This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തരിസാപ്പള്ളി ശാസനങ്ങള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

തരിസാപ്പള്ളി ശാസനങ്ങള്‍

പ്രാചീന മലയാള ശാസനങ്ങള്‍. ചേരചക്രവര്‍ത്തിയായ രാജശേഖരന്റെ (820-844) വാഴപ്പള്ളി ശാസനമാണ് ഇതിനു മുമ്പു ലഭിച്ചിട്ടുള്ള ഏക ശാസനം. കേരളചക്രവര്‍ത്തിയായിരുന്ന സ്ഥാണുരവി പെരുമാളിന്റെ സമ്മതത്തോടുകൂടി വേണാട്ടു രാജാവായിരുന്ന അയ്യനടികള്‍ തിരുവടികള്‍ കുരക്കേണിക്കൊല്ലത്ത് (ഇന്നത്തെ കൊല്ലം) തരിസാപ്പളളിക്ക് അനുവദിച്ച് എഴുതികൊടുത്തിട്ടുള്ള അവകാശങ്ങള്‍ ആണ് ഈ ശാസനങ്ങള്‍. ശാസനങ്ങള്‍ കോട്ടയം പള്ളിയില്‍ സൂക്ഷിച്ചിട്ടുള്ള ചെപ്പേടുകളുടെ കൂട്ടത്തില്‍ പെട്ടവയായതുകൊണ്ട് കോട്ടയം ചെപ്പേടുകള്‍ എന്ന പേരിലും അറിയപ്പെടുന്നു.

തരിസാപ്പള്ളി ശാസനങ്ങള്‍

സ്ഥാണുരവിയുടെ അഞ്ചാമത്തെ ഭരണവര്‍ഷത്തില്‍ (844) തയ്യാറാക്കിയ ഈ ശാസനങ്ങളുടെ കാലത്തെക്കുറിച്ച് വളരെയേറെ വാദപ്രതിവാദങ്ങള്‍ ഉണ്ടായിട്ടുണ്ട്. പണ്ഡിതനായ ഗോപിനാഥറാവു 9-ാം ശ.-ത്തിന്റെ ഉത്തരാര്‍ധത്തില്‍ സ്ഥാണുരവി ജീവച്ചിരുന്നതായി പറയുന്നു. എന്നാല്‍ സ്ഥാണുരവി രാജ്യഭാരം ആരംഭിച്ചത് 844-ല്‍ ആണെന്നാണ് പ്രൊഫസര്‍ ഇളങ്കുളം കുഞ്ഞന്‍പിള്ളയുടെ അഭിപ്രായം. ശാസനങ്ങള്‍ രണ്ടും ചെപ്പേടുകളായാണ് ലഭിക്കുന്നത്. ഒന്നാം ശാസനം കൊ.വ. 24-ാമാണ്ട് ചെമ്പുതകിടില്‍ എഴുതിയിട്ടുള്ളതാണ്. എന്നാല്‍ രണ്ടാമത്തേത് രണ്ടു മൂന്നു നൂറ്റാണ്ടുകള്‍ക്കു ശേഷം പകര്‍ത്തി സൂക്ഷിച്ചിട്ടുള്ളതാണെന്ന് ലിപിയുടേയും ഭാഷയുടേയും സ്വരൂപ സ്വഭാവങ്ങളില്‍ നിന്ന് മനസ്സിലാക്കാം. ഒന്നാം ചെപ്പേടില്‍ മൂന്ന് തകിടുകളുണ്ടായിരുന്നതായി തെളിവുകളുണ്ട്. ഒന്നാം തകിട് തിരുവല്ല അരമനയിലും രണ്ടാം തകിട് കോട്ടയം ദേവലോകം അരമനയിലും സൂക്ഷിച്ചിട്ടുണ്ട്. മൂന്നാമത്തേത് നഷ്ടപ്പെട്ടു. രണ്ടാം ചെപ്പേടില്‍ നാല് തകിടുകളാണ് ഉണ്ടായിരുന്നത്. അതില്‍ രണ്ടും മൂന്നും തകിടുകള്‍ കോട്ടയത്തും നാലാമത്തേത് തിരുവല്ലയിലുമാണ്. ആദ്യത്തേതു നഷ്ടപ്പെട്ടു. ഈ തകിടുകളെല്ലാം തുല്യവലുപ്പത്തിലുള്ളവയല്ല. ഒന്നാം ചെപ്പേട് 22.35 x 8.15 സെ.മീ. ആണ്. രണ്ടാം ചെപ്പേട് 20.32 x 7.62 സെന്റിമീറ്ററും

കുരക്കേണിക്കൊല്ലത്ത് എശോദാ തപീര്‍ ചെയ്യിച്ച തരിസാപ്പള്ളിക്ക് ചില അവകാശങ്ങള്‍ അയ്യനടികള്‍ തിരുവടികളെക്കൊണ്ട് മരുവാന്‍ സപീരീശോ അനുവദിച്ചുകൊടുക്കുന്നതാണ് ഒന്നാം ശാസനത്തില്‍ പറയുന്നത്. രണ്ടാം ശാസനത്തില്‍ തരിസാപ്പള്ളിക്ക് കരമൊഴിവായി വിട്ടുകൊടുത്ത ഭൂമിയില്‍ സര്‍വസ്വാതന്ത്യ്രവും അനുവദിക്കുന്നതും കരം നിശ്ചയിച്ച് ചില ചുങ്കം ഇളവുകള്‍ ചെയ്യുന്നതും പ്രത്യേകമായ പല അവകാശങ്ങളും വിട്ടുകൊടുക്കുന്നതും പറയുന്നുണ്ട്.

പ്രാചീന ഭാഷാഗവേഷണത്തിലും ചരിത്രഗവേഷണത്തിലും തരിസാപ്പള്ളി ശാസനത്തിന് വളരെയേറെ പ്രാധാന്യമുണ്ട്. കൃത്യ മായി ആണ്ട് അറിയാവുന്ന ആദ്യത്തെ ശാസനമാണിത്. മഹോദയപുരം തലസ്ഥാനമാക്കി കേരളം വാണിരുന്ന സ്ഥാണുരവിയുടെ സാമന്തനായിരുന്നു വേണാട്ടിലെ നാടുവാഴികളായ അയ്യനടികളും രാമനടികളും. ചാലൂക്യരുടെയും രാഷ്ട്രകൂടരുടെയുമിടയില്‍ ഉണ്ടായിരുന്ന ഭരണരീതി കേരളത്തിലും ആരംഭിച്ചു കഴിഞ്ഞിരുന്നുവെന്ന് പ്രകൃതികളേയും അറുനൂറ്റുവരേയും കുറിച്ചുള്ള പ്രസ്താവനകള്‍ തെളിയിക്കുന്നു. പ്രധാനപ്പെട്ട കാര്യങ്ങള്‍ നടത്താന്‍ നാടുവാഴികള്‍ക്ക് അധികാരമുണ്ടായിരുന്നില്ല എന്നാണ് സ്ഥാണുരവിയുടെ പ്രതിനിധിയായി വിജയരാഗദേവന്‍ സന്നിഹിതനായത് വ്യക്തമാക്കുന്നത്.

അഞ്ചുവണ്ണം, മണിഗ്രാമം എന്നിവയെക്കുറിച്ചുള്ള ആദ്യത്തെ പരാമര്‍ശങ്ങളും ഈ ശാസനങ്ങളിലാണുള്ളത്. ഒന്‍പതാം ശതകത്തില്‍ തെക്കേ ഇന്ത്യയില്‍ വ്യാപാരം നടത്തിയിരുന്ന ജൂത വ്യാപാര സംഘങ്ങളാണ് അഞ്ചുവണ്ണവും മണിഗ്രാമവും. അഞ്ചു വിധം സാധനങ്ങളുടെ വ്യാപാരം നടത്തുന്ന സംഘം എന്ന അര്‍ഥത്തിലാകാം അഞ്ചുവണ്ണം എന്നു പറയുന്നത്. അഞ്ചുവണ്ണത്തോടും മണിഗ്രാമത്തോടും ആലോചിച്ചതിനു ശേഷമായിരുന്നു അയ്യനടികള്‍ കൊല്ലത്തെ തരിസാപ്പള്ളിക്ക് വ്യാപാര സൌജന്യങ്ങളും പള്ളി വയ്ക്കാനുള്ള അവകാശങ്ങളും നല്കിയത്.

ഈഴവരെക്കുറിച്ചു പരാമര്‍ശമുള്ള ആദ്യത്തെ ശാസനവും ഇതു തന്നെയാണ്. അന്ന് ഈ പദം ജാതിനാമമായിരുന്നില്ല. മദ്യം സംഭരിക്കുന്നവന്‍, മദ്യം വില്ക്കുന്നവന്‍ എന്നെല്ലാമേ അര്‍ഥമുണ്ടായിരുന്നുള്ളൂ എന്നാണ് പണ്ഡിതന്മാരുടെ അഭിപ്രായം. അടിമകളെ സൂക്ഷിക്കുന്നതിന് അടിമക്കാശും ആഭരണങ്ങള്‍ അണിയുന്നതിന് മേനിപ്പൊന്ന്, പൊലിപ്പൊന്ന് എന്നിവയും വിവിധ തൊഴിലുകള്‍ക്ക് തളക്കാണം, ഏണിക്കാണം എന്നിവയും പ്രത്യേകം ഉണ്ടായിരുന്നു. സാധനങ്ങള്‍ പുറത്തുനിന്ന് കൊണ്ടുവരുമ്പോള്‍ അറുപതിലൊന്ന് 'ഉല്ക്കു' കൊടുക്കണമെന്നും വില്പന നികുതി ഉണ്ടായിരുന്നു എന്നും വണ്ടികള്‍ക്കും 'പടകു'കള്‍ക്കും ടോള്‍ ഉണ്ടായിരുന്നു എന്നും മനസ്സിലാക്കാം. ക്രിസ്ത്യാനികള്‍ക്കും പള്ളിച്ചന്തത്തിനും കരവും മറ്റും ഇളവുചെയ്യുകയും ആനമേല്‍, മണ്ണുനീര്‍ തുടങ്ങി എഴുപത്തിരണ്ട് വിടുപേറുകള്‍ നല്കുകയും ചെയ്തിരുന്നു. മാത്രമല്ല ലോകവും ചന്ദ്രനും ഉള്ള കാലത്തോളം അഞ്ചുവണ്ണം 'അനന്തരപ്പാട്'ആയി അനുഭവിക്കേണ്ടതാണെന്നും പറയുന്നു. മേല്‍പ്പറഞ്ഞവയില്‍ നിന്ന് സാമാന്യം ഭേദപ്പെട്ട ഒരു ഭരണരീതിയാണ് ശാസനകാലത്ത് ഉണ്ടായിരുന്നത് എന്നതു വ്യക്തമാണ്.

ആദ്യകാല മലയാള ഗദ്യത്തിന്റെ ഉത്തമ മാതൃകയായി പരിഗണിച്ചുവരുന്ന തരിസാപ്പള്ളി ശാസനത്തിന് ഭാഷാപരമായും വളരെയേറെ പ്രാധാന്യമുണ്ട്. കേരളപാണിനി പറഞ്ഞിട്ടുള്ള അനുനാസികാതിപ്രസരം, പുരുഷഭേദനിരാസം, താലവ്യാദേശം, സ്വരസംവരണം തുടങ്ങിയ ആറുഭാഷാനയങ്ങളില്‍ വളരെ കുറച്ചു മാത്രമേ സംഭവിച്ചിട്ടുള്ളൂ. വാഴുകിന്റ, ചൊല്ലുകിന്റ, ചമൈച്ചു, ചൈവിച്ചു, തങ്ങള്‍, കൊടുത്ത, അഞ്ചുവണ്ണമും മണിക്കിരാമമും എന്നിങ്ങനെ പരിണാമം സംഭവിച്ചതും അല്ലാത്തതുമായ ധാരാളം രൂപങ്ങള്‍ ഇതില്‍ കാണാം. പരിച്, അടിപ്പടുത്തുക, അട്ടുവിത്ത്, ഉല്ക്കു, മനൈമേയ്പ്പാന്‍ തുടങ്ങി മലയാളത്തില്‍ ഇന്ന് ലുപ്ത പ്രചാരങ്ങളായ പല പ്രയോഗങ്ങളും ഈ ശാസനത്തില്‍ ഉണ്ട്. ഇതില്‍നിന്ന് ശാസനകാലത്ത് വിഭക്തിപ്രത്യയങ്ങള്‍ക്കും പുരുഷഭേദരഹിതങ്ങളായ ക്രിയാരൂപങ്ങള്‍ക്കും അക്കാലത്ത് രാജഭാഷയിലേക്കു കടന്നുകൂടാന്‍ കഴിഞ്ഞിട്ടില്ലെന്നും വ്യവഹാരഭാഷക്ക് പ്രാബല്യവും രാജഭാഷയ്ക്ക് ശൈഥില്യവും സംഭവിച്ചു തുടങ്ങിയെന്നും മനസ്സിലാക്കാം.

ചരിത്രപരമായി രണ്ട് ശാസനങ്ങള്‍ക്കും പ്രാധാന്യമുണ്ടെങ്കിലും രണ്ടാമത്തെ ശാസനം രണ്ടുമൂന്നു ശ.-ങ്ങള്‍ക്കു ശേഷം പകര്‍ത്തിയെഴുതപ്പെട്ടതായി കാണുന്നതുകൊണ്ട് മാതൃകയായി ഒന്നാം ശാസനത്തിലെ ഒരു ഭാഗം കൊടുക്കുന്നു.

"സ്വസ്തി കോത്താണു ഇരവിക്കുത്തന്‍ പല നൂറ്റായിരത്താണ്ടും മറുകുതലൈച്ചിറന്തടിപ്പടുത്താനിന്റ യാണ്ടുള്‍ച്ചെല്ലാനിന്റയാണ്ടൈന്തു. ഇവ്വാണ്ടു വേണാടു വാഴുകിന്റ അയ്യനടികടിരുവടിയുമതികായരും പിരകിരുതിയും (മണിക്കിരാമമും) മഞ്ചു വണ്ണമും പുന്നൈത്തലൈപ്പതിയും മുള്‍വൈത്തു കുരക്കേണിക്കൊല്ലത്തു എശോദാ തപീരായി ചെയ്വിത്ത തരിസാപ്പള്ളിക്കു ഐയ്യനടകടിരുവടി കുടുത്ത വിടുപേറാവതു.

('സ്വസ്തി രാജാവായ സ്ഥാണുരവിക്കു പല നൂറായിരം വര്‍ഷം ശത്രുക്കളെ മേന്മയോടെ കീഴ്പ്പെടുത്തി വാഴാനുള്ള ആണ്ടില്‍ നടപ്പുവര്‍ഷം അഞ്ച്. ഈ ആണ്ടില്‍ വേണാടു വാഴുന്ന അയ്യനടികള്‍ തിരുവടിയും ഉദ്യേഗസ്ഥന്മാരും പ്രകൃതിയും മണിക്കിരാമവും അഞ്ചുവണ്ണവും പുന്നത്തലപ്പതിയും കൂടി ആലോചിച്ച്, കുരക്കേണിക്കൊല്ലത്ത് ഏശോദാതപീര്‍ ചെയ്യിച്ച തരുസാപ്പള്ളിക്ക് അയ്യനടികള്‍ തിരുവടികള്‍ കൊടുത്തവിടുപേറ്.')

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍