This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തളിക്കോട്ട യുദ്ധം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

06:10, 26 ജൂണ്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

തളിക്കോട്ട യുദ്ധം

കൃഷ്ണാനദിയുടെ തെക്കു ഭാഗത്തായി തളിക്കോട്ടയ്ക്കു സമീപം 1565 ജനു.-യില്‍ നടന്ന യുദ്ധം. ബീജാപ്പൂര്‍, അഹമ്മദ്നഗര്‍, ഗോല്‍ക്കൊണ്ട, ബിഡാര്‍ എന്നിവിടങ്ങളിലെ സുല്‍ത്താന്മാരുടെ സംയുക്ത സൈന്യവും വിജയനഗര സൈന്യവും തമ്മിലായിരുന്നു യുദ്ധം. യഥാര്‍ഥ പടക്കളം രക്ഷസി, തങ്ങാടി എന്നീ ഗ്രാമങ്ങളിലായിരുന്നതിനാല്‍ ചില ചരിത്രകാരന്മാര്‍ ഇതിനെ രക്ഷസി-തങ്ങാടി സമരം എന്ന് വിശേഷിപ്പിക്കുന്നു.

1336-ലാണ് ദക്ഷിണേന്ത്യയിലെ കര്‍ണാടക പ്രദേശത്ത് വിജയനഗരം സ്ഥാപിതമായത്. ഒരു ഹിന്ദുരാഷ്ട്രമായതിനാല്‍ അത് സ്വാഭാവികമായി ദക്ഷിണദേശത്തെ മുസ്ളിം രാജ്യങ്ങളില്‍ നിന്ന് ഒട്ടേറെ അഭയാര്‍ഥികളെ ആകര്‍ഷിച്ചു. ആ രാജ്യത്തിന്റെ വളര്‍ച്ച വളരെ വേഗത്തിലായിരുന്നു. അചിരേണ വിജയനഗരസാമ്രാജ്യം ഡെക്കാനിലെ പ്രബലശക്തിയായിത്തീര്‍ന്നു.

വിജയനഗരത്തിലെ ഏറ്റവും പ്രബല രാജാവായ കൃഷ്ണദേവരായന്റെ കാലത്ത് (1509-50) വിജയനഗരത്തിന്റെ പ്രതാപം പാരമ്യത്തിലെത്തി.

കൃഷ്ണദേവരായര്‍ക്കു ശേഷം സാമ്രാജ്യത്തിന്റെ ഐശ്വര്യം നീണ്ടുനിന്നില്ല. വിജയനഗരത്തിന്റെ അനുപമമായ ഉയര്‍ച്ച അനൈക്യത്തില്‍ കഴിഞ്ഞിരുന്ന മുസ്ലീം സുല്‍ത്താന്മാര്‍ക്ക് തങ്ങളെ അഭിമുഖീകരിച്ചിട്ടുള്ള വിപത്ത് ബോധ്യപ്പെടുത്തി. അവര്‍ സംഘടിച്ച് വമ്പിച്ച സൈന്യ സന്നാഹങ്ങളോടെ വിജയനഗരത്തിനെതിരെ തിരിഞ്ഞു. അന്ന് വിജയനഗരത്തിലെ രാജാവായിരുന്ന സദാശിവരായന്‍ മന്ത്രിയായ രാമരായരുടെ ഒരു പാവ മാത്രമായിരുന്നു. യഥാര്‍ഥ ഭരണം നടത്തിയിരുന്നത് രാമരായരായിരുന്നു. തന്ത്രശാലിയായ അദ്ദേഹം മുസ്ലീം സുല്‍ത്താന്മാരുടെ പരസ്പര കലഹങ്ങളില്‍ ഇടപെട്ട് നേട്ടങ്ങള്‍ കൊയ്തിരുന്നു. ഈ നേട്ടങ്ങള്‍ അദ്ദേഹത്തെ അഹംഭാവിയാക്കി മാറ്റുക മാത്രമല്ല, തത്ത്വദീക്ഷയില്ലാത്ത പല പ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ പ്രേരിപ്പിക്കുകയും ചെയ്തു. 1558-ല്‍ ഗോല്‍ക്കൊണ്ടയും ബീജാപ്പൂരുമായി ചേര്‍ന്ന് രാമരായര്‍ അഹമ്മദ്നഗര്‍ ആക്രമിച്ചപ്പോള്‍ മുസ്ലീം ജനതയുടേയും അവരുടെ പുണ്യസ്ഥലങ്ങളുടേയും നേരെ കാണിച്ച അക്രമങ്ങള്‍ രാമരായനെതിരായി മുസ്ലീം വികാരം ആളിക്കത്തിച്ചു. വിശുദ്ധയുദ്ധത്തിന് അവര്‍ ആഹ്വാനം ചെയ്തു. പോരുകളെല്ലാം മറന്ന് മുസ്ലീം സുല്‍ത്താന്മാര്‍ ഒറ്റക്കെട്ടായി രാമരായനെതിരെ പടപൊരുതാന്‍ തയ്യാറായി. മുസ്ലീം സൈന്യങ്ങള്‍ ബീജാപ്പൂരിലെ സമതലത്ത് സന്ധിച്ച് 1564 അവസാനത്തോടുകൂടി തെക്കോട്ടുള്ള നീക്കം ആരംഭിച്ചു.

ശത്രുവിന്റെ ശക്തി മനസ്സിലാക്കിയ രാമരായര്‍ വിപുലമായ സൈന്യത്തെ സജ്ജീകരിച്ചു. മുസ്ലീം സൈന്യം കൃഷ്ണാനദിക്കു സമീപമുള്ള തളിക്കോട്ട ലക്ഷ്യമാക്കി നീങ്ങി. നിര്‍ണായകമായ യുദ്ധം ആരംഭിച്ചത് 1565 ജനു. 23-നാണ്. ഈ യുദ്ധത്തില്‍ രാമ രായരും പങ്കെടുത്തു. ഇവരുടെ സംയുക്തമായ മുന്നേറ്റത്തെ മുസ്ലീം സുല്‍ത്താന്മാരുടെ സേനയ്ക്ക് തടഞ്ഞുനിറുത്താനായില്ല. പരാജയം സംഭവിക്കുമെന്നുള്ള ഘട്ടമെത്തിയപ്പോള്‍ അവര്‍ ഒരു കുതന്ത്രം പ്രയോഗിച്ചു. രാമരായന്റെ സേനയില്‍ 70,000-80,000 ഭടന്മാരുടെ നേതൃത്വം വഹിച്ചിരുന്ന രണ്ട് മുസ്ലീം സേനാനായകന്മാരെ അവര്‍ വശത്താക്കി. അവര്‍ കൂറുമാറി.

രാമരായര്‍ നൈസാം ഷായുടെ തടവുകാരനായി. ഷാ അദ്ദേഹ ത്തിന്റെ ശിരസ്സ് അറുത്ത് കുന്തത്തില്‍ കുത്തിനിര്‍ത്തി. മുസ്ലീം സൈന്യം സമ്പദ്സമൃദ്ധമായ വിജയനഗരം മുച്ചൂടും കൊള്ളയടിച്ചു. മനോഹാരിത മുറ്റിനിന്നിരുന്ന നഗരമാകെ തല്ലിത്തകര്‍ത്ത് തരിപ്പണമാക്കി. ചേതോഹരങ്ങളായ മണിമേടകളും അംബരചുംബികളായ കൊട്ടാരങ്ങളും കലാസുഭഗങ്ങളായ ക്ഷേത്രങ്ങളും നിശ്ശേഷം നശിപ്പിച്ചു. ലോകോത്തരങ്ങളായ ശില്പങ്ങള്‍ തകര്‍ന്നു. വിജയനഗരം ജീര്‍ണവസ്തുക്കളുടെ ഒരു വന്‍ കൂമ്പാരമായിത്തീരുന്നതുവരെ വിധ്വംസനം തുടര്‍ന്നു.

ചരിത്രഗതിയെ മാറ്റിമറിച്ച യുദ്ധങ്ങളിലൊന്നാണ് തളിക്കോട്ട യുദ്ധം. വിജയനഗരത്തിന്റെ നാശത്തോടുകൂടി ദക്ഷിണ ഭാരതത്തിലെ ഏറ്റവും ശക്തമായ ഹൈന്ദവ സാമ്രാജ്യത്തിന്റെ അന്ത്യമാണ് കുറിച്ചത്. ഈ സാമ്രാജ്യം പുനഃസ്ഥാപിക്കാന്‍ രാമരായന്റെ സഹോദരനായ തിരുമലരായര്‍ നടത്തിയ ശ്രമം കാര്യമായി വിജയിച്ചില്ല.

(വേലായുധന്‍ പണിക്കശ്ശേരി)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍