This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തിരുനക്കര ക്ഷേത്രം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

തിരുനക്കര ക്ഷേത്രം

തിരുനക്കര ക്ഷേത്രം

കോട്ടയം പട്ടണത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന ശിവക്ഷേത്രം. 108 ശിവാലയങ്ങളില്‍ ഒന്നാണ് ഈ ക്ഷേത്രം. ഇവിടത്തെ ശിവലിംഗ പ്രതിഷ്ഠ സ്വയംഭൂവാണ്. തെക്കുംകൂര്‍ രാജാവാണ് ഈ ക്ഷേത്രം പണികഴിപ്പിച്ചത് എന്നു കരുതപ്പെടുന്നു. എല്ലാ മാസവും കൃത്യമായി തൃശൂരിലെ വടക്കുന്നാഥ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയിരുന്ന രാജാവ് പ്രായാധിക്യത്താല്‍ അതിനു കഴിയാതെ വന്നപ്പോള്‍ മനസ്സുരുകി വടക്കുന്നാഥനോടു പ്രാര്‍ഥിച്ചു. ഉറക്കത്തില്‍ രാജാവിനു ദര്‍ശനം നല്കിയ ഭഗവാന്‍ തനിക്ക് നക്കരകുന്നില്‍ ക്ഷേത്രം പണിതാല്‍ അവിടെ കുടികൊണ്ട് ദര്‍ശനം നല്കാമെന്നരുളി. സ്വപ്നത്തില്‍ ലഭിച്ച ഈശ്വരകല്പന രാജാവ് നടപ്പിലാക്കി.

തിരുനക്കര ക്ഷേത്രത്തിലെ ചുവര്‍ച്ചിത്രങ്ങളും, ദാരുശില്പങ്ങളും ശിലാപ്രതിമകളും വളരെ പ്രസിദ്ധമാണ്. അഷ്ടദിക്പാലകര്‍, മഹേശ്വരന്‍, പാര്‍വതി, ഗണപതി തുടങ്ങിയ ശില്പങ്ങളും, ശാസ്താവ്, നരസിംഹാവതാരം, ത്രിപുരസുന്ദരി, പാര്‍വതിയുടെ തപസ്സ്, പാലാഴിമഥനം, ദുര്‍ഗ, ബ്രഹ്മാവ്, വേണുഗാനം തുടങ്ങിയ ചുവര്‍ച്ചിത്രങ്ങളും പ്രധാനമാണ്. ചെമ്പു മേഞ്ഞ ശ്രീകോവിലും സ്വര്‍ണ ധ്വജവും ക്ഷേത്രത്തിന്റെ പഴയകാല പ്രൗഢി നിലനിറുത്തുന്നു. വടക്കു ഭാഗത്തുള്ള വെളുത്ത ചെത്തിയും മണ്ഡപത്തിന്റെ മധ്യത്തില്‍ ശയിക്കുന്ന വൃഷഭവും ഭഗവാന്‍ നക്കരകുന്നില്‍ എത്തിയപ്പോള്‍ കൂടെയുണ്ടായിരുന്നുവെന്നാണ് ഐതിഹ്യം. വൃഷഭ വിഗ്രഹത്തിന്റെ ഉള്ളില്‍ നിന്നെടുക്കുന്ന നെല്ല് വയറുവേദനയ്ക്ക് സിദ്ധൌഷധമായി കരുതപ്പെടുന്നു. ധാരയും മൃത്യുഞ്ജയ ഹോമവുമാണ് ഇവിടത്തെ പ്രധാന വഴിപാടുകള്‍. വര്‍ഷത്തില്‍ മൂന്ന് ഉത്സവങ്ങളുണ്ടെങ്കിലും ഏറ്റവും പ്രധാനം മീനമാസത്തിലെ ഉത്സവമാണ്. കൊ.വ. 940-ല്‍ തുടങ്ങി 50 വര്‍ഷം തിരുനാവായ യോഗം തിരുനക്കരയില്‍ വച്ചാണ് നടത്തിയിരുന്നത്. തിരുവിതാംകൂര്‍ മഹാരാജാവായിരുന്നു ചെലവ് വഹിച്ചിരുന്നത്. ഇപ്പോള്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ വകയാണ് ഈ ക്ഷേത്രം.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍