This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

താന്നി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

താന്നി

Belleric myrobalan

ഔഷധവൃക്ഷം. കോംബ്രിട്ടേസി (Combretaceae) സസ്യകുടുംബത്തില്‍പ്പെടുന്നു. ശാ.നാ. ടെര്‍മിനാലിയ ബല്ലറിക്ക (Terminaliabellerica). ടെര്‍മിനാലിസ് (Terminalis) എന്ന ലാറ്റിന്‍ പദത്തില്‍ നിന്നാണ് ഈ പേര് നിഷ്പന്നമായിട്ടുള്ളത്. അഗ്രത്തില്‍ കൂട്ടം കൂടിയ ഇലകളെയാണ് ഇത് സൂചിപ്പിക്കുന്നത്. സംസ്കൃതത്തില്‍ വിഭീതക, അനിലഘ്നക, അക്ഷ , ബഹിര, കലിദ്രുമ, ഭൂതവാസം എന്നീ പേരുകളില്‍ അറിയപ്പെടുന്നു. വ.പടിഞ്ഞാറന്‍ ഊഷരപ്രദേശങ്ങളിലൊഴികെ ഇന്ത്യയിലെ 1000 മീ. വരെ ഉയരമുള്ള മലകളിലെല്ലാം ഈ ഇലപൊഴിയും വൃക്ഷം വന്യമായി കാണപ്പെടുന്നുണ്ട്.

താന്നിയുടെ പുഷ്പങ്ങളോടുകൂടിയ ശാഖ

താന്നി 30 മീ.-ലധികം ഉയരത്തില്‍ വളരും. ഇതിന്റെ തടി വളരെ ഉയരം വരെ ശാഖകളില്ലാതെ നേരെ വളരുന്നു. വൃക്ഷത്തിന്റെ അഗ്രത്തിലേക്ക് എത്തുമ്പോഴേക്കും നാനാവശത്തേക്കും ശാഖകളുണ്ടായി ശാഖാഗ്രങ്ങളില്‍ ധാരാളം ഇലകളുണ്ടാകുന്നു. മരത്തൊലിക്ക് നീല കലര്‍ന്ന ചാരനിറമായിരിക്കും. മരത്തൊലിയില്‍ നെടുകെ ചെറിയ വിള്ളലുകള്‍ കാണപ്പെടുന്നു. തടിക്ക് മഞ്ഞനിറമാണ്. ഇലകള്‍ സമ്മുഖമായോ ഉപസമ്മുഖമായോ വിന്യസിച്ചിരിക്കും. ഇലകള്‍ ലഘുവും അണ്ഡാകാരത്തിലുള്ളതുമാണ്. ഇലകള്‍ക്ക് 10-20 സെ.മീ. നീളവും 5-7 സെ.മീ. വീതിയുമുണ്ടായിരിക്കും. കട്ടി കൂടിയ മധ്യസിരയ്ക്ക് ഇരുവശങ്ങളിലുമായി 8-10 പാര്‍ശ്വസിരകളുണ്ടായിരിക്കും. ജനു.-മാര്‍ച്ച് മാസങ്ങളില്‍ ഇല പൊഴിയും. ഏ.-മേയ് മാസങ്ങളാണ് പുഷ്പകാലം. പത്രകക്ഷ്യങ്ങളില്‍ നിന്ന് സ്പൈക്ക് പുഷ്പമഞ്ജരിയുണ്ടാകുന്നു. പുഷ്പമഞ്ജരിക്ക് 10-15 സെ.മീ. നീളം വരും. പുഷ്പമഞ്ജരിയുടെ ചുവടുഭാഗത്ത് ദ്വിലിംഗി പുഷ്പങ്ങളും അഗ്രഭാഗത്ത് ആണ്‍പുഷ്പങ്ങളും ഉണ്ടാകുന്നു. പുഷ്പങ്ങള്‍ ചെറുതും പച്ചകലര്‍ന്ന വെള്ളനിറവും രൂക്ഷഗന്ധവുമുള്ളവയാണ്. പുഷ്പങ്ങള്‍ക്ക് അര സെ.മീ. വ്യാസം ഉണ്ടായിരിക്കും. സഹപത്രങ്ങളുണ്ട്. ബാഹ്യദളപുടം നാളീരൂപമാണ്. ഇതിന്റെ ഉള്‍വശം രോമിലമായിരിക്കും. ത്രികോണാകൃതിയിലുള്ള അഞ്ച് സംയുക്ത കര്‍ണങ്ങളുണ്ട്. ദളപുടങ്ങളില്ല. രണ്ടു വലയങ്ങളിലായി 10 കേസരങ്ങളുണ്ടായിരിക്കും. അണ്ഡാശയം അധോവര്‍ത്തിയാണ്. താന്നിക്ക 2-3 സെ.മീ. വ്യാസവും 2-5 സെ.മീ. നീളവുമുള്ള ഡ്രൂപ്പാണ്. മൂപ്പെത്താത്ത കായ്കള്‍ മാംസളവും ഇളം തവിട്ടുനിറമുള്ള രോമങ്ങളുള്ളതുമാണ്. താന്നിക്ക വിളഞ്ഞു പാകമാകാന്‍ 6-7 മാസം വേണം. കായ്ക്കുള്ളില്‍ ഒരു വിത്തു മാത്രമേയുള്ളൂ.

ത്രിഫല(താന്നിക്ക, നെല്ലിക്ക, കടുക്ക)യിലൊന്നാണിത്. ഇതില്‍ ടാനിന്‍, ഗാലോടാനിക് അമ്ളം, രഞ്ജുകവസ്തു, റെസിന്‍, ഗ്ളൂക്കോസ്, ഫ്രക്ടോസ് എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് വാത പിത്ത കഫ രോഗങ്ങള്‍ക്ക് ശമനമുണ്ടാക്കും. നേത്രരോഗങ്ങള്‍, ചുമ, മലബന്ധം ഇവ ശമിപ്പിക്കും. ഇതിന്റെ എണ്ണ തലമുടിക്ക് നിറവും പുഷ്ടിയും നല്കുന്നു. താന്നിക്കായുടെ തോടു പൊടിച്ചത് 3-6 ഗ്രാം തേനിലോ ചൂടു വെള്ളത്തിലോ കലര്‍ത്തി ദിവസം മൂന്നുനേരം കഴിച്ചാല്‍ ചുമ ശമിക്കും. കുരുമുളകും ഉപ്പും താന്നിക്കയും കൂട്ടിച്ചേര്‍ത്തു കഴിച്ചാല്‍ തൊണ്ടവേദനയ്ക്കും ചുമയ്ക്കും ശമനമുണ്ടാകും. മരത്തൊലി അരച്ചുപുരട്ടുന്നത് വെള്ളപ്പാണ്ടുരോഗത്തിന് ശമനമുണ്ടാക്കുന്നു.

താന്നിക്കയുടെ ഔഷധഗുണങ്ങളെ ഗുണപാഠത്തില്‍ ഇപ്രകാരം ചേര്‍ത്തിരിക്കുന്നു.

'താന്നിക്കായ്ക്കുള്ള ഗുണമൊട്ടവ്വണ്ണം തന്നെയായ് വരും

പാകത്തിങ്കലെരിച്ചുള്ളുശീതം കേശത്തിനും ഗുണം

താന്നിത്തൈലം തണുത്തുള്ള രസന്തുമധുരംഗുരു

വാതപിത്തഹരം കേശവര്‍ധനമതിനുത്തമം'.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%A4%E0%B4%BE%E0%B4%A8%E0%B5%8D%E0%B4%A8%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍