This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തായമ്പക

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

തായമ്പക

തായമ്പക നടത്തുന്ന പല്ലാവൂര്‍ അപ്പുമാരാര്‍

ചെണ്ട ഉപയോഗിച്ചുള്ള ഏകാംഗ പ്രകടനം. തായം (എണ്ണം), വക (ഏറ്റിച്ചുരുക്കുക) എന്നീ തമിഴ് വാക്കുകളില്‍ നിന്നാണ് തായമ്പക എന്ന പദം ഉണ്ടായതെന്നാണ് പ്രബലമായ വിശ്വാസം. സ്ഥായിവക എന്ന പദത്തില്‍ നിന്നാണ് ഇതിന്റെ ആവിര്‍ഭാവം എന്നും ഒരഭിപ്രായമുണ്ട്.

തായമ്പകക്കാരന്‍ ഒരു കയ്യില്‍ മാത്രമേ കോലുപിടിക്കാറുള്ളൂ. കോലുകൊണ്ടും കൈകൊണ്ടുമാണ് വാദനം എന്നര്‍ഥം. ഉരുട്ടു ചെണ്ട കൊണ്ടാണ് തായമ്പക നടത്തുക. തായമ്പകക്കാരന് അകമ്പടിയായി നാല് ചെണ്ടകളും രണ്ടോ മൂന്നോ ഇലത്താളവും ഉണ്ടാകും.

കത്തിച്ച നിലവിളക്കിനുമുന്നില്‍ നിന്നാണ് തായമ്പക നടത്തുക. വിളക്കുകത്തിച്ചശേഷം തായമ്പകക്കാരനുള്ള സ്ഥലം ഒഴിച്ചിട്ട്, അതിന്റെ ഇരുവശത്തുമായി ഇടന്തലമേല്‍ വട്ടം പിടിക്കുന്ന രണ്ട് ചെണ്ടക്കാര്‍ മുഖാമുഖം നില്ക്കും. അതിനു പിന്നിലായി വലന്തലമേല്‍ വട്ടം പിടിക്കുന്ന രണ്ട് ചെണ്ടക്കാരും ഇലത്താളക്കാരും നില്ക്കും. വലന്തല കൊട്ടുന്നവര്‍ 'കൊട്ടിവയ്ക്കുക' എന്ന ചടങ്ങ് ആരംഭിക്കുന്നു. അത് ആദ്യം ത്രിപുടതാളത്തിലും പിന്നെ ഏക താളത്തിലുമാണ് നിര്‍വഹിക്കുന്നത്. അതിന്റെ അവസാനത്തെ കോല്‍ വീഴുമ്പോള്‍ തായമ്പകക്കാരന്‍ പ്രവേശിക്കുന്നു. അതോടെ തായമ്പക ആരംഭിക്കുകയായി.

തായമ്പകയുടെ ആദ്യഭാഗം 'പതികാല്‍' ആണ്. ഇത് ചതുരശ്ര ജാതിത്രിപുടയില്‍ വിളംബകാലത്തില്‍ തുടങ്ങി മധ്യകാലത്തിലൂടെ നാലാം കാലത്തേക്കു കടക്കുന്നു. നാലാംകാലം കഴിഞ്ഞാല്‍ 'കൂറ്' എന്ന അടുത്ത പടിയിലേക്കു കടക്കുന്നു. പതിഞ്ഞതും മുറുകിയതുമായ ഒമ്പതു കൂറുകളാണുള്ളത്. അവ പ്രധാനമായും പഞ്ചാരിക്കൂറ്, ചമ്പക്കൂറ്, അടന്തക്കൂറ് എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളില്‍പ്പെടുന്നവയാണ്. തായമ്പകക്കാരന്റെ മനോധര്‍മവും കരവിരുതും പ്രകടമാക്കാന്‍ പറ്റിയ ഭാഗമാണ് കൂറ്. കൂറു കലാശിച്ചു കഴിഞ്ഞാല്‍ അടുത്തപടി ഇടവട്ടമാണ്. ഏകതാളത്തില്‍ ഇതു തുടങ്ങുമ്പോള്‍ വലന്തല പിടിക്കുന്ന ഒരു ചെണ്ടയും കൂടെ താളം പിടിക്കും.

ഇടവട്ടത്തില്‍ നിന്ന് മൂന്നാംവട്ടത്തിലേക്കു കടന്നുകഴിഞ്ഞാല്‍ തായമ്പകയ്ക്ക് ഗാംഭീര്യമേറുന്നു. ഒടുവില്‍ പേമാരിക്കു സദൃശമായ 'ഇരുകിട'യിലേക്ക് അത് ചെന്നെത്തും. 'ഇരുകിട'യിലാണ് തായമ്പക അവസാനിക്കുക.

പല്ലാവൂര്‍ അപ്പുമാരാര്‍, തൃത്താല കേശവന്‍ എന്നിവര്‍ തായമ്പകയിലെ അദ്വിതീയന്മാരാണ്.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%A4%E0%B4%BE%E0%B4%AF%E0%B4%AE%E0%B5%8D%E0%B4%AA%E0%B4%95" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍