This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തിരുച്ചെന്തൂര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

തിരുച്ചെന്തൂര്‍

തമിഴ്നാട്ടിലെ തൂത്തുക്കുടി ജില്ലയിലുള്‍പ്പെട്ട ഒരു ക്ഷേത്ര നഗരം. പ്രസ്തുത നഗരം ഉള്‍പ്പെടുന്ന താലൂക്കും ഇതേ പേരിലറിയപ്പെടുന്നു. ശ്രീമുരുകന്റെ സാന്നിധ്യമുണ്ടെന്നു വിശ്വസിക്കപ്പെടുന്ന ആറ് പുണ്യ സ്ഥലങ്ങളിലൊന്നായ തിരുച്ചെന്തൂര്‍ തെന്നിന്ത്യയിലെ പ്രധാന ഹൈന്ദവ തീര്‍ഥാടന കേന്ദ്രമെന്ന നിലയില്‍ പ്രസിദ്ധി നേടിയിരിക്കുന്നു.

കാറ്റിന്റെ അപരദന-നിക്ഷേപണ പ്രക്രിയകളുടെ ഫലമായി രൂപംകൊണ്ട മണല്‍ക്കൂനകള്‍ തിരുച്ചെന്തൂരിന്റെ ഭൂപ്രകൃതിയെ സവിശേഷമാക്കുന്നു. തീരപ്രദേശത്തോടടുത്തു കാണപ്പെടുന്ന ചെങ്കുത്തായ മണല്‍ക്കല്‍ തിട്ടകളാണ് മറ്റൊരു പ്രത്യേകത. 'തേരികള്‍'എന്നറിയപ്പെടുന്ന ഈ മണല്‍ക്കൂനകള്‍ക്കിടയില്‍ കാണപ്പെടുന്ന നീരാഴികളാണ് (തരുവൈകള്‍) ഈ മേഖലയിലെ കൃഷിക്കാവശ്യമായ ജലം പ്രദാനം ചെയ്യുന്നത്.

താമ്രപര്‍ണിയാണ് തിരുച്ചെന്തൂര്‍ താലൂക്കിലെ മുഖ്യ നദി. നെല്ലിനു പുറമേ നിലക്കടലയും പനഞ്ചക്കരയും ഇവിടെ ഉത്പാദിപ്പിക്കുന്നുണ്ട്. നദീതീരത്തും സമീപപ്രദേശങ്ങളിലും വാഴയും പച്ചക്കറികളും കൃഷിചെയ്യുന്നു. പനയോല ഉത്പന്നങ്ങള്‍, ധാന്യങ്ങള്‍, കരുപ്പട്ടി തുടങ്ങിയവ ഇവിടെ നിന്നും കയറ്റുമതി ചെയ്യുന്നുണ്ട്.

തമിഴാണ് തിരുച്ചെന്തൂരിലെ പ്രധാനഭാഷ. റോഡ്-റെയില്‍ ഗതാഗതബന്ധങ്ങള്‍ സാമാന്യം വികസിതമാണ്. നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍