This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തരകന്‍, കെ.എം. (1930 - 2003)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

09:50, 23 ജൂണ്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

തരകന്‍, കെ.എം. (1930 - 2003)

Tharakan,K.M

കെ.എം.തരകന്‍

മലയാള സാഹിത്യ നിരൂപകനും സാഹിത്യ ചരിത്രകാരനും പണ്ഡിതനും. 1930 ഒ. 8-ന് പത്തനംതിട്ട ജില്ലയിലെ പുത്തന്‍കാവില്‍ ജനിച്ചു. പിതാവ് മഹാകവി പുത്തന്‍കാവ് മാത്തന്‍ തരകനും മാതാവ് മറിയാമ്മയും. ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ എം.എ., മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ നിന്ന് പിഎച്ച്.ഡി. എന്നീ ബിരുദങ്ങള്‍ നേടി. സെയ്ന്റ് ആല്‍ബര്‍ട്ട്സ് കോളജ് (1952-59), കോതമംഗലം മാര്‍ അത്തനേഷ്യസ് കോളജ് (1959-79) എന്നിവിടങ്ങളില്‍ ഇംഗ്ലീഷ് അധ്യാപകനായി പ്രവര്‍ത്തിച്ചു. 1979-ല്‍ കോളജ് സര്‍വീസ് ഉപേക്ഷിച്ച് മലയാള മനോരമ ആഴ്ചപ്പതിപ്പിന്റേയും ഭാഷാപോഷിണി മാസികയുടേയും പത്രാധിപരായി (1979 മുതല്‍ 88 വരെ). സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം വൈസ് പ്രസിഡന്റ്, കേരള സാഹിത്യ അക്കാദമി എക്സിക്യൂട്ടീവ് അംഗം (1976-85), വൈസ് പ്രസിഡന്റ് (1984-85), പ്രസിഡന്റ് (1991), കേരള ക്രൈസ്തവ സാഹിത്യ സംഘടനയുടെ കണ്‍വീനര്‍, ഓര്‍ത്തഡോക്സ് സുറിയാനി സഭാ പ്രവര്‍ത്തകന്‍ എന്നിങ്ങനെ കല, സാഹിത്യം, വിദ്യാഭ്യാസം, മതം എന്നീ മേഖലകളുമായി ബന്ധപ്പെട്ട് ഒട്ടേറെ പദവികള്‍ വഹിച്ചു. പുതിയ എഴുത്തുകാര്‍ക്കു വേണ്ടിയുള്ള സാഹിത്യ ക്യാമ്പുകള്‍ക്കു നേതൃത്വം നല്കി. എഴുതിത്തുടങ്ങുന്നവരെ വളരെയധികം പ്രോത്സാഹിപ്പിച്ചു. ദാര്‍ശനികനും ദൈവശാസ്ത്രജ്ഞനുമായ ഡോ. പൌലോസ് മാര്‍ ഗ്രിഗോറിയോസുമായി അടുത്ത സൌഹൃദം പുലര്‍ത്തി. ഇംഗ്ളീഷിലും മലയാളത്തിലും നല്ലൊരു പ്രഭാഷകന്‍ കൂടിയായിരുന്നു കെ.എം. തരകന്‍. യു.എസ്.എ., ജര്‍മനി, കാനഡ, ആസ്റ്റ്രേലിയ, സിംഗപ്പൂര്‍, ഇറ്റലി, സ്വിറ്റ്സര്‍ലണ്ട് തുടങ്ങിയ പല വിദേശ രാജ്യങ്ങളും സന്ദര്‍ശിച്ചിട്ടുണ്ട്.

നിരൂപണം, നോവല്‍, വിവര്‍ത്തനം എന്നീ വിഭാഗങ്ങളിലായി ഇരുപതോളം കൃതികള്‍ രചിച്ചു. പാശ്ചാത്യ സാഹിത്യ തത്ത്വശാ സ്ത്രം, മലയാള നോവല്‍ സാഹിത്യ ചരിത്രം (1977), ആധുനിക നോവല്‍ ദര്‍ശനം (1982), അനശ്വരനായ ഉറൂബ് (1987), ചിന്താ പഥങ്ങള്‍, മഗ്ദലനമറിയം ഒരു മുക്തിഗാഥ, അനുഗൃഹീതനായ ബഷീര്‍ (1989), ആധുനിക സാഹിത്യ ദര്‍ശനം (1980), അന്വേഷണ പഥങ്ങള്‍ (1993), തരംഗിണി, പത്തു നോവലുകള്‍ എന്നിവയാണ് പ്രൊഫ. തരകന്റെ ശ്രദ്ധേയമായ പഠനഗ്രന്ഥങ്ങള്‍.

പാശ്ചാത്യ സൈദ്ധാന്തിക വിമര്‍ശനത്തിന്റെ വിവരണമാണ് പാശ്ചാത്യ സാഹിത്യ തത്ത്വശാസ്ത്രം. ഇതില്‍ പ്ലേറ്റോ മുതല്‍ എലിയറ്റ് വരെയുള്ള പാശ്ചാത്യ സാഹിത്യ ദര്‍ശനത്തിന്റെ വികാസ പരിണാമങ്ങള്‍ വിവരിച്ചിരിക്കുന്നു. അഞ്ച് വിഭാഗങ്ങളായി തിരിച്ച് പഠന വിധേയമാക്കിയിട്ടുള്ള മലയാള നോവല്‍ സാഹിത്യ ചരിത്രത്തിലെ ഒന്നാം ഭാഗത്തില്‍ നോവല്‍ സാഹിത്യത്തെക്കുറിച്ചും അഞ്ചാം ഭാഗത്തില്‍ മലയാള നോവല്‍ വിമര്‍ശനങ്ങളെക്കുറിച്ചും ചര്‍ച്ച ചെയ്തിട്ടുണ്ട്. ബാക്കിയുള്ള മൂന്നു ഭാഗങ്ങളില്‍ മലയാളത്തിലെ പ്രശസ്ത നോവലിസ്റ്റുകളുടെ പ്രതിഭാനിഷ്ഠമായ സവിശേഷതകള്‍ എടുത്തുകാട്ടുകയും തന്റേതായ രീതിയില്‍ വിലയിരുത്തുകയും ചെയ്തിട്ടുണ്ട്. ഉറൂബിന്റെ ജീവിതത്തേയും ജീവിത വീക്ഷണത്തേയും സാഹിത്യ ദര്‍ശനത്തേയും സാഹിത്യ രചനകളേയും കുറിച്ചുള്ള സമഗ്രവും ആധികാരികവുമായ പഠന ഗ്രന്ഥമാണ് അനശ്വരനായ ഉറൂബ്. ഈ കൃതി പില്ക്കാലത്ത് ഇപ്രകാരമുള്ള രചനകളുടെ ഒരു മാതൃകയായി മാറി. ക്രൈസ്തവ ദര്‍ശനത്തിന്റെ അടിസ്ഥാനത്തില്‍ വള്ളത്തോളിന്റെ മഗ്ദലനമറിയത്തെ വിശകലനം ചെയ്യാനും വിലയിരുത്താനുമുള്ള ശ്രമമാണ് മഗ്ദലനമറിയം ഒരു മുക്തിഗാഥ എന്ന കൃതിയില്‍ ചെയ്തിരിക്കുന്നത്. അനുഗൃഹീതനായ ബഷീര്‍, നോബല്‍ സമ്മാനാര്‍ഹര്‍ എന്നിവയാണ് മറ്റു പഠനഗ്രന്ഥങ്ങള്‍. പാശ്ചാത്യ സാഹിത്യത്തിലെ മികച്ച കൃതികളും പ്രവണതകളും പരിചയപ്പെടുത്തുന്ന നിരവധി ലേഖനങ്ങളും തരകന്‍ രചിച്ചിട്ടുണ്ട്. സാഹിത്യത്തിന്റെ ആത്മാവ് ജീവിത ദര്‍ശനമാണെന്നും വായനക്കാരുടെ ജീവിതാവബോധവും ആസ്വാദന ക്ഷമതയും വികസ്വരമാക്കാന്‍ സാഹിത്യ നിരൂപണം ഉതകുമെന്നും ഇദ്ദേഹം തന്റെ നിരൂപണങ്ങളിലൂടെ വ്യക്തമാക്കി.

മേല്പറഞ്ഞ പഠനഗ്രന്ഥങ്ങള്‍ക്കു പുറമേ ഓര്‍മകളുടെ രാത്രി, നിനക്കായി മാത്രം, ആത്മാവിന്‍ സുഗന്ധം, ആത്മഹത്യക്കുശേഷം, ശാപഗ്രസ്തയായ മഹാറാണി, അവളാണു ഭാര്യ, എന്നില്‍ അലിയുന്ന ദുഃഖം എന്നിങ്ങനെ 10 നോവലുകളും തരകന്റേതായിട്ടുണ്ട്. എം.പി. പോള്‍, പൊയറ്റിക് ആക്ട്, എ ബ്രീഫ് സര്‍വേ ഒഫ് മലയാളം ലിറ്ററേച്ചര്‍ തുടങ്ങിയവ ഇംഗ്ലീഷ് കൃതികളാണ്. മലയാളത്തിലെ പല പ്രമുഖ കൃതികളും ഇംഗ്ലീഷിലേക്കും പരിഭാഷപ്പെടുത്തിയിട്ടുണ്ട്. മലയാളം ലിറ്റററി സര്‍വേ എന്ന ഇംഗ്ലീഷ് മാസികയിലൂടെ ഇദ്ദേഹം നടത്തിയ പരിശ്രമം മലയാള ഭാഷയ്ക്കും സാഹിത്യത്തിനും ദേശീയ തലത്തില്‍ ശ്രദ്ധയും അംഗീകാരവും കിട്ടാന്‍ സഹായകമായി. സാഹിത്യ കൃതികള്‍ക്കു പുറമേ ദൈവശാസ്ത്രം, ആദിമ ക്രിസ്തുമത ചിന്തകള്‍ എന്നീ കൃതികളും രചിച്ചിട്ടുണ്ട്.


പാശ്ചാത്യ സാഹിത്യ തത്ത്വശാസ്ത്രത്തിന് കേരള സാഹിത്യ അക്കാദമി അവാര്‍ഡും (1975) അനശ്വരനായ ഉറൂബിന് പുത്തേഴന്‍ അവാര്‍ഡും (1988) ലഭിക്കുകയുണ്ടായി. എസ്.പി.സി.എസ്., അക്ഷര, ധിഷണ, സോഫിയ, കൊടുപ്പുന്ന എന്നീ അവാര്‍ഡുകളും ലഭിച്ചിട്ടുണ്ട്. 2003 ജൂല. 16-ന് കെ.എം. തരകന്‍ തിരുവല്ലയില്‍ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍