This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

താലിപ്പരുന്ത്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

08:33, 30 ജൂണ്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

താലിപ്പരുന്ത്

Osprey or Fish hawk

താലിപ്പരുന്ത്

ദേശാടനപ്പക്ഷി. അസിപിട്രിഡേ (Accipitridae) പക്ഷി കുടുംബത്തില്‍പ്പെടുന്നു. ശാ.നാ. പാന്‍ഡിയോന്‍ ഹാലിയേറ്റസ് (Pandion haliaetus). ചക്കിപ്പരുന്തിനോളം വലുപ്പം വരും; കൃഷ്ണപ്പരുന്തിനേക്കാള്‍ വലുപ്പം കൂടുതലാണ്. കടലിലും കായലിലും വലിയ ജലാശയങ്ങള്‍, ജലസംഭരണികള്‍ എന്നിവിടങ്ങളിലും കാണപ്പെടുന്നു. ആണ്‍ പെണ്‍ പക്ഷികള്‍ കാഴ്ചയില്‍ ഒരുപോലെയിരിക്കും. ശരീരത്തിന്റെ പുറം ഭാഗത്തിന് കടും തവിട്ടുനിറവും അടിഭാഗത്തിന് വെളുപ്പുനിറവുമാണ്. തവിട്ടുനിറത്തില്‍ മാലപോലെ ഒരു പട്ട മാറിടത്തിലുണ്ട്. കൊക്കില്‍നിന്നു തുടങ്ങി കണ്ണിന്റെ ഭാഗത്തു കൂടി മാറിടത്തിലെ പട്ടയില്‍ എത്തി അവസാനിക്കുന്ന കറുത്ത കണ്‍പട്ടയും കണ്‍പട്ടയ്ക്കു മീതെ തലയില്‍ തെളിഞ്ഞു കാണുന്ന വെളളത്തൊപ്പിയും ഈ പക്ഷിയുടെ സവിശേഷതകളാണ്. മാറിടത്തില്‍ കാണപ്പെടുന്ന തവിട്ടുപട്ട പക്ഷിയുടെ കഴുത്തില്‍ മാലയിട്ടതുപോലെ തോന്നിക്കുന്നു. അതിനാലാണ് പക്ഷിക്കു താലിപ്പരുന്ത് എന്ന പേരു ലഭിച്ചത്. മങ്ങിയ തവിട്ടു നിറമുളള വാലില്‍ കുറേ നേര്‍ത്ത പട്ടകളുണ്ട്. കാലുകള്‍ നീളം കൂടിയതും ബലമുളളതും തൂവലുകള്‍ കൊണ്ട് പൊതിഞ്ഞിരിക്കുന്നതുമാണ്. വിരലുകളിലും അതിനല്പം മുകളിലേക്കും മാത്രമേ തൂവലുകളില്ലാതെയുള്ളൂ.

താലിപ്പരുന്തിന്റെ ചിറകുകള്‍ക്ക് അസാധാരണമായ നീളമുള്ളതിനാല്‍ ഇവ പറക്കുമ്പോള്‍ ഒരു വന്‍ പക്ഷിയാണെന്നേ തോന്നൂ. ഇവ ചിറകുകള്‍ പൂട്ടിയിരിക്കുമ്പോള്‍ ചിറകുകളുടെ നീളം വാലിന്റെ അറ്റം കവിഞ്ഞും കാണും. ചിറകു വിടര്‍ത്തുമ്പോള്‍ ചിറകിനു മധ്യത്തിലായി പുറകോട്ട് ഒരു വളവ് ഉണ്ടായിരിക്കും. ചിറകുകള്‍ വിടര്‍ത്തി ചലനങ്ങളൊന്നും തന്നെയില്ലാതെ സാവധാനമാണ് ഇവ കാറ്റില്‍ ഒഴുകിപ്പറക്കുന്നത്.

പറന്നുകൊണ്ടിരിക്കുമ്പോള്‍ത്തന്നെ വെളളത്തില്‍ സഞ്ചരിക്കുന്ന മത്സ്യത്തിന്റെ ഗതി മനസ്സിലാക്കി ഉന്നം തെറ്റാതെ താഴോട്ടുവന്ന് വെളളത്തില്‍ മുങ്ങി മത്സ്യത്തെ പിടിക്കുന്നു. അരത്തിന്റെ നാക്കു പോലെ, പരുപരുത്ത, ചെതുമ്പലുകളുള്ള വിരലുകളും നീണ്ടുവളഞ്ഞ് സൂചിപോലെ കൂര്‍ത്ത നഖങ്ങളും മത്സ്യത്തെ പിടിക്കാന്‍ സഹായകമാകുന്നു. മത്സ്യത്തെ കൊത്തി കീറി വിഴുങ്ങുകയാണ് ഇവയുടെ പതിവ്. ചിലയവസരങ്ങളില്‍ മത്സ്യത്തിന്റെ വലുപ്പവും ശക്തിയും മനസ്സിലാക്കാതെ റാഞ്ചിപ്പിടിച്ച് അതിന്റെ ശരീരത്തില്‍ നഖങ്ങള്‍ കുത്തിയിറക്കുന്നു. ഭാരം കൂടിയ മത്സ്യങ്ങളെ താങ്ങി പറക്കാന്‍ പറ്റാതെ വരുമ്പോള്‍ ഈ പക്ഷി മത്സ്യത്തോടൊപ്പം വെള്ളത്തില്‍ മുങ്ങി ചാകാറുമുണ്ട്. മത്സ്യം പിടിക്കാന്‍ സാധിക്കാത്ത സമയങ്ങളില്‍ മാംസവും എലി, തവള, കല്ലിന്മേല്‍ക്കായ, ചെറിയ ഇനം പല്ലികള്‍ തുടങ്ങിയവയും ഭക്ഷണമാക്കാറുണ്ട്.

ഇണകളായാണ് താലിപ്പരുന്ത് കൂടുകെട്ടി താമസിക്കുക. ചെറുകൂട്ടങ്ങളായും ഇവയെ കാണാറുണ്ട്. ചെറുകൂട്ടങ്ങളധികവും ദേശാടകരായിരിക്കും. മഞ്ഞുകാലവും വേനല്‍ക്കാലവും കേരളത്തില്‍ ജീവിച്ചശേഷം യൂറേഷ്യയുടെ വ.ഭാഗത്തേക്കു പോയി അവിടെ കൂടുകെട്ടി കുഞ്ഞു വിരിയിക്കുന്നു. വെള്ളത്തിനടുത്തുളള വന്‍ വൃക്ഷങ്ങളിലും ചിലപ്പോള്‍ തറയില്‍ തന്നേയും വലിയ ചുളളികള്‍ കൊണ്ടാണ് ഇവ കൂടുകെട്ടുന്നത്. അതില്‍ മൂന്നോ നാലോ വെളുത്ത മുട്ടകളിടും. ഒരിക്കല്‍ കൂടുകെട്ടിയ സ്ഥലത്തുതന്നെ വീണ്ടും വന്ന് ആ പഴയ കൂട്ടില്‍ കുറേ ചുളളികള്‍ കൂടി പിടിപ്പിച്ച് പുതിയതാക്കി വര്‍ഷംതോറും കുഞ്ഞു വിരിയിക്കുന്നത് ഇവയുടെ സ്വഭാവ സവിശേഷതയാണ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍