This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തിബത്ത്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഉള്ളടക്കം

തിബത്ത്

Tibet

ദക്ഷിണ-മധ്യേഷ്യയിലെ ഒരു സ്വയംഭരണ പ്രദേശം. 1950-ല്‍ കമ്യൂണിസ്റ്റ് ചൈനയുടെ അധീനതയിലായ തിബത്തിനെ 1965-ല്‍ ഒരു സ്വയംഭരണ പ്രദേശമായി പ്രഖ്യാപിച്ചു. 'ലോകത്തിന്റെ മേല്‍ക്കൂര' എന്നു വിശേഷിപ്പിക്കപ്പെടുന്ന തിബത്തിലെ ഹിമാവൃതമായ ഉത്തുംഗ പര്‍വതപംക്തികളും തണുത്തു വരണ്ട പീഠഭൂമികളും പ്രകൃതിരമണീയമാണ്. സു. 4,900 മീ. ഉയരത്തില്‍ സ്ഥിതിചെയ്യുന്ന തിബത്തിന്റെ തലസ്ഥാനമായ ലാസ ലോകത്തിലെ ഏറ്റവും ഉയരത്തില്‍ സ്ഥിതിചെയ്യുന്ന നഗരമാണ്. രാഷ്ട്രീയമായി തിബത്തിനെ മധ്യതിബത്ത്, പശ്ചിമ തിബത്ത് (നാഗ്രി), കിഴക്കന്‍ തിബത്ത് (ഖാം) എന്നിങ്ങനെ മൂന്നായി വിഭജിച്ചിരിക്കുന്നു. ഭൂമിശാസ്ത്രപരമായി തെക്കും തെ.പടിഞ്ഞാറും ഹിമാലയ പര്‍വതവും വ.കുന്‍ലുന്‍ പര്‍വതവും നൈസര്‍ഗികാതിര്‍ത്തികള്‍ നിര്‍ണയിക്കുന്ന വിസ്തൃതമായൊരു പീഠഭൂമിപ്രദേശമാണ് തിബത്ത്. ലോകത്തിലെ ഏറ്റവും ഉയരംകൂടിയ കൊടുമുടിയായ എവറസ്റ്റ് തിബത്തിന്റെ ദക്ഷിണ അതിര്‍ത്തിയിലാണ് സ്ഥിതിചെയ്യുന്നത്. അതിരുകള്‍: തെ.കി.മ്യാന്‍മാര്‍; തെ.ഇന്ത്യ, ഭൂട്ടാന്‍, നേപ്പാള്‍; പ.ഇന്ത്യ; വ.-ഉം, കി.-ഉം ചൈന. വിസ്തൃതി: 12,21,600 ച.കി.മീ.; ഔദ്യോഗികഭാഷ: തിബത്തന്‍.

ഭൂപ്രകൃതിയും കാലാവസ്ഥയും.

ലാസയിലെ ഒരു തെരുവ്

മധ്യേഷ്യയിലെ ഏറ്റവും ഉയര്‍ന്നതും തണുത്തതുമായ പീഠഭൂമിയായ തിബത്തിനെ ഭൂപ്രകൃതിയനുസരിച്ച് മൂന്ന് പ്രധാന മേഖലകളായി വിഭജിക്കാം: (1) ഉത്തരസമതലം (2) ദക്ഷിണ തിബത്ത് (3) പൂര്‍വതിബത്ത്. സു. 4,880 മീ. ശ.ശ. ഉയരത്തില്‍ വ.കുന്‍ലുന്‍ മുതല്‍ തെ.അപ്പര്‍ ബ്രഹ്മപുത്രാതാഴ്വര വരെ വ്യാപിച്ചിരിക്കുന്ന ഉത്തര സമതല പ്രദേശത്ത് നിരവധി താഴ്വരകളും സമതലങ്ങളും സ്ഥിതിചെയ്യുന്നു. നിന്‍-ചെന്‍ ടാങ്ല, ലുന്‍പോ-ഗാംഗ്റി എന്നിവയാണ് ഇവിടത്തെ പ്രധാന പര്‍വതനിരകള്‍. പ.അപ്പര്‍ സിന്ധു, സത്ലജ് നദീതാഴ്വരകളും തെ.-ഉം, കി.-ഉം ബ്രഹ്മപുത്ര നദീതാഴ്വരകളും ഉള്‍പ്പെടുന്നതാണ് ദക്ഷിണ തിബത്ത്. ദക്ഷിണ തിബത്തിനെ തിബത്ത് പ്രോപ്പര്‍ എന്നാണു വിശേഷിപ്പിക്കുന്നത്. തലസ്ഥാന നഗരമായ ലാസ സ്ഥിതിചെയ്യുന്നത് ഇവിടെയാണ്. ഉത്തര സമതലത്തിനും ചൈനാ അതിര്‍ത്തിക്കും മധ്യേ സ്ഥിതിചെയ്യുന്ന പ്രദേശമാണ് പൂര്‍വ തിബത്ത്. ഇവിടെ വ.-തെക്കായി സ്ഥിതിചെയ്യുന്ന ഒരു പര്‍വതശ്രേണി തിബത്തിനെ ചൈനാ പ്രോപ്പറില്‍ നിന്നും വേര്‍തിരിക്കുന്നു. തിബത്തന്‍ പീഠഭൂമിയുടെ വ. 5,500 മുതല്‍ 6,100 മീ. വരെ ശ.ശ. ഉയരമുള്ള കുന്‍ലുന്‍ പര്‍വതം കാണാം. തിബത്തിന്റെ തെക്കേ അതിര്‍ത്തിയിലാണ് 20,000 അടിയോളം ഉയരമുള്ള ഹിമാലയന്‍ കൊടുമുടികള്‍ സ്ഥിതി ചെയ്യുന്നത്. പരിമിതമായ പ്രകൃതിവിഭവങ്ങള്‍ മാത്രം ലഭ്യമായ പൂര്‍വ തിബത്തന്‍ പ്രദേശം പൊതുവേ കാലിമേയ്ക്കല്‍, കൃഷി എന്നിവയ്ക്ക് അനുയോജ്യമാണ്. അപൂര്‍വം ചില ഖനിജങ്ങളും ഇവിടെ കണ്ടെത്തിയിട്ടുണ്ട്. ദക്ഷിണേഷ്യയിലെ പ്രധാന നദികളായ സിന്ധു, സത്ലജ്, ബ്രഹ്മപുത്ര തുടങ്ങിയവ തിബത്തിലെ പര്‍വതപ്രദേശങ്ങളില്‍ നിന്നാണ് ഉദ്ഭവിക്കുന്നത്. നദികള്‍ ഒന്നുംതന്നെയില്ലാത്ത ചാങ്താങ് പീഠഭൂമി പ്രദേശത്ത് ഉപ്പുരസമുള്ള ധാരാളം തടാകങ്ങള്‍ കാണാം.

മഞ്ഞുമൂടിയ തിബത്തന്‍ പര്‍വതനിര

തിബത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും വര്‍ഷത്തില്‍ 25 സെ.മീറ്ററില്‍ താഴെ മാത്രമേ മഴ ലഭിക്കാറുള്ളൂ. ഇന്ത്യയില്‍ നിന്നെത്തുന്ന ഈര്‍പ്പം നിറഞ്ഞ കാറ്റിനെ ഹിമാലയം തടഞ്ഞു നിറുത്തുന്നതാണ് ഇതിനു കാരണം. ആകസ്മികമായി ഇവിടെ ഹിമപാതം ഉണ്ടാകുന്നതും സാധാരണമാണ്. ഋതുഭേദമില്ലാതെ എല്ലായ്പ്പോഴും തിബത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും ശക്തമായ കാറ്റ് അനുഭവപ്പെടുന്നതും സാധാരണമാണ്. തിബത്തിന്റെ ഉയര്‍ന്ന സ്ഥാനം താഴ്വരകളിലും പീഠഭൂമികളിലും താപനിലയില്‍ വന്‍ വ്യതിയാനം ഉണ്ടാക്കുവാന്‍ കാരണമാകുന്നു. ശ.ശ.താപനില: ജനു.-14ºC, ജൂല. 14 ºC.

ജൈവസമ്പത്ത്. തിബത്തിന്റെ പ്രധാന ഭാഗമായ പീഠഭൂമി പ്രദേശത്ത് അപൂര്‍വമായി മാത്രമേ സസ്യങ്ങള്‍ വളരുന്നുള്ളൂ. നേരിയ തോതില്‍ മാത്രം ലഭിക്കുന്ന മഴയെ ആശ്രയിച്ച് വേനല്‍ക്കാലത്ത് ഇവിടെ പുല്‍മേടുകള്‍ വളരുന്നു. എന്നാല്‍ ദക്ഷിണ തിബത്തിലെ ചില നദീ താഴ്വരകളില്‍ ഹരിതസാന്ദ്രമായ നിബിഡവനങ്ങള്‍ കാണാം. കാര്‍ഷിക വിളകളില്‍ ബാര്‍ലിക്കാണ് മുഖ്യസ്ഥാനം.

യാക്ക് ആണ് തിബത്തിലെ പ്രധാന വളര്‍ത്തുമൃഗം. സാധനങ്ങള്‍ കയറ്റി കൊണ്ടുപോകുന്നതിനും ഇറച്ചി, വെണ്ണ എന്നിവയ്ക്കു വേണ്ടിയും ജനങ്ങള്‍ യാക്കിനെ വളര്‍ത്തുന്നു. വളര്‍ത്തു മൃഗങ്ങളില്‍ കോലാട്, ചെമ്മരിയാട് എന്നിവയും ഉള്‍പ്പെടും. ആടുവളര്‍ത്തല്‍ മുഖ്യ ഉപജീവനമാര്‍ഗമായി സ്വീകരിച്ചിട്ടുള്ള നിരവധി കുടുംബങ്ങള്‍ തിബത്തില്‍ നിവസിക്കുന്നുണ്ട്. പൂര്‍വ തിബത്തന്‍ പ്രദേശത്ത് മാത്രം കാണപ്പെടുന്ന പൊക്കം കുറഞ്ഞ കുതിരകളെ വാണിജ്യാടിസ്ഥാനത്തില്‍ വിപണനം ചെയ്യുന്നു. ദക്ഷിണ തിബത്തിനോടു ചേര്‍ന്ന ഹിമാലയന്‍ പ്രദേശത്ത് കാണപ്പെടുന്ന പ്രധാന വന്യജീവികളില്‍ ഹിമപ്പുള്ളിപ്പുലി, കസ്തൂരിമാന്‍ എന്നിവ ഉള്‍പ്പെടുന്നു.

ജനങ്ങളും ജീവിതരീതിയും

ഒരു തിബത്തന്‍ കുടുംബം

തിബത്തിന്റെ ജനസംഖ്യ വ്യവസ്ഥാപിതമായി ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല. 1975-ല്‍ കമ്യൂണിസ്റ്റ് ചൈനയുടെ റിപ്പോര്‍ട്ട് അനുസരിച്ച് മൂന്ന് ദശലക്ഷമായിരുന്നു തിബത്തിലെ ജനസംഖ്യ ഇതില്‍ 94.5 ശ.മാ.വും തിബത്തന്‍ വംശജരാണ്; ശേഷിക്കുന്നവര്‍ ചൈനീസ് വംശജരും. 20 ലക്ഷത്തോളം തിബത്തന്‍ വംശജര്‍ ചൈനയില്‍ നിവസിക്കുന്നതായി കണക്കാക്കപ്പെടുന്നു. കാര്‍ഷികമേഖലയായ ദക്ഷിണ തിബത്തിലാണ് ജനവാസം കൂടുതല്‍. മംഗളോയിഡ് വര്‍ഗത്തിന്റെ ഉപവിഭാഗമാണ് തിബത്തന്‍ വംശജര്‍. പൊക്കക്കുറവും ബലിഷ്ഠമായ ശരീരഘടനയും ഇവരുടെ പ്രത്യേകതകളാണ്. ചെമ്മരിയാടിനേയും യാക്കിനേയും വളര്‍ത്തി ഉപജീവനം സാധ്യമാക്കുന്ന നാടോടി വിഭാഗം തിബത്തിന്റെ ഉത്തര പുല്‍പ്രദേശങ്ങളില്‍ നിവസിക്കുന്നുണ്ട്. യാക്കിന്റെ രോമം കൊണ്ടു നിര്‍മിക്കുന്ന പ്രത്യേക കൂടാരങ്ങളില്‍ താമസിക്കുന്ന ഇവര്‍ തങ്ങളുടെ ഉത്പന്നങ്ങള്‍ വില്ക്കുന്നതിനും അവശ്യസാധനങ്ങള്‍ വാങ്ങുന്നതിനും വേണ്ടി മാത്രമേ താഴ്വരയിലേക്കു വരാറുള്ളൂ. തിബത്തിന്റെ തലസ്ഥാനവും ഏറ്റവും വലിയ നഗരവും ലാസയാണ്. ജനങ്ങളിലധികവും ഗവണ്‍മെന്റ് സര്‍വീസ്, ലഘുവ്യവസായങ്ങള്‍, വിനോദസഞ്ചാരം എന്നീ മേഖലകളില്‍ തൊഴില്‍ ചെയ്യുന്നു. കൃഷിക്കാര്‍, പ്രഭുക്കന്മാര്‍, ബുദ്ധഭിഷുക്കള്‍ എന്നിവര്‍ക്കും തിബത്തന്‍ ജനസമൂഹത്തില്‍ സാമാന്യമായ അംഗബലമുണ്ട്.

തിബത്തന്‍ കമ്പോളം

തിബത്തന്‍ ആണ് തിബത്തിലെ പരമ്പരാഗത ഭാഷ; മുഖ്യവ്യവഹാരഭാഷയും ഇതുതന്നെ. മന്‍ഡാരിന്‍ ചൈനീസാണ് (Mandarin Chinese) ഔദ്യോഗികഭാഷ. വിദ്യാലയങ്ങളില്‍ മന്‍ഡാരിനും തിബത്തനും പഠിപ്പിക്കുന്നു. 1985-ല്‍ സ്ഥാപിതമായ ഒരു സര്‍വകലാശാലയും തിബത്തിലുണ്ട്.

കല്ലുകളോ ഇഷ്ടികകളോ കൊണ്ടു നിര്‍മിച്ചവയാണ് തിബത്തന്‍ വീടുകളില്‍ അധികവും. പരന്ന മേല്‍ക്കൂരകളോടുകൂടിയ ഇവയില്‍ ചിലതിന് രണ്ടില്‍ക്കൂടുതല്‍ നിലകളുണ്ടാകും. ബഹുനില കെട്ടിടങ്ങളുടെ താഴത്തെ നില മിക്കപ്പോഴും കന്നുകാലികളെ കെട്ടുന്നതിനാണ് ഉപയോഗിക്കുന്നത്.

ബാര്‍ലിയാണ് തിബത്തിലെ പ്രധാന ഭക്ഷ്യവിള. ജനങ്ങളുടെ മുഖ്യാഹാരവും ബാര്‍ലിതന്നെ. ദിവസം രണ്ടു പ്രാവശ്യം മാത്രം ആഹാരം കഴിക്കുന്ന തിബത്തുകാര്‍ തേയില, വെണ്ണ എന്നിവയുമായി കലര്‍ത്തിയാണ് ബാര്‍ലിമാവ് ഉപയോഗിക്കുന്നത്. ചൈനീസ് തേയിലയാണ് പ്രധാന പാനീയം. ദൈനംദിന ആഹാരത്തിലെ മറ്റൊരു മുഖ്യഘടകം പാലാണ്.

നീണ്ട കൈയും, ഉയര്‍ന്ന കോളറുമുള്ള നീളമുള്ള പ്രത്യേകയിനം മേല്‍കുപ്പായമാണ് തിബത്തന്‍ ജനതയുടെ പാരമ്പര്യ വസ്ത്രം. ധനികര്‍ പൊതുവേ സില്‍ക്ക് മേല്‍ക്കുപ്പായം ധരിക്കുക പതിവാണ്. ശൈത്യത്തില്‍ ജനങ്ങള്‍ കമ്പിളി വസ്ത്രങ്ങള്‍ ധരിക്കുന്നു. ചണവും പരുത്തിയും ഉപയോഗിച്ചു നിര്‍മിക്കുന്ന വസ്ത്രങ്ങളും തിബത്തില്‍ പ്രചാരത്തിലുണ്ട്.

മതവും സംസ്കാരവും.

ഷെര്‍പ ദമ്പതികള്‍

ഒരു മതാധിഷ്ഠിത പ്രദേശമാണ് തിബത്ത്. ലാമായിസ ബുദ്ധിസത്തിനാണ് തിബത്തില്‍ പ്രചുരപ്രചാരം. തിബത്തന്‍ ജനതയില്‍ ഭൂരിഭാഗവും ലാമായിസത്തില്‍ അടിയുറച്ചു വിശ്വസിക്കുന്നു. ജീവിതത്തിന്റെ സമസ്തമേഖലകളിലും ലാമായിസത്തിന്റെ സ്വാധീനം പ്രകടമായി കാണാം. തിബത്തിലെ ആഘോഷങ്ങളിലും ആചാരങ്ങളിലും മതത്തിന്റെ സ്വാധീനം പ്രതിഫലിക്കുന്നതു കാണാം. ലാമായിസം രണ്ട് മതാചാര്യന്മാരെ അംഗീകരിക്കുന്നുണ്ടെങ്കിലും, പഞ്ചന്‍ ലാമയെയാണ് മുഖ്യ ആത്മീയാചാര്യനായി പരിഗണിക്കുന്നത്. ദലൈലാമയാണ് തിബത്തിന്റെ ഭരണാധികാരിയും ആത്മീയ നേതാവും. ലാമമാര്‍ ബുദ്ധന്റെ പുനര്‍ജന്മമാണ് എന്നാണ് ലാമായിസ്റ്റുകളുടെ വിശ്വാസം. ലാമയുടെ മരണസമയത്ത് ജനിക്കുന്ന കുഞ്ഞില്‍ മരിക്കുന്ന ലാമയുടെ ആത്മാവ് പ്രവേശിക്കുമെന്നാണ് ഇവരുടെ വിശ്വാസം. ലാമയുടെ മരണസമയത്ത് ജനിക്കുന്ന ആണ്‍കുഞ്ഞിനെ സമാധിയായ ലാമയുടെ പിന്‍ഗാമിയായി അവരോധിക്കുന്നു. തിബത്ത് ചൈനയുടെ അധീനതയിലായതോടെ ലാമമാരുടെ അധികാരം റദ്ദാക്കി.

തിബത്തന്‍ ജനസംഖ്യയുടെ അഞ്ചിലൊരു ഭാഗം ബുദ്ധഭിക്ഷുക്കളാണ്. യുവാക്കളില്‍ നല്ലൊരു ശ.മാ. ഭിക്ഷുക്കളാകുക തിബത്തില്‍ പതിവാണ്. മാതാപിതാക്കള്‍ കുട്ടികളെ വിഹാരങ്ങളില്‍ ചേര്‍ക്കുന്നതും സാധാരണമാണ്. വിഹാരങ്ങളില്‍ ഭിക്ഷുക്കള്‍ ഒരുമിച്ച് താമസിച്ച് മതപഠനങ്ങളിലും പ്രബോധനങ്ങളിലും തൊഴില്‍ പരിശീലനത്തിലും മുഴുകുന്നു. ഗവണ്‍മെന്റ് സബ്സിഡിയും സ്വകാര്യ സംഭാവനകളുമാണ് ബുദ്ധവിഹാരങ്ങളുടെ പ്രധാന ധനാഗമ മാര്‍ഗങ്ങള്‍. ലാമായിസത്തില്‍ തന്നെ നിരവധി ശാഖകള്‍ ഉണ്ട്. ഇവയില്‍ ചിലത് വൈവാഹിക ജീവിതം അനുവദിക്കുന്നു. ദലൈലാമ ആത്മീയ നേതാവായിട്ടുള്ള 'യെല്ലോ ഹാറ്റ്' ആണ് മുഖ്യശാഖ.

തിബത്തിലെ ബുദ്ധവിഹാരങ്ങള്‍ ലാമാസെറികള്‍ എന്ന പേരില്‍ അറിയപ്പെടുന്നു. ലാസയിലാണ് ഏറ്റവും വലിയ ലാമാസെറികള്‍ സ്ഥിതിചെയ്യുന്നത്. ഇവിടെ മതപഠനത്തോടൊപ്പം ഭിഷുക്കള്‍ കൃഷിയിലും കരകൗശലവിദ്യയിലും പരിശീലനം നേടുന്നു. തലസ്ഥാന നഗരമായ ലാസയാണ് തിബത്തിന്റെ പ്രധാന രാഷ്ട്രീയ-സാംസ്കാരിക കേന്ദ്രം. ഇവിടെ സ്ഥിതിചെയ്യുന്ന ദലൈലാമയുടെ വിഹാരം (പൊടാല) ശ്രദ്ധേയമാണ്. സ്വര്‍ണം കൊണ്ടു നിര്‍മിച്ച മേല്‍ക്കൂരയും 1000-ല്‍ അധികം മുറികളുമുള്ള ഈ മനോഹര സൗധം സന്ദര്‍ശകര്‍ക്ക് ദൃശ്യവിസ്മയം പ്രദാനം ചെയ്യുന്നു. ഇവിടെ 200 മുതല്‍ 300 വരെ ഭിഷുക്കള്‍ക്ക് താമസിച്ചു പഠിക്കാനുള്ള സൗകര്യമുണ്ട്. തിബത്തിലെ രണ്ടാമത്തെ നഗരമായ ഷിഗാട്സെ(സിഗാസു)യിലാണ് പഞ്ചന്‍ലാമയുടെ ആസ്ഥാനം സ്ഥിതിചെയ്യുന്നത്. കാഠ്മണ്ഡുവില്‍ നിന്നു ലാസയിലേക്കുള്ള ദേശീയ പാതയിലെ പ്രധാന കേന്ദ്രമാണ് ഇവിടം. ഇവിടത്തെ 27 മീ. ഉയരമുള്ള മൈത്രേയ ബുദ്ധന്റെ പ്രതിമയും പഞ്ചന്‍ലാമയുടെ ആസ്ഥാന മന്ദിരത്തോടനുബന്ധിച്ചുള്ള താസില്‍ഹൂണ്‍പെ വിഹാരവും സഞ്ചാരികളുടെ ആകര്‍ഷണ കേന്ദ്രങ്ങളാണ്.

നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള സമ്പന്നമായൊരു സാംസ്കാരിക പൈതൃകത്തിന്റെ നാടാണ് തിബത്ത്. ധൈഷണിക-സാംസ്കാരിക രംഗങ്ങളില്‍ ഇന്ത്യയും ചൈനയും തിബത്തിനെ ആഴത്തില്‍ സ്വാധീനിച്ചിട്ടുണ്ട്. എ.ഡി. 1200 വരെ ഇന്ത്യയും അതിനു ശേഷം ചൈനയും തിബത്തന്‍ സംസ്കാരത്തെ വാര്‍ത്തെടുക്കുന്നതില്‍ പ്രധാന പങ്കു വഹിച്ചു.

627 മുതല്‍ 650 വരെ തിബത്തില്‍ ഭരണം നടത്തിയ സോങ് സെന്‍ ഗാംപോ (Song Sen Gampo) തിബത്തന്‍ ഭാഷയ്ക്ക് ആദ്യമായി ലിപി സമ്പ്രദായം ആവിഷ്കരിച്ചു. ബോണ്‍ (Bon) പൗരോഹിത്യത്തിന്റെ ആചാരാനുഷ്ഠാനങ്ങളും ഭരണവര്‍ഗങ്ങളുടെ ചരിത്രവും പ്രതിപാദിക്കുന്ന വായ്മൊഴി പ്രമാണങ്ങളെ തിബത്തിന്റെ ആദ്യകാല സാഹിത്യമായി കണക്കാക്കാം. ഇവയില്‍ ചിലത് പില്ക്കാലത്ത് ലിപിരൂപത്തില്‍ സംരക്ഷിക്കപ്പെട്ടിട്ടുണ്ട്. തുണ്‍ഹ്വാജിലെ ഗുഹയില്‍ നിന്നും 8-ഉം 9-ഉം ശ.-ങ്ങളിലെ ബുദ്ധമത രചനകള്‍ കണ്ടെടുത്തിട്ടുണ്ട്. 9-ാം ശ.-ത്തോടുകൂടി ബുദ്ധിസത്തിന്റെ സ്വാധീനം തിബത്തന്‍ സാഹിത്യത്തില്‍ ദൃശ്യമായി. പ്രധാനമായും ബുദ്ധഭിഷുക്കളാണ് ഇക്കാലത്ത് സാഹിത്യരചനകള്‍ നടത്തിയിരുന്നത്. 800-1200 കാലഘട്ടത്തെ തിബത്തന്‍ സാഹിത്യത്തിന്റെ മഹത്തായ പരിവര്‍ത്തന കാലഘട്ടം എന്നു വിശേഷിപ്പിക്കുന്നു. ഈ കാലഘട്ടത്തില്‍ പാലി ഭാഷയില്‍ എഴുതപ്പെട്ട നിരവധി ഉത്കൃഷ്ട ബുദ്ധമതഗ്രന്ഥങ്ങള്‍ തിബത്തന്‍ ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്തു. 13-ാം ശ.-ത്തില്‍ ബുദ്ധിസ്റ്റ് ക്ളാസിക്കുകളുടെ വിശദമായ തിബത്തന്‍ ഭാഷ്യങ്ങള്‍ രചിക്കപ്പെടുകയും അവയുടെ ക്രോഡീകരണത്തിനുവേണ്ടിയുള്ള തീവ്രശ്രമം ആരംഭിക്കുകയും ചെയ്തു. 14-ാം ശ.-ത്തോടെ ഇവ വിജ്ഞാനകോശത്തിന്റെ രൂപത്തില്‍, രണ്ടു വാല്യങ്ങളിലായി പ്രസിദ്ധീകരിച്ചു. 17-ാം ശ.-ത്തോടെ വൈജ്ഞാനിക സാഹിത്യം വികാസത്തിന്റെ പാരമ്യതയിലെത്തി.

തിബത്തിലെ ഒരു പ്രധാന ദൃശ്യകലാരൂപമാണ് നൃത്തനാടകം. ഇവയില്‍ ഏറ്റവും പ്രചാരത്തിലുള്ളത് ചാം (Cham) ആണ്. പാശ്ചാത്യര്‍ 'ഡെവിള്‍ഡാന്‍സ്' എന്നു വിശേഷിപ്പിക്കുന്ന 'ചാം' ഒരു മതാനുഷ്ഠാന നൃത്തരൂപമാണ്. പരിശീലനം സിദ്ധിച്ച ബുദ്ധഭിഷുക്കളാണ് ഇത് അവതരിപ്പിക്കുന്നത്. മതനിരപേക്ഷസ്വഭാവം കൂടുതലുള്ള മറ്റൊരു നൃത്തനാടകമാണ് എ-ചെ-ഇഹാമോ(A-Che-Ihamo). തിബത്തന്‍ ഇതിഹാസത്തിലെ ഗാനങ്ങള്‍ പാടി നടക്കുന്ന നിരവധി ഗായക സംഘങ്ങളും തിബത്തിലുണ്ട്. കമ്യൂണിസ്റ്റ് ചൈനയുടെ അധിനിവേശാനന്തരം തിബത്തിലെ പരമ്പരാഗത കലാരൂപങ്ങള്‍ക്കും വിദ്യാഭ്യാസ സമ്പ്രദായങ്ങള്‍ക്കും വന്‍തോതില്‍ പരിവര്‍ത്തനം സംഭവിച്ചു.

സമ്പദ് വ്യവസ്ഥ

യാക് - തിബത്തിലെ പ്രധാന വളര്‍ത്തുമൃഗം

തികച്ചും അവികസിതമാണ് തിബത്തിന്റെ സമ്പദ്ഘടന. പ്രകൃതി വിഭവങ്ങളുടേയും ഗതാഗതസൗകര്യങ്ങളുടേയും അപര്യാപ്തത തിബത്തന്‍ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയ്ക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നു. പര്‍വതങ്ങളും പീഠഭൂമികളും നിറഞ്ഞ തിബത്തിന്റെ ഭൂരിഭാഗവും കൃഷിക്ക് അനുയോജ്യമല്ല. ഉപജീവനാധിഷ്ഠിത കാര്‍ഷികോത്പാദനം മാത്രമേ തിബത്തിലുള്ളൂ. സാങ്പോയുടേയും പോഷകനദികളുടേയും താഴ്വര പ്രദേശങ്ങളിലാണ് നാമമാത്രമായെങ്കിലും കൃഷി വികസിച്ചിട്ടുള്ളത്. വളക്കൂറുള്ള മണ്ണിന്റെ അഭാവവും പ്രതികൂല കാലാവസ്ഥയും കാര്‍ഷികോത്പാദനത്തിന് പ്രതിസന്ധി സൃഷ്ടിക്കുന്നു. പ്രധാന ഭക്ഷ്യവിളയായ ബാര്‍ലിക്ക് പുറമേ ഗോതമ്പ്, തേയില എന്നിവയും ഇവിടെ കൃഷി ചെയ്യുന്നുണ്ട്. പര്‍വതപ്രദേശങ്ങളിലെ ജനങ്ങളധികവും കാലിവളര്‍ത്തലാണ് പ്രധാന ഉപജീവന മാര്‍ഗമായി സ്വീകരിച്ചിരിക്കുന്നത്.

സ്വര്‍ണവും അയണ്‍പൈറൈറ്റുമാണ് തിബത്തിലെ പ്രധാന ഖനിജങ്ങള്‍. വ.ഭാഗത്ത് ചെറിയ തോതില്‍ ഉപ്പും ബൊറാക്സും കണ്ടെത്തിയിട്ടുണ്ട്. പരമ്പരാഗത തിബത്തന്‍ മതവിശ്വാസം പ്രകൃതി വിഭവങ്ങള്‍ ചൂഷണം ചെയ്യുന്നതിനെ അനുവദിക്കുന്നില്ല. എന്നാല്‍ പശ്ചിമ തിബത്തിലെ സ്വര്‍ണ നിക്ഷേപം ഇപ്പോള്‍ നാമമാത്രമായ തോതില്‍ ചൂഷണം ചെയ്യുന്നുണ്ട്. 1951-ല്‍ ചൈനീസ് ഗവണ്‍മെന്റ് തിബത്തില്‍ നടത്തിയ ഭൂവിജ്ഞാനീയ സര്‍വേയിലാണ് ഇവിടത്തെ ഖനിജശേഖരം കണ്ടെത്തിയത്.

1951-ന് മുമ്പ് വരെ തിബത്തിന് നേപ്പാള്‍, ഇന്ത്യ, ഭൂട്ടാന്‍ തുടങ്ങിയ അയല്‍ രാജ്യങ്ങളുമായി പരിമിതമായ തോതില്‍ വാണിജ്യ ഇടപാടുകള്‍ ഉണ്ടായിരുന്നു. അക്കാലത്ത് കമ്പിളിയും കറിയുപ്പുമാണ് പ്രധാനമായി ഇവിടങ്ങളിലേക്കു വിപണനം ചെയ്തിരുന്നത്. ഇറക്കുമതി വിഭവങ്ങളില്‍ വസ്ത്രങ്ങള്‍, അരി, സില്‍ക്ക്, പരവതാനി, തേയില, കസവ്, തുകല്‍, പരുത്തി ഉത്പന്നങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെട്ടിരുന്നു. കമ്പിളി വസ്ത്രം, പരവതാനി എന്നിവയുടെ നിര്‍മാണം തിബത്തില്‍ പ്രധാന കുടില്‍ വ്യവസായമായി പ്രചുര പ്രചാരം നേടിയിരുന്നു.

യാക്കാണ് തിബത്തിലെ പരമ്പരാഗത ഗതാഗതോപാധി. സാധനങ്ങള്‍ കയറ്റി കൊണ്ടു പോകുന്നതിനും സവാരിക്കും വേണ്ടി ഇപ്പോഴും തിബത്തില്‍ വ്യാപകമായി യാക്കിനെ ഉപയോഗിച്ചുവരുന്നു. 1951-ന് മുമ്പു വരെ ഗതാഗതത്തിന് അനുയോജ്യമായ റോഡുകള്‍ ഒന്നും തന്നെ തിബത്തില്‍ ഉണ്ടായിരുന്നില്ല. 1951-ല്‍ തിബത്തിനെ ചൈനയുമായി ബന്ധിപ്പിക്കുന്ന രണ്ട് റോഡുകള്‍ ചൈന നിര്‍മിച്ചു. 1991 ആയപ്പോഴേക്കും റോഡുകളുടെ മൊത്തം നീളം 21,842 കി.മീ. ആയി വര്‍ധിച്ചു. കാഠ്മണ്ഡുവില്‍ നിന്ന് ലാസയിലേക്കുള്ള ബസ്യാത്രയ്ക്ക് അഞ്ചുദിവസം വേണം; മലമ്പാതകളുടെ ശോച്യാവസ്ഥയാണ് ഇതു സൂചിപ്പിക്കുന്നത്. ലാസ, ബാംജ്ഡ എന്നിവിടങ്ങളില്‍ ഓരോ വിമാനത്താവളങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

ചരിത്രവും ഭരണവും

7-ാം ശ.-ത്തിനു മുമ്പുള്ള തിബത്തിന്റെ ചരിത്രം ഐതിഹ്യങ്ങളിലും കഥകളിലും മറഞ്ഞുകിടക്കുന്നു. തിബത്തന്‍ ജനത കുരങ്ങില്‍നിന്നും ഉണ്ടായതാണെന്നാണ് പരമ്പരാഗത വിശ്വാസം. ഇവിടത്തെ ആദ്യ രാജാവായി അറിയപ്പെടുന്ന ന്യാ-ക്രിസാന്‍-പോ (Gnya-Khri-btsan-Po) ഭാരതത്തില്‍നിന്ന് തിബത്തില്‍ എത്തിച്ചേര്‍ന്നതാണെന്ന് വിശ്വസിക്കപ്പെടുന്നു. അംഗവൈകല്യം മൂലം ചെറുപ്പത്തില്‍ ഉപേക്ഷിക്കപ്പെട്ടതിനെത്തുടര്‍ന്ന് ഹിമാലയത്തില്‍ക്കൂടി തിബത്തില്‍ എത്തിച്ചേരുകയും തിബത്തിലെ ചില വര്‍ഗനേതാക്കളാല്‍ ഇദ്ദേഹം അവിടത്തെ രാജാവായി സ്വീകരിക്കപ്പെടുകയും ചെയ്തുവെന്നാണ് ഐതിഹ്യം. തുടര്‍ന്ന് പല രാജാക്കന്മാരും തിബത്തില്‍ ഭരണം നടത്തിയിരുന്നു.

പില്ക്കാല രാജാവായിരുന്ന നാം-റീ സോങ് സെന്‍(Gnam-riSrong-btsan)ന്റെ ഭരണകാലത്ത് രാജ്യം സമ്പദ്സമൃദ്ധമായിരുന്നതായി വിശ്വസിക്കപ്പെടുന്നു. ഇദ്ദേഹത്തിന്റെ ഭരണകാലത്ത് തിബത്തുകാര്‍ ചൈനയില്‍നിന്നും ഗണിതം, വൈദ്യം, ജ്യോതിഷം എന്നീ ശാസ്ത്രങ്ങളില്‍ അറിവു നേടിയിരുന്നതായും വിശ്വാസമുണ്ട്.

7-ാം ശ. മുതല്‍ക്കുള്ള തിബത്തിന്റെ ചരിത്രത്തെ സംബന്ധിച്ച് വ്യക്തമായ അറിവു ലഭിക്കുന്നുണ്ട്. ഇതനുസരിച്ച് സോങ് സെന്‍ ഗാംപോ എന്ന ഭരണാധികാരി ആണ് അറിയപ്പെടുന്ന ആദ്യത്തെ പ്രബലനായ രാജാവ്. ഇദ്ദേഹം എല്ലാ തിബത്തന്‍ വിഭാഗങ്ങളേയും തന്റെ അധീനതയിലാക്കി. തിബത്തന്‍ ഭാഷയ്ക്ക് ലിപി ഉണ്ടായത് ഇദ്ദേഹത്തിന്റെ കാലത്താണെന്ന് കരുതപ്പെടുന്നു. തിബത്തന്‍ ബുദ്ധമതത്തിന് ഇക്കാലത്ത് പ്രോത്സാഹനം ലഭിച്ചിരുന്നുവെന്ന് പില്ക്കാല ലാമാ ചരിത്രകാരന്മാര്‍ അഭിപ്രായപ്പെടുന്നുണ്ട്. ചൈനയില്‍നിന്നും നേപ്പാളില്‍നിന്നും ഇദ്ദേഹം വിവാഹം കഴിച്ചിരുന്നു. ഈ വിവാഹബന്ധങ്ങളിലൂടെ രണ്ട് രാജ്യങ്ങളുമായും സൗഹൃദം സ്ഥാപിക്കുവാന്‍ രാജാവിനു കഴിഞ്ഞു. തന്നെയുമല്ല ഈ ഭാര്യമാരുടെ സ്വാധീനത്താലാണ് തിബത്തില്‍ ബുദ്ധമതം എത്തിച്ചേരാനിടയായത് എന്നൊരു വാദഗതിയും ഉണ്ട്. ഇദ്ദേഹത്തിന്റെ ഭരണകാലത്ത് തിബത്ത് അഭിവൃദ്ധി പ്രാപിച്ചിരുന്നു. ഭരണ നടത്തിപ്പിനായി രാജാവിന്റെ കീഴില്‍ സ്വതന്ത്രരായ വര്‍ഗനായകര്‍ ഉണ്ടായിരുന്നു. 7-ാം ശ.-ത്തോടെ തിബത്ത് ശക്തമായ രാജ്യമായി അഭിവൃദ്ധിപ്പെട്ടു. രാജ്യവിസ്തൃതി ഇന്ത്യയിലേക്കും ചൈനയിലേക്കും നേപ്പാള്‍, സിക്കിം എന്നിവിടങ്ങളിലേക്കും വ്യാപിച്ചിരുന്നു.

പിന്നീട് അധികാരത്തില്‍വന്ന രാജാക്കന്മാരില്‍ പ്രധാനിയായിരുന്ന ക്രിസോങ് ഡെറ്റ് സെന്നിന്റെ (Khri-Srong Ide-btsan; 755-97) ഭരണകാലത്തും തിബത്ത് ഏറെ ശക്തിപ്രാപിച്ചു. ഇദ്ദേഹത്തിന്റെ കാലത്ത് ചൈനയിലെ താങ് വംശവുമായി നടന്ന യുദ്ധത്തില്‍ (763) തിബത്തിന് വിജയമുണ്ടായി. ബുദ്ധമതത്തിന് തിബത്തില്‍ ദേശീയ മതമെന്ന അംഗീകാരം ലഭിച്ചു. ഇന്ത്യയിലെ ബൗദ്ധകേന്ദ്രങ്ങളുമായി ഇക്കാലത്ത് തിബത്ത് ബന്ധം സ്ഥാപിച്ചിരുന്നു. ഇന്ത്യയില്‍നിന്നും പദ്മസംഭവന്‍ എന്ന ബുദ്ധമത പണ്ഡിതനെ തിബത്തില്‍ വരുത്തി ബുദ്ധമതസംബന്ധമായ പഠനങ്ങള്‍ക്കായി നിയോഗിച്ചു. തിബത്തില്‍ ഇക്കാലത്ത് ഇന്ത്യന്‍ ബുദ്ധമതത്തിന് ചൈനീസ് ബുദ്ധമതത്തേക്കാള്‍ അംഗീകാരം ലഭിച്ചിരുന്നു.

അടുത്ത പ്രധാന തിബത്തന്‍ രാജാവ് റാല്‍ പാച്ചാന്‍ (Ral-PaCan) ആയിരുന്നു (ഭ.കാ. സു.815-36). ബുദ്ധമതത്തില്‍ അമിതമായ ആവേശം പ്രകടിപ്പിച്ചിരുന്ന ഇദ്ദേഹം കൊട്ടാരത്തിലെ ഔദ്യോഗികസ്ഥാനങ്ങളില്‍ ബുദ്ധസന്ന്യാസികളെ നിയമിച്ചു. ബുദ്ധമതപ്രവര്‍ത്തനങ്ങളെ വിമര്‍ശിക്കുന്നത് ഇദ്ദേഹം നിരുത്സാഹപ്പെടുത്തിയിരുന്നു. മതപ്രവര്‍ത്തനരംഗത്ത് നിലനിന്ന എതിര്‍പ്പ് ഇദ്ദേഹം കൊല്ലപ്പെടുന്നതില്‍ കലാശിച്ചു. അതോടെ ബുദ്ധമതാനുയായികള്‍ക്ക് കടുത്ത ഭീഷണി നേരിടേണ്ടിവന്നു. ഇന്ത്യന്‍ മതപണ്ഡിതര്‍ തിരിച്ചയക്കപ്പെട്ടു. തിബത്തില്‍ നിലനിന്നിരുന്ന രാജഭരണവ്യവസ്ഥ ശിഥിലമായി. ഭരണം പല പ്രാദേശിക ഭരണാധികാരികളുടേയും കൈകളില്‍ എത്തിച്ചേര്‍ന്നു. മധ്യ തിബത്തന്‍ പ്രദേശങ്ങളില്‍ പിന്നീടുള്ള നാല് ശതകക്കാലം ഏകീകൃത ഭരണവ്യവസ്ഥ ഉണ്ടായിരുന്നില്ല. രാജാവിന്റെ പിന്‍തുടര്‍ച്ചക്കാര്‍ പശ്ചിമ തിബത്തില്‍ ഗുജ്ലഡാക്ക് എന്ന രാജ്യം സ്ഥാപിച്ചുവെങ്കിലും ഇവര്‍ക്ക് തിബത്തിന്റെ മറ്റുഭാഗങ്ങളില്‍ സ്വാധീനം ചെലുത്തുവാന്‍ കഴിഞ്ഞില്ല. ഗുജ് രാജാക്കന്മാര്‍ ഒരുസംഘം യുവാക്കളെ ബുദ്ധമതപഠനത്തിനായി കാശ്മീരിലേക്കയച്ച് അവരിലൂടെ തിബത്തില്‍ ബുദ്ധമതം ശക്തമാക്കാനുള്ള ശ്രമം നടത്തി. ബുദ്ധമത ഗ്രന്ഥങ്ങള്‍ തര്‍ജുമ ചെയ്യപ്പെടുകയുമുണ്ടായി.

പൊടാല കൊട്ടാരം

മംഗോളിയര്‍ 1239-ല്‍ തിബത്തിനെ ആക്രമിച്ചു. അവര്‍ തിബത്തിലെ ശാക്യസന്ന്യാസിമഠാധിപതിയെ മധ്യ തിബത്തിലെ ഭരണാധികാരിയാക്കി. ഇതുമുതല്‍ക്കാണ് തിബത്തിലെ ഭരണത്തില്‍ ലാമമാര്‍ക്ക് പ്രാമുഖ്യം ലഭിച്ചുതുടങ്ങിയത്. തിബത്തന്‍ ബുദ്ധമതത്തിന് മംഗോളിയയില്‍ അംഗീകാരം ഉണ്ടാവുകയും ചെയ്തു. മംഗോളിയരുടെ ശക്തി ക്ഷയിച്ചതോടെ തിബത്തില്‍ ശാക്യരുടെ ഭരണം ദുര്‍ബലമായി. തിബത്ത് വീണ്ടും അരാജകത്വത്തിലേക്കു നീങ്ങി. കേന്ദ്രീകൃത ഭരണ വ്യവസ്ഥിതി താറുമാറായി. ശക്തരായ കുലീന കുടുംബങ്ങള്‍ ഭരണാധികാരത്തിനായി മത്സരിച്ചു. പ്രാദേശിക ഭരണാധികാരികള്‍ സ്വാതന്ത്യാഭിവാഞ്ഛ പ്രകടിപ്പിച്ചു. കുലീന കുടുംബങ്ങളും തിബത്തന്‍ ബുദ്ധമത വിഭാഗങ്ങളും തമ്മില്‍ ഉറ്റ ബന്ധം നിലനിന്നു. സന്ന്യാസി മഠങ്ങള്‍ തിബത്തിലെ രാഷ്ട്രീയ ജീവിതത്തില്‍ നിര്‍ണായക സ്വാധീനം നിലനിറുത്തി.

14-ാം ശ.-ത്തിന്റെ അവസാനമായതോടെ തിബത്തില്‍ മത നവോത്ഥാനമുണ്ടായി. ബുദ്ധമതത്തില്‍ ചില പരിഷ്കാരങ്ങള്‍ നടപ്പിലായി. 1578-ല്‍ തിബത്തില്‍ ദലൈലാമ സ്ഥാനം നിലവില്‍ വന്നു. ദലൈലാമ തിബത്തിലെ ആത്മീയ-രാഷ്ട്രീയ നേതാവായി അംഗീകരിക്കപ്പെട്ടു. മംഗോള്‍ ഭരണാധിപനായ അല്‍ത്താന്‍ ഖാന്‍ ആണ് ലാസയ്ക്കു സമീപമുള്ള ദ്രെപുങ് സന്ന്യാസാശ്രമത്തിലെ മഠാധിപതിക്ക് ദലൈ ലാമ എന്ന പദവി നല്കി അംഗീകരിച്ചത്. രണ്ടു പൂര്‍വികര്‍ ഉണ്ടായിരുന്നുവെന്ന പരിഗണനയില്‍ ഇദ്ദേഹം മൂന്നാമത്തെ ദലൈ ലാമ ആയി അംഗീകരിക്കപ്പെട്ടു. അഞ്ചാമത്തെ ദലൈലാമയ്ക്ക് (1617-82) തിബത്തിലെ ആത്മീയ-രാഷ്ട്രീയ രംഗത്ത് പ്രമുഖസ്ഥാനം ലഭിച്ചു. മംഗോള്‍ ഭരണാധിപനായിരുന്ന ഗുഷ്രിഖാന്റെ (Gushrikhan) സഹായത്തോടെ ഇദ്ദേഹം തിബത്തിലെ വിവിധ വിഭാഗങ്ങളുടെ മേല്‍ സ്വാധീനം നേടി. ഇതോടെ ദലൈലാമയ്ക്ക് ഭരണപരമായ മേധാവിത്വം ലഭിച്ചു. അഞ്ചാമത്തെ ദലൈലാമ 1682-ല്‍ അന്തരിച്ചു.

ആറാമത്തെ ദലൈലാമയുടെ കാലത്ത് തിബത്തില്‍ ആരംഭിച്ച അരാജകത്വം 18-ാം ശ.-ത്തിന്റെ രണ്ടാം ദശകത്തില്‍ ചൈനയിലെ മഞ്ചു രാജവംശം തിബത്തില്‍ മേധാവിത്വം ഉറപ്പിക്കുന്നതുവരെ നിലനിന്നു. തിബത്തിന്റെ നിയന്ത്രണത്തിനും ഭരണകാര്യങ്ങളുടെ നടത്തിപ്പിനുമായി മഞ്ചു ഭരണാധികാരികള്‍ റസിഡന്റ് മന്ത്രിമാരെ (അമ്പാന്‍) നിയമിച്ചു. തിബത്തില്‍ ആക്രമണം നടത്തിയ (1788-92) നേപ്പാളിലെ ഗൂര്‍ഖകളെ മഞ്ചുക്കള്‍ അയച്ച സൈന്യം പരാജയപ്പെടുത്തി. ഇന്ത്യയില്‍ അധികാരം സ്ഥാപിച്ചിരുന്ന ബ്രിട്ടീഷുകാര്‍ ഗൂര്‍ഖകളെ സഹായിച്ചിരിക്കാമെന്ന സംശയത്താല്‍ മഞ്ചു ചക്രവര്‍ത്തി വിദേശ സാന്നിധ്യം ഒഴിവാക്കാനായി തിബത്തിന്റെ അതിര്‍ത്തികള്‍ അടച്ചിടാന്‍ തീരുമാനിച്ചു. തിബത്തിലെ വിദേശകാര്യ ബന്ധങ്ങളെല്ലാം അമ്പാനുകളുടെ മേല്‍നോട്ടത്തിലാക്കി.

ഇന്ത്യയിലെ ബ്രിട്ടിഷ് മേധാവികള്‍ 18-ാം ശ.-ത്തിന്റെ ഉത്തരാര്‍ധം മുതല്ക്കേ തിബത്തുമായി വാണിജ്യബന്ധം സ്ഥാപിക്കുവാന്‍ ശ്രമം തുടങ്ങിയിരുന്നു. എന്നാല്‍ തിബത്തിലേക്കുണ്ടായ ഗൂര്‍ഖാ ആക്രമണത്തിനു പിന്നില്‍ ബ്രിട്ടിഷ് സഹായം ഉണ്ടായിരുന്നിരിക്കാമെന്ന സംശയം ബ്രിട്ടന്റെ വാണിജ്യ താത്പര്യങ്ങള്‍ക്ക് തടസ്സമായി. തിബത്ത് ഒഴിഞ്ഞു നില്ക്കല്‍ നയം തുടര്‍ന്നു. മഞ്ചു രാജവംശത്തിന് തിബത്തിലെ ഭരണത്തില്‍ ആധിപത്യം ഉറപ്പിക്കുവാന്‍ കഴിഞ്ഞിരുന്നെങ്കിലും 19-ാം ശ.-ത്തില്‍ കറുപ്പുയുദ്ധം, തെയ്പിങ് കലാപം തുടങ്ങി ഒട്ടനവധി പ്രശ്നങ്ങള്‍ അവര്‍ക്ക് നേരിടേണ്ടിവന്നതുകൊണ്ട് തിബത്തിന്റെ രാഷ്ട്രീയ കാര്യങ്ങളില്‍ ഏറെ ശ്രദ്ധിക്കുവാന്‍ കഴിഞ്ഞില്ല. തിബത്തില്‍ ചൈനയുടെ നേതൃത്വം ക്രമേണ ദുര്‍ബലമായി. 1885-ല്‍ തിബത്തില്‍ വീണ്ടും ഗൂര്‍ഖാ ആക്രമണമുണ്ടായി. തുടര്‍ന്നുണ്ടായ ഉടമ്പടി ഗൂര്‍ഖകള്‍ക്ക് തിബത്തിലുള്ള വാണിജ്യ താത്പര്യങ്ങള്‍ക്കും മറ്റും അനുകൂലമായിട്ടുള്ളതായിരുന്നു. തിബത്തിലെ യാ-തൂങ്ങില്‍ (Ya-tung) ഒരു വാണിജ്യകേന്ദ്രം സ്ഥാപിക്കുവാന്‍ 1893-ല്‍ ബ്രിട്ടീഷുകാര്‍ക്കു സാധിച്ചു. എങ്കിലും ബ്രിട്ടീഷുകാരുടെ ശ്രമം പ്രതീക്ഷയ്ക്കൊത്ത് വിജയിക്കാതിരുന്നതിനെത്തുടര്‍ന്ന് കേണല്‍ ഫ്രാന്‍സിസ് യങ്ഹസ്ബന്‍ഡിന്റെ (Francis Younghusband) നേതൃത്വത്തില്‍ തിബത്തിലെ ലാസയിലേക്ക് ബ്രിട്ടീഷുകാര്‍ 1904-ല്‍ 'യങ്ഹസ്ബന്‍ഡ് എക്സ്പെഡിഷന്‍'എന്നറിയപ്പെടുന്ന മുന്നേറ്റം നടത്തി. തിബത്തും ബ്രിട്ടനും തമ്മില്‍ ഉണ്ടാക്കിയ ഉടമ്പടിയിലൂടെ തിബത്തില്‍ ചില വാണിജ്യ കേന്ദ്രങ്ങള്‍ സ്ഥാപിക്കുവാന്‍ ബ്രിട്ടനു സാധിച്ചു. ഈ അവസരത്തില്‍ പതിമൂന്നാമത് ദലൈലാമ മംഗോളിയയിലേക്ക് പലായനം ചെയ്തു. തിബത്തിലെ മറ്റൊരു ആത്മീയ നേതാവായിരുന്ന പഞ്ചന്‍ലാമ ഇതോടെ തിബത്തിന്റെ നേതൃത്വത്തിനു വേണ്ടി ശ്രമിച്ചു. ചൈനയിലെ മഞ്ചു രാജാക്കന്മാര്‍ തിബത്തിനെ പൂര്‍ണമായി തങ്ങളുടെ നിയന്ത്രണത്തില്‍ നിര്‍ത്താനുള്ള ശ്രമം തുടര്‍ന്നുപോന്നു. 1909 ഒ.-ല്‍ ദലൈലാമ തിബത്തില്‍ മടങ്ങിയെത്തി. തുടര്‍ന്ന് രാഷ്ട്രീയ കാര്യങ്ങളില്‍ ചൈനയും ദലൈ ലാമയും വിയോജിപ്പിലായിരുന്നു. ചൈന തിബത്തിലേക്ക് സേനയെ അയച്ചു (1910). ഇതോടെ ദലൈലാമ ഇന്ത്യയില്‍ അഭയം തേടി. ഈ അവസരം മുതലെടുത്ത് പഞ്ചന്‍ലാമ ചൈനക്കാരുടെ പക്ഷം ചേര്‍ന്ന് തിബത്തില്‍ തന്റെ മേധാവിത്വം നിലനിര്‍ത്താന്‍ ശ്രമിച്ചു. ചൈനയില്‍ 1911-ലുണ്ടായ വിപ്ളവത്തിനുശേഷം മഞ്ചു ഭരണത്തിന് അറുതി വന്നതോടെ തിബത്തില്‍ അവരുടെ ആധിപത്യം ഇല്ലാതായി. ദലൈലാമ തിബത്തില്‍ മടങ്ങിയെത്തി രാജ്യം പുനഃസംഘടിപ്പിക്കുവാനുള്ള ശ്രമങ്ങളില്‍ ഏര്‍പ്പെട്ടു. ചൈനീസ് ആധിപത്യത്തില്‍നിന്ന് സ്വതന്ത്രമാകാനുള്ള ലക്ഷ്യം വച്ചായിരുന്നു ദലൈലാമയുടെ നീക്കം. ഇതിനിടെ പഞ്ചന്‍ ലാമയ്ക്കെതിരായ നീക്കവും ദലൈലാമയുടെ ഭാഗത്തുനിന്നും ഉണ്ടായി. ദലൈലാമ തിബത്തിനെ സ്വതന്ത്രയായി പ്രഖ്യാപിച്ചു. കിഴക്കന്‍ തിബത്തിലെ അതിര്‍ത്തി ജില്ലകളില്‍ അധികാരം ഉറപ്പിക്കുവാന്‍ ദലൈലാമ നടത്തിയ ശ്രമങ്ങള്‍ ചൈനയുമായി ഏറ്റുമുട്ടലുകള്‍ക്കു വഴിവച്ചു. പ്രശ്നപരിഹാരത്തിനായി ചൈനയും ബ്രിട്ടനും തിബത്തും പങ്കെടുത്തുകൊണ്ട് 1913 ഒ.-ല്‍ ആരംഭിച്ച സിംലാസമ്മേളനം തിബത്തിനെ വിഭജിച്ച് ഔട്ടര്‍ തിബത്ത് എന്ന പേരിലുള്ള പ്രദേശത്തിന് പൂര്‍ണ സ്വയംഭരണം നല്കാന്‍ തീരുമാനമെടുത്തു. എന്നാല്‍ ഇതിനോട് ചൈന വിമുഖത കാട്ടി. ഇതനുസരിച്ചുള്ള ഉടമ്പടിയില്‍ ഒപ്പുവയ്ക്കാന്‍ ചൈന തയ്യാറായില്ല. 1914-ല്‍ ബ്രിട്ടനും തിബത്തും കരാറില്‍ ഒപ്പു വച്ചു. ചൈനയുടെ പക്ഷം പിടിച്ചിരുന്ന പഞ്ചന്‍ലാമ പിന്നീട് പരിവാര സമേതം ചൈനയിലേക്ക് പലായനം ചെയ്തു. തിബത്തിനെ സംബന്ധിച്ച ഇത്തരം സമാധാന ശ്രമങ്ങള്‍ ഒന്നാം ലോകയുദ്ധത്തോടെ തുടര്‍ന്നു നടത്താനായില്ല. തിബത്ത് സ്വതന്ത്രമെന്ന നിലയില്‍ നിലനിന്നു.

1930-കളില്‍ ചൈന കൂടുതല്‍ ശക്തിപ്പെട്ടതോടെ തിബത്തിന്റെമേല്‍ പരമാധികാരം ആഗ്രഹിച്ചു. 1933-ല്‍ പതിമൂന്നാമത്തെ ദലൈലാമ മരണമടഞ്ഞതിനെത്തുടര്‍ന്ന് ചൈനീസ് സേനയുടെ അകമ്പടിയോടെ പഞ്ചന്‍ലാമ തിബത്തിലേക്കു തിരിച്ചെങ്കിലും അവിടെ പ്രവേശിക്കുവാന്‍ കഴിഞ്ഞില്ല. ഇതിനായുള്ള ശ്രമം നടത്തിവരവേ ഇദ്ദേഹം 1937-ല്‍ മരണമടഞ്ഞു. സ്വതന്ത്രരാജ്യം എന്ന നിലയില്‍ത്തന്നെയായിരുന്നു ഇക്കാലത്ത് തിബത്തിന്റെ പ്രവര്‍ത്തനം. കമ്യൂണിസ്റ്റ് ചൈന നിലവില്‍വന്നതോടെ തിബത്ത് കീഴടക്കുവാന്‍ അവര്‍ തീരുമാനിച്ചു. 1950 ഒ.-ല്‍ ചൈനീസ് സേന തിബത്തില്‍ പ്രവേശിച്ചു. 1951 മെയ് മാസത്തില്‍ ചൈനയും തിബത്തും ഒരു ഉടമ്പടിയുണ്ടാക്കി. ഇതോടെ ചൈനയുടെ മേല്‍ക്കോയ്മ നിലവില്‍ വന്നു. തിബത്തിന് നാമമാത്ര സ്വയംഭരണം മാത്രമാണ് ഉണ്ടായിരുന്നത്. പിന്തുടര്‍ച്ചക്കാരനായ പഞ്ചന്‍ലാമ 1952-ല്‍ തിബത്തിന്റെ തലസ്ഥാന നഗരിയില്‍ എത്തി. ചൈനയുടെ നാഷണല്‍ പീപ്പിള്‍സ് കോണ്‍ഗ്രസ്സില്‍ ദലൈലാമയും പഞ്ചന്‍ലാമയും പങ്കെടുത്തു (1954). ചൈന തിബത്തില്‍ സൈനിക റോഡുകളും വ്യോമത്താവളങ്ങളും നിര്‍മിച്ചു. തിബത്തില്‍ ചൈനയുടെ ഇടപെടല്‍ ഇന്ത്യാ-തിബത്ത് അതിര്‍ത്തിയില്‍ അസ്വസ്ഥത ഉളവാക്കുന്നതായിരുന്നു. ചൈനയുടെ നയപരിപാടികളേയും പ്രവര്‍ത്തനരീതികളേയും ഒരു വിഭാഗം തിബത്തുകാര്‍ എതിര്‍ക്കുകയുണ്ടായി. ചൈനക്കെതിരായി ഒരു വിഭാഗക്കാര്‍ കലാപമുണ്ടാക്കി. തിബത്തുകാരുടെ പ്രതിഷേധങ്ങളെ ചൈന അമര്‍ച്ചചെയ്തു. തിബത്തന്‍ സ്വയംഭരണ മേഖലയ്ക്കുവേണ്ടിയുള്ള പ്രിപ്പറേറ്ററി കമ്മിറ്റി (Preparatory Committee for the Autonmous Region of Tibet ) ചൈനയുടെ നേതൃത്വത്തില്‍ 1955-ല്‍ ഉണ്ടാക്കി. ദലൈലാമ ഇതിന്റെ അധ്യക്ഷനായും പഞ്ചന്‍ലാമയെ ഉപാധ്യക്ഷനായും നിയമിച്ചു. എന്നാല്‍ ദലൈലാമ ഇന്ത്യയില്‍ അഭയംതേടി (1959). ഇതോടെ പഞ്ചന്‍ലാമയെ അധ്യക്ഷസ്ഥാനത്ത് അവരോധിച്ചു. ചൈനയ്ക്കെതിരെ തിബത്തില്‍ വീണ്ടും പ്രതിഷേധങ്ങള്‍ ഉണ്ടാവുകയും ചൈന അവയെ അടിച്ചമര്‍ത്തുകയും ചെയ്തുകൊണ്ടിരുന്നു. ധാരാളം തിബത്തുകാര്‍ അഭയംതേടി ഇന്ത്യയിലെത്തി. 1965-ല്‍ തിബത്തിനെ ചൈനാ റിപ്പബ്ളിക്കിലെ ഒരു സ്വയംഭരണ മേഖലയാക്കി. അതനുസരിച്ച് തിബത്തിലെ ഭരണം നടത്തിവരുന്നു. ദലൈലാമയോട് തിരിച്ചുവരവിന് പഞ്ചന്‍ലാമ ആഹ്വാനം നല്കി. എന്നാല്‍ ദലൈലാമ ഇന്ത്യയില്‍ത്തന്നെ തങ്ങുകയാണുണ്ടായത്. തിബത്തിന്റെ പ്രശ്നപരിഹാരത്തിനായി പല തവണ ചൈനയും ദലായ് ലാമയുടെ പ്രതിനിധികളും തമ്മില്‍ ചര്‍ച്ച നടന്നിട്ടും പരിഹൃതമാവാതെ നീണ്ടുപോവുകയാണ്. ഇന്ത്യയില്‍ അഭയംതേടിയ ദലൈലാമ പ്രവാസി തിബത്തന്‍ ഗവണ്‍മെന്റ് രൂപവത്കരിച്ചുകൊണ്ട് തിബത്തന്‍ പ്രശ്നപരിഹാരത്തിലേക്ക് ലോകശ്രദ്ധ ക്ഷണിക്കുവാന്‍ ശ്രമിച്ചുവരുന്നു.

(ഡോ. എ. പസ്ലിത്തില്‍, സ.പ.)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%A4%E0%B4%BF%E0%B4%AC%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍