This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തിമൂര്‍ (തൈമൂര്‍) (1336 - 1405)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

തിമൂര്‍ (തൈമൂര്‍) (1336 - 1405)

Timur

മധ്യേഷ്യയില്‍ ചക്രവര്‍ത്തിയായിരുന്ന കര്‍ക്കശ സ്വഭാവിയായ ഭരണാധിപനും ആക്രമണകാരിയും. ഉസ്ബെകിസ്താനു സമീപ മുള്ള കേഷ് (Kesh) എന്ന സ്ഥലത്ത് 1336 ഏപ്രില്‍ 9-ന് തിമൂര്‍ ജനിച്ചു. ചെറുപ്പം മുതല്‍തന്നെ സാഹസികനായിരുന്ന തിമൂറിന്റെ കാലില്‍ അബദ്ധത്തില്‍ ഒരു അസ്ത്രം തറച്ചുകയറിയതിനാല്‍ മുടന്തനായി മാറിയതോടെ മുടന്തനായ തിമൂര്‍(Timur the lame or Tamerlane) എന്നൊരു അപരനാമധേയവും ഉണ്ടായിരുന്നു. തുര്‍ക്കി-മംഗോള്‍ വംശത്തിലാണ് തിമൂര്‍ ജനിച്ചത്. മംഗോള്‍ ചക്രവര്‍ത്തിയായിരുന്ന ചെങ്കിസ്ഖാന്റെ പുത്രനായ ചഗ്തായിയുടെകൂടെ ഈ വിഭാഗം പടിഞ്ഞാറോട്ടു നീങ്ങി ഇന്നത്തെ ഉസ്ബെകിസ്ഥാനില്‍ താമസം തുടങ്ങി. ഈ സ്ഥലം പില്ക്കാലത്ത് ഖ്വാസാഘാന്‍ (Quasaghan) എന്ന വര്‍ഗത്തലവന്റെ കീഴിലായിത്തീര്‍ന്നു. 1358-ല്‍ ഖ്വാസാഘാന്‍ മരിച്ചപ്പോള്‍ തിമൂര്‍ മോഘുലിസ്ഥാന്‍ (Mogulistan) എന്ന പ്രദേശത്തിന്റെ അധിപനായി സ്വയം പ്രഖ്യാപിച്ചു. ഒരു പ്രാദേശിക ഗവര്‍ണറുടെ പദവിയാണ് അന്ന് തിമൂറിനുണ്ടായിരുന്നത്. കാലക്രമത്തില്‍ തന്റെ സാമര്‍ഥ്യംകൊണ്ട് എതിരാളികളെ കീഴടക്കി ഉസ്ബെകിസ്താന്റെ ഭരണാധികാരിയായിത്തീര്‍ന്നു. സമര്‍ക്കണ്ഡ് ആയിരുന്നു ഇദ്ദേഹത്തിന്റെ തലസ്ഥാനം. ചെങ്കിസ്ഖാന്‍ മുമ്പു സ്ഥാപിച്ചതുപോലുള്ള ഒരു വലിയ സാമ്രാജ്യം സ്ഥാപിക്കുകയെന്നതായിരുന്നു തിമൂറിന്റെ ലക്ഷ്യം. ഇതു നിറവേറ്റുന്നതിനുവേണ്ടി തന്റെ രാജ്യത്തിനു സമീപമുള്ള പ്രദേശങ്ങളെല്ലാം ഇദ്ദേഹം കീഴടക്കി. അഫ്ഗാനിസ്താന്‍, ഇറാന്‍, ഇറാക്ക്, ജോര്‍ജിയ, തുര്‍ക്കി തുടങ്ങിയ പ്രദേശങ്ങളെല്ലാം തിമൂര്‍ പിടിച്ചെടുത്തു.

തിമൂര്‍ - ഒരു പേര്‍ഷ്യന്‍ ചുമര്‍ ചിത്രം

1398-ല്‍ തിമൂര്‍ ഇന്ത്യയെ ആക്രമിച്ചു. ഇന്ത്യയില്‍ തുഗ്ളക്ക് രാജവംശം അധഃപതിച്ച നിലയിലായിരുന്നു. തിമൂര്‍ നടത്തിയ ഇന്ത്യനാക്രമണം അതിരൂക്ഷമായ രക്തച്ചൊരിച്ചിലും മറ്റുനാശനഷ്ടങ്ങളും ഉണ്ടാക്കിയ കൊള്ളയടിക്കല്‍ മാത്രമായിരുന്നു. തിമൂറിന്റെ സേന മുള്‍ട്ടാന്‍ പിടിച്ചടക്കിക്കൊണ്ട് ഡല്‍ഹിയെ ലക്ഷ്യമാക്കി മുന്നോട്ടു നീങ്ങി. ഡല്‍ഹിയില്‍ പ്രവേശിക്കുന്നതിന്റെ തലേദിവസം ഒരു ലക്ഷത്തിലധികം യുദ്ധത്തടവുകാരെ വധിക്കുവാന്‍ തിമൂര്‍ ഉത്തരവു നല്കി. ഡല്‍ഹി ആക്രമണത്തോടനുബന്ധിച്ച് അനേകായിരം നിരപരാധികളായ ജനങ്ങള്‍ മരിച്ചു. തിമൂറിന്റെ കൈകളിലായ ഡല്‍ഹി നഗരം കൊള്ളയടിച്ച് നഗരത്തില്‍ വലിയ നാശനഷ്ടങ്ങള്‍ വരുത്തി. ഈ നാശനഷ്ടങ്ങള്‍ നികത്തിയെടുക്കുവാന്‍ അടുത്ത ഒരു നൂറ്റാണ്ടുകാലം വേണ്ടിവന്നു. തിമൂര്‍ ഡല്‍ഹിയില്‍ പതിനഞ്ചു ദിവസം മാത്രമേ താമസിച്ചുള്ളൂ. ഇത്രയും സമയത്തിനുള്ളില്‍ ഡല്‍ഹിയിലും പരിസരപ്രദേശങ്ങളിലും നിന്ന് കഴിയുന്നിടത്തോളം സ്വത്തുക്കള്‍ ഇദ്ദേഹത്തിന്റെ സൈന്യം കൊള്ളയടിച്ചു. ആ പ്രദേശങ്ങളെല്ലാം തിമൂറിന്റെ അധീനതയിലായി. 1399 മേയ് മാസത്തോടുകൂടി തിമൂര്‍ സമര്‍ക്കണ്ഡില്‍ തിരിച്ചെത്തി.

1400-ല്‍ തിമൂര്‍ പടിഞ്ഞാറന്‍ ദിശയിലേക്കുള്ള പ്രയാണം ആരംഭിച്ചു. അതേ വര്‍ഷത്തില്‍ത്തന്നെ ഇദ്ദേഹം ജോര്‍ജിയ പിടി ച്ചെടുത്തു. തുര്‍ക്കിയും ഇദ്ദേഹത്തിന്റെ നിയന്ത്രണത്തിലായി. 1401-ല്‍ ഇദ്ദേഹം ബാഗ്ദാദ് നഗരം വീണ്ടും ആക്രമിച്ചു. ഇവിടങ്ങളിലെല്ലാം അനേകായിരം പേര്‍ വധിക്കപ്പെട്ടു. 1401-ല്‍ ഡമാസ്കസ് പിടിച്ചെടുക്കുകയും ചെയ്തു. 1404-ല്‍ സമര്‍ക്കണ്ഡില്‍ തിരിച്ചെത്തിയ തിമൂര്‍ വീണ്ടും കിഴക്കന്‍ ദിശയിലേക്കു നീങ്ങി. ചൈനയിലെ മിങ് ചക്രവര്‍ത്തിയുമായി യുദ്ധത്തിലേര്‍പ്പെട്ടു. ചൈനയുമായുള്ള യുദ്ധം നടന്നുകൊണ്ടിരിക്കെ 1405 ഫെ. 18-ന് ഒത്രാര്‍ (Otrar) എന്ന സ്ഥലത്ത് തിമൂര്‍ മരണമടഞ്ഞു.

ലോകചരിത്രത്തിലെ ഏറ്റവും പ്രധാന ആക്രമണകാരികളില്‍ ഒരാളായിരുന്നു തിമൂര്‍. തിമൂറിന്റെ ഡല്‍ഹി ആക്രമണകാലത്ത് എത്ര ലക്ഷം പേര്‍ നിര്‍ദയം വധിക്കപ്പെട്ടുവെന്നതിനു കണക്കില്ല. അഫ്ഗാനിസ്താനിലെ സബ്സവാര്‍ (Sabzavar) എന്ന സ്ഥലത്ത് രണ്ടായിരം ജീവനുള്ള മനുഷ്യരെ ഒന്നിനുമേല്‍ ഒന്നായി അടുക്കി അവരുടെ മേല്‍ മണ്‍കട്ടയും കളിമണ്ണും കൊണ്ടു മൂടി തിമൂര്‍ നിര്‍മിച്ച ഗോപുരം ഇദ്ദേഹത്തിന്റെ ഹൃദയകാഠിന്യത്തിന് ഉദാഹരണമായിരുന്നു. അര്‍മേനിയയിലെ ശിവാസ് (Sivas) എന്ന സ്ഥലത്തെ ആക്രമിച്ചപ്പോള്‍ അവിടത്തെ ജനങ്ങള്‍ യുദ്ധം കൂടാതെ കീഴടങ്ങാമെങ്കില്‍ അവിടെ രക്തച്ചൊരിച്ചില്‍ ഒഴിവാക്കാമെന്ന് തിമൂര്‍ പ്രതിജ്ഞ ചെയ്തു. ജനങ്ങള്‍ യുദ്ധം ചെയ്യാതെ കീഴടങ്ങി. രക്തച്ചൊരിച്ചില്‍ ഒഴിവാക്കാം എന്ന പ്രതിജ്ഞ നിറവേറ്റുവാന്‍ വേണ്ടി തിമൂര്‍ ചെയ്തത് ആ നഗരത്തിലെ നിവാസികളായ നാലായിരം പേരെ ജീവനോടുകൂടി മണ്ണില്‍ കുഴിച്ചു മൂടുകയായിരുന്നു. ഇറാനിലെ ഇസ്ഫഖാനില്‍(Isfakhan) എഴുപതിനായിരം പരാജിതരെ വധിച്ചു. അവരുടെ വേര്‍പെടുത്തപ്പെട്ട ശിരസ്സുകള്‍ അടുക്കിവച്ച് ഒരു പിരമിഡ് നിര്‍മിച്ചു. തിമൂര്‍ തന്റെ സ്വന്തം തലസ്ഥാനമായ സമര്‍ക്കണ്ഡില്‍ കലകളേയും തത്ത്വശാസ്ത്രത്തേയും പ്രചരിപ്പിച്ചുവെങ്കിലും, മറുനാടുകളില്‍ ഇദ്ദേഹം നടത്തിയ പൈശാചിക കൃത്യങ്ങളെ വിസ്മരിക്കുവാന്‍ സാധ്യമല്ല. തിമൂര്‍ മരിച്ചതോടുകൂടി ഇദ്ദേഹം സ്ഥാപിച്ച വിശാലമായ സാമ്രാജ്യം നാമാവശേഷമായി. തിമൂര്‍ സ്ഥാപിച്ച സാമ്രാജ്യത്തില്‍ ഇദ്ദേഹത്തിന്റെ മക്കളും പൗത്രരും കുറേക്കാലം കൂടി ഭരിച്ചു.

(പ്രൊഫ. നേശന്‍ റ്റി. മാത്യു)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍