This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

താക്കറേ, വില്യം മേക്ക്പീസ് (1811 - 63)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

07:05, 26 ജൂണ്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

താക്കറേ, വില്യം മേക്ക്പീസ് (1811 - 63)

Thackeray,William Makepeace

വില്യം മേക്ക്പീസ് താക്കറേ

ഇംഗ്ലീഷ് നോവലിസ്റ്റ്. 1811 ജൂല. 18-ന് കൊല്‍ക്കത്തയില്‍ ജനിച്ചു. ഈസ്റ്റ് ഇന്ത്യാ കമ്പനിയിലെ ഉദ്യോഗസ്ഥനായിരുന്നു പിതാവ്. ആറാമത്തെ വയസ്സില്‍ ഇംഗ്ലണ്ടിലെത്തി സതാംപ്റ്റനിലെ സ്കൂളില്‍ ചേര്‍ന്നെങ്കിലും താക്കറേക്ക് അവിടത്തെ അന്തരീക്ഷവുമായി പൊരുത്തപ്പെടാന്‍ കഴിഞ്ഞില്ല. മൂന്നു വര്‍ഷത്തിനകം അച്ഛന്റെ മരണവും അമ്മയുടെ പുനര്‍വിവാഹവും നടന്നു. ബ്രിട്ടിഷ് സൈനിക സേവനത്തില്‍ നിന്നു വിരമിച്ച രണ്ടാനച്ഛനെ താക്കറേ ഇഷ്ടപ്പെട്ടിരുന്നു. 1829-ല്‍ കേംബ്രിജിലെ ട്രിനിറ്റി കോളജിലും അതിനുശേഷം മിഡില്‍ ടെംപിളിലും വിദ്യാഭ്യാസം നടത്തി. ടെനിസന്‍, ഫിറ്റ്സ്ജെറാള്‍ഡ്, ഗെയ്ഥെ എന്നീ പ്രതിഭാധനന്മാരുമായി ഇക്കാലത്ത് സൗഹൃദം സ്ഥാപിക്കാന്‍ കഴിഞ്ഞു. അചിരേണ സാഹിത്യ രചനയില്‍ തത്പരനായ ഇദ്ദേഹം നിയമപഠനം ഉപേക്ഷിച്ച് നാഷണല്‍ സ്റ്റാന്‍ഡേര്‍ഡ് എന്ന ആനുകാലിക പ്രസിദ്ധീകരണം വിലയ്ക്കു വാങ്ങി അതില്‍ എഴുതാനാരംഭിച്ചു. പ്രതീക്ഷിച്ച വിജയം കൈവരിക്കാനാകാതെ പാരിസിലേക്കു പോയ ഇദ്ദേഹം ചിത്രരചനയിലേക്കു തിരിഞ്ഞു. 1836-ല്‍ ഇസബെല ഷായെ വിവാഹം കഴിച്ചു.

1837-ല്‍ ലണ്ടനില്‍ തിരിച്ചെത്തിയ താക്കറേ ഫ്രെയ്സേഴ്സ് മാഗസിന്‍, ദ് ടൈംസ് തുടങ്ങിയ പ്രസിദ്ധീകരണങ്ങളില്‍ എഴുതാ നാരംഭിച്ചു. രണ്ടാമത്തെ കുട്ടിയുടെ മരണവും ഭാര്യയുടെ മാനസി കത്തകര്‍ച്ചയും ഇദ്ദേഹത്തിന്റെ സാഹിത്യജീവിതത്തെ പ്രതികൂല മായി ബാധിച്ചു. ദ് ട്രെമന്‍ഡസ് അഡ്വഞ്ചേഴ്സ് ഒഫ് മേജര്‍ ഗഹാഗന്‍, കാറിന്‍ എന്നിവയാണ് താക്കറേയുടെ ആദ്യകാല കൃതികളില്‍ പ്രധാനപ്പെട്ടവ. ഇദ്ദേഹം പല തൂലികാനാമങ്ങളും സ്വീകരിച്ചു. ആഞ്ജലോ ടിറ്റ്മാര്‍ഷ് എന്ന തൂലികാനാമത്തിലാണ് ചില കൃതികള്‍ ഇദ്ദേഹം പ്രസിദ്ധീകരിച്ചത്. ദ് പാരിസ് സ്കെച്ബുക്ക്, ദ് ഗ്രേറ്റ് ഹോഗാര്‍ട്ടി ഡയമണ്ട്, ദി ഐറിഷ് സ്കെച് ബുക്ക്, ദ് റോസ് ആന്‍ഡ് ദ് റിംഗ് എന്നിവ ഇക്കൂട്ടത്തില്‍പ്പെടുന്നു. 1847-ല്‍ പഞ്ച് എന്ന ആനുകാലികത്തിനു വേണ്ടി രണ്ട് കൃതികള്‍ ഇദ്ദേഹം രചിച്ചു - മിസ്റ്റര്‍ പഞ്ച്സ് പ്രൈസ് നോവലിസ്റ്റ്സ്, ദ് സ്റ്റോബ്സ് ഒഫ് ഇംഗ്ലണ്ട് എന്നിവ. ഇതേ വര്‍ഷം തന്നെ താക്കറേ തന്റെ ഏറ്റവും മികച്ച നോവലായ വാനിറ്റി ഫെയറി(1847-48)ന്റെ രചന ആരംഭിച്ചു. പില്ക്കാല കൃതികളില്‍ ഇദ്ദേഹത്തിന്റെ ഗദ്യ ശൈലി മെച്ചപ്പെട്ടതായി ചില നിരൂപകര്‍ അഭിപ്രായപ്പെട്ടിട്ടുണ്ടെങ്കിലും ഭാവാവിഷ്കരണത്തിന്റേയും ആശയ അവതരണത്തിന്റേയും കാര്യത്തില്‍ വാനിറ്റി ഫെയര്‍ ഒന്നാം സ്ഥാനത്തുതന്നെ നിലകൊള്ളുന്നു. ഇംഗ്ലണ്ടിലെ പരിഷ്കൃത സമൂഹവുമായി താക്കറേക്കുണ്ടായിരുന്ന പരിചയം ഈ നോവലിന്റെ രചനയില്‍ സഹായകമായി. 1848-ല്‍ ദ് ഹിസ്റ്ററി ഒഫ് പെന്‍ഡെന്നിസ് എന്ന കൃതി പ്രസിദ്ധീകരിച്ച താക്കറേ അതേ കഥാപാത്രങ്ങളെത്തന്നെ അവതരിപ്പിച്ചുകൊണ്ട് ദ് ന്യൂകംസ് എന്നൊരു നോവല്‍ 1853-ല്‍ പ്രസിദ്ധീകരിച്ചു. 1852-ല്‍ രചിച്ച ദ് ഹിസ്റ്ററി ഒഫ് ഹെന്റി എസ്മണ്ടിലെ കഥാപാത്രങ്ങളുടെ പിന്‍ഗാമികളായാണ് അഞ്ചു വര്‍ഷം കഴിഞ്ഞു രചിച്ച ദ് വെര്‍ജീനിയന്‍സ് എന്ന നോവലിലെ കഥാപാത്രങ്ങളെ സൃഷ്ടിച്ചത് എന്നതും ശ്രദ്ധേയമാണ്.

നോവല്‍ രചനയോടൊപ്പം കഥാരചനയും താക്കറേ നിര്‍വഹി ച്ചിരുന്നു. ദ് ലെജന്‍ഡ് ഒഫ് ദ് റൈന്‍ (1845), റെബേക്ക ആന്‍ഡ് റൊവേന (1850), ദ് റോസ് ആന്‍ഡ് ദ് റിംഗ് (1855) എന്നിവ ഇക്കൂട്ട ത്തില്‍പ്പെടുന്നു. 18-ാം ശ.-ത്തിലെ ഇംഗ്ലീഷ് ഹാസ്യ സാഹിത്യകാരന്മാരെക്കുറിച്ചു താക്കറേ നടത്തിയ പ്രഭാഷണങ്ങള്‍ ദി ഇംഗ്ലീഷ് ഹ്യൂമറിസ്റ്റ്സ് ഒഫ് ദി എയ്റ്റീന്ത് സെഞ്ച്വറി എന്ന പേരില്‍ 1853-ല്‍ പ്രസിദ്ധീകരിച്ചു. ഇദ്ദേഹം പല നാടുകളിലും സഞ്ചരിക്കുകയുണ്ടായി. 1852-ല്‍ അമേരിക്കയിലുടനീളം പ്രഭാഷണം നടത്തിക്കൊണ്ട് സഞ്ചരിക്കുന്നതിനിടയിലുണ്ടായ അനുഭവങ്ങളാണ് ദ് വെര്‍ജീനിയന്‍സ് എന്ന നോവലിന് പശ്ചാത്തലമൊരുക്കിയത്.

1854-ല്‍ താക്കറേ പഞ്ചിനുവേണ്ടിയുള്ള എഴുത്ത് അവസാനിപ്പിച്ചു. പിന്നീട് നാല് പ്രാവശ്യം പാര്‍ലമെന്റിലേക്കു മത്സരിച്ചെങ്കിലും വിജയിച്ചില്ല. 1860-ല്‍ കോണ്‍ഹില്‍ മാഗസിന്റെ എഡിറ്ററായി. ലവല്‍ ദ് വിഡോവര്‍ (1860) എന്ന കഥയും ദ് റൌണ്ടെബൌട്ട് പേപ്പേഴ്സ് (1863) എന്ന ഉപന്യാസ പരമ്പരയും അവസാന നോവലായ ദി അഡ്വെഞ്ചേഴ്സ് ഒഫ് ഫിലിപ്പും (1861) ഈ പ്രസിദ്ധീകരണത്തിനു വേണ്ടിയാണ് താക്കറേ രചിച്ചത്. 18-ാം ശ.-ത്തിലെ ഇംഗ്ലണ്ടിന്റെ പശ്ചാത്തലത്തില്‍ ഡെനിസ് ഡുവാല്‍ എന്നൊരു ചരിത്രാഖ്യായികയുടെ രചന ആരംഭിച്ചെങ്കിലും പൂര്‍ത്തിയാക്കാന്‍ ഇദ്ദേഹത്തിനു കഴിഞ്ഞില്ല. ഇവയ്ക്കൊക്കെ പുറമേ നിരവധി നാടന്‍ കഥാഗാനങ്ങളും ലഘുകവിതകളും താക്കറേ രചിച്ചെങ്കിലും ഗദ്യകൃതികളുടെ ദീപ്തിക്കു മുമ്പില്‍ അവ അസ്തശോഭമാവുകയാണുണ്ടായത്. 1863 ഡി. 24-ന് ഇദ്ദേഹം അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍