This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

താവട്ട

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

താവട്ട

Monkey face tree

യൂഫോര്‍ബിയേസീ (Euphorbiaceae) സസ്യകുടുംബത്തില്‍പ്പെട്ട വൃക്ഷം. ശാ.നാ. മല്ലോട്ടസ് ഫിലിപ്പെന്‍സിസ് (Mallotus philippensis). കുങ്കുമപ്പൂമരം, കുരങ്ങുമഞ്ഞള്‍, ചെങ്കൊല്ലി എന്നീ പേരു കളിലും ഇത് അറിയപ്പെടുന്നു. മിക്ക ഉഷ്ണമേഖലാപ്രദേശങ്ങളിലും വളരുന്ന താവട്ട ഭാരതത്തില്‍ 1500 മീ. വരെ ഉയരമുള്ള മലകളിലും ഈര്‍പ്പമുള്ള വനപ്രദേശങ്ങളിലുമാണ് കാണപ്പെടുന്നത്. കേരളത്തില്‍ മറയൂര്‍, മൂന്നാര്‍ എന്നിവിടങ്ങളിലാണ് താവട്ട വളരുന്നത്. ധാരാളം ശാഖോപശാഖകളുള്ള ചെറുമരമാണിത്. ഇലകള്‍ ലഘു; ഏകാന്തരന്യാസത്തില്‍ ക്രമീകരിച്ചിരിക്കുന്നു; അനുപര്‍ണങ്ങളുണ്ട്. പത്രഫലകത്തിന് 7-20 സെ.മീ. നീളവും

താവട്ട: ഇലയും കായും ചേര്‍ന്ന ശാഖ

4-11 സെ.മീ. വീതിയുമുണ്ട്. പത്രവൃന്തത്തിന് 5-8 സെ.മീ. നീളമുണ്ടായിരിക്കും. അണ്ഡാകൃതിയിലുള്ള പത്രഫലകത്തില്‍ കട്ടികൂടിയ മൂന്ന് മുഖ്യ സിരകള്‍ കാണപ്പെടുന്നു. പത്രഫലകത്തിനടിവശത്ത് അനേകം ചുവന്ന സൂക്ഷ്മഗ്രന്ഥികളുമുണ്ട്. ആഗ.-സെപ്. മാസങ്ങളിലാണ് താവട്ട പുഷ്പിക്കുന്നത്. ആണ്‍പുഷ്പങ്ങളും പെണ്‍പുഷ്പങ്ങളും വെവ്വേറെ വൃക്ഷങ്ങളിലാണ് ഉണ്ടാകുന്നത്. പെണ്‍പുഷ്പങ്ങള്‍ ഒറ്റയായും ആണ്‍പുഷ്പങ്ങള്‍ സ്പൈക്ക് പുഷ്പമഞ്ജരിയായിട്ടും ഉണ്ടാകുന്നു. പുഷ്പങ്ങള്‍ക്കു മൂന്ന് കര്‍ണങ്ങളുള്ള പരിദളപുടവും അനേകം കേസരങ്ങളുമുണ്ട്. പെണ്‍പുഷ്പങ്ങളില്‍ മൂന്ന് അറകളോടുകൂടിയ ഊര്‍ധ്വവര്‍ത്തി അണ്ഡാശയമാണുള്ളത്. ഓരോ അറയിലും ഓരോ ബീജാണ്ഡം മാത്രമേയുള്ളൂ. കായ ചുവന്ന പൊടികൊണ്ട് മൂടിയിരിക്കുന്ന സംപുട(capsule)മാണ്; ഫെ. മാസത്തോടെ വിളഞ്ഞു പാകമാകും. വിത്തു മുഖേനയാണ് താവട്ടയുടെ വംശവര്‍ധന.

താവട്ടയുടെ വിളഞ്ഞ കായ്കളുടെ പുറമേയുള്ള ഗ്രന്ഥികളില്‍ അടങ്ങിയിരിക്കുന്ന ചായം ('കമല') പട്ടിനും കമ്പിളിക്കും നിറം പിടിപ്പിക്കാനുപയോഗിക്കുന്നതിനാല്‍ ഈ വൃക്ഷം 'കമലാ ഡൈ ട്രീ'എന്ന പേരിലും അറിയപ്പെടുന്നു. വിളഞ്ഞുപാകമായ കായ്കള്‍ തട്ടിയും കുടഞ്ഞുമാണ് ചായം ശേഖരിക്കുന്നത്. കായ്കള്‍ വെള്ളത്തിലിട്ട് ഇളക്കിയാല്‍ ചായം പാത്രത്തില്‍ അടിയും. ഇതെടുത്ത് ഉണക്കിയും ചായം ശേഖരിക്കാറുണ്ട്. ചായത്തിലെ പ്രധാന വര്‍ണവസ്തുക്കള്‍ പാടലനിറമുള്ള റോട്ട്ലെറിനും മഞ്ഞനിറമുള്ള ഐസോറോട്ട്ലെറി(C30 H28 O8)നും ആണ്. മുന്‍കാലങ്ങളില്‍ ഇന്ത്യയില്‍ നിന്ന് 'കമലാ ഡൈ' കയറ്റി അയച്ചിരുന്നു. എന്നാല്‍ അനിലിന്‍ ഡൈ കമ്പോളത്തില്‍ സുലഭമായതോടെ കമലാ ഡൈയുടെ ഉപയോഗം ഗണ്യമായി കുറഞ്ഞു. വിത്തിന്റെ പരിപ്പില്‍ നിന്നു ലഭിക്കുന്ന മങ്ങിയ മഞ്ഞനിറത്തിലുള്ള കമല എണ്ണയില്‍ കമലോലിനിക്ക് അമ്ളം എന്നൊരു ഹൈഡ്രോക്സി അമ്ളം അടങ്ങിയിട്ടുണ്ട്. മങ്ങിയ തവിട്ടുനിറവും കടുപ്പവുമുള്ള തടി പള്‍പ്പിനും കടച്ചില്‍ പണികള്‍ക്കും ഉപയോഗിക്കുന്നു. ഇതിന്റെ ഇലകള്‍ കന്നുകാലികള്‍ ഭക്ഷിക്കാറില്ല.

താവട്ട ഒരു ഔഷധസസ്യം കൂടിയാണ്. ആയുര്‍വേദത്തില്‍ ഇതിനെ കൃമിഘ് നൗഷധങ്ങളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തിയിരി ക്കുന്നു. താവട്ടയുടെ കുരു, എണ്ണ, ഇല, കായ എന്നിവയ്ക്കെല്ലാം ഔഷധഗുണമുണ്ട്.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%A4%E0%B4%BE%E0%B4%B5%E0%B4%9F%E0%B5%8D%E0%B4%9F" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍