This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തായുമാനവര്‍ (1705 - 42)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

തായുമാനവര്‍ (1705 - 42)

തമിഴ് ശൈവകവി. തമിഴ്നാട്ടിലെ തിരുമറൈക്കാട് (വേദാരണ്യം) എന്ന സ്ഥലത്ത് വേളാളര്‍ കുലത്തില്‍ ജനിച്ചു. പിതാവ് കേടിലിയപ്പപ്പിള്ളൈ. മാതാവ് ഗജവല്ലിയമ്മ. തിരുച്ചിറപ്പള്ളിയിലെ തായുമാനവര്‍ക്ഷേത്രത്തില്‍ പ്രാര്‍ഥിച്ചു ലഭിച്ച മകനായതുകൊണ്ട് മാതാപിതാക്കള്‍ തായുമാനവര്‍ എന്ന പേരു നല്കി. സംസ്കൃതത്തിലും തമിഴിലും തികഞ്ഞ പാണ്ഡിത്യം നേടി. വിജയനഗര ഭരണാധിപനായിരുന്ന വിജയനഗര ചൊക്കരംഗന്റെ മന്ത്രിയായിരുന്നു പിതാവ്. പിതാവിന്റെ മരണാനന്തരം രാജാവിന്റെ അഭ്യര്‍ഥന മാനിച്ച് മന്ത്രിസ്ഥാനം ഏറ്റെടുത്തു. ഭരണാധികാരി ആയിരുന്ന നായിക്കിന്റെ മരണശേഷം അദ്ദേഹത്തിന്റെ വിധവ തായുമാനവരെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചെങ്കിലും ഇദ്ദേഹം അതിനു വഴങ്ങിയില്ല. മടുവാന്‍കുഴലി എന്ന സ്ത്രീയെ വിവാഹം കഴിച്ചു. അതില്‍ കനകഭസാപതി എന്ന പുത്രന്‍ ജനിച്ചു. ഭാര്യയുടെ മരണാനന്തരം തിരുച്ചിറപ്പള്ളിയിലുണ്ടായിരുന്ന മൌന സന്ന്യാസിയായ ഗുരുമൂര്‍ത്തിയില്‍ നിന്ന് സന്ന്യാസം സ്വീകരിച്ചു. തുടര്‍ന്ന് സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നതിലും ധ്യാനവും പൂജയും നടത്തുന്നതിലും പാട്ടുകള്‍ രചിക്കുന്നതിലും ശിഷ്യര്‍ക്ക് ഉപദേശം നല്കുന്നതിലും മുഴുകി.

തികഞ്ഞ ശിവഭക്തനായിരുന്നു തായുമാനവര്‍. എന്നാല്‍ ഇദ്ദേഹത്തിന്റെ ഭക്തി ക്ഷേത്രങ്ങളേയും വിഗ്രഹങ്ങളേയും അധികരിച്ചായിരുന്നില്ല. സര്‍വശക്തനായ ദൈവത്തിലായിരുന്നു ശ്രദ്ധവച്ചിരുന്നത്. എല്ലാ മതങ്ങളേയും ഒന്നുപോലെ കാണാനുള്ള കഴിവ് ഇദ്ദേഹത്തിന്റെ പ്രത്യേകതയായിരുന്നു. ശൈവമതമാണ് മതമെന്നു പറയുന്നുണ്ടെങ്കിലും മറ്റു മതങ്ങളിലും ദൈവം കളിയാടുന്നുണ്ടെന്ന് ഇദ്ദേഹം വിശ്വസിച്ചു.

സിദ്ധര്‍ വിഭാഗത്തിലെ ഏറ്റവും പ്രസിദ്ധനായ കവിയാണ് തായുമാനവര്‍. അദ്ഭുതകരവും അനിതരസാധാരണവുമായ ദര്‍ശനം ലഭിച്ച ആളായിരുന്നു ഇദ്ദേഹം. ശൈവസന്ന്യാസിയായ തായുമാനവര്‍ വേദാന്തസിദ്ധാന്തങ്ങളെ സമരസപ്പെടുത്തിക്കൊണ്ട് കാവ്യരചന നടത്തി. ധ്യാനനിരതനായ യോഗിയുടെ ആത്മാവിഷ്കാരമാണ് കാവ്യങ്ങള്‍. മതപരമായ കാവ്യശാഖയിലെ ഒരു വല്ലഭനായിരുന്നു ഇദ്ദേഹം. തത്ത്വചിന്തയുടെ സങ്കീര്‍ണതകള്‍ വളരെ ലഘുവായും വിശ്വസനീയമായുമാണ് കവിതകളില്‍ ആവിഷ്കരിച്ചിരിക്കുന്നത്. നാടന്‍പാട്ടുകളുടെ രീതിയിലാണ് കാവ്യരചന. കവിതകളില്‍ സംസ്കൃതത്തിന്റെ അംശം വളരെയേറെ കാണാം. എന്നാല്‍ നല്ല കവിതകളില്‍ തമിഴ് ഭാഷയുടെ ശുദ്ധിയും ചാതുര്യവും ഉണ്ട്. സംസ്കൃതത്തിലും ഏതാനും കാവ്യങ്ങള്‍ രചിച്ചിട്ടുണ്ട്. ഹിന്ദുക്കള്‍ക്കും മുസ്ളീങ്ങള്‍ക്കും ക്രിസ്ത്യാനികള്‍ക്കും ആലപിക്കാവുന്നതാണ് 'പരാ പരക്കണ്ണികള്‍'എന്ന ഗാനം. തായുമാനവരുടെ കാവ്യരീതിക്ക് ഒരുദാഹരണം: "എന്റെ ഹ്യദയമാണു ക്ഷേത്രം; എന്റെ ചിന്തകള്‍ സുഗന്ധദ്രവ്യം, എന്റെ സ്നേഹം ദിവ്യജലം; എന്റെ പ്രസാദം സ്വീകരിക്കാനായി വന്നാലും സര്‍വശക്താ. 1742-ല്‍ തായുമാനവര്‍ രാമേശ്വരത്ത് അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍