This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തലയാട്ടം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

07:04, 24 ജൂണ്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

തലയാട്ടം

ഒരു കേരളീയ നാടോടി നൃത്തം. പുലയസമുദായത്തിലെ ഉപവിഭാഗമായ തണ്ടപ്പുലയരാണ് ഇത് സാധാരണയായി അവതരിപ്പിച്ചു വരുന്നത്. സാംബവര്‍, വേട്ടുവര്‍, ഉള്ളാടര്‍ തുടങ്ങിയ സമുദായക്കാരുടെയിടയിലും ഇത് നിലനില്ക്കുന്നുണ്ട്. തെക്കേ മലബാര്‍, കൊച്ചി, ചേര്‍ത്തല എന്നിവിടങ്ങളില്‍ 'തലയാട്ടം' എന്ന പേരിലും, മാവേലിക്കര, പന്തളം, പത്തനംതിട്ട, ചെങ്ങന്നൂര്‍, വൈക്കം, കോട്ടയം, ഇടുക്കി, ചങ്ങനാശ്ശേരി, ആലപ്പുഴ, കൊല്ലം തുടങ്ങിയ പ്രദേശങ്ങളില്‍ 'മുടിയാട്ടം' എന്ന പേരിലുമാണ് ഇത് അറിയപ്പെടുന്നത്.

തലയാട്ടം

താളമേളത്തോടുകൂടിയ നൃത്താഭിനയമാണിത്. പാട്ടുപാടിക്കൊണ്ട് വാദ്യങ്ങള്‍ മുഴക്കുമ്പോള്‍ സ്ത്രീകള്‍ കഴുത്തിന്റെ മുകള്‍ ഭാഗം വട്ടത്തില്‍ ചലിപ്പിച്ചും തലമുടി ചുഴറ്റിയും നൃത്തം ചെയ്യുകയാണ് പതിവ്. നിന്നുകൊണ്ടു മാത്രമല്ല, താളത്തില്‍ ചുവടുവച്ചു നടന്നും വട്ടത്തില്‍ നടന്നും തലയാട്ടം നടത്താറുണ്ട്. മുതിര്‍ന്ന സ്ത്രീകളും കൌമാരപ്രായത്തിലെത്തിയ പെണ്‍കുട്ടികളും ഈ നൃത്തമവതരിപ്പിക്കാറുണ്ട്. പാട്ടുപാടുന്നതും മേളം മുഴക്കുന്നതും പുരുഷന്മാരാണ്. മദ്ദളം, പറ, മരം, കരു, കൊക്കേരോ എന്നിവയാണ് പിന്നണി വാദ്യങ്ങള്‍. ചിലയിടങ്ങളില്‍ ഓട്ടുകിണ്ണമോ കൈമണിയോ മാത്രമേ ഉപയോഗിക്കാറുള്ളൂ. പാട്ടുകള്‍ ദേവതാസ്തുതിപരമായവയാണ്.

ഉത്സവസന്ദര്‍ഭങ്ങളിലും തിരണ്ടുകല്യാണത്തിനുമാണ് ഇതവതരിപ്പിക്കുന്നത്. ഋതുമതിയായ പെണ്‍കുട്ടി തലയാട്ടം നടത്തിയാലേ ശുദ്ധയാവുകയുള്ളൂ എന്ന വിശ്വാസമാണ് തിരണ്ടുകല്യാണത്തിന്റെ ഭാഗമായി ഈ നൃത്തമവതരിപ്പിക്കുന്നതിനുള്ള കാരണം. തണ്ടപ്പുലയ സമുദായത്തിലെ പെണ്‍കുട്ടികള്‍ ഋതുമതികളായിക്കഴിഞ്ഞാല്‍ പതിനഞ്ചാം ദിവസമാണ് തിരണ്ടുകുളി നടത്തുക. കുളി കഴിഞ്ഞെത്തുന്ന കന്യക മുറ്റത്ത് കിഴക്കോട്ടു തിരിഞ്ഞിരിക്കണം. അപ്പോള്‍ മന്ത്രവാദികളും പാട്ടുകാരും ഇരുവശങ്ങളിലുമായി നിരന്ന് പാട്ടുതുടങ്ങും. അതോടെ കന്യക തലയാട്ടം തുടങ്ങുന്നു. ബോധമറ്റ് വീഴുംവരെ തലയാട്ടം നടത്തണമെന്നതാണ് ആചാരം.

മലബാറില്‍ ചില പ്രദേശങ്ങളില്‍ മുടിയാട്ടം എന്ന പേരിലും ഇതറിയപ്പെടുന്നുണ്ട്. കളം പാട്ടിനെത്തുടര്‍ന്നു കളമഴിക്കല്‍ ചടങ്ങില്‍ 'മുടിയഴിച്ചാട്ടം' നടത്താറുണ്ടെങ്കിലും അതിന് തലയാട്ടവുമായി ബന്ധമില്ല.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍