This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

താഷ് കെന്റ് കരാര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

താഷ്കെന്റ് കരാര്‍

ഇന്ത്യയും പാകിസ്താനും ചേര്‍ന്ന് 1966 ജനു. 10-ന് ഒപ്പുവച്ച കരാര്‍. മുന്‍ സോവിയറ്റ് യൂണിയനില്‍ ഉള്‍പ്പെട്ടിരുന്ന താഷ്കെന്റ് എന്ന സ്ഥലത്തുവച്ചാണ് കരാര്‍ ഒപ്പുവച്ചത്. ആയതിനാല്‍ ഇത് താഷ്കെന്റ് കരാര്‍ എന്ന് അറിയപ്പെടുന്നു. അന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി ആയിരുന്ന ലാല്‍ ബഹാദൂര്‍ ശാസ്ത്രിയും പാകിസ്ഥാന്‍ പ്രസിഡന്റായിരുന്ന അയൂബ് ഖാനും ആയിരുന്നു കരാറില്‍ ഒപ്പുവച്ച രാഷ്ട്രനേതാക്കള്‍. സോവിയറ്റ് യൂണിയന്റെ പ്രധാനമന്ത്രിയായിരുന്ന അലക്സി കോസിഗിന്‍ കരാര്‍ ഉണ്ടാക്കുന്നതിന് മധ്യസ്ഥം വഹിച്ചു. ഇരു വിഭാഗങ്ങളേയും സഹായിക്കുവാന്‍ മറ്റ് ഉദ്യോഗസ്ഥവൃന്ദവും ഉണ്ടായിരുന്നു.


1966 ജനു. മാസം നാലാം തീയതി ഇതു സംബന്ധിച്ച സമ്മേളനത്തിനു തുടക്കം കുറിച്ചു. കരാര്‍ രൂപവത്ക്കരണത്തിനു മുന്നോടിയായി ദീര്‍ഘമായ കൂടിയാലോചനകള്‍ നടന്നു. ഇത് ജനുവരി 10 വരെ തുടര്‍ന്നു. ജനു. 10-ന് ആണ് കരാര്‍ ഒപ്പുവച്ചത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം സാധാരണ നിലയിലാക്കുവാനും രണ്ട് രാജ്യങ്ങളിലേയും ജനവിഭാഗങ്ങള്‍ തമ്മില്‍ സൗഹാര്‍ദവും ധാരണയും വളര്‍ത്തുവാനും ഉദ്ദേശിച്ചുകൊണ്ടുള്ളതായിരുന്നു ഈ കരാര്‍. ഇരു രാജ്യങ്ങളേയും നേരിട്ടു ബാധിക്കുന്ന കാര്യങ്ങളില്‍ ഉന്നതതലത്തിലും മറ്റും സമ്മേളനങ്ങള്‍ തുടര്‍ന്നു നടത്തുക, അഭയാര്‍ഥി പ്രശ്നത്തിലും നിയമവിരുദ്ധരായ കുടിയേറ്റക്കാരെ പുറത്താക്കുന്നതിലും ചര്‍ച്ച തുടരുക, സൈനിക സംഘട്ടനങ്ങളില്‍ ഇരുവിഭാഗവും കൈവശപ്പെടുത്തിയ വസ്തുവകകള്‍ തിരിച്ചു നല്കാനുള്ള ചര്‍ച്ച നടത്തുക തുടങ്ങിയുള്ള കാര്യങ്ങള്‍ തീരുമാനിക്കപ്പെട്ടു. കരാര്‍ ഒപ്പുവച്ച പ്രധാനമന്ത്രി ലാല്‍ ബഹാദൂര്‍ ശാസ്ത്രി അതിനുശേഷം താഷ്കെന്റില്‍ വച്ചുതന്നെ നിര്യാതനായത് ഇതുമായി ബന്ധപ്പെട്ടുണ്ടായ ദുഃഖകരമായ സംഗതിയായിരുന്നു. താഷ്കെന്റ് പ്രഖ്യാപനം ഇന്ത്യയില്‍ സമ്മിശ്ര പ്രതികരണമാണ് ഉണ്ടാക്കിയത്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍