This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തിരുക്കുറള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

തിരുക്കുറള്‍

പ്രാചീന സുഭാഷിത കാവ്യം. തമിഴില്‍ രചിക്കപ്പെട്ടിട്ടുള്ള ഈ കൃതി തമിഴ്നാട്ടില്‍ വേദപുസ്തകം പോലെ പവിത്രമായി കരുതുന്ന ധര്‍മസംഹിതയാണ്. 'പൊയ്യമൊഴിപ്പുലവര്‍ (സത്യവക്താവായ ജ്ഞാനി)'എന്നറിയപ്പെടുന്ന തിരുവള്ളുവര്‍ ആണ് ഇതിന്റെ രചയിതാവ്. 2000-ത്തോളം വര്‍ഷം മുമ്പാണ് രചനാകാലമെന്നു കരുതുന്നു.

'കുറള്‍'തമിഴ്ഭാഷയിലെ ഏറ്റവും ചെറിയ വൃത്തമാണ്. ഏറ്റവും ചെറിയ ഈരടികളിലായി രചിച്ച കാവ്യമാകയാലാണ് 'കുറള്‍'എന്ന് വ്യവഹരിച്ചുവന്നത്. പവിത്രമായി കരുതി ആരാധിക്കുവാന്‍ തുടങ്ങിയപ്പോഴാകാം പൂജനീയതയ്ക്കായി 'തിരു' എന്ന വിശേഷണപദം കൂട്ടിചേര്‍ത്ത് തിരുക്കുറള്‍ എന്ന പേരില്‍ പ്രസിദ്ധമായത്.

ദ്രാവിഡവേദം എന്ന പേരിലും ഈ ഗ്രന്ഥം അറിയപ്പെടുന്നുണ്ട്. 'മുപ്പാല്‍' (സംസ്കൃതത്തിലെ ധര്‍മാര്‍ഥകാമങ്ങള്‍) - അറത്തുപ്പാല്‍ (ധര്‍മപദ്ധതി), പൊരുള്‍പ്പാല്‍ (അര്‍ഥപദ്ധതി), കാമത്തു പാല്‍ (കാമപദ്ധതി) എന്നിവ മൂന്നും - ചേരുന്നതാണ് തിരുക്കുറള്‍. അതിനാലാണ് 'മുപ്പാനുല്‍'എന്ന പേരില്‍ പ്രസിദ്ധമായത്. മൂപ്പാനുല്‍, ഉത്തമവേദം, ദൈവന്ദന്‍, തിരുവള്ളുവര്‍, പൊയ്യാമൊഴി, വായുരൈ വാഴ്ത്ത്, തമിഴ് മരം, സത്യവാണി, തിരുക്കുറള്‍ എന്നിങ്ങനെ ഒന്‍പത് പേരുകള്‍ ഈ ഗ്രന്ഥത്തിനുണ്ട്. പുരാതന സുഭാഷിത ഗ്രന്ഥമായ തിരുക്കുറളിനെ തമിഴര്‍ വിശുദ്ധഗ്രന്ഥമായാണു കാണുന്നത്.

സുഹൃത്തും ശിഷ്യനുമായ ഏലേലസിംഹന്റെ അപേക്ഷയനു സരിച്ച് മനുഷ്യവര്‍ഗത്തിനു മുഴുവന്‍ പ്രയോജനപ്പെടത്തക്കവിധം രചിച്ച കൃതിയായി തിരുക്കുറള്‍ കരുതപ്പെടുന്നു. മധുരാപുരിയിലെ പണ്ഡിതസദസ്സില്‍ സമര്‍പ്പിച്ച് പല പരീക്ഷണങ്ങള്‍ക്കും വിധേയമാക്കിയതിനു ശേഷമാണ് ഈ ഗ്രന്ഥം അംഗീകരിക്കപ്പെട്ടത്.

ഭാഷയിലെ ആദ്യക്ഷരമായ 'അകാരം', പ്രപഞ്ച സ്രഷ്ടാവായ ആദിഭഗവാന്‍ എന്നിവയെ സ്മരിച്ചുകൊണ്ടാണ് ഗ്രന്ഥം ആരംഭിക്കുന്നത്. അല്പാശയങ്ങള്‍ കൊണ്ട് വിപുലാശയങ്ങള്‍ വെളിപ്പെടുത്തുന്നതും സൂത്രതുല്യമെങ്കിലും ഗാനാത്മകമായ ശൈലിയില്‍ രചിക്കപ്പെട്ടതുമാണ് തിരുക്കുറള്‍. കുറുക്കിയെടുത്ത അമൃതാണ് ഓരോ കുറളും എന്നു പറയാം.

തിരുക്കുറളിലെ മൂന്ന് വിഭാഗങ്ങളിലോരോന്നും പല 'അതികാര'ങ്ങളായി (അധികരണങ്ങള്‍) വിഭജിച്ചിട്ടുണ്ട്. ഓരോ അതികാരത്തിലും പത്ത് കുറള്‍ വീതമുണ്ട്. ഇത്തരത്തിലുള്ള 133 'അതികാര'ങ്ങള്‍ (1330 ഈരടികള്‍) ഈ ഗ്രന്ഥത്തിനുണ്ട്. ദ്രാവിഡ ഗീതങ്ങള്‍ ആലപിക്കുന്ന പ്രാസത്തിലാണ് ഈ ഈരടികള്‍ ആലാപനം ചെയ്യുന്നത്. ധര്‍മപദ്ധതിയില്‍ 38 അതികാരങ്ങളാണുള്ളത്. ഇവയുടെ ആദ്യത്തെ നാല് അതികാരങ്ങളില്‍ ഈശ്വര മാഹാത്മ്യം ഉദ്ഘോഷിക്കുന്ന മംഗളാചരണങ്ങളും തുടര്‍ന്നുള്ള 20 അതികാരങ്ങളില്‍ ഗൃഹസ്ഥാശ്രമധര്‍മവും അതിനുശേഷമുള്ളവയില്‍ സന്ന്യാസ വൃത്തിയും ആണ് പ്രതിപാദിച്ചിരിക്കുന്നത്.

തിരുക്കുറള്‍ ഗ്രന്ഥത്തിന്റെ മുഖചിത്രം

രണ്ടാമത്തെ കുറളായ അര്‍ഥപദ്ധതിയില്‍ രാജധര്‍മം, രാജാംഗം എന്നീ രണ്ട് വിഭാഗങ്ങളും 70 അതികാരങ്ങളുമാണുള്ളത്. ഇതാണ് ഏറ്റവും വലിയ വിഭാഗവും. ഒരു ക്ഷേമരാഷ്ട്രം കെട്ടിപ്പടുക്കാന്‍ ഒരുത്തമ രാജാവിനുണ്ടായിരിക്കേണ്ട ഗുണഗണങ്ങളെക്കുറിച്ചും ഭരണം കാര്യക്ഷമമായി മുന്നോട്ട് കൊണ്ടുപോകേണ്ട വിധത്തെപ്പറ്റിയും സവിസ്തരം പ്രതിപാദിക്കുന്നു.

മൂന്നാം വിഭാഗമായ കാമപദ്ധതിയില്‍ കാമിനീകാമുകരുടെ അവസ്ഥകളും വിവാഹശേഷം ഇവര്‍ക്ക് ഉണ്ടാകുന്ന വിരഹദുഃഖ ങ്ങളുമാണ് വര്‍ണിതമായിരിക്കുന്നത്. 25 അതികാരങ്ങളാണ് ഈ വിഭാഗത്തിനുള്ളത്.

നാലാമത്തെ വിഭാഗമായ മോക്ഷത്തെക്കുറിച്ച് തിരുക്കുറളില്‍ പ്രത്യേകമായി ഒന്നും പറഞ്ഞിട്ടില്ല. കാരണം മുമ്പു പറഞ്ഞിട്ടുള്ള മൂന്ന് ഖണ്ഡങ്ങളിലെ വസ്തുതകള്‍ മോക്ഷത്തിനു വഴിതെളിക്കുന്നവയാണ് എന്നതത്രേ. മാത്രമല്ല, ധര്‍മത്തെപ്പറ്റി വിവരിക്കുന്ന കൂട്ടത്തില്‍ അന്തിമമായ സായൂജ്യത്തെ വിവരിക്കുന്ന അധ്യായങ്ങള്‍ ചേര്‍ത്തിട്ടുമുണ്ട്.

തിരുക്കുറളിലെ ഓരോ വരിയിലും വള്ളുവരുടെ വ്യക്തിമുദ്ര പതിഞ്ഞിട്ടുണ്ട്. മാനവജീവിതം, ലോകബന്ധങ്ങള്‍, ആചാരമര്യാദകള്‍ തുടങ്ങിയവ വ്യക്തമായി ഈ അധ്യായത്തില്‍ പരിചിന്തനം ചെയ്തിരിക്കുന്നു. സാധാരണക്കാരുടെ ജീവിതപ്രശ്നങ്ങളും വിട്ടുകളഞ്ഞിട്ടില്ല. മാത്രമല്ല, പ്രതിസന്ധികളില്‍ ഒരു ഗുരുവെന്നതുപോലെ ഉപദേശങ്ങളും നിര്‍ദേശങ്ങളും പരിഹാരങ്ങളും നല്കി നേര്‍വഴിക്കു നയിക്കുകയും ചെയ്യുന്നു. സുഖവും സ്വസ്ഥതയും നിറഞ്ഞ ക്ഷേമസുരഭിലമായ ജീവിതമാണ് തിരുക്കുറള്‍ വിളംബരം ചെയ്യുന്നത്. അതുകൊണ്ടാണ് ജീവിതത്തില്‍ ആവശ്യമുള്ളതെല്ലാം ഈ കൃതിയിലുണ്ടെന്ന് പണ്ഡിതര്‍ പറയുന്നത്.

ടോള്‍സ്റ്റോയ്, ആല്‍ബര്‍ട്ട് ഷ്വൈറ്റ്സര്‍, മഹാത്മാഗാന്ധി തുടങ്ങിയ മഹാന്മാരെ ഏറെ ആകര്‍ഷിച്ചവയാണ് തിരുക്കുറളിലെ സുഭാഷിതങ്ങള്‍. വളരെക്കാലത്തെ അനുഭവവും അവലോകനവും പഠനവും മനനവും കൊണ്ട് ഉരുത്തിരിഞ്ഞ തത്ത്വങ്ങളും ചിന്തകളുമാണ് ഇതില്‍ ആവിഷ്കരിച്ചിക്കുന്നത്. വിനയവും മാധുര്യവും നിറഞ്ഞു നില്ക്കുന്നതാണ് രചനാരീതി. ജാതി, മതം, വര്‍ണം, ദേശം, ശൈലി, കാലം തുടങ്ങിയവയ്ക്കതീതമായി എല്ലാ ജനങ്ങള്‍ക്കും മാര്‍ഗദര്‍ശനം നല്കുന്ന ഗ്രന്ഥമാണ് തിരുക്കുറള്‍. അഹിംസയ്ക്കും സത്യത്തിനും പ്രത്യേക പ്രാധാന്യം നല്കിയാണ് എല്ലാ മതക്കാരും തിരുക്കുറളിനെ തങ്ങളുടെ ഗ്രന്ഥമായി കരുതി ആദരിക്കുന്നത്. തിരുക്കുറളിലെ ഏതാനും കുറളുകള്‍ ഇനി ചേര്‍ക്കുന്നു.

'വ്യക്തം പഠിക്കുക, കറതീര്‍ത്തറി, ഞ്ഞതിന്‍

യുക്തിക്കു തക്കപടി നില്ക്ക'.

(പഠിക്കുന്നതെന്തോ അതു കുറച്ചായാലും കൂടുതലായാലും വ്യക്തമായും വിശദമായും പഠിക്കുക. അങ്ങനെ സമ്പാദിക്കുന്ന അറിവ് കറ തീര്‍ത്തതായിരിക്കണം. പിന്നെ ആ അറിവിന്റെ ബല ത്തില്‍ എങ്ങനെ ജീവിക്കണമോ അങ്ങനെ ജീവിക്കുക.)

'അതിഥി പുറത്തിരുന്നീടവേ താനുണ്മ-

തമൃതമായാലും നിഷിദ്ധം.'

(അതിഥി പുറത്തിരിക്കുമ്പോള്‍ അകത്തിരുന്നു ഭക്ഷണം കഴി ക്കുന്ന ഗൃഹസ്ഥന്‍ അമൃതാണ് ഭക്ഷിക്കുന്നതെങ്കിലും ചെയ്യാന്‍ പാടില്ല.)

'പെറ്റതായ് പശികാണ്മോനും ചെയ്യായ്ക

മറ്റോര്‍ പിഴയ്ക്കണ കര്‍മം.'

(പെറ്റമ്മയുടെ പൈദാഹമടക്കാനാണെങ്കില്‍ പോലും മറ്റുള്ള വര്‍ പിഴയ്ക്കുന്ന പ്രവൃത്തി അരുത്.)

കൊച്ചിരാജ്യം വാണിരുന്ന രാമവര്‍മ മഹാരാജാവ് (16-ാംശ.) തിരുക്കുറള്‍ വിവര്‍ത്തനം ചെയ്യാനാവശ്യപ്പെട്ടതനുസരിച്ച് ഒരു കവി തിരുവുള്ളപ്പയല്‍ എന്ന പേരില്‍ ഇതിന് വിവര്‍ത്തനം തയ്യാ റാക്കിയിട്ടുണ്ട്. കൊല്ലവര്‍ഷം 770-ലാണ് ഈ വിവര്‍ത്തനം തയ്യാ റായതെന്ന് ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നു. 19-ാം ശ.-ത്തിന്റെ അവസാനം നാരായണക്കുറുപ്പും (അഴകത്ത് പദ്മനാഭക്കുറുപ്പിന്റെ ജ്യേഷ്ഠന്‍) ഒരു വിവര്‍ത്തനം പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. കൂടാതെ തിരുക്കുറളിന്റെ ധര്‍മാര്‍ഥ കാണ്ഡങ്ങള്‍ക്കു മാത്രമായി എ.ഗോവിന്ദപ്പിള്ള ഭാഷാന്തരീകരണം നടത്തിക്കാണുന്നു. 1926-ല്‍ മലയാള വ്യാഖ്യാനത്തോടുകൂടി ഈ കൃതി കെ.പരമേശ്വരന്‍പിള്ള പുനഃപ്രസിദ്ധീകരിച്ചു. പി.താണുപിള്ള, തിരുക്കുറള്‍ അഥവാ സദാചാര ബോധിനി എന്ന പേരില്‍ ഈ കൃതി പുനഃപ്രസിദ്ധീകരിച്ചു. പെരുന്നെല്ലി കൃഷ്ണന്‍ വൈദ്യന്‍ തിരുക്കുറള്‍ വിവര്‍ത്തനം ചെയ്തിട്ടുണ്ടെങ്കിലും പ്രകാശിതമായിട്ടില്ല.

1957-ല്‍ വെണ്ണിക്കുളം ഗോപാലക്കുറുപ്പിന്റേയും ശാസ്തമം ഗലം പി.രാമകൃഷ്ണപിള്ളയുടേയും തര്‍ജുമകള്‍ പ്രസിദ്ധീക രിച്ചു. 1960-ല്‍ ധര്‍മപദ്ധതിക്കു മാത്രമായി കെ.ചെല്ലപ്പന്‍ നാടാര്‍ വിവര്‍ത്തനം തയ്യാറാക്കി. തിരുവല്ലം ഭാസ്കരന്‍ നായരുടെ ഭാഷാ തിരുക്കുറള്‍ (1968) ഏറെ പ്രസിദ്ധമായി.

1960-ല്‍ കുട്ടികള്‍ക്കുവേണ്ടി തിരുക്കുറള്‍ മലയാളത്തില്‍ പി.ദാമോദരന്‍പിള്ള വിവര്‍ത്തനം ചെയ്തു.

ദ്രാവിഡ സംസ്കാരത്തിന്റെ അത്യുജ്വല രത്നമായി കരുതി പ്പോരുന്ന തിരുക്കുറളിനെക്കുറിച്ച് ഔവയാര്‍-

'അണുവില്‍ തുളയിട്ടാഴികളേതി-

ലമര്‍ത്തിവച്ചകുറള്‍'എന്നു പാടിയിട്ടുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍