This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തിയെറ്റര്‍ ഒഫ് അബ്സേഡ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

തിയെറ്റര്‍ ഒഫ് അബ്സേഡ്

Theatre of Absurd

മനുഷ്യന്റെ യുക്തിചിന്തയിലും മോഹങ്ങളിലും അധിഷ്ഠിതമായ പ്രപഞ്ചസങ്കല്പത്തിന്റെ നിരര്‍ഥകത കലാശൈലിയിലൂടെ വെളിപ്പെടുത്തുന്ന ഒരു നാടകപ്രസ്ഥാനം. യുക്തിക്കു നിരക്കാത്ത പാത്രവ്യാപാരങ്ങളിലും സംഭാഷണത്തിലും കൂടിയാണ് ഇതില്‍ മനുഷ്യജീവിതത്തിന്റെ നിരര്‍ഥകത ആവിഷ്കരിക്കപ്പെടുന്നത്. ഇതിവൃത്തത്തിലെ സംഭവങ്ങള്‍ക്കോ കഥാപാത്രത്തിന്റെ പെരുമാറ്റത്തിനോ അവരുടെ ഭാഷണത്തിനോ ഇത്തരം നാടകങ്ങളില്‍ അനസ്യൂതത എന്നൊന്ന് ഉണ്ടായിരിക്കുകയില്ല. ഒരുതരത്തില്‍ പറഞ്ഞാല്‍ കഥാപാത്രങ്ങള്‍ വിഡ്ഢികളെപ്പോലെ പെരുമാറും. എന്താണ് തങ്ങള്‍ ലക്ഷ്യമാക്കുന്നതെന്നോ തങ്ങള്‍ ചെയ്യുന്ന പ്രവൃത്തികളുടെ അര്‍ഥമെന്താണെന്നോ കഥാപാത്രങ്ങള്‍ക്ക് നിശ്ചയമുണ്ടായിരിക്കില്ല. വിഡ്ഢികളായ മനുഷ്യരെ പരിഹാസ്യരായി ചിത്രീകരിക്കുക എന്നതല്ല ഇത്തരം നാടകങ്ങളുടെ ഉദ്ദേശ്യം. മനുഷ്യജീവിതം ഇപ്രകാരം ആണ് എന്ന് നാടകപ്രമേയത്തിന്റെ വ്യക്തിരാഹിത്യത്തിലൂടെ വെളിപ്പെടുത്തുക എന്നതാണ് അബ്സേഡ് നാടകത്തിന്റെ ലക്ഷ്യം. മലയാളത്തില്‍ ഈ നാടകത്തിന്റെ പേര് അസംബന്ധ നാടകം എന്ന് തര്‍ജുമ ചെയ്തിരിക്കുന്നു. നാറാണത്തു ഭ്രാന്തനെപ്പോലുള്ള അസാധാരണ കഥാപാത്രങ്ങളെ കേന്ദ്രമാക്കിക്കൊണ്ടുള്ള പ്രമേയങ്ങള്‍ ചിത്രീകരിക്കുന്ന പഴയ പൗരസ്ത്യ കഥകളില്‍ കാണുന്നതുപോലെ അയുക്തിയെ പ്രമേയമാക്കിക്കൊണ്ടുള്ള ഇന്നത്തെ നാടകങ്ങളില്‍ മരണം എന്ന സര്‍വശക്തനായ വല്യേട്ടനെ പൊക്കിപ്പിടിച്ചുകൊണ്ട് ജീവിതത്തെ നിസ്സാരമാക്കുന്ന സമീപനമില്ല. ശത്രുത്വം പുലര്‍ത്തുന്ന പ്രപഞ്ചത്തിലോ സമൂഹത്തിലോ മനുഷ്യനും മനുഷ്യമോഹങ്ങളും വിഷമിക്കുന്നതും വിലയില്ലാതാകുന്നതുമാണ് ഈ നാടകങ്ങളിലെ പ്രമേയം എന്ന് ഡോ. കെ. രാഘവന്‍പിള്ള (അര്‍ഥത്തിന്റെ അതിര്‍ത്തികള്‍) പറയുന്നു.

യൂറോപ്പിലുണ്ടായ യുക്തിവാദത്തിന്റെ മുന്നേറ്റത്തിനെതിരെയുള്ള കലാപമാണ് അസംബന്ധ നാടകം, അയുക്തി നാടകം എന്നൊക്കെ വിളിക്കാവുന്ന അബ്സേഡ് നാടകം. സ്വപ്നത്തിനോ ധ്യാനത്തിനോ അതീന്ദ്രിയ വ്യാപാരങ്ങള്‍ക്കോ തെല്ലും പ്രാധാന്യം കല്പിക്കാതെ, കേവലമായ യുക്തിയാല്‍ എല്ലാം നിര്‍ണയിക്കുന്ന യാന്ത്രികതയെയാണ് ഈ നാടകകൃത്തുക്കള്‍ ചോദ്യം ചെയ്തത്. 18-ാം ശ.-ത്തിന്റെ ഉത്തരാര്‍ധത്തില്‍ മനുഷ്യാനുഭവങ്ങളില്‍ സ്വപ്നത്തിനും ധ്യാനത്തിനുമുള്ള വികാസ സാധ്യതകള്‍ പുനഃപ്രതിഷ്ഠ നേടുകയുണ്ടായി. മനോവിജ്ഞാനീയവും സെന്‍-ബുദ്ധമത ദര്‍ശനങ്ങളും മാനവ മനോയാനത്തിന്റെ സാധ്യതകളാണ് തുറന്നത്. കടുത്ത റിയലിസത്തെ മറികടന്നുകൊണ്ട് സാഹിത്യമുള്‍പ്പെടെയുള്ള എല്ലാ രംഗങ്ങളിലും വമ്പിച്ച മാറ്റങ്ങള്‍ ഉണ്ടായി. റിയലിസത്തെ നിഷേധിക്കുന്ന ഫ്രഞ്ച് സാഹിത്യ പ്രവണതയുടെ വക്താക്കളായി കോക്ടോ, യോസ്കോ, സാര്‍ത്ര് എന്നിവര്‍ രംഗത്തുവന്നു. നിഷേധത്തിലും തിരസ്കാരത്തിലും അവര്‍ സമാനരായിരുന്നുവെങ്കിലും പ്രമേയങ്ങളിലും ആവിഷ്കാരത്തിലും വിഭിന്നരായിരുന്നു.

ഴാങ് കോക്ടോ സര്‍റിയലിസവും യോനെസ്കോ, സാര്‍ത്ര് മുതലായവര്‍ അയുക്തികമായ, അസംബന്ധമായ സമീപനവും കൈക്കൊണ്ടു. പട്ടണത്തില്‍ പ്രത്യക്ഷപ്പെടുന്ന കാണ്ടാമൃഗം, വളര്‍ന്നുകൊണ്ടിരിക്കുന്ന ശവശരീരം, പൃഥി-ആകാശങ്ങള്‍, ... മുട്ടി വളര്‍ന്ന മനുഷ്യരൂപങ്ങള്‍ ഇവയാണ് യോനെസ്കോയുടെ അയുക്തി ബിംബങ്ങള്‍. മറ്റുള്ളവര്‍ അതീത യുക്തിയുടേയും അതീത യാഥാര്‍ഥ്യത്തിന്റേയും യോഗാത്മകതയുടേയും പ്രമേയ-ബിംബങ്ങള്‍ ആവിഷ്കരിച്ചു. വികാര പ്രധാനമാണ് ഫ്രഞ്ചുകാരുടെ അയുക്തിബോധം. വിചാര പ്രധാനമാണ് ഇംഗ്ളീഷുകാരുടെ യുക്തിബോധം. ഒരു ഇംഗ്ളീഷ് ദമ്പതികളെ അവതരിപ്പിച്ചിട്ടുള്ള 'ആകാശത്തില്‍ ഒരു നടത്തം'(A stoll in the sky) എന്ന നാടകത്തില്‍ യോനെസ്കോ രണ്ട് ദേശീയതകളിലേയും മനോനിലകളെ വ്യഞ്ജിപ്പിക്കുന്നുണ്ട്.

കാത്തിരിപ്പിന്റെ കനത്ത വേദന (സാമുവല്‍ ബെക്കറ്റ്), മുറിയില്‍ കഴിയുന്ന ഒരു സുരക്ഷിതന്റെ അടുത്തേക്ക് പുറത്തുനിന്ന് ഉരുള്‍ പൊട്ടിയെത്തുന്ന അസ്വാസ്ഥ്യം (ഹാരോള്‍ഡ് പീറ്റര്‍), സുരക്ഷിതരായി കഴിയുന്ന ഇടത്തരക്കാര്‍ - യുക്തിരഹിതമായ അനുകരണത്തിന്റെ പകര്‍ച്ചവ്യാധി പിടിപെട്ട് അവരുടെ ലോകത്തിന്റെ അതിര്‍ത്തികള്‍ മാഞ്ഞുപോകുന്നു; പകരം വികൃതമായ ഒരു ലോകത്തിലെ ജീവികളായിത്തീരുന്നു അവര്‍ (യോനെസ്കോ) - ഇങ്ങനെ അവിശ്വസനീയമായ ഒരു അസംബന്ധലോകമാണ് ഇത്തരക്കാരുടെ നാടകങ്ങളില്‍. അയുക്തിവാദിയായ ഇംഗ്ളീഷ് നാടകകൃത്താണ് ഹാരോള്‍ഡ് പീന്റര്‍. റൂം, ദ് ബര്‍ത്ത്ഡേ പാര്‍ട്ടി, ദ് ഡംബ് വെയ്റ്റര്‍, ദ് കെയര്‍ടേക്കര്‍, ദ് ഹോം കമിങ് എന്നിവ അദ്ദേഹത്തിന്റെ പ്രമുഖ നാടകങ്ങളാണ്. നോ മാന്‍സ് ലാന്‍ഡ് ഇക്കൂട്ടത്തില്‍ പ്രത്യേക പരാമര്‍ശം അര്‍ഹിക്കുന്നു. മനുഷ്യാനുഭവങ്ങളുടെ സത്താരാഹിത്യത്തെയാണ് ഈ നാടകം ചിത്രീകരിക്കുന്നത്. സത്തയില്ലാത്ത, അയഥാര്‍ഥമായ അനുഭവങ്ങള്‍ കൊണ്ട് കോലാഹലം കൂട്ടിക്കിടക്കുന്ന ജീവിതത്തെയാണ് പിന്റര്‍ നിവേദിപ്പിക്കുന്നത്.

സാമുവല്‍ ബെക്കറ്റ്

സാമുവല്‍ ബെക്കറ്റിന്റെ ദര്‍ശനം. അസംബന്ധ നാടകവേദിയില്‍ ഏറ്റവും പ്രമുഖവും പ്രശസ്തവുമായ നാടകമാണ് ബെക്കറ്റിന്റെ വെയിറ്റിങ് ഫോര്‍ ഗോദോ. ഗോദോ എന്ന വ്യക്തിയെക്കാത്ത് വഴിയിലെ ഒറ്റ മരച്ചുവട്ടില്‍ രണ്ട് തെണ്ടികള്‍ (വ്ളാഡിമീറും എസ്ട്രഗണും) നില്ക്കുന്നു. രണ്ടാം ദിവസവും പ്രതീക്ഷ നിറവേറാതെവന്നപ്പോള്‍ പിറ്റേദിവസം ആത്മഹത്യ ചെയ്യാമെന്ന് അവര്‍ തീരുമാനിക്കുകയും പോകാനൊരുങ്ങുകയും ചെയ്യുന്നു; പൊടുന്നനെ യുക്തിയുടെ ബലത്തില്‍ അവര്‍ പോകാതിരിക്കുകയും ചെയ്യുന്നു - ഇതാണ് ഇതിലെ കഥാവസ്തു. ആ തെണ്ടികളുടെ ജീവിതത്തിലേക്ക് മുഷ്കനായ ഒരടിമയും വന്നുചേരുന്നുണ്ട്. പിന്നെപ്പിന്നെ ആ ജീവിതങ്ങള്‍ ഏറെ ദയനീയമാകുന്നു. ഗോദോ ആരാണെന്ന് ആര്‍ക്കും അറിയില്ല. എന്നിട്ടും അവര്‍ അയാളെ കാത്തുനില്ക്കുന്നു. അവ്യക്തത ഇവിടെ ദയനീയമായൊരു ദര്‍ശനമായിത്തീരുന്നു. യുദ്ധാനന്തര യൂറോപ്പിലെ അനിശ്ചിതത്വമാകാം ഇതിലൂടെ പ്രകടിപ്പിക്കുന്നത്. വഴിയടഞ്ഞ ജീവിതത്തിന്റെ വിങ്ങിപ്പൊട്ടലാകാം ധ്വനിപ്പിക്കുന്നത്. ജീവിതത്തിന്റെ അര്‍ഥശൂന്യതയെ ഇങ്ങനെ ബിംബാത്മകമായി ചിത്രീകരിക്കുന്ന രീതി ബെക്കറ്റിന് പ്രിയപ്പെട്ടതാണ്. അര്‍ഥശൂന്യതയുടെ പ്രതീകമാണ് ഈ നാടകത്തിലെ വഴിവക്കിലെ ഇലകൊഴിഞ്ഞ മരം. രണ്ടാം ദിവസം അതില്‍ ഒന്നുരണ്ടിലകള്‍ കിളിര്‍ത്തു വന്നിട്ടുണ്ട്. ഇതൊരുപക്ഷേ, ഹതാശാഭരിതമാകുമ്പോഴും ഏതോ പ്രതീക്ഷ വീണ്ടും കുരുത്തുവരുന്നതിന്റെ സൂചനയാകാം. ഇന്ന് മിസ്റ്റര്‍ ഗോദോ വരില്ല എന്ന് ഓരോ ദിനാന്ത്യത്തിലും ഒരു 'ചെക്കന്‍' വന്നു പറയുന്നുണ്ട്; ഇന്നലെ വന്ന ദൂതനല്ല ഇന്ന് വരുന്നത്.

'ഒന്നും ചെയ്യാനില്ല' എന്ന പല്ലവിയാണ് നാടക നാന്ദിയില്‍ നാം കേള്‍ക്കുന്നത് 'ഒന്നിനും ഒരു നിശ്ചയവുമില്ല'എന്നും ഈ നാടകത്തില്‍ കേള്‍ക്കാനുണ്ട്. ഇതും യുദ്ധാനന്തര യൂറോപ്പിന്റെ അനിശ്ചിതത്വം ധ്വനിപ്പിക്കുവാനാകാം. ജീവിതം നിരര്‍ഥകതയിലും അയുക്തിയിലും മുഴുകിപ്പോയിരിക്കുന്നെങ്കിലും മനുഷ്യന്റെ ആത്മീയദാഹം ഇടയ്ക്കിടയ്ക്ക് കണ്ണുമിഴിക്കുന്നുണ്ട്. ബെക്കറ്റിന്റെ നാടകങ്ങളുടെ കൂട്ടത്തില്‍ 'സുഖദിനങ്ങള്‍'എന്ന നാടകത്തിലെ വിന്നി സ്നേഹത്തിനുവേണ്ടി ഉഴറുന്നു. 'ഗോദോയെക്കാത്ത്'എന്ന നാടകത്തില്‍, തമ്മില്‍ കലഹിക്കുന്ന കഥാപാത്രങ്ങള്‍ ഇടയ്ക്കിടയ്ക്ക് ആലിംഗനബദ്ധരാകുന്നതു കാണാം. ദുസ്സഹമായ ജീവിതം എന്ന കാത്തിരിപ്പിനെ അര്‍ഥവത്താക്കുന്നത് സ്നേഹദാഹമത്രെ.

ആരാണ് ഗോദോ? ആ കഥാപാത്രങ്ങള്‍ കാത്തിരിക്കുന്നത് ദൈവത്തെയാണോ? ആ തെണ്ടികള്‍ ദൈവത്തെ കാത്തിരിക്കയാണെന്ന് ചില നിരൂപകര്‍ എഴുതിയിട്ടുണ്ട്. ഗോദോ എന്ന ഫ്രഞ്ചു പദത്തിന് ഗോഡ് അഥവാ ദൈവം എന്ന് അര്‍ഥമില്ലെന്നും അതിനാല്‍ ആ പദം അസംഗതമാണെന്നും മറ്റു ചിലര്‍ പറയുന്നു. ദൈവാഭിമുഖമായ ത്വരയല്ല മനുഷ്യത്വാഭിമുഖമായ ത്വരയാണിതെന്ന് കരുതാനാണ് കൂടുതല്‍ സാധ്യത; അശരണമായ മനുഷ്യാവസ്ഥയുടെ പൊരുള്‍ തേടുകയാണ് നാടകകൃത്ത് എന്നു പറയാം. എ.അല്‍പാരീസ് എന്ന നാടക വിമര്‍ശകന്‍ പറയുംപോലെ 'ആശയറ്റ ഒരു അവസ്ഥയില്‍ എങ്ങനെ സമയം ചെലവഴിക്കു'മെന്നാണ് ഗോദോയെക്കാത്ത് എന്ന നാടകത്തിന്റെ പ്രമേയം. ഇതിലെ കഥാപാത്രങ്ങള്‍ സംസാരിക്കുന്നതു തന്നെ നിശ്ശബ്ദതയേയും മടുപ്പിനേയും എതിര്‍ത്തു തോല്പിക്കാനാണ്. ചോദ്യം, ഉത്തരം, ആവര്‍ത്തനം എന്നീ സംഭാഷണോപാധികളാണ് ഇവിടെ ഉപയോഗിക്കുന്നത്. എസ്ട്രഗണിന്റേയും വ്ളാഡിമീറിന്റേയും അവസ്ഥയാണീ നാടകം; കലാത്മക വികാസത്തിലൂടെ നാടകമാകെ ഒരു കാവ്യബിംബമായിത്തീരുന്നു. ബെക്കറ്റിന്റെ ദി എന്‍ഡ് ഗെയിം എന്ന നാടകവും മനുഷ്യന്‍ നിലനില്ക്കുന്ന രീതിയെക്കുറിച്ചുള്ളതാണ്. വിട്ടുവീഴ്ചയില്ലാത്ത ആത്മപരിശോധനകൊണ്ട് സങ്കീര്‍ണമാണവ. സാമാന്യ സത്യങ്ങളല്ല, അസ്തിത്വത്തിന്റെ നഗ്നതയാണ് അദ്ദേഹം അവതരിപ്പിക്കുന്നതെന്ന് നിരൂപകര്‍ പറയുന്നു. 'നമ്മുടെ ഉണ്മയുടെ (being) അടിസ്ഥാനപരമായ സ്ഥിതി ആത്മനിരീക്ഷണമാണ്. നമ്മെത്തന്നെ നിരീക്ഷിക്കുന്നതുകൊണ്ടാണ് നാം നിലനില്ക്കുന്നത്. കലാകാരനെ സംബന്ധിച്ചിടത്തോളം നിരീക്ഷണം ആവിഷ്കാരത്തിനുള്ള കടപ്പാടുണ്ടാക്കുമെങ്കില്‍, തന്റെ ആത്മീയ പ്രതികരണം ആവിഷ്കരിക്കാനുള്ള നിര്‍ബന്ധബുദ്ധി അയാളുടെ അസ്തിത്വത്തിന്റെ അവസ്ഥയാണ് എന്നു വരുന്നു'. ബെക്കറ്റിന്റേതായി ഉദ്ധരിക്കപ്പെട്ട ഈ വാക്യങ്ങള്‍ (അരങ്ങും-പൊരുളും: നരേന്ദ്രപ്രസാദ്) അസംബന്ധ നാടകവേദിയുടെ പൊരുള്‍ വെളിപ്പെടുത്തുന്നു.

ഒന്നാം ലോകയുദ്ധത്തെത്തുടര്‍ന്ന് യൂറോപ്പില്‍ സാര്‍വത്രികമായി സംഭവിച്ച അരക്ഷിത ബോധം, സാമ്പത്തികത്തകര്‍ച്ച, നിയമ നിഷേധ പ്രവണത, സദാചാരത്തോടുള്ള അവജ്ഞ - ഇവയെല്ലാം ചേര്‍ന്ന് പല പുതിയ നാടകപ്രവര്‍ത്തനങ്ങള്‍ക്കും കളമൊരുക്കി. പുതിയ ഭാവപ്രകാശന രീതികള്‍ കടന്നുവന്നു. അവയില്‍ ഒന്നായ സര്‍റിയലിസത്തെ പിന്‍പറ്റിയുള്ളതാണ് അബ്സേഡിസം. വാസ്തവികതയെ വ്യഞ്ജിപ്പിക്കാന്‍ പോന്ന ഭ്രാന്തമായ ഭാവനയുടെ ചിത്രണത്തില്‍ പ്രത്യേക ഭാഷ അനിവാര്യമായിത്തീര്‍ന്നു. മനുഷ്യന്‍ മൃഗമായിത്തീരുക, അര്‍ഥശൂന്യമായ ശബ്ദങ്ങള്‍കൊണ്ട് സംസാരിക്കുക. സ്ത്രീയുടെ സര്‍വാംഗം മുല വളരുക, ശവം വളരുക ഇങ്ങനെയാണ് അസംബന്ധതയുടെ രീതി. എക്സ്പ്രഷനിസ്റ്റ് നാടകം, എക്സ്പ്രഷനിസ്റ്റ് നാടകവേദി എന്നിവയുടെ വികാസ പരിണാമങ്ങളില്‍ ഒന്നിനെക്കുറിക്കുന്നതാണ് 'തിയെറ്റര്‍ ഒഫ് ദി അബ്സേഡ്' എന്ന് നിരൂപകര്‍ കാണുന്നു. വിമര്‍ശനത്തിലൂടെയാണ് ഈ പേര് വന്നു വീണത്.

ഇംഗ്ളീഷില്‍ അബ്സേഡ് എന്ന വാക്കിനുള്ള അര്‍ഥത്തില്‍ കവിഞ്ഞ ചില അര്‍ഥങ്ങളൊക്കെ ഇവിടെ ഉദ്ദേശിച്ചിട്ടുണ്ട്. പ്രധാനമായും അത് വേരോടിയത് ഫ്രഞ്ച് നാടകസാഹിത്യത്തിലാണ്. ഈ നാടകസാഹിത്യത്തിന് എക്സ്റ്റന്‍ഷ്യലിസത്തോട് ബന്ധമുണ്ട്. 20-ാം ശ.-ത്തിലെ ജീവിത സങ്കീര്‍ണതയും വിഹ്വലമായ സാഹചര്യങ്ങളുമാണ് ഈ പരികല്പനത്തിന് അടിസ്ഥാനം. തന്റെ കാലത്തില്‍ അതായത് 'ഇന്ന്','ഇപ്പോള്‍'എന്നതില്‍ മാത്രം വിശ്വസിക്കുന്നവനാണ് അസ്തിത്വവാദി. പാരമ്പര്യത്തെ അസ്തിത്വവാദി കാണുന്നില്ല. സ്വത്വത്തെ നിര്‍ണയിക്കുന്നത് സ്വന്തം പ്രവൃത്തികള്‍ മാത്രം. സ്വേച്ഛയാണ് അവന് പ്രേരകശക്തി. "ദൈവം മരിച്ചുകഴിഞ്ഞു; ദൈവത്തെച്ചൊല്ലിയുള്ള ധര്‍മാര്‍ഥങ്ങളും നശിച്ചുകഴിഞ്ഞുഎന്ന അസ്തിത്വവാദചിന്തയാണ് അസംബന്ധതാവാദിയുടേത്. ഇതൊരു കലാപകാലമാണ്. സങ്കീര്‍ണതകളുടെ കലാപജീവിതമാണത്. അര്‍ഥങ്ങളെല്ലാം നശിച്ചിരിക്കുന്നു; അര്‍ഥരാഹിത്യത്തിന്റെ ശില്പങ്ങളാണ് രചിക്കാനുള്ളത്. അപഹാസ്യം, ദാരുണം എന്നീ വേര്‍തിരിവുകളോ അഭിവ്യക്തിയോ ജീവിതത്തിന് നഷ്ടപ്പെട്ടിരിക്കുന്നു. എന്നാല്‍ കണ്‍മുന്‍പില്‍ അനുഭവപ്പെടുന്ന അരാജകത്വത്തിലും പരോക്ഷമായ ചില അര്‍ഥങ്ങള്‍ കണ്ടെത്താനാകും; അര്‍ഥശൂന്യതയുടെ ആഴത്തിലും എന്തെങ്കിലും അര്‍ഥങ്ങള്‍ കണ്ടെത്താം. അര്‍ഥത്തിലെ അര്‍ഥത്തെയല്ല, അര്‍ഥരാഹിത്യത്തിന്റെ അടിയറ്റങ്ങളിലെ അര്‍ഥങ്ങളുടെ അഭിരചനകളെ (slatterns of meaning) കണ്ടെത്തുക എന്നതാണ് ബെക്കറ്റിന്റേയും മറ്റും ലക്ഷ്യം.

റിയലിസത്തിലേക്ക് അസ്തിത്വ സംബന്ധിയായ ദര്‍ശന പ്രക്രിയകള്‍ കടന്നുവരികയും മുന്‍കൂട്ടി നിശ്ചയിച്ച ക്രമീകരണങ്ങളെ ഇല്ലാതാക്കുകയും ചെയ്യുന്ന അവസ്ഥ പ്രേക്ഷകനെക്കൊണ്ട് അനുഭവിപ്പിക്കുകയാണ് അസംബന്ധ നാടകം ചെയ്യുന്നത്.

(ദേശമംഗലം രാമകൃഷ്ണന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍