This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

താനറ്റോളജി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

06:59, 26 ജൂണ്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

താനറ്റോളജി

Thanatology


മരണത്തേയും അതുമൂലമുണ്ടാകുന്ന നഷ്ടത്തേയും കുറിച്ചുള്ള മനഃശാസ്ത്രപഠനം. 'മരണം' എന്നര്‍ഥം വരുന്ന 'താനറ്റോസ്' എന്ന ഗ്രീക്ക് പദത്തില്‍ നിന്നാണ് 'താനറ്റോളജി' എന്ന പദത്തിന്റെ നിഷ്പത്തി. മാരകമായ രോഗങ്ങള്‍ മൂലം മരണം മുന്നില്‍ കാണേണ്ടിവരുന്ന വ്യക്തികള്‍ക്കിടയില്‍ സ്വിസ് മനോരോഗ ചികിത്സകയായ എലിസബത്ത് ക്യുബ്ളര്‍ - റോസ് നടത്തിയ പഠനങ്ങളാണ് താനറ്റോളജിയുടെ വികാസത്തിന് അടിസ്ഥാനം. ക്യുബ്ളര്‍ - റോസിന്റെ ഓണ്‍ ഡെത്ത് ആന്‍ഡ് ഡൈയിങ് (1969) എന്ന കൃതിയില്‍ മരണം കാത്തുകഴിയുന്ന രോഗികളുടെ മാനസികാവസ്ഥയെക്കുറിച്ച് വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. തങ്ങളുടെ അവസ്ഥയെക്കുറിച്ച് അറിയുന്ന ഇത്തരം രോഗികള്‍ ആദ്യത്തെ നടുക്കത്തില്‍നിന്ന് മുക്തരായതിനു ശേഷം രോഗമുണ്ടെന്ന വസ്തുത നിരാകരിക്കുവാന്‍ ശ്രമിക്കുന്നു. ഈ ശ്രമം പരാജയപ്പെടുന്നതോടെ രോഗാവസ്ഥയില്‍ അമര്‍ഷം കൊള്ളുന്ന ഇവര്‍ ചുറ്റുമുള്ളവരോട് നീരസവും പ്രകടിപ്പിച്ചേക്കാം. ഈ ഘട്ടത്തില്‍ കുടുംബാംഗങ്ങളുടേയും സുഹൃത്തുക്കളുടേയും ചികിത്സകരുടേയും അനുതാപപൂര്‍ണമായ പിന്തുണ ഇവര്‍ക്ക് അത്യാവശ്യമാണ്. അടുത്ത ഘട്ടത്തില്‍, ജീവിക്കാന്‍ അവസരം ലഭിച്ചാല്‍ തികച്ചും പുതിയ മനുഷ്യരായി മാറും, നന്മ മാത്രം പ്രവര്‍ത്തിക്കും തുടങ്ങിയ വാഗ്ദാനങ്ങളിലൂടെ ദൈവവുമായോ ചികിത്സകനുമായോ വിലപേശി മരണം ഒഴിവാക്കുവാന്‍ ഇവര്‍ ശ്രമിക്കുന്നു. എന്നാല്‍ വിലപേശലിലൂടെ മരണം ഒഴിവാക്കാനാവില്ല എന്ന തിരിച്ചറിവ് പലപ്പോഴും വിഷാദത്തിലേക്ക് നയിക്കാറുണ്ട്. ഒടുവില്‍ അനിവാര്യമായ മരണത്തെ ഒരുതരം നിസ്സംഗതയോടെ സ്വീകരിക്കുവാന്‍ ഇവര്‍ക്കു കഴിയുന്നു. മരണശയ്യയില്‍ രോഗികള്‍ക്കുണ്ടാകുന്ന ദര്‍ശനങ്ങളും താനറ്റോളജിയുടെ പഠനവിഷയമാണ്. മരണത്തിന് അല്‍പം മുന്‍പായി ഇവര്‍ അതിസുന്ദരമായ ദൃശ്യങ്ങളും ഉജ്വലപ്രകാശം ചൊരിയുന്ന രൂപങ്ങളും ഇഷ്ടദൈവങ്ങളുടെയൊ, മരണമടഞ്ഞ പ്രിയപ്പെട്ടവരുടെയൊ രൂപങ്ങളും മറ്റും സ്വപ്നം കാണാന്‍ സാധ്യതയുണ്ട് എന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ഭൂരിഭാഗം രോഗികളിലും ഇത്തരം അനുഭവങ്ങള്‍ സന്തോഷവും സമാധാനവും ഉളവാക്കുന്നു. എന്നാല്‍ ചില രോഗികള്‍ ഇതിനോട് ഭയത്തോടെ പ്രതികരിക്കാറുണ്ട്.

മരണം എക്കാലത്തും മനുഷ്യന്റെ ചിന്തയെ അലട്ടിയിരുന്ന വിഷയമാണെങ്കിലും അതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കും പഠനങ്ങള്‍ക്കും സാമൂഹികവും മാനസികവുമായ ഒരു വിലക്ക് നിലനിന്നിരുന്നു. 20-ാം ശ.-ത്തിന്റെ ഉത്തരാര്‍ധത്തില്‍ ഈ സ്ഥിതിക്ക് മാറ്റം വരികയും മരണവും അതിനോടു ബന്ധപ്പെട്ട മാനസികാനുഭവങ്ങളും പഠനവിധേയമാക്കേണ്ടതാണെന്ന വാദം പ്രബലമാവുകയും ചെയ്തു. ആസന്നമരണരായ രോഗികള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും ആവശ്യമായ ഉപദേശവും പിന്തുണയും നല്‍കുന്നിടത്താണ് താനറ്റോളജി പ്രസക്തമാകുന്നത്. ദുഃഖകരമായ യാഥാര്‍ഥ്യവുമായി സമരസപ്പെട്ട് ശിഷ്ടജീവിതം നയിക്കുവാന്‍ രോഗികളേയും ബന്ധുക്കളേയും സഹായിക്കുന്നതിനായി ചികിത്സകരും മനഃശാസ്ത്രജ്ഞരും താനറ്റോളജി വിദഗ്ദ്ധരും ചേര്‍ന്ന് കൗണ്‍സലിങ് നടത്തുന്ന പതിവ് ഇന്ന് മിക്കവാറും എല്ലാ രാജ്യങ്ങളിലും നിലവിലുണ്ട്. കേരളത്തില്‍ അര്‍ബുദ ചികിത്സാരംഗത്ത് അടുത്ത കാലത്തായി 'സാന്ത്വന ചികിത്സ' എന്ന ആശയത്തിന് പ്രചാരം സിദ്ധിച്ചിട്ടുണ്ട്. മരിക്കാറായ രോഗികള്‍ അനുഭവിക്കുന്ന ശാരീരികവും വൈകാരികവുമായ വേദനകള്‍ അകറ്റുന്നതില്‍ വൈദ്യശാസ്ത്രത്തിന്റെ അതിനൂതന സാങ്കേതികവിദ്യകള്‍ പോലും പരാജയപ്പെടുന്നു. ഇത്തരം ക്ളേശങ്ങളില്‍നിന്ന് ആശ്വാസമേകുവാന്‍ ഒരു അനുബന്ധ പരിചരണമാര്‍ഗമായി സംഗീതം പ്രയോജനപ്രദമാണെന്ന് തെളിഞ്ഞിട്ടുണ്ട്. സംഗീത-താനറ്റോളജി (Music-thanatology) എന്ന ഒരു ശാസ്ത്രശാഖതന്നെ സമീപകാലത്ത് വികസിതമായിട്ടുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍