This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തമിഴ് സര്‍വകലാശാല

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

06:10, 23 ജൂണ്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

തമിഴ് സര്‍വകലാശാല

ഇന്ത്യയില്‍ ഒരു പ്രാദേശിക ഭാഷയുടെ വികസനത്തിനുവേണ്ടി ആദ്യമുണ്ടായ സര്‍വകലാശാല. തമിഴ്നാട്ടിലെ തഞ്ചാവൂരില്‍ 1981-ല്‍ സ്ഥാപിതമായി.

അഞ്ചാം ലോക തമിഴ് സമ്മേളനത്തില്‍ അന്നത്തെ തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന എം.ജി. രാമചന്ദ്രന്‍ ലോക തമിഴ് ജനതയ്ക്കും ഗവേഷകര്‍ക്കും പ്രയോജനപ്പെടുന്ന വിധം തമിഴ് സര്‍വകലാശാല സ്ഥാപിക്കും എന്നു പ്രസ്താവിച്ചത് യാഥാര്‍ഥ്യമായി മാറി. അഫിലിയേറ്റഡ് കോളജുകള്‍ ഇല്ലാത്ത റസിഡന്‍ഷ്യല്‍ യൂണിവേഴ്സിറ്റിയാണിത്. മറ്റു സംസ്ഥാനങ്ങളിലും രാജ്യങ്ങളിലും സെന്ററുകള്‍ സ്ഥാപിക്കുക, ആഫ്രിക്ക, ഏഷ്യ എന്നിവിടങ്ങളിലെ തമിഴര്‍ക്കും പ്രയോജനപ്പെടുന്ന ഗവേഷണപഠനങ്ങള്‍ നടത്തുക, ഗവേഷണങ്ങള്‍ക്ക് ആധാരമായ താളിയോലകള്‍, പുരാവസ്തുക്കള്‍, ശാസനങ്ങള്‍ എന്നിവ ശേഖരിച്ചു സൂക്ഷിക്കുക, ഇവ ഉപയോഗിച്ച് തമിഴ് ഭാഷ വികസിപ്പിക്കുന്നതിനു വേണ്ടിയുള്ള മാര്‍ഗങ്ങള്‍ ആരായുക, എല്ലാ ശാസ്ത്രസാങ്കേതിക വിഷയങ്ങളും തമിഴില്‍ പഠിപ്പിക്കത്തക്കവിധം തമിഴിനെ സമ്പന്നമാക്കുക എന്നിവയാണ് ഈ സര്‍വകലാശാലയുടെ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍. തുടര്‍ന്ന് പ്രാരംഭ ചെലവുകള്‍ക്കായി 7.4 കോടി രൂപയും ഓരോ വര്‍ഷവും 24 ലക്ഷം രൂപയും ബഡ്ജറ്റില്‍ വകകൊള്ളിച്ച് ബില്ലും പാസ്സാക്കുകയുണ്ടായി.

അണ്ണാദുരൈയുടെ ജന്മദിനമായ സെപ്. 15-ന് എം.ജി. ആറിന്റെ അധ്യക്ഷതയില്‍ അന്നത്തെ തമിഴ്നാട് ഗവര്‍ണര്‍ ആയിരുന്ന സാദിക് അലിയാണ് തഞ്ചാവൂരില്‍ സര്‍വകാലശാല ഉദ്ഘാടനം ചെയ്തത്. എം.ജി.ആര്‍. കെട്ടിടത്തിന്റെ തറക്കല്ലിട്ടു പ്രസംഗിച്ചു. പ്രസംഗത്തില്‍ രാഷ്ട്രീയവും മതപരവുമായ സ്ഥാപിത താത്പര്യങ്ങള്‍ക്ക് അതീതമായിരിക്കും ഈ സര്‍വകലാശാല എന്നും എന്‍ജിനീയറിങ്, മെഡിസിന്‍ എന്നിവ തമിഴില്‍ പഠിക്കുന്നതിന് സൗകര്യം ഉണ്ടായിരിക്കും എന്നും എടുത്തു പറഞ്ഞു.

പൗരസ്ത്യഭാഷാവിഭാഗം, താളിയോല വിഭാഗം, സമുദ്രഗവേഷണ വിഭാഗം, കലാവിഭാഗം, തൊഴില്‍ വിഭാഗം, വളര്‍തമിഴ് വിഭാഗം, സയന്‍സ്, സാമൂഹികശാസ്ത്രം തുടങ്ങിയ വിവിധ ഫാക്കല്‍റ്റികളിലായി 19 ഡിപ്പാര്‍ട്ടുമെന്റുകളോടെയാണ് തമിഴ് സര്‍വകലാശാല പ്രവര്‍ത്തനം ആരംഭിച്ചത്. ഇവയില്‍ ആദിവാസി ഗവേഷണ വിഭാഗം; ശിലാശാസന വിഭാഗം; തോണിത്തുറ, പ്രാചീനഗ്രന്ഥങ്ങളില്‍ പ്രതിപാദിച്ചിട്ടുള്ള മരങ്ങള്‍, ചെടികള്‍, കൊടികള്‍, മത്സ്യങ്ങള്‍ എന്നിവയെക്കുറിച്ചുള്ള ഗവേഷണവിഭാഗം; പ്രാചീന കപ്പലുകള്‍, കപ്പല്‍ വഴികള്‍ എന്നിവ അടിസ്ഥാനമാക്കി ദക്ഷിണേന്ത്യയുടെ വിട്ടുപോയ ചരിത്രം പരിശോധിക്കുന്ന വിഭാഗം; ഓട്, മരത്തൊഴില്‍, യുദ്ധോപകരണങ്ങള്‍, പഴയ കെട്ടിടങ്ങള്‍ എന്നിവയെക്കുറിച്ചു പഠനം നടത്തുന്ന വിഭാഗം എന്നിവ ശ്രദ്ധേയമാണ്.

മേല്‍പ്പറഞ്ഞവയ്ക്കു പുറമേ കലൈക്കളഞ്ചിയം (വിജ്ഞാനകോശം), പേരകരാതി (ലക്സിക്കന്‍) എന്നിവയുടെ പ്രസിദ്ധീകരണ വിഭാഗം, സാംസ്കാരിക മ്യൂസിയം എന്നിവയും ഉണ്ട്. മദ്രാസ് സര്‍വകലാശാല പ്രസിദ്ധീകരിച്ച 10 വാല്യങ്ങളിലുള്ള കലൈക്കളഞ്ചിയം, അറിവിയല്‍, വാഴ്വിയല്‍ എന്നിങ്ങനെ രണ്ടായി വിഭജിച്ച് ഓരോന്നും പത്തുവാല്യങ്ങള്‍ വീതം പുനഃപ്രസിദ്ധീകരിച്ചു. അതുപോലെ മദ്രാസ് സര്‍വകലാശാല 6 വാല്യങ്ങള്‍ പ്രസിദ്ധീകരിച്ച് നിറുത്തിയ ലക്സിക്കണ്‍ കൂടുതല്‍ വിപുലീകരിച്ച് 10 വാല്യങ്ങായി പ്രസിദ്ധീകരിക്കുകയും ചെയ്തു. ഇവയ്ക്കു പുറമേ ധാരാളം വിഷയാധിഷ്ഠിത ശബ്ദാവലികളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

തമിഴിലേയും മറ്റു ദക്ഷിണേന്ത്യന്‍ ഭാഷകളിലേയും താളിയോല ഗ്രന്ഥങ്ങള്‍ ഉള്‍പ്പെടെയുള്ള ഗ്രന്ഥങ്ങള്‍ സമാഹരിച്ചിട്ടുള്ള ഗവേഷണോന്മുഖമായ ഒരു ലൈബ്രറിയും തമിഴ് സര്‍വകലാശാലയ്ക്കുണ്ട്. കേന്ദ്രസാംസ്കാരിക മന്ത്രാലയത്തിന്റെ സഹായത്തോടെ കംപ്യൂട്ടര്‍ ഉപയോഗിച്ച് തമിഴ് ഗ്രന്ഥങ്ങളുടെ ഒരു കാറ്റലോഗ് ശൃംഖലയും തയ്യാറാക്കിയിട്ടുണ്ട്. ഇവയ്ക്കു പുറമേ, ഒരു ഓഡിയോ-വിഷ്വല്‍ സെന്ററും ഒരു ഭാഷാധ്യാപന ലബോറട്ടറിയും ഇവിടെ പ്രവര്‍ത്തിക്കുന്നു.

വിവിധ ഡിപ്പാര്‍ട്ടുമെന്റുകളിലെ ഗവേഷണ വിദ്യാര്‍ഥികള്‍ക്കായി തിരഞ്ഞെടുക്കപ്പെട്ട വിഷയങ്ങളില്‍ പ്രത്യേക കോഴ്സുകളും സര്‍വകലാശാല നടത്തിവരുന്നുണ്ട്. ബിരുദാനന്തരബിരുദങ്ങളും പിഎച്ച്.ഡി., ഡി.ലിറ്റ്. പോലുള്ള ഉന്നത ഗവേഷണ ബിരുദങ്ങളും യൂണിവേഴ്സിറ്റി നല്കിവരുന്നു.

തമിഴിലെ കവിത, ചെറുകഥ, നോവല്‍ തുടങ്ങിയ സാഹിത്യ വിഭാഗങ്ങളിലെ ഏറ്റവും നല്ല കൃതിക്ക് ഒരു ലക്ഷം രൂപയ്ക്കുള്ള രാജരാജന്‍ അവാര്‍ഡ് യൂണിവേഴ്സിറ്റി ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനു പുറമേ ശാസ്ത്രം, പെയിന്റിങ്, സംഗീതം, ഫോക്ലോര്‍, വിവര്‍ത്തനം തുടങ്ങിയവയ്ക്ക് 5000 രൂപ വീതമുള്ള10 അവാര്‍ഡുകളും നല്കിവരുന്നു. പ്രമുഖ ഭാഷാശാസ്ത്രജ്ഞനും ദ്രാവിഡ ഭാഷാശാസ്ത്രപഠനകേന്ദ്രത്തിന്റെ ഡയറക്ടറും ആയ പ്രൊഫ. വി.ഐ. സുബ്രഹ്മണ്യമാണ് യൂണിവേഴ്സിറ്റിയുടെ സ്ഥാപക ഡയറക്ടര്‍. തമിഴ്നാട് ഗവര്‍ണര്‍ ആണ് ചാന്‍സലര്‍.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍