This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തിയഡറിക്, മഹാനായ (സു. 455 - 526)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

തിയഡറിക്, മഹാനായ (സു. 455 - 526)

Theodoric,The Great

പശ്ചിമ യൂറോപ്പിലെ ഓസ്ട്രോഗോത്തുകളുടെ രാജാവും (471-526) ഇറ്റലിയിലെ ഭരണാധിപനും (493-526). പാന്നോണിയയിലെ രാജാവായിരുന്ന അമലിലെ തിയഡമിറിന്റെ (Theodemir,the Amal) മകനായി ഇദ്ദേഹം ജനിച്ചു (സു.455). 461 മുതല്‍ പത്തുവര്‍ഷക്കാലത്തോളം ഇദ്ദേഹത്തിന് ജാമ്യക്കാരനായി കോണ്‍സ്റ്റാന്റിനോപ്പിളില്‍ കഴിയേണ്ടിവന്നു. പിതാവിന്റെ മരണത്തെത്തുടര്‍ന്ന് ഓസ്ട്രോഗോത്തുകളുടെ മേധാവി എന്ന നിലയില്‍ 471-ല്‍ ഇദ്ദേഹം പാന്നോണിയയിലെ രാജാവായി. പൗരസ്ത്യ റോമാ ചക്രവര്‍ത്തിയായിരുന്ന സീനോയുമായി (Zeno) ഇക്കാലത്ത് ഇദ്ദേഹം കലഹിച്ചുകഴിയുകയായിരുന്നു. പാന്നോണിയയുടെ സമീപത്തുള്ള മറ്റൊരു ഓസ്ട്രോഗോത്ത് അധിപതിയായ തിയഡറിക് സ്റ്റ്രാബോയുമായും ഇദ്ദേഹത്തിന് ശത്രുതയുണ്ടായി. 481-ല്‍ സ്റ്റ്രാബോ മരണമടഞ്ഞതോടെ ഓസ്ട്രോഗോത്തുകളുടെ യഥാര്‍ഥ നേതാവായി തിയഡറിക്കിനെ അംഗീകരിക്കുവാന്‍ സീനോ തയ്യാറായി. 483-ല്‍ സീനോയുമായി സന്ധിയുണ്ടാക്കിയ തിയഡറിക്കിന് സ്വന്തമായി കുറെ പ്രദേശവും സൈന്യത്തിന്റെ മേധാവി എന്ന പദവിയും സീനോ അനുവദിച്ചുകൊടുത്തു. ബള്‍ഗേറിയയുടെ വ.പടിഞ്ഞാറന്‍ ഭാഗത്തുള്ള മൊവേസിയ (Lower Moesia) ആയിരുന്നു തിയഡറിക്കിന്റെ ആസ്ഥാനം.

493-ല്‍ ഒഡോസിറിനെ വധിച്ചുകൊണ്ട് തിയഡറിക് ഇറ്റലി പിടിച്ചെടുത്തു. റവീന ആയിരുന്നു തിയഡറിക്കിന്റെ പുതിയ തലസ്ഥാനം. പൗരസ്ത്യ റോമാ ചക്രവര്‍ത്തിയുടെ സാമന്തനെന്ന നിലയിലാണ് തിയഡറിക് ആദ്യകാലത്ത് ഇറ്റലി ഭരിച്ചത്. സീനോയുടെ പിന്‍ഗാമിയായി ചുമതലയേറ്റ അനസ്താസിയൂസ്-I 497-ല്‍ തിയഡറിക്കിനെ സ്വതന്ത്ര രാജാവായി അംഗീകരിച്ചു.

ഇറ്റലിയെ കീഴടക്കിയ തിയഡറിക് അവിടെ സൗഹാര്‍ദപൂര്‍വം ഭരണം നടത്തിയിരുന്നു. തദ്ദേശീയ ജനതയുടെ സ്നേഹം സമ്പാദിക്കുവാന്‍ ഇദ്ദേഹത്തിന് എളുപ്പത്തില്‍ സാധിച്ചു. റോമന്‍ ഭരണ സമ്പ്രദായം ഇദ്ദേഹം അവിടെ നിലനിര്‍ത്തി. റോമന്‍ വംശജരെ സര്‍ക്കാരിലെ ഉന്നത സ്ഥാനങ്ങളില്‍ നിയമിച്ചു. തലസ്ഥാനമായ റവീനയെ ഇദ്ദേഹം മോടിപിടിപ്പിച്ചു. ഒരു വലിയ കൊട്ടാരവും അനേകം ക്രൈസ്തവ ദേവാലയങ്ങളും പണികഴിപ്പിച്ചു. പടിഞ്ഞാറന്‍ യൂറോപ്പിലെ ജര്‍മന്‍ വംശജരായ രാജാക്കന്മാരുമായി ഇദ്ദേഹം ഉടമ്പടികളുണ്ടാക്കി. ഇദ്ദേഹത്തിന്റെ സഹോദരിമാരേയും പെണ്‍മക്കളേയും ജര്‍മന്‍ രാജാക്കന്മാര്‍ക്ക് വിവാഹം ചെയ്തുകൊടുത്ത് അവരുമായി സൗഹൃദം സ്ഥാപിച്ചു. ജര്‍മന്‍കാരെ ഒറ്റ ഗവണ്‍മെന്റിന്റെ കീഴിലാക്കുവാന്‍ തിയഡറിക് നടത്തിയ പരിശ്രമങ്ങള്‍ ഫലവത്തായില്ല.

മതരംഗത്തും തിയഡറിക്കിനു നിരവധി പ്രശ്നങ്ങള്‍ നേരിടേണ്ടിവന്നു. ഗോത്തുകള്‍ ഏരിയന്‍ വംശത്തില്‍പ്പെട്ട ക്രൈസ്തവര്‍ (Ariyan Christians) ആയിരുന്നു. ഇറ്റലിയില്‍ മറ്റു വിഭാഗത്തില്‍പ്പെട്ട ക്രൈസ്തവരുമുണ്ടായിരുന്നു. ക്രൈസ്തവരിലെ വ്യത്യസ്ത വിഭാഗങ്ങള്‍ക്ക് തുല്യ പരിഗണന നല്കിക്കൊണ്ടുപോവുകയെന്ന അവസ്ഥ ഇദ്ദേഹത്തിനു നേരിടേണ്ടിവന്നു. അതുപോലെതന്നെ പൗരസ്ത്യ റോമാ ചക്രവര്‍ത്തിയുടെ ചില മതനയങ്ങളില്‍നിന്നുണ്ടായ വെല്ലുവിളികളും പോപ്പുമായുള്ള അഭിപ്രായവ്യത്യാസങ്ങളും ഇദ്ദേഹത്തിനു തരണംചെയ്യേണ്ടിവന്നു. 526 ആഗ. 30-ന് റവീനയില്‍ ഇദ്ദേഹം നിര്യാതനായി. അതോടുകൂടി ഇദ്ദേഹം സ്ഥാപിച്ച സാമ്രാജ്യവും നാമാവശേഷമായി.

(പ്രൊഫ. നേശന്‍ റ്റി. മാത്യു)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍