This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തിരശ്ശീല

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

തിരശ്ശീല

കഥകളിയിലെ തിരശ്ശീല

രംഗവേദിയെ രംഗസ്ഥരില്‍ നിന്നു മറയ്ക്കുന്ന വസ്ത്രം. യവനിക എന്നും ഇതറിയപ്പെടുന്നു. 'തിര'ശബ്ദത്തിന് 'മറ'എന്നര്‍ഥമുണ്ട്. അങ്ങനെയാണ് മറയ്ക്കുന്ന വസ്ത്രം എന്ന അര്‍ഥത്തില്‍ തിരശ്ശീല എന്ന പദം പ്രയോഗത്തില്‍ വന്നത്. കേരളത്തില്‍ തിരശ്ശീല എന്ന പദം കഥകളിയുമായി ബന്ധപ്പെട്ടാണ് ഏറെ പ്രചാരത്തിലുള്ളത്. കളിയരങ്ങിനു മുന്നില്‍ പിടിക്കുന്ന വര്‍ണപ്പകിട്ടാര്‍ന്ന ശീലയാണ് കഥകളിയിലെ തിരശ്ശീല. കളി ആരംഭിക്കുന്നതും ഓരോ രംഗവും അവസാനിക്കുന്നതും ശീല പിടിച്ചിട്ടാണ്. പച്ച, മിനുക്ക് എന്നീ വേഷങ്ങള്‍ പ്രവേശനശ്ളോകം ചൊല്ലിത്തീരുന്നതോടെ തിരശ്ശീല നീക്കി പ്രത്യക്ഷപ്പെടും. എന്നാല്‍ കത്തി, കരി, താടി എന്നീ വേഷങ്ങള്‍ പുറപ്പാടിന് ശ്ളോകം ചൊല്ലിയ ശേഷം തിരശ്ശീലയ്ക്കുള്ളില്‍ അലര്‍ച്ചയും കലാശങ്ങളും രംഗവന്ദനവുമൊക്കെ നടത്തിയിട്ടേ പ്രത്യക്ഷപ്പെടൂ.

കഥകളിയില്‍ ഇരുവശവും രണ്ടാള്‍ക്കാര്‍ നിന്നാണ് തിരശ്ശീല പിടിക്കുന്നത്. എന്നാല്‍ നാടകത്തിലെ യവനിക മുകളില്‍ നിന്ന് താഴേക്ക് തൂക്കിയിട്ട തുണികൊണ്ടുള്ള മറയാണ്. അവ ആവശ്യമുള്ളപ്പോള്‍ കപ്പി, കയര്‍ എന്നിവയുടെ സഹായത്തോടെ ഒരു വശത്തു നിന്ന് വലിച്ച് ഉയര്‍ത്താവുന്നതാണ്. ഇരുവശങ്ങളിലേക്കും നീങ്ങിപ്പോകുന്ന തരം തിരശ്ശീലയുമുണ്ട്.

വീടുകളില്‍ വാതിലിലും ജനാലയിലും തൂക്കുന്ന വെളിയട, സിനിമാഹാളില്‍ ചിത്രം പതിയുന്ന സ്ക്രീന്‍ എന്നിവയ്ക്കും തിരശ്ശീല എന്നു പറയാറുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍