This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തിരുക്കൊന്നമല്ലി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

തിരുക്കൊന്നമല്ലി

തിരുക്കൊന്നമല്ലി പുഷ്പങ്ങളോടുകൂടിയ ശാഖ

ടീലിയേസീ (Tiliaceae) സസ്യകുടുംബത്തില്‍പ്പെടുന്ന ഇലകൊഴിയും വൃക്ഷം. ശാ.നാ. ബെറിയ അമ്മോണില്ല (Berry ammonilla). കേരളത്തിന്റെ വടക്കും തെക്കും പ്രദേശങ്ങളില്‍ ഇവ ധാരാളമായി വളരുന്നു. തെക്കേ ഇന്ത്യയിലും മറ്റും ഈ വൃക്ഷം നട്ടുവളര്‍ത്താറുണ്ട്. മ്യാന്‍മറിലും ശ്രീലങ്കയിലും തിരുക്കൊന്നമല്ലി വന്‍ വൃക്ഷമായി വളരുന്നു.

തിരുക്കൊന്നമല്ലി 18-24 മീ. വരെ ഉയരത്തില്‍ വളരും. 1.8 മീ.വരെ ചുറ്റളവുള്ള മരങ്ങള്‍ സാധാരണമായി കാണാം. വെളുത്ത നിറമുള്ള മരത്തൊലി മിനുസമുള്ളതും കനം കുറഞ്ഞതുമായിരിക്കും. തിളക്കമുള്ളതും അണ്ഡാകൃതിയിലുള്ളതുമായ ഇലകള്‍ ഏകാന്തരന്യാസത്തില്‍ ക്രമീകരിച്ചിരിക്കുന്നു. ഇലഞെട്ട് നീളം കൂടിയതും രോമിലവുമാണ്. അനുപര്‍ണങ്ങള്‍ക്ക് വാളിന്റെ ആകൃതിയാണ്. വേനല്‍ക്കാലത്ത് ഈ വൃക്ഷത്തിന്റെ ഇല കൊഴിയുന്നു.

തണുപ്പുകാലമാണ് തിരുക്കൊന്നമല്ലിയുടെ പുഷ്പകാലം. ഇലകളുടെ കക്ഷ്യങ്ങളിലും ശാഖാഗ്രങ്ങളിലും പാനിക്കിള്‍ പുഷ്പമഞ്ജരിയായി പുഷ്പങ്ങളുണ്ടാകുന്നു. പുഷ്പങ്ങള്‍ക്ക് വെളുപ്പുനിറമായിരിക്കും. 3-5 ബാഹ്യദളങ്ങളുണ്ട്, ബാഹ്യദളങ്ങളുടെ ഇരട്ടി നീളമുള്ള അഞ്ചു ദളങ്ങളും അനേകം കേസരങ്ങളുമുണ്ടായിരിക്കും. കേസരങ്ങള്‍ യുഗ്മിത(didynamous)ങ്ങളാണ്. ഫലം സംപുട(capsule)മാണ്. കായ്കളില്‍ ചിറകുകള്‍ പോലെ വളര്‍ന്ന ആറ് അവയവങ്ങളുണ്ട്. ഉഷ്ണകാലമാകുമ്പോഴേക്കും കായ്കള്‍ മൂപ്പെത്തുന്നു. വിത്തുകള്‍ക്ക് ഇളം തവിട്ടുനിറമാണ്. മഴക്കാലാരംഭത്തോടെ വിത്തു മുളയ്ക്കുന്നു. വിത്തു മുളപ്പിച്ച് തൈകള്‍ പറിച്ചുനട്ടാണ് തിരുക്കൊന്നമല്ലി കൃഷിചെയ്യുന്നത്.

തിരുക്കൊന്നമല്ലിയുടെ തടിക്ക് കടും ചുവപ്പുനിറമാണ്. തടിക്ക് ഈടും ഉറപ്പും ഇലാസ്തികതയും ഉണ്ടെങ്കിലും ഉണങ്ങിയ തടി പലപ്പോഴും വിണ്ടുകീറിപ്പോകാറുണ്ട്. കെട്ടിടങ്ങള്‍, വാഹനങ്ങള്‍, കാര്‍ഷികോപകരണങ്ങള്‍, തോണികള്‍ തുടങ്ങിയവ നിര്‍മിക്കാനാണ് ഇതിന്റെ തടി പ്രധാനമായും ഉപയോഗിക്കാറുള്ളത്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍