This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തറഫ (സു. 538 - 564)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

തറഫ (സു. 538 - 564)

Tharafa

അറബി കവി. സു. 538-ല്‍ ജനിച്ചു. തറഫ ബിന്‍ അല്‍-അബ്ദ് എന്നു പൂര്‍ണനാമം. 6-ാം ശ.-ത്തില്‍ ജീവിച്ചിരുന്ന ഇദ്ദേഹം ഇസ്ലാമിന്റെ ആവിര്‍ഭാവത്തിനു മുമ്പുള്ള കവികളില്‍ പ്രമുഖനാണ്. കയ്സ് ബിന്‍ സഅ്ലബ് ഗോത്രത്തില്‍പ്പെട്ടയാളാണ് തറഫ. മുഅല്ലക്ക(കഅ്ബയില്‍ തൂക്കിയ കവിത)യിലെ ശക്തമായ വരികള്‍ തറഫയുടെ കാവ്യപ്രതിഭയ്ക്കു നിദര്‍ശനമാണ്. ഒട്ടകത്തെക്കുറിച്ചു വിവരിക്കുന്ന 24-ല്‍പ്പരം ഉപമകളും ആലങ്കാരിക പ്രയോഗങ്ങളും തറഫയുടെ'കസീദ'യ്ക്കു മികവേകി. സമകാലിക ജീവിതരീതി വ്യക്തതയോടെ ചിത്രീകരിച്ചുവെന്നതാണ് തറഫ രചിച്ച മുഅല്ലക്കയുടെ സവിശേഷത.

'യുവചിത്തത്തെ ത്രസിപ്പിക്കുന്ന മോഹം മൂന്നാ-

ണിവയില്ലെങ്കില്‍ മരിക്കാന്‍ ഭയമെനിക്കില്ല....

തെളിനീര്‍ പകരുമ്പോള്‍ നുരഞ്ഞു തുടുക്കും

മദിരയൊരുകവിള്‍, മറ്റാരു-

മുണരുംമുമ്പതിരാവിലെ നുകരാന്‍ കഴിയണം.

തണുത്ത നിശീഥത്തിലുയര്‍ന്ന മച്ചിന്നുള്ളില്‍

പുലരും വരെ തന്വിയോടൊത്തുശയിക്കണം.

ആശ്രയമര്‍ഥിക്കും തോഴരെത്തുണയ്ക്കുവാന്‍

ചാടിവീഴണമീറ്റപ്പുലിതന്‍ ശൌര്യത്തോടെ....'

(തറഫയുടെ മുഅല്ലക്ക)

അറേബ്യന്‍ ജീവിതരീതി, സാംസ്കാരികനില എന്നിവ വ്യക്ത മാക്കുന്ന ഉത്തമമാതൃകയാണ് ഇദ്ദേഹത്തിന്റെ രചന. സ്ത്രീ സൌന്ദര്യവര്‍ണന, മദ്യത്തിന്റെ മാധുര്യം, പ്രകൃതിയെക്കുറിച്ചുള്ള വിവരണം എന്നിവ തറഫയുടെ കവിതകളെ സമ്പന്നമാക്കുന്നു.

ഇംറുഉല്‍ കയ്സ്, നാബിഗ, അഅ്ഷ തുടങ്ങിയ ഏഴ് 'മുഅല്ലക്ക'കവികളില്‍ പ്രമുഖനായ തറഫ 26-ാം വയസ്സില്‍ അകാല മൃത്യുവിന് ഇരയായ കഥ അറബി സാഹിത്യ ലോകത്ത് പ്രശസ്ത മാണ്. അമ്മാവനും കവിയുമായ മുത്തലമ്മിസുമായൊത്ത് ഹിറായിലെ ലഖ്മിദ് രാജാവായ അംര്‍ ബിന്‍ ഹിന്ദി(ഭ.കാ. 554-69)ന്റെ കൊട്ടാരത്തില്‍ ഏതാനും നാള്‍ അതിഥിയായി കഴിഞ്ഞു. കൊട്ടാര ജീവിതത്തിനിടയ്ക്ക് പ്രവൃത്തിദൂഷ്യം കാരണം പകപൂണ്ട രാജാവ് രണ്ടുപേര്‍ക്കും പാരിതോഷികമെന്ന വ്യാജേന ബഹ്റൈന്‍ ഗവര്‍ണറെ ഏല്‍പ്പിക്കാന്‍ കത്തുകള്‍ നല്‍കി യാത്രയാക്കി. വഴിമധ്യേ, സംശയം തോന്നിയ മുത്തലമ്മിസ് കത്ത് തുറന്നു വായിച്ചു രക്ഷപ്പെട്ടു. എന്നാല്‍ തറഫ തനിക്കു ലഭിച്ച കത്ത് ഗവര്‍ണര്‍ക്കു കൈ മാറുകയും കത്തു പ്രകാരം ഗവര്‍ണര്‍ ഇദ്ദേഹത്തെ വധിക്കുകയും ചെയ്തു. 564-ലായിരുന്നു ഈ സംഭവം.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%A4%E0%B4%B1%E0%B4%AB_(%E0%B4%B8%E0%B5%81._538_-_564)" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍