This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തരംഗരോധി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

തരംഗരോധി

Break water

തുറമുഖങ്ങളേയും തുറമുഖ കവാടങ്ങളേയും തിരമാലകളില്‍ നിന്ന് സംരക്ഷിക്കുന്ന പ്രതിരോധ ചിറ. ശക്തമായ തിരമാലകളില്‍ നിന്ന് തീരത്തിനു സംരക്ഷണം നല്കുന്ന ദ്വീപുകളും മുനമ്പുകളുമാണ് നൈസര്‍ഗിക തരംഗരോധികള്‍. പ്രത്യേക ആവശ്യത്തിലേക്കായി വിഭിന്ന ആകൃതിയിലും വലുപ്പത്തിലും മനുഷ്യര്‍ നിര്‍മിക്കുന്നവയാണ് കൃത്രിമ തരംഗരോധികള്‍. തീരത്തോടു ബന്ധിപ്പിച്ചും അല്ലാതെയും കൃത്രിമ തരംഗരോധികള്‍ നിര്‍മിക്കാന്‍ സാധിക്കും. ചില സ്ഥലങ്ങളില്‍ കടലോരങ്ങളെ സംരക്ഷിക്കുവാനും തരംഗരോധികള്‍ നിര്‍മിക്കാറുണ്ട്. പൊക്കം കുറഞ്ഞ ഭിത്തികളായാണ് മിക്കപ്പോഴും തരംഗരോധികള്‍ നിര്‍മിക്കപ്പെടുന്നത്. കപ്പലുകള്‍ക്കു കരയിലേക്കടുക്കുവാനുള്ള പ്രവേശന കവാടം തുറന്നിട്ടുകൊണ്ടാണ് ഇവ നിര്‍മിക്കാറുള്ളത്. തരംഗരോധികളാല്‍ സംരക്ഷിതമായ ശാന്തമായ സമുദ്രഭാഗം കപ്പലുകള്‍ക്ക് നങ്കൂരമിടുവാന്‍ അനുയോജ്യമാണ്. ചിലപ്പോള്‍ നിര്‍മാണാവശ്യങ്ങള്‍ക്കു വേണ്ടിയും ധാതുക്കളുടെയോ പ്രകൃതി വാതകത്തിന്റെയോ ഖനന സൗകര്യത്തിനു വേണ്ടിയും താത്ക്കാലിക തരംഗരോധികള്‍ നിര്‍മിക്കുക പതിവാണ്.

കരിങ്കല്ല്, കോണ്‍ക്രീറ്റ് ഫലകങ്ങള്‍, തടി എന്നിവ തുറമുഖത്തി ന്റെ അടിവാരത്തുള്ള കടല്‍ത്തറയില്‍ അട്ടിയിട്ട് ഉയര്‍ത്തിയാണ് സ്ഥിരമായ തരംഗരോധികള്‍ നിര്‍മിക്കുന്നത്. വേലിയേറ്റ-ഇറക്ക ങ്ങള്‍, കാറ്റ്, ജല പ്രവാഹങ്ങള്‍, സമുദ്രത്തിന്റെ ആഴം, തിരമാലക ളുടെ ഘടന എന്നിവ തരംഗരോധികളുടെ ആകൃതിയും സ്ഥാനവും നിര്‍ണയിക്കുന്നതില്‍ മുഖ്യ പങ്ക് വഹിക്കുന്നു. ചില തുറമുഖങ്ങളില്‍ വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്നയിനം തരംഗരോധികളും കാണാം. തടിയോ ഇരുമ്പുരുക്ക് ഫലകങ്ങളോ കൊണ്ട് നിര്‍മിച്ചിരിക്കുന്ന ഇത്തരം തരംഗരോധികളെ ചങ്ങലയുപയോഗിച്ച് കടല്‍ത്തറയുമായി ബന്ധിച്ചിരിക്കും. നാവിക പരിശീലനത്തിലും മത്സ്യബന്ധനത്തിലും ഏര്‍പ്പെട്ടവര്‍ക്ക് മുന്നറിയിപ്പു നല്കുന്ന വിളക്കുകളും മൂടല്‍മഞ്ഞുവീഴ്ചയെ ഘോഷിക്കുന്ന 'ഫോഗ് ഹോണ്‍' തുടങ്ങിയ നാവികോപാധികളും സാധാരണ തരംഗരോധികളിലാണ് ഘടിപ്പിക്കാറുള്ളത്.

നൈസര്‍ഗിക തരംഗരോധി

കരയോടു ബന്ധപ്പെടുത്തിയും കരയില്‍ നിന്ന് അകലത്തായും തരംഗരോധികള്‍ നിര്‍മിക്കാറുണ്ട്. മിക്കവാറും എല്ലാ തരംഗരോധികളുടേയും ഒരു ഭാഗം തീരത്തിന് ഏകദേശം സമാന്തരമായിട്ടായിരിക്കും നിര്‍മിക്കുക. ജെട്ടിയില്‍ നിന്ന് തരംഗരോധികളെ വേര്‍തിരിച്ചു നിര്‍ത്തുന്നതും ഇതേ ഘടകം തന്നെ. തീരത്തിനു ലംബമായാണ് മിക്കപ്പോഴും ജെട്ടികള്‍ നിര്‍മിക്കുന്നത്.

യു.എസ്സിലെ മിക്കവാറും എല്ലാ തരംഗരോധികളും ചരല്‍ക്കൂ നയുടെ ആകൃതിയിലുള്ളവയാണ്. മണ്ണോ ചെറു പാറക്കഷണങ്ങളോകൊണ്ടു നിര്‍മിതമായിരിക്കുന്ന അതാര്യമായ ഒരു ആന്തരിക ഭാഗം ഉണ്ടായിരിക്കുക ഇത്തരം തരംഗരോധികളുടെ പ്രത്യേകതയാണ്. ഇവയുടെ ചരിഞ്ഞ വശങ്ങള്‍ വലിയ പാറക്കഷണങ്ങളോ പ്രത്യേക ആകൃതിയിലുള്ള കോണ്‍ക്രീറ്റ് ഖണ്ഡങ്ങളോ കൊണ്ട് ആവരണം ചെയ്യപ്പെട്ടിരിക്കുന്നു. ഇങ്ങനെ നിര്‍മിച്ചിരിക്കുന്ന കോണ്‍ക്രീറ്റ് ഖണ്ഡങ്ങളില്‍ ഏറ്റവും പ്രചാരമേറിയത് നാല്ക്കാലി ആകൃതിയിലുള്ളവയാണ്. കൈസണ്‍സ് (caissons) എന്നറിയപ്പെടുന്ന അകം പൊള്ളയായ ഒരു പ്രത്യേക തരം കോണ്‍ക്രീറ്റ് പെട്ടികളില്‍ കല്ലോ അതുപോലെ ദൃഢതയുള്ള മറ്റേതെങ്കിലും പദാര്‍ഥമോ നിറച്ചും തരംഗരോധികള്‍ സൃഷ്ടിക്കാറുണ്ട്. പഞ്ചമഹാതടാകങ്ങളില്‍ ഉപയോഗിക്കുന്ന തരംഗരോധികള്‍ മിക്കവാറും ഇത്തരത്തിലുള്ളവയാണ്.

ലംബാകൃതിയിലുള്ള വന്‍ കോണ്‍ക്രീറ്റ് ഖണ്ഡങ്ങള്‍ ഉപയോഗിച്ചാണ് യൂറോപ്പിന്റെ പല ഭാഗങ്ങളിലും തരംഗരോധികള്‍ നിര്‍മിക്കുന്നത്. നൂറുകണക്കിന് ടണ്‍ ഭാരമുള്ളവയാണ് ഇത്തരം കോണ്‍ക്രീറ്റ് ഖണ്ഡങ്ങള്‍. ഈ തരംഗരോധികളുടെ സംരക്ഷിത വശത്ത് കപ്പലുകള്‍ക്ക് നങ്കൂരമിടുവാനും ചരക്കുകള്‍ ഇറക്കുവാനും സൗകര്യമുണ്ടായിരിക്കും.

കൃത്രിമ തരംഗരോധി

ഡെലവേര്‍ ഉള്‍ക്കടല്‍, ഷിക്കാഗോ, ന്യൂയോര്‍ക്ക് തുടങ്ങിയ തുറമുഖങ്ങളിലുള്ള തരംഗരോധികള്‍ ഏറെ വലുപ്പമുള്ളവയാണ്. ലോകത്തിലെ ഏറ്റവും വലുപ്പമേറിയ തരംഗരോധികള്‍ ഫ്രാന്‍സി ലെ ചേര്‍ബോഗ്, ഇംഗ്ളണ്ടിലെ പ്ളിമത്, ചിലിയിലെ വാല്‍പറൈസോ (Valparaiso) എന്നിവയാണ്. രണ്ടാം ലോകയുദ്ധത്തിലെ നോര്‍മന്‍ഡീ ആക്രമണകാലത്ത് സഖ്യകക്ഷികള്‍ ധാരാളം കപ്പലുകളെ കടലില്‍ മുക്കി കൃത്രിമ തരംഗരോധികള്‍ നിര്‍മിച്ചിരുന്നു. പുരാതന ഗ്രീക്കുകാരും റോമാക്കാരുമാണ് ആദ്യമായി തരംഗരോധികള്‍ നിര്‍മിച്ചത്. ഇന്ന് ലോകത്തുടനീളം ഇവയുടെ പ്രയോജനം പ്രചരിച്ചു കഴിഞ്ഞിരിക്കുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍