This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തിരുജ്ഞാന സംബന്ധര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

തിരുജ്ഞാന സംബന്ധര്‍

ഏഴാം ശ.-ത്തിന്റെ പൂര്‍വാര്‍ധത്തില്‍ തമിഴ്നാട്ടില്‍ ജീവിച്ചിരുന്ന ശൈവാചാര്യനും തമിഴ് കവിയും. തഞ്ചാവൂര്‍ ജില്ലയിലെ കുംഭകോണത്തിനു സമീപമുള്ള ശീര്‍കാഴിയില്‍ ബ്രാഹ്മണകുലത്തില്‍ ചിത്തിര മാസത്തിലെ ചിത്തിര നക്ഷത്രത്തില്‍ ജനിച്ചു. പിതാവ് ശിവപാദരായര്‍. മാതാവ് ഭഗവതിയാര്‍. 'ആളുടൈയ പിള്ളൈയാര്‍'എന്ന പേരിലും അറിയപ്പെടുന്നു. മൂന്നാമത്തെ വയസ്സില്‍ ശിവപാര്‍വതിമാര്‍ പ്രത്യക്ഷപ്പെട്ട് ജ്ഞാനം നല്കി. ഈ വാര്‍ത്ത നാടുമുഴുവന്‍ പരന്നു. അങ്ങനെ സംബന്ധര്‍ ദിവ്യനായി മാറി എന്നാണ് ഐതിഹ്യം. ദിവ്യജ്ഞാനം ആര്‍ജിച്ച സംബന്ധര്‍ എന്ന അര്‍ഥത്തിലാണ് തിരുജ്ഞാനസംബന്ധര്‍ എന്ന പേരു ലഭിച്ചത്. ദിവ്യജ്ഞാനം ലഭിച്ചതു മുതല്‍ ജീവിതാവസാനം വരെയും ഇദ്ദേഹം ഒരു ജ്ഞാനിയായി കഴിച്ചുകൂട്ടി. ചേക്കിഴാര്‍ രചിച്ച പെരിയപുരാണം, സുന്ദരര്‍ രചിച്ച തിരുത്തൊണ്ടര്‍തോടൈ എന്നിവയില്‍ ഇദ്ദേഹത്തെ സംബന്ധിച്ച പരാമര്‍ശങ്ങള്‍ കാണാം.

തിരുജ്ഞാന സംബന്ധര്‍:വെങ്കല ശില്പം

തിരുജ്ഞാന സംബന്ധര്‍ ജീവിതകാലത്ത് നിരവധി അദ്ഭുതങ്ങള്‍ കാണിച്ചിട്ടുള്ളതായി പറയപ്പെടുന്നു. രാമേശ്വരം മുതല്‍ തമിഴ്നാടിന്റെ വടക്കേയറ്റംവരെയുള്ള ശിവക്ഷേത്രങ്ങളും പുണ്യസ്ഥലങ്ങളും സന്ദര്‍ശിച്ച് നിരവധി കീര്‍ത്തനങ്ങള്‍ രചിച്ച് ആലപിക്കുകയുണ്ടായി. സന്ദര്‍ശനസമയത്ത് ഇദ്ദേഹത്തെ കാണാനും അനുഗ്രഹം വാങ്ങാനും ഉപദേശം നേടാനുമായി ജനങ്ങള്‍ തടിച്ചുകൂടുക പതിവായിരുന്നു. വളരെ അടുത്ത സുഹൃത്തുക്കളായിരുന്നു അപ്പരും സംബന്ധരും. തിരുനല്ലൂര്‍ നമ്പിയാണ്ടാര്‍നമ്പിയുടെ മകളെ വിവാഹം കഴിച്ച സംബന്ധര്‍ വിവാഹാനന്തരം ക്ഷേത്രത്തിലെത്തി പ്രാര്‍ഥിച്ച് ക്ഷേത്ര തേജസ്സില്‍ ലയിച്ചു ചേര്‍ന്നു എന്നാണ് ഐതിഹ്യം. പാണ്ഡ്യരാജ്ഞിയുടെ ക്ഷണപ്രകാരം മധുര സന്ദര്‍ശിച്ച സംബന്ധര്‍ അവിടത്തെ രാജാവായ നെടുമാരനെ ജൈനമതത്തില്‍ നിന്ന് ശൈവമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യിച്ചു. ജൈനന്മാരെയും ബൌദ്ധന്മാരെയും വാദപ്രതിവാദങ്ങളില്‍ പരാജയപ്പെടുത്തി മധുരയില്‍ ശൈവമതം പുനഃസ്ഥാപിക്കുകയും ചെയ്തു.

തമിഴ് പുണ്യഗ്രന്ഥമായ തിരുമുറയിലെ ആദ്യത്തെ മൂന്നു തേവാരങ്ങള്‍ തിരുജ്ഞാനസംബന്ധരുടേതാണ്. ഇവയില്‍ ആകെ 16,000 പതികങ്ങളുണ്ടെന്നാണ് നമ്പിയാണ്ടാര്‍നമ്പി പറഞ്ഞിരിക്കുന്നത്. എന്നാല്‍ 384 എണ്ണം മാത്രമേ ലഭിച്ചിട്ടുള്ളൂ. ഓരോ പതികത്തിലും 10 ഖണ്ഡങ്ങള്‍ വീതം അടങ്ങിയിരിക്കുന്നു. ഈ പതികങ്ങളെ 'തിരുപ്പദീയം'എന്നും പറയുന്നുണ്ട്. ഇവയില്‍ ശ്രീമഹേശ്വരന്റെ മഹത്ത്വം വാഴ്ത്തിപ്പാടിയിരിക്കുന്നു. സാലോക്യ, സാമീപ്യ, സാരൂപ്യ, സായൂജ്യങ്ങള്‍ എങ്ങനെ നേടാമെന്ന് തന്റെ കവിതകളിലൂടെ സംബന്ധര്‍ വ്യക്തമാക്കിയിട്ടുണ്ട്. സന്ദര്‍ശിച്ച ക്ഷേത്രങ്ങള്‍, ക്ഷേത്രത്തിന്റെ മനോഹാരിത, ക്ഷേത്രത്തിലെ ആരാധനാമൂര്‍ത്തി എന്നിവയെക്കുറിച്ച് കൃതികളില്‍ വാഴ്ത്തിപ്പാടിയിട്ടുണ്ട്. ദുരാചാരങ്ങളും തിന്മകളും ഇല്ലാതാക്കണമെന്നും സദാചാരങ്ങളും നന്മകളും നിലനിര്‍ത്തണമെന്നും ഇദ്ദേഹം ആത്മാര്‍ഥമായി ആഗ്രഹിച്ചിരുന്നതായി കാണാം. പല ഘട്ടങ്ങളിലും യോഗീശ്വരന്റെ പക്വതയെക്കാള്‍ യുവപണ്ഡിതന്റെ അഹന്തയാണ് സംബന്ധര്‍ പ്രദര്‍ശിപ്പിച്ചിരുന്നത്.

കലയെ ഈശ്വര സാക്ഷാത്കാരത്തിനുള്ള ഒരുപാധിയായിട്ടാണ് സംബന്ധര്‍ കണ്ടിരുന്നത്. 'സംഗീതം ഷഡ്വികാരങ്ങളെ ദൂരീകരിക്കും. ആ പ്രശാന്തതയില്‍ നമ്മുടെ ഹൃദയപുഷ്പത്തിലേക്ക് ദൈവിക തേജസ് ജ്വലിച്ചുയരും'എന്നാണ് പാടിയിരിക്കുന്നത്. 'ഈശ്വരന്‍ നിത്യവിശുദ്ധമായ സ്ത്രീയോടുകൂടി, അംബയോടു കൂടി സിംഹാസനാരോഹണം ചെയ്തിരിക്കുന്നു. ഈ ലോകത്ത് ആര്‍ക്കും യഥാര്‍ഹം ജീവിക്കാവുന്നതാണ് എന്നതിനും സംശയമില്ല'എന്നിങ്ങനെ മാതൃത്വത്തിന്റേയും സ്ത്രീത്വത്തിന്റേയും മഹത്ത്വം ശ്ളാഘിക്കപ്പെടുന്നതും കാണാം.

ഭാഷയുടേയും സംഗീതത്തിന്റേയും എല്ലാ കഴിവുകളും കവിതയില്‍ സാക്ഷാത്കരിച്ച കവിയായിരുന്നു സംബന്ധര്‍. സുകുമാരശബ്ദങ്ങളുടെ സമ്മേളനം, താളങ്ങളുടെ തകൃതി, പലതരം പ്രാസങ്ങളുടെ പ്രയോഗം എന്നിവ സംബന്ധരുടെ കവിതയില്‍ നൈസര്‍ഗികമായി ഒത്തുചേര്‍ന്നിരിക്കുന്നു. സാമാന്യ ജനങ്ങളെ ആര്‍ഷിക്കത്തക്ക ഗാനാത്മകതയാണ് ഇദ്ദേഹത്തിന്റെ കവിതയുടെ മറ്റൊരു പ്രത്യേകത. പ്രകൃതിയുടെ മനോഹാരിതയെ പരമശിവന്റെ മഹത്തായ ദാനമായിട്ടാണ് സംബന്ധര്‍ കാണുന്നത്. ഓടിച്ചാടിക്കളിക്കുന്ന കുരങ്ങുകളും മേഘമൂടിയണിഞ്ഞ പര്‍വതങ്ങളും തണുത്ത താമരപ്പൊയ്കകളും. അലറിക്കുതിച്ചെത്തുന്ന തിരമാലകളും സ്വര്‍ണം വിളയുന്ന വയലേലകളും കുയിലും മയിലും നിറഞ്ഞ തെങ്ങിന്‍ തോപ്പുകളും തേനീച്ചകളും പക്ഷികളും മൃഗങ്ങളും ആടിപ്പാടി കളിക്കുന്നതും എല്ലാം സംബന്ധരുടെ രചനകളില്‍ കാണാം. എന്നാല്‍ വര്‍ണനകളെല്ലാം ചെന്നെത്തുന്നത് ഈശ്വരസാക്ഷാത്കാരമായ ശിവനില്‍ തന്നെയായിരുന്നു എന്നതാണ് പ്രധാനം. ശിവനെ നായകനായും തന്നെ കാമുകിയായും സങ്കല്പിച്ചുകൊണ്ടുള്ള യോഗാത്മക ഗാനങ്ങളും രചിച്ചിട്ടുണ്ട്. തിരുജ്ഞാനസംബന്ധരുടെ കാവ്യത്തിന് ഒരു മാതൃക:

'പ്രണയമാര്‍ന്നു ഹതാശരായ് മാറി

കണ്ണുനീരുമൊഴുക്കിയീ നാമം

ഓതുവോരെ വിശുദ്ധ ധര്‍മത്തിന്‍

പാതതന്നിലേക്കാനയിച്ചീടും

വേദം നാലിനും മെയ്പ്പൊരുളാകും

നാഥനാമ 'നമശ്ശിവായ' താന്‍.'

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍