This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

താച്ചര്‍, മാര്‍ഗരറ്റ് (1925 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

07:10, 26 ജൂണ്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

താച്ചര്‍, മാര്‍ഗരറ്റ് (1925 - )

Thatcher,Margaret

മാര്‍ഗരറ്റ് താച്ചര്‍

ബ്രിട്ടനിലെ ആദ്യ വനിതാ പ്രധാനമന്ത്രിയും കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവും. മാര്‍ഗരറ്റ് ഹില്‍ഡ റോബര്‍ട്ട്സ് (Margaret Hilda Roberts) എന്നാണ് ശരിയായ പേര്. ആല്‍ഫ്രഡ് റോബര്‍ട്ട്സ് എന്ന വ്യാപാരിയുടെ മകളായി ലിങ്കണ്‍ഷയറിലെ ഗ്രന്ഥാമില്‍ 1925 ഒ. 13-നാണ് ഇവര്‍ ജനിച്ചത്. പിതാവ് രണ്ട് തവണ ഗ്രന്ഥാമിലെ മേയറായിരുന്നു. ഗ്രന്ഥാം ഹൈസ്കൂളിലും സോമര്‍വില്‍ കോളജിലും (ഓക്സ്ഫഡ്) ആയിരുന്നു വിദ്യാഭ്യാസം. വിദ്യാര്‍ഥിയായിരിക്കെ യൂണിവേഴ്സിറ്റി കണ്‍സര്‍വേറ്റിവ് അസ്സോസിയേഷന്റെ പ്രസിഡന്റായി. രസതന്ത്രത്തില്‍ ബിരുദം നേടി (1947). തുടര്‍ന്ന് രസതന്ത്ര ഗവേഷകയായി ജോലി നോക്കി (1947-51). ഇവര്‍ 1951-ല്‍ വിവാഹിതയായി. ഡെനിസ് താച്ചര്‍ എന്ന ധനികനായ ബിസിനസ്സുകാരനാണ് ഭര്‍ത്താവ്. കണ്‍സര്‍വേറ്റിവ് പാര്‍ട്ടി സ്ഥാനാര്‍ഥിയായി 1950-ലും 51-ലും പാര്‍ലമെന്റിലേക്കു മത്സരിച്ചുവെങ്കിലും തെരഞ്ഞെടുക്കപ്പെട്ടില്ല. ഇവര്‍ നിയമം പഠിക്കുകയും 1953 മുതല്‍ 59-ല്‍ പാര്‍ലമെന്റംഗമാകുന്നതുവരെ അഭിഭാഷകയായി പ്രവര്‍ത്തിക്കുകയും ചെയ്തു. 1961 മുതല്‍ 64 വരെ ഇവര്‍ പെന്‍ഷന്‍ കാര്യങ്ങളുടേയും നാഷണല്‍ ഇന്‍ഷുറന്‍സിന്റേയും മന്ത്രാലയത്തില്‍ ജോയിന്റ് പാര്‍ലമെന്ററി സെക്രട്ടറിയായി സേവനമനുഷ്ഠിച്ചു. അടുത്ത തെരഞ്ഞെടുപ്പോടെ (1964) കണ്‍സര്‍വേറ്റിവ് പാര്‍ട്ടി പ്രതിപക്ഷത്തായി. പിന്നീട് ഈ കക്ഷി അധികാരത്തില്‍ തിരിച്ചെത്തിയതോടെ 1970 മുതല്‍ 74 വരെ താച്ചര്‍ വിദ്യാഭ്യാസ കാര്യങ്ങള്‍ക്കും ശാസ്ത്ര കാര്യങ്ങള്‍ക്കും വേണ്ടിയുള്ള സ്റ്റേറ്റ് സെക്രട്ടറി പദവി വഹിച്ചു. എഡ്വേഡ് ഹീത്ത് ആയിരുന്നു ഈ കാലത്ത് ബ്രിട്ടിഷ് പ്രധാനമന്ത്രി. തുടര്‍ന്ന് 1974-ലെ തെരഞ്ഞെടുപ്പില്‍ കണ്‍സര്‍വേറ്റിവ് പാര്‍ട്ടി പരാജയപ്പെട്ടു. ഹീത്തിന്റെ നയങ്ങളെ ഇവര്‍ ഏറെ വിമര്‍ശിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് കണ്‍സര്‍വേറ്റിവ് പാര്‍ട്ടിയുടെ നേതൃസ്ഥാനത്തെത്തുവാന്‍ ഇവര്‍ക്കു സാധിച്ചു. ഇതോടെ പ്രതിപക്ഷ നേതാവാകുകയും ചെയ്തു.

തുടര്‍ന്നു നടന്ന പൊതുതെരഞ്ഞെടുപ്പില്‍ (1979) കണ്‍സര്‍വേറ്റിവ് പാര്‍ട്ടി അധികാരത്തിലേറി. ഇത്തവണ മാര്‍ഗരറ്റ് താച്ചര്‍ പ്രധാനമന്ത്രിയായുള്ള ഗവണ്‍മെന്റാണ് അധികാരമേറ്റത്. ഗ്രേറ്റ് ബ്രിട്ടന്റെ ആദ്യത്തെ വനിതാ പ്രധാനമന്ത്രിയാണിവര്‍. സാമ്പത്തിക രംഗത്ത് പല പരിഷ്കാരങ്ങളും താച്ചര്‍ ഗവണ്‍മെന്റ് നടപ്പിലാക്കി. ട്രേഡ് യൂണിയനുകള്‍ക്ക് ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തു. ഭരണത്തിന്റെ ആദ്യകാലങ്ങളില്‍ ഇവരുടെ ജനപ്രീതി വര്‍ധിച്ചുവെങ്കിലും 1981-ഓടെ അതിന് മങ്ങലേറ്റു. എന്നാല്‍ ബ്രിട്ടന്റെ വകയായിരുന്ന ഫാക്ലാന്‍ഡില്‍ ഇക്കാലത്ത് അര്‍ജന്റീന നടത്തിയ ആക്രമണവും അതിനെ പരാജയപ്പെടുത്തുവാന്‍ താച്ചര്‍ ഗവണ്മെന്റിനു കഴിഞ്ഞതും രാഷ്ട്രീയ രംഗത്തു പിടിച്ചു നില്ക്കുവാന്‍ ഇവര്‍ക്ക് അവസരമേകി (1982). തുടര്‍ന്നു നടന്ന തെരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തോടെ താച്ചര്‍ ഗവണ്‍മെന്റ് വീണ്ടും അധികാരത്തില്‍ വന്നു. പിന്നീട് 1987-ലെ തെരഞ്ഞെടുപ്പിലും താച്ചറുടെ കക്ഷിക്ക് ജയമുണ്ടായതോടെ ഇവര്‍ക്ക് മൂന്നാം തവണയും പ്രധാനമന്ത്രി പദത്തിലെത്താന്‍ കഴിഞ്ഞു. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ താച്ചറുടെ നേതൃത്വത്തിന് വെല്ലുവിളി നേരിടേണ്ടിവന്നു. 1990 ന.-ല്‍ ഇവര്‍ പ്രധാനമന്ത്രിപദം ഒഴിഞ്ഞു. ഭരണരംഗത്ത് ഉറച്ച നിലപാടെടുത്തിരുന്ന താച്ചര്‍ 'ഉരുക്കു വനിത' (Iron Lady) എന്ന് വിളിക്കപ്പെട്ടു. ഇവരുടെ നയപരിപാടികള്‍ 'താച്ചറിസം' എന്ന പേരില്‍ അറിയപ്പെടുന്നു. 1992-ലെ തെരഞ്ഞെടുപ്പില്‍ താച്ചര്‍ മത്സരിച്ചില്ല. 1993-ല്‍ ദ് ഡൌണിങ് സ്റ്റ്രീറ്റ് ഈയേഴ്സ് 1979-1990 എന്ന ആത്മകഥാഗ്രന്ഥം പ്രസിദ്ധീകരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍