This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

താരാസിങ്, മാസ്റ്റര്‍ (1885 - 1967)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

താരാസിങ്, മാസ്റ്റര്‍ (1885 - 1967)

പഞ്ചാബിലെ മുന്‍ രാഷ്ട്രീയ നേതാവും സ്വാതന്ത്ര്യസമരസേനാനിയും. റാവല്‍പിണ്ടിയിലെ (മുന്‍ അവിഭക്ത പഞ്ചാബില്‍) ഹരിയാല്‍ ഗ്രാമത്തില്‍ ബക്ക്ഷി ഗോപിചന്ദിന്റെ മകനായി ഇദ്ദേഹം 1885 ജൂണില്‍ ജനിച്ചു. ഹിന്ദുവായിരുന്ന ഇദ്ദേഹം ചെറുപ്പത്തിലേ സിക്ക് ഗുരുക്കന്മാരുടെ പ്രബോധനങ്ങളില്‍ ആകൃഷ്ടനാവുകയും പതിനേഴാം വയസ്സില്‍ സിക്കു മതം സ്വീകരിക്കുകയുമാണുണ്ടായത്. റാവല്‍പിണ്ടിയിലെ മിഷന്‍ ഹൈസ്കൂളില്‍നിന്ന് മെട്രിക്കുലേഷനും അമൃതസറിലെ ഖാല്‍സ കോളജില്‍നിന്ന് 1903-ല്‍ ബി.എ. ബിരുദവും സമ്പാദിച്ചശേഷം അധ്യാപനത്തിനുള്ള ഡിപ്ലോമ നേടി. അധ്യാപകവൃത്തി സ്വീകരിച്ചതോടെ പേരിനോടൊപ്പം'മാസ്റ്റര്‍'എന്നുകൂടി ചേര്‍ത്ത് അറിയപ്പെടാന്‍ തുടങ്ങി. താരാസിങ് പൊതുപ്രവര്‍ത്തനങ്ങളിലും സജീവമായി പങ്കുകൊണ്ടിരുന്നു. സ്വാതന്ത്ര്യസമര പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടിരുന്ന ഇദ്ദേഹം സിക്കുകാരുടെ രാഷ്ട്രീയ കാര്യങ്ങളിലും പ്രമുഖ പങ്കുവഹിക്കുകയുണ്ടായി. സിക്ക് ഗുരുദ്വാര പരിഷ്കരണ പ്രസ്ഥാനത്തിന്റെ മുന്നണിപ്രവര്‍ത്തകനായിരുന്നു ഇദ്ദേഹം. ഈവിധ പ്രവര്‍ത്തനങ്ങളുടെ ഫലമായി പല തവണ അറസ്റ്റിലാവുകയും ചെയ്തു. സിക്കുകാരുടെ സംഘടനയായ അകാലി ദളിന്റെയും നേതൃത്വം ഇദ്ദേഹം വഹിച്ചിട്ടുണ്ട്. പിന്നീട് സിവില്‍ നിയമലംഘന പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ദേശീയ രാഷ്ട്രീയത്തില്‍ സജീവമായി. സര്‍ സ്റ്റാഫോഡ് ക്രിപ്സിന്റെ ഇന്ത്യാ സന്ദര്‍ശന വേളയില്‍ താരാസിങ് സിക്കുകാരുടെ പ്രതിനിധിയെന്ന നിലയില്‍ അദ്ദേഹത്തെ കണ്ട് സംഭാഷണം നടത്തി.

സിക്കുകാര്‍ക്ക് ഒരു പ്രത്യേക സംസ്ഥാനം രൂപവത്കരിക്കുന്നതിനുവേണ്ടി താരാസിങ് പ്രവര്‍ത്തിച്ചിരുന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യലബ്ധിക്കു ശേഷവും സിക്ക് ഭൂരിപക്ഷമുള്ള പ്രദേശങ്ങള്‍ ചേര്‍ത്ത് ഒരു സംസ്ഥാനത്തിന്റെ രൂപവത്കരണത്തിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഇദ്ദേഹം നേതൃത്വം നല്കി. ഇതിനോടനുബന്ധിച്ച് അറസ്റ്റ് വരിക്കേണ്ടതായും വന്നു. സിക്കുകാരില്‍ താരാസിങ്ങിനുണ്ടായിരുന്ന സ്വാധീനത്തിന് ക്രമേണ ഉലച്ചില്‍ തട്ടി. ഇതോടെ താരാസിങ് സജീവ പൊതുപ്രവര്‍ത്തനങ്ങളില്‍ നിന്ന് അല്പാല്പമായി പിന്‍വാങ്ങുകയായിരുന്നു. 1967 ന. 22-ന് ഇദ്ദേഹം ചണ്ടിഗറില്‍ നിര്യാതനായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍