This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തിപ്പലി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

തിപ്പലി

Long pepper

തിപ്പലി പുഷ്പങ്ങളോടും കായ്കളോടും കൂടിയ ശാഖ

പൈപ്പറേസി (Piperaceceae) സസ്യകുടുംബത്തില്‍പ്പെടുന്ന ഔഷധ സസ്യം. ശാ.നാ. പൈപ്പര്‍ ലോങം (Piper longum). സംസ്കൃതത്തില്‍ പിപ്പലി, ഉപകുല്യാ, കൃഷ്ണാ, മഗധജം, വൈദേഹി, കണാ, കൃകര എന്നീ പേരുകളില്‍ അറിയപ്പെടുന്നു. ചെറുതിപ്പലി, വന്‍തിപ്പലി, അത്തിതിപ്പലി, നീര്‍തിപ്പലി, ഹസ്തിതിപ്പലി, കുഴിതിപ്പലി, കാട്ടുതിപ്പലി, ഉണ്ടതിപ്പലി തുടങ്ങി വിവിധയിനം തിപ്പലികളുണ്ട്. അസം, ബംഗാള്‍, കേരളം എന്നിവിടങ്ങളില്‍ ഇവ വളരുന്നു. കേരളത്തിലെ നിത്യഹരിത വനങ്ങളില്‍ അടിസസ്യമായും തിപ്പലി വളരുന്നുണ്ട്. അപൂര്‍വമായി ഇത് കൃഷി ചെയ്യാറുമുണ്ട്.

തിപ്പലി ദുര്‍ബല ശാഖകളുള്ള ആരോഹി (climbing) സസ്യമാണ്. ഇതിന് കുരുമുളകുകൊടിയോട് വളരെയേറെ സാദൃശ്യമുണ്ട്. 'തിപ്പലി' സസ്യം സുഗന്ധമുള്ളതാണ്. വേര് 'പിപ്പലിമൂലം' എന്നറിയപ്പെടുന്നു. ഇലകള്‍ ലഘുവും ഏകാന്തരന്യാസത്തില്‍ ക്രമീകരിച്ചിട്ടുള്ളതുമാണ്. ഇവ ഞെട്ടുള്ളതും കനം കുറഞ്ഞതും ഹൃദയാകാരത്തിലുള്ളതുമാണ്. അനുപര്‍ണങ്ങളുമുണ്ട്. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയാണ് ഇതിന്റെ പുഷ്പകാലം. വെവ്വേറെ സസ്യങ്ങളിലാണ് ആണ്‍പുഷ്പങ്ങളും പെണ്‍പുഷ്പങ്ങളും ഉണ്ടാകുന്നത്. പുഷ്പമഞ്ജരി സ്പൈക്ക് (spike) ആണ്. ആണ്‍പുഷ്പമഞ്ജരിക്ക് 3-8 സെ.മീ. വരെയും പെണ്‍പുഷ്പമഞ്ജരിക്ക് 15-25 സെ.മീ. വരെയും നീളമുണ്ടായിരിക്കും. ആണ്‍പുഷ്പമഞ്ജരിയില്‍ വീതി കുറഞ്ഞ സഹപത്രങ്ങളും പെണ്‍പുഷ്പമഞ്ജരിയില്‍ വൃത്താകാരത്തിലുള്ള സഹപത്രങ്ങളുമാണുള്ളത്. പുഷ്പങ്ങള്‍ക്ക് ദളങ്ങളും ബാഹ്യദളങ്ങളുമില്ല. 2-4 കേസരങ്ങളുണ്ടായിരിക്കും. അണ്ഡാശയത്തിന് ഒരു അറ മാത്രമേയുള്ളൂ. കായ ബെറിയാണ്. ഇതിന് 2.5 മി.മീ. വ്യാസമുണ്ടായിരിക്കും. മൂപ്പെത്താത്ത കായകള്‍ക്ക് മങ്ങിയ പച്ചയും മൂപ്പെത്തിയവയ്ക്ക് ചുവപ്പു കലര്‍ന്ന കറുപ്പും നിറമായിരിക്കും. രണ്ടുമാസം കൊണ്ട് ഫലങ്ങള്‍ മൂപ്പെത്തുന്നു. കായകള്‍ക്കു കടും പച്ചനിറമുള്ളപ്പോഴാണ് അവ ശേഖരിക്കുന്നത്. ഇത് നന്നായി ഉണക്കി ഔഷധമായുപയോഗിക്കുന്നു.

തിപ്പലിയുടെ തണ്ടില്‍ രാസഘടകങ്ങളായ ഡി-ഹൈഡ്രോ സ്റ്റിഗ്മാസ്റ്റെറിനും സ്റ്റിറോയിഡും അടങ്ങിയിട്ടുണ്ട്. തിപ്പലിയുടെ കായ്കളില്‍ പൈപ്പയാര്‍ട്ടിന്‍, പൈപ്പറിന്‍ എന്നീ ആല്‍ക്കലോയിഡുകളും റെസിനും ബാഷ്പശീലതൈലവും അടങ്ങിയിരിക്കുന്നു.

തണ്ട് മുറിച്ചു നട്ടാണ് തിപ്പലി സസ്യത്തിന്റെ വംശവര്‍ധന നടത്തുക. വേര്, തണ്ട്, കായ് എന്നിവ ഔഷധമായുപയോഗിക്കുന്നു. കായ് ത്രിദോഷങ്ങളേയും അകറ്റുന്നു. കുഷ്ഠം, ജ്വരം, ക്ഷയം, മഹോദരം, പ്രമേഹം മുതലായ രോഗങ്ങള്‍ക്കുള്ള ഔഷധങ്ങളുണ്ടാക്കാന്‍ തിപ്പലി ഉപയോഗിച്ചുവരുന്നു. രക്തത്തിലെ ഹീമോഗ്ളോബിന്‍ വര്‍ധിപ്പിക്കുന്നതിനും ഇത് സഹായകമാണ്. അണുനാശക ശേഷിയുള്ള ഇത് നേത്രരോഗങ്ങള്‍ക്കും ഔഷധമായുപയോഗിക്കാറുണ്ട്. വാജീകരണൌഷധവുമാണ്. ദഹന ശക്തി വര്‍ധിപ്പിക്കാനും തിപ്പലിക്കു കഴിവുണ്ട്. പച്ചതിപ്പലി കഫത്തെ വര്‍ധിപ്പിക്കുന്നു. എന്നാല്‍ ഉണങ്ങിയ തിപ്പലി കഫശമനത്തിനുത്തമമാണ്.

തിപ്പലി, ചുക്ക്, മുളക് ഇവ മൂന്നും കൂടി ത്രികടു എന്ന് ആയുര്‍ വേദത്തില്‍ അറിയപ്പെടുന്നു. ത്രികടു കഷായം ചുമ, പനി, ന്യുമോണിയ തുടങ്ങിയ രോഗങ്ങള്‍ക്ക് സിദ്ധൗഷധമാണ്. തിപ്പലി, തിപ്പലി വേര്, ചുക്ക്, കുരുമുളക്, കൊടുവേലിക്കിഴങ്ങ് എന്നിവ ചേര്‍ന്ന ഔഷധക്കൂട്ട് പഞ്ചകോലം എന്നറിയപ്പെടുന്നു. ദഹനേന്ദ്രിയത്തിലും യകൃത്തിലുമുള്ള മൃദു കലകള്‍ക്ക് കേടുവരുത്തുന്നതിനാല്‍ തിപ്പലി ദീര്‍ഘകാലം പതിവായി ഉപയോഗിക്കുന്നതു നന്നല്ല.

ഇപ്പോള്‍ കേരളത്തിലെ വനങ്ങളില്‍ തിപ്പലി വളരെ വിരളമായ തിനാല്‍ ഔഷധനിര്‍മാണത്തിനാവശ്യമുള്ള 90 ശ.മാ.വും ഇറക്കുമതി ചെയ്യുന്നു. നീളം കൂടിയതും ഉരുണ്ടതും ദൃഢവുമായ തിപ്പലി മേന്മയേറിയതായി കണക്കാക്കപ്പെടുന്നു.

തിപ്പലിയുടെ ഔഷധ ഗുണങ്ങളെക്കുറിച്ച് ഗുണപാഠത്തില്‍ ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു:

'കാട്ടിലെ തിപ്പലി മൂലമുഷ്ണം ദീപനപാചനം

എരിച്ച രസമായുള്ളു വാതശ്ളേഷ്മ വിനാശനം

നന്നു ശൂലെയ്ക്കു മെക്കിള്‍ക്കും കര്‍ണ്ണ രോഗത്തിനും ഗുണം

പച്ചയാം തിപ്പലിക്കുള്ള ഗുണം ശ്ളേക്ഷ്മ പ്രകോപനം

മധുരം ശീതളം സ്നിഗ്ധം ഗുരുവാകയുമുണ്ടത്

അതു നന്നായുണങ്ങുമ്പോളെരിച്ചു രസമായ് വരും

പാകത്തുങ്കള്‍ മതൃത്തുള്ളു സ്നിഗ്ധം തന്‍ ശുക്ളവര്‍ധനം

വാത ശ്ളേഷ്മപ്രശമനം കാസശ്വാസഹരം പരം

ഓരോ യോഗത്തിലല്ലാതെ തന്നേ തിപ്പലി തിന്നൊലാ.'

നോ: ത്രികടു, പഞ്ചകോലം.

(ഡോ. പി.എസ്. ശ്യമാള കുമാരി, സ.പ.)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%A4%E0%B4%BF%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%B2%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍