This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തിയെറ്റര്‍ ലൈബ്രറി അസ്സോസിയേഷന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

തിയെറ്റര്‍ ലൈബ്രറി അസ്സോസിയേഷന്

നടനകലകളുമായി ബന്ധപ്പെട്ട സാമഗ്രികളും പുസ്തകങ്ങളും ശേഖരിക്കുന്നതില്‍ തത്പരരായ ലൈബ്രേറിയന്മാരും ചില സഹൃദയരും ചേര്‍ന്ന് 1938-ല്‍ അമേരിക്കയില്‍ ആരംഭിച്ച സംഘടന. നടനകലകളെക്കുറിച്ച് പൊതുജനങ്ങളില്‍ അറിവും താത്പര്യവും വളര്‍ത്തിയെടുക്കുകയായിരുന്നു ഇതിന്റെ ലക്ഷ്യം. ന്യൂയോര്‍ക്ക് പബ്ളിക് ലൈബ്രറിയുടെ ചെയര്‍മാനായിരുന്ന ഹാരി. എം. ലിടന്‍ ബെര്‍ഗിന്റെ അധ്യക്ഷതയില്‍ 1937 ജൂണില്‍ ചേര്‍ന്ന യോഗത്തിലാണ് സംഘടനയുടെ രൂപരേഖ തയ്യാറാക്കിയത്. തൊട്ടടുത്ത വര്‍ഷം സംഘടന ഔപചാരികമായി പ്രവര്‍ത്തനമാരംഭിച്ചു.അമേരിക്കന്‍ ലൈബ്രറി അസ്സോസിയേഷന്റെ അനുബന്ധ സംഘടന എന്ന നിലയിലാണ് തിയെറ്റര്‍ ലൈബ്രറി അസ്സോസിയേഷന്‍ പ്രവര്‍ത്തനമാരംഭിച്ചത്.

ലൈബ്രറികളിലും മ്യൂസിയങ്ങളിലും മറ്റും നടനകലയുമായി ബന്ധപ്പെട്ട സാമഗ്രികള്‍ നാശം സംഭവിക്കാതെ സംരക്ഷിക്കുവാനുള്ള മാര്‍ഗങ്ങളെക്കുറിച്ച് അറിവ് നല്കുക, ഇത്തരം സാമഗ്രികള്‍ കൈകാര്യം ചെയ്യുമ്പോള്‍ ഉണ്ടാകാവുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് തുറന്ന ചര്‍ച്ചകള്‍ നടത്തുക, ഈ വിഷയവുമായി ബന്ധപ്പെട്ട ന്യൂസ് ലൈറ്ററുകള്‍, ലഘുലേഖകള്‍ തുടങ്ങിയവ പ്രസിദ്ധീകരിക്കുക എന്നിങ്ങനെ നിരവധി പ്രവര്‍ത്തനങ്ങള്‍ ഈ സംഘടന നടത്തിവരുന്നു.

1962-ല്‍ അസ്സോസിയേഷന്‍ പെര്‍ഫോമിങ് ആര്‍ട്ട്സ് കളക്ഷന്‍സ്: ആന്‍ ഇന്റര്‍നാഷണല്‍ ഹാന്‍ഡ്ബുക്ക് എന്ന ഗ്രന്ഥം പ്രസിദ്ധീകരിച്ചു. മുപ്പത്തിയഞ്ചോളം രാഷ്ട്രങ്ങളിലെ ലൈബ്രേറിയന്‍ മാരില്‍ നിന്ന് ശേഖരിച്ച വസ്തുതകളുടെ അടിസ്ഥാനത്തിലാണ് ഈ ഗ്രന്ഥം തയ്യാറാക്കപ്പെട്ടത്. ഇത് ഫ്രഞ്ചിലും ഇംഗ്ളീഷിലും പ്രസിദ്ധീകരിച്ചിരുന്നു. 1967-ല്‍ ഇതിന്റെ രണ്ടാം പതിപ്പായി പെര്‍ഫോമിങ് ആര്‍ട്ട്സ് ലൈബ്രറീസ് ആന്‍ഡ് മ്യൂസിയംസ് ഒഫ് ദ് വേള്‍ഡ് എന്ന ഗ്രന്ഥം പ്രസിദ്ധീകരിച്ചു.

അസ്സോസിയേഷന്‍ രണ്ട് വാര്‍ഷിക അവാര്‍ഡുകള്‍ ഏര്‍പ്പെടു ത്തിയിട്ടുണ്ട്. തിയെറ്റര്‍ രംഗത്തെ മികച്ച പ്രസിദ്ധീകരണത്തിന് ജോര്‍ജ് ഫ്രീഡ്ലി മെമ്മോറിയല്‍ അവാര്‍ഡും ടെലിവിഷന്‍, സിനിമ തുടങ്ങിയ മേഖലകളെ ആസ്പദമാക്കിയുള്ള മികച്ച പ്രസിദ്ധീകരണത്തിന് തിയെറ്റര്‍ ലൈബ്രറി അസ്സോസിയേഷന്‍ അവാര്‍ഡും നല്കുന്നു. യു.എസ്സില്‍ പ്രസിദ്ധീകരിക്കുന്ന ഗ്രന്ഥങ്ങള്‍ മാത്രമാണ് അവാര്‍ഡിനു പരിഗണിക്കുന്നത്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍