This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

താലികെട്ട്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

താലികെട്ട്

ഹിന്ദുമതാചാരപ്രകാരമുള്ള താലികെട്ട്
ക്രൈസ്തവ മതാചാരമുള്ള മിന്നുകെട്ട്

വിവാഹ സംബന്ധിയായ ഒരനുഷ്ഠാനം. വിവാഹത്തിന്റെ പ്രതീകമായ മംഗല്യസൂത്രം വധുവിനെ അണിയിക്കുന്ന ചടങ്ങാണിത്. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും ഹിന്ദുക്കളുടെയിടയില്‍ ദേശ-സാമുദായിക ഭേദങ്ങളോടെ ഈ ചടങ്ങ് നിലവിലുണ്ട്. ക്രൈസ്തവര്‍ക്കിടയിലും വിവാഹ മുഹൂര്‍ത്തത്തില്‍ താലി കെട്ടുന്ന ചടങ്ങുണ്ട്. ചില സ്ഥലങ്ങളില്‍ മുസ്ളിങ്ങളും താലികെട്ടു ചടങ്ങ് നടത്തുന്നു.

വിവാഹത്തിലെ ഏറ്റവും മുഖ്യമായ കര്‍മമാണ് താലികെട്ട്. മാലയിടല്‍, വസ്ത്രദാനം, കന്യാദാനം, താലികെട്ട്, പ്രദക്ഷിണം, ആശീര്‍വാദം എന്നിവയാണ് പൊതുവായ കേരളീയ ഹൈന്ദവ വിവാഹ ചടങ്ങുകള്‍. നിശ്ചിത മുഹൂര്‍ത്തത്തില്‍ വരന്‍ വിവാഹമണ്ഡപത്തിന്റെ പടിഞ്ഞാറുവശത്തുകൂടി കിഴക്കോട്ടു തിരിഞ്ഞ് മണ്ഡപത്തില്‍ കയറുന്നു. തുടര്‍ന്ന് പീഠത്തിന്റെ വടക്കു ഭാഗത്തായി ഇരിക്കുന്നു. വധു മണ്ഡപത്തിന്റെ കിഴക്കുഭാഗം വന്നു വരനെ വണങ്ങിയശേഷം ഇടതുഭാഗത്തായി ഇരിക്കുന്നു. തുടര്‍ന്ന് താലികെട്ടു ചടങ്ങ് നടക്കും. വരന്‍ വധുവിന്റെ കഴുത്തില്‍ മംഗല്യസൂത്രം ചാര്‍ത്തി സ്വീകരിക്കുന്നു എന്നാണ് ഈ ചടങ്ങ് അര്‍ഥമാക്കുന്നതെങ്കിലും പല സമുദായങ്ങളിലും വരനല്ല താലികെട്ടുന്നത്. നായര്‍ സമുദായത്തില്‍ വരന്‍ താലി കഴുത്തില്‍ വയ്ക്കുകയും വരന്റെ സഹോദരിരോ സഹോദരീസ്ഥാനീയരോ അത് കെട്ടുകയും ചെയ്യുന്നതാണ് പതിവ്. നമ്പൂതിരി സമുദായത്തില്‍ വധുവിന്റെ അച്ഛന്‍ താലികെട്ടി, തന്റെ കന്യകയെ വരനു ദാനം ചെയ്യുകയാണു ചെയ്യുന്നത്. മുള്ളുവക്കുറുമര്‍ക്കിടയില്‍ താലി കെട്ടിക്കുന്നത് അമ്മാവനാണ്. ചില സമുദായങ്ങളില്‍ സമുദായത്തലവനാണ് താലികെട്ട് നടത്തുക. വിശ്വകര്‍മ സമുദായത്തില്‍ വരന്‍തന്നെയാണ് താലി കെട്ടുന്നത്. ഹൈന്ദവാചാരപ്രകാരം താലികെട്ടുമ്പോള്‍ വരന്‍ ഈ മന്ത്രം ജപിക്കണമെന്നാണ് വിധി.

'മംഗല്യം തന്തുനാ അനേന

മമ ജീവനേ ഹേതുനാ

കണേ്ഠ ബന്ധാമി സുഭഗേ

ത്വം ജീവ ശരദശ്ശതം'

ഭാരതീയ പാരമ്പര്യത്തെ സ്വാംശീകരിക്കുന്നതിന്റെ ഭാഗമായിട്ടാകണം ഇവിടത്തെ ക്രൈസ്തവര്‍ക്കിടയിലും താലികെട്ട് നടപ്പിലായത്. (പാശ്ചാത്യനാടുകളിലെ ക്രൈസ്തവ വിവാഹങ്ങളില്‍ മോതിരമണിയിക്കലിനാണ് പ്രാധാന്യം.) കേരളീയ ക്രൈസ്തവര്‍ക്കിടയില്‍ മിന്ന് എന്ന പേരിലാണ് താലി അറിയപ്പെടുന്നത്. പൊതുവേ എല്ലാ സഭാവിഭാഗങ്ങള്‍ക്കിടയിലും വരന്‍തന്നെയാണ് മിന്ന് കെട്ടുന്നത്. ചില വിഭാഗങ്ങളില്‍ പുരോഹിതന്‍ മിന്ന് വധുവിന്റെ കഴുത്തില്‍ വച്ചുകൊടുക്കുകയും വരന്‍ അത് കെട്ടുകയും ചെയ്യുന്ന പതിവുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍