This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തിയോസഫിക്കല്‍ സൊസൈറ്റി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

തിയോസഫിക്കല്‍ സൊസൈറ്റി

എല്ലാ മതങ്ങളുടേയും അടിസ്ഥാന തത്ത്വം ഒന്നുതന്നെയാണെന്ന ആശയത്തിനു പ്രചാരം നല്കുന്നതിനായി മാഡം ബ്ലാവട്സ്കി, കേണല്‍ ഹെന്റി എസ്.ഒല്‍ക്കോട്ട്, ഡബ്ല്യൂ.ക്യു.ജഡ്ജ് എന്നിവരുടെ നേതൃത്വത്തില്‍ 1875-ല്‍ ന്യൂയോര്‍ക്കില്‍ ആരംഭിച്ച സംഘടന. കേണല്‍ ഒല്‍ക്കോട്ടാണ് സംഘടനയുടെ അധ്യക്ഷ സ്ഥാനം വഹിച്ചിരുന്നത്.

തിയോസഫിക്കല്‍ സൊസൈറ്റി ഭാരവാഹികള്‍ ആനി ബസന്റിനോടൊപ്പം

പരമ്പരാഗത വിജ്ഞാനത്തിന്റെ ഉറവിടം ഇന്ത്യയിലെ മതവിശ്വാസങ്ങളാണെന്ന അഭിപ്രായം മൂലം 1879-ല്‍ ഒല്‍ക്കോട്ടും ബ്ലാവട്സ്കിയും സംഘടനയുടെ ആസ്ഥാനം ബോംബേ (മുംബൈ) യിലേക്കു മാറ്റി. 1879 മുതല്‍ 82 വരെ സൊസൈറ്റിയുടെ പ്രവര്‍ത്തന കേന്ദ്രം ബോംബേ ആയിരുന്നു. ഭാരതീയ ആശയങ്ങളായ 'കര്‍മ' വും 'പുനര്‍ജന്മവും' സൊസൈറ്റി അംഗീകരിച്ചു. എന്നാല്‍ ജാതി-മതഭേദങ്ങള്‍ സൊസൈറ്റിക്കു സ്വീകാര്യമായിരുന്നില്ല.

1882-നു ശേഷം മദ്രാസിനടുത്തുള്ള അഡയാര്‍ കേന്ദ്രീകരിച്ചാണ് സൊസൈറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. കേണല്‍ ഒല്‍ക്കോട്ടിനു ശേഷം 1889-ല്‍ ആനി ബസന്റ് ഈ പ്രസ്ഥാനത്തിന്റെ നേതാവാകുകയും ബനാറസില്‍ സെന്‍ട്രല്‍ ഹിന്ദുസ്കൂള്‍ സ്ഥാപിക്കുകയും ചെയ്തു. പില്ക്കാലത്ത് ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയായി വികസിച്ചത് ഈ സ്ഥാപനമാണ്. 26 വര്‍ഷക്കാലം ഇവര്‍ ഈ സംഘടനയുടെ അധ്യക്ഷ സ്ഥാനത്തിരുന്നു. തുടര്‍ന്ന് ജി.എസ്. അരുണ്‍ഡേല്‍, സി.ജിനരാജദാസ, എന്‍. ശ്രീരാം തുടങ്ങിയവര്‍ സൊസൈറ്റിയുടെ അധ്യക്ഷപദവി അലങ്കരിച്ചിട്ടുണ്ട്. നിരവധി രാജ്യങ്ങളില്‍ സൊസൈറ്റിയുടെ ശാഖകള്‍ നിലവില്‍ വന്നു. തെക്കെ ഇന്ത്യയില്‍ സാമുദായികവും മതപരവുമായ ഒട്ടേറെ പരിവര്‍ത്തനങ്ങള്‍ക്ക് തിയോസഫിക്കല്‍ സൊസൈറ്റി സാക്ഷ്യം വഹിച്ചു. യു.എസ്., ഇംഗ്ളണ്ട്, ആസ്റ്റ്രേലിയ തുടങ്ങിയ രാജ്യങ്ങളില്‍ തിയോസഫിക്കല്‍ സൊസൈറ്റിക്ക് വളരെയധികം പ്രഭാവം ചെലുത്താന്‍ സാധിച്ചു. ജനീവയില്‍ വച്ച് ഈ സൊസൈറ്റിയുടെ പത്താമത് യൂറോപ്യന്‍ കോണ്‍ഗ്രസ് നടന്നു. തിയോസഫിക്കല്‍ സൊസൈറ്റിയില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടു രൂപീകരിക്കപ്പെട്ട സമാന സംഘടനകളാണ് യുണൈറ്റഡ് ലോഡ്ജ് ഒഫ് തിയോസഫി (United Lodge of Theosophy), ദ് പോയന്റ് ലോമ തിയോസഫിക്കല്‍ സൊസൈറ്റി (The Point Loma Theosophical Society), 'ദി ആന്ത്രൊപൊസഫിക്കല്‍ സൊസൈറ്റി' (Anthroposophical Society), 'ആര്‍കേന്‍ സ്കൂള്‍' (Arcane School) എന്നിവ. 1893-ല്‍ ചിക്കാഗോയില്‍ നടന്ന സര്‍വമതസമ്മേളനത്തിലും തിയോസഫിക്കല്‍ സൊസൈറ്റിയുടെ പ്രതിനിധിയായി ആനി ബസന്റ് പങ്കെടുത്തിരുന്നു.

ശാസ്ത്രം, മതം, തത്ത്വചിന്ത എന്നിവ സമന്വയിപ്പിച്ചു കൊണ്ടു ള്ള വീക്ഷണമാണ് സൊസൈറ്റി അവതരിപ്പിച്ചത്. ഭാരതീയ ദര്‍ശനങ്ങളോട് തിയോസഫിക്കല്‍ സൊസൈറ്റിയെ കൂടുതല്‍ ബന്ധപ്പെടുത്തുകയും ആഗോള പ്രശസ്തി നേടിക്കൊടുക്കുകയും ചെയ്തവരില്‍ പ്രമുഖയാണ് ആനി ബസന്റ്. സര്‍വവ്യാപിയും അനശ്വരവുമായ സത്യമാണ് ജീവനടിസ്ഥാനം. പ്രകൃതിയുടെ ഓരോ ചലനത്തിലും ഈ സത്യം ദൃശ്യമാണ്. ജീവന്‍ അമൂല്യവും ആദരിക്കപ്പെടേണ്ടതുമാണ്. ജാതി, മതം, ഗോത്രം, വര്‍ണം എന്നിവയുടെ അതിര്‍വരമ്പുകളില്ലാതെ വിശ്വസാഹോദര്യത്തിനു വഴിതെളിക്കുക എന്നതാണ് സൊസൈറ്റിയുടെ ലക്ഷ്യങ്ങളില്‍ പ്രധാനം. താരതമ്യ മതപഠനം, തത്ത്വചിന്താപഠനം, ശാസ്ത്രപഠനം എന്നിവ പ്രോത്സാഹിപ്പിക്കുക, പ്രകൃതിനിയമങ്ങളെക്കുറിച്ചും മനുഷ്യന്റെ അന്തര്‍ലീനമായ ശക്തിയെക്കുറിച്ചും അറിവ് സമ്പാദിക്കുക എന്നിവയാണ് ഇതര ലക്ഷ്യങ്ങള്‍.

തിയോസഫിക്കല്‍ സൊസൈറ്റിക്ക് കേരളത്തിലും ശാഖക ളുണ്ട്. ജാതിമതചിന്തയുടെ ഉന്മൂലനം ലക്ഷ്യമാക്കിയാണ് ഇവ പ്രധാനമായും പ്രവര്‍ത്തിക്കുന്നത്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍