This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തിയോഡൊലൈറ്റ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

തിയോഡൊലൈറ്റ്

Theodolite

തിരശ്ചീനവും ലംബവും ആയിട്ടുള്ള ദിശകളില്‍ വസ്തുക്കള്‍ തമ്മിലുള്ള കോണീയ അകലം അളക്കുവാനുപയോഗിക്കുന്ന സര്‍വേ ഉപകരണം. ട്രിപ്പോഡ് എന്ന മുക്കാലിയില്‍ ഉറപ്പിച്ചിട്ടുള്ള ദൂരദര്‍ശിനി, കോണുകള്‍ അങ്കനം ചെയ്തിട്ടുള്ള വൃത്താകാര സ്കെയിലുകള്‍ എന്നിവയാണ് ഇതിന്റെ പ്രധാന ഭാഗങ്ങള്‍.

ഒരു ഡിഗ്രിയുടെ മൂവായിരത്തി അറുന്നൂറില്‍ ഒരംശം വരെ സൂക്ഷ്മതയോടെ കോണുകള്‍ അളക്കാന്‍ ഈ ഉപകരണത്തിനു കഴിയും. ദൂരദര്‍ശിനിക്കു താഴെയുള്ള തിരശ്ചീന വൃത്തപ്രതലത്തില്‍നിന്ന് തിരശ്ചീനദിശയിലുള്ള അകലം കോണീയമായി മനസ്സിലാക്കാനും കഴിയും. ദൂരദര്‍ശിനിയുടെ ഇടതുഭാഗത്തായുള്ള ലംബപ്രതലവും സ്കെയിലും ലംബദിശയിലുള്ള അളവുകള്‍ രേഖപ്പെടുത്തുന്നു.

തിയോഡൊലൈറ്റുകള്‍ പ്രധാനമായും രണ്ടു തരമുണ്ട്; ഡയറ ക്ഷണല്‍ തിയോഡൊലൈറ്റും റിപ്പീറ്റിങ് തിയോഡൊലൈറ്റും. ഡയറക്ഷണല്‍ തിയോഡൊലൈറ്റില്‍ തിരശ്ചീന പ്രതലം സ്ഥിരമാക്കി നിര്‍ത്തിക്കൊണ്ട് ദൂരദര്‍ശിനി വിവിധ ദിശകളിലേക്കു തിരിച്ച് കോണീയ അകലം രേഖപ്പെടുത്തുന്നു. റിപ്പീറ്റിങ് തിയോഡൊലൈറ്റില്‍ കോണീയ അകലത്തിന്റെ ശരാശരി കണ്ടെത്തി മൂല്യം നിര്‍ണയിക്കുന്നു.

ഒരേ മുക്കാലിയില്‍ ഉറപ്പിച്ചിട്ടുള്ള കാമറയും തിയോഡൊലൈറ്റും ചേര്‍ന്ന സംവിധാനമാണ് 'ഫോട്ടോ തിയോഡൊലൈറ്റ്'. കാലാവസ്ഥാപഠനങ്ങളില്‍ കാറ്റിന്റെ ദിശ രേഖപ്പെടുത്താന്‍ ചില പ്രത്യേകതരം തിയോഡൊലൈറ്റുകള്‍ ഉപയോഗിക്കുന്നു.

(ജോണ്‍സണ്‍, വൈ)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍