This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

താലോഫൈറ്റ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

താലോഫൈറ്റ

Thallophyta

സസ്യലോകത്തിലെ അപുഷ്പിസസ്യവിഭാഗങ്ങളിലൊന്ന്. താലസ് എന്ന ഗ്രീക്ക് പദത്തിന്റെ അര്‍ഥം കാണ്ഡം, ഇല, വേര് എന്നിങ്ങനെ വിഭേദനം ചെയ്യപ്പെടാനാവാത്ത സസ്യശരീരം എന്നാണ്. ഇപ്രകാരമുളള താലസോടു കൂടിയ സസ്യങ്ങളുടെ വര്‍ഗനാമമാണിത്. താലോഫൈറ്റ വര്‍ഗത്തിലെ സസ്യങ്ങളെ താലോഫൈറ്റുകള്‍ എന്നു പറയുന്നു. 1836-ല്‍ എന്‍ഡ്ലിഷര്‍ (Endlicher) എന്ന ശാസ്ത്രജ്ഞനാണ് ശൈവാലങ്ങളേയും (ആല്‍ഗകള്‍) കുമിളുകളേയും (ഫംഗസുകള്‍) ലൈക്കനു (Lichens)കളേയും ഉള്‍പ്പെടുത്തിക്കൊണ്ട് താലോഫൈറ്റ എന്നു നാമകരണം ചെയ്തത്. ഈ വിഭാഗത്തില്‍പ്പെടുന്ന ഭൂരിഭാഗം സസ്യങ്ങളും ഇപ്രകാരമുളള താലസോടു കൂടിയവയാണെങ്കിലും കാണ്ഡം, ഇല, എന്നിവ പോലെയുളള ഘടക ഭാഗങ്ങളായി വേര്‍തിരിക്കാവുന്ന സവിശേഷ ശരീരഘടനയുളളവയും (ഉദാ. സര്‍ഗാസം) ഉണ്ട്.

ഈ വിഭാഗത്തില്‍, പ്രധാനമായും ആല്‍ഗകളിലും ഫംഗസുകളിലും ഏകകോശരൂപികള്‍ മുതല്‍ സങ്കീര്‍ണ ഘടനയുളളവ വരെയുണ്ട്. ആല്‍ഗകള്‍ക്ക് ഹരിതകം ഉളളതിനാല്‍ പ്രകാശസംശ്ളേഷണം മൂലം സ്വയം ഭക്ഷണം നിര്‍മിക്കാനാകും. ഫംഗസുകള്‍ക്ക് ഹരിതകമില്ലാത്തതിനാല്‍ പ്രകാശസംശ്ളേഷണം വഴി ഭക്ഷണനിര്‍മാണം സാധ്യമല്ല. അതിനാല്‍ ഇവ മറ്റു ജീവികളില്‍ പരാദങ്ങളായി ജീവിക്കുകയോ മൃതജൈവവസ്തുക്കളില്‍ ജീവിച്ച് അത് ആഹാരമാക്കുകയോ ചെയ്യുന്നു. ആല്‍ഗയും ഫംഗസും ഒന്നിച്ചു ചേര്‍ന്നുളള മിശ്രസസ്യങ്ങളാണ് ലൈക്കനുകള്‍.

താലോഫൈറ്റുകള്‍ ഈര്‍പ്പമുളളതും ജലലഭ്യതാ സാധ്യതയുളളതുമായ പ്രദേശങ്ങളില്‍ വളരുന്നവയാണ്. ഇവയുടെ പ്രത്യുത്പാദനത്തിന് ജലാംശം അനിവാര്യമാണെന്നതുതന്നെയാണ് ഇതിനു കാരണം. കായികം, അലൈംഗികം, ലൈംഗികം എന്നീ മൂന്നുവിധ പ്രത്യുത്പാദനരീതികളുണ്ട്. വരണ്ട കാലാവസ്ഥയില്‍ വളരുന്നവയുടെ താലസ് വളര്‍ച്ച മുരടിച്ചുപോകുന്നു. കരയില്‍ ജീവിക്കത്തക്ക അനുകൂലനങ്ങളൊന്നുംതന്നെയില്ലാത്തവയാണ് താലോഫൈറ്റുകളധികവും. ഇതില്‍പ്പെടുന്ന ആധുനിക ഇനങ്ങളും ആദിമ ഇനങ്ങളും പഠനവിധേയമായിട്ടുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍