This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തിബത്തന്‍ കല

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

തിബത്തന്‍ കല

തിബത്തന്‍ താന്ത്രിക് ശില്പം

തിബത്തിലെ ചിത്രകലാ-വാസ്തുശില്പ ശൈലികള്‍. തിബത്തില്‍ പ്രചാരത്തിലുള്ള തിബത്തന്‍ കലയുടെ ആവിര്‍ഭാവം ബുദ്ധമതാരാധനാലയങ്ങളിലും ആശ്രമങ്ങളിലും നിന്നാണെന്ന് ചരിത്രരേഖകള്‍ വെളിപ്പെടുത്തുന്നു. 1100-ലെ തിബത്തന്‍ ചിത്രരചനകള്‍ കണ്ടെടുക്കപ്പെട്ടിട്ടുണ്ട്. പടിഞ്ഞാറന്‍ തിബത്തിലെ ബുദ്ധമതാശ്രമങ്ങളിലാണ് കലകള്‍ക്ക് പരിപോഷണം ലഭിച്ചത്. അക്കാലത്ത് ഉത്തരേന്ത്യയില്‍ പ്രചാരത്തിലിരുന്ന ശൈലിയാണ് സ്വീകരിക്കപ്പെട്ടിരുന്നതെങ്കിലും തിബത്തന്‍ ചിത്രരചയിതാക്കള്‍ തനതായ ഒരു ശൈലിയും രൂപപ്പെടുത്തിയിരുന്നു. പില്ക്കാലത്ത് ചൈനീസ് ചിത്രരചനാശൈലിയുടെ സ്വാധീനവും പ്രകടമായി. 14-17 ശ.-ങ്ങളിലെ മിങ് സാമ്രാജ്യ കാലഘട്ടത്തിലാണ് ചൈനീസ് സ്വാധീനം വളരെ പ്രകടമായി പ്രത്യക്ഷപ്പെട്ടത്.

ചിത്രാലംകൃതമായ ഒരു തിബത്തന്‍ വീട്

പരമ്പരാഗതവും മതപരവുമായ തിബത്തന്‍ ചിത്രരചനകളില്‍ ആരാധനാമൂര്‍ത്തികള്‍ക്കാണ് പ്രാമുഖ്യം. 17-ാം ശ.-ത്തിനുശേഷമുള്ള ചിത്രരചനകളുടെ കൂട്ടത്തില്‍ സര്‍ഗാത്മക സൃഷ്ടികള്‍ വിരളമാണ്. പ്രകൃതി സൗന്ദര്യത്തിന്റെ പശ്ചാത്തലത്തില്‍ ആരാധ നാമൂര്‍ത്തികളെ അവതരിപ്പിക്കുന്നവയാണ് മിക്ക ചിത്രരചനകളും.

ലോഹനിര്‍മിതമായ കലാസൃഷ്ടികളാണ് തിബത്തന്‍ കലയുടെ മറ്റൊരു സംഭാവന. ബുദ്ധമതവിഹാരങ്ങള്‍ക്ക് വേണ്ടതായ ലോഹനിര്‍മാണത്തിനുവേണ്ടി 13-16 ശ.-ങ്ങളില്‍ നേപ്പാളില്‍ നിന്നുള്ള കരകൗശല വിദഗ്ധരെ തിബത്തില്‍ കൊണ്ടുവന്നിരുന്നു. പില്ക്കാലത്ത് നേപ്പാളികളെ അതിശയിപ്പിക്കുന്ന കരകൗശല വൈദഗ്ധ്യമാണ് തിബത്തിലെ കലാകാരന്മാര്‍ കാഴ്ചവച്ചത്. ലോഹനിര്‍മാണകലയില്‍ ഇന്ത്യ, ചൈന, നേപ്പാള്‍ എന്നീ രാജ്യങ്ങളുടെ സ്വാധീനം പ്രകടമാണെങ്കിലും തിബത്തന്‍ ലോഹനിര്‍മാണ കലയ്ക്ക് അതിന്റേതായ സവിശേഷതകളുണ്ട്.

വാസ്തുശില്പ കലയില്‍ തനതായ പാരമ്പര്യം പുലര്‍ത്തുന്ന ഒരു രാജ്യമാണ് തിബത്ത്. 7-9 ശ.-ങ്ങളിലെ ആരാധനാലയങ്ങളില്‍ കണ്ടുവരുന്ന ശില്‍പശൈലി തന്നെയാണ് പത്തുനൂറ്റാണ്ടുകള്‍ക്കു ശേഷവും ദര്‍ശിക്കാന്‍ കഴിയുന്നത്. അലങ്കാരപ്പണികളില്‍ വിദേശ സ്വാധീനം കാണാമെങ്കിലും അടിസ്ഥാനപരമായ വാസ്തുശില്പ നിര്‍മാണത്തില്‍ തനതായ ശൈലി തന്നെ നിലനിര്‍ത്തിയിരിക്കുന്നു. ലാസയിലെ ലാമാമാരുടെ വാസകേന്ദ്രമായ പൊടാല ഇതിനൊരു ദൃഷ്ടാന്തമാണ്. തിബത്തില്‍ ഏറ്റവുമധികം പ്രചാരത്തില്‍ വരുന്ന ഒരു ശില്‍പ നിര്‍മിതിയാണ് സ്തൂപം. കോണാകൃതിയിലുള്ള ഈ നിര്‍മിതി ചോര്‍ട്ടണ്‍ എന്ന പേരില്‍ അറിയപ്പെടുന്നു. ഇന്ത്യയില്‍ നിന്നും നേപ്പാളില്‍ നിന്നും 7-ാം ശ.-ത്തില്‍ സ്വീകരിച്ച മാതൃകയില്‍ നിര്‍മിക്കപ്പെട്ട സ്തൂപങ്ങള്‍ ആദ്യകാലത്ത് മതനേതാക്കന്മാരുടെ ശവകുടീരങ്ങളായിരുന്നു. പില്ക്കാലത്ത് ബുദ്ധഭിക്ഷുക്കളുടെ താമസത്തിനായുള്ള ആശ്രമങ്ങളും ഈ മാതൃകയില്‍ നിര്‍മിക്കപ്പെട്ടു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍