This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

താലികെട്ടു കല്യാണം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

താലികെട്ടു കല്യാണം

കേരളത്തില്‍ നിലനിന്നിരുന്ന ഒരു ആചാരം. പെണ്‍കുട്ടികള്‍ ഋതു മതികളാകുന്നതിനു മുമ്പാണ് ഇതു നടത്തിയിരുന്നത്. ഈ ആചാരത്തിന്റെ ചടങ്ങുകള്‍ വിവാഹത്തിനു സമാനമാണെങ്കിലും, യഥാര്‍ഥ വിവാഹവുമായി ഇതിനു ബന്ധമില്ല. താലികെട്ടു കല്യാണം നടത്തുന്ന പെണ്ണും ചെറുക്കനും തമ്മില്‍ പിന്നീട് യാതൊരു ബന്ധവും പുലര്‍ത്താറില്ല. ഒരു പെണ്‍കുട്ടി പ്രായപൂര്‍ത്തിയെത്തി സ്ത്രീത്വത്തിലേക്കു പ്രവേശിക്കുന്നതിനു മുമ്പു നടത്തിയിരുന്ന ഈ ആചാരത്തില്‍ വിവാഹത്തിന്റെ യാതൊരു സൂചനയുമില്ല.

കേരളത്തിലെ പല ജാതി-വര്‍ഗങ്ങള്‍ക്കിടയിലും മൂന്ന് തരം കല്യാണം നിലനിന്നിരുന്നു. താലികെട്ടു കല്യാണം, തിരണ്ടുകല്യാണം, കല്യാണം (വിവാഹം) എന്നിവയാണവ. ഈ മൂന്ന് സമ്പ്രദായങ്ങളും നടപ്പുള്ള സമൂഹങ്ങളില്‍ താലികെട്ടു കല്യാണമാണ് ആദ്യം നടത്തേണ്ടത്. കന്യകയെ മുന്‍നിര്‍ത്തിയുള്ള ആദ്യത്തെ മംഗളകര്‍മമാണത്. കന്യകയുടെ കഴുത്തില്‍ താലികെട്ടുകയെന്ന ചടങ്ങാണ് മുഖ്യം. കെട്ടുകല്യാണം, താലിക്കല്യാണം എന്നീ പേരുകളിലും ഇത് അറിയപ്പെട്ടിരുന്നു. ഈ ചടങ്ങ് പന്തലില്‍ വച്ച് നടത്താറുള്ളതിനാല്‍ ചിലര്‍ 'പന്തല്‍കല്യാണം' എന്നും പറയാറുണ്ട്. കല്യാണത്തിന് 'മങ്ങലം' (മംഗളം) എന്ന് വ്യവഹാരമുണ്ട്. അതിനാല്‍, താലികെട്ടു മങ്ങലം, പന്തല്‍ മങ്ങലം എന്നിങ്ങനെയും പറയുക പതിവായിരുന്നു.

ഈ ആചാരത്തിന്റെ ആവിര്‍ഭാവത്തെക്കുറിച്ച് വ്യത്യസ്താഭിപ്രായങ്ങളുണ്ട്. മലബാറില്‍ ഹൈദരാലിയുടെ ആക്രമണകാലത്ത് നടപ്പിലാക്കിയ ഒരാചാരമാണിതെന്നു വാദിക്കുന്നവരുണ്ട്. വിവാഹിതകളായ സ്ത്രീകളെ മൈസൂര്‍ ഭരണാധികാരികള്‍ പിടിച്ചു കൊണ്ടുപോകില്ല എന്ന വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍, പെണ്‍കുട്ടികളെ വിവാഹിതകളെപ്പോലെ തോന്നിപ്പിക്കുവാന്‍ വേണ്ടി ആവിഷ്കരിച്ച ഒരു ആചാരമാണിത് എന്നാണ് അക്കൂട്ടരുടെ വാദം. എന്നാല്‍, 18-ാം ശ.-ത്തിനു മുമ്പുതന്നെ ഈ ആചാരം നിലനിന്നിരുന്നു എന്ന വസ്തുത ഈ വാദത്തെ ദുര്‍ബലമാക്കുന്നു.

താലികെട്ടുകല്യാണം മരുമക്കത്തായ സമ്പ്രദായക്കാര്‍ക്കിടയിലാണു കൂടുതല്‍ നടപ്പിലിരുന്നത്. എങ്കിലും, മക്കത്തായ സമ്പ്രദായക്കാരിലും അപൂര്‍വമായി ഈ ചടങ്ങ് നിലനിന്നുപോരുന്നുണ്ട്.

നിയമാനുസൃതവും യഥാര്‍ഥവുമായ വിവാഹമല്ല താലികെട്ടു കല്യാണം. വിവാഹത്തിന്റെ മുഖ്യ ചടങ്ങുകളെല്ലാം അതിനുണ്ടെങ്കിലും അതിന് വിവാഹത്തിനുള്ളത്ര ഗൗരവമില്ല. 'പരിഹാസച്ചടങ്ങ്' എന്ന് ചില എഴുത്തുകാര്‍ ഇതിനെ വിശേഷിപ്പിച്ചിട്ടുള്ളത് അതുകൊണ്ടായിരിക്കാം. കന്യകയ്ക്ക് വിവാഹപ്രായമാകുമ്പോള്‍, താലി കെട്ടിയ ആള്‍തന്നെ വരനായിരിക്കണമെന്ന നിര്‍ബന്ധമില്ലാത്തത് പ്രത്യേകം ശ്രദ്ധേയമാണ്.

നായര്‍ത്തറവാടുകളില്‍ താലികെട്ടുകല്യാണം അടുത്തകാലം വരെ ആര്‍ഭാടപൂര്‍വം നടത്തിവന്നിരുന്നു. അലങ്കരിച്ച പന്തലില്‍ വച്ചാണ് അതു നടത്തുക. പന്തല്‍ നിര്‍മിക്കുവാനുള്ള തെങ്ങ് മുറിക്കുന്നതുതന്നെ ആഘോഷപൂര്‍വമായിരുന്നു. 'പൊഴുത്തെങ്ങു മുറിക്കല്‍' എന്ന ആ ചടങ്ങ് മംഗളകരമായ ഒരു കര്‍മമത്രെ. ഈ ചടങ്ങുകള്‍ക്കെല്ലാം കണിയാന്‍ മുഹൂര്‍ത്തം പറയണമെന്ന് നിയമമുണ്ട്.

നായര്‍ക്കിടയില്‍, താലികെട്ടുകല്യാണത്തിന് വരന്മാരെ തിരഞ്ഞെടുക്കുന്നത് 'മച്ചമ്പിക്കാര്‍' എന്നറിയപ്പെടുന്ന കുലീന തറവാടുകളില്‍ നിന്നായിരുന്നു. ഓരോ കരയിലും മൂന്നോ നാലോ മച്ചമ്പിത്തറവാടുകളുണ്ടായിരിക്കും. വടക്കന്‍ തിരുവിതാംകൂറില്‍ മച്ചമ്പികള്‍ക്കു പകരം ആര്യഭട്ടര്‍, തിരുമുല്‍പ്പാട്, നമ്പിയാടി, ഇളയത് എന്നീ കുടുംബങ്ങളാണ് ഇതു നിര്‍വഹിച്ചിരുന്നത്.

നായന്മാരുടെ കെട്ടുകല്യാണത്തിന് നാലഞ്ചുദിവസം നീണ്ടു നില്ക്കുന്ന പരിപാടികള്‍ ഉണ്ടായിരിക്കും. തലേദിവസം ചിലര്‍ അത്താഴസദ്യ നടത്തും. ബന്ധുക്കളും മറ്റും അതിനു വന്നുചേരും. കന്യകയെ നല്ല വസ്ത്രങ്ങളും ആഭരണങ്ങളും ധരിപ്പിച്ച് പന്തലിലേക്ക് ആനയിക്കും. അവിടെ അഷ്ടമംഗല്യം (ദീപം, നിറപറ, വെറ്റില, അടയ്ക്ക, പുഷ്പം, ഫലം, നാളികേരം, കലശം എന്നിങ്ങനെയുള്ള എട്ട് വസ്തുക്കള്‍) വച്ചിരിക്കണം. ബ്രാഹ്മണിയമ്മമാരുടെ പാട്ട് ആ സന്ദര്‍ഭത്തില്‍ പതിവുള്ളതാണ്. പുഷ്പക സമുദായത്തില്‍പ്പെട്ട സ്ത്രീകളാണ് ബ്രാഹ്മണിയമ്മമാര്‍. ക്ഷേത്രങ്ങളില്‍ മാലയും പൂവും തയാറാക്കുന്ന കഴകവൃത്തിയോടൊപ്പം പാട്ടുപാടുവാനും ഇവര്‍ക്ക് അവകാശം വച്ചിട്ടുണ്ട്. തൃശൂര്‍, കോട്ടയം, എറണാകുളം എന്നീ ജില്ലകളില്‍ മുഖ്യമായും ബ്രാഹ്മണിപ്പാട്ട് നിലനില്‍ക്കുന്നുണ്ട്. മധ്യകേരളത്തില്‍ ബ്രാഹ്മണിയമ്മമാര്‍ പാടുന്നതുപോലെ, ഉത്തരകേരളത്തില്‍ 'പാപ്പിരിയമ്മ'മാര്‍ ആണ് പാട്ടുപാടി വരുന്നത്. ആ പാട്ടിനുശേഷം സദ്യ നടത്തും.

താലികെട്ടുന്ന ദിവസം രാവിലെ കന്യകയെ നല്ല വസ്ത്രാഭരണാദികള്‍ അണിയിച്ച് സ്ത്രീകള്‍ പന്തലിലേക്ക് ആനയിക്കും. പന്തലിനകത്ത് ചതുരാകൃതിയില്‍, അലങ്കരിച്ച വേദിയുണ്ടായിരിക്കും. കന്യകയെ വേദിക്ക് മൂന്ന് പ്രദക്ഷിണം ചെയ്യിപ്പിക്കും. അതിനുശേഷം ചിലയിടങ്ങളില്‍ 'ആദിത്യനെ തൊഴീക്കല്‍' എന്നൊരു ചടങ്ങും പതിവുണ്ട്. 'മുല്ലകൊണ്ടുവരല്‍' എന്ന മറ്റൊരു ചടങ്ങും തുടര്‍ന്നു നടക്കും. അടുത്തുള്ള ക്ഷേത്രത്തില്‍ ഒരിലയില്‍ പൂവും താലിയും കൊടുത്ത് പൂജിച്ചു വാങ്ങും. അത് കല്യാണഗൃഹത്തില്‍ എത്തിക്കുന്നത് ബ്രാഹ്മണനോ മറ്റോ ആയിരിക്കും. വനിതകളുടെ ചില പാട്ടും കളിയും കഴിഞ്ഞതിനുശേഷമാണ് ആ താലി പന്തലിലെ വേദിയില്‍ കൊണ്ടുവരുന്നത്. കന്യക പന്തലില്‍ (വേദിയില്‍) കിഴക്കോട്ടു തിരിഞ്ഞിരിക്കണം. താലികെട്ടുവാനേറ്റ ഇളയതോ, നമ്പിടിയോ, തിരുമുല്‍പ്പാടോ ഒരു വരന് അനുഗുണമായ വേഷത്തില്‍ അവിടെ സന്നിഹിതനായിരിക്കും. കന്യകയുടെ സഹോദരന്‍ അയാളെ നമസ്കരിക്കണം. താലികെട്ടുവാനുള്ള മുഹൂര്‍ത്തമായാല്‍ ജോത്സ്യനായ കണിയാന്‍ ആ കാര്യം മൂന്നുവട്ടം വിളിച്ചുപറയും. അപ്പോള്‍ കന്യകയുടെ കഴുത്തില്‍ താലികെട്ടും. താലികെട്ടിയ ആള്‍ക്ക് പണവും വെറ്റിലയും പഴുക്കയും ദക്ഷിണ നല്കണമെന്നുണ്ട്. താലികെട്ടുന്ന വ്യക്തി തന്നെ യഥാര്‍ഥ വരനായി വരണമെന്നില്ല. എങ്കിലും, ചിലേടങ്ങളില്‍ താലികെട്ടിയ ആള്‍ മരിച്ചാല്‍ അവള്‍ സ്വന്തം ഭര്‍ത്താവ് മരിച്ചാലെന്നതുപോലെ, പതിനഞ്ചു ദിവസം പുല ആചരിക്കുന്ന പതിവുണ്ടത്രെ.

താലികെട്ടു കല്യാണത്തിന്റെ എല്ലാ ചടങ്ങുകളിലും ബ്രാഹ്മണിയമ്മയുടെ സാന്നിധ്യമുണ്ടായിരിക്കും. താലികെട്ടുമ്പോഴും അവര്‍ പാടും. കിണ്ണത്തില്‍ പിച്ചാത്തിയോ മറ്റോ മുട്ടി താളം പിടിച്ചു കൊണ്ടാണ് പാട്ട് പാടുന്നത്. ക്ഷേത്രങ്ങളില്‍ ഭഗവതീ പ്രീണനാര്‍ഥം പാടുന്ന പാട്ടുകളല്ല കെട്ടുകല്യാണത്തിന് പാടി വരുന്നത്. ബ്രാഹ്മണിയമ്മമാരുടെ 'ഭഗവതിപ്പാട്ടുക'ളില്‍ കാളീചരിതങ്ങളും മറ്റുമാണ് പ്രതിപാദ്യം. എന്നാല്‍, കെട്ടുകല്യാണത്തിന് സ്വയംവരകഥകള്‍ക്കാണ് മുന്‍ഗണന. പാര്‍വതീസ്വയംവരം, പാഞ്ചാലീസ്വയംവരം, ലക്ഷ്മീസ്വയംവരം, കൃഷ്ണലീല, സുഭദ്രാഹരണം, ദമയന്തീസ്വയംവരം, സാവിത്രീസ്വയംവരം, ശീലാവതീചരിതം തുടങ്ങിയ കഥപ്പാട്ടുകള്‍ കെട്ടുകല്യാണത്തിന് പാടുന്നവയാണ്.

'അക്കാലത്തു ഹിമവാനാകാ, പിന്നെ

ഓഷധിപ്രസ്ഥത്തിങ്കലെല്ലാ-

മൊരേട പൊതിഞ്ഞും തുടങ്ങിയല്ലോ.

പട്ടുചേലകള്‍ കൊണ്ടുപരിചില്‍ വിതാനിച്ചു

മണിവിളക്കു കൊളുത്തി രത്നങ്ങളെക്കോരി

നിറപറവെച്ചും തുടങ്ങിയല്ലോ.'

എന്നിങ്ങനെയാണ് പാര്‍വതീസ്വയംവരപ്പാട്ട് ആരംഭിക്കുന്നത്. പാട്ടുപാടുന്നതിന്റെ ഫലശ്രുതി ചില പാട്ടുകളുടെ അന്ത്യത്തില്‍ എടുത്തുപറയാറുണ്ട്.

'ശീലാവതി ഭര്‍ത്തൃശുശ്രൂഷ ചെയ്തപ്രകാരം

പതിവ്രതമാര്‍ കേര്‍ക്കയോ പെരികെനന്നല്ലോ'

എന്നീ പ്രകാരം ശീലാവതീചരിതത്തിന്റെ ഒടുവില്‍ കാണുന്ന ഭാഗം അതിനു തെളിവാണ്.

താലികെട്ടുകല്യാണത്തിന് വനിതകളുടെ മംഗളസൂചകമായ വായ്ക്കുരവ പതിവുണ്ട്. ബന്ധുമിത്രാദികള്‍ വന്നുചേരും. അവര്‍ക്കെല്ലാം വെറ്റിലയും അടയ്ക്കയും നല്കുന്നു. വിഭവസമൃദ്ധമായ സദ്യയുമുണ്ടായിരിക്കും. താലികെട്ടു കല്യാണത്തിന്റെ ചടങ്ങുകള്‍ അതോടെ സമാപിക്കുമെങ്കിലും, അടുത്ത മൂന്നുദിവസം വരെ അതിന്റെ അനുബന്ധമായി പാട്ടും കളികളും തുടരുന്നു. താലികെട്ടിന്റെ അടുത്ത ദിവസവും ചെറിയ തോതില്‍ സദ്യ പതിവുണ്ട്. നാലാം ദിവസം രാവിലെ മറ്റു സ്ത്രീകള്‍ ചേര്‍ന്ന് കന്യകയെ തേച്ചുകുളിപ്പിക്കുകയും നല്ല വസ്ത്രാഭരണാദികള്‍ അണിയിക്കുകയും ചെയ്യും. സമീപത്തുള്ള ക്ഷേത്രങ്ങളില്‍ കന്യകയെ കൂട്ടികൊണ്ടു പോയി തൊഴുവിക്കും. ഭവനത്തില്‍ തിരിച്ചുവന്ന് പാല്‍ക്കഞ്ഞി കുടിക്കുന്നതോടെ താലികെട്ടു കല്യാണചടങ്ങുകളെല്ലാം സമാപിക്കുന്നു. നായന്മാരുടെ ഇടയില്‍ കന്യകമാര്‍ക്ക് നന്നേ ചെറുപ്പത്തിലേ കഴുത്തില്‍ താലി കെട്ടാറുണ്ടെന്നും, അങ്ങനെ ചെയ്യാതിരിക്കുന്നത് കുടുംബത്തിന് കുറച്ചിലായി കരുതിവന്നിരുന്നുവെന്നും മലബാര്‍ മാന്വലില്‍ വില്യം ലോഗന്‍ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, കെട്ടുകല്യാണം അവര്‍ക്കിടയില്‍ പിന്നീട് വിരളമായി.

ഉത്തരകേരളത്തിലെ ഇടപ്രഭു കുടുംബക്കാരായ 'സ്വരൂപ' ക്കാരെ സാമന്തന്മാര്‍ എന്നു വിളിക്കാറുണ്ട്. ഇവര്‍ക്കിടയില്‍ താലികെട്ടുകല്യാണം വളരെ ആര്‍ഭാടമായി നടത്തിവന്നിരുന്നു. നമ്പിടിയാണ് താലികെട്ടുന്നത്. തറവാട്ടില്‍ കാരണവര്‍ അയാളെ സ്വീകരിച്ചുകൊണ്ടുവരും. അയാള്‍ കാലുകഴുകി പടിഞ്ഞാറ്റയില്‍ ചെന്നിരിക്കണം. തറവാട്ടിലെ മംഗളസ്ത്രീകള്‍ നമ്പിടിയുടെ സമീപത്ത് ചെന്ന് നമസ്കരിച്ച്, കന്യകയുടെ താലികെട്ട് നടത്തിത്തരണമെന്ന് അപേക്ഷിക്കുമത്രേ. താലികെട്ടു മങ്ങലത്തിന് രാവിലെ കന്യകയെ കുളിപ്പിക്കും. പള്ളിച്ചാച്ചാര്‍ വഹിക്കുന്ന മഞ്ചലില്‍ കയറിയാണ് കന്യക കുളിക്കടവിലേക്ക് പോകേണ്ടത്. നായന്മാര്‍ അതിന് അകമ്പടി സേവിക്കും. വണ്ണാത്തറച്ചി(വെളുത്തേട സ്ത്രീ)യും മറ്റും ഒപ്പം പോകും. താലികെട്ട് നടത്തുവാന്‍ മുറ്റത്ത് 'ചിത്രകൂടത്തറ' നിര്‍മിക്കാറുണ്ടായിരുന്നു. മൂന്ന് കോല് സമചതുരത്തില്‍ നിര്‍മിച്ച ആ വേദി ഭംഗിയില്‍ അലങ്കരിക്കും. ആ തറ ഉള്‍പ്പെടുമാറ് വിശാലമായ പന്തലും നിര്‍മിക്കും. ചിത്രകൂടത്തറയില്‍ നിലവിളക്കും അഷ്ടമംഗല്യവും തയ്യാറാക്കി, താലി അവിടെ കൊണ്ടുവയ്ക്കും. മഞ്ഞ മുക്കിയ നൂലിലാണ് മംഗലത്താലി കോര്‍ക്കുന്നത്. നൂലിന്റെ അറ്റത്ത് തൊങ്ങലുകളും ഉണ്ടായിരിക്കും. മുഹൂര്‍ത്തമായാല്‍ നമ്പിടി ചെന്ന് കന്യകയ്ക്ക് താലികെട്ടും. വനിതകളുടെ വായ്ക്കുരവ മംഗളകരമായ ഒരന്തരീക്ഷത്തിന്റെ പ്രതീതിയുളവാക്കുന്നു.

സാമന്തവംശജരാണെന്നു കരുതപ്പെടുന്ന ഉണിത്തിരി, കയ്മള്‍ എന്നീ വിഭാഗക്കാര്‍ക്കിടയിലും താലികെട്ടുകല്യാണം പതിവുണ്ടായിരുന്നു.

യാദവവംശജരായ മണിയാണിമാര്‍(എരുമാന്‍ മണിയാണി, കോലാന്‍ മണിയാണി)ക്കിടയില്‍ താലികെട്ടു കല്യാണം 'പന്തല്‍ മങ്ങലം' എന്ന പേരിലാണ് അറിയപ്പെടുന്നത്. കന്യക ഋതുവാകുന്നതിനു മുമ്പ് പന്തല്‍മങ്ങലം നടന്നില്ലെങ്കില്‍ ഭ്രഷ്ട് കല്പിക്കപ്പെടുമായിരുന്നു. ഈ രണ്ട് മണിയാണീവിഭാഗക്കാരുടെയും താലികെട്ടു മങ്ങലച്ചടങ്ങുകള്‍ക്ക് ഏറെക്കുറെ സാമ്യം കാണാം. മുഹൂര്‍ത്ത ദിവസം കന്യകയുടെ അമ്മായിയും അച്ഛന്‍വീട്ടുകാരും ചേര്‍ന്ന് അവളെ കുളിപ്പിക്കും. അതിന് 'വണ്ണാത്തിമാറ്റ്' ഉപയോഗിക്കാറുണ്ടായിരുന്നു. പടിഞ്ഞാറ്റയില്‍ ദീപം വെച്ച് കുളിച്ചു വന്ന കന്യകയെ നല്ല വസ്ത്രങ്ങള്‍ ഉടുപ്പിച്ച് കുറിതൊടുവിച്ച്, പടിഞ്ഞാറ്റയുടെ മൂലയ്ക്ക് ഇരുത്തും. 'തെരട്ടിക്കൂട്ടല്‍' എന്നാണ് ഈ ചടങ്ങിന് പേര്. പിന്നീട് കന്യകയെ പന്തലിലേക്ക് ആനയിക്കുന്ന ചടങ്ങാണ്. ഇല്ലോന്‍, എണങ്ങോന്‍, അമ്മായിമാര്‍ എന്നിവര്‍ ചേര്‍ന്നാണ് 'മങ്ങലക്കുഞ്ഞി'നെ പന്തലില്‍ ഇറക്കുന്നത്. കന്യക കിഴക്കോട്ട് മുഖമായി നില്‍ക്കണം. അവളുടെ പിതാവ് 'പാറ്റമിഡല്‍' എന്ന ഒരു തരം താലി അവളുടെ കഴുത്തില്‍ കെട്ടും. സ്വര്‍ണം, പുഷ്പം, ഉണക്കലരി എന്നിവ കലര്‍ത്തി ഒരു നാക്കിലയില്‍ വച്ചിരിക്കും. പെണ്‍കുട്ടി അതില്‍ നിന്ന് അവ വാരിയെടുത്ത് മറ്റൊരിലയിലിടണം. ഇത് ഒരു ശകുനം നോക്കലാണ്. സ്വര്‍ണം മലര്‍ന്നിട്ടാണെങ്കില്‍ ശുഭഫലമാണെന്ന് വിശ്വാസം. എരുമാന്‍ മണിയാണിമാര്‍ക്കിടയില്‍ ഇത് പതിവുണ്ട്. അരിയും തുമ്പപ്പൂവും ഒരു ഉരുളിയിലിട്ട് വെള്ളമൊഴിച്ച് കന്യകയോട് കൈയിലുള്ള വാല്‍ക്കണ്ണാടികൊണ്ട് അത് ഇളക്കുവാന്‍ പറയും. ഉരുളിയിലെ തുമ്പപ്പൂവ് ഏത് ഭാഗത്ത് ചെന്ന് നില്‍ക്കുന്നുവെന്ന് നോക്കി ഫലം പറയുന്ന പതിവും കാണാം. കോലാന്‍ മണിയാണിമാര്‍ക്കിടയിലാണ് ഇത് കൂടുതല്‍ പതിവുള്ളത്. പന്തല്‍ മങ്ങലത്തിന്റെ ഈ ചടങ്ങുകള്‍ക്ക് ശേഷം കന്യക ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തണമെന്നുണ്ട്. ബന്ധുമിത്രാദികള്‍ അവളോടൊപ്പം പോകും. ചില പ്രദേശങ്ങളില്‍ ഒരു ചടങ്ങെന്നോണം മങ്ങലപ്പെണ്ണിനെക്കൊണ്ട് തേങ്ങ ചിരകിച്ച് അരപ്പിക്കാറുണ്ട്. മണിയാണിമാര്‍ക്കിടയിലും താലികെട്ടുമങ്ങലസദ്യ പതിവുണ്ട്.

തീയജാതിയില്‍പ്പെട്ട പെണ്‍കുട്ടിക്കും താലികെട്ടു കല്യാണം പതിവുണ്ട്. മുറച്ചെറുക്കനാണ് പ്രായേണ താലികെട്ട് നടത്തേണ്ടത്. ഈഴവര്‍ തീയരുമായി വര്‍ഗബന്ധമുള്ളവരാണ്. അവര്‍ക്കിടയിലും കെട്ടുകല്യാണച്ചടങ്ങ് നിലനിന്നിരുന്നു. മരുമക്കത്തായ സമ്പ്രദായക്കാരാണിവര്‍. മുറച്ചെറുക്കനോ ഭാവിയില്‍ ഭര്‍ത്താവായിരിക്കേണ്ട ഒരാളോ ആയിരിക്കും താലികെട്ടുന്നത്. വെറും തമാശച്ചടങ്ങായിട്ടല്ല അവര്‍ അതിനെ കാണുന്നത്. ബന്ധുമിത്രാദികള്‍ പങ്കെടുത്തുകൊണ്ടുള്ള സദ്യ അതിനുണ്ടായിരിക്കും. ഈഴവര്‍ താലികെട്ടു കല്യാണത്തിന് പാട്ടുകള്‍ പാടാറുണ്ട്.

'മുമ്പില്‍ വിളക്കും ഗണപതിവാഴ്ക

പിന്നെ സരസ്വതി നാവെല്‍ വാഴ്ക

ഈശനും മാമല കന്നിവാഴ്ക

കൃഷ്ണനുമെന്റെ ഗുരുക്കന്മാരും

ഉള്‍ക്കാമ്പില്‍ വന്നിങ്ങുദിച്ചിടേണം'

എന്നാരംഭിക്കുന്ന ഒരു പാട്ടില്‍ പന്തല്‍ അലങ്കരണത്തെപ്പറ്റി വര്‍ണിക്കുന്നതു നോക്കുക.

'കല്യാണവീട്ടിലൊരു പന്തല്‍വേണം

പന്തല്‍ക്കു പാല മുറിക്കവേണം

................ ................. ...............

പന്തലലങ്കാരം വേണമെങ്കില്‍

പന്തല്‍ക്കാല്‍ നാലും പൊതിയവേണം

പന്തല്‍ക്കാല്‍ നാലും പൊതിയണെങ്കില്‍

അഞ്ച് വിധത്തില് പട്ടുവേണം.

............... ................. ...............

പന്തലിലേഴു വിളക്കുവേണം

വിളക്കിനതേഴിനും പേരുകേള്‍ക്ക

തൂക്ക് വിളക്ക് തുടര്‍ വിളക്ക്

പാല വിളക്ക് പടി വിളക്ക്

നന്താര്‍ വിളക്ക് മണിവിളക്ക്

എഴുനിലയുള്ള പൊന്‍വിളക്ക്'

എന്നിങ്ങനെ നീണ്ടുപോകുന്ന ആ പാട്ടിന് 'പന്തല്‍പ്പാട്ട്' എന്നാണ് പേര്.

പദ്മശാലിയര്‍ക്കിടയില്‍ താലികെട്ടുകല്യാണം നിലവിലുണ്ടാ യിരുന്നു. നാല് ദിവസത്തെ ചടങ്ങുകള്‍ അതിനുണ്ടായിരുന്നു. ഒന്നാം ദിവസം കന്യകയെ കട്ടിലില്‍ ഇരുത്തുന്ന ഒരു ചടങ്ങുണ്ട്. അവള്‍ കുളിക്കാനും മറ്റും പുറത്തുപോകുമ്പോള്‍ 'പത്തില്ലത്ത് പത്തമ്മമാര്‍' ഒപ്പമുണ്ടാകും. ക്ഷേത്രസ്ഥാനികനാണ് താലികെട്ടല്‍ ചടങ്ങ് നടത്തേണ്ടത്. അനേകം കന്യകമാരുടെ താലികെട്ടു കല്യാണം ഒന്നിച്ചു നടത്തുമ്പോള്‍, ഒരേ താലി തന്നെ മാറിമാറി കെട്ടുകയാണ് പതിവ്. നാലാം ദിവസം രാവിലെ കന്യകയെ ക്ഷേത്രത്തില്‍ കൂട്ടിക്കൊണ്ടുപോകും. 'തേവരെ തൊഴീക്കല്‍' എന്നാണ് അതിനു പേര്.

വാണിയ സമുദായത്തില്‍പ്പെട്ട കന്യകമാരുടെ താലികെട്ടു കല്യാണം മുച്ചിലോട്ടു കാവുകളിലെ പെരുംകളിയാട്ടത്തോടനുബന്ധിച്ചാണു നടത്തപ്പെടുന്നത്. 'പന്തല്‍മങ്ങലം' എന്നാണ് അവര്‍ അതിന് പേര് പറയുന്നത്. അഞ്ചുവയസ്സിനും പന്ത്രണ്ടുവയസ്സിനു മിടയില്‍ ഈ ചടങ്ങ് നടത്തണമെന്നാണ് വയ്പ്. കളിയാട്ടം അവസാനിക്കുന്നതിന് തലേന്നാള്‍ രാത്രിയില്‍ മുച്ചിലോട്ടു ഭഗവതിയുടെ തോറ്റം പുറപ്പെട്ടാലാണ് താലികെട്ടു നടത്തുക. തോറ്റമാണ് കന്യകമാരെ താലി അണിയിക്കേണ്ടത്.

ചന്ദ്രഗിരിപ്പുഴയ്ക്കു വടക്കുള്ള വാണിയര്‍ 'പാട്ടാളികള്‍' എന്ന പേരിലാണ് അറിയപ്പെടുന്നത്. അവര്‍ക്കിടയിലും അനേകം കന്യകമാരുടെ താലികെട്ട് ഒപ്പം നടത്തുന്ന ചടങ്ങുണ്ട്. കളിയാട്ടത്തോടനുബന്ധിച്ചു തന്നെയാണ് അതു നടത്തപ്പെടുന്നതെങ്കിലും, തോറ്റമല്ല താലികെട്ടിക്കുന്നത്, 'അച്ചന്മാരാണ്'. സ്ഥാനികരായ 'അച്ചന്മാര്‍'ക്ക് കന്യകമാരെക്കൊണ്ട് വെറ്റിലയും അടയ്ക്കയും കൊടുപ്പിക്കും. രക്ഷിതാക്കള്‍ കൊണ്ടുവന്ന മാല വാങ്ങി 'അച്ചന്മാര്‍' കന്യകമാരെ അണിയിക്കുന്നു.

മുക്കുവര്‍ക്കിടയിലും പെണ്‍കുട്ടി ഋതുവാകുന്നതിനുമുമ്പ് താലികെട്ടുകല്യാണം നടത്തുന്ന പതിവു നിലനിന്നിരുന്നു. ഇവര്‍ അനേകം കന്യകമാരുടെ കെട്ടുകല്യാണം ഒന്നിച്ച് നടത്താറുണ്ട്. 'സ്ഥാന'ങ്ങളിലോ തറവാടുകളിലോ വച്ച് അത് നടത്താം. 'അച്ചന്മാ'രും കാരണവത്തി(അമ്മാറ്)കളും ചടങ്ങില്‍ നിര്‍ബന്ധമായും പങ്കെടുക്കണം. കന്യക വെറ്റിലയും അടയ്ക്കയും വച്ച് ഇവരെ വന്ദിക്കണം. ചിലേടങ്ങളില്‍ കന്യകമാരെ താലിച്ചരട് അണിയിക്കേണ്ടത് 'അമ്മാറാണ്.'കാവില്‍ വച്ച് നടത്തപ്പെടുമ്പോള്‍ മൂത്ത ഭഗവതിയുടെ 'കാരണവര്‍' ആണ് ആ കര്‍മം നിര്‍വഹിക്കുക. മച്ചുനിയനോ പിതൃസഹോദരിയോ ഈ ചടങ്ങ് നടത്തുന്ന പതിവാണ് ചില പ്രദേശങ്ങളില്‍ നടപ്പ്. തിരുവിതാംകൂറിലും മറ്റും കന്യകയെ താലികെട്ടിക്കുന്നത് പിതൃസഹോദരിയത്രെ.

മുക്കുവരെപ്പോലെ മത്സ്യബന്ധനത്തിലേര്‍പ്പെടുന്ന മറ്റൊരു സമൂഹമാണ് ചൊകയര്‍. ഈ ജാതിക്കാര്‍ക്കിടയിലും താലികെട്ടു കല്യാണം അഥവാ പന്തല്‍മങ്ങലം നിലനില്ക്കുന്നു. 'കന്നെമങ്ങലം'എന്നാണ് അതിന് പ്രാദേശികമായ വ്യവഹാരം. ഈ കര്‍മം അവരുടെ ഭഗവതി സ്ഥാനങ്ങളില്‍ വച്ചാണ് നടത്താറുള്ളത്. പന്തല്‍ മങ്ങലത്തിന് മുക്കുവര്‍ക്കിടയില്‍ പാട്ടും കളിയും പതിവുണ്ട്.

കണിയാന്മാര്‍ക്കിടയില്‍ പന്തല്‍മങ്ങലം നിലവിലുണ്ട്. ചിലയിടങ്ങളില്‍ 'ചെറുകല്യാണം' എന്നാണ് വ്യവഹാരം. 'മങ്ങലക്കുഞ്ഞി'നെ നാലുദിവസം മുമ്പേ മൂലയ്ക്ക് കൂട്ടും. 'വരച്ചിരിക്കല്‍' എന്നതാണിതിന്റെ പേര്. ഉത്തരകേരളത്തില്‍ ഈ ചടങ്ങുകള്‍ക്ക് 'കുറുപ്പ്' (കണിശക്കാവുതിയന്‍) ആണ് പൗരോഹിത്യം വഹിക്കുന്നത്.

കാവുകളിലും ക്ഷേത്രങ്ങളിലും കളമെഴുത്തും പാട്ടും നടത്തുന്ന വിഭാഗക്കാരാണ് കല്ലാറ്റ കുറുപ്പന്മാര്‍. ഇവര്‍ക്കിടയില്‍ കന്യകയെ പുരസ്കരിച്ച് കെട്ടുകല്യാണം നടത്താറുണ്ടായിരുന്നു. താലികെട്ടിക്കുന്നത് സമുദായത്തില്‍പ്പെട്ട ഏതെങ്കിലും വ്യക്തിയായിരിക്കും. ആ ബന്ധം നാലാം ദിവസം തന്നെ ഒരു പ്രത്യേക ചടങ്ങോടെ വേര്‍പെടുത്തുക പതിവായിരുന്നു. താലികെട്ട് നടക്കുന്ന സന്ദര്‍ഭത്തില്‍ കുറുപ്പന്മാര്‍ പ്രത്യേക പാട്ടുകള്‍ പാടാറുണ്ട്. പൂക്കളെക്കുറിച്ചുള്ള പാട്ടുകളാണ് മുഖ്യം.

യോഗി (ചോയി) സമുദായക്കാരുടെ താലികെട്ടു കല്യാണം ചരടുകെട്ടുമങ്ങലം, പന്തല്‍ മങ്ങലം എന്നീ പേരുകളാണ് അറിയപ്പെടുന്നത്. അനേകം കന്യകമാര്‍ക്ക് ഒന്നിച്ചു ചരടുകെട്ടുന്ന പതിവാണ് യോഗികള്‍ക്കിടയിലുള്ളത്. കന്യകമാരെല്ലാം പന്തലില്‍ നിരന്നിരിക്കുമ്പോള്‍ പ്രായമുള്ള ഒരാള്‍ ചരടുകെട്ടിക്കും. ചരടില്‍ താലിക്കുപകരം ഉറുക്കാണ് ഉണ്ടായിരിക്കുക.

വയനാട്ടിലെ അടിയാന്മാര്‍ക്കിടയില്‍ കന്യക ഋതുവാകുന്നതിന് മുമ്പ് താലികെട്ടു കല്യാണം എന്ന ചടങ്ങ് നടത്താറുണ്ട്. അത് കേവലം പരിഹാസമല്ല; ശരിയായ കല്യാണത്തിന്റെ മുന്നോടിയാണ്. ഒരുവന്‍ ഒരു കന്യകയെ ഇഷ്ടപ്പെട്ടാല്‍ ആ വിവരം അമ്മാമനെ അറിയിക്കണം. ചെമ്മക്കാരനും അമ്മാമനും കല്യാണം കഴിക്കാന്‍ ആഗ്രഹിക്കുന്ന ചെറുക്കനും അവന്റെ ഭവനത്തിലെ പെണ്ണുങ്ങളും കൂടി ഗൃഹത്തില്‍ ചെല്ലും. അവന്റെ കുടുംബത്തിലെ ഒരു സ്ത്രീയാണ് കന്യകയെ താലി അണിയിക്കുന്നത്. 'നാണയത്താലി'യാണ് അടിയാന്മാരുടെ താലി. ഈ ചടങ്ങിനോടനുബന്ധിച്ച് സദ്യയും പതിവുണ്ട്. ശരിയായ വിവാഹം നടത്തുന്നത് കന്യക ഋതുമതിയായ ശേഷമാണ്. അതുവരെ ഭവനത്തില്‍ പോകേണ്ടതുണ്ട്. വിവാഹം നടക്കുന്നതു വരെ താലികെട്ടിയ ചെക്കനെ കാട്ടില്‍ പറഞ്ഞയച്ച് വിറകു ശേഖരിക്കുന്ന പതിവ് അടിയാന്മാര്‍ക്കിടയില്‍ നിലവിലുള്ള ഒരു പ്രത്യേകതയാണ്.

വയനാട്ടിലെ കുറിച്യര്‍ക്കിടയില്‍ ശരിയായ വിവാഹത്തിനു മുമ്പ് താലികെട്ടുകല്യാണം എന്ന ചടങ്ങുണ്ട്. 'പന്തല്‍ പറ്റ്'എന്ന പേരിലാണ് അവര്‍ക്കിടയില്‍ ഇത് അറിയപ്പെടുന്നത്. ആറുദിവസം നീണ്ടു നില്ക്കുന്ന ഈ ചടങ്ങ് ആര്‍ഭാടപൂര്‍വം നടത്തപ്പെടുന്നു. അമ്മാവന്‍, അമ്മാവന്റെ മകന്‍, പിട്ടന്‍ (സ്ഥാനികന്‍), വെളിച്ചപ്പാട് എന്നിവരിലൊരാള്‍ താലികെട്ടിക്കും. 'നാണയത്താലി'യാണ് കുറിച്യര്‍ക്കിടയില്‍ നടപ്പ്. ചരടില്‍ കോര്‍ത്താണ് അത് അണിയുക. തറവാട്ടില്‍ താലി സ്ഥിരമായി സൂക്ഷിച്ചിരിക്കും. താലികെട്ടു ചടങ്ങ് നടത്താതെ യഥാര്‍ഥ വിവാഹത്തിന് അനുമതി ഉണ്ടായിരിക്കുകയില്ല. സദ്യ ഈ ചടങ്ങിന് ഒഴിച്ചുകൂടാത്ത ഇനമാണ്. ആറാം ദിവസം നടത്തുന്ന സദ്യയ്ക്കു വേണ്ടി പ്രത്യേകം നായാട്ട് നടത്തി മാംസം കൊണ്ടുവരും. ദേവതമാര്‍ക്ക് ഈ ചടങ്ങുമായി ബന്ധപ്പെട്ട് ആരാധനാനുഷ്ഠാനാദികള്‍ പതിവുണ്ട്. ആറ് ദിവസവും പാട്ടു പാടുകയെന്ന ചടങ്ങ് പ്രധാനമാണ്.

ഇരുളര്‍, കൊച്ചുവേലര്‍, പണിയര്‍, മലക്കുറവര്‍, കാണിക്കാര്‍ തുടങ്ങിയ വിഭാഗക്കാര്‍ക്കിടയിലും ഈ ചടങ്ങ് നിലവിലുണ്ടായിരുന്നുവെന്ന് പണ്ഡിതന്മാര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അവരുടെ താലി പൊതുവേ മുത്തും നാണയങ്ങളും കോര്‍ത്തതത്രെ. ഇരുളര്‍ക്കിടയില്‍ മൂപ്പനാണ് കന്യകയെ താലി അണിയിക്കുന്നത്. ഇത്തരം സംസ്കാരച്ചടങ്ങുകളെല്ലാം ആധുനികകാലത്ത് അപ്രത്യക്ഷമായി കഴിഞ്ഞിരിക്കുന്നു. മുകളില്‍ വിവരിച്ച മിക്ക ചടങ്ങുകളും ഉത്തര കേരളത്തിലാണ് നിലവിലിരുന്നത്.

ശിശുവില്‍ നിന്ന് ലിംഗബോധമെത്തിയ സ്ത്രീയിലേക്കുള്ള പരിണാമത്തെ സൂചിപ്പിക്കുന്നതിനുവേണ്ടി ആവിഷ്കരിച്ച ഒരു ഗോത്രാചാരമാകാം താലികെട്ടു കല്യാണത്തിന്റെ ഉറവിടമെന്നാണ് നരവംശശാസ്ത്രജ്ഞനായ പ്രൊഫ. എ. അയ്യപ്പന്റെ നിരീക്ഷണം. സ്ത്രീയുടെ ലൈംഗികസ്വത്വം പ്രഖ്യാപിക്കുക, സ്ത്രീ-പുരുഷ ലിംഗഭേദങ്ങള്‍ അടയാളപ്പെടുത്തുക, യുവതികള്‍ക്കുമേല്‍ മുതിര്‍ന്ന സ്ത്രീകള്‍ക്കുള്ള അധികാരം സ്ഥാപിക്കുക, പുരുഷമേല്‍ക്കോയ്മ പ്രതീകാത്മകമായി പ്രഖ്യാപിക്കുക, ലൈംഗിക പെരുമാറ്റത്തില്‍ കന്യകകള്‍ക്ക് ശിക്ഷണം നല്കുക എന്നിവയാണ് താലികെട്ടു കല്യാണത്തിന്റെ വിവക്ഷകളെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

തികച്ചും ഒരനാചാരം തന്നെയായിരുന്ന ഈ ചടങ്ങ് ശ്രീനാരായണഗുരുവിന്റെ നേതൃത്വത്തില്‍ നടന്ന സാമൂഹിക നവോഥാനപ്രസ്ഥാനങ്ങളുടെ ശ്രമഫലമായാണ് കേരളത്തില്‍ ഇല്ലാതായത്.

(ഡോ. എം.വി. വിഷ്ണുനമ്പൂതിരി, സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍