല്‍ ഇവഞ്ചാലിക്കല്‍ മിഷന്‍ ഒരു പള്ളിക്കൂടം സ്ഥാപിച്ചതോടെയാണ് തിരുനാവായില്‍ ഔപചാരിക വിദ്യാഭ്യാസം ആരംഭിക്കുന്നത്. രണ്ടാം ലോകയുദ്ധത്തില്‍ ജര്‍മനിയുടെ പതനത്തെ തുടര്‍ന്ന് ഇന്ത്യയിലെ അവരുടെ എല്ലാ സ്ഥാപനങ്ങളും ബ്രിട്ടന്റെ നിയന്ത്രണത്തിലായി; മലബാര്‍ പരിപൂര്‍ണമായി ചര്‍ച്ച് ഒഫ് സൌത്ത് ഇന്ത്യയുടെ നേരിട്ടുള്ള നിയന്ത്രണത്തിലും. മലബാര്‍ പ്രദേശത്തുണ്ടായ ലഹളകള്‍ക്ക് കാരണം വിദ്യാഭ്യാസത്തിന്റെ അഭാവമാണെന്ന കണ്ടെത്തലോടെ ബ്രിട്ടിഷ് ഭരണകൂടം ഈ പ്രദേശത്ത് കൂടുതല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അനുമതി നല്കി. അന്നത്തെ മതപഠന കേന്ദ്രങ്ങളില്‍ പലതും ഇക്കാലത്ത് പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളാക്കി മാറ്റി. ഇപ്പോള്‍ സര്‍ക്കാര്‍ അധീനതയിലുള്ള 2 ഹൈസ്കൂളുകള്‍, 3 യു.പി.സ്കൂളുകള്‍, 9 എല്‍.പി.സ്കൂളുകള്‍ എന്നിവയ്ക്കു പുറമേ, സ്വകാര്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന 2 ഹൈസ്കൂള്‍, ഒരു യു.പി.സ്കൂള്‍, ഒരു എല്‍.പി.സ്കൂള്‍ എന്നിവ തിരുനാവായിലുണ്ട്. ഒരു പ്രാഥമികാരോഗ്യ കേന്ദ്രം ഉള്‍പ്പെടെ ഒന്‍പതോളം സര്‍ക്കാര്‍ ഡിസ്പെന്‍സറികളും 5 സ്വകാര്യ ആശുപത്രികളും ആരോഗ്യരംഗത്ത് സേവനം അനുഷ്ഠിക്കുന്നു.

ചരിത്രവും സംസ്കാരവും കൈകോര്‍ക്കുന്ന തിരുനാവായയും നിളാതീരവും ചിരപുരാതനകാലം മുതല്‍ ഐതിഹ്യങ്ങളിലൂടെ മലയാളികളുടെ മനസ്സില്‍ സ്ഥിരപ്രതിഷ്ഠ നേടിയിട്ടുണ്ട്. ഒരു കാലത്ത് കോഴിക്കോട് സാമൂതിരിയുടെ അധീനതിയിലായിരുന്ന തിരുനാവായ മാമാങ്കത്തിലൂടെയാണ് പഴം പാട്ടുകളിലും ചരിത്രത്തിലും സ്ഥാനം നേടിയത്. പന്തീരാണ്ടു കൂടുമ്പോള്‍ ജനങ്ങളുടെ ഒത്തുചേരലിനും ഭരണാധികാരികളെ തെരഞ്ഞെടുക്കുന്നതിനും വേണ്ടിയായിരുന്നു മാമാങ്കം എന്ന ആഘോഷം ആദ്യം സംഘടിപ്പിച്ചിരുന്നത്. ഇന്ന് കൊടക്കല്‍ ഓട്ടുകമ്പനി സ്ഥിതിചെയ്യുന്ന നിലപാടു തറയിലായിരുന്നു മാമാങ്കത്തിന്റെ രക്ഷാപുരുഷനായ രാജാവ് എഴുന്നള്ളിയിരുന്നത്. തുടക്കത്തില്‍ തളിയാതിരിമാരും പിന്നീട് പെരുമാക്കന്മാരും അവസാനം വള്ളുവ കോനാതിരിമാരുമാണ് 'പെരുനില' നിന്നിരുന്നത്. 135-ല്‍ കോഴിക്കോട് സാമൂതിരി മാമാങ്കത്തിന്റെ രക്ഷാപുരുഷസ്ഥാനം കൈയടക്കിയതിനെ തുടര്‍ന്നാണ് ചാവേര്‍പടയുടെ ഉദ്ഭവം. അങ്ങാടിപ്പുറത്തെ തിരുമാന്ധാം കുന്നിലുള്ള മാമാങ്കത്തറയില്‍ നിന്നും പുറപ്പെടുന്ന ചാവേര്‍ പടയാളികള്‍ ബീരാന്‍ ചിറയിലെ പട്ടിണിത്തറയില്‍ തമ്പടിച്ചതിനുശേഷമാണ് വ്രതാനുഷ്ഠാനത്തോടെ നിലപാടു തറയെ ലക്ഷ്യമാക്കി പാഞ്ഞടുത്തിരുന്നത്. സാമൂതിരിയുടെ ഭടന്മാര്‍ അരിഞ്ഞു വീഴ്ത്തിയിരുന്ന ചാവേറുകളുടെ മൃതദേഹങ്ങള്‍ വാരിവലിച്ചിട്ട് ആനയെ കൊണ്ട് ചവിട്ടി താഴ്ത്തിയിരുന്നത് കൊടക്കല്‍ മിഷന്‍ ആശുപത്രി വളപ്പില്‍ ഇപ്പോഴും സ്ഥിതിചെയ്യുന്ന മണിക്കിണറിലായിരുന്നെന്നാണ് വിശ്വാസം. വീരനായകന്മാരെ മറവുചെയ്തു സ്മാരകശില നാട്ടിയതിനാലാണ് ഈ പ്രദേശത്തിന് കൊടക്കല്‍ എന്ന പേര് ലഭിച്ചതെന്ന് കരുതുന്നു.

കോകസന്ദേശം, ഉണ്ണിയാടി ചരിതം തുടങ്ങിയ മധ്യകാല കൃതികളില്‍ തിരുനാവായ പരാമൃഷ്ടയായിട്ടുണ്ട്. കേരളത്തിലേയും തമിഴ്നാട്ടിലേയും മഹാപണ്ഡിതന്മാര്‍ സമ്മേളിച്ച് അവരുടെ പാണ്ഡിത്യം മാറ്റുരച്ചിരുന്ന 'പട്ടത്താനം' ഏറെക്കാലം തിരുനാവായില്‍ നിലനിന്നിരുന്നു. രാജഭരണത്തിന് ശേഷം തിരുനാവായുടെ ഖ്യാതി ഉയര്‍ത്തിയത് ക്രിസ്ത്യന്‍ മിഷണറിമാരാണ്. ബ്രിട്ടീഷുകാര്‍ക്കുമുമ്പു തന്നെ ജര്‍മന്‍ മിഷണറിമാര്‍ ഇവിടെ ഓട്ടുകമ്പിനിയും ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്‍ സ്കൂളും സ്ഥാപിച്ചു. ഡോ. ഹെര്‍മന്‍ ഹുണ്ടര്‍ട്ട് ഇവിടം സന്ദര്‍ശിച്ചിട്ടുണ്ട്. പ്രസിദ്ധമായ 'ചങ്ങമ്പള്ളി'കളരി തിരുനാവായയിലാണ്. മാമാങ്കത്തില്‍ മുറിവേല്ക്കുന്ന പടയാളികളെ ശ്രുശ്രൂഷിക്കാന്‍ കര്‍ണാടകത്തില്‍ നിന്നു കൊണ്ടുവന്ന ഗുരുക്കന്മാരെ സാമൂതിരി താഴത്തറ ചങ്ങമ്പള്ളി കുന്നില്‍ കുടിയിരുത്തി എന്നാണ് വിശ്വാസം. ഏടക്കുളം കുന്നിന്‍മുകളില്‍ സ്ഥിതിചെയ്യുന്ന പഠാണിശഹീദിന്റെ മഖ്ബറ ചങ്ങമ്പള്ളി ഗുരുക്കന്മാരുടെ അധീനതയിലാണ്. ടിപ്പുവിന്റെ മലബാര്‍ പടയോട്ടകാലത്ത് അദ്ദേഹത്തിന്റെ പടത്തലവന്മാരില്‍ ഒരാളായിരുന്നു പഠാണിശഹീദ്. മലബാര്‍ ലഹളയുടെ കാലത്ത് പട്ടാളം ക്യാമ്പ് ചെയ്തിരുന്നത് പഠാണിശഹീദിന്റെ മഖ്ബറ പരിസരത്തായിരുന്നു. മലബാര്‍ കലാപകാലത്ത് തിരുനാവായയില്‍ നിന്നും പരിസര പ്രദേശങ്ങളില്‍ നിന്നും നിരവധി പേരെ പട്ടാളക്കാര്‍ പിടിച്ചുകൊണ്ടു പോയിരുന്നു. ഇവരില്‍ പലരും ബെല്ലാരി, കോയമ്പത്തൂര്‍ ജയിലുകളില്‍ മരിച്ചു. ഖിലാഫത്ത് പ്രസ്ഥാനം സജീവമായിരുന്ന ഒരു പ്രദേശം കൂടിയായിരുന്നു തിരുനാവായ. ഇസ്ലാമിക പണ്ഡിതനും സൂഫിവര്യനുമായ കൈതക്കര മുഹ്യദ്ദിന്‍ കുട്ടി മുസ്സലിയാര്‍, പല്ലാര്‍യുമ്മ മുസ്ലിയാര്‍, കെ.സി.വി. രാജ തുടങ്ങിയ പ്രമുഖരുടെ ജന്മദേശം തിരുനാവായയാണ്.

തിരുനാവായ നാവാമുകുന്ദ ക്ഷേത്രത്തിലെ ഉത്സവങ്ങള്‍ മുമ്പ് പ്രസിദ്ധമായിരുന്നു. തെങ്കാശി എന്നറിയപ്പെട്ടിരുന്ന തിരുനാവായ ത്രിമൂര്‍ത്തി സംഗമത്തില്‍ പിതൃതര്‍പ്പണത്തിനായി സംസ്ഥാനത്തിനകത്തും പുറത്തും നിന്ന് വര്‍ഷംതോറും നിരവധി ഹിന്ദുക്കള്‍ എത്താറുണ്ട്. ക്ഷേത്രത്തിലെ വിളക്ക് കെടാതിരിക്കാന്‍ പെരുന്തച്ചന്‍ സ്ഥാപിച്ചതെന്നു കരുതപ്പെടുന്ന ഒരു കുത്തുകല്ല് എടക്കുളത്ത് സ്ഥിതിചെയ്യുന്നുണ്ട്. പൈങ്കോട് ഭഗവതി ക്ഷേത്രമാണ് പഞ്ചായത്തിലെ മറ്റൊരു പ്രമുഖ തീര്‍ഥാടനകേന്ദ്രം. മലബാര്‍ കലാപകാലത്ത് പുറത്തുനിന്നുള്ള അക്രമികളില്‍ നിന്നു തദ്ദേശവാസികളായ മാപ്പിളമാരാല്‍ സംരക്ഷിക്കപ്പെട്ട ഈ ക്ഷേത്രത്തിലെ ഉത്സവം ശ്രദ്ധേയമാണ്. 1946-ല്‍ എ.ശങ്കുണ്ണിമേനോന്‍ തിരുനാവായ കടവത്ത് സ്ഥാപിച്ച 'വിദ്യാപീഠം'എന്ന വിദ്യാലയം ഇപ്പോള്‍ നാവാമുകുന്ദ ഹൈസ്കൂള്‍ എന്ന പേരില്‍ അറിയപ്പെടുന്നു. മുസ്ലീങ്ങള്‍ക്കുവേണ്ടി എടക്കുളം റെയില്‍വേ സ്റ്റേഷനു സമീപം ഒരു നമസ്കാര പള്ളിയും ഇദ്ദേഹം നിര്‍മിച്ചു നല്കിയിരുന്നു. വിവിധ സ്കൂളുകള്‍, ആരോഗ്യ കേന്ദ്രങ്ങള്‍, പോസ്റ്റ് ഓഫീസ്. വില്ലേജ് ഓഫീസ് തുടങ്ങിയവ ഇവിടത്തെ പ്രധാന പൊതു സ്ഥാപനങ്ങളാണ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍