This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തിയാബ്ജി, ബദ്റുദീന്‍ (1844 - 1906)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

തിയാബ്ജി, ബദ്റുദീന്‍ (1844 - 1906)

Tyabji,Badruddin

ഇന്ത്യയിലെ മുന്‍ രാഷ്ട്രീയ നേതാവും നിയമജ്ഞനും. വ്യവസായി ആയിരുന്ന തിയാബ് അലിയുടെ മകനായി ഇദ്ദേഹം 1844 ഒ. 10-ന് ബോംബേയില്‍ (മുംബൈ) ജനിച്ചു. ഹിന്ദുസ്ഥാനി, പേര്‍ഷ്യന്‍, ഗുജറാത്തി എന്നീ ഭാഷകളും ഗണിതശാസ്ത്രവും അഭ്യസിച്ചു. ഉപരിവിദ്യാഭ്യാസത്തിനായി 1860-ല്‍ ഇംഗ്ളണ്ടിലേക്ക് പോയി. അവിടെ ഹൈബറി ന്യൂ പാര്‍ക്ക് കോളജില്‍ ചേര്‍ന്ന് ഒരുവര്‍ഷത്തിനുള്ളില്‍ത്തന്നെ ഫ്രഞ്ച് ഭാഷ അനായാസം കൈകാര്യം ചെയ്യുവാന്‍ തക്ക പ്രാഗല്ഭ്യം നേടിയതിനാല്‍ പ്രശംസാപത്രം ലഭിക്കുകയുണ്ടായി. ക്ളാസ്സിക്കുകളും ഗണിതശാസ്ത്രവും പഠിക്കുകയും ചെയ്തു. പഠനത്തില്‍ മിടുക്കനായിരുന്നെങ്കിലും കാഴ്ചശക്തി കുറഞ്ഞതുമൂലം ഇദ്ദേഹത്തിന് 1864-ല്‍ ബോംബേയിലേക്ക് തിരിച്ചുപോരേണ്ടി വന്നു. പഠനം തുടരുവാനായി 1865 സെപ്.-ല്‍ വീണ്ടും ഇംഗ്ളണ്ടിലേക്കു പോയി. ദാദാബായ് നവ്റോജി, ഫിറോസ്ഷാ മേത്ത, ഡബ്ള്യൂ.സി. ബാനര്‍ജി എന്നീ ഇന്ത്യന്‍ നേതാക്കളുമായി ബന്ധം സ്ഥാപിക്കുവാന്‍ ഇദ്ദേഹത്തിനു കഴിഞ്ഞു. 1867 ഏ.-ലില്‍ ബദ്റുദീന്‍ അഭിഭാഷകനായി. ഡി.-ല്‍ ബോംബേ ഹൈക്കോടതിയില്‍ പ്രാക്ടീസ് ആരംഭിച്ചു. ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ കഴിവുറ്റ അഭിഭാഷകനെന്ന ഖ്യാതി നേടിയ ബദ്റുദീന്‍ പൊതുപ്രവര്‍ത്തനങ്ങളിലും വ്യാപൃതനായി. ഫിറോസ്ഷാ മേത്ത, കാശിനാഥ് തെലാങ് എന്നിവരോടൊപ്പം ഇദ്ദേഹം ബോംബേയില്‍ പൊതുപരിപാടികള്‍ക്ക് നേതൃത്വം നല്കിപ്പോന്നു. 1882-ല്‍ ബോംബേ ലെജിസ്ളേറ്റീവ് കൌണ്‍സില്‍ അംഗമായി. ദേശീയ പ്രവര്‍ത്തനങ്ങള്‍ക്ക് മാര്‍ഗദര്‍ശനം നല്കുകയെന്ന ലക്ഷ്യത്തോടെ 1885-ല്‍ ബോംബേ പ്രസിഡന്‍സി അസ്സോസിയേഷന് രൂപം നല്കുന്നതിനു നേതൃത്വം നല്കി. അസ്സോസിയേഷന്റെ കൌണ്‍സില്‍ ചെയര്‍മാനായി ബദ്റുദീന്‍ തെരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ ബോംബേ സമ്മേളനത്തിലേക്ക് പ്രതിനിധിയായി ബദ്റുദീനെ തെരഞ്ഞെടുത്തിരുന്നു. എന്നാല്‍ ചില അസൗകര്യങ്ങള്‍ കാരണം ഇദ്ദേഹത്തിന് അതില്‍ പങ്കെടുക്കുവാന്‍ കഴിഞ്ഞില്ല. 1887 ഡി.-ല്‍ മദ്രാസില്‍ നടന്ന കോണ്‍ഗ്രസ്സിന്റെ മൂന്നാമതു സമ്മേളനത്തില്‍ അധ്യക്ഷനാകാന്‍ ബദ്റുദീന് അവസരം ലഭിച്ചു. ഇദ്ദേഹത്തിന്റെ സംഘടനാപാടവവും നേതൃഗുണവും കാര്യക്ഷമതയും തെളിയിക്കപ്പെട്ട അവസരമായിരുന്നു ഇത്.

രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ നിന്നു പിന്‍വാങ്ങിയ ബദ്റുദീന്‍ ബോംബേയില്‍ ജഡ്ജിയായി സേവനമനുഷ്ഠിച്ചു. ദേശീയ നേതാവായിരുന്ന ബാലഗംഗാധര തിലകന്റെ പത്രാധിപത്യത്തിലുള്ള കേസരിയില്‍ ഗവണ്‍മെന്റിന്റെ പ്രവര്‍ത്തനങ്ങളെ വിമര്‍ശിച്ചതിന്റെപേരില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തി അദ്ദേഹത്തെ അറസ്റ്റുചെയ്തിരുന്നു. ഈ കേസില്‍ ജാമ്യം നിഷേധിക്കപ്പെട്ടിരുന്ന തിലകന് ജാമ്യം അനുവദിച്ചതിലൂടെ ഏറെ നിര്‍ണായകമായ ഒരു വിധിപ്രസ്താവനയാണ് ബദ്റുദീന്‍ നടത്തിയതെന്ന് ജീവചരിത്രകാരന്മാര്‍ വിലയിരുത്തുന്നുണ്ട്. 1902-ല്‍ ചീഫ് ജസ്റ്റിസായി സേവനമനുഷ്ഠിക്കുവാനും ഇദ്ദേഹത്തിനു കഴിഞ്ഞു. ആരോഗ്യം ക്ഷയിച്ചതിനെത്തുടര്‍ന്ന് താത്ക്കാലിക വിശ്രമജീവിതം നയിക്കുവാനായി ഇദ്ദേഹം 1950 ന.-ല്‍ യൂറോപ്പിലേക്കു പോയി. മടങ്ങിവരുവാന്‍ തയ്യാറെടുക്കുന്നതിനിടെ 1906 ആഗ. 19-ന് ബദ്റുദീന്‍ ലണ്ടനില്‍ നിര്യാതനായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍