This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തമിഴ് ഭാഷയും സാഹിത്യവും

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

09:40, 25 ജൂണ്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഉള്ളടക്കം

തമിഴ് ഭാഷയും സാഹിത്യവും

ഇന്ത്യയിലെ പ്രമുഖ ദ്രാവിഡഭാഷ. പ്രാചീനതയും സാഹിത്യ സമൃദ്ധിയും മൂലം ലോകപ്രശസ്തി നേടിയിട്ടുള്ള ഭാഷയാണിത്. ലാറ്റിന്‍, ഗ്രീക്ക് തുടങ്ങിയ പാശ്ചാത്യ ക്ളാസ്സിക് ഭാഷകളുടെ കൂട്ടത്തില്‍ തല ഉയര്‍ത്തി നില്ക്കാന്‍ കെല്പുള്ള രണ്ട് ഇന്ത്യന്‍ ഭാഷകളില്‍ ഒന്നാണ് തമിഴ്. മറ്റേത് സംസ്കൃതം. തമിഴ്നാടിന്റെ ഭാഷയെന്നതിനോടൊപ്പം ഒരു അന്താരാഷ്ട്ര ഭാഷ എന്ന നിലയിലും തമിഴിന് പ്രാമുഖ്യമുണ്ട്. ആധുനിക ഭാരതീയ ഭാഷകളുടെ കൂട്ടത്തില്‍ ഏറ്റവും പഴക്കമുള്ള സാഹിത്യഭാഷ എന്ന സ്ഥാനവും തമിഴിനാണുള്ളത്.

ഇന്ത്യയുടെ തെക്കേ അറ്റത്ത് ആന്ധ്രപ്രദേശ്, കര്‍ണാടകം എന്നീ സംസ്ഥാനങ്ങള്‍ക്കു തെക്കും കേരളത്തിനു കിഴക്കും ബംഗാള്‍ ഉള്‍ക്കടലിനു പടിഞ്ഞാറും സ്ഥിതിചെയ്യുന്ന തമിഴ്നാട്ടിലെ നാല് കോടിയില്‍പ്പരം ജനങ്ങള്‍ ഈ ഭാഷ സംസാരിക്കുന്നു. ഇതിനു പുറമേ ആന്ധ്രപ്രദേശ്, കര്‍ണാടകം, കേരളം എന്നീ സംസ്ഥാനങ്ങളിലെ ഗണ്യമായ ഒരു വിഭാഗവും ഇന്ത്യയിലെ പ്രധാനപ്പെട്ട നഗരങ്ങളിലെ ഒരു വിഭാഗവും ഈ ഭാഷ സംസാരിക്കുന്നുണ്ട്. ശ്രീലങ്ക ദ്വീപിന്റെ വടക്കു ഭാഗത്തുള്ള ജനങ്ങളില്‍ ഭൂരിഭാഗവും തമിഴരാണ്. ഇന്തോനേഷ്യ, മലേഷ്യ, സിംഗപ്പൂര്‍, മൊറീഷ്യസ്, മ്യാന്‍മര്‍, ഫിജി എന്നീ രാജ്യങ്ങളിലും ദക്ഷിണ കിഴക്കന്‍ ആഫ്രിക്കയിലും തമിഴ് മാതൃഭാഷയായുള്ള നിരവധി ജനങ്ങള്‍ താമസിക്കുന്നതായി സ്ഥിതിവിവരക്കണക്കുകള്‍ വ്യക്തമാക്കുന്നു. ഇന്ത്യയിലെ മുഖ്യ ദ്രാവിഡഭാഷകളായ തെലുഗു, കന്നഡ, മലയാളം എന്നിവ സംസാരിക്കപ്പെടുന്ന പ്രദേശങ്ങളാല്‍ തമിഴകം വലയം ചെയ്യപ്പെട്ടിരിക്കുന്നു. ദ്രാവിഡ നാഗരികതയുടെ മഹത്ത്വത്തെ പ്രതിനിധാനം ചെയ്യുകയും അതിനെ ഉയര്‍ത്തിക്കാട്ടുകയും അതിന്റെ അടിത്തറ ഭദ്രമായി സൂക്ഷിക്കുകയും ചെയ്യുന്ന സാംസ്കാരിക ശക്തികേന്ദ്രമാണ് തമിഴ് ഭാഷ.

ഭാഷ

ഉത്പത്തിയും വികാസവും

ഇന്ത്യയിലെ പ്രധാന ഭാഷാഗോത്രങ്ങളില്‍ ഒന്നായ ദ്രാവിഡ ഗോത്രത്തില്‍പ്പെട്ട ഭാഷയാണ് തമിഴ്. തമിഴ് എന്ന പദത്തിന്റെ വ്യുത്പത്തി വ്യക്തമല്ല. ദ്രാവിഡ രുടെ ഭാഷ എന്ന നിലയില്‍ ചരിത്രാതീത കാലം മുതല്‍ തമിഴിന്റെ ആദിമരൂപമായ ദ്രാവിഡഭാഷ പ്രചരിച്ചിരുന്നതായി ഗവേഷകര്‍ കരുതുന്നു. തമിഴ് എന്ന പേര് ദ്രാവിഡ പദത്തിന്റെ തദ്ഭവമാണെന്നും മറിച്ച് തമിഴ് എന്ന വാക്കാണ് ദ്രാവിഡമായി പരിണമിച്ചതെന്നും ഭിന്നാഭിപ്രായങ്ങള്‍ നിലവിലുണ്ട്. ദ്രാവിഡ പദത്തിലെ ദ്ര എന്ന അക്ഷരം തമിഴരുടെ ഉച്ചാരണത്തില്‍ ഉണ്ടായിരിക്കാന്‍ ഇടയില്ല. അതിനാല്‍ ദ്രാവിഡഭാഷയെക്കുറിച്ചിരുന്ന പുരാതന കാലത്തെ പേര് രൂപാന്തരപ്പെട്ട് തമിഴ് ആയിത്തീര്‍ന്നെന്നു കരുതാമെങ്കിലും അതിന്റെ ആദിമ രൂപം എന്തായിരുന്നു എന്നു നിര്‍ണയിക്കുക സാധ്യമല്ല. തമിഴ് എന്ന പദത്തിന് തനതുമൊഴി (ഇമ്പമുള്ള മൊഴി) എന്നാണര്‍ഥം.

പ്രാചീന ദ്രാവിഡരുടെ ഭാഷയായ മൂലദ്രാവിഡഭാഷയില്‍ നിന്ന് പില്ക്കാലത്തു രൂപംകൊണ്ട ഒരു പ്രാദേശിക ഭാഷയാണ് തമിഴെന്ന് ആധുനിക ഭാഷാശാസ്ത്രജ്ഞന്മാര്‍ ശാസ്ത്രീയമായി തെളിയിച്ചിട്ടുണ്ട്. അതായത്, ആര്യന്മാര്‍ ഉത്തരേന്ത്യ മുഴുവന്‍ കയ്യടക്കിയപ്പോള്‍ ദ്രാവിഡര്‍ വിന്ധ്യാപര്‍വതത്തിനു തെക്കുള്ള ഉപദ്വീപിലേക്കു തള്ളിനീക്കപ്പെട്ടു. ദ്രാവിഡര്‍ ക്രമേണ ഇന്ത്യയുടെ തെക്കന്‍ പ്രദേശങ്ങളിലേക്കു വ്യാപിച്ചതിനെത്തുടര്‍ന്ന് അവരുടെ ഭാഷയ്ക്ക് ഉത്തര ദ്രാവിഡം, മധ്യ ദ്രാവിഡം, ദക്ഷിണ ദ്രാവിഡം എന്നിങ്ങന്നെ മൂന്ന് പ്രാദേശിക രൂപഭേദങ്ങള്‍ ഉണ്ടായി. മൂല ദ്രാവിഡഭാഷയില്‍ നിന്ന് ദക്ഷിണ ദ്രാവിഡം വേര്‍പിരിഞ്ഞപ്പോള്‍ സ്വനിമപരമായും രൂപിമപരമായും പല മാറ്റങ്ങളും വന്നു ചേര്‍ന്നു. ആ മാറ്റങ്ങളോടുകൂടിയ ദ്രാവിഡഭാഷാശാഖയില്‍ നിന്നാണ് തമിഴ് ഉരുത്തിരിഞ്ഞു വളര്‍ന്നതെന്ന് ഭാഷാഗവേഷകര്‍ കരുതുന്നു.

ദക്ഷിണ ദ്രാവിഡത്തില്‍ നിന്ന് വേര്‍തിരിഞ്ഞു രൂപം കൊണ്ടവയാണ് കന്നഡ, തമിഴ്, മലയാളം, തുളു തുടങ്ങിയ ദക്ഷിണ ഭാഷകള്‍ എന്ന് ഭാഷാപണ്ഡിതര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. അവയ്ക്കെല്ലാം പൊതുവായ ആദ്യകാല ഭാഷാരൂപത്തെ പ്രാചീന തമിഴ് അഥവാ പഴന്തമിഴ് എന്നു വിശേഷിപ്പിക്കാം. ഈ പഴന്തമിഴില്‍ നിന്ന് ചെന്തമിഴ് എന്ന ഗ്രന്ഥഭാഷാരൂപം പണ്ഡിതന്മാര്‍ ആവിഷ്കരിച്ചു. ആ ചെന്തമിഴ്, പഴന്തമിഴ്-കൊടുന്തമിഴുകളില്‍ നിന്ന് ആധുനിക തമിഴിനെ ഒരളവുവരെ അകറ്റുകയുണ്ടായി. സംഘകാല കൃതികളിലെ ഭാഷയായിരുന്നു തമിഴിലെ ആദ്യത്തെ ഗ്രന്ഥഭാഷാരൂപം. അക്കാലത്തു രൂപംകൊണ്ട ഗ്രന്ഥഭാഷയാണ് ചെന്തമിഴ് എന്നപേരില്‍ അറിയപ്പെട്ടത്. സംഘകാല കൃതികള്‍ ജനങ്ങളുടെയിടയില്‍ പ്രചരിച്ചതുമൂലം ജനകീയ ഭാഷയ്ക്കു മാറ്റങ്ങള്‍ വന്നുചേര്‍ന്നു. തത്ഫലമായിട്ടാണ് ക്രിസ്തുവര്‍ഷാരംഭകാലത്തെ കൊടുന്തമിഴ് ഇന്നത്തെ തമിഴ് ഭാഷയായി വികാസം പ്രാപിച്ചത്.

തമിഴിനെ മറ്റു ദ്രാവിഡ ഭാഷകളില്‍ നിന്നു വേര്‍തിരിക്കുന്ന പ്രധാന പ്രത്യേകതകള്‍ താഴെപ്പറയുന്നവയാണ്:

1. ഇകാരത്തിന് ഉകാരാദേശം. പ്രത്യേകിച്ചും മധ്യമപുരുഷ സര്‍വനാമത്തില്‍ (നിം > നും - നിങ്ങളുടെ)

2. പദാദിയിലെ താലവ്യാനുനാസികത്തിന് ദന്ത്യാദേശം

(ഞ > ന - ഞാണല്‍ > നാണല്‍)

3. മൂലദ്രാവിഡത്തിലുണ്ടായിരുന്ന - ക്കന്‍ എന്ന പുല്ലിംഗ പ്രത്യയം നഷ്ടപ്പെട്ടത് (മുതുക്കന്‍ > മുതുവന്‍, കിടുക്കന്‍ > ചിതുവന്‍)

പ്രാചീന ലിഖിതങ്ങള്‍

തമിഴിന്റെ ഗ്രന്ഥഭാഷാരൂപം സംസ്കൃതത്തോളം പഴക്കമുള്ളതാണെന്ന് തമിഴ് പണ്ഡിതര്‍ വിശ്വസിക്കുന്നു. അത്രത്തോളം പഴക്കമില്ലെങ്കില്‍പ്പോലും ഇന്ത്യയിലെ മറ്റേതൊരു ഗ്രന്ഥഭാഷയേയുംകാള്‍ പ്രാചീനത തമിഴ് ഗ്രന്ഥഭാഷയ്ക്ക് അവകാശപ്പെടാം. തമിഴ് ഭാഷയില്‍ ലഭിച്ചിട്ടുള്ള ഏറ്റവും പ്രാചീനങ്ങളായ രേഖകള്‍ രണ്ടോ മൂന്നോ വരികളുള്ള ഏതാനും ശിലാശാസനങ്ങളാണ്. എന്നാല്‍ ഇപ്രകാരമുള്ള ശിലാശാസനങ്ങളില്‍ ചുരുക്കം ചിലതു മാത്രമേ അവശേഷിക്കുന്നുള്ളൂ. ഈ ചരിത്രരേഖകളില്‍ വച്ച് ഏറ്റവും പ്രാചീനങ്ങളായി കരുതാവുന്നവ ബി.സി. 3-ാം ശ.-ത്തില്‍ രേഖപ്പെടുത്തിയവയാണെന്ന് ഗവേഷകര്‍ കണക്കാക്കിയിട്ടുണ്ട്. ഇവ മധുര, രാമനാഥപുരം ജില്ലകളിലെ ഗുഹകളിലാണു കാണുന്നത്. ഈറോഡ്, കരൂര്‍ തുടങ്ങിയ കച്ചവടകേന്ദ്രങ്ങളിലും ഇവ വിരളമായി കാണാം.

തമിഴില്‍ ഇന്നു ലഭ്യമായിട്ടുള്ള ഏറ്റവും പ്രാചീനവും വിലപ്പെട്ടതുമായ കൃതി ബി.സി. 2-ാം ശ.-ത്തിനടുത്തു വിരചിതമായതെന്നു നിര്‍ണയിക്കപ്പെട്ടിട്ടുള്ള തൊല്കാപ്പിയമാണ്. ഇതിന്റെ ആവിര്‍ഭാവത്തിനു മുമ്പുതന്നെ ധാരാളം വ്യാകരണ കൃതികളും സാഹിത്യ കൃതികളും ഉണ്ടായിരുന്നതായി ഇതിലെ പരാമര്‍ശങ്ങളില്‍ നിന്നു മനസ്സിലാക്കാം. വ്യാകരണത്തേയും മീമാംസയേയും കുറിച്ചാണ് ഇതില്‍ വിവരിച്ചിരിക്കുന്നത്. കാവ്യങ്ങളെ മൊത്തത്തില്‍ അകമെന്നും പുറമെന്നും രണ്ടായി തിരിച്ചിരിക്കുന്നു. ഈ വിഭാഗത്തിലെ പ്രധാനപ്പെട്ട ഇനം യുദ്ധസംബന്ധിയായ ചരിത്രങ്ങളോ ഇതിഹാസങ്ങളോ ആണ്. തൊല്കാപ്പിയത്തിനു തൊട്ടു മുമ്പോ പിന്നീടോ ഉള്ള കാവ്യങ്ങളൊന്നും ലഭിച്ചിട്ടില്ല. കിട്ടിയിട്ടുള്ളവയില്‍ വച്ച് ഏറ്റവും പഴക്കമുള്ളവ സംഘകൃതികളായി കരുതിപ്പോരുന്ന പത്തുപ്പാട്ട്, എട്ടുത്തൊകൈ എന്നീ സമാഹാരങ്ങളാണ്. തമിഴ്സംഘം എന്നു വിശേഷിപ്പിക്കപ്പെടുന്ന ഒരു പണ്ഡിത സമിതിയാല്‍ സമാഹരിക്കപ്പെട്ടവ ആയതിനാലാണ് അവ സംഘകൃതികള്‍ എന്ന പേരില്‍ അറിയപ്പെടുന്നത്. പല കവികളുടെ കൃതികളാണ് ഈ സമാഹാരങ്ങളിലുള്ളത്. തൊല്കാപ്പിയര്‍ ക്രോഡീകരിച്ചിട്ടുള്ള നിയമങ്ങള്‍ക്കു വിധേയമായിട്ടുള്ളവയാണ് ഈ കവിതകളെല്ലാം.

ലിപി

എല്ലാ ഭാരതീയ ലിപികളുടേയും മൂലരൂപം ബ്രാഹ്മിയാണെന്ന് ഭാഷാശാസ്ത്രജ്ഞര്‍ നിരൂപിക്കുന്നു. അശോകന്റെ ശിലാലേഖനങ്ങളിലെ ലിപി ബ്രാഹ്മിയുടെ പ്രാചീന മാതൃകയാണ്. അതില്‍നിന്ന് ഗവി ലിപിയിലൂടെ ദ്രാവിഡഭാഷാലിപികളും ദേവനാഗരി ലിപികളും രൂപപ്പെട്ടു. തമിഴ് ലിപികളും പ്രാചീന കാലത്തെ ബ്രാഹ്മി ലിപിയില്‍നിന്ന് ഉരുത്തിരിഞ്ഞു വന്നതാണെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ഏതാനും നൂറ്റാണ്ടുകള്‍ക്കു മുമ്പുവരെ ഇന്നത്തേതില്‍ നിന്ന് വ്യത്യസ്തങ്ങളായ രൂപങ്ങളാണ് തമിഴ് ലിപികള്‍ക്ക് ഉണ്ടായിരുന്നത്. അത്തരം ലിപികള്‍ക്ക് വട്ടെഴുത്ത് എന്നായിരുന്നു പേര്. കോലെഴുത്ത് എന്നപേരില്‍ മറ്റൊരു രൂപവും അതിനുണ്ടായിരുന്നു. വട്ടെഴുത്തും കോലെഴുത്തും തമിഴിലെന്നതുപോലെ മലയാളത്തിലും കുറേക്കാലം മുമ്പുവരെ ഉപയോഗിച്ചിരുന്നു. അതിനാല്‍ പല വര്‍ണങ്ങളേയും കുറിക്കുന്ന മലയാള ലിപികള്‍ക്ക് അതേ വര്‍ണങ്ങളെ കുറിക്കുന്ന തമിഴ് ലിപികളോട് ഇപ്പോഴും സാദൃശ്യം കാണുന്നു.

മറ്റു ദ്രാവിഡഭാഷകളുമായി താരതമ്യം ചെയ്യുമ്പോള്‍ തമിഴിലെ അക്ഷരമാല പരിമിതമാണ്. തമിഴില്‍ ആകെ 12 സ്വരാക്ഷരങ്ങളാണുള്ളത്. ഇവയെ 'ഉയിര്‍ എഴുത്തുക്കള്‍' എന്നുപറയുന്നു. ഇവയില്‍ അ, ഇ, ഉ, എ, ഒ എന്നിവ ഹ്രസ്വസ്വരങ്ങളും ആ, ഈ, ഊ, ഏ, ഓ എന്നിവ ദീര്‍ഘ സ്വരങ്ങളുമാണ്. ഐ, ഔ എന്നിവ സംയുക്ത സ്വരങ്ങളാണ്.

തമിഴില്‍ 19 വ്യഞ്ജനാക്ഷരങ്ങളേ ഉള്ളൂ. ഇവയെ 'മെയ് എഴുത്തുക്കള്‍' എന്നുപറയുന്നു. ഇവയില്‍ ആറെണ്ണം സ്പര്‍ശ വ്യഞ്ജനങ്ങളും (ക, ച, ട, ത, റ്റ, പ) ആറെണ്ണം അവയുടെ അനുനാസികങ്ങളും ആണ് (ങ, ഞ, ണ, , മ). ഇവയ്ക്കു പുറമേ യ, ര, ല, വ, ള, ഴ, റ എന്നിങ്ങനെ ഏഴ് മധ്യമ വ്യഞ്ജനങ്ങള്‍ കൂടിയുണ്ട്. മേല്പറഞ്ഞ ലിപികള്‍ക്കു പുറമേ ആയ്തം ( ) എന്ന മറ്റൊരു ചിഹ്നം കൂടി തമിഴിലുണ്ട്. ഇതിന് സംസ്കൃതത്തിലെ വിസര്‍ഗത്തിനു സദൃശമായ ഉച്ചാരണമാണുള്ളത്.

സ്പര്‍ശ്യ വ്യഞ്ജനങ്ങളുടെ കൂട്ടത്തിലുള്ള വര്‍ത്സ്യമായ 'റ്റ' കാരം രേഖപ്പെടുത്താന്‍ തമിഴില്‍ പ്രത്യേക ചിഹ്നമില്ല. രണ്ട് റ ചേര്‍ത്താണ് ഇത് രേഖപ്പെടുത്തുന്നത്. വര്‍ത്സ്യമായ 'ന'കാരത്തിനു ചിഹ്നമുണ്ടെങ്കിലും അതിന്റേയും ദന്ത്യ 'ന'കാരത്തിന്റേയും ഉച്ചാരണങ്ങള്‍ തമ്മിലുള്ള വ്യത്യാസം തമിഴര്‍ വീക്ഷിക്കാറില്ല. സംസ്കൃതത്തിലെ ഊഷ്മാക്കളായ ശ, ഷ, സ, ഹ എന്നിവ തമിഴിലില്ല. എന്നാല്‍ തമിഴര്‍ ഉച്ചരിക്കുമ്പോള്‍ ഈ ഊഷ്മാക്കളും ഉച്ചരിക്കാറുണ്ട് (ചാതം-ശാതം/സാതം).

തമിഴില്‍ കൂട്ടക്ഷരങ്ങളെക്കുറിക്കാന്‍ സംയുക്ത ചിഹ്നങ്ങള്‍ ഉപയോഗിക്കാറില്ല. കൂട്ടക്ഷരം രേഖപ്പെടുത്തേണ്ടിവരുമ്പോള്‍ ആദ്യ വര്‍ണത്തിന്റെ ചിഹ്നമെഴുതി മുകളില്‍ ഒരു കുത്തു രേഖപ്പെടുത്തിയതിനു ശേഷം രണ്ടാമത്തെ വര്‍ണത്തെ കുറിക്കുന്ന ലിപി എഴുതുകയാണ് ചെയ്യുന്നത്. (ക്+ക = ക്ക). വ്യഞ്ജനങ്ങളുടെ കൂട്ടക്ഷരങ്ങള്‍ പദാദിയിലോ പദാന്ത്യത്തിലോ വരാറില്ല. ര, ഴ എന്നിവ ഒഴിച്ചുള്ള എല്ലാ വ്യഞ്ജനങ്ങള്‍ക്കും ദ്വിത്വമുണ്ട്. ക, ച, ത, പ എന്നിവ ഒഴിച്ചുള്ള എല്ലാ വ്യഞ്ജനങ്ങളിലും വ്യത്യസ്തമായ രണ്ട് വ്യഞ്ജനങ്ങള്‍ ചേര്‍ന്ന സന്ധികള്‍ വരും.

ഭാഷാഘടന

ഇന്ത്യയിലും ലോകത്തിന്റെ ഇതര ഭാഗങ്ങളിലും പ്രചരിക്കുന്ന മറ്റു ഭാഷകളില്‍ നിന്ന് തമിഴിന് അടിസ്ഥാനപരമായ ഒരു വ്യത്യാസമുണ്ട്. തമിഴ് സംശ്ളിഷ്ട കക്ഷ്യ എന്ന വിഭാഗത്തില്‍പ്പെടുന്ന ഭാഷകളിലൊന്നാണ്. അതായത് രണ്ടോ അതിലധികമോ രൂപിമങ്ങള്‍ ഒന്നിനു പിറകെ ഒന്നായി കൂട്ടിച്ചേര്‍ത്തു നിര്‍മിച്ച പദങ്ങള്‍ തമിഴില്‍ ധാരാളം കാണാം. ഉദാഹരണമായി അവളുടയ, രാമനുടയ എന്നീ സംബന്ധികാവിഭക്തി രൂപങ്ങള്‍. ഇതിനു സമാനമായി അവളുടെ, രാമന്റെ എന്നിങ്ങനെയാണ് മലയാളത്തിലുള്ളത്. മറ്റു ദ്രാവിഡ ഭാഷകളിലൊന്നും ഈ സ്വഭാവം ഇത്രത്തോളമില്ല. തമിഴിലെ പദപ്രയോഗ രീതിയിലും അതിന്റേതായ സവിശേഷതകളുണ്ട്. ഒരേ പദപ്രകൃതിയില്‍ നിന്ന് വ്യത്യസ്താര്‍ഥങ്ങള്‍ കുറിക്കുന്ന അനേകം പദങ്ങള്‍ സൃഷ്ടിക്കുന്ന സമ്പ്രദായം തമിഴിലുണ്ട്. ഇത് മറ്റു ദ്രാവിഡഭാഷകളെ അപേക്ഷിച്ച് കൂടുതലാണ്.

തമിഴില്‍ നാമങ്ങളുടെ ലിംഗങ്ങളെ കുറിക്കുന്ന രൂപഭേദങ്ങള്‍ മലയാളത്തില്‍ കാണുന്നവയോട് സാദൃശ്യമുള്ളവയാണ്. പുല്ലിംഗത്തെ കുറിക്കാന്‍ അന്‍ എന്ന പ്രത്യയവും സ്ത്രീലിംഗത്തെ കുറിക്കാന്‍ തു, ത്തി, ച്ചി എന്നീ പ്രത്യയങ്ങളും ഉപയോഗിക്കുന്നു. വാക്യത്തില്‍ ആഖ്യാപദത്തിനും പൂര്‍ണക്രിയയ്ക്കും തമ്മില്‍ ലിംഗ വചന പുരുഷ പ്രത്യയങ്ങളുടെ കാര്യത്തില്‍ പരസ്പര പൊരുത്തമുണ്ടായിരിക്കണം. ഇതനുസരിച്ച് നാന്‍ വന്തേന്‍, നാങ്കള്‍ വന്തോം, നീ വന്തായ്, നീര്‍ വന്തീര്‍കള്‍, അവന്‍ വന്താന്‍, അവള്‍ വന്താള്‍, അവര്‍കള്‍ വന്താര്‍കള്‍ എന്നിങ്ങനെയുള്ള പൊരുത്തം അത്യന്താപേക്ഷിതമാണ്. അതേസമയം നാമത്തില്‍ ചേര്‍ക്കുന്ന പ്രത്യയവും ക്രിയയില്‍ ചേര്‍ക്കുന്ന പ്രത്യയവും തമ്മില്‍ വ്യത്യാസമുണ്ട്.

നാമത്തിലെ പ്രത്യയം ക്രിയയിലെ പ്രത്യയം

അന്‍ ആന്‍

അള്‍ ആള്‍

അര്‍ ആര്‍

തമിഴിലെ വാക്യഘടന പ്രധാനമായും രണ്ടുവിധമാണ്. നാമവും നാമവും ചേര്‍ന്നും (അവള്‍ സീത) നാമവും ക്രിയയും ചേര്‍ന്നും (അവള്‍ വന്താള്‍). ചോദ്യ സര്‍വനാമം പേരെച്ച സര്‍വനാമമായി ഉപയോഗിക്കാറില്ല. എന്നാല്‍ പേരെച്ചവും നാമവും ചേര്‍ത്തുപയോഗിക്കുന്നതു സാധാരണമാണ് (വന്ത പയ്യന്‍).

പദാവലി

തമിഴിന് അതിവിപുലമായ പദസമ്പത്ത് സ്വന്തമായുണ്ട്. ഇവയിലധികവും മൂലദ്രാവിഡത്തില്‍ നിന്ന് പരമ്പരാഗതമായി ലഭിച്ചവയും തമിഴില്‍ത്തന്നെ വിവിധ സാഹചര്യങ്ങളില്‍ രൂപംകൊണ്ടവയുമാണ്. പദസമ്പത്തിന്റെ കാര്യത്തില്‍ മറ്റു ഭാഷകളോട് തമിഴിന് വളരെക്കുറച്ചേ കടപ്പാടുള്ളൂ. ആര്യ സംസ്കാരവും സംസ്കൃത സാഹിത്യവും ദക്ഷിണേന്ത്യയില്‍ ആധിപത്യം നേടിയ കാലഘട്ടത്തില്‍ കുറച്ചൊക്കെ സംസ്കൃത പദങ്ങളും തമിഴിലേക്കു കടന്നുവന്നിട്ടുണ്ട്. ബുദ്ധമത ഗ്രന്ഥങ്ങളിലെ ഭാഷയായ പാലിയില്‍ കൂടിയും ആര്യഭാഷാപദങ്ങള്‍ തമിഴിലേക്കു വ്യാപിച്ചിട്ടുണ്ട്. 18-ാം ശ.-ത്തിനു ശേഷം അനവധി ഇംഗ്ളീഷ് പദങ്ങളും തമിഴില്‍ സംക്രമിച്ചതായി കാണുന്നു. ഇപ്രകാരം സംസ്കൃതത്തില്‍നിന്നും ഇംഗ്ളീഷില്‍നിന്നും തമിഴിലേക്കുവന്ന പദങ്ങളില്‍ അധികവും തത്ഭവങ്ങളാണ്. തത്സമങ്ങള്‍ കുറച്ചേയുള്ളൂ. ലക്ഷ്മണന്‍ ഇലക്കുവനും ദശരഥന്‍ തയരതനും സീത ചീതയും ആയിട്ടുണ്ട്. എന്നാല്‍ 20-ാം ശ.-ത്തിന്റെ ഉത്തരാര്‍ഥത്തില്‍ തത്സമങ്ങളായ സംസ്കൃത-ഇംഗ്ളീഷ് പദങ്ങള്‍ തിരസ്കരിക്കുകയും അവയുടെ സ്ഥാനത്ത് പുതിയ തമിഴ് പദങ്ങള്‍ നിര്‍മിച്ച് പ്രയോഗിക്കുകയും ചെയ്യുന്ന പ്രവണത വന്നുചേര്‍ന്നു.

ഭാഷാഭേദങ്ങള്‍

സാഹിത്യഭാഷയായ ചെന്തമിഴ്, ജനങ്ങളുടെ സംസാരഭാഷ എന്നിവയ്ക്കു പുറമേ, നാല് ഭാഷാഭേദങ്ങള്‍ കൂടി തമിഴിനുണ്ട്. മധുര, രാമനാഥപുരം, തിരുനെല്‍വേലി എന്നീ ജില്ലകളിലേയും കന്യാകുമാരി ജില്ലയുടെ തെക്കന്‍ പ്രദേശങ്ങളിലേയും ഭാഷയായ തെക്കന്‍ഭാഷ, തിരുച്ചിറപ്പള്ളി, തഞ്ചാവൂര്‍ എന്നീ ജില്ലകളിലും തെക്കന്‍ ആര്‍ക്കോട്ടിലെ ചില പ്രദേശങ്ങളിലും കാണുന്ന മധ്യഭാഷ, തെക്കന്‍ ആര്‍ക്കോട്ടിലെ മറ്റു ഭാഗങ്ങള്‍, വടക്കന്‍ ആര്‍ക്കോട്ട്, ചെങ്കല്‍പ്പെട്ട് എന്നിവിടങ്ങളിലെ വടക്കന്‍ഭാഷ, കോയമ്പത്തൂര്‍, സേലം, ധര്‍മപുരി, നീലഗിരി എന്നീ ജില്ലകളിലെ പടിഞ്ഞാറന്‍ഭാഷ എന്നിവയാണീ പ്രാദേശിക പ്രഭേദങ്ങള്‍. ഇവയ്ക്ക് പഴയ പാണ്ടിനാട്, ചോളനാട്, തൊണ്ടനാട്, കൊങ്ങുനാട് എന്നിവയുമായി ബന്ധമുണ്ട്. കന്യാകുമാരി ജില്ലയിലെ വടക്കന്‍ പ്രദേശങ്ങളിലെ ഭാഷയില്‍ മലയാളത്തിന്റെ അതിപ്രസരവും ചെന്നൈ നഗരത്തിലും പരിസര പ്രദേശങ്ങളിലും പ്രചരിക്കുന്ന ഉപഭാഷയില്‍ തെലുങ്കിന്റെ അതിപ്രസരവും പ്രകടമാണ്. ശ്രീലങ്കയിലെ തമിഴ് സംസാരഭാഷയെ മറ്റൊരു ഭാഷാഭേദമായും കാണക്കാക്കാം.

തമിഴും മലയാളവും

ദ്രാവിഡഭാഷകളില്‍ തമിഴിന് മലയാളത്തോടാണ് ഏറ്റവും കൂടുതല്‍ ബന്ധമുള്ളത്. അതിനു കാരണം ദക്ഷിണ ദ്രാവിഡത്തില്‍ നിന്ന് കന്നഡ സ്വതന്ത്രമായതിനു ശേഷം പൂര്‍വ തമിഴ് മലയാളം എന്നൊരവസ്ഥ വളരെക്കാലം നിലനിന്നിരുന്നു. ഈ പൂര്‍വ തമിഴ് മലയാളത്തില്‍ നിന്നാണ് തമിഴും മലയാളവും സ്വതന്ത്ര ഭാഷകളായി രൂപാന്തരപ്പെട്ടതെന്ന് ആധുനിക ഭാഷാശാസ്ത്രജ്ഞന്മാര്‍ അഭ്യൂഹിക്കുന്നു. കേരളീയര്‍ കൂടി അംഗീകരിച്ചിട്ടുള്ള ഗ്രന്ഥഭാഷയിലാണ് തമിഴിലെ ആദ്യത്തെ മഹാകാവ്യമായ ചിലപ്പതികാരവും എട്ടുത്തൊകൈയിലെ ചില പദ്യങ്ങളും രചിച്ചിരിക്കുന്നത്. മാത്രമല്ല, എട്ടുത്തൊകൈയിലെ ചില പദ്യങ്ങളും ചിലപ്പതികാരവും രചിച്ചിരിക്കുന്നത് കേരളീയരായ കവികളാണെന്ന അഭിപ്രായവും നിലവിലുണ്ട്.

സാഹിത്യം

സംഘകാല സാഹിത്യം

തമിഴ് ഭാഷയില്‍ വിരചിതങ്ങളും അതിപുരാതനവുമായ സാഹിത്യ കൃതികളില്‍ ഒരു ഭാഗം കാലത്തിന്റെ പോറലേല്ക്കാതെ ഇന്നോളം സംരക്ഷിക്കപ്പെട്ടു പോന്നിട്ടുണ്ട്. പ്രസ്തുത സാഹിത്യസൃഷ്ടികള്‍ സംഘകാല സാഹിത്യം എന്ന പേരിലാണ് അറിയപ്പെടുന്നത്. തൊല്കാപ്പിയര്‍ എന്ന പേരിലറിയപ്പെടുന്ന പ്രാചീന കവി അക്കാലത്തെ ഭാഷയിലും ഗ്രന്ഥങ്ങളിലും ഗവേഷണം നടത്തി തൊല്കാപ്പിയം എന്ന വ്യാകരണ ഗ്രന്ഥം രചിച്ചു. പഴയ തമിഴ് മൊഴിയേയും തമിഴ് സാഹിത്യത്തേയും കുറിച്ചു മനസ്സിലാക്കാന്‍ നമ്മെ സഹായിക്കുന്നത് സംഘകാലസാഹിത്യവും തൊല്കാപ്പിയവും മാത്രമാണ്. ഇന്ത്യയില്‍ പ്രചാരത്തിലുണ്ടായിരുന്ന ഭാഷകളിലെ ഏറ്റവും പഴക്കം ചെന്ന ഗ്രന്ഥങ്ങള്‍ ഇവയാണ്.

ചരിത്രം

ബി.സി. 500 മുതല്‍ 100 വരെയുള്ള കാലഘട്ടമാണ് സംഘകാല സാഹിത്യം എന്ന വിഭാഗത്തില്‍പ്പെടുന്ന കവിതകളുടെ രചനാകാലം. അതിനും എത്രയോ വര്‍ഷം മുമ്പുതന്നെ തമിഴ് ഭാഷയും തമിഴ് സാഹിത്യവും പൂര്‍ണവളര്‍ച്ചയിലെത്തിയിരുന്നു എന്ന് സാഹിത്യ ഗവേഷകന്മാര്‍ വ്യക്തമാക്കിയിട്ടുണ്ട്. സാധാരണയായി വായ്മൊഴി സാഹിത്യം (folk literature) നൂറ്റാണ്ടുകളോളം പ്രചരിച്ചതിനുശേഷമാണ് ചില കവികള്‍ അവയില്‍ ചിലതിനെ വരമൊഴിയിലാക്കാറുള്ളത്. തുടര്‍ന്ന്, കവികളുടെ സ്വന്തം രചനകള്‍ സാഹിത്യത്തിലെ ഒരു പ്രത്യേക വിഭാഗമായി രൂപം പ്രാപിക്കുന്നു. അതുപോലെ, തമിഴ്നാട്ടിലും ഇന്നറിയപ്പെടുന്ന സംഘസാഹിത്യത്തിലെ കവിതകള്‍ പ്രത്യക്ഷപ്പെടുന്നതിനു മുമ്പുതന്നെ അവയ്ക്കാധാരമായ വായ്മൊഴിപ്പാട്ടുകള്‍ ജനങ്ങളുടെ മാനസികോല്ലാസത്തിനുവേണ്ടി പാടിയിരുന്നു. ആ പാട്ടുകളുടെ പാരമ്പര്യം പില്ക്കാല കവികള്‍ തങ്ങളുടെ രചനകള്‍ക്ക് ആധാരമാക്കിയതാകാം എന്നു കരുതേണ്ടിയിരിക്കുന്നു. പ്രസ്തുത കവിതകളുടെ പാരമ്പര്യത്തെക്കുറിച്ച് ഗവേഷണം നടത്തിയ ചില കവികള്‍ വ്യാകരണഗ്രന്ഥങ്ങള്‍ നിര്‍മിച്ചു. അങ്ങനെ തൊല്കാപ്പിയര്‍ കവികളുടെ സാഹിത്യപരവും വ്യാകരണപരവുമായ രചനകളെ പിന്തുടരുകയും തന്റെ സ്വന്തം കൃതികള്‍ക്ക് നൂതന രൂപഭാവങ്ങള്‍ നല്കുകയും ചെയ്തു. പനം പാരനാര്‍ എന്ന പണ്ഡിതന്‍ തൊല്കാപ്പിയം എന്ന വ്യാകരണ ഗ്രന്ഥത്തിനു വ്യാഖ്യാനമെഴുതിയിട്ടുണ്ട്. വടക്ക് വേങ്കടമല (തിരുപ്പതി) മുതല്‍ തെക്കു കുമരി മുനമ്പ് (കന്യാകുമാരി) വരെ തമിഴ് മൊഴി വ്യാപരിച്ചിരുന്നു എന്നും ജനങ്ങളുടെ സംഭാഷണരീതിയും കവികളുടെ രചനാസമ്പ്രദായവും തൊല്കാപ്പിയര്‍ അന്വേഷിച്ചറിഞ്ഞിരുന്നു എന്നും അതിനു മുമ്പുണ്ടായിരുന്ന സാഹിത്യ കൃതികളെ അദ്ദേഹം പരിശോധിച്ചിരുന്നു എന്നും അതില്‍ ഊന്നിപ്പറയുന്നുണ്ട്. ഇതില്‍നിന്നും രണ്ടായിരം വര്‍ഷങ്ങള്‍ക്കുമുമ്പുതന്നെ തമിഴില്‍ പല സാഹിത്യ കൃതികളും വ്യാകരണ ഗ്രന്ഥങ്ങളും രൂപം പൂണ്ടു കഴിഞ്ഞിരുന്നു എന്നു തെളിയുന്നു. സംഘകാല സാഹിത്യത്തിലെ കവിതകള്‍ പരിശോധിക്കുമ്പോഴും അതിനു മുമ്പുള്ള സാഹിത്യ കൃതികളെ സംബന്ധിച്ച പരാമര്‍ശങ്ങള്‍ ലഭിക്കുന്നുണ്ട്.

തമിഴ്നാടിന്റെ നാനാഭാഗത്തും കവികളുണ്ടായി. അവര്‍ ഗാനങ്ങളെഴുതി. ഓരോ നാട്ടിലുമുള്ളവര്‍ അവ പാടിരസിച്ചു. ഇവ ആയിരക്കണക്കിന് വീടുകളിലും അരമനകളിലും എത്തിച്ചേര്‍ന്നു. ഇപ്രകാരം ചിതറിക്കിടന്ന പാട്ടുകളില്‍ കുറേയേറെ കാലപ്രവാഹത്തില്‍പ്പെട്ടു നഷ്ടമായി. പനയോലകളില്‍ എഴുതപ്പെട്ടവ കാലം ചെല്ലുമ്പോള്‍ നശിച്ചുപോകാനെളുപ്പമാണ്. നശിച്ചു പോയവയൊഴികെ ബാക്കിയുള്ളവയെ സംരക്ഷിക്കുന്നതെങ്ങനെയെന്ന ചിന്ത എ.ഡി. 1, 2 നൂറ്റാണ്ടുകളില്‍ പ്രബലമായി. ചില കവികളും ഗവേഷകരും അവയില്‍ ചിലതൊക്കെ സംരക്ഷിക്കാന്‍ ശ്രമിച്ചു. അതിന്റെ ഫലമായാണ് എട്ടുത്തൊകൈ എന്ന പേരിലറിയപ്പെടുന്ന എട്ട് കവിതാഗ്രന്ഥങ്ങളും പത്തുപ്പാട്ട് എന്ന നീണ്ട കവിതകളുടെ സമാഹാരവും ഉള്‍പ്പെടെയുള്ള ഒന്‍പത് കൃതികള്‍ ലഭ്യമായത്. ഇവയാണ് സംഘകാല സാഹിത്യം എന്ന പേരില്‍ തമിഴ് സാഹിത്യത്തില്‍ വിഖ്യാതമായിത്തീര്‍ന്നത്.

സംഘകാല സാഹിത്യം എന്ന പേര് എങ്ങനെയുണ്ടായി എന്ന് പരിചിന്തിക്കേണ്ടിയിരിക്കുന്നു. പണ്ഡിതന്മാരുടെ സഭയാണ് സംഘം. 4, 5 ശ.-ങ്ങളില്‍ ജൈനമതത്തിലെ സന്ന്യാസിമാര്‍ തമിഴ് നാട്ടില്‍ സംഘങ്ങളുണ്ടാക്കി വിദ്യാഭ്യാസവും മതവും പ്രചരിപ്പിച്ചു. അതിനു മുമ്പും കവികളുടെ സംഘങ്ങളുണ്ടായിരുന്നെന്നും പ്രസ്തുത സംഘത്തിലെ കവികളാണ് എട്ടുത്തൊകൈ, പത്തുപ്പാട്ട് തുടങ്ങിയ പഴയ പാട്ടുകള്‍ രചിച്ചതെന്നും പണ്ഡിതന്മാര്‍ക്ക് അഭിപ്രായമുണ്ട്. തമിഴ്നാട്ടില്‍ മൂന്ന് തമിഴ് സംഘങ്ങളുണ്ടായിരുന്നു എന്നാണ് ഗവേഷകര്‍ അനുമാനിക്കുന്നത്. മധുരയിലും കപാടപുരത്തുമുണ്ടായിരുന്ന ആദ്യത്തെ രണ്ട് സംഘങ്ങള്‍ തിരോധാനം ചെയ്തതിനുശേഷം മൂന്നാമത്തേത് പാണ്ഡ്യരുടെ സഹായത്തോടെ മധുരയില്‍ നിലവില്‍ വന്നതായി കരുതപ്പെടുന്നു. മൂന്നാം തമിഴ് സംഘകാലത്തെ ഗ്രന്ഥങ്ങളാണ് എട്ടുത്തൊകൈയും പത്തുപ്പാട്ടും എന്ന വിശ്വാസത്തില്‍ അവയെ സംഘസാഹിത്യം എന്നു വിളിക്കാനും തുടങ്ങി. കവികള്‍ മധുരയില്‍ ഒത്തുചേര്‍ന്ന് തമിഴ് ഭാഷയെക്കുറിച്ചു പഠനം നടത്തിയിരുന്നുവെന്നതിനും പാണ്ഡ്യ രാജാക്കന്മാര്‍ അവരെ പ്രോത്സാഹിപ്പിച്ചിരുന്നുവെന്നതിനും പഴയ പാട്ടുകളില്‍ തെളിവുകളുണ്ട്. പാണ്ഡ്യന്മാരെപ്പോലെതന്നെ ചോളരാജാക്കന്മാരും ചേരരാജാക്കന്മാരും നാടുവാഴികളും പ്രഭുക്കന്മാരും കവികളെ ആദരിച്ചിരുന്നുവെന്ന് ഈ പാട്ടുകളിലെ ആത്മകഥാംശപരമായ ചരണങ്ങള്‍ വ്യക്തമാക്കുന്നു. ഭരണാധികാരികളുടെ സഹായവും പ്രോത്സാഹനവും ലഭിച്ച കവികള്‍ തങ്ങളുടെ ഭാവനയ്ക്ക് കാവ്യരൂപം നല്കിയതിനു പുറമേ, അതതു രാജാക്കന്മാരേയും പ്രഭുക്കന്മാരേയും അവരുടെ ഭരണപ്രദേശങ്ങളേയും അത്യധികം ഹൃദ്യമായി പ്രശംസിച്ചു പാടിയിരുന്നതായും തെളിയുന്നുണ്ട്. മൂന്ന് സംഘങ്ങളുടേയും കൃത്യമായ കാലമോ സംഘങ്ങളുടെ തലവന്മാര്‍ ആരെല്ലാമായിരുന്നെന്നോ വ്യക്തമല്ല. എങ്കിലും കവികള്‍ ഇടയ്ക്കിടെ ഒത്തുകൂടിയിരുന്നെന്നും അവരില്‍ ചിലരുടെ ശ്രമഫലമായാണ് സംഘസാഹിത്യം എന്നറിയപ്പെടുന്ന ഗ്രന്ഥങ്ങള്‍ രൂപംകൊണ്ടതെന്നുമുള്ള വസ്തുത വിസ്മരിക്കാനാവില്ല.

പഴയകാല സാഹിത്യ സിദ്ധാന്തങ്ങള്‍

സംഘകാല സാഹിത്യത്തിലെ പാട്ടുകളില്‍നിന്നു വെളിവാകുന്ന ചില വസ്തുതകളുണ്ട്. പ്രേമത്തെ സംബന്ധിക്കുന്ന സങ്കല്പത്തെ 'അകം' എന്നും വീരം, ദാനശീലം, കീര്‍ത്തി മുതലായവയുമായി ബന്ധപ്പെട്ടവയെ 'പുറം' എന്നും രണ്ട് വിഭാഗങ്ങളായി തിരിച്ചിരുന്നു. ഭാവനാസൃഷ്ടികളായ നായികാനായകന്മാരുടെ പ്രണയമാണ് അകപ്പാട്ടുകളില്‍ കാണുന്നത്. പുറപ്പാട്ടുകളിലാകട്ടെ, നാടുവാഴുന്ന അരചന്റെ വീരകൃത്യങ്ങളും ദാന-ധര്‍മങ്ങളും പൌരപ്രമുഖന്മാരുടെ സത്ക്കര്‍മങ്ങളും മറ്റുമാണ് പ്രതിപാദ്യ വിഷയം. അങ്ങനെ അകപ്പാട്ടുകള്‍ പൊതുവേ ഭാവനാസൃഷ്ടവും പുറപ്പാട്ടുകള്‍ യഥാര്‍ഥ കഥകളുമായിരുന്നെന്നു കരുതാം.

ഗ്രാമപ്രദേശങ്ങള്‍ കൂടുതലും നഗരങ്ങള്‍ അപൂര്‍വവുമായിരുന്ന അക്കാലത്ത് അങ്ങോട്ടുമിങ്ങോട്ടുമുള്ള യാത്രകളും കൂടിച്ചേരലുകളും വിരളമായിരുന്നു. ഗ്രാമീണര്‍ മലയിലും കാട്ടിലും പാടങ്ങള്‍ക്കു നടുവിലും കടല്‍ത്തീരത്തുള്ള കുടിയിടങ്ങളിലുമാണ് പാര്‍ത്തിരുന്നത്. അതതു സ്ഥലത്തുതന്നെ കൃഷി, നായാട്ട്, മീന്‍പിടിത്തം മുതലായ തൊഴിലുകളിലേര്‍പ്പെട്ടു ജീവിച്ചുപോന്നു. സ്നേഹം, അറിവ്, പ്രായം, സൗന്ദര്യം മുതലായ ഗുണങ്ങളില്‍ ചേര്‍ച്ചയുള്ളവര്‍ തമ്മില്‍ പ്രേമവിവാഹവും സാമൂഹികാചാരപ്രകാരമുള്ള വിവാഹവും നിലവിലിരുന്നു. ഈ വിധത്തിലുള്ള പ്രേമവും കുടുംബജീവിതവും അക്കാലത്തെ സ്വാഭാവിക ജീവിതശൈലിയായിരുന്നു. ഗ്രാമീണരുടെ പ്രകൃതിയോടിണങ്ങിയ ജീവിതവും തൊഴിലും മറ്റുമാണ് നാടന്‍ പാട്ടുകളിലെ പ്രമേയം. പ്രകൃതിയിലെ വസ്തുക്കളും തൊഴില്‍ കാര്യങ്ങളും മനുഷ്യനുവേണ്ടി രൂപംകൊണ്ടവയാണെന്ന വിശ്വാസമുണ്ടായിരുന്നതിനാല്‍ അന്നത്തെ പാട്ടുകളില്‍ പ്രേമം കേന്ദ്രബിന്ദുവായി. പ്രേമപൂര്‍ണമായ ജീവിതത്തെ ആവിഷ്കരിക്കാനുതകുന്ന ബിംബങ്ങളാണ് മരം, മൃഗം, പക്ഷി, തൊഴില്‍ മുതലായവ. പ്രകൃതി വിഭവങ്ങളും തൊഴിലുകളും ആചാര മര്യാദകളും ഓരോ പ്രദേശത്തും വ്യത്യസ്തമായിരുന്നതിനാല്‍ ഓരോ പ്രദേശത്തെയും നാടന്‍ പാട്ടുകള്‍ക്കും വ്യത്യസ്ത രൂപങ്ങളുണ്ടായി. സംഘകാല സാഹിത്യം രൂപപ്പെട്ട അവസരത്തില്‍ ആ നാടന്‍പാട്ടുകള്‍ കവികളുടെ കരവിരുതിനിണങ്ങിയ രീതിയില്‍ കുറിഞ്ചി, മുല്ലൈ, മരുതം, നെയ്തല്‍, പാലൈ എന്നിങ്ങനെ അഞ്ചിനം പാട്ടുകളായി തരംതിരിക്കപ്പെട്ടു. പഴയ കാലത്തെ നാടന്‍പാട്ടുകള്‍ പൂര്‍ണരൂപേണ കിട്ടാന്‍ മാര്‍ഗമില്ല. അവയുടെ ശൈലികള്‍ അനുകരിച്ച് കവികള്‍ രചിച്ച അഞ്ചിനം പാട്ടുകളെല്ലാം ഇപ്പോള്‍ ലഭ്യമല്ല. ഏറെക്കുറെ 1800 അകപ്പാട്ടുകളും അന്നത്തെ വ്യാകരണ ഗ്രന്ഥങ്ങളിലൊന്നായ തൊല്കാപ്പിയവും മാത്രമേ കണ്ടുകിട്ടിയിട്ടുള്ളൂ. അവയിലെ ബിംബങ്ങള്‍ സംഘകാലത്തിനു ശേഷവും പല നൂറ്റാണ്ടുകളില്‍ കവികള്‍ പ്രണയ ഗീതങ്ങളില്‍ പ്രയോഗിച്ചിരുന്നതായി കാണുന്നു.

ഒരു പ്രേമരംഗം ഭാവനചെയ്തു പാടുമ്പോള്‍ അതിനുചിതമായ സ്ഥലം, സമയം, പക്ഷി, മൃഗം, മരം, പൂവ് മുതലായ ബിംബങ്ങളെ അതില്‍ ഉള്‍പ്പെടുത്തി പശ്ചാത്തല വര്‍ണന നടത്തുന്ന പതിവ് ദീര്‍ഘകാലമായി നിലനിന്നുപോന്നു. എഴുതപ്പെടാതെ വായ്മൊഴിയിലൂടെ ജനങ്ങള്‍ക്കിടയില്‍ പ്രചരിച്ചിരുന്ന ഈ നടോടിഗാനങ്ങളിലെ ബിംബങ്ങളെ പുതിയ കവികള്‍ അവരുടെ കവിതകളിലും അതേപടി ഉള്‍പ്പെടുത്താന്‍ ശ്രമിച്ചു. ഭാര്യയും ഭര്‍ത്താവും തമ്മില്‍ പിണങ്ങുന്ന സന്ദര്‍ഭത്തെ വര്‍ണിക്കുമ്പോള്‍ പോലും കവികള്‍ ഈ നയം തുടരുകയും അതിന് അനുയോജ്യമായ പാടവും പറമ്പും മരങ്ങളും മറ്റും പശ്ചാത്തലമാക്കുകയും ചെയ്തുവന്നു. ജനങ്ങളുടെ വായ്മൊഴിസാഹിത്യമായ നാടോടി ഗാനങ്ങളില്‍ ഇതുപോലുള്ള പ്രതീകങ്ങള്‍ ശക്തമായ സ്വാധീനത ചെലുത്തിയിരുന്നു. തന്മൂലം സാഹിത്യരചനകളിലെല്ലാം സ്ഥാനം പിടിക്കുവാന്‍ അവയ്ക്കു സാധിച്ചു. അങ്ങനെ, അകപ്പാട്ടുകളില്‍ പ്രകൃതിവര്‍ണന അവിഭാജ്യ ഘടകമായിത്തീര്‍ന്നു. ചിലത് വെറും പ്രകൃതിവര്‍ണനയാണെന്നു തോന്നുമെങ്കിലും വാസ്തവത്തില്‍ മനുഷ്യരുടെ പ്രണയമാണ് അതില്‍ പ്രതീകാത്മകമായി പരാമര്‍ശിക്കപ്പെടുന്നത്. പ്രണയത്തിന്റെ പശ്ചാത്തലമാണ് പ്രകൃതിവര്‍ണന.

ധീരത, ദാനശീലം മുതലായ ഗുണങ്ങളെ സംബന്ധിക്കുന്ന പുറപ്പാട്ടുകളില്‍ പൊതുവായ ബിംബങ്ങളില്ല. പേരും വംശവും സൂചിപ്പിച്ച് ഇന്ന രാജാവിന്റെ വീരകൃത്യം അല്ലെങ്കില്‍ ഇന്ന പ്രഭുവിന്റെ ഔദാര്യം എന്ന മട്ടില്‍ വ്യക്തമായിത്തന്നെയാണ് വര്‍ണന നടത്താറുള്ളത്. അതുകൊണ്ട് പുറപ്പാട്ടുകള്‍ മുന്‍കാല രാജാക്കന്മാരുടേയും പ്രഭുക്കന്മാരുടേയും മറ്റും ജീവിത കഥകളും ചരിത്ര സംഭവങ്ങളും വെളിപ്പെടുത്തുവാനുപകരിക്കുന്നു. അവ രസകരമായി അവതരിപ്പിക്കുന്നതിനാവശ്യമായ വര്‍ണനകളല്ലാതെ ഭാവനാസൃഷ്ടമായ സന്ദര്‍ഭങ്ങള്‍ അവയില്‍ വിരളമായിരുന്നു.

യുദ്ധങ്ങളെക്കുറിച്ചു വര്‍ണിക്കുന്ന പാട്ടുകളെ ഏഴ് ഇനങ്ങളായി (തിണൈ) വിഭജിച്ചിരുന്നു. ശത്രുവിന്റെ നാട്ടില്‍നിന്ന് പശുക്കളെ മോഷ്ടിച്ച് യുദ്ധത്തിനു തുടക്കം കുറിക്കുന്നത് 'വെട്ചിത്തിണൈ'. ശത്രുവിന്റെ നാട്ടിലേക്കു പട നയിക്കുന്നത് 'വഞ്ചി'. ശത്രുവിന്റെ കോട്ടയെ വളയുന്നത് 'ഉഴിഞ്ഞൈ'. മുന്‍കൂട്ടി നിശ്ചയിച്ച ഒരു സ്ഥലത്തുവച്ച് രണ്ട് സൈന്യങ്ങളും ഏറ്റുമുട്ടുന്നത് 'തുമ്പൈ'. ജയിക്കുന്നത് 'വാകൈ'. സ്തുതിഗീതത്തിന് 'പാടാന്‍' എന്നും ഇഹലോക ജീവിതത്തിന്റെ നശ്വരതയെക്കുറിച്ചു പാടുന്നതിനു 'കാഞ്ചി' എന്നുമാണ് പേരുകള്‍.

അകപ്പൊരുളിലും മുകളില്‍ സൂചിപ്പിച്ച തീവ്രപ്രണയത്തിന്റേതായ അഞ്ച് തിണകളോടൊപ്പം കൈക്കിളൈ, പെരുന്തിണൈ എന്ന് രണ്ടെണ്ണം ഉള്‍പ്പെടെ ഏഴ് തിണകള്‍ ഉള്ളതായി പറയുന്നുണ്ട്. കൈക്കിളൈയും പെരുന്തിണൈയും വളരെ തീവ്രമല്ലാത്ത പ്രണയത്തെയാണ് വര്‍ണിക്കുന്നത്. സ്ത്രീപുരുഷന്മാരില്‍ ഒരാള്‍ക്കു മാത്രമാണ് പ്രേമമെങ്കില്‍ അതിനെ കൈക്കിളൈ എന്നുപറയുന്നു. കാമുകീകാമുകന്മാര്‍ രണ്ടാളും ഒരുപോലെ പരസ്പരം പ്രേമിക്കാത്തപക്ഷം-അവരുടെ പ്രേമത്തിന് ഏറ്റക്കുറച്ചിലുണ്ടെങ്കില്‍ - അതാണ് പെരുന്തിണൈ. ഇപ്രകാരം ഏഴ് അകത്തിണയേയും ഏഴ് പുറത്തിണയേയും പറ്റിയാണ് സംഘകാല സാഹിത്യത്തില്‍ വര്‍ണിച്ചിരിക്കുന്നത്.

എട്ടുത്തൊകൈയിലെ ഗ്രന്ഥങ്ങളില്‍ അഞ്ചിലും അകപ്പൊരുളിനെ സംബന്ധിക്കുന്ന പാട്ടുകളാണ്. അവയില്‍ 13 മുതല്‍ 31 വരെ ചരണങ്ങളുള്ള 400 പാട്ടുകള്‍ ചേര്‍ത്ത് അകനാനൂറെന്നു പേരിട്ടു. 9 മുതല്‍ 12 വരെ വരികളുള്ള 400 പാട്ടുകളെ നറ്റിണൈ എന്നു വിളിച്ചു. 4 മുതല്‍ 8 വരെ വരികളുള്ള നാനൂറെണ്ണം ചേര്‍ന്ന് കുറുന്തൊകൈ ആയി. മൂന്ന് മുതല്‍ അഞ്ച് വരെ വരികളുള്ള 500 പാട്ടുകളുടെ സമാഹാരം ഐങ്കുറുനൂറ് എന്നാണ് അറിയപ്പെടുന്നത്. നല്ല ഈണമുള്ള കലിപ്പാവൃത്തത്തില്‍ രചിച്ച 150 പാട്ടുകള്‍ ചേര്‍ന്നത് കലിത്തൊകൈ എന്നപേരില്‍ അറിയപ്പെട്ടു. ഈ അഞ്ച് പുരാതന കവിതാസമാഹാരങ്ങളും അകപ്പൊരുളിനെ (പ്രണയ സങ്കല്പത്തെ) സംബന്ധിക്കുന്നവയാണ്.

ഈണത്തില്‍ പാടാവുന്ന വൃത്തമാണ് 'പരിപാടല്‍.' ഇത്തരത്തിലുള്ള എഴുപത് പാട്ടുകള്‍ ഉള്‍പ്പെട്ട ഗ്രന്ഥത്തിനും പരിപാടല്‍ എന്നാണ് പേര്. അതില്‍ ഇരുപത്തി രണ്ട് പാട്ടുകള്‍ മാത്രമേ കണ്ടുകിട്ടിയിട്ടുള്ളൂ. അവയില്‍ ചിലതിലെ പ്രതിപാദ്യം പ്രേമവും മറ്റു ചിലതിലേത് ദൈവസ്തുതിയുമാണ്.

ചേരനാട്ടു രാജാക്കന്‍മാരായ പത്തുപേരെക്കുറിച്ചു രചിക്കപ്പെട്ട പത്തു പാട്ടുകള്‍ വീതമുള്ളതും ആകെ നൂറെണ്ണം ചേര്‍ന്നതുമായ ഒരു സമാഹാരത്തെയാണ് പതിറ്റുപ്പത്ത് എന്നു പറയുന്നത്. തമിഴ്നാട്ടിലെ രാജാക്കന്മാരുടേയും സാമന്തന്മാരുടേയും പ്രഭുക്കന്മാരുടേയും നാട്ടുപ്രമാണിമാരുടേയും മറ്റും വീരകൃത്യങ്ങളേയും സത്ക്കര്‍മങ്ങളേയും വാഴ്ത്തുന്ന നാനൂറു പാട്ടുകള്‍ ഉള്‍ക്കൊള്ളുന്നതാണ് പുറനാനൂറ് ചില പൊതു തത്ത്വങ്ങള്‍ക്ക് ഊന്നല്‍ നല്കുന്ന പാട്ടുകളും ഈ വിഭാഗത്തിലുണ്ട്.

പുറനാനൂറിലും പതിറ്റുപ്പത്തിലും ഉള്ള പാട്ടുകളില്‍ ഭൂരിഭാഗവും കവികള്‍ നേരിട്ടു പാടുന്ന രീതിയിലാണ് രചിക്കപ്പെട്ടിട്ടുള്ളത്. ചിലതുമാത്രം പാണനോ ദാസിയോ പാടുന്നതും സ്വഗതഭാഷണത്തിന്റെ രൂപത്തിലുള്ളതുമാണ്.

പത്തുപ്പാട്ടിലെ കവിതകളില്‍ പലതും നീളം കൂടിയവയാണ്. ഏറ്റവും വലുതാണ് മധുരൈക്കാഞ്ചി. ഇതില്‍ 782 വരികളുണ്ട്. പത്തുപ്പാട്ടുകളില്‍ നാലെണ്ണം അകപ്പൊരുളിനേയും ആറെണ്ണം പുറപ്പൊരുളിനേയും സംബന്ധിക്കുന്നവയാണ്. സദുപദേശം എല്ലാറ്റിലുമുണ്ട്.

സംഘകാല സാഹിത്യത്തില്‍ ആകെ 2381 പാട്ടുകളാണുള്ളത്. ഇവ രചിച്ച കവികളില്‍ 473 പേരെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമാണ്. 108 പാട്ടുകളുടെ രചയിതാക്കള്‍ ആരെന്നറിവില്ല. കപിലര്‍ എന്നു പേരുള്ള ഒരു കവി 235 പാട്ടുകളെഴുതി. മറ്റു നാല് പേര്‍ നൂറിലധികം വീതവും. നാലഞ്ചു പാട്ടുകളും ഓരോന്നു വീതവും എഴുതിയവരുമുണ്ട്.

സംഘസാഹിത്യത്തിലെ പാട്ടുകളില്‍ ഏറിയകൂറും അകവല്‍ എന്ന ഒരിനം ലളിതമായ വൃത്തത്തിലുള്ളവയാണ്. കലിത്തൊകൈയും പരിപാടലും കലി പരിപാട്ട് എന്ന പേരില്‍ അറിയപ്പെടുന്ന, ഈണത്തില്‍ പാടാവുന്ന വൃത്തത്തിലുള്ളവയാണ്.

അക്കാലത്തെ കവികളില്‍ ചുരുക്കം പേര്‍ നഗരങ്ങളിലുള്ളവരാണ് കൂടുതലും ഗ്രാമവാസികള്‍ തന്നെ. അധ്യാപകര്‍, സ്വര്‍ണക്കച്ചവടക്കാര്‍, വസ്ത്ര വ്യാപാരികള്‍, വൈദ്യന്മാര്‍, മരപ്പണിക്കാര്‍, ജോത്സ്യന്മാര്‍, തട്ടാന്മാര്‍, കൊല്ലന്മാര്‍, സേനാനായകര്‍, മന്ത്രിമാര്‍, പാണര്‍, നര്‍ത്തകര്‍ തുടങ്ങി വിവിധ തൊഴിലുകളില്‍ ഏര്‍പ്പെട്ടിരുന്നവരാണ് പാട്ടുകളെഴുതിയിരുന്നത്. മുപ്പതില്‍പ്പരം കവയിത്രികളുമുണ്ടായിരുന്നു. രാജാക്കന്മാരോ രാജകുടുംബാംഗങ്ങളോ ആയ കവികള്‍ മുപ്പത്തൊന്നു പേരുണ്ടായിരുന്നു. അക്കൂട്ടത്തില്‍, കോപ്പെരും ചോഴന്‍, കിള്ളി വളവന്‍, ചോഴന്‍ നല്ലങ്കിള്ളി, പാണ്ഡ്യന്‍ നെടുഞ്ചെഴിയന്‍ എന്നിവര്‍ പേരെടുത്ത ഭരണാധികാരികള്‍ ആയിരുന്നു. തമിഴ്സാഹിത്യചരിത്രത്തില്‍ സ്ഥാനം കരസ്ഥമാക്കത്തക്കവണ്ണം കവിതാരചനയിലും അവര്‍ പ്രാഗല്ഭ്യം തെളിയിച്ചിരുന്നുവെന്നത് എടുത്തുപറയേണ്ട വസ്തുതയാണ് കവിതാവാസനയില്ലാത്ത രാജാക്കന്മാര്‍ പോലും കവികളുടെ പ്രശംസയ്ക്കു പാത്രമാകുന്നത് ഒരു വലിയ കാര്യമായി കരുതിയിരുന്നു. കവികളുടെ ആദരവു നേടിയവര്‍ക്കു മാത്രമേ മരണാനന്തരം സ്വര്‍ഗപ്രാപ്തിയുണ്ടാകൂ എന്ന വിശ്വാസവും അക്കാലത്തു നിലനിന്നിരുന്നു.

ചേരന്‍, ചോളന്‍, പാണ്ഡ്യന്‍ എന്നീ രാജാക്കന്മാരുടേയും അവരുടെ സാമാന്തന്മാരുടേയും ഭരണത്തിലായിരുന്നു തമിഴ്നാട്. ഈ മൂന്ന് രാജാക്കന്മാരേയും അവരുടെ നാടുകളേയും കുറിച്ചുള്ള പരാമര്‍ശങ്ങള്‍ സംസ്കൃതത്തിലെ മഹാഭാരതത്തിലും വാല്മീകി രാമായണത്തിലും കാണുന്നുണ്ട്. മൂന്ന് ഭരണാധികാരികളുടേയും തലസ്ഥാനങ്ങളായ വഞ്ചിയും ഉറയൂരും മധുരയും കലാക്ഷേത്രങ്ങളായി പരിലസിച്ചിരുന്നു. മൂന്ന് രാജാക്കന്മാരുടേയും ആധിപത്യത്തെ നാട്ടുകാര്‍ അംഗീകരിച്ചിരുന്നെങ്കിലും രാജാക്കന്മാര്‍ക്കിടയിലും സാമന്തന്മാര്‍ തമ്മിലും വഴക്കും പോരും പതിവായിരുന്നു. അപ്പോഴെല്ലാം വഴക്കു തീര്‍ക്കാനും സമാധാനം സ്ഥാപിക്കാനും കവികളാണു മുന്‍കൈ എടുത്തിരുന്നത്.

തൊല്കാപ്പിയം

എഴുത്തിന്റേയും ചൊല്ലിന്റേയും നിയമങ്ങള്‍ മാത്രം ഉള്‍ക്കൊള്ളുന്ന അക്കാലത്തെ വ്യാകരണഗ്രന്ഥമാണ് തൊല്കാപ്പിയം. മൂന്ന് ഭാഗങ്ങളുള്ള പ്രസ്തുത ഗ്രന്ഥത്തിന്റെ ആദ്യ ഭാഗത്തില്‍ തമിഴ് 'ഒലി'യേയും രണ്ടാം ഭാഗത്തില്‍ വാക്കുകളേയും അവ തമ്മിലുള്ള ബന്ധത്തേയും പരിശോധിക്കുന്നു. മൂന്നാം ഭാഗമായ 'പൊരുളധികാരം' തമിഴ് സാഹിത്യ പഠനമാണ്. അക്കാലത്ത് രചിക്കപ്പെട്ടിരുന്ന സാഹിത്യഗ്രന്ഥങ്ങളെ പരിശോധിച്ച്, തൊല്കാപ്പിയര്‍ അവയുടെ രചനാരീതി, ഉള്ളടക്കം മുതലായവ വ്യക്തമാക്കുന്നു. നാടകവുമായി ബന്ധപ്പെട്ട് സാഹിത്യത്തില്‍ സംഭവിക്കുന്ന രൂപഭേദങ്ങളെക്കുറിച്ചും പ്രതിപാദിക്കുന്നു. തുടര്‍ന്ന് പാട്ടിലെ ഉപമകളേയും പ്രതീകങ്ങളേയും പരിശോധിക്കുന്നു. പിന്നീട് വൃത്ത ലക്ഷണങ്ങള്‍ വിശദമാക്കുന്നു. ഈ വിഭാഗത്തില്‍ കേവലമായ ഭാവനയേയും വായ്മൊഴിയായി മാത്രം പ്രചരിച്ചുപോരുന്ന നാടന്‍ പാട്ടുകളേയും സംബന്ധിക്കുന്ന കുറിപ്പുകളുമുണ്ട്. പുതിയ രചനകള്‍, തലമുറകളായി കൈമാറിപ്പോന്നിട്ടുള്ള കഥാസാഹിത്യം മുതലായവയും പരാമര്‍ശിക്കപ്പെടുന്നു. അവസാനമായി, സാഹിത്യ കൃതികള്‍ക്കനുയോജ്യമായ പദപ്രയോഗ രീതികളും പഠനവിധേയമാക്കുന്നു. രണ്ടായിരം വര്‍ഷം മുമ്പ് തമിഴ് സാഹിത്യത്തില്‍ ഗവേഷണം നടത്തി ഇത്രയും ബൃഹത്തായൊരു ഗ്രന്ഥം രചിച്ചതിനെ എത്ര പ്രശംസിച്ചാലും മതിയാവുകയില്ല. ഉദ്ദേശം 1600 സൂത്രങ്ങളുള്ള തൊല്കാപ്പിയത്തില്‍ 650 സൂത്രങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് ഈ മൂന്നാം ഭാഗം. കാലക്രമത്തില്‍ ഈ ഗ്രന്ഥത്തിലെ വിധികളെ ഉല്ലംഘിച്ച് തമിഴ് സാഹിത്യം പടര്‍ന്നു പന്തലിച്ചുവെങ്കിലും പഴന്തമിഴ് സാഹിത്യത്തില്‍ ഗവേഷണം നടത്തുന്നവര്‍ക്ക് നല്ലൊരു വഴികാട്ടിയാണിത്. മുകളില്‍ സൂചിപ്പിച്ച എട്ടുത്തൊകൈ, പത്തുപ്പാട്ട് മുതലായ സമാഹാരങ്ങളിലെ പരാമൃഷ്ട വിഷയങ്ങളില്‍ പലതിനേയും സംബന്ധിച്ചുള്ള വിശദീകരണം ഈ പുസ്തകത്തിന്റെ മൂന്നാം ഭാഗത്തിലും പണ്ഡിതന്മാര്‍ രചിച്ചിട്ടുള്ള വ്യാഖ്യാനങ്ങളിലും ലഭ്യമാകുന്നുണ്ട്.

സാരോപദേശ ഗ്രന്ഥങ്ങളും മറ്റും

പ്രേമം, ധീരത, ദാനശീലം മുതലായ സത്ഗുണങ്ങളേയും പ്രകൃതി സൌന്ദര്യത്തേയും കുറിച്ചു പാടിയിരുന്ന കവികളുടെ മനസ്സ് അടുത്ത ചില തലമുറകളില്‍ സാരോപദേശ സംബന്ധിയായ കവിതകളിലേക്കു തിരിഞ്ഞു. സംഘകാലത്തിനു ശേഷമുള്ള ഈ കാലഘട്ടത്തെ സാരോപദേശ കൃതികളുടെ കാലം എന്നു വിളിക്കുന്നു. ചേര-ചോള-പാണ്ഡ്യ രാജാക്കന്മാരുടെ സമാധാന പൂര്‍ണമായിരുന്ന ഭരണത്തില്‍ അക്കാലത്തു കുഴപ്പങ്ങളുണ്ടായെന്നും കളപ്പിരാര്‍ എന്നൊരു കൂട്ടര്‍ പുറത്തുനിന്നെത്തി ജനങ്ങളുടെ സ്വൈര്യം കെടുത്തിയെന്നും പറയപ്പെടുന്നു. തന്മൂലം ജീവിതസുഖങ്ങളെക്കുറിച്ചു പാടാന്‍ നിര്‍വാഹമില്ലാതായി. ജീവിതം പ്രശ്നസങ്കീര്‍ണമായപ്പോള്‍ സമൂഹത്തില്‍ പാലിക്കേണ്ട ധര്‍മങ്ങളേയും മര്യാദകളേയും വിശദീകരിക്കേണ്ട കടമ കവികളുടേതായിത്തീര്‍ന്നു. ഇക്കാലത്ത് (എ.ഡി. 200 മുതല്‍ 600 വരെ) രചിക്കപ്പെട്ട ചില ഗ്രന്ഥങ്ങളെ പതിനെണ്‍ കീഴ്കണക്ക് എന്നു വിളിക്കുന്നു (വരികള്‍ കുറവുള്ള വൃത്തങ്ങളില്‍ രചിക്കപ്പെട്ട കവിതകളെയാണു കീഴ്കണക്ക് എന്നുപറയുന്നത്). ചിലപ്പതികാരം, മണിമേഖല എന്നീ രണ്ട് കാവ്യങ്ങള്‍ ധര്‍മനീതി സംവര്‍ധനത്തിനു വേണ്ടിയാണ് രചിക്കപ്പെട്ടത്.

പതിനെണ്‍ കീഴ്കണക്കിലെ ഗ്രന്ഥങ്ങളെല്ലാം സാരോപദേശപരങ്ങളല്ല. അവയില്‍ അഞ്ചെണ്ണം പ്രേമത്തെയും ഒന്ന് യുദ്ധത്തെയും ആസ്പദമാക്കിയുള്ളതാണ്. മറ്റു പന്ത്രണ്ടും സാരോപദേശ കൃതികള്‍ തന്നെ.

സാരോപദേശ കൃതികളില്‍ ഏറ്റവും പ്രധാനപ്പെട്ടത് തിരുക്കുറള്‍ ആണ്. ആദ്യത്തെ വരിയില്‍ നാലും രണ്ടാമത്തെ വരിയില്‍ മൂന്നു വീതവും ഗണങ്ങളുള്ള രണ്ട് വരികളോടു കൂടിയ വൃത്തമാണ് കുറള്‍ വെണ്‍പാ. കുറള്‍ വെണ്‍പായില്‍ രചിക്കപ്പെട്ടതുകൊണ്ടാണ് ഈ ഗ്രന്ഥത്തിന് തിരുക്കുറള്‍ എന്നു പേരുണ്ടായത്. 'മുപ്പാല്‍,' 'പൊയ്യാമൊഴി', 'വായുറൈവാഴ്ത്ത്' തുടങ്ങിയ പഴയ പേരുകളിലും ഇത് അറിയപ്പെട്ടിരുന്നു.

ധര്‍മം, അര്‍ഥം, കാമം, മോക്ഷം എന്നീ നാല് ധര്‍മങ്ങളില്‍ ആദ്യത്തെ മൂന്നിനെക്കുറിച്ച് 1330 പദ്യങ്ങളില്‍ വിവരിക്കുന്നു. നേര്‍വഴിയില്‍ നിന്നു വ്യതിചലിക്കാതെ ജീവിച്ചാല്‍ മുക്തി സിദ്ധിക്കുമെന്നും മുക്തിയെന്ന സങ്കല്പത്തെക്കുറിച്ചു വിശദീകരിക്കാന്‍ ശ്രമിക്കുന്നത് വൃഥാ വ്യായാമമാണെന്നും ആണ് തിരുവള്ളുവരുടെ അഭിപ്രായം. അതുകൊണ്ട് അദ്ദേഹം മോക്ഷത്തെക്കുറിച്ച് വ്യാഖ്യാനിക്കുന്നില്ല. എന്നാലും മെയ്യുണര്‍ത്തല്‍ എന്ന ഭാഗത്തില്‍ അതിനുള്ള വഴി ചൂണ്ടിക്കാട്ടുന്നുണ്ട്.

ഒരാശയത്തെ അല്ലെങ്കില്‍ ഒരു ധര്‍മത്തെ വെളിപ്പെടുത്തുന്ന പത്തുവീതമുള്ള അധികാരങ്ങളാണ് തിരുക്കുറളിലുള്ളത്. 38 അധികാരങ്ങളില്‍പ്പെട്ട 380 കുറളുകളില്‍ ധര്‍മത്തെക്കുറിച്ച് പറയുന്നു. രണ്ടാം ഭാഗത്തിലെ 70 അധികാരങ്ങളിലുള്ള 700 കുറളുകളില്‍ ഭരണം, മന്ത്രിമാര്‍, ജനങ്ങളുടെ സദാചാരം മുതലായ വിഷയങ്ങളാണ് പരാമര്‍ശിക്കപ്പെടുന്നത്. മൂന്നാം ഭാഗത്ത് 25 അധികാരങ്ങളിലെ 250 കുറളുകളില്‍ കാമുകീകാമുകന്മാരുടെ വിശുദ്ധ പ്രേമമാണ് പ്രതിപാദ്യവിഷയം. കുറളിന്റെ ഒന്നാം ഭാഗത്ത് ബുദ്ധന്റെ തത്ത്വജ്ഞാനവും രണ്ടാം ഭാഗത്ത് രാജ്യതന്ത്രജ്ഞന്റെ ഭരണനൈപുണിയും മൂന്നാം ഭാഗത്ത് കാമുകഹൃദയം കണ്ടറിഞ്ഞ ഒരു കലാകാരന്റെ ഭാവനയുമാണ് നമുക്കു കാണുവാന്‍ കഴിയുന്നത്.

നൂറ്റാണ്ടുകള്‍ക്കു മുമ്പു ജീവിച്ചിരുന്ന ഒരാള്‍ എല്ലാ മതവിശ്വാസികളുടെയും പ്രശംസ നേടിയതും ഏവര്‍ക്കും ബാധകമായ തത്ത്വങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു ഗ്രന്ഥം രചിച്ചുവെന്നതും നമ്മെ അദ്ഭുതപ്പെടുത്തുന്നു. കുറളിനെ പിന്തുടര്‍ന്നുവന്ന എല്ലാ ഗ്രന്ഥങ്ങളിലും അതിലെ ആശയങ്ങളേയും തത്ത്വങ്ങളേയും ഉയര്‍ത്തിക്കാട്ടുന്ന സ്ഥിതിയാണുള്ളത്. വ്യത്യസ്ത മതാനുയായികള്‍ തമ്മില്‍ കലഹിച്ചുകൊണ്ടിരുന്നപ്പോഴും തിരുക്കുറളിനെ എല്ലാവരും ഒരേ മനസ്സായി പ്രശംസിച്ചു. മാത്രമല്ല തിരുവള്ളുവര്‍ തങ്ങളുടെ മതത്തില്‍പ്പെട്ട ആളാണെന്നുള്ളതിന് തെളിവുകള്‍ ഹാജരാക്കുകയും ചെയ്തു. യാതൊരു ഭേദചിന്തയുമില്ലാതെ മനുഷ്യമനസ്സിന്റെ ഉള്ളറകളിലേക്കു കടന്നുചെന്ന് ഉണ്മയെ വെളിപ്പെടുത്തുന്ന മഹദ്ഗ്രന്ഥമാണ് തിരുക്കുറള്‍. തികച്ചും സ്വതന്ത്രമായ ഒരന്വേഷണത്തിലൂടെ അടിസ്ഥാനപരമായ സത്യം കണ്ടെത്താനും അത് നമുക്കു മനസ്സിലാക്കിത്തരാനും ഗ്രന്ഥകാരനു സാധിച്ചു. ജാതിഭേദം ശക്തമായിരുന്ന അക്കാലത്ത്, ജനിക്കുമ്പോള്‍ എല്ലാവരും തുല്യരാണെന്ന് ഉച്ചൈസ്തരം ഉദ്ഘോഷിച്ച വ്യക്തിയാണ് വള്ളുവര്‍. തപസ്സെന്നാലെന്ത്? അനുഭവിക്കേണ്ടിവരുന്ന ദുഃഖങ്ങളെ സഹിക്കുകയും സഹജീവികളെ ഉപദ്രവിക്കാതിരിക്കുകയും ചെയ്യുക എന്നതാണ് തപസ്സെന്ന് അദ്ദേഹം പറഞ്ഞു. മനസ്സിലുള്ള കളങ്കം മായ്ച്ചു കളഞ്ഞ് ശുദ്ധമാക്കുന്നതാണ് ധര്‍മം. മറ്റുള്ളവ കേവലം പുറംമോടി മാത്രം എന്നും ചൂണ്ടിക്കാണിച്ചു.

മധ്യകാല സാഹിത്യം

പഴയ കാവ്യങ്ങള്‍

സംഘകാല കവിതകളില്‍ നിന്നു വ്യത്യസ്തമായി പുതിയ ശൈലിയില്‍ ഇളങ്കോ അടികള്‍ രചിച്ച ചിലപ്പതികാരം ഉള്ളടക്കത്തിലും പുതുമയുള്ളതായിരുന്നു. അകവലും വെണ്‍പായും മാത്രമായിരുന്നു പഴയ രചനാസങ്കേതങ്ങള്‍. അപൂര്‍വമായി കലിപ്പായിലും പരിപാടലിലുമുള്ള കൃതികളും പ്രത്യക്ഷപ്പെട്ടു. പില്ക്കാലത്ത് താഴിശൈ, തുറൈ, വിരുത്തം എന്നിങ്ങനെയുള്ള വൃത്തങ്ങള്‍ക്കു പ്രചാരം സിദ്ധിച്ചു. അതിനു കാരണം ചിലപ്പതികാരമാണ്. കടല്‍ത്തീരത്തു പാടുന്ന ഗാനങ്ങളുള്‍പ്പെട്ട 'കാനല്‍ വരിയിലും' 'ആയ്ച്ചിയര്‍ കുരവൈ' മുതലായവയിലും അതതു പ്രദേശത്തെ നാടന്‍പാട്ടുകളുടെ മട്ടിലാണ് ഇളങ്കോ കവിതകള്‍ രചിച്ചത്. അക്കാലത്തു പ്രചാരത്തിലിരുന്ന നാടന്‍പാട്ടുകളില്‍ നിന്ന് പുതിയ വൃത്തങ്ങള്‍ അദ്ദേഹം രൂപപ്പെടുത്തി. ഈ രീതിയില്‍ തമിഴ് സാഹിത്യത്തിന് ഇളങ്കോ അടികള്‍ നല്കിയ സംഭാവന വിലപ്പെട്ടതാണ്.

ജൈനസന്ന്യാസിമാര്‍ പൊതുവേ ഇഹലോക ജീവിതത്തെ പുകഴ്ത്തിപ്പറയാറില്ല. സ്ത്രീകളെ പ്രശംസിക്കുന്ന പതിവും കാണുന്നില്ല. ഇക്കാര്യത്തിലും ഇളങ്കോ അടികള്‍ ഒരു നൂതന സരണി വെട്ടിത്തെളിച്ചു. കുടുംബ ജീവിതത്തേയും കണ്ണകിയുടെ പാതിവ്രത്യത്തേയും പ്രശംസിച്ചു. ജൈനസന്ന്യാസിനിയായ കവുന്തിയടികള്‍ എന്ന കഥാപാത്രത്തിലൂടെയാണ് കവി ഇതിനു തയ്യാറാകുന്നത്.

തമിഴ് സാഹിത്യത്തിലെ രണ്ടാമത്തെ മഹാകാവ്യമാണു മണിമേഖല. ചിലപ്പതികാര കഥയുടെ തുടര്‍ച്ചയാണ് മണിമേഖലയുടെ കഥ. അതുകൊണ്ട് ഇവയെ ഇരട്ടക്കാവ്യങ്ങള്‍ എന്നും വിളിക്കാറുണ്ട്. കോവലന്റേയും നാട്യറാണി മാധവിയുടേയും മകളായി ജനിച്ച മണിമേഖലയുടെ ജീവിതമാണ് ഇതിന്റെ ഇതിവൃത്തം. മണിമേഖലയ്ക്ക് യൌവനം വന്നുദിച്ചപ്പോള്‍ കുലാചാരമനുസരിച്ച് നൃത്തം അഭ്യസിപ്പിച്ച് അഭിസാരികയാക്കി മാറ്റണമെന്ന് അവളുടെ മുത്തശ്ശിയും മറ്റും ആഗ്രഹിച്ചു. പക്ഷേ അവളുടെ അമ്മ മാധവി, കോവലന്‍ പിരിഞ്ഞുപോയി മധുരയില്‍വച്ചു കൊല്ലപ്പെട്ടെന്നറിഞ്ഞതു മുതല്‍ ദുഃഖം സഹിക്കവയ്യാതെ നര്‍ത്തകിയായുള്ള ജീവിതം മതിയാക്കുകയും ബുദ്ധമതത്തില്‍ ചേര്‍ന്ന് അരവണന്‍ എന്ന ഭിക്ഷുവിന്റെ ശിഷ്യത്വം സ്വീകരിക്കുകയും ചെയ്തിരുന്നു. തന്റെ മകള്‍ കുലത്തൊഴിലിലേര്‍പ്പെടാന്‍ പാടില്ലെന്ന നിര്‍ബന്ധംമൂലം അവളുടെ ശിരസ്സ് മുണ്ഡനം ചെയ്ത് ഭിക്ഷുണിയാക്കി.

ലളിതമായി കഥ പറയുകയും ബുദ്ധമത തത്ത്വങ്ങളെ സ്പഷ്ടമായി അവതരിപ്പിക്കുകയും ചെയ്യുന്നുവെന്നതാണ് ഈ കാവ്യത്തിന്റെ സവിശേഷത. കഥാനായികയായ മണിമേഖല സദ്ഗുണ സമ്പന്നയായ മഹിളാരത്നമാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല.

മണിമേഖലയെന്ന കാവ്യത്തേക്കാള്‍ മണിമേഖല എന്ന ബുദ്ധഭിക്ഷുണിയാണ് വായനക്കാരുടെ മനസ്സില്‍ സ്ഥാനം പിടിച്ചിട്ടുള്ളതെന്നു പറയാം. പലരുടേയും ദൃഷ്ടിയില്‍ ഒരു സാങ്കല്പിക കഥാപാത്രമെന്നതിലുപരി, നാടിന്റെ ചരിത്രത്തില്‍ സ്ഥാനമുള്ള ഒരപൂര്‍വ വ്യക്തിയാണ് മണിമേഖല. അവളെ സംബന്ധിച്ച കാവ്യവും ഒരപൂര്‍വ രചന തന്നെയാണ്.

ഭക്തി സാഹിത്യം

സംഘകാലവും സാരോപദേശ കാലഘട്ടവും കഴിയുമ്പോള്‍ ഭക്തിപ്രസ്ഥാനത്തിന്റെ കാലമാണ് നമ്മുടെ ശ്രദ്ധയില്‍പ്പെടുന്നത്. എ.ഡി. 7, 8, 9 ശ.-ങ്ങളില്‍ തമിഴ്നാട്ടില്‍ ശൈവമതാചാര്യന്മാരായ നായനാര്‍മാരും വൈഷ്ണവ മതാചാര്യന്മാരായ ആഴ്വാര്‍മാരും ഭക്തിഗീതങ്ങള്‍ പാടി ഊരുചുറ്റി നടന്ന് തങ്ങളുടെ വിശ്വാസങ്ങള്‍ പ്രചരിപ്പിച്ചിരുന്നു. നാട്ടില്‍ പ്രചാരമുണ്ടായിരുന്ന ബുദ്ധ-ജൈന മതങ്ങള്‍ക്കെതിരായി ജനങ്ങളെ സംഘടിപ്പിക്കാന്‍ കലയും സംഗീതവും അവര്‍ പ്രയോജനപ്പെടുത്തി. നായനാര്‍മാരും ആഴ്വാര്‍മാരും ക്ഷേത്രങ്ങളില്‍ സംഗീതത്തിന്റെ അകമ്പടിയോടെ കീര്‍ത്തനങ്ങളാലപിച്ച് ദേവപൂജ നടത്തി. ജൈനന്മാരും ബൌദ്ധന്മാരും മോഹങ്ങളെ നിയന്ത്രിക്കുന്നതിനും നിരാഹാരം, സുഖഭോഗങ്ങളെ ത്യജിക്കല്‍ തുടങ്ങിയ കഠിനവ്രതങ്ങള്‍ അനുഷ്ഠിക്കുന്നതിനും ജനങ്ങളെ പ്രേരിപ്പിച്ചുകൊണ്ടിരുന്നു. സന്ന്യാസ ജീവിതത്തെ അവര്‍ മഹത്തായി കരുതി. അതേസമയം ആഴ്വാര്‍മാരും നായനാര്‍മാരും ഭക്തിയില്‍ മാത്രം ഊന്നല്‍ നല്കുകയും അതിനു സഹായകമായ സംഗീതം, നൃത്തം മുതലായ കലകളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ഈ ലോകത്തില്‍ എത്രമാത്രം സന്തോഷത്തോടെ ജീവിച്ചാലും ഏതു തൊഴില്‍ ചെയ്താലും മനസ്സിനെ ഈശ്വരനിലര്‍പ്പിച്ചാല്‍ മതി എന്നാണ് അവര്‍ ഉപദേശിച്ചത്. അങ്ങനെ ഭക്തിപ്രസ്ഥാനം വിവിധങ്ങളായ കലകളുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിച്ചു. ഭക്തി പ്രചരിപ്പിക്കാന്‍ സംഗീതസാന്ദ്രമായ പാട്ടുകള്‍ ഉപകരിച്ചു.

ഭക്തിപ്രസ്ഥാനത്തിന്റെ ആരംഭകാലത്ത് 6-ാം ശ.-ത്തില്‍ നായനാര്‍മാരിലെ കാരയ്ക്കാല്‍ അമ്മയാരും തിരുമൂലരും രചിച്ച പാട്ടുകളും ആഴ്വാര്‍മാരില്‍പെട്ട പേരാഴ്വാര്‍, പൂതത്താഴ്വാര്‍, പൊയ്കൈ ആഴ്വാര്‍ എന്നീ ആദ്യ ആഴ്വാര്‍മാര്‍ മൂവരും പാടിയ പാട്ടുകളും നാടൊട്ടുക്കു പ്രചരിച്ചു.

6-ാം ശ.-ത്തില്‍ ചില പുണ്യാത്മാക്കള്‍ രൂപംകൊടുത്ത ഭക്തിപ്രസ്ഥാനം പടര്‍ന്നു പന്തലിച്ച് എട്ടും ഒന്‍പതും നൂറ്റാണ്ടുകളായപ്പോഴേക്കും തമിഴ്നാടെങ്ങും വ്യാപിച്ചു. ജനങ്ങള്‍ക്കിടയിലും നാടുവാഴികള്‍ക്കിടയിലും ഒരുപോലെ സ്വാധീനത നേടി. ഭക്തിഗാനങ്ങള്‍ മുഖേന ഓരോ പ്രദേശത്തേയും ക്ഷേത്രങ്ങളുടെ കീര്‍ത്തി പരന്നു. ക്ഷേത്രങ്ങള്‍ക്ക് പുതിയ കെട്ടിടങ്ങള്‍ നിര്‍മിക്കപ്പെട്ടു. തമിഴ്നാടിനോടു ചേര്‍ന്ന പ്രദേശങ്ങളിലും ഭക്തിപ്രസ്ഥാനത്തിനു വേരോട്ടമുണ്ടായി. വടക്കന്‍ നാടുകളിലെ ഭാഷകളിലും ഭക്തിഗാനങ്ങള്‍ രചിക്കപ്പെട്ടു. ഇങ്ങനെ തമിഴ്നാട്ടിലെ ആഴ്വാര്‍മാരും നായനാര്‍മാരും പാടിയ പാട്ടുകള്‍ ഇന്ത്യയൊട്ടാകെ ഭക്തിപ്രസ്ഥാനം വ്യാപിക്കാന്‍ കാരണമായി.

7-ാം ശ.-ത്തില്‍ ജീവിച്ചിരുന്ന നായനാര്‍മാരില്‍ തിരുനാവുക്കരശും തിരുജ്ഞാന സംബന്ധരും ആയിരക്കണക്കിനു പാട്ടുകള്‍ രചിച്ചു പാടി. തമിഴ്നാട്ടിലെ അനേകം ശിവക്ഷേത്രങ്ങളെക്കുറിച്ച് ഇവര്‍ പാടിയ പാട്ടുകളുണ്ട്. കുറേ പാട്ടുകള്‍ നഷ്ടപ്പെട്ടുപോയെങ്കിലും ഇപ്പോള്‍ ലഭ്യമായവ ആറായിരത്തോളം വരും. അടുത്ത നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ശങ്കരമൂര്‍ത്തി നായനാരുടെ പാട്ടുകളും ആയിരത്തോളം വരും. അങ്ങനെ മൂന്നു നായനാര്‍മാരുടേതുമായി ഏഴായിരം പാട്ടുകളാണ് 'തേവാരം' എന്ന പേരില്‍ ഭക്തിസാഹിത്യത്തിലെ ഒരു പ്രമുഖ വിഭാഗമായി അറിയപ്പെടുന്നത്.

8-ാം ശ.-ത്തില്‍ മാണിക്കവാചകര്‍ ശിവപെരുമാനെ സ്തുതിച്ചു പാടിയ പാട്ടുകളാണ് തിരുവാചകം.തിരുക്കോവയാര്‍ എന്ന മറ്റൊരു ഗാനസമാഹാരവും അദ്ദേഹം രചിച്ചിട്ടുണ്ട്. അതിലെ നാനൂറു പാട്ടുകളും നാനൂറു പ്രണയഗാനങ്ങളാണ്. ശിവഭഗവാനെ നായകനായും തന്നെ പ്രണയിനിയായും സങ്കല്പിച്ചാണ് ഇത് പാടിയിരിക്കുന്നത്. പേര്‍ഷ്യന്‍ സൂഫികളുടെ രഹസ്യവാദപരമായ കവിതകള്‍ക്കു സമാനമാണിവ. തിരുവാചകത്തിലെ അറുനൂറ്റന്‍പത് പാട്ടുകളാണ് ഭക്തിഗാനങ്ങളില്‍ ഏറെ പ്രശസ്തം. തിരുവാചകത്തില്‍ അലിയാത്തവരുടെ മനസ്സ് ഒരു വാചകത്തിലും അലിയുകയില്ല എന്നാണ് പഴഞ്ചൊല്ല്.

ആഴ്വാര്‍മാരില്‍ ആദ്യത്തെ മൂന്നുപേരൊഴികെ മറ്റുള്ളവര്‍ ഏഴും എട്ടും ഒന്‍പതും നൂറ്റാണ്ടുകളിലാണു ജീവിച്ചിരുന്നത്. ഈ പന്ത്രണ്ട് ആഴ്വാര്‍മാര്‍ രചിച്ച വിഷ്ണു സ്തുതികള്‍ നാലായിരമുണ്ട്. നാലായിരം ദിവ്യപ്രബന്ധം എന്ന പേരില്‍ അവ അറിയപ്പെടുന്നു. അവരില്‍ പെരിയാഴ്വാര്‍ എന്ന കവി കണ്ണനെ ശിശുവായി സങ്കല്പിച്ച് അനേകം പാട്ടുകള്‍ പാടി. ഇവയ്ക്ക് ഹിന്ദിയിലെ സൂര്‍ദാസിന്റെ കൃഷ്ണഭക്തിഗീതങ്ങളുമായി സാദൃശ്യം കാണുന്നു.

പെരിയാഴ്വാരുടെ വളര്‍ത്തുപുത്രിയാണ് ആണ്ടാള്‍. ആണ്ടാള്‍ എഴുതിയ തിരുപ്പാവൈ വളരെ പ്രശസ്തമാണ്. സ്വയം ഒരു ഗോപികയായി സങ്കല്പിച്ച ആണ്ടാള്‍, കണ്ണനും ഗോപികമാരും തമ്മിലുള്ള ആത്മബന്ധത്തെക്കുറിച്ച് ഭക്തിപൂര്‍വം പാടിയ പാട്ടുകളാണ് തിരുപ്പാവൈയിലുള്ളത്. ഇക്കാലത്തും ധനുമാസം തോറും വിഷ്ണു ക്ഷേത്രങ്ങളിലും വീടുകളിലും തിരുപ്പാവൈ ഭക്തിപുരസ്സരം പാരായണം ചെയ്യുന്ന പതിവ് നിലവിലുണ്ട്.

വിഷ്ണുഭഗവാനില്‍ സ്വയം സമര്‍പ്പിച്ച് ഭക്തിഗാനങ്ങള്‍ കൊണ്ട് അര്‍ച്ചന നടത്തിയ മറ്റു പ്രമുഖ കവികളാണ് തിരുപ്പാണാഴ്വാര്‍, തിരുമഴിശൈയാഴ്വാര്‍, തൊണ്ടരടിപ്പൊടിയാഴ്വാര്‍ എന്നിവര്‍.

ആഴ്വാര്‍മാരില്‍ വളരെ പ്രശസ്തന്‍ നമ്മാഴ്വാരാണ്. അദ്ദേഹത്തെ പുകഴ്ത്തിപ്പാടുന്നത് ജീവിതവ്രതമായി കരുതിയ കവിയത്രേ മധുര കവിയാഴ്വാര്‍. നമ്മാഴ്വാരുടെ നാല് ഗ്രന്ഥങ്ങളാണ് തിരുവിരുത്തം, തിരുവാശിരിയം, പെരിയ തിരുവന്താദി, തിരുവായ്മൊഴി എന്നിവ. ഇവ നാലും നാല് വേദങ്ങളുടെ സാരമാണെന്നാണു പറയപ്പെടുന്നത്. ഇവയില്‍ ഏറ്റവും മികച്ചത് തിരുവായ് മൊഴിയാണ്. ഭക്തിസംവര്‍ധകം മാത്രമല്ല സത്യദര്‍ശനസഹായി കൂടിയാണ് തിരുവായ്മൊഴി. വൈഷ്ണവ മതപണ്ഡിതന്മാര്‍ പലരും ഇതിനു വ്യാഖ്യാനങ്ങളെഴുതിയിട്ടുണ്ട്. ഈ വ്യാഖ്യാനങ്ങളും വിജ്ഞാനപ്രദങ്ങളായ മഹദ്ഗ്രന്ഥങ്ങള്‍ തന്നെയാണ്. ഇവയിലെ അക്ഷരങ്ങളുടെ അടിസ്ഥാനത്തില്‍ മൂവായിരപ്പടി, ഒമ്പതിനായിരപ്പടി, പന്തീരായിരപ്പടി, ഇരുപത്തിനാലായിരപ്പടി, മുപ്പത്താറായിരപ്പടി എന്നിങ്ങനെയുള്ള പേരുകളില്‍ അറിയപ്പെടുന്നതില്‍ നിന്നും ഇവയുടെ മഹത്ത്വം നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ. വൈഷ്ണവ മതവിശ്വാസികള്‍ സുഖത്തിലും ദുഃഖത്തിലും ഒരുപോലെ പാടിപ്പോരുന്നവയാണ് തിരുവായ്മൊഴിപ്പാട്ടുകള്‍. തെന്‍കലൈ വിഭാഗത്തില്‍പ്പെട്ട വൈഷ്ണവര്‍ ഇതിനെ മന്ത്രങ്ങളേക്കാള്‍ മഹത്തരമായി കണക്കാക്കുന്നു.

പുതിയ സാഹിത്യശാഖകള്‍

ഇക്കാലത്ത് ചില പുതിയ സാഹിത്യശാഖകളുണ്ടായി. അവയിലൊന്നാണ് കലമ്പകം. ഒരേ ഗ്രന്ഥത്തില്‍ പല വിഷയങ്ങളെക്കുറിച്ചുള്ള പാട്ടുകള്‍ ഉള്‍പ്പെടുത്തുന്നത് അക്കാലത്തുള്ളവര്‍ക്ക് പുതുമയായിരുന്നു. അനേകം വിഷയങ്ങളെക്കുറിച്ച് വെവ്വേറെ വൃത്തങ്ങളിലുള്ള നൂറ് പാട്ടുകള്‍ ചേര്‍ന്ന സമാഹാരത്തെ കലമ്പകം എന്നുവിളിക്കുന്നു. നന്തിവര്‍മന്‍ എന്ന പല്ലവരാജാവിനെ സ്തുതിച്ചുകൊണ്ടുള്ള കലമ്പകത്തിന് നന്തികലമ്പകം എന്നു പേരുണ്ടായി.

ഒരു രാജാവിനെ സ്തുതിക്കുന്ന കവിതകളെല്ലാം ഒരേ വൃത്തത്തിലും ശൈലിയിലും എഴുതുന്നതിനേക്കാള്‍ പല മട്ടിലും പല വൃത്തങ്ങളിലുമായാല്‍ കൂടുതല്‍ ആകര്‍ഷകമായിത്തോന്നും. അതുപോലെ, കവിതന്നെ നേരിട്ടു പ്രശംസിക്കുന്നതിനേക്കാള്‍, നാട്ടുകാര്‍ പുകഴ്ത്തുന്നതായും പ്രണയാര്‍ദ്രയായ കാമുകി രാജാ വിനോടു പ്രേമാഭ്യര്‍ഥന നടത്തുന്നതായും യാചകര്‍പോലും രാജാവിന്റെ അപദാനങ്ങള്‍ വര്‍ണിക്കുന്നതായും യുദ്ധവീരന്‍ രാജാവിന്റെ ധീരകൃത്യങ്ങളെ പ്രകീര്‍ത്തിക്കുന്നതായും മറ്റും പല രീതിയിലെഴുതുന്നത് രസകരമായിരിക്കും. ഇങ്ങനെയുള്ള രചനകളുടെ സമാഹാരമാണ് കലമ്പകം. കലമ്പകം ഒരു പ്രത്യേക കാവ്യശാഖയായി വികസിച്ചു. ഇന്നയിന്ന വിഷയങ്ങളെക്കുറിച്ച് ഇന്നയിന്ന വൃത്തങ്ങളിലാണെഴുതേണ്ടത് എന്ന നിബന്ധനയുണ്ടായി. ദൈവങ്ങളെപ്പറ്റി എഴുതുമ്പോള്‍ നൂറും മുനിമാരെപ്പറ്റിയാണ് എഴുതുന്നതെങ്കില്‍ തൊണ്ണൂറ്റഞ്ചും രാജാക്കന്മാരെപ്പറ്റിയാണെങ്കില്‍ തൊണ്ണൂറും മന്ത്രിമാരെക്കുറിച്ചാണെങ്കില്‍ എഴുപതും വ്യാപാരികളെപ്പറ്റിയാണെങ്കില്‍ അന്‍പതും കര്‍ഷകനെ നായകനായി സങ്കല്പിക്കുകയാണെങ്കില്‍ മുപ്പതും പദ്യങ്ങളാണു വേണ്ടതെന്ന് പണ്ഡിതന്മാര്‍ കല്പിച്ചു. പക്ഷേ സാഹിത്യ സൃഷ്ടികളിന്മേല്‍ ഇപ്രകാരമുള്ള നിയന്ത്രണങ്ങള്‍ സാധ്യമായില്ല. പദ്യങ്ങളേയും വൃത്തങ്ങളേയും സംബന്ധിച്ച നിയമങ്ങളൊന്നും പില്ക്കാലത്ത് കലമ്പകം എഴുതിയവര്‍ അംഗീകരിച്ചില്ല. ഓരോരുത്തരുടേയും ഭാവനയ്ക്കും സൌകര്യത്തിനുമനുസരിച്ച് വൃത്തത്തിന്റേയും പദ്യത്തിന്റേയും എണ്ണത്തില്‍ മാറ്റം വരുത്തി. വ്യാകരണ ഗ്രന്ഥങ്ങളിലില്ലാത്തതും പിച്ചിയാര്‍, കൊറ്റിയാര്‍, ഇടൈച്ചിയാര്‍, വലൈച്ചിയാര്‍, കീരയാര്‍, മോഹിനിയാര്‍ മുതലായ സ്ത്രീകളുടെ മൊഴികളുടെ മട്ടിലുള്ളതുമായ കലമ്പകങ്ങളും രചിക്കപ്പെട്ടു. തിരുക്കലമ്പകം എന്ന പഴയ ഗ്രന്ഥത്തില്‍ 110 പദ്യങ്ങളുണ്ട്. ആളുടയ പിള്ളയാര്‍ 49 പദ്യങ്ങളുള്ള ഗ്രന്ഥമാണ്. ഇരട്ടൈപ്പുലവര്‍, കുമരഗുരുപരര്‍, ശിവപ്രകാശര്‍ തുടങ്ങിയ മഹാകവികളും കലമ്പകങ്ങള്‍ എഴുതിയിട്ടുണ്ട്. ചിലത് ഏതെങ്കിലും ക്ഷേത്രത്തിലെ പ്രതിഷ്ഠകളെ സ്തുതിക്കുന്നവയാണ്. ഓരോ പദ്യവും ഓരോ വൃത്തത്തിലുള്ളതാണെങ്കിലും ദൈവസ്തുതിപരമോ നാടിനെ പുകഴ്ത്തുന്നതോ ആയ പദങ്ങള്‍ കൊണ്ട് അവയെ പരസ്പരം ബന്ധിപ്പിച്ചിരിക്കും. ഒരു പദ്യത്തിന്റെ അവസാനത്തെ വാക്കിന് അടുത്ത പദ്യത്തിലെ ആദ്യത്തെ വാക്കുമായി പൊരുത്തമുണ്ടായിരിക്കും. ഇങ്ങനെ പല വര്‍ണത്തിലുള്ള മുത്തുകളെ ഒറ്റ നൂലില്‍ കോര്‍ത്തതുപോലെ മനോഹരമാണ് കലമ്പകം. കഥാനായകനെ പുകഴ്ത്തിപ്പാടുന്ന കൃതിയാണു കലമ്പകം എന്നു പറയാം.

പാണ്ഡ്യരാജാവ് നെടുമാരനെ സ്തുതിച്ചുകൊണ്ടു പാണ്ടിക്കോവൈ എന്ന കൃതി 6-ാം ശ.-ത്തിലോ 7-ാം ശ.-ത്തിലോ ആണ് രചിച്ചതെന്നു കരുതുന്നു. അത് ഇന്ന് പൂര്‍ണരൂപത്തില്‍ ലഭ്യമല്ല. അതിന്റെ ഭാഗമെന്നു കരുതപ്പെടുന്ന മുന്നൂറോളം പാട്ടുകള്‍ കണ്ടുകിട്ടിയിട്ടുണ്ട്. ഗ്രന്ഥകാരന്‍ ആരാണെന്നും വ്യക്തമല്ല.

ഒരു പ്രത്യേക സാഹിത്യരൂപമാണ് കൊവൈ. അതില്‍ ഏറ്റവും പഴക്കം ചെന്നത് പാണ്ടിക്കോവൈയാണ്. പല വൃത്തങ്ങളില്‍ രചിക്കപ്പെട്ട പദ്യങ്ങളുടെ സമാഹാരമാണിത്. സംഘകാലത്തില്‍ പ്രണയഗാനങ്ങള്‍ പല കവികള്‍ പല മട്ടില്‍ രചിച്ചിട്ടുണ്ട്. കാമുകീ കാമുകന്മാരില്‍ ഒരാളുടെ പ്രണയവും അതുമായി ബന്ധപ്പെട്ട സംഭവങ്ങളും ഒരു കഥയുടെ മട്ടില്‍ ആവിഷ്കരിക്കപ്പെടുന്നു. പ്രേമത്തിന്റെ നാനൂറ് ഘട്ടങ്ങളെക്കുറിച്ച് നാനൂറ് പദ്യങ്ങളില്‍ വിവരിക്കുന്നു. കാമുകീകാമുകന്മാര്‍ ആദ്യമായി കണ്ടുമുട്ടുന്നതും അവരുടെ വിവാഹശേഷമുള്ള ജീവിതവും കുഞ്ഞുങ്ങളെ പ്രസവിച്ചു വളര്‍ത്തുന്നതും വരെയുള്ള സംഭവങ്ങളുമാണ് നാനൂറ് പദ്യങ്ങളിലായി വര്‍ണിച്ചിരിക്കുന്നത്. സംഘകാല കൃതികളിലെന്നതുപോലെ ഇവിടെയും കഥാപാത്രങ്ങള്‍ സങ്കല്പ സൃഷ്ടികളാണ്. കാമുക സമാഗമം നടന്ന സ്ഥലത്തെ വര്‍ണിക്കുമ്പോഴും ഒരു രാജാവിന്റേയൊ കുബേരന്റേയൊ ദൈവത്തിന്റേയൊ സ്തുതിയും അതില്‍ ഉള്‍പ്പെടുത്തിയിരിക്കും. നാനൂറ് പാട്ടുകളില്‍ ഓരോന്നിലും പ്രസ്തുത രാജാവിന്റേയൊ പ്രഭുവിന്റേയൊ ദൈവത്തിന്റേയോ നാട്, മല, നദി, യശസ്സ്, സത്ക്കര്‍മം തുടങ്ങിയവയില്‍ ഏതെങ്കിലുമൊന്നിന്റെ സ്തുതി ഉണ്ടായിരിക്കും. ഇതാണ് 'കോവൈ'യുടെ ലക്ഷണം.

ചോളരാജാവായ കുലോത്തുംഗന്‍ 11-ാം ശ.-ത്തില്‍ അനന്തവര്‍മ ഷോഡ ഗംഗന്‍ എന്ന രാജാവിന്റെ ഭരണത്തിലായിരുന്ന കലിംഗനാടിനെ ആക്രമിച്ചു കീഴടക്കി. കരുണാകര തൊണ്ടൈമാന്‍ ആയിരുന്നു ചോള സൈന്യത്തിന്റെ തലവന്‍. ചോളരാജാവിനേയും അദ്ദേഹത്തിന്റെ പടത്തലവനേയും സ്തുതിച്ചുകൊണ്ടെഴുതപ്പെട്ടതാണ് കലിംഗത്തു പരണി എന്ന ഗ്രന്ഥം. ഒരു യുദ്ധത്തെക്കുറിച്ചു മാത്രം രചിക്കപ്പെട്ട മഹദ് ഗ്രന്ഥമാണിത്. ചരിത്രസംഭവത്തെ ആധാരമാക്കിയുള്ളതാണെങ്കിലും ഭാവനാസൃഷ്ടമായ നിരവധി സംഭവങ്ങള്‍ ഇതില്‍ അണിനിരന്നിട്ടുണ്ട്. ഒരു സാഹിത്യശാഖയുടെ പേരാണ് ഭ(പ)രണി. പോര്‍ക്കളത്തില്‍ ആയിരം ആനകളെ കൊന്ന് വിജയം വരിക്കുന്ന വീരനെക്കുറിച്ചു പാടുന്നതിനെ 'ഭരണി' എന്നു പറയുന്നു.

ദൈവത്തേയൊ രാജാവിനേയൊ കുട്ടിയായി സങ്കല്പിച്ച് ബാലലീലകളെ വര്‍ണിക്കുന്ന കൃതിക്ക് പിള്ളൈത്തമിഴ് എന്നു പ്രത്യേകം പേരുണ്ട്. ഇതും ഒരു സവിശേഷ സാഹിത്യരൂപമായി കരുതപ്പെടുന്നു.

ക്ഷേത്രങ്ങളിലെ വിഗ്രഹങ്ങളെ അലങ്കരിച്ച് പരിവാര സമേതം തെരുവുകളില്‍ എഴുന്നള്ളിക്കുന്ന പതിവും നിലവിലിരുന്നു. വിഗ്രഹംപുറത്തേക്കെഴുന്നള്ളിക്കുന്നതു മുതല്‍ ഊരുചുറ്റി തിരിച്ചെത്തുന്നതുവരെയുള്ള ഓരോ ഘട്ടത്തേയും വര്‍ണിക്കുന്ന കവിതകളും പഴയകാലത്ത് എഴുതപ്പെട്ടിരുന്നു. ആരംഭത്തില്‍ ആ ദൈവത്തിന്റെ മഹത്ത്വത്തേയും അദ്ഭുതസിദ്ധികളേയും വര്‍ണിക്കുന്നു. തുടര്‍ന്ന് ഘോഷയാത്രയില്‍ പങ്കുകൊള്ളുന്നവരേയും പിന്നീട് ദൈവത്തെ കണ്ടു പ്രണയത്തിലാകുന്ന ദേവദാസികളേയും വര്‍ണിക്കുകയാണ് പതിവ്. ഓരോ നാട്ടിലും ഇത്തരത്തിലുള്ള നാടന്‍പാട്ടുകള്‍ അല്പം ചില വ്യത്യാസങ്ങളോടെ പ്രചരിച്ചിരുന്നതായി കരുതേണ്ടിയിരിക്കുന്നു. ഏതെങ്കിലും ഒരു ക്ഷേത്രത്തിലെ ഉത്സവത്തെ സംബന്ധിക്കുന്ന എല്ലാ വിവരങ്ങളും ഉള്‍ക്കൊള്ളുന്ന ഒരു ഗ്രന്ഥം രചിക്കണമെന്ന് ഒരു കവിക്കു തോന്നുകയും രചന നിര്‍വഹിക്കുകയും ചെയ്യുമ്പോള്‍ അത്തരം കവിത 'ഉലാ' എന്ന പേരിലറിയപ്പെട്ടു. 9-ാം ശ.-ത്തില്‍ ചേരമാന്‍ പെരുമാള്‍ നായനാര്‍ പാടിയ തിരുക്കൈലാസജ്ഞാന ഉലാ ആണ് ഇന്നേവരെ ലഭ്യമായതില്‍ വച്ച് ഏറ്റവും പഴക്കമുള്ളതായി തെളിഞ്ഞിട്ടുള്ളത്. ഈ കൃതി ആദിയുലാ എന്ന പേരിലാണറിയപ്പെടുന്നത്.

ഒരു രാജാവ് ദൂതന്‍ മുഖേന മറ്റൊരു രാജാവിനു സന്ദേശമയക്കുന്ന പതിവ് പണ്ടുകാലം മുതലേ ഉണ്ടായിരുന്നു. അതിയമാന്‍ എന്ന രാജാവ് തൊണ്ടൈമാന്റെ സമീപത്തേക്ക് ഔവ്വയാരെന്ന കവയിത്രിയെ ഒരു സന്ദേശവുമായി അയച്ചതിനെക്കുറിച്ച് പുറനാനൂറിലെ കവിതയില്‍ പരാമര്‍ശിച്ചുകാണുന്നു. യുദ്ധകാലത്തും മറ്റും രാജാക്കന്മാര്‍ക്കിടയിലുണ്ടായിരുന്ന ഈ പതിവ് ഒരു പ്രത്യേക സാഹിത്യരൂപത്തിന്റെ ആവിര്‍ഭാവത്തിനു ഹേതുവായി. പാണ്ഡ്യനാട്ടിലെ കവിയായിരുന്ന പിശിരാന്തയര്‍, തന്റെ പ്രിയ സ്നേഹിതനും ചോഴനാട്ടു രാജാവുമായ കോപ്പെരും ചോഴനെ പ്രശംസിച്ച് ഒരു പാട്ടെഴുതണമെന്നാഗ്രഹിച്ചപ്പോള്‍, വടക്കേ ചോഴനാട്ടിനു നേര്‍ക്കു പറന്നുകൊണ്ടിരുന്ന ഒരു അരയന്നത്തോടു പറഞ്ഞു: "അരയന്നമേ നീ ചോഴനാടു ലക്ഷ്യമാക്കിയാണല്ലോ പറക്കുന്നത്. അവിടെ ചോഴന്റെ കൊട്ടാരം കാണുമ്പോള്‍ താഴെയിറങ്ങി അകത്തുചെന്ന് എന്റെ പേരുപറഞ്ഞ് പരിചയപ്പെടണം. നിനക്കു വേണ്ടതെല്ലാം - നിന്റെ ഇണപ്പക്ഷിക്ക് ആവശ്യമുള്ള അലങ്കാര വസ്തുക്കളുള്‍പ്പെടെ-രാജാവ് സമ്മാനിക്കും.

ഇങ്ങനെ, സംസാരശേഷിയില്ലാത്ത പക്ഷികളേയും മൃഗങ്ങളേ യും മാത്രമല്ല ജീവനില്ലാത്ത മേഘം, കാറ്റ് മുതലായവയേയും സന്ദേശവാഹകരായി സങ്കല്പിക്കുന്ന പതിവ് പ്രണയ കവിതകളില്‍ ധാരാളമായി കണ്ടുവരുന്നു. പഴന്തമിഴ് സാഹിത്യമായ സംഘം കൃതികളിലും ഇത്തരത്തിലുള്ള ചില പാട്ടുകളുണ്ട്. കടല്‍ത്തീരത്ത് കാമുകനെ കാണാതെ വിഷമിച്ചു നിന്ന ഒരു കാമുകി അവിടെ ഓടി നടന്ന ഒരു ഞണ്ടിനോട് ഞണ്ടേ, എന്റെ കാമുകന്‍ അതാ, ആ ഊരില്‍ ഉണ്ട്. നീ അവിടെ ചെന്ന് എന്റെ ദുഃഖം അവനെ അറിയിക്കണം. ഈ കടല്‍ക്കാറ്റും ഈ തിരമാലയും അതിലേ പോകുമെങ്കിലും അവനെ കാണുകയില്ല, നീ തന്നെ എന്നെക്കുറിച്ച് അവനോടു പറയണം എന്ന് അപേക്ഷിക്കുന്നതായി അകനാനൂറിലെ ഒരു പാട്ടില്‍ വര്‍ണിച്ചിരിക്കുന്നു. ഈ പ്രണയഗീതങ്ങളുടെ ചുവടുപിടിച്ച് പില്ക്കാലത്ത് ഭക്തിസാഹിത്യത്തിലും ദൈവങ്ങളുടെ അടുത്തേക്കു ദൂതന്മാരെ അയക്കുന്ന മട്ടിലുള്ള കവിതകള്‍ നായനാര്‍മാര്‍ രചിച്ചിട്ടുണ്ട്. തേവാരത്തിലും തിരുവാചകത്തിലും നാലായിരപ്രബന്ധത്തിലുമുള്ള ഈ സന്ദേശഗാനങ്ങളുടെ ഉള്ളടക്കം ഭക്തിയാണ്. കുയില്‍, പ്രാവ്, വണ്ട്, കിളി, കൊക്ക് മുതലായവ ഭക്തരുടെ സന്ദേശവാഹകരായി പ്രത്യക്ഷപ്പെടുന്നു. പ്രണയത്തെക്കുറിച്ച് ഭക്തിഗാനങ്ങളുടെ മട്ടില്‍ പാടിയ ആഴ്വാര്‍മാരും നായനാര്‍മാരും ഹൃദയാവര്‍ജകമായ സന്ദേശഗാനങ്ങള്‍ രചിച്ചിട്ടുണ്ട്.

മഹാകാവ്യങ്ങളിലും കാമുകീകാമുകന്മാര്‍ സന്ദേശവാഹകരുടെ സഹായം തേടുന്ന സന്ദര്‍ഭങ്ങളുണ്ട്. ശൈവമതാചാര്യനായ ഉമാപതി ശിവാചാരിയാര്‍ സ്വന്തം മനസ്സിനെ ദൂതനായി സങ്കല്പിച്ചു പാടിയ ഒരു കൃതിയുണ്ട്. പില്ക്കാലത്ത് ദൂത് എന്ന പേരോടുകൂടിയ പല കൃതികളും രചിക്കപ്പെട്ടു. ക്രമേണ അതൊരു സാഹിത്യരൂപമായി വികാസം പ്രാപിച്ചു. സന്ദേശവാഹകരായി അയയ്ക്കുന്ന വസ്തുക്കള്‍ക്കും വൈവിധ്യമേറി. പണം, നെല്ല്, വസ്ത്രം, പുകയില, മാന്‍, കാക്ക, തമിഴ് എന്നിവയെയെല്ലാം ദൂതന്മാരായി സങ്കല്പിക്കുന്ന അനേകം കവിതകളുണ്ടായി. പണത്തെ സന്ദേശവാഹകനായി അയയ്ക്കുന്ന കൃതിയില്‍, ദൂതുപോകാനുള്ള യോഗ്യത പണത്തെപ്പോലെ മറ്റൊന്നിനുമില്ലെന്നു പറയുന്നു. അതുപോലെ, ഓരോ വസ്തുവിനുമുള്ള ഗുണങ്ങളും മറ്റുള്ളവയെ അപേക്ഷിച്ച് അതിനുള്ള സവിശേഷതയും എടുത്തു പറയുന്നത് ആകര്‍ഷകമായി തോന്നും. നാട്ടില്‍ പുതുതായി വന്നുചേര്‍ന്ന പുകയിലയെ ദൂതനായി സങ്കല്പിച്ചു ഒരു കവി. മറ്റൊരു കവി മധുരയില്‍ വസിക്കുന്ന ശിവപെരുമാനുള്ള സന്ദേശവുമായി തമിഴ് മൊഴിയെ അയയ്ക്കുന്നു. തമിഴ് വിടുദൂത് എന്നാണ് പ്രസ്തുത കൃതിയുടെ പേര്.

ഇതിഹാസങ്ങളും പുരാണങ്ങളും

ഭക്തിസാഹിത്യത്തിന്റെ ആവിര്‍ഭാവത്തോടെ മഹാവിഷ്ണുവിന്റെ അവതാര കഥകളായ രാമായണം, ഭാരതം എന്നീ ഇതിഹാസങ്ങള്‍ തമിഴ്നാട്ടില്‍ പ്രചരിച്ചു. ഇതിഹാസങ്ങളിലെ രാമന്റേയും കൃഷ്ണന്റേയും ജീവിതവുമായി ബന്ധപ്പെട്ട ചില പരാമര്‍ശങ്ങള്‍ സംഘസാഹിത്യത്തിലെ ചില പാട്ടുകളില്‍ നമുക്കു കാണാം. ചിലപ്പതികാരത്തില്‍ സാധാരണ ജനങ്ങള്‍ പാടുന്ന പാട്ടുകളിലും ഇതിഹാസകഥകളുടെ ചില പരാമര്‍ശങ്ങളുണ്ട്. എങ്കിലും രാമായണവും ഭാരതവും തമിഴില്‍ രചിക്കപ്പെട്ടത് പില്ക്കാലത്താണ്.

ഭാരതം രചിച്ച പെരുന്തേവനാര്‍ എന്ന കവി, ഓരോ ദേവനേയും സ്തുതിക്കുന്ന പാട്ടുകളെഴുതി ചില സംഘകാല കൃതികളില്‍ ഉള്‍പ്പെടുത്തി. അതതു ഗ്രന്ഥങ്ങളിലെ പാട്ടുകളുടെ ശൈലിയില്‍ തന്നെയാണ് ഈ പാട്ടുകളും രചിക്കപ്പെട്ടത്. അകനാനൂറ്, നറ്റിണൈ, കുറുന്തൊകൈ, ഐങ്കറുനൂറ്, പുറനാനൂറ് എന്നീ അഞ്ച് ഗ്രന്ഥങ്ങളിലും ഈ കവിയുടെ ഈശ്വര സ്തുതിപരമായ പാട്ടുകള്‍ ചേര്‍ത്തിട്ടുണ്ട്. അദ്ദേഹം എഴുതിയ ഭാരതം ഇപ്പോള്‍ ലഭ്യമല്ല. തൊല്കാപ്പിയം, യാപ്പെരുങ്കലം എന്നീ കൃതികളുടെ വ്യാഖ്യാനങ്ങളില്‍, വ്യാഖ്യാതാക്കള്‍ ഭാരതത്തിലെ ചില പാട്ടുകള്‍ ഉദാഹരണമായി ഉദ്ധരിച്ചിട്ടുണ്ട്. അകവല്‍ എന്ന വൃത്തത്തില്‍ രചിച്ച പ്രസ്തുത പാട്ടുകള്‍ സംഘകാല രചനാശൈലിയിലുള്ളവയാണ്. പാട്ടിനോടൊപ്പം ഇടയ്ക്കു ഗദ്യം കൂടി ചേര്‍ന്നതാണു ഭാരതം.

പെരുന്തേവനാരുടെ ഭാരതത്തിനു പുറമേ ഭാരതവെണ്‍പാ എന്ന പേരില്‍ മറ്റൊരു 'ഭാരത'വും ഉണ്ടായിരുന്നു. അതും ഗദ്യപദ്യ സമ്മിശ്രമായിരുന്നത്രേ. 9-ാം ശ.-ത്തില്‍ നന്തിവര്‍മന്‍ എന്ന പല്ലവരാജാവിന്റെ കാലത്താണ് ഇത് രചിക്കപ്പെട്ടത്. അതിന്റെ ചെറിയ ഒരംശം മാത്രമേ ഇപ്പോള്‍ കിട്ടാനുള്ളൂ. അതിലെ പദ്യം ചെന്തമിഴിലും ഗദ്യം മണിപ്രവാളത്തിലുമാണ്. 13-ാം ശ.-ത്തില്‍ അരുണിലൈ വിശാഖന്‍ അഥവാ വത്സരാജന്‍ എന്നയാള്‍ ഭാരതം തമിഴിലാക്കി. അദ്ദേഹത്തിന്റെ കൃതി പൂര്‍ണമായും നഷ്ടപ്പെട്ടു. 17-ാം ശ.-ത്തില്‍ വില്ലി പുത്തൂരാര്‍ ഹൃദ്യമായ ശൈലിയില്‍ ഭാരതം എഴുതിയതിനു ശേഷം പഴയ ഭാരതകഥകളെക്കുറിച്ച് ആരും വേവലാതിപ്പെടാറില്ല.

പെരുന്തേവരുടെ പഴയ ഭാരതത്തെപ്പോലെ അകവല്‍ വൃത്തത്തില്‍ രചിച്ച ഒരു പഴയ തമിഴ് രാമായണവും ലഭ്യമായിട്ടുണ്ട്. അതിലെ അഞ്ച് പദ്യങ്ങള്‍ മാത്രമേ ഇപ്പോള്‍ കിട്ടാനുള്ളൂ. ജൈനരുടെ പ്രശംസയ്ക്കു പാത്രമായ ഒരു ജൈന രാമായണവും പ്രചാരത്തിലിരുന്നു. അതിലെ അല്പഭാഗം മാത്രം ഇപ്പോള്‍ ലഭ്യമാണ്. പില്ക്കാലത്തെ കവികള്‍ തങ്ങളുടെ രചനകളില്‍ അവ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കമ്പരാമായണം എഴുതപ്പെട്ടതിനു ശേഷം അതിന്റെ അസാധാരണമായ സാഹിത്യ ഭംഗിയുമായി കിടപിടിക്കാനാവാതെ പഴയ രാമായണങ്ങള്‍ അസ്തപ്രഭങ്ങളായി. ഒരു വിഷയത്തില്‍ ഒരു വിശിഷ്ട ഗ്രന്ഥം രചിക്കപ്പെട്ടുകഴിഞ്ഞാല്‍ അതേ വിഷയത്തില്‍ അതിനു മുമ്പു രചിച്ച കൃതികളെ ജനങ്ങള്‍ വിസ്മരിക്കുമെന്നതിന് തമിഴ് സാഹിത്യചരിത്രത്തില്‍ നിരവധി ഉദാഹരണങ്ങളുണ്ട്.

ജൈനരും ബൗദ്ധരും ശൈവ-വൈഷ്ണവ വിശ്വാസികളുമായി മത്സരിക്കുകയും ഓരോ വിഭാഗത്തില്‍പ്പെട്ടവരും അവരവരുടെ മതവിശ്വാസം പ്രചരിപ്പിക്കാനുതകുന്ന കാവ്യങ്ങളും പുരാണങ്ങളും രചിക്കുകയും ചെയ്തു. പെരുംകതൈ, മേരുമന്ത്രപുരാണം, ജീവകചിന്താമണി മുതലായവ അവയില്‍ ചിലതാണ്. ഈ ഗ്രന്ഥങ്ങളില്‍ കുറേയെണ്ണം ലക്ഷണമൊത്ത കാവ്യങ്ങളായി സാഹിത്യചരിത്രത്തില്‍ സ്ഥാനം നേടി. സാഹിത്യമൂല്യം കുറഞ്ഞ മതപ്രചാരണം മാത്രം ലക്ഷ്യമാക്കിയ ചില കാവ്യങ്ങളെ പിന്നീട് ജനങ്ങള്‍ വിസ്മരിച്ചു.

10-ാം ശ.-ത്തിനു ശേഷം തമിഴ്നാട്ടില്‍ നിലവില്‍ വന്ന ചോഴരാജഭരണം തമിഴ് സാഹിത്യത്തിന്റെ വളര്‍ച്ചയ്ക്കുതകി. അക്കാലത്തെ ചോഴരാജാക്കന്മാര്‍ തമിഴ് കവികളുടെ സ്നേഹവും ബഹുമാനവും ആര്‍ജിച്ചിരുന്നു. കാവ്യരചനയുടെ മര്‍മം കണ്ടറിഞ്ഞ രാജാക്കന്മാരായിരുന്നു അവരില്‍ ചിലര്‍. പെരിയപുരാണകര്‍ത്താവായ ചേക്കിഴാരെ കുലോത്തുംഗ ചോഴന്‍ ആരാധിച്ചിരുന്നു. രാമായണം എഴുതിയ കമ്പന്റെ ചങ്ങാതിയായിരുന്നു മറ്റൊരു ചോഴന്‍. കവിചക്രവര്‍ത്തിയെന്ന ബഹുമതി നേടിയ ഒട്ടക്കൂത്തന്‍ ഒരു ചോഴരാജാവിന്റെ പുത്രന്റേയും പേരക്കുട്ടിയുടേയും ഗുരുവും രാജസദസ്സിലെ ആസ്ഥാന കവിയുമായിരുന്നു. ചോഴഭരണത്തിന്റെ പെരുമ നാടിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെയും കടല്‍ കടന്നും വ്യാപിച്ചു. ചോഴരാജന്‍ പല രാജ്യങ്ങളും ആക്രമിച്ചു കീഴടക്കി. ആകാശം മുട്ടുന്ന ക്ഷേത്രഗോപുരങ്ങള്‍ പണികഴിപ്പിച്ചു. പല മഹത് കൃത്യങ്ങളും അനുഷ്ഠിച്ച് തമിഴ്നാടിന്റെ ചരിത്രത്തില്‍ സ്ഥാനം നേടി. അതോടൊപ്പം, തമിഴ് സാഹിത്യത്തിന്റെ വളര്‍ച്ചയ്ക്കും വിലപ്പെട്ട സംഭാവനകള്‍ നല്കി.

മറ്റു കൃതികളെ അവലംബമാക്കിയതോ വിവര്‍ത്തന രൂപത്തി ലുള്ളതോ അല്ലാതെ തമിഴ്നാടിനു സ്വന്തമായി ഇടക്കാലത്തുണ്ടായ കാവ്യമാണ് പെരിയപുരാണം. ചേക്കിഴാര്‍ ആണിതിന്റെ കര്‍ത്താവ്. ചോഴരാജാവ് കുലോത്തുംഗന്റെ സചിവനായിരുന്ന ഇദ്ദേഹം പിന്നീട് ശൈവമത പ്രചാരണത്തിന് ജീവിതം ഉഴിഞ്ഞുവച്ചു. 9-ാം ശ.-ത്തില്‍ ജീവിച്ചിരുന്ന ശങ്കരമൂര്‍ത്തി നായനാര്‍ അറുപത്തി മൂന്ന് ശൈവനായനാര്‍മാരെ സ്തുതിക്കുന്ന തിരുത്തൊണ്ടത്തൊകൈ എന്ന പതിനെട്ട് പാട്ടുകളുള്ള ഒരു കൃതി രചിച്ചു. പിന്നീട് നമ്പിയാണ്ടാര്‍ നമ്പി എന്ന കവി പ്രസ്തുത നായനാരുടെ ജീവിതത്തെ ആസ്പദമാക്കി തിരുത്തൊണ്ടര്‍, തിരുവന്താദി എന്നീ ലഘു ഗ്രന്ഥങ്ങളെഴുതി. ഇവയെ അടിസ്ഥാനമാക്കിയാണ് ചേക്കിഴാര്‍ നാലായിരത്തിലധികം പദ്യങ്ങളുള്ള കാവ്യം രചിച്ചത്. മന്ത്രിയായതുകൊണ്ടുള്ള സൗകര്യം ഉപയോഗിച്ച് നാട്ടില്‍ പലയിടത്തും ചുറ്റിസഞ്ചരിച്ചും നായനാര്‍മാര്‍ ജീവിച്ചിരുന്ന പ്രദേശങ്ങള്‍ നേരില്‍ കണ്ടും അവരെക്കുറിച്ചുള്ള ഐതിഹ്യങ്ങള്‍ കേട്ടറിഞ്ഞും 63 പേരുടെയും ജീവചരിത്രമെഴുതാനുള്ള വിവരങ്ങള്‍ അദ്ദേഹം ശേഖരിച്ചു. മറ്റു കവികളെപ്പോലെ ഭാവനാസൃഷ്ടമായ സംഭവങ്ങള്‍ വിവരിച്ച് കാവ്യത്തെ ആകര്‍ഷകമാക്കാന്‍ അദ്ദേഹം തയ്യാറായില്ല. കേട്ടറിഞ്ഞതും അന്വേഷിച്ചു മനസ്സിലാക്കിയതുമായ കാര്യങ്ങള്‍ മാത്രമാണ് അതില്‍ ഉള്‍പ്പെടുത്തിയത്. ഭാവനയുടെ അംശം തെല്ലുപോലും അതിലില്ല. അദ്ദേഹത്തിന്റെ കാലത്തിനു മുന്‍പു തന്നെ ജനങ്ങള്‍ക്കിടയില്‍ വായ്മൊഴിയായി പ്രചരിച്ചവയോടൊപ്പം സാങ്കല്പിക സംഭവങ്ങളും കൂടിക്കലര്‍ന്നിരിക്കാം. ചേക്കിഴാര്‍ സത്യമെന്നു തനിക്കു ബോധ്യപ്പെട്ടവയെക്കുറിച്ചു മാത്രം ലളിതമായ തമിഴില്‍ കാവ്യരചന നടത്തി. അങ്ങനെ അക്കാലത്തെ ജനങ്ങളുടെ ആചാരമര്യാദകളും ജീവിതചര്യകളും വിശ്വാസങ്ങളും ഇഷ്ടാനിഷ്ടങ്ങളും ഒരു ചരിത്രരേഖയിലെന്നതുപോലെ പെരിയപുരാണത്തില്‍ ചിത്രീകരിക്കപ്പെട്ടു.

തമിഴ്നാടിന് 'കമ്പന്‍ ജനിച്ച നാട്' എന്ന ഖ്യാതി നേടിക്കൊടുത്ത കവീന്ദ്രനാണ് കമ്പര്‍ എന്ന് സുബ്രഹ്മണ്യഭാരതി വിശേഷിപ്പിച്ചിട്ടുണ്ട്. തമിഴ് സാഹിത്യത്തില്‍ അദ്വിതീയമായൊരു സ്ഥാനമാണു കമ്പര്‍ക്കുള്ളത്. കമ്പര്‍ക്കും ഔവ്വയാര്‍ക്കും തമ്മിലുള്ള ബന്ധത്തെ സൂചിപ്പിക്കുന്ന ചില കഥകളും പാട്ടുകളുമുണ്ട്. കര്‍ഷകന്റെ ജീവിതത്തേയും തൊഴിലിനേയും പ്രശംസിച്ചുകൊണ്ട് ഏര്‍ എഴുപത്, തിരുക്കൈ വഴക്കം എന്നീ കൃതികളും സരസ്വതീ സ്തുതിയായ സരസ്വതി അന്താദി, നമ്മാഴ്വാരെ ഭക്തിപൂര്‍വം വണങ്ങുന്ന ശടകോപര്‍ അന്താദി എന്നീ കവിതകളും മറ്റു പല പാട്ടുകളും കമ്പര്‍ രചിച്ചു. കമ്പരാമായണത്തില്‍ കമ്പരുടേതല്ലാത്ത ചില കവിതകള്‍ പില്ക്കാലത്ത് ചിലര്‍ കൂട്ടിച്ചേര്‍ത്തതായി കാണുന്നു. 'കവിയില്‍ പെരിയാര്‍ കമ്പര്‍' എന്ന ചൊല്ല് അന്വര്‍ഥമാക്കുന്നതാണ് കമ്പരുടെ കവിത്വസിദ്ധി. കമ്പരുടെ ഏറ്റവും മികച്ച കൃതി കമ്പരാമായണമാണെന്നതില്‍ സംശയമില്ല. ഉത്തമ കവിതയുടെ ലക്ഷണങ്ങളെല്ലാം ഒത്തിണങ്ങുന്നതാണ് പതിനായിരം പാട്ടുകളുള്ള ഈ കാവ്യം.

ഔവ്വയാര്‍

വിദ്യാസമ്പന്നരും അല്ലാത്തവരുമായ എല്ലാ തമിഴ്നാട്ടുകാരും ഒരുപോലെ ആരാധനാപൂര്‍വം സ്മരിക്കുന്ന നാമമാണ് ഔവ്വയാരുടേത്. തമിഴ് കവയിത്രികളില്‍ ചിലര്‍ ഈ പേരില്‍ അറിയപ്പെടുന്നു. മാതാവിനെപ്പോലെ ബഹുമാന്യയായവള്‍ എന്നാണ് ഈ പേരിന്റെ പൊരുള്‍. സംഘകാല കവികളില്‍ മുപ്പത് സ്ത്രീകളുണ്ടായിരുന്നു; അവരിലൊരാളാണ് ഔവ്വയാര്‍. പാരി, അതിയമാന്‍ എന്നീ നാടുവാഴികളോടും ചേര ചോള പാണ്ഡ്യ രാജാക്കന്മാരോടും ഇവര്‍ ഇടപഴകിയിരുന്നു. ഒരിക്കല്‍ അതിയമാനും തൊണ്ടമാനെന്ന രാജാവും തമ്മില്‍ ശത്രുതയുണ്ടായപ്പോള്‍ അവര്‍ക്കിടയില്‍ സന്ധിസംഭാഷണം നടത്തി യുദ്ധം ഒഴിവാക്കാന്‍ ഔവ്വയാര്‍ ശ്രമിച്ചിരുന്നു. അക്കാലത്ത് ഔവ്വയാര്‍ വൃദ്ധയായിക്കഴിഞ്ഞിരുന്നു. ആയുസ്സു വര്‍ധിക്കുവാന്‍ അതിയമാനു ലഭിച്ച നെല്ലിക്ക അദ്ദേഹം ഭക്ഷിക്കാതെ ഔവ്വയാര്‍ക്കു സമ്മാനിച്ചതായി ഒരു കഥയുണ്ട്. അതിയമാന്റെ സ്നേഹപൂര്‍ണമായ ഈ നടപടിയെ ശ്ളാഘിച്ച് ഔവ്വയാര്‍ എഴുതിയ പാട്ട് പ്രശസ്തമാണ്. പുറനാനൂറിലും മറ്റു സമാഹാരങ്ങളിലുമായി ഔവ്വയാര്‍ എഴുതിയ 59 പാട്ടുകളുണ്ട്. അവരുടെ കവിത്വസിദ്ധി മാത്രമല്ല, ലോകവിജ്ഞാനവും വെളിപ്പെടുത്തുന്നവയാണ് ഈ പാട്ടുകള്‍.

കമ്പര്‍, ഒട്ടക്കൂത്തര്‍ മുതലായവരുടെ കാലത്തു ജീവിച്ചിരുന്ന ഔവ്വയാര്‍ തമിഴിന്റെ മുത്തശ്ശിയായി ആരാധിക്കപ്പെടുന്നു. ഇവരാണ് ജനങ്ങള്‍ക്കിടയില്‍ വളരെയധികം പ്രശസ്തി നേടിയിട്ടുള്ള കവയിത്രി. സംഘകാലത്തെ ഔവ്വയാര്‍ ചേലും ബഹുമാനിക്കപ്പെട്ടിരുന്നു. നാടുവാഴികള്‍ക്കിടയിലും ഇവര്‍ക്കു സ്വാധീനമുണ്ടായിരുന്നു. മാത്രമല്ല, അവര്‍ ഊരുകള്‍ തോറും ചുറ്റി സഞ്ചരിച്ച് ഗ്രാമങ്ങളിലെ കര്‍ഷകരുടെ കുടിലുകളില്‍ താമസിക്കുകയും അവര്‍ സ്നേഹപൂര്‍വം നല്കിയ കഞ്ഞിവെള്ളം കുടിച്ച് പാടുകയും ചെയ്തു. പാവങ്ങളുടെ കൂട്ടത്തില്‍ അവരുടെ ആഹാരത്തിന്റെ പങ്കുപറ്റി ജീവിച്ചിരുന്നതുകൊണ്ട് കഞ്ഞിക്കുവേണ്ടി പാടിയവര്‍ എന്ന് ഈ കവയിത്രിക്കു പേരുണ്ടായി. കുഞ്ഞുങ്ങളെയും ഇവര്‍ ഇഷ്ടപ്പെട്ടിരുന്നു. കുട്ടികള്‍ക്കുവേണ്ടി ആത്തിചൂടി, കൊന്റൈ വേന്തന്‍ എന്നീ കൃതികള്‍ രചിച്ചു. ഇവ ഇന്നും കുട്ടികള്‍ രസിച്ചു വായിക്കുന്നു. സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കുവേണ്ടി ഔവ്വയാര്‍ എഴുതിയ പുസ്തകങ്ങളാണ് മുതുരൈ, നല്‍വഴി എന്നിവ. തത്ത്വചിന്തകളും ജീവിതസത്യങ്ങളുമാണ് ഇവയില്‍ പ്രതിപാദിക്കപ്പെടുന്നത്. തത്ത്വചിന്തകള്‍ ലളിതമായി പുനരാഖ്യാനം ചെയ്യുന്നതില്‍ ഔവ്വയാര്‍ക്ക് അനിതരസാധാരണമായ കഴിവുണ്ടായിരുന്നു. 20-ാം ശ.-ത്തിന്റെ ആരംഭത്തില്‍ സുബ്രഹ്മണ്യ ഭാരതി ഔവ്വയാരുടെ ഗ്രന്ഥമായ ആത്തിചൂടിയുടെ പേരില്‍ത്തന്നെ ഒരു ഗ്രന്ഥം രചിച്ചുവെന്നത് ഈ കവയിത്രിയുടെ മഹത്ത്വം വെളിവാക്കുന്ന സംഭവമാണ്.

മാറ്റങ്ങളുടേയും കുഴപ്പങ്ങളുടേയും നാളുകള്‍

ചേക്കിഴാരുടേയും കമ്പരുടേയും കാലം കഴിഞ്ഞപ്പോഴേക്കും തമിഴ്നാട്ടില്‍ ഭരണം ശിഥിലമാകാന്‍ തുടങ്ങി. അങ്ങിങ്ങ് കുഴപ്പങ്ങള്‍ തലനീട്ടി. ചോഴ സാമ്രാജ്യത്തിന്റെ വിസ്തൃതി കുറഞ്ഞുവന്നു. നഷ്ടപ്പെട്ട ശക്തി വീണ്ടെടുക്കാന്‍ പാണ്ഡ്യര്‍ക്കും സാധിച്ചില്ല. ഹൊയ്സലക്കാര്‍ക്ക് തമിഴ്നാട്ടില്‍ സ്വാധീനം വര്‍ധിച്ചുവന്നു. 15-ാം ശ.-ത്തിന്റെ ആദ്യപകുതിയില്‍ ഉത്തരേന്ത്യ ഭരിച്ചിരുന്ന അലാവുദ്ദീന്റെ പടത്തലവന്‍ മാലിക്ഗഫൂര്‍ ദക്ഷിണേന്ത്യയിലെ രാജാക്കന്മാരെ ആക്രമിച്ചു കീഴടക്കി അവിടത്തെ സമാധാനത്തിനു ഭംഗം വരുത്തി. അയാളുടെ സൈന്യം മധുരയിലും പ്രവേശിച്ചു. പാണ്ഡ്യനാട് അന്‍പത് വര്‍ഷക്കാലം മാലിക്ഗഫൂറിന്റേയും അയാളുടെ പിന്‍ഗാമികളുടേയും നിയന്ത്രണത്തിലായിരുന്നു. ആന്ധ്രയില്‍ വിജയനഗര സാമ്രാജ്യം നിലവില്‍ വരുന്നതുവരെ തമിഴ്നാട്ടില്‍ സമാധാനപൂര്‍ണമായൊരു ഭരണം നിലവിലില്ലായിരുന്നു. ദക്ഷിണേന്ത്യ മുഴുവനും വിജയനഗരഭരണത്തിലായി. വിജയനഗര സാമ്രാജ്യം മധുരയില്‍ നായ്ക്കന്മാരുടെ ഭരണം ഏര്‍പ്പെടുത്തി. കലയും സാഹിത്യവും വീണ്ടും തളിര്‍ക്കാന്‍ തുടങ്ങി. തഞ്ചാവൂര്‍ പ്രദേശവും (ചോളനാട്) നായ്ക്കരുടെ ഭരണത്തിന്‍ കീഴിലായിരുന്നു. പിന്നീട് ആ പ്രദേശം മറാത്താരാജാക്കന്മാര്‍ക്ക് അധീനമായി. തമിഴ്നാടിന്റെ ഉത്തര ഭാഗം കര്‍ണാടക നവാബ് സ്വന്തമാക്കി ഭരണം തുടങ്ങി. കലഹങ്ങളും യുദ്ധങ്ങളും പതിവായിത്തീര്‍ന്നു. നാട്ടില്‍ സമാധാനം പരിരക്ഷിക്കാനാരുമുണ്ടായില്ല. നായ്ക്കരാജാക്കന്മാര്‍ മതഗ്രന്ഥങ്ങള്‍ക്കും ക്ഷേത്രകലകള്‍ക്കും പ്രോത്സാഹനം നല്കിയിരുന്നതുകൊണ്ട് കാലാകാലങ്ങളില്‍ മതപണ്ഡിതന്മാര്‍ മികച്ച ഗ്രന്ഥങ്ങളെഴുതി. പഴയ മതഗ്രന്ഥങ്ങള്‍ക്കു വ്യാഖ്യാനങ്ങള്‍ രചിച്ചു. മതങ്ങളുടെ സംരക്ഷണത്തിനുള്ള മഠങ്ങളുണ്ടായി. മഠങ്ങളുമായി ബന്ധപ്പെട്ടിരുന്ന ചില കവികള്‍ മതത്തേയും തമിഴ് ഭാഷയേയും പ്രോത്സാഹിപ്പിച്ചു. കവികള്‍ സ്ഥലപുരാണങ്ങള്‍ പാടി അതതു പ്രദേശങ്ങളിലുള്ളവരെ സന്തോഷിപ്പിച്ചു. മറ്റു ചിലര്‍ നിലവാരം കുറഞ്ഞ ശൃംഗാരച്ചുവയുള്ള പാട്ടുകളെഴുതി അവരെ ആഹ്ളാദിപ്പിച്ചു. തഞ്ചാവൂര്‍ ഭരിച്ചിരുന്ന മറാത്താരാജാക്കന്മാരുടെ പ്രോത്സാഹനത്തിലും അത്തരം ഗ്രന്ഥങ്ങള്‍ രചിക്കപ്പെട്ടു. ഈ സാഹചര്യത്തില്‍, രാജാക്കന്മാരെയോ പ്രഭുക്കന്മാരെയോ മാനിക്കാത്ത സിദ്ധന്മാരെന്നറിയപ്പെട്ട ജ്ഞാനികള്‍ തത്ത്വചിന്തകളെ ലളിതമായി അവതരിപ്പിക്കുന്ന ഗാനങ്ങളെഴുതി. തത്ത്വരായരെപ്പോലുള്ള ജ്ഞാനികളായ കവികള്‍ ഇക്കാലത്താണുണ്ടായത്.

ശാന്തിയും സമാധാനവും നഷ്ടപ്പെട്ട ഈ നൂറ്റാണ്ടുകളിലും കവിത പാടേ നശിച്ചുപോയില്ല. ഇടയ്ക്കിടയ്ക്ക് കവികള്‍ പ്രത്യക്ഷപ്പെട്ടു. കുറഞ്ഞ തോതിലെങ്കിലും പുതിയ സാഹിത്യ കൃതികളുണ്ടായി. അരുണ ഗിരിനാഥരും വില്ലിപുത്തൂരാരും ആയിരക്കണക്കിനു പാട്ടുകള്‍ രചിച്ചു. കാളമേഘം പോലുള്ള കവികളും രസകരമായ ഗാനങ്ങള്‍കൊണ്ട് തമിഴ്മൊഴിയെ സമ്പന്നമാക്കി. കുമരഗുരുപരനും ശിവപ്രകാശരും അക്കാലത്തെ മികച്ച കവികളായിരുന്നു. മതസിദ്ധാന്തങ്ങളുടെ പ്രചാരണമായിരുന്നു അവരുടെ ലക്ഷ്യമെങ്കിലും അവരുടെ കൃതികള്‍ക്ക് സാഹിത്യമൂല്യം കുറവല്ലായിരുന്നു. ഭരണരംഗത്ത് അസ്ഥിരതയുണ്ടായിരുന്നെങ്കിലും സാഹിത്യസൃഷ്ടി മുറയ്ക്കു നടന്നിരുന്നു. അതിനുമുമ്പ് തമിഴ്സാഹിത്യം പല നൂറ്റാണ്ടുകളിലായി തഴച്ചുവളര്‍ന്നിരുന്നതുകൊണ്ട് ഇടയ്ക്ക് ഒന്നുരണ്ടു നൂറ്റാണ്ടുകളിലുണ്ടായ ഭരണപരമായ കുഴപ്പങ്ങള്‍ അതിനെ ആഴത്തില്‍ ബാധിച്ചില്ല. പതിവുപോലെ സാഹിത്യരചന നിര്‍ബാധം തുടര്‍ന്നു. പല പുതിയ പ്രവണതകള്‍ക്ക് തുടക്കം കുറിക്കപ്പെട്ടു. ചെറുകൃതികള്‍കൊണ്ട് സാഹിത്യരംഗം സജീവമായി നിലനില്‍ക്കുകയും ചെയ്തു.

ഇക്കാലത്ത് പൊയ്യാമൊഴിയാര്‍ എന്ന കവി തഞ്ചൈവാണന്‍ കോവൈ എഴുതി. സങ്കല്പസൃഷ്ടികളായ കാമുകീകാമുകന്മാരുടെ പ്രണയത്തിന്റെ ഏറ്റക്കുറച്ചില്‍ ഒരു കഥ പോലെ നാനൂറ് പദ്യങ്ങളിലായി അതില്‍ വിവരിക്കുന്നു. നാനൂറ് പദ്യങ്ങളിലും തഞ്ചാവൂരിലെ നാടുവാഴിയെ സ്തുതിക്കുന്നുമുണ്ട്.

വ്യാഖ്യാനങ്ങളും ടിപ്പണികളും

തമിഴ്നാട്ടില്‍ മുമ്പുണ്ടായിരുന്ന ക്ഷേത്രങ്ങളും മാളികകളും ഇക്കാലത്ത് ശില്പങ്ങളും മണ്ഡപങ്ങളും കൊണ്ട് അലങ്കൃതമായി. മുമ്പുണ്ടായിരുന്ന മതഗ്രന്ഥങ്ങള്‍ക്ക് വ്യാഖ്യാനങ്ങളും വിശദീകരണങ്ങളും രചിക്കപ്പെട്ടു. അതുപോലെ പഴയ സാഹിത്യ കൃതികളില്‍ പലതും വ്യാഖ്യാനങ്ങളിലൂടെ ജനപ്രീതിനേടി. 8-ാം ശ.-ത്തില്‍ കളവിയല്‍ എന്ന ഗ്രന്ഥത്തിന് നക്കീരര്‍ എഴുതിയതാണ് ഏറ്റവും പഴക്കം ചെന്ന വ്യാഖ്യാനം. വ്യാഖ്യാനമെന്നു തോന്നാത്ത മട്ടില്‍ ഒരു കവിതപോലെ അതു വായിച്ചുപോകാം. തൊല്കാപ്പിയത്തിന് ഇളംപൂരണനാര്‍ പൂര്‍ണരൂപത്തിലുള്ള ഒരു വ്യാഖ്യാനമെഴുതി. നക്കീരന്റെ വ്യാഖ്യാനത്തിലെ ആലങ്കാരിക ഭാഷയേക്കാള്‍ കൂടുതല്‍ ലളിതമായിരുന്നു അത്. 12-ാം ശ.-ത്തിനു മുമ്പാണ് ഇദ്ദേഹം ജീവിച്ചിരുന്നതെന്ന് കരുതാം. അടുത്ത നൂറ്റാണ്ടില്‍ തൊല്കാപ്പിയത്തിന്റെ ഒരു ഭാഗത്തിനും തിരുക്കോവൈയാര്‍ക്കും വ്യാഖ്യാനം രചിച്ചത് പേരാശിരിയര്‍ എന്നു വിളിക്കപ്പെട്ടിരുന്ന ഒരാളായിരുന്നു. ഒഴുക്കും ഭംഗിയുമുള്ളതാണ് അദ്ദേഹത്തിന്റെ ശൈലി. സേനാവരൈയര്‍ തൊല്കാപ്പിയം ഉത്തരാര്‍ധത്തിനു വ്യാഖ്യാനമെഴുതി. ലാളിത്യവും ഗഹനതയും ഇടകലര്‍ന്ന രീതിയാണദ്ദേഹത്തിനുണ്ടായിരുന്നത്. സംസ്കൃതത്തിലും അദ്ദേഹത്തിനു പാണ്ഡിത്യമുണ്ടായിരുന്നു. സംസ്കൃതം പഠിച്ച മറ്റൊരു വ്യാഖ്യാതാവാണ് നച്ചിനാര്‍ക്കിനിയര്‍. അദ്ദേഹം തമിഴ്സാഹിത്യത്തിനു വിലപ്പെട്ട സംഭാവന നല്കി. തമിഴിലെ പല ഗ്രന്ഥങ്ങള്‍ക്കും അദ്ദേഹം വ്യാഖ്യാനങ്ങളെഴുതിയിട്ടുണ്ട്.

സംസ്കൃത പുരാണങ്ങള്‍

സംസ്കൃത പുരാണങ്ങള്‍ തമിഴിലെഴുതാനുള്ള ശ്രമം ഇക്കാലത്ത് ആരംഭിച്ചു. അവയില്‍ ഏറ്റവും വലുത് പതിനായിരത്തിലധികം പദ്യങ്ങളുള്ള സ്കന്ദപുരാണമായിരുന്നു. സംസ്കൃതത്തിലെ ശിവശങ്കര സംഹിതയെ ഉപജീവിച്ച് എഴുതപ്പെട്ടതാണിത്. മുരുകന്റെ ജനനം, വളര്‍ച്ച, തിരുവിളയാടല്‍, ശൂരപത്മാസുരനുമായുള്ള പോര്, ദെയ് വാനയെ (ദേവയാനി) വിവാഹം ചെയ്തത്, വള്ളിയുടെ പ്രേമം മുതലായവയെക്കുറിച്ച് വിശദമായി ഈ പുരാണത്തില്‍ വര്‍ണിക്കുന്നു. കച്ചിയപ്പശിവാചിരിയാര്‍ എന്നു പേരുള്ള അതിന്റെ കര്‍ത്താവ് പഴയ തമിഴ് സാഹിത്യ പാരമ്പര്യത്തെയാണു മുറുകെപിടിച്ചത്. പ്രതിപാദ്യം കാവ്യാത്മകമായതുകൊണ്ട് മറ്റു പുരാണങ്ങളെ അപേക്ഷിച്ച് മികച്ചതാണു സ്കന്ദപുരാണം.

പാണ്ഡ്യരാജ കുടുംബാംഗമായ അതിവീരരാമ പാണ്ഡ്യര്‍ കൂര്‍മപുരാണവും ലിംഗപുരാണവും, കച്ചിയപ്പ മുനിവര്‍ വിനായക പുരാണവും, വീരകവിരായര്‍ ഹരിശ്ചന്ദ്ര പുരാണവും തമിഴില്‍ എഴുതി. ആര്‍ജവമുള്ളതാണ് വീരകവിരായരുടെ രചനാശൈലി. വായനക്കാരനെ അത് ഹഠാദാകര്‍ഷിക്കും. വടമലയപ്പര്‍ മത്സ്യപുരാണം തര്‍ജുമ ചെയ്തു.

മണ്ഡല പുരുഷന്‍ എന്ന ജൈനന്‍ സംസ്കൃതത്തിലെ ജൈനപുരാണമായ ആദിപുരാണം തമിഴിലാക്കി ശ്രീപുരാണമെന്നു പേരിട്ടു. മണിപ്രവാള ശൈലിയിലാണ് അതിന്റെ രചന. കയചിന്താമണി എന്ന ജൈനമതഗ്രന്ഥവും മണിപ്രവാളത്തില്‍ എഴുതപ്പെട്ടതാണ്. വാമനമുനിവര്‍ രചിച്ചതാണ് മേരു മന്ത്രപുരാണം. അറനെറിസാരം എന്ന നീതിശാസ്ത്ര ഗ്രന്ഥം രചിച്ചത് ജൈനനായ മുന്റുറൈയരയനാര്‍ ആണ്.

15-ാം ശ.-ത്തില്‍ ഉമാപതിശിവം എന്ന കവി കോവില്‍ പുരാണം എന്ന പേരില്‍ ഒരു സ്ഥലപുരാണം എഴുതി. അതിനെത്തുടര്‍ന്ന് പല സ്ഥലപുരാണങ്ങളും രചിക്കപ്പെട്ടു. അവയില്‍ പേരുകേട്ടവയാണ് മധുരയിലെ ശിവപെരുമാളുടെ അറുപത്തിനാലു തിരുവിളയാടലുകള്‍ വര്‍ണിക്കുന്ന പുരാണങ്ങള്‍. വേമ്പത്തൂരാന്‍, പെരുമ്പറ്റ പുലിയൂര്‍ നമ്പി, പരംജ്യോതി എന്നീ കവികളും തിരുവിളയാടല്‍ പുരാണങ്ങളെഴുതിയിട്ടുണ്ട്. വ്യാപകമായ പ്രശംസ നേടിയത് പരംജ്യോതിയുടെ തിരുവിളയാടലാണ്. ചൊവ്വൈച്ചൂടുവാര്‍ എന്ന കവി സംസ്കൃതത്തിലെ ഭാഗവതത്തെ അവലംബമാക്കി കാളിദാസന്റെ രഘുവംശത്തെ 2480 പദ്യങ്ങളില്‍ മൊഴിമാറ്റം നടത്തി.

സംസ്കൃത കൃതികളുടെ അനുവാദവും ആശയാനുവാദവും

വില്ലിപുത്തൂരാന്‍ ഭാരതകഥ നാലായിരത്തി മൂന്നൂറ് വിരുത്തങ്ങളില്‍ തമിഴില്‍ എഴുതി. സാഹിത്യചരിത്രത്തില്‍ അതിനു മുഖ്യമായൊരു സ്ഥാനമുണ്ട്. അതിലെ കവിതകള്‍ മികച്ചവയാണ്. യുദ്ധം വര്‍ണിക്കുമ്പോള്‍ പദപ്രയോഗം ചടുലമാകുന്നു. കഥാ സന്ദര്‍ഭത്തിനു യോജിച്ച രചനാരീതിയാണ് കവി സ്വീകരിച്ചിട്ടുള്ളത്. പ്രധാന സംഭവങ്ങളൊന്നും വിട്ടുകളയാതെയും എന്നാല്‍ സംക്ഷിപ്ത രൂപത്തിലും കഥ പറയാന്‍ അദ്ദേഹം ശ്രദ്ധിക്കുന്നു. കവിതകളില്‍ തമിഴിനോടൊപ്പം സംസ്കൃത പദങ്ങളും അദ്ദേഹം പ്രയോഗിക്കുന്നുണ്ട്.

വില്ലിപുത്തൂരാനെപ്പോലെ തമിഴ് പദ്യത്തില്‍ പരിമിതമായി സംസ്കൃതപദങ്ങളുപയോഗിച്ചിരുന്ന മറ്റൊരു കവിയാണ് അരുണ ഗിരിനാഥര്‍. മനോഹരമായ ഗാനങ്ങളാണ് അദ്ദേഹം രചിച്ചിട്ടുള്ളത്. അരുണഗിരിനാഥരുടെ മൂവായിരം പാട്ടുകള്‍ തിരുപ്പുകഴ് എന്ന പേരില്‍ സമാഹരിച്ചിട്ടുണ്ട്. എല്ലാം മുരുകനെ സ്തുതിക്കുന്ന ഭക്തിഗീതങ്ങളാണ്. താളലയങ്ങളോടെ പാടാന്‍ കഴിയുന്ന ഇത്തരം പാട്ടുകള്‍ വേറെയില്ലെന്നാണ് സംഗീതജ്ഞന്മാരുടെ അഭിപ്രായം. ഇന്നും തമിഴ് സംഗീതക്കച്ചേരികളില്‍ തിരുപ്പുകഴ് പാടാറുണ്ട്. തേവാര കാലത്തിനു ശേഷം നമുക്കു ലഭിച്ച ഏറ്റവും നല്ല ഗാനങ്ങള്‍ തിരുപ്പുകഴിലേതാണ്. ഭൂരിഭാഗം പാട്ടുകളുടേയും ആദ്യഭാഗത്ത് ഗണികകളുടെ വേഷവിധാനങ്ങളോടുള്ള പുച്ഛവും രണ്ടാം ഭാഗത്ത് മുരുകന്റെ തിരുവിളയാടലുമായി ബന്ധപ്പെട്ട പുരാണ കഥകളുമാണ് പ്രതിപാദ്യവിഷയമായിട്ടുള്ളത്. ഈ കവിയുടെ തന്നെ സ്കന്ദര്‍ അനുഭൂതി, സ്കന്ദര്‍ അലങ്കാരം എന്നിവ ഭക്തികാവ്യങ്ങളാണ്. കന്തരന്താദി, മൂവേല്‍ വിരുത്തം, മയില്‍ വിരുത്തം, തിരുവകുപ്പ് എന്നിവയാണ് അദ്ദേഹത്തിന്റെ മറ്റു കൃതികള്‍.

സംസ്കൃതത്തിലെ മഹാഭാരതത്തിലുള്ള നളനെന്ന രാജാവിന്റെ കഥ പുകഴേന്തി (16-ാം ശ.-ത്തില്‍) വെണ്‍പാവൃത്തത്തില്‍ മനോഹരമായൊരു കാവ്യമാക്കി. ഒട്ടക്കൂത്തന്റെ കാലത്താണ് ഇദ്ദേഹം ജീവിച്ചിരുന്നതെന്നും ചോഴരാജാവ് പാണ്ഡ്യരാജകുമാരിയെ വിവാഹം ചെയ്തുകൊണ്ടു പോയപ്പോള്‍ സ്ത്രീധനത്തിന്റെ ഭാഗമായി ചോഴനാട്ടിലെത്തിയെന്നും ഒട്ടക്കൂത്തന്‍ അദ്ദേഹത്തെ ദ്രോഹിച്ചെന്നും ജയിലിലായ പുകഴേന്തി കൂടെയുണ്ടായിരുന്ന തടവുപുള്ളികളെ തമിഴ് പഠിപ്പിച്ചെന്നും അവരില്‍ ചിലര്‍ കവികളായെന്നും ഈ കവികളുടെ പ്രാഗല്ഭ്യം കണ്ടറിഞ്ഞ് സത്യം മനസ്സിലാക്കിയ രാജാവ് പുകഴേന്തിയെ മോചിപ്പിച്ചെന്നും കഥകളില്‍പ്പറയുന്നു.

പാണ്ഡ്യ പാരമ്പര്യത്തില്‍പ്പെട്ട അതിവീരരാമ പാണ്ഡ്യന്‍ തെങ്കാശി കേന്ദ്രമാക്കിയുള്ള ചില പ്രദേശങ്ങളുടെ ഭരണാധികാരിയായിരുന്നു. കവി കൂടിയായിരുന്ന അദ്ദേഹത്തിന്റെ ഭരണത്തെക്കുറിച്ച് ആര്‍ക്കും അറിഞ്ഞുകൂടെങ്കിലും അദ്ദേഹം രചിച്ച ഗ്രന്ഥങ്ങള്‍ ഇന്നും നിലനില്ക്കുന്നു. 2525 പദ്യങ്ങളില്‍ രചിച്ച കാശികാണ്ഡം കാശിയുടെ മഹത്ത്വം വര്‍ണിക്കുന്നു. മഹാഭാരതത്തിലെ നളന്റെ കഥ പറയുന്ന നൈഷധം ഇദ്ദേഹം നല്ലൊരു തമിഴ് കാവ്യമാക്കിയിട്ടുണ്ട്.

ആശു കവികള്‍. തോന്നുമ്പോഴൊക്കെ കവിതയെഴുതാന്‍ കഴിവുള്ളവരെ നിമിഷകവികള്‍ (ആശുകവികള്‍) എന്നു പറ യുന്നു. തമിഴ് സാഹിത്യത്തില്‍ നിമിഷകവിതകള്‍ ധാരാളമെഴുതി പേരെടുത്തയാളാണ് കാളമേഘപ്പുലവര്‍. ഇദ്ദേഹം 15-ാം ശ.-ത്തില്‍ ജീവിച്ചിരുന്നു. അവിചാരിതമായി പെരുമഴ ചൊരിയുന്ന കാളമേഘ ത്തെപ്പോലെ നാട്ടിലെ പല സുപ്രധാന സംഭവങ്ങളെക്കുറിച്ചും അനേകം നിമിഷകവിതകള്‍ രചിച്ചുപാടിയതുകൊണ്ടാണ് കാള മേഘം എന്ന പേരുണ്ടായത്. കവിയുടെ ശരിയായ പേര് കാലക്ര മേണ വിസ്മൃതമായി. കാളമേഘത്തിന്റെ മിക്ക കവിതകളും ശ്രോതാക്കള്‍ക്കു പെട്ടെന്നു മനസ്സിലാകുന്നവയും ആശയഗാംഭീര്യമുള്ളവയുമാണ്. നിഗൂഢാര്‍ഥമുള്ള ചില കവിതകളുമുണ്ട്. കവികളെ മാനിക്കാത്ത ധിക്കാരികളുടെ അഹംഭാവത്തെ പുച്ഛിക്കുന്ന കവിതകളും ഇദ്ദേഹം രചിച്ചിട്ടുണ്ട്.

പരമ്പരാഗതശൈലിയിലുള്ള കവിതകളും കാളമേഘം എഴുതി. അവയില്‍ തിരുവാനൈക്കാവുലാ, ചിത്തിരമടല്‍ എന്നിവ ഏറെ പ്രശസ്തമാണ്. ജനങ്ങളാല്‍ ചുറ്റപ്പെട്ട് ഘോഷയാത്രയായി വരുന്ന നേതാവിനെ വര്‍ണിക്കുന്ന കൃതിയാണ് ആദ്യത്തേത്. വഞ്ചിതരായ കാമുകരുടെ ദുഃഖം ചിത്തിരമടലില്‍ വര്‍ണിക്കുന്നു. ഈ കൃതികളേക്കാള്‍, കാളമേഘത്തിന്റെ ഒറ്റപ്പെട്ട കവിതകളാണ് ആസ്വാദകരെ കൂടുതല്‍ ആകര്‍ഷിച്ചിട്ടുള്ളതെന്നു പറയാം.

രണ്ട് കവികള്‍ തങ്ങളുടെ ശാരീരികവൈകല്യങ്ങള്‍ കാരണം ഒന്നായി ജീവിച്ച് കവിതാരചനയിലേര്‍പ്പെട്ട അദ്ഭുതകരമായ ചരിത്രവും തമിഴ് സാഹിത്യത്തിലുണ്ട്. അടുത്ത ബന്ധുക്കളായ രണ്ടു പേരില്‍ ഒരാള്‍ അന്ധനും അപരന്‍ മുടന്തനുമായിരുന്നു. അന്ധന്‍ മുടന്തനെ ചുമന്നുകൊണ്ടു നടന്നു. മുടന്തന്‍ വഴി കാണിച്ചു. അങ്ങനെ പരസ്പരം സഹായിച്ചു ജീവിക്കുന്നവരില്‍ ഒരാള്‍ ഇളം സൂര്യനെന്നും മറ്റെയാള്‍ മുതു സൂര്യനെന്നും അറിയപ്പെട്ടു. രണ്ടു പേരെയും ചേര്‍ത്ത് ഇരട്ടകളെന്നും വിളിച്ചിരുന്നു. ജന്മനായുള്ള അംഗവൈകല്യം മറന്ന് അവര്‍ കവിതകളെഴുതി. ഒരു പദ്യത്തിന്റെ ആദ്യത്തെ രണ്ടുവരി ഒരാള്‍ എഴുതുമ്പോള്‍ രണ്ടാമന്‍ അടുത്ത രണ്ടുവരി എഴുതി പൂര്‍ത്തിയാക്കുകയായിരുന്നു പതിവ്. പാണ്ഡിത്യത്തെ മാനിക്കാത്ത പണക്കാരെ പുച്ഛിക്കുന്നതും സല്‍സ്വഭാവികളായ ധനികരെ പ്രശംസിക്കുന്നതുമായ ഇവരുടെ കവിതകള്‍ക്ക് അര്‍ഥഭംഗിയും ശബ്ദഗാംഭീര്യവുമുണ്ട്. ഹാസ്യരസപ്രധാനമായ പാട്ടുകളും ഇവര്‍ എഴുതിയിട്ടുണ്ട്.

കവി വീരരാഘവ മുതലിയാര്‍ ജന്മനാ അന്ധനായിരുന്നു. കവി താവാസനയുണ്ടായിരുന്ന അദ്ദേഹം സംഗീതവും അഭ്യസിച്ചിരുന്നു. അദ്ദേഹം രചിച്ച പാട്ടുകള്‍ അര്‍ഥപൂര്‍ണവും ശ്രവണമധുരവുമാണ്. ശ്രീലങ്കയില്‍ചെന്ന് അവിടത്തെ രാജാവായിരുന്ന പരരാജശിങ്കനെ തന്റെ പാട്ടുകള്‍ കൊണ്ടു സന്തോഷിപ്പിച്ച് സമ്മാനം നേടാനും അദ്ദേഹത്തിനു കഴിഞ്ഞു.

മഠത്തില്‍ വളര്‍ന്ന സാഹിത്യം. ശൈവമതസംരക്ഷണാര്‍ഥം സ്ഥാപിക്കപ്പെട്ട ശൈവമഠങ്ങള്‍ മതത്തിന്റെ വളര്‍ച്ചയെ സഹായിച്ചതോടൊപ്പം തമിഴ് സാഹിത്യത്തിന്റെ വളര്‍ച്ചയ്ക്കും പ്രോത്സാഹനമേകി. പഴയ ഗ്രന്ഥങ്ങള്‍ സംരക്ഷിക്കാനും പുതിയ കൃതികള്‍ രചിക്കാനും ഈ മഠങ്ങള്‍ സഹായം നല്കിയിട്ടുണ്ട്. ചില മഠാധിപതികള്‍ പണ്ഡിതന്മാരും സാഹിത്യ ഗവേഷണ തത്പരരുമായിരുന്നതുകൊണ്ട് പേരെടുത്ത പല കവികളും മഠങ്ങളില്‍ത്തന്നെ താമസിച്ച് കവിതാരചന നടത്തി. മഠാധിപതികളും ചില താത്ത്വിക ഗ്രന്ഥങ്ങള്‍ രചിച്ചു. 14-ാം ശ.-ത്തില്‍ സ്ഥാപിക്കപ്പെട്ട തിരുവാവാടു തുറൈ മഠത്തിലും ധര്‍മപുരമഠത്തിലും വസിച്ചിരുന്ന കവികള്‍ സാഹിത്യമൂല്യമുള്ള ചില കൃതികള്‍ എഴുതുകയും പഴയ ഗ്രന്ഥ ങ്ങള്‍ക്കു വ്യാഖ്യാനങ്ങള്‍ രചിക്കുകയും ചെയ്തു. വീരശൈവ സമുദായക്കാരുടെ വകയായ തിരുവണ്ണാമല മഠവും തുറൈമംഗലമഠവും തമിഴ്സാഹിത്യത്തിന്റെ വളര്‍ച്ചയെ സാരമായി സഹായിച്ചിട്ടുണ്ട്.

ധര്‍മപുരമഠവുമായി ബന്ധപ്പെട്ട കവികളില്‍ പ്രശസ്തന്‍ 17-ാം ശ.-ത്തില്‍ ജീവിച്ചിരുന്ന കുമാരഗുരുപരര്‍ ആകുന്നു. നന്നേ ചെറുപ്പത്തില്‍ തന്നെ ഇദ്ദേഹം സന്ന്യാസിയും കവിയുമായി. മധുര ഭരിച്ചിരുന്ന തിരുമലനായ്ക്കന്റെ അപേക്ഷപ്രകാരം മധുര മീനാക്ഷിയുടെ അപദാനങ്ങളെക്കുറിച്ച് 'പിള്ളൈത്തമിഴ്' പാടി. മീനാക്ഷിയമ്മൈ പിള്ളൈത്തമിഴ് എന്ന പേരിലുള്ള പ്രസ്തുത കൃതിക്ക് പിള്ളൈത്തമിഴ് എന്ന കവിതാവിഭാഗത്തില്‍ മുഖ്യസ്ഥാനമുണ്ട്. ഭക്തിയുടേയും സാഹിത്യത്തിന്റേയും സംഗീതത്തിന്റേയും സമ്മിളിത രൂപമാണ് ഈ പാട്ടുകള്‍. മധുരാപുരിയെ വര്‍ണിക്കുന്ന ഒരു കലമ്പകവും തിരുവാരൂരിനെപ്പറ്റിയുള്ള നാന്മണിമാലൈ എന്ന ഗ്രന്ഥവും ചിദംബരത്തെപ്പറ്റി മുമ്മണിക്കോവൈ, ചെയ്യുള്‍കോവൈ, ശിവകാമിയമ്മൈ ഇരട്ടൈ മണിക്കോവൈ എന്നീ കൃതികളും രചിച്ചു. ധര്‍മപുരത്തിലെ സ്വന്തം ഗുരുവിനെ സ്മരിച്ചുകൊണ്ട് പണ്ടാരമുമ്മണിക്കോവൈ എഴുതി. ഉത്തരേന്ത്യയില്‍ ചെന്നു താമസിച്ച് തമിഴ് കൃതികള്‍ പാടിയ ഒരേയൊരു തമിഴ് കവിയാണിദ്ദേഹം. കാശിയില്‍ ഇദ്ദേഹം സ്ഥാപിച്ച മഠം ഇപ്പോഴുമുണ്ട്. ഡല്‍ഹി ഭരിച്ചിരുന്ന സുല്‍ത്താനെ നേരില്‍ കണ്ട് സഹായം തേടാനും ശ്രമിച്ചു. അതിനുവേണ്ടി ഹിന്ദുസ്ഥാനി ഭാഷ പഠിക്കാന്‍ സരസ്വതീ കടാക്ഷം തേടി സകലകലാവല്ലിമാല എന്ന കാവ്യം രചിച്ചു. ഉത്തരേന്ത്യയില്‍ താമസിച്ചിരുന്നപ്പോള്‍ കമ്പരാമായണം വ്യാഖ്യാനിച്ച് ഹിന്ദുസ്ഥാനിയില്‍ പ്രസംഗിക്കുകയും പുരാണ കൃതികളെ ആധാരമാക്കി പ്രഭാഷണങ്ങള്‍ നടത്തുകയും ചെയ്തിരുന്നു. കാശിയെ വര്‍ണിച്ചുകൊണ്ടുള്ള കലമ്പകവും എഴുതി.

തിരുവാവാടുതുറൈ മഠത്തിലെ ഈശാനദേശികര്‍ എന്ന സ്വാമി നാഥദേശികര്‍ ഇലക്കണക്കൊത്ത് എന്ന ഗ്രന്ഥവും കലമ്പകം വിഭാഗത്തില്‍പ്പെടുന്ന ചില കൃതികളും രചിച്ചു. അദ്ദേഹത്തിന്റെ ശിഷ്യന്‍ ശങ്കരനമശ്ശിവായര്‍ നന്നൂലിനു വ്യാഖ്യാനമെഴുതി. മഠവുമായി ബന്ധമുണ്ടായിരുന്ന ശിവജ്ഞാനമുനിവര്‍ എന്ന മഹാകവി അതിന് ഒരു ടിപ്പണിയും തയ്യാറാക്കി. സംസ്കൃതത്തിലും തമിഴിലും പണ്ഡിതനായിരുന്ന അദ്ദേഹം തൊല്കാപ്പിയത്തിലെ ആദ്യത്തെ സൂത്രത്തെ ആസ്പദമാക്കി ഒരു ഗവേഷണഗ്രന്ഥവും രചിച്ചു. അദ്ദേഹത്തിന്റെ കാഞ്ചിപുരാണം തമിഴിലെ സ്ഥലപുരാണങ്ങളില്‍ വച്ച് ഏറ്റവും മികച്ചതാണ്. തിരുക്കുറളിലെ വരികള്‍ ഉള്‍പ്പെടുത്തി വെണ്‍പാമട്ടില്‍ അദ്ദേഹം രചിച്ച സാരോപദേശകൃതിയാണ് സോമേശ്വര മുതുമൊഴിവെണ്‍പാ. തിരുക്കുറളിലെ ഉപദേശങ്ങള്‍ക്കു യോജിച്ച കഥകളും ചരിത്രസംഭവങ്ങളും അതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ശൈവസിദ്ധാന്തത്തിന്റെ അടിസ്ഥാന ഗ്രന്ഥമായ ശിവജ്ഞാനബോധത്തിന് മഹാഭാഷ്യം എന്ന വ്യാഖ്യാനവും ഒരു ലഘുവിവരണവും മറ്റു ചില മതഗ്രന്ഥങ്ങള്‍ക്ക് വിശദീകരണങ്ങളും അദ്ദേഹത്തിനുണ്ടായിരുന്ന പാണ്ഡിത്യത്തിന് ഉദാഹരണങ്ങളാണ്.

പുതിയ വീരശൈവ കഥകള്‍. 18-ാം ശ.-ത്തില്‍ മദ്രാസിനടുത്തുള്ള തിരുപ്പോരൂര്‍ എന്ന സ്ഥലത്ത് ഒരു മഠം സ്ഥാപിച്ച കവിയാണ് ശാന്തിലിംഗ സ്വാമികള്‍. വീരശൈവമതവിശ്വാസിയായ ഒരു സന്ന്യാസിയായിരുന്നു ഇദ്ദേഹം. വൈരാഗ്യശതകം, വൈരാഗ്യ ദീപം, അവിരോധ ഉന്തിയാര്‍, കൊലൈ മറുത്തല്‍, നെഞ്ചുവിടു ദൂത് മുതലായവ ഇദ്ദേഹത്തിന്റെ കൃതികളാണ്. ശാന്തിലിംഗത്തിന്റെ പിന്‍ഗാമിയായ ചിദംബരസ്വാമികള്‍ രചിച്ച കീര്‍ത്തനങ്ങളാണ് തിരുപ്പോരൂര്‍ സന്നിധി എന്ന സമാഹാരത്തിലുള്ളത്. മധുര മീനാക്ഷിയെക്കുറിച്ചുള്ള ഒരു നീണ്ട കവിതയും നെഞ്ചുവിടുദൂത് എന്ന ഗ്രന്ഥവും മറ്റു ചില പാട്ടുകളും തിരുപ്പോരൂരിലെ മുരുകനെപ്പറ്റിയുള്ള പിള്ളൈത്തമിഴ്, താരാട്ട്, തിരുപ്പണിയെഴുച്ചി കിളിപ്പാട്ട്, കുയില്‍ പാട്ട്, ദൂത് എന്നിവയും ഇദ്ദേഹം രചിച്ചു.

കവിതകളായും നാടന്‍ പാട്ടുകളുടെ രൂപത്തിലും തത്ത്വചിന്താ പരമായ കൃതികള്‍ രചിച്ച കവിയാണ് തത്തുവരായര്‍. ഇത്രയധികം ശീലുകളില്‍ പാട്ടുകളെഴുതിയ മറ്റൊരു കവിയില്ല. ഉലാ, ദൂത്, കലമ്പകം, അന്താദി, ഭരണി മുതലായ പല കാവ്യരൂപങ്ങളിലും ഇദ്ദേഹത്തിന്റെ കൃതികള്‍ കാണുന്നുണ്ട് അഞ്ചവതൈ പരണിയും മോഹവതൈ പരണിയും ഇദ്ദേഹത്തിന്റെ മികച്ച രചനകളാണ്. ഇവയില്‍ രാജാക്കന്മാര്‍ തമ്മിലുള്ള യുദ്ധമില്ല; മറിച്ച്, ജ്ഞാനികള്‍ തമ്മിലുള്ള പാണ്ഡിത്യപോരാട്ടമാണുള്ളത്. ചില പാട്ടുകള്‍ തിരുവാചകത്തെ അനുകരിച്ചുള്ളവയാണ്. ഭക്തിയേക്കാള്‍ അദ്വൈത സിദ്ധാന്തത്തിനു മുന്‍തൂക്കം നല്കിയതുകൊണ്ട് തിരുവാചകത്തെപ്പോലെ ഇതിനു പ്രചാരം സിദ്ധിച്ചില്ല.

310 പദ്യഭാഗങ്ങളില്‍ അദ്വൈതസിദ്ധാന്തത്തെ സുവ്യക്തമായി പ്രതിപാദിക്കുന്ന ഒരു കൃതിയാണ് കൈവല്യ നവനീതം. തത്ത്വ ചിന്തയെ എത്ര സരളവും സരസവുമായി വിശദീകരിക്കാന്‍ കഴിയുമെന്നതിന് ഉദാഹരണമാണ് താണ്ഡവരായസ്വാമികള്‍ എന്ന സന്ന്യാസി രചിച്ച ഈ ഗ്രന്ഥം. ലളിതമായ ശൈലിയിലും പാടി രസിക്കാവുന്ന രീതിയിലുമാണ് ഇത് വിരചിച്ചിരിക്കുന്നത്.

തമിഴിലും സംസ്കൃതത്തിലും ഒരുപോലെ പാണ്ഡിത്യം നേടിയ വ്യക്തിയായിരുന്നു തായുമാനര്‍ (1705-42). അക്കാലത്ത് തിരുച്ചിറപ്പള്ളി ഭരിച്ചിരുന്ന വിജയകങ്ക ചൊക്കനാഥരുടെ മന്ത്രിയായിരുന്നു ഇദ്ദേഹം. ഐഹിക സുഖങ്ങളില്‍ വിരക്തനായി, സ്ഥാനമൊഴിഞ്ഞ്, കവിതകളെഴുതിയും തപസ്സനുഷ്ഠിച്ചും കാലം കഴിച്ചു. ശൈവമതത്തേയും അദ്വൈതസിദ്ധാന്തത്തേയും പൊരുത്തപ്പെടുത്തിക്കൊണ്ടുള്ള പാട്ടുകളാണ് ഇദ്ദേഹം എഴുതിയത്. ഉപനിഷത്തുകളുടേയും മറ്റു സൈദ്ധാന്തിക ഗ്രന്ഥങ്ങളുടേയും സാരാംശം സ്പഷ്ടമായി പാട്ടുകളില്‍ ആവിഷ്കരിക്കാന്‍ ഇദ്ദേഹത്തിനു സാധിച്ചു. ഭക്തിപരമായ കവിതകളും ഇദ്ദേഹം രചിച്ചിട്ടുണ്ട്.

ആധുനിക സാഹിത്യം

19-ാം ശ.-ത്തിന്റെ ഉത്തരാര്‍ധത്തിലും 20-ാം ശ.-ത്തിന്റെ പൂര്‍വാര്‍ധത്തിലും ഭാരതീയ ഭാഷകളിലാകമാനം പാശ്ചാത്യസാഹിത്യം സ്വാധീനം ചെലുത്തി. ഇംഗ്ളീഷ് വിദ്യാഭ്യാസവും വിദേശമിഷനറിമാരുമാണ് ഇതിനു കളമൊരുക്കിയത്. ആ കാലഘട്ടത്തില്‍ പാശ്ചാത്യസമീപനങ്ങളും മാതൃകകളും മാത്രമല്ല അവയുടെ പരിണാമഗതി തന്നെ മിക്ക ഭാരതീയ ഭാഷകളിലേക്കും സാഹിത്യത്തിലേക്കും കടന്നുവരുകയുണ്ടായി. റൊമാന്റിസിസം, റിയലിസം തുടങ്ങിയ പ്രസ്ഥാനങ്ങളെ ഭാരതീയ ഭാഷകള്‍ സ്വീകരിച്ചു. സാഹിത്യം അന്തര്‍ദേശീയമായിക്കൊണ്ടിരിക്കുന്ന കാലമായിരുന്നു അത്. ആധുനിക പാശ്ചാത്യസാഹിത്യരൂപങ്ങള്‍ ക്രമേണ ഭാരതീയ ഭാഷകളിലേക്കും കടന്നുവന്നു. പാശ്ചാത്യരീതിയില്‍ കവിത, നോവല്‍, ചെറുകഥ, നാടകം, നിരൂപണം എന്നിവ ഭാരതീയ ഭാഷകളിലും രചിച്ചുതുടങ്ങി. ഈ ആധുനിക പ്രവണതകളുടെ വേലിയേറ്റം മറ്റു ഭാരതീയ ഭാഷകളിലെന്നതുപോലെ തമിഴിലുമുണ്ടായി. ഇവയുടെ സംക്ഷിപ്ത വിവരണം താഴെ കൊടുക്കുന്നു.

കവിത

കഴിഞ്ഞ നൂറ്റാണ്ടിലും അതിനു മുമ്പുള്ള നൂറ്റാണ്ടിലും ഉള്ള കവികളില്‍ അധികം പേരും ഉലാ, മടല്‍, അന്താദി തുടങ്ങിയ വൃത്തങ്ങളില്‍ സമ്പന്നരെ സ്തുതിക്കുന്ന കവിതകളാണു രചിച്ചിരുന്നത്. ചിലര്‍ പ്രാസഭംഗിക്കും മറ്റു ചിലര്‍ അഷ്ടനാഗബന്ധം പോലുള്ള കവിതകള്‍ രചിക്കുന്നതിനും പ്രാധാന്യം നല്കി. പദപ്രയോഗത്തിനും ശബ്ദഭംഗിക്കുമാണ് അക്കാലത്തെ കവികള്‍ പ്രാമുഖ്യം നല്കിയിരുന്നത്. ഇതില്‍ നിന്ന് വ്യത്യസ്ത മായി സമകാലിക സമൂഹത്തിലെ സാധാരണ മനുഷ്യരുടെ സ്വപ്നങ്ങള്‍, സങ്കല്പങ്ങള്‍, ചിന്താഗതികള്‍, വൈകാരികാനുഭൂതികള്‍ എന്നിവയെല്ലാം താരതമ്യേന ലളിതവും സരളവുമായ ശൈലിയില്‍ പ്രതിപാദിക്കുന്ന കവിതകള്‍ ഉണ്ടായിത്തുടങ്ങിയതോടുകൂടിയാണ് തമിഴ് സാഹിത്യത്തില്‍ ആധുനികയുഗം ആരംഭിച്ചത്. കവിതയിലെ ഉള്ളടക്കവും രൂപശില്പവും ഒരുപോലെ ആസ്വാദ്യവും അകൃത്രിമവും ആയിത്തീര്‍ന്നു എന്നതാണ് പുതിയ പ്രവണതയുടെ മുഖ്യസവിശേഷത. ഈ പരിവര്‍ത്തനത്തിനു നാന്ദികുറിച്ചതും അതിന് ഉത്തമ മാതൃകകള്‍ കാഴ്ചവച്ചതും അഖിലേന്ത്യാ പ്രശസ്തി ആര്‍ജിച്ചിട്ടുള്ള സുബ്രഹ്മണ്യഭാരതിയാണ്.

സുബ്രഹ്മണ്യഭാരതി. സുബ്രഹ്മണ്യഭാരതിയും ആദ്യം സമ്പന്നരെ വാഴ് ത്തുന്ന സ്തുതിഗീതങ്ങളാണ് രചിച്ചു തുടങ്ങിയത്. പിന്നീട് അദ്ദേഹം സ്തുതിഗീതങ്ങളെ പുച്ഛിച്ചുകൊണ്ടുള്ള കവിതകള്‍ രചിച്ചു. സ്വാതന്ത്യവാഞ്ഛയും സത്യാന്വേഷണ തത്പരതയും ജനങ്ങളുടെ ദുരിതവുമാണ് ഗതിമാറി സഞ്ചരിക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. സ്വാതന്ത്യസമരത്തില്‍ പങ്കുകൊണ്ടതും വാ.വേ.ശു. അയ്യര്‍, വാ.ഉ. ചിദംബരംപിള്ള മുതലായവരുടെ സൗഹൃദവും തിലകനുമായുള്ള അടുപ്പവും ഇതിനു കാരണമായി. ഉത്ക്കടമായ ദേശീയാവേശത്തോടെ മദ്രാസ് കടല്‍ത്തീരത്തുനിന്ന് അദ്ദേഹം പാടി. അനേകം കവിതകള്‍ അച്ചടിച്ചു പ്രചരിപ്പിച്ചു. പട്ടണങ്ങളിലും ഗ്രാമങ്ങളിലും കാട്ടുതീപോലെ പടര്‍ന്നു കയറിയ ആവേശം ജനങ്ങളെ അടിമത്തത്തില്‍ നിന്ന് തട്ടിയുണര്‍ത്തി. 1921-ല്‍ മരിക്കുന്നതുവരെ സുബ്രഹ്മണ്യഭാരതി നാടൊട്ടുക്കും ആദരിക്കപ്പെട്ടു.

ജനങ്ങള്‍ ക്ഷേമൈശ്വര്യങ്ങളോടെ ജീവിക്കണമെന്ന് ആഗ്രഹിച്ചിരുന്ന ഭാരതിയാര്‍ നാടിന്റെ സ്വാതന്ത്യം കൊണ്ടുമാത്രം തൃപ്തിപ്പെട്ടില്ല. ജനക്ഷേമത്തിനു പ്രതിബന്ധമായി നില്ക്കുന്ന കൊള്ളരുതായ്മകളെയെല്ലാം തന്റെ കവിതകളിലൂടെ അദ്ദേഹം ശക്തിയായി എതിര്‍ത്തു. ജാതിചിന്തയെ അപലപിച്ചു. അന്ധവിശ്വാസങ്ങളെ എതിര്‍ത്തു. കുട്ടികള്‍ക്ക് കരുത്തു പകര്‍ന്നു. സ്ത്രീകളെ അടിച്ചമര്‍ത്തുന്നതിനെതിരായി ആഞ്ഞടിച്ചു. മാതൃഭാഷയെ അവഗണിച്ച് ആംഗലഭാഷയ്ക്കു പ്രാധാന്യം നല്കുന്ന വിദ്യാഭ്യാസ സമ്പ്രദായത്തെ എതിര്‍ത്തു. ഇങ്ങനെ സമൂഹത്തിന്റെ നന്മയ്ക്കുവേണ്ടി അദ്ദേഹം രചിച്ച കവിതകള്‍ ഇന്നും ജനങ്ങള്‍ക്ക് ആവേശം പകര്‍ന്നുകൊണ്ടിരിക്കുന്നു.

പുതിയ കവികള്‍. 20-ാം ശ.-ത്തിലെ തമിഴ് കവികളില്‍ സുബ്രഹ്മണ്യഭാരതി കഴിഞ്ഞാല്‍ ഏറ്റവും പ്രശസ്തന്‍ പുരട്ചികവി (വിപ്ളവകവി) എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന ഭാരതീദാസന്‍ (1891-1964) ആണ്. കനകസുബ്ബുരത്തിനം എന്നായിരുന്നു അദ്ദേഹത്തിന്റെ യഥാര്‍ഥ നാമം. രാഷ്ട്രീയ കാരണങ്ങളാല്‍ പോണ്ടിച്ചേരിയില്‍ താമസിച്ചിരുന്ന സുബ്രഹ്മണ്യഭാരതിയുമായി അടുത്തിടപഴകിയ കനകസുബ്ബുരത്തിനം അദ്ദേഹത്തിന്റെ സ്നേഹവും അഭിനന്ദനവും പിടിച്ചുപറ്റി. അദ്ദേഹത്തോടുള്ള ആദരസൂചകമായി ഭാരതീദാസന്‍ എന്ന തൂലികാനാമം സ്വീകരിച്ചു. രാഷ്ട്രീയകക്ഷികളുമായി ബന്ധം പുലര്‍ത്തുകയും തമിഴധ്യാപകനായും ആനുകാലികങ്ങളുടെ പത്രാധിപരായും പ്രവര്‍ത്തിക്കുകയും ചെയ്തു. തമിഴ് സിനിമയ്ക്കും അദ്ദേഹം ഗണ്യമായ സംഭാവനകള്‍ നല്കി. എന്നാലും വിപ്ളവകവി എന്ന നിലയ്ക്കാണ് ജനങ്ങള്‍ അദ്ദേഹത്തെ കൂടുതല്‍ ഇഷ്ടപ്പെട്ടിരുന്നത്. ഭാരതീദാസന്റെ ചില കവിതകള്‍ക്ക് ലയമാധുരിയുണ്ടെങ്കിലും ഭൂരിപക്ഷവും ആവേശോജ്ജ്വലങ്ങളാണ്.

സുബ്രഹ്മണ്യഭാരതിയുടേയും ഭാരതീദാസന്റേയും കവിതകള്‍ തമിഴ് സാഹിത്യത്തില്‍ കാല്പനിക കവിതയുടെ യുഗത്തിന് അടിസ്ഥാനമിട്ടു. തമിഴ്നാടിന്റെ സംസ്കാരത്തേയും അവശ ജനവിഭാഗത്തിന്റെ ഗുണത്തേയും ലക്ഷ്യമാക്കി നിരവധി കവികള്‍ തീക്ഷ്ണഭാവങ്ങള്‍ ആവിഷ്കരിക്കുന്ന കവിതകള്‍ രചിച്ചു. കവിമണി ദേശിക വിനായകംപിള്ള (1876-1952), ശുദ്ധാനന്ദ ഭാരതി, നാമക്കല്‍ രാമലിംഗംപിള്ള (1888-1972) തുടങ്ങിയവരാണ് ഇവരില്‍ പ്രമുഖര്‍.

കവിമണി ദേശിക വിനായകംപിള്ള പഴയതും പുതിയതുമായ ശൈലിയില്‍ നിരവധി കവിതകള്‍ എഴുതി. സമാധാന പൂര്‍ണവും ലളിതവുമായ ജീവിതം നയിച്ചയാളാണ് ഇദ്ദേഹം. അതേ ലാളിത്യവും ശാന്തിയും ഇദ്ദേഹത്തിന്റെ കവിതകളിലും കാണാം. സമരതീക്ഷ്ണമായൊരു കാലഘട്ടത്തില്‍ ജീവിച്ചിരുന്നിട്ടും ഇദ്ദേഹത്തിന്റെ മനസ്സും കവിതയും ശാന്തമായി വര്‍ത്തിച്ചത് അത്ഭുതമെന്നു വേണം പറയാന്‍. കവിതാരചനയില്‍ ഇദ്ദേഹത്തിനുണ്ടായിരുന്ന വൈദഗ്ദ്ധ്യം അനിതര സാധാരണമാണ്. അതീവ ഹൃദ്യവും ഒഴുക്കുള്ളതുമായിരുന്നു ഇദ്ദേഹത്തിന്റെ ശൈലി. പുരോഗമനപരമായ ആശയങ്ങള്‍ ക്ളിഷ്ടതയില്ലാതെ ഉള്ളില്‍ തട്ടുംപടി ഇദ്ദേഹം അവതരിപ്പിച്ചു. തീക്ഷ്ണമായ ദേശീയബോധം ആവിഷ്കരിക്കുകയും സ്വാതന്ത്യത്തിനുവേണ്ടിയുള്ള പ്രക്ഷോഭണത്തെ ഉത്തേജിപ്പിക്കുകയും ചെയ്ത നാമക്കല്‍ രാമലിംഗംപിള്ള ഭാരതിയെപ്പോലെ പൌരാണിക ഭാരതീയ സംസ്കാരത്തെ തന്റെ കവിതകളില്‍ ഉയര്‍ത്തിക്കാട്ടി. ഹിന്ദിഭാഷയ്ക്ക് എതിരായ മനോഭാവം തമിഴ്നാട്ടില്‍ വളര്‍ന്നു വന്നുകൊണ്ടിരുന്ന കാലത്ത് ആ മനോഭാവം ലേശംപോലും സ്പര്‍ശിക്കാത്ത കവിതകള്‍ എഴുതിയ ദേശാഭിമാനിയാണ് ഇദ്ദേഹം. നാമക്കല്‍ രാമലിംഗം പിള്ളയെ തമിഴ്നാട്ടിലെ ആസ്ഥാന കവിയായി ഗവണ്‍മെന്റ് അവരോധിച്ചു എന്നു മാത്രമല്ല, അദ്ദേഹം പദ്മഭൂഷണ്‍ ബഹുമതിക്കു പാത്രമാവുകയും ചെയ്തു.

വൈവിധ്യമാര്‍ന്ന അനവധി കവിതകള്‍ രചിച്ച അവിസ്മരണീയനായ കവിയാണ് ശുദ്ധാനന്ദ ഭാരതി. പരമ്പരാഗത സംസ്കാരത്തെ നിലനിറുത്തുന്നതോടൊപ്പം സാമ്പത്തികവും വ്യാവസായികവുമായ പുരോഗതി കൈവരിക്കുന്ന നൂതന ഭാരതത്തെ വിഭാവനം ചെയ്തുകൊണ്ട് ഇദ്ദേഹം പല കൃതികളും രചിച്ചു. ഇദ്ദേഹത്തിന്റെ കൃതികളില്‍ പ്രധാനമാണ് ഭാരതശക്തി മഹാകാവ്യം. അന്യാപദേശ കാവ്യത്തിന്റേയും ഇതിഹാസത്തിന്റേയും സ്വഭാവങ്ങള്‍ ഇതില്‍ ഒത്തുചേര്‍ന്നിരിക്കുന്നതു കാണാം. ഭാരതീദാസനില്‍നിന്നു വ്യത്യസ്തമായി തമിഴ് ദേശീയതയ്ക്കും സാമൂഹിക പരിവര്‍ത്തനത്തിനും വേണ്ടി വാദിച്ച കവിയാണ് ശുദ്ധാനന്ദഭാരതി. സുബ്രമണ്യഭാരതിയില്‍നിന്ന് ശക്ത്യുപാസനയോടുളള ആസക്തി സ്വാംശീകരിച്ച പില്ക്കാല കവികളില്‍ പ്രധാനിയാണ് എസ്.ഡി.എസ്.യോഗി. ഇംഗ്ളീഷ് കവിയായ വാള്‍ട്ട് വിറ്റ്മാന്റെ ലീവ്സ് ഒഫ് ഗ്രാസ് അതീവ ഹൃദ്യമായി ഇദ്ദേഹം തമിഴിലേക്കു പരിഭാഷപ്പെടുത്തി. ഭാവനയല്ല, വിജ്ഞാനമാണ് കാവ്യ രചനയ്ക്ക് അത്യന്താപേക്ഷിതമെന്നു വിശ്വസിച്ച കവിയാണ് ഭാരതീദാസന്റെ അനുയായികളില്‍ പ്രധാനിയായ ചുരത. വായനക്കാരുടെ മനംകവരുന്ന പുതുമയുളള അലങ്കാരങ്ങള്‍ ധാരാളം പ്രയോഗിച്ചിട്ടുളള അദ്ദേഹം ഉപമകളുടെ കവി എന്ന പേരില്‍ അറിയപ്പെടുന്നു.

ഭാരതീദാസന്റെ അനുയായികളില്‍ കൂടുതല്‍ ജനപ്രീതി നേടിയിട്ടുളള കവിയാണ് സിനിമാഗാനകര്‍ത്താവെന്ന നിലയില്‍ പ്രശസ്തനായ കണ്ണദാസന്‍. ദ്രാവിഡജനതയുടെ മഹത്ത്വം പ്രഖ്യാപിക്കുന്നതില്‍ തത്പരനായിരുന്ന ഇദ്ദേഹം പില്ക്കാലത്ത് പ്രസ്തുത ആദര്‍ശത്തിന്റെ എതിരാളിയായി മാറി. നിയോക്ളാസ്സിക് ശൈലിയാണ് ഇദ്ദേഹം പൊതുവേ തന്റെ കവിതകളില്‍ അവലംബിച്ചിരിക്കുന്നത്. മേല്‍പ്പറഞ്ഞ കാലഘട്ടത്തിനുശേഷം ഗാന്ധിയന്‍ ആദര്‍ശങ്ങളില്‍ വിശ്വസിച്ചിരുന്ന ചുരുക്കം ചില കവികളേ ഉണ്ടായിട്ടുളളൂ. കൊത്തമംഗലം സുബ്ബു (1910-74), സുരഭി, എസ്.ഡി. സുന്ദരം (1921-78) എന്നിവരാണ് ഇവരില്‍ പ്രധാനികള്‍. ഭാരതീദാസന്റെ കാവ്യദര്‍ശനങ്ങളിലും ദ്രാവിഡ സംസ്കാരമഹത്വം വിളംബരം ചെയ്യുന്നതിലും സാഫല്യം കണ്ടെത്തിയ പുതിയ കവികളാണ് പെരുഞ്ചിത്രന്‍, പൊന്നടിയന്‍, ചാലൈ ഇളന്തിരയന്‍, കോവേന്തന്‍, കരുവിക്കമ്പൈഷണ്‍മുഖം തുടങ്ങിയവര്‍. ഭാരതീദാസന്റേയും മറ്റും സ്വാധീനം ഒരു ഘട്ടത്തിലെ കവിതകളില്‍ പ്രകടമായിരുന്നെങ്കിലും പിന്നാലെ വന്ന കവികളില്‍ അധികം പേരും ആ രീതി വെടിഞ്ഞ് മാനവികതയെ ആദര്‍ശവല്‍ക്കരിക്കുകയാണ് ചെയ്തത്. പുതിയ കവികള്‍ നിയോക്ളാസ്സിക്ക് ശൈലിയില്‍ നിന്നു വ്യതിചലിച്ച് പുതിയ കാലഘട്ടത്തിന്റെ അഭിരുചികള്‍ക്കൊത്തവിധം നൂതന ശൈലികള്‍ ആവിഷ്കരിക്കുവാന്‍ സന്നദ്ധരായി.

നവീനകവിത. ഭാരതീദാസന്റെ കവിതകളില്‍നിന്നാരംഭിച്ച് അദ്ദേഹത്തിന്റെ അനുയായികളിലൂടെ വിപുലപ്രചാരം നേടിയിരുന്ന സങ്കുചിത ദേശാഭിമാനം, കൃത്രിമ ചമത്ക്കാരത്തോടുളള ആഭിമുഖ്യം, നിയോക്ളാസ്സിക് ശൈലിയുടെ പ്രയോഗം എന്നിവയില്‍ നിന്ന് തമിഴ് കവിത സ്വതന്ത്രമാവുകയും പാശ്ചാത്യസാഹിത്യത്തിലെ ന്യൂ പൊയട്രിയുവകവികളെ സ്വാധീനിക്കുകയും ചെയ്തതിന്റെ ഫലമായി തമിഴില്‍ പുതുക്കവിതപ്രസ്ഥാനം രൂപംകൊണ്ടു. ഈ പുതിയ കവിതാസരണിയില്‍ ആദ്യം പ്രത്യക്ഷപ്പെട്ടത് വൃത്തനിബദ്ധമല്ലാത്ത ഗദ്യകവിതകളാണ്. ഭാരതിയുടെ പ്രചോദനം ആര്‍ജിച്ച ആദ്യത്തെ കവികളില്‍ ഒരാളായ പിച്ചമൂര്‍ത്തി (1900-78) പുതിയ രചനാശില്പം അവലംബിച്ചെങ്കിലും തമിഴ് കവിതയുടെ പാരമ്പര്യത്തില്‍ നിന്നു വ്യതിചലിച്ചില്ല. ആരംഭത്തില്‍ താളനിബദ്ധമായിരുന്ന അദ്ദേഹത്തിന്റെ രചനാരീതി തനി ഗദ്യത്തിന്റെ രൂപംകൊണ്ടത് നാല്പതുകളിലാണ്. പിച്ചമൂര്‍ത്തിയുടെ കവിതാരീതിയില്‍ നിന്ന് സാരമായ വ്യത്യാസം പ്രകടിപ്പിച്ച കു.പ. രാജഗോപാലനാണ് (1902-44) ശ്രദ്ധേയനായ മറ്റൊരു നവീന കവി. എന്നാല്‍ വല്ലിക്കണ്ണന്റെ ബുദ്ധിശക്തിയാണ് ആദ്യത്തെ ഗദ്യകവിതാസമാഹാരം.

നാല്പതുകളുടെ ആരംഭത്തില്‍ പ്രചരിച്ച ഗദ്യകവിതാരീതി ആ ദശകത്തിന്റെ അന്ത്യത്തില്‍ ലുപ്ത പ്രചാരമായെങ്കിലും അന്‍പതുകളില്‍ കൂടുതല്‍ പുതുമയോടുകൂടി വീണ്ടും പ്രത്യക്ഷപ്പെട്ടു. പ്രശസ്ത സാഹിത്യകാരനായ കാ.നാ. സുബ്രഹ്മണ്യമാണ് അതിനു മാര്‍ഗദര്‍ശിയായത്. അദ്ദേഹത്തെ പല യുവകവികളും ആചാര്യനായി അംഗീകരിച്ചു. നവീന കവിതയെ പ്രോത്സാഹിപ്പിക്കുകയും അതിനുവേണ്ടി ശക്തിയുക്തം വാദിക്കുകയും ചെയ്ത എഴുത്തുപോലുളള ആനുകാലികങ്ങളുടെ ആവിര്‍ഭാവം തമിഴ് കവിതാ സാഹിത്യത്തെ ഒരു വഴിത്തിരിവിലേക്കു നയിച്ചു. ഇത്തരം ആനുകാലികങ്ങളിലൂടെ വായനക്കാരുടെ ശ്രദ്ധയാകര്‍ഷിച്ച കവികളില്‍ പ്രമുഖര്‍ സുന്ദരരാമസ്വാമി, തി.സോ. വേണുഗോപാലന്‍, ദാരുമു ശിവരാമു, ടി.കെ. ദുരൈസ്വാമി, സി. മണി, എസ്.വൈത്തീശ്വരന്‍ എന്നിവരാണ്. സുന്ദരരാമസ്വാമിയുടെ ഉന്‍കൈനഹത്തില്‍ നവീനകവിതയുടെ സവിശേഷമായ വീക്ഷണഗതിയും സങ്കീര്‍ണതകളും തികച്ചും പ്രകടമാണ്. ദാരുമു ശിവരാമുവിന്റെ വിടിവ് (പ്രഭാതം), ഇ.എം.സി. 2 എന്നിവയെ നവീനകവിതയുടെ ഉത്തമോദാഹരണമായി പലരും ചൂണ്ടിക്കാണിക്കുന്നു. ടി.എസ്. എലിയട്ടിന്റെ രചനാശില്പം മാതൃകയാക്കി രചിച്ചിരുന്ന സി. മണിയുടെ 'നരകം' എന്ന കവിത തമിഴ് നവീന കവിതയുടെ മറ്റൊരു മുഖമാണ് കാഴ്ചവയ്ക്കുന്നത്. ഈ നവീന കവിതകളെല്ലാം ബിംബ പ്രധാനങ്ങളാണ്. ചിലരുടെ കൃതികളില്‍ ബിംബങ്ങള്‍ വൈകാരികഭാവങ്ങളേക്കാള്‍ ധിഷണാവ്യാപാരങ്ങളെയാണ് പ്രതിനിധാനം ചെയ്യുന്നത്. വൈത്തീശ്വരന്റെ കൃതികള്‍ ഇതിനുദാഹരണമാണ്.

മേല്‍പ്പറഞ്ഞ കവികളില്‍ നിന്നു വ്യത്യസ്തമായി സമകാലിക ജീവിതത്തിലെ പൊള്ളത്തരങ്ങളും കൃത്രിമത്വവും സാംസ്കാരികാധഃപതനവും ചിത്രീകരിച്ച മറ്റു ചില കവികളും അറുപതുകളില്‍ രംഗപ്രവേശം ചെയ്തു. അവരില്‍ പ്രമുഖനാണ് ജ്ഞാനകൂത്തന്‍. അദ്ദേഹത്തിന്റെ മിക്ക കൃതികളിലും സമകാലിക ജീവിതത്തിന്റെ നേര്‍ക്കുളള മൂര്‍ച്ചയേറിയ പരിഹാസശരങ്ങള്‍ മുന്നിട്ടു നില്ക്കുന്നതു കാണാം. തിരുവനന്തപുരത്തുകാരനായ നീല പദ്മനാഭന്‍, സച്ചിദാനന്ദം, ആര്‍. മീനാക്ഷി, മാ.ദക്ഷിണാമൂര്‍ത്തി, കെ.രാജാറാം, നീലമണി, ആത്മനാം, കല്യാണ്‍ജി, ബാലകുമാരന്‍, മാലാന്‍, ഹരിശ്രീനിവാസന്‍ തുടങ്ങിയവരും ഈ വിഭാഗത്തില്‍പ്പെടുന്നവരാണ്.

പുരോഗമന കവിത. തമിഴ്നാട്ടിലെ കമ്യൂണിസ്റ്റ് നേതാവായിരുന്ന ജീവാനന്ദന്റെ പത്രാധിപത്യത്തില്‍ പ്രസിദ്ധീകരിച്ച താമരൈ എന്ന മാസികയിലാണ് പുരോഗമന കവിതകള്‍ ആദ്യം പ്രസിദ്ധീകരിക്കപ്പെട്ടത്. ജീവാനന്ദം (1907-63), സി. രഘുനാഥന്‍, കെ.സി.എസ്. അരുണാചലം എന്നിവരാണ് ഈ മാസികയിലൂടെ പുരോഗമന കവിതയുടെ ഉപജ്ഞാതാക്കളായി രംഗത്തുവന്ന പ്രമുഖര്‍. ഇവര്‍ മൂല്യമേറിയ പുരോഗമന കവിതകളുടെ ആവിര്‍ഭാവത്തിനു വഴിതെളിച്ചു. 1968-ല്‍ നാ.കാമരാജന്‍ പുരോഗമനപരമായ ഗദ്യകവിതകള്‍ രചിച്ചുകൊണ്ട് നവീനകവിതയേയും ഗദ്യകവിതയേയും സംയോജിപ്പിക്കാന്‍ കഴിയുമെന്ന് തെളിയിച്ചു. മീരാ ശില്പി, പുവിയരശു, തമിഴന്‍പന്‍ എന്നിവരും താമരൈക്കു വേണ്ടി കവിതകള്‍ രചിച്ചു. കൈ. തിരുനാവുക്കരശു, നവഭാരതി, അഗ്നിപുത്തിരന്‍, തമിഴ്നാടന്‍, ശക്തിക്കൂനന്‍, പ്രഭജ്ഞകവി, കൊ. രാജാറാം എന്നിവരാണ് താമരൈലൂടെ അംഗീകാരം നേടിയ മറ്റു ചില പുരോഗമന കവികള്‍.

1971-ല്‍ പുരോഗമന കവികളില്‍ ചിലര്‍ വാനമ്പാടികള്‍ എന്ന പേരില്‍ ഒരു സംഘടന രൂപീകരിച്ചു. നാ. കാമരാജന്‍, മീരാ, പുവിയരശു, മേത്ത തുടങ്ങിയവരാണ് ഈ സംഘടനയിലെ പ്രമുഖര്‍. പല പുരോഗമന കവികളും കവിതാസൌകുമാര്യത്തേക്കാള്‍ സന്ദേശത്തിനു വില കല്പിച്ചപ്പോള്‍ അതിനു വിപരീതമായ സമീപനം കൈക്കൊണ്ട കവികളാണ് തമിഴന്‍പന്‍, വൈരമുത്തു എന്നിവര്‍. എക്സ്പ്രഷനിസം പരീക്ഷിച്ച അബി(ഹബിബുള്ള)യും ഇംപ്രഷനിസം പരീക്ഷിച്ച അബ്ദുള്‍ റഹിമാനുമാണ് ശ്രദ്ധേയരായ മറ്റു രണ്ട് കവികള്‍.

പുരോഗമന കവിതയ്ക്ക് വായനക്കാരില്‍ ഒരു വിഭാഗത്തെ പ്രചോദിപ്പിക്കാന്‍ കഴിഞ്ഞെങ്കിലും തമിഴ് കവിതാരംഗത്തെ പൊതുവേ സ്വാധീനിക്കാന്‍ അതിന് കഴിഞ്ഞില്ല. അതുപോലെ നവീന കവിതയുടെ പ്രയോക്താക്കളായി നിരവധി പേര്‍ രംഗത്തുവന്നെങ്കിലും അതിനു സാമാന്യമായ അംഗീകാരം ലഭിച്ചില്ല. 20-ാം ശ.-ത്തിന്റെ അന്ത്യദശകങ്ങളില്‍ രംഗത്തുവന്ന ചില യുവകവികളാണ് കനിമൊഴി, സല്‍മാ, മനുഷ്യപുത്തിരന്‍, വൈഗൈ ചെല്‍വി, തിലകസാമ, കുട്ടിരേവതി, പഴുമലൈ തുടങ്ങിയവര്‍. ഇവര്‍ നവീന കവിതയേയും പുരോഗമന കവിതയേയും തളളിപ്പറഞ്ഞുകൊണ്ട് ആധുനികോത്തര കവിത എന്ന പ്രസ്ഥാനം ആരംഭിച്ചു. എന്നാല്‍ അതും ഒരു പരീക്ഷണമായി മാത്രം അവശേഷിച്ചതേയുള്ളൂ.

ചെറുകഥ

തമിഴില്‍ ചെറുകഥാ രൂപത്തിലുളള സാഹിത്യകൃതികള്‍ എഴുതപ്പെട്ടു തുടങ്ങിയത് 19-ാം ശ.-ത്തിന്റെ ആദ്യദശകങ്ങളില്‍മാത്രമാണ്. വിവേകചൂഡാമണി എന്ന ആനുകാലികത്തില്‍ 19-ാം ശ.-ത്തിന്റെ അന്ത്യദശകത്തില്‍ പ്രത്യക്ഷപ്പെട്ട ചുരുക്കം ചില കഥകളാണ് തമിഴിലെ ആദ്യത്തെ ചെറുകഥകള്‍. അക്കാലത്ത് ബംഗാളി ഭാഷയില്‍ രവീന്ദ്രനാഥടാഗൂറും ബങ്കിം ചന്ദ്രചാറ്റര്‍ജിയും രചിച്ച കഥകളും ഇംഗ്ളീഷ് കഥകളും ഫ്രഞ്ച്-റഷ്യന്‍ തുടങ്ങിയ മറ്റു ഭാഷകളിലെ കഥകളുടെ തര്‍ജുമകളും തമിഴിലെ എഴുത്തുകാരെ ആകര്‍ഷിച്ചതിന്റെ ഫലമായിട്ടാണ് അവയുടെ മാതൃകയിലുളള കഥകള്‍ തമിഴില്‍ രചിക്കുവാനുളള സമാരംഭങ്ങള്‍ നടന്നത്.

ചെറുകഥ എന്ന സാഹിത്യരൂപത്തിന്റെ ലക്ഷണങ്ങള്‍ ഏറെക്കുറെ പാലിച്ചുകൊണ്ട് തമിഴില്‍ ആദ്യമായി കഥകള്‍ എഴുതിയ സാഹിത്യകാരന്മാരില്‍ പ്രഥമഗണനീയന്‍ വി.വി.എസ്.അയ്യര്‍ (1881-1925) ആണ്. അദ്ദേഹം 1915-നും 17-നും ഇടയ്ക്ക് പല കഥകളും വിവേകചൂഡാമണിയില്‍ പ്രസിദ്ധപ്പെടുത്തിവന്നു. ആ കഥകള്‍ മങ്കയര്‍ക്കരശിയില്‍ കാതല്‍ എന്ന തലക്കെട്ടോടുകൂടിയ ഒരു സമാഹാരമായി 1917-ല്‍ പ്രസിദ്ധീകരിക്കപ്പെട്ടു. അദ്ദേഹത്തിന്റെ കഥകളുടെ സവിശേഷത അവയുടെ പ്രമേയങ്ങള്‍ക്കുളള വൈചിത്ര്യമാണ്. അക്കാരണത്താല്‍ ആ കഥകള്‍ തമിഴിലെ ചെറുകഥാകൃത്തുക്കള്‍ക്ക് അനുകരണീയമായ മാതൃകകളായിത്തീര്‍ന്നു. വിവേകബോധിനി എന്നൊരു ആനുകാലികത്തില്‍ 1915-ല്‍ പ്രസിദ്ധീകരിക്കപ്പെട്ട കുളത്തുങ്കരൈ അരശുമരംഎന്ന കഥ സവിശേഷ ശ്രദ്ധ അര്‍ഹിക്കുന്നതാണ്. ഇംഗ്ളീഷിലേയും ഫ്രഞ്ചിലേയും കഥകളില്‍ കണ്ടെത്തിയ രചനാകൗശലങ്ങള്‍ പലതും വി.വി.എസ്. അയ്യര്‍ തന്റെ കൃതികളില്‍ വിജയകരമായി പരീക്ഷിച്ചിട്ടുണ്ടെന്ന് ഈ സമാഹാരം വെളിപ്പെടുത്തുന്നു. ആ പരീക്ഷണങ്ങള്‍ അദ്ദേഹത്തിന്റെ പിന്‍ഗാമികളായ ചെറുകഥാകാരന്‍മാരെ സ്വാധീനിക്കുകയും ചെയ്തിട്ടുണ്ട്.

വി.വി.എസ്.അയ്യരോടൊപ്പം പോണ്ടിച്ചേരിയില്‍ പ്രവാസം അനുഷ്ഠിച്ചിരുന്ന വിഖ്യാതകവിയായ സുബ്രഹ്മണ്യഭാരതിയുടെ കഥകളില്‍ പലതും ഹാസ്യരസാത്മകങ്ങളോ നേര്‍ത്ത നര്‍മരസം തുളുമ്പുന്നവയോ ആണ്. അന്യാപദേശരൂപത്തിലുളള ഏതാനും കഥകളും അദ്ദേഹം രചിച്ചിട്ടുണ്ട്. ആധുനിക കഥയുടെ ഏകതാനത പ്രദര്‍ശിപ്പിക്കുന്ന 'കാന്താമണി' എന്ന കഥ സാധാരണ വായനക്കാരുടെ ശ്രദ്ധ വേണ്ടിടത്തോളം ആകര്‍ഷിച്ചിട്ടില്ലെങ്കിലും രചനാശില്പത്തിന്റെ ഭദ്രതകൊണ്ട് ശ്രദ്ധേയമത്രേ. വി.വി.എസ്. അയ്യരുടെ സമകാലികനായിരുന്ന എ. മാധവയ്യ സാമൂഹികജീവിത പരിഷ്കരണത്തെ ലക്ഷ്യമാക്കി കഥകളെഴുതിയ എഴുത്തുകാരനാണ്. പരമ്പരാഗത സാമൂഹികമര്യാദകള്‍ അന്ധമായി അനുവര്‍ത്തിക്കുന്ന പതിവിന്റെ ദോഷഫലങ്ങള്‍ വെളിപ്പെടുത്തി സാമൂഹികപരിവര്‍ത്തനം സാധ്യമാക്കുക എന്ന ഉദ്ദേശ്യത്തോടുകൂടി അദ്ദേഹം അനേകം കഥകള്‍ രചിച്ചു. ലോകോപകാരി എന്ന വാരികയില്‍ പ്രസിദ്ധപ്പെടുത്തിയ ലേഖനങ്ങളിലൂടെ മികച്ച ഗദ്യശൈലിയുടെ ഉടമ എന്ന പ്രശസ്തി ആര്‍ജിച്ച റ്റി.ജെ. രംഗനാഥനാണ് മറ്റൊരു ആദ്യകാല ചെറുകഥാകൃത്ത്. അദ്ദേഹത്തിന്റെ കഥകളില്‍ വച്ച് ഏറ്റവും കൂടുതല്‍ ജനസമ്മതി ആര്‍ജിച്ചിട്ടുളളത് നൊണ്ടിക്കിളി എന്ന കഥയാണ്.

പുതിയ ഉണര്‍വ്. തമിഴിലെ ചെറുകഥാ സാഹിത്യത്തിന് ഒരു പുതിയ ഉണര്‍വു നല്കി അതിനെ വികസിപ്പിക്കുകയും ജനസാമാന്യത്തെ കഥയുടെ നേര്‍ക്ക് ആകര്‍ഷിക്കുകയും ചെയ്ത എഴുത്തുകാരനാണ് കല്ക്കി ആര്‍. കൃഷ്ണമൂര്‍ത്തി (1899-1954). അദ്ദേഹത്തിന്റെ ആദ്യകാല കഥകളുടെ സമാഹാരം 1927-ല്‍ ശാരദയിന്‍ തന്തിരം എന്ന പേരില്‍ പ്രസിദ്ധപ്പെടുത്തുകയുണ്ടായി. ഈ സമാഹാരത്തിലെ ചില കഥകളില്‍ കഥാകൃത്തിനും കഥാനായകനും പകരം മൂന്നാമതൊരു വ്യക്തി കഥ പറയുന്ന രീതി വിദഗ്ധമായി പ്രയോഗിച്ചിട്ടുണ്ട്. തമിഴ് ചെറുകഥയ്ക്ക് വൈവിധ്യം പ്രദാനം ചെയ്യാനും അതിന്റെ ശില്പഭംഗി വികസിപ്പിക്കാനും കല്ക്കിയുടെ കഥകള്‍ക്കു കഴിഞ്ഞിട്ടുണ്ട്.

കല്ക്കി കഥകള്‍ എഴുതിയ കാലത്തുതന്നെ അദ്ദേഹത്തിന്റെ കൃതികളില്‍ നിന്നു വ്യത്യസ്തമായ ഒരു സമീപനത്തോടുകൂടി കഥകള്‍ രചിച്ചിരുന്ന ഒരു പ്രമുഖ വ്യക്തിയാണ് രാജാജി എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന സി. രാജഗോപാലാചാരി (1876-1973). താന്‍ വിലമതിച്ചിരുന്ന സാമൂഹികലക്ഷ്യങ്ങള്‍ നിറവേറ്റുന്നതിനുളള ഒരു ഉപാധി എന്ന നിലയിലാണ് അദ്ദേഹം കഥാരചന നടത്തിയിരുന്നത്. സാമൂഹികജീവിത പരിഷ്കരണം, ദുരാചാരങ്ങളുടെ നിര്‍മാര്‍ജനം, മദ്യവര്‍ജനം തുടങ്ങിയവയാണ് രാജാജികഥകളുടെ ലക്ഷ്യങ്ങള്‍. അദ്ദേഹത്തിന്റെ അയത്നലളിതമായ ശൈലിയും നര്‍മബോധവും ആര്‍ജവവും കഥകളെ ആസ്വാദ്യകരമാക്കിയിട്ടുണ്ട്. 'ദേവാനൈ' ആണ് അദ്ദേഹത്തിന്റെ ചെറുകഥകളില്‍ വച്ച് കൂടുതല്‍ ആസ്വാദ്യമായി കരുതപ്പെടുന്ന ഒരു കഥ.

കല്ക്കിയുടെ കഥകളുടെ പ്രചാരകാലത്തുതന്നെ അവയില്‍ നിന്ന് വ്യത്യസ്തമായ ഉദ്ദേശ്യത്തോടുകൂടിയും വ്യത്യസ്തശൈലിയിലും കഥകള്‍ രചിച്ചിരുന്ന എഴുത്തുകാരനാണ് നാരണദുരൈക്കണ്ണന്‍ (ജ. 1906). വായനക്കാരെ രസിപ്പിക്കുക എന്നതല്ല അവരെ ധര്‍മോപദേശം വഴി സന്മാര്‍ഗത്തിലേക്കു നയിക്കുക എന്നതാണ് അദ്ദേഹത്തിന്റെ ലക്ഷ്യം. എങ്കിലും ധര്‍മോപദേശപരമല്ലാത്ത ചുരുക്കം ചില കഥകളും ആദ്ദേഹം രചിച്ചിട്ടുണ്ട്. ഇതിന് ഒരു ഉദാഹരണമായി സന്ദേകം എന്ന കഥയെ ചൂണ്ടിക്കാണിക്കാം.

പുതിയ ആനുകാലികങ്ങളും ചെറുകഥകളും. 20-ാം ശ.-ത്തിന്റെ രണ്ടാംപാദത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ടു തുടങ്ങിയ ആനുകാലികങ്ങള്‍ ചെറുകഥയ്ക്കു പ്രാധാന്യം കല്പിക്കുകയും അതിന്റെ ഫലമായി പൂര്‍വാധികം ചെറുകഥകള്‍ പുറത്തുവരികയും ചെയ്തു. ചെറുകഥാകൃത്തുക്കളുടെ എണ്ണം വര്‍ധിക്കാനും ഈ ആനുകാലികങ്ങളുടെ ആവിര്‍ഭാവം ഉപകരിച്ചു. ആനന്ദവികടന്‍, മണിക്കൊടി തുടങ്ങിയ പല ആനുകാലികങ്ങളും ചെറുകഥാ മത്സരങ്ങള്‍ സംഘടിപ്പിക്കുകയുണ്ടായി. സാധാരണക്കാരായ വായനക്കാര്‍ക്ക് ചെറുകഥാസാഹിത്യത്തില്‍ താത്പര്യം വര്‍ധിക്കുന്നതിന് ഈ മത്സരങ്ങള്‍ വളരെയധികം സഹായകമായി.

മണിക്കൊടിയുടെ പത്രാധിപനായിരുന്ന ബി.എസ്. രാമയ്യ അതിനെ ചെറുകഥയ്ക്കു വേണ്ടി മാത്രമുളള ഒരു വാരികയാക്കി മാറ്റി. മണിക്കൊടിയുടെ ആഭിമുഖ്യത്തിലും പിച്ചമൂര്‍ത്തി, രാമയ്യ എന്നിവരുടെ നേതൃത്വത്തിലും ചെറുകഥാകാരന്മാരുടെ ഒരു സംഘം രൂപംകൊണ്ടു. രാമയ്യയുടെ പ്രധാനപ്പെട്ട ചെറുകഥകളിലൊന്നായ കുഞ്ചിതപാദം എന്ന കഥയില്‍, സ്വയം മര്യാദയുടെ വക്താവെന്ന നിലയില്‍ ഈശ്വരവിശ്വാസത്തേയും മതത്തേയും ശക്തമായി എതിര്‍ത്തുവന്നിരുന്ന കഥാനായകന്‍ കുറേക്കാലം കഴിഞ്ഞ് ഒരവസരത്തില്‍ അതേ വിശ്വാസപ്രമാണങ്ങളെ അനുകൂലിച്ചു സംസാരിക്കുന്നതായി പ്രതിപാദിച്ചിട്ട് അയാളില്‍ സംഭവിച്ച മാനസിക പരിവര്‍ത്തനത്തെ വിശദമായി ചിത്രീകരിച്ചിരിക്കുന്നു.

പുതുമൈപ്പിത്തനും ചെറുകഥയുടെ പുതിയ മാതൃകയും. മണിക്കൊടിയില്‍ പതിവായി കഥയെഴുതിയിരുന്ന മറ്റൊരാള്‍ തമിഴ് ചെറുകഥാകാരന്മാരില്‍ ആഗ്രഗണ്യനെന്നു പറയാവുന്ന പുതുമൈപ്പിത്തന്‍ (സി. വൃദ്ധാചലം: 1906-48) ആയിരുന്നു. തമിഴ്സാഹിത്യത്തില്‍ ശാശ്വതമുദ്ര അര്‍പ്പിച്ചിട്ടുളള എഴുത്തുകാരനാണ് പുതുമൈപ്പിത്തന്‍. ലോകത്തിലെ പ്രശസ്ത സാഹിത്യകാരന്മാരുടെ വിഖ്യാതകഥകളോട് താരതമ്യപ്പെടുത്താവുന്ന അനേകം കൃതികള്‍ അദ്ദേഹം എഴുതിയിട്ടുണ്ട്. പ്രമേയങ്ങള്‍ തിരഞ്ഞെടുക്കുന്നതിലും യാഥാര്‍ഥ്യബോധം ജനിപ്പിക്കത്തക്കവണ്ണം അവതരിപ്പിക്കുന്നതിലും അദ്ദേഹത്തിനുളള അസാമാന്യമായ കഴിവിന് എല്ലാ കഥകളും ദൃഷ്ടാന്തങ്ങളാണ്. അദ്ദേഹത്തിന്റെ ആഖ്യാനരീതി ഏതൊരു വായനക്കാരന്റേയും മനസ്സില്‍ പതിയത്തക്കവണ്ണം ആകര്‍ഷകമാണ്.

പുതുമൈപ്പിത്തന് സമശീര്‍ഷനായി കണക്കാക്കാവുന്ന മറ്റൊരു ചെറുകഥാകൃത്താണ് കു.പ.രാജഗോപാല്‍ (1902-44). തന്റെ ഓരോ കഥയുടേയും അന്തര്‍ഭാവത്തിനൊത്ത ചിത്രീകരണരീതി കണ്ടെത്തി പ്രയോഗിക്കാന്‍ രാജഗോപാലിനുണ്ടായിരുന്ന കഴിവ് അദ്ദേഹത്തിന് തമിഴ് ചെറുകഥാ സാഹിത്യത്തില്‍ ഉന്നതസ്ഥാനം നേടിക്കൊടുത്തു. വിടിയുമാ?(പുലരുമോ) എന്ന ശീര്‍ഷകത്തോടുകൂടിയ കഥ അദ്ദേഹത്തിന്റെ കാവ്യപ്രമേയങ്ങള്‍ക്കുള്ള തീക്ഷ്ണതയും ആഖ്യാനരീതി തിരഞ്ഞെടുക്കുന്നതില്‍ അദ്ദേഹം പ്രകടിപ്പിച്ചിട്ടുളള പാടവവും വെളിപ്പെടുത്തുന്നു.

പുതുമൈപ്പിത്തനേയും രാജഗോപാലനേയും പോലെ കഥാപ്രമേയങ്ങള്‍ തിരഞ്ഞെടുക്കുന്ന കാര്യത്തിലും അവ ചിത്രീകരിക്കുന്ന രീതിയിലും ഉന്നതമാനദണ്ഡങ്ങള്‍ പാലിച്ചിരുന്ന കഥാകാരനായിരുന്നു പിച്ചമൂര്‍ത്തി. കഥാരചനയ്ക്ക് അനുയോജ്യങ്ങളായ സംഭവങ്ങളും കഥാപാത്രങ്ങളുടെ മനോവ്യാപാരങ്ങളും പരസ്പരം ഇഴുകി ചേരത്തക്കവണ്ണം കലാപരമായി വിഭാവനം ചെയ്ത് ചിത്രീകരിച്ച മറ്റൊരു മികവുറ്റ എഴുത്തുകാരനാണ് മൗനി. മിക്കപ്പോഴും കഥാപാത്രങ്ങള്‍ക്ക് പേരുകള്‍ നല്കാതെ അവന്‍ എന്നോ അവള്‍ എന്നോ ഉളള സര്‍വനാമങ്ങള്‍ മാത്രം ഉപയോഗിച്ച് പാത്രചിത്രീകരണം നടത്തിയ എഴുത്തുകാരനെന്ന നിലയില്‍ ഇദ്ദേഹം അനന്യ സദൃശനാണ്. മൗനിയുടെ അവതരണരീതി തന്നെ അനുവര്‍ത്തിച്ചുകൊണ്ട് കഥാപാത്രങ്ങളുടെ മനോവ്യാപാരങ്ങള്‍ക്ക് പ്രാധാന്യമുളള കഥകള്‍ രചിച്ച ഒരാളാണ് എല്‍.എസ്. രാമാമൃതം. അദ്ദേഹം തന്റെ മിക്ക കഥകളിലും ഒരുതരം ബോധധാരാ രീതിയാണ് ആഖ്യാനത്തില്‍ അവലംബിച്ചിട്ടുള്ളത്.

കഥാപാത്രങ്ങള്‍ തങ്ങളുടെ ഉളളിലേക്കുതന്നെ തിരിഞ്ഞു നോക്കി സ്വയം കണ്ടെത്താന്‍ ശ്രമിക്കുന്നതായി ചിത്രീകരിച്ച ക.നാ. സുബ്രഹ്മണ്യം ഒരു പ്രമുഖ നിരൂപകനും കൂടിയാണ്. മനോതത്വം എന്ന കഥയില്‍ ഇദ്ദേഹം തന്റെ കഥാപാത്രത്തിന്റെ കുറ്റബോധം മിഴിവോടുകൂടി വിശദീകരിച്ചിരിക്കുന്നു. കഥാപാത്രങ്ങളുടെ മനസ്സില്‍ നടക്കുന്ന വ്യാപാരങ്ങളെ കേന്ദ്രീകരിച്ചുകൊണ്ട് കഥകള്‍ എഴുതിയ മറ്റു മൂന്നുപേരാണ് സി.എസ്. ചെല്ലപ്പയും എന്‍. ചിദംബര സുബ്രഹ്മണ്യവും പി.ജി. സുന്ദരരാജനും.

മണിക്കൊടിക്കുവേണ്ടി കഥകള്‍ എഴുതിത്തുടങ്ങിയ ടി. ജാനകീരാമന്‍ (1921-82) ചെറുകഥയുടെ രൂപത്തിലും ഭാവത്തിലും പുതുമ കൈവരുത്തി. ഇദ്ദേഹത്തിന്റെ പിന്നാലെ വന്ന പല പുതിയ എഴുത്തുകാരും ഇദ്ദേഹത്തിന്റെ മാര്‍ഗം പിന്‍തുടരുകയും ചെയ്തു. ജാനകീരാമന്റെ രചനാശൈലിയുടെ ഒരു ഉത്തമമാതൃകയാണ് മുള്‍മുടി എന്ന കഥ. ഇദ്ദേഹത്തിന്റെ പിന്‍ഗാമികളായി ചൂണ്ടിക്കാണിക്കാവുന്ന രണ്ട് എഴുത്തുകാരാണ് എം.വി. വേങ്കടരാമുവും കരിച്ചാന്‍ കുഞ്ചുവും. പുതുമൈപ്പിത്തന്റെ സ്വാധീനത പ്രകടമാക്കുന്ന എഴുത്തുകാരാനായ രഘുനാഥന്‍ പ്രതിഷേധം തന്റെ കൃതികളിലൂടെ ശക്തമായി പ്രകടിപ്പിക്കുന്നു. ഇദ്ദേഹത്തിന്റെ രചനാശൈലി പ്രതിഫലിപ്പിക്കുന്ന കഥകള്‍ രചിച്ച ശ്രദ്ധേയനായ ഒരു കഥകൃത്താണ് ജി. അഴഗിരി സ്വാമി.

വൈരുധ്യമാര്‍ന്ന മാനുഷികാനുഭവങ്ങള്‍ കൈകാര്യം ചെയ്ത് തമിഴ് കഥാസാഹിത്യത്തില്‍ സംശ്ളേഷമായ ഒരു സ്ഥാനം ആര്‍ജിച്ച എഴുത്തുകാരനാണ് ജയകാന്തന്‍. തികഞ്ഞ യാഥാര്‍ഥ്യ പ്രതീതിയോടു കൂടിയാണ് ഇദ്ദേഹം കഥകള്‍ രചിച്ചിരുന്നതെങ്കിലും അവയിലെല്ലാം തന്നെ ശില്പസൌഷ്ഠവം പാലിക്കാന്‍ ഇദ്ദേഹത്തിനു കഴിഞ്ഞിട്ടുണ്ട്. 'നാന്‍ ഇരുക്കിറേന്‍' എന്ന കഥ വെളിപ്പെടുത്തുന്നതുപോലെ തികച്ചും മാനുഷികമായ സമീപനം അവശത അനുഭവിക്കുന്ന ജനവിഭാഗങ്ങളോടു പ്രദര്‍ശിപ്പിച്ചുകൊണ്ട് അനേകം കഥകള്‍ ഇദ്ദേഹം രചിച്ചിട്ടുണ്ട്.

സാമൂഹികോന്നമനത്തിനുവേണ്ടി കഥകള്‍ രചിച്ചവരാണ് അറിഞ്ഞര്‍ അണ്ണാ, കലൈഞ്ഞര്‍ കരുണാനിധി, ടി.കെ. ശ്രീനിവാസന്‍, തില്ലൈ വില്ലാളന്‍ തുടങ്ങിയവര്‍. അഖിലനും നാ. പാര്‍ഥസാരഥിയും നോവലെഴുത്തുകാരായിട്ടാണ് പ്രസിദ്ധി ആര്‍ജിച്ചിട്ടുളളതെങ്കിലും ശ്രദ്ധാര്‍ഹങ്ങളായ ചെറുകഥകളുടെ കര്‍ത്താക്കളും കൂടിയാണ് അവര്‍. അവശജനവിഭാഗങ്ങളോടുളള സഹാനുഭൂതി പ്രകാശിപ്പിക്കുന്നവയാണ് അവരുടെ മുഖ്യകഥകള്‍ എന്നു പറയാം.

രാജം കൃഷ്ണന്‍, ആര്‍. ചൂഡാമണി, അനുത്തമ, ലക്ഷ്മി, ശിവശങ്കരി, ഇന്ദുമതി, വാസന്തി, കോമകള്‍, താമരൈ, വിമലാരമണി, ജ്യോതിര്‍ലത ഗിരിജ എന്നിവര്‍ സ്ത്രീകഥാകൃത്തുക്കളുടെ കൂട്ടത്തില്‍ സവിശേഷ ശ്രദ്ധ അര്‍ഹിക്കുന്നവരാണ്. അംബ എന്ന എഴുത്തുകാരിയെപ്പോലെ വേറേയും പല സ്ത്രീകഥാകൃത്തുക്കളുടേയും കൃതികള്‍ ആനുകാലികങ്ങളില്‍ പ്രസിദ്ധീകൃതമായിട്ടുണ്ട്. അവയില്‍ അധികം പേരും കുടുംബജീവിതാനുഭവങ്ങള്‍ ചിത്രീകരിക്കുന്നതിലാണ് താത്പര്യം പ്രകടിപ്പിച്ചിട്ടുളളത്. സ്ത്രീകളുടെ പേര് തൂലികാനാമങ്ങളായി സ്വീകരിച്ചിട്ടുളള ചെറുകഥാകൃത്തുക്കളും ഉണ്ട്. പുഷ്പാതങ്കുതുരൈ, കുമാരി പ്രേമലത, സുജാത, ഡബ്ള്യു.ആര്‍. സ്വര്‍ണലത, സവിത, പ്രതീപ രാജഗോപാലന്‍ എന്നിവര്‍ ഇവരില്‍ പ്രമുഖരാണ്.

നൂതന പ്രവണതകള്‍. അറുപതുകളിലും അതിനേത്തുടര്‍ന്നും ഒട്ടേറെ പുതിയ കഥാകൃത്തുകള്‍ രംഗത്തു വന്നിട്ടുണ്ട്. ആനുകാലികങ്ങളില്‍ അവരുടേതായി പ്രസിദ്ധീകരിക്കപ്പെട്ടിട്ടുളള കഥകളുടെ എണ്ണം കണക്കിലെടുത്താല്‍ ഈ കാലഘട്ടത്തില്‍ കഥാസാഹിത്യത്തിന് പുതിയ ഒരു ചലനം ഉണ്ടായിട്ടുണ്ടെന്നു പറയാം. പാശ്ചാത്യരാജ്യങ്ങളിലെ പുതിയ ദാര്‍ശനിക സമീപനങ്ങള്‍ ഈ കഥാകൃത്തുക്കളില്‍ പലരുടേയും കഥാരചനയെ നിര്‍ണായകമായി സ്വാധീനിച്ചിട്ടുണ്ട്. അതേസമയം തങ്ങള്‍ക്കു ചുറ്റുമുളള ജീവിതത്തെ തങ്ങളുടേതായ കാഴ്ചപ്പാടിലൂടെ കഥകളില്‍ ചിത്രീകരിക്കാന്‍ അവരില്‍ പലരും മനസ്സിരുത്തിയിട്ടുമുണ്ട്. രാജനാരായണന്‍ (1930- ), അശോകമിത്രന്‍ (1931- ) എന്നിവര്‍ ഇക്കൂട്ടത്തില്‍ പ്രത്യേക പരാമര്‍ശമര്‍ഹിക്കുന്നു. ഒരു പ്രമുഖ നോവലിസ്റ്റു കൂടിയായ നീലപദ്മനാഭന്‍ (1938- ) തനതായ ജീവിതവീക്ഷണവും ആഖ്യാനശൈലിയും കഥകളില്‍ സാക്ഷാത്കരിച്ചിട്ടുളള എഴുത്തുകാരനാണ്. വണ്ണദാസന്‍, ജയപ്രകാശം, ബാലകുമാരന്‍, പൂമണി, വല്ലിക്കണ്ണന്‍, ഇന്ദിരാപാര്‍ഥസാരഥി, സുജാത, വണ്ണനിലവന്‍, മാലന്‍, നകുലന്‍, സിന്ധുജ, രാജേന്ദ്രചോഴന്‍, മലര്‍ മന്നന്‍, രാജേന്ദ്രകുമാര്‍, കൃഷ്ണന്‍ നമ്പി, രാജാറാം, സാംകന്തസ്വാമി, പാ. കണ്ണന്‍, ജയരാമന്‍ തുടങ്ങിയ മറ്റു പല പുതിയ എഴുത്തുകാരും ഇരുപതാം നൂറ്റാണ്ടിന്റെ അന്ത്യദശകങ്ങളില്‍ കഥാകൃത്തുക്കളായി രംഗത്തു വരികയും ആസ്വാദകരുടെ ശ്രദ്ധ ആകര്‍ഷിക്കുകയും ചെയ്തിട്ടുണ്ട്.

ഇലക്കിയവട്ടം, നാടി, കചടതബര, എഴുത്തു, ദീപം, കനൈയാഴി തുടങ്ങിയ പുതിയ ആനുകാലിക പ്രസിദ്ധീകരണങ്ങളുടെ വര്‍ധന ചെറുകഥാരചനയ്ക്ക് വളരെ പ്രോത്സാഹകമായിട്ടുണ്ട്. ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിക്കുന്നതിനുവേണ്ടി കഥകള്‍ എഴുതിയിട്ടുളളവരില്‍ നല്ലൊരു വിഭാഗം തങ്ങളുടേതായ പ്രത്യേക ജീവിത വീക്ഷണങ്ങളും ആഖ്യാനശൈലികളും കണ്ടെത്തി സാഹിത്യലോകത്ത് സ്ഥിരപ്രതിഷ്ഠ നേടുകയും ചെയ്തിട്ടുണ്ട്. അങ്ങനെ ചെറുകഥ തമിഴില്‍ ഏറ്റവും കൂടുതല്‍ പ്രചാരവും അംഗീകാരവും നേടിയിട്ടുളള സാഹിത്യശാഖയായി വികസിച്ചിരിക്കുന്നു.

നോവല്‍

ബ്രിട്ടീഷുകാരുടെ ഭരണകാലത്ത് ഇന്ത്യയില്‍ ഇംഗ്ളീഷ് വിദ്യാഭ്യാസം നിലവില്‍ വരികയും അതിന്റെ ഫലമായി അഭ്യസ്തവിദ്യരായ ഇന്നാട്ടുകാര്‍ ഇംഗ്ളീഷ് സാഹിത്യത്തെക്കുറിച്ച് അറിവു നേടുകയും ചെയ്തതോടുകൂടി പാശ്ചാത്യസാഹിത്യത്തിന്റെ ഗദ്യരൂപങ്ങളില്‍ ഒന്നായ നോവല്‍ ഇന്നാട്ടുകാര്‍ക്ക് പരിചിതമായിത്തീര്‍ന്നു. തമിഴിലേക്കും മറ്റു ഭാരതീയ ഭാഷകളിലേക്കും ഇംഗ്ളീഷില്‍ നിന്ന് ആദ്യം കടന്നുവന്ന സാഹിത്യരൂപങ്ങളിലൊന്നാണ് നോവല്‍. നോവല്‍രൂപത്തില്‍ തമിഴില്‍ ഉണ്ടായ പ്രഥമ കൃതിയായി കണക്കാക്കപ്പെടുന്നത് സാമുവല്‍ വേദനായകംപിളളയുടെ പ്രതാപമുതലിയാര്‍ ചരിത്രം (1879) ആണ്. വാസ്തവത്തില്‍ അത് നോവലിന്റെ ലക്ഷണമൊത്ത മാതൃകയല്ല. മുഖ്യകഥാപാത്രം തന്നെ തന്റെ ജീവിതത്തിലെ അനുഭവങ്ങള്‍ ഓരോന്നായി വിവരിച്ചുപോകുന്ന രീതിയില്‍ എഴുതപ്പെട്ട ആത്മകഥാസദൃശമായ ഒരു സാഹിത്യകൃതിയാണിത്.

"തമിഴില്‍ ഗദ്യഗ്രന്ഥങ്ങളുടെ കുറവ് നികത്താനും ഞാന്‍ മുമ്പെഴുതിയ പുസ്തകങ്ങളിലെ സന്മാര്‍ഗതത്ത്വങ്ങള്‍ പ്രായോഗികമായി ചിത്രീകരിക്കാനും വേണ്ടിയാണ് ഈ നോവലെഴുതുന്നത്...... എന്നാണ് ഗ്രന്ഥരചനയെപ്പറ്റി പ്രതാപമുതലിയാര്‍ ചരിത്രത്തിന്റെ ആമുഖത്തില്‍ അദ്ദേഹം രേഖപ്പെടുത്തിയിരിക്കുന്നത്. ഒരു നോവലിന്റെ ഇതിവൃത്തത്തിനു യോജിച്ച രൂപത്തില്‍ കഥാനായകന്റെ ജീവിതാനുഭവങ്ങള്‍ വിഭാവനം ചെയ്ത് ഒരു സാഹിത്യകൃതിക്ക് അവശ്യം വേണ്ടതായ വിശ്വാസ്യതയോടും ഇതിവൃത്തഘടനയോടുംകൂടി രചന നിര്‍വഹിക്കുവാന്‍ ഗ്രന്ഥകാരനു കഴിഞ്ഞിട്ടില്ല. അതിനുമുമ്പ് തമിഴില്‍ എഴുതപ്പെട്ടിരുന്ന പരമാര്‍ഥകതൈ (ഫാ. ബെസ്ചി, 1822), പഞ്ചതന്ത്രകതൈ (താണ്ഡവരായ മുതലിയാര്‍, 1826), കട്ടുകതൈകള്‍ (ഈസപ്പ്, 1893), മദനകാമരാജന്‍കതൈ (1855), തമിഴറിയും പെരുമാള്‍ കതൈ (1869) എന്നിവയിലെ രചനോദ്ദേശ്യത്തിന്റെ പാരമ്യമാണ് വേദനായകംപിള്ളയുടെ നോവലില്‍ സാക്ഷാത്കരിച്ചിട്ടുളളത്.

വേദനായകംപിളളയുടെ പ്രസ്തുത കൃതി നോവലിന്റെ ഒരു ഉത്തമ മാതൃകയല്ലെങ്കിലും അദ്ദേഹത്തെ പിന്‍തുടര്‍ന്ന് മറ്റു പലരും നോവലിനു സദൃശമായ രൂപത്തില്‍ കഥ പറയുന്ന കൃതികള്‍ രചിക്കാന്‍ തുടങ്ങി. രാജം അയ്യര്‍ ദക്ഷിണേന്ത്യന്‍ ബ്രാഹ്മണരുടെ കുടുംബജീവിതം ചിത്രീകരിക്കുക എന്ന ഉദ്ദേശ്യത്തോടു കൂടി രചിച്ച കമലാംബാള്‍ ചരിത്രം ആണ് ഇക്കൂട്ടത്തില്‍ ആദ്യത്തെ കൃതി. അത് 1893-ല്‍ വിവേകചിന്താമണി മാസികയില്‍ തുടര്‍ക്കഥയായി പ്രസിദ്ധീകരിക്കപ്പെട്ടു. മൂന്നാമത്തെ നോവല്‍ എന്നു പറയാവുന്ന പദ്മാവതീ ചരിത്രം (1898) എഴുതിയത് ഒരു ഗവണ്‍മെന്റ് ഉദ്യോഗസ്ഥനായിരുന്ന മാധവയ്യ (1872-1925) ആയിരുന്നു. ഒരു ബ്രാഹ്മണ കുടുബത്തിന്റെ ജയപരാജയങ്ങള്‍ ചിത്രീകരിക്കുന്ന കഥയാണ് ഇതില്‍ പ്രതിപാദിച്ചിട്ടുളളത്. ഇതിന്റെ പിന്നാലെ എസ്.എം. നടേശശാസ്ത്രി നോവലിന് സദൃശങ്ങളായ എട്ടു കൃതികള്‍ പുറത്തിറക്കി (1859-1906). ശാസ്ത്രിയുടെ കോമളം കുമരിയാനത് എന്ന കൃതിയില്‍ അസാധാരണങ്ങളായ പ്രമേയങ്ങള്‍ കഥാരൂപത്തില്‍ ചിത്രീകരിക്കുന്നതില്‍ ഗ്രന്ഥകാരനുളള പാടവം വ്യക്തമാക്കിയിരിക്കുന്നു. ഇവിടെ പരാമര്‍ശമര്‍ഹിക്കുന്ന മറ്റൊരു ആദ്യകാല നോവലിസ്റ്റ് ടി.എം. പൊന്നുസ്വാമിപിളള (1855-1915) ആണ്. അദ്ദേഹത്തിന്റെ നോവലുകളില്‍ ആദ്യത്തേതായ കമലാക്ഷി (1903) സങ്കീര്‍ണമായ ഇതിവൃത്തവും രസകരമായ സംഭാഷണവും കൊണ്ട് ആസ്വാദ്യകരമാണ്.

കുറ്റാന്വേഷണ നോവലുകള്‍. തമിഴിലെ ആദ്യത്തെ കുറ്റാന്വേഷണ നോവലായ തനവന്റെ (1894) കര്‍ത്താവും ശാസ്ത്രി തന്നെയാണ്. കുറ്റാന്വേഷണ നോവലുകള്‍ ആര്‍ജിച്ച ജനപ്രീതി നിമിത്തം അത്തരം ധാരാളം കൃതികള്‍ പില്ക്കാലത്ത് രചിക്കപ്പെട്ടു. അവയില്‍ അധികവും വിദേശഭാഷാ നോവലുകളെ അനുകരിച്ച് എഴുതപ്പെട്ടവയാണ്. ഉദാഹരണമായി ആരണി കുപ്പുസ്വാമി മുതലിയാര്‍ (1867-1925) രചിച്ച കര്‍പ്പകചോലൈ, കര്‍ക്കോട്ടൈ, അര്‍പ്പുദകൊലൈ, മഞ്ചള്‍ അനൈ മര്‍മം എന്നിവയും വടൂര്‍ ദൊരസ്വാമി അയ്യങ്കാര്‍ (1880-1942) രചിച്ച ദിഗംബരസ്വാമിയാര്‍, മേനക എന്നീ നോവലുകളും ചൂണ്ടിക്കാണിക്കാം. രംഗരാജുവിന്റെ ചന്ദ്രകാന്താ (1955), തമിഴ് വാണന്റെ കണ്ണില്‍ കലര്‍ന്തകണ്ണേ (1961), ആറ് അഴകികള്‍ (1973), മരുതമലൈചാരലിലെ (1974), ദേവന്‍ രചിച്ച ജസ്റ്റിസ് ജഗന്നാഥന്‍ (1960), രംഗരാജന്‍ എന്നു പേരുളള സുജാത (തൂ.നാ.) രചിച്ച അനിതാ ഇളം മനൈവി (1971), നിര്‍വാണനഗരം (1978) കരയെല്ലാം ചെണ്‍പകപ്പു (1979), കൊലൈ ഉതിര്‍കാലം (1981), രാജേഷ്കുമാര്‍ രചിച്ച ഉന്നുടയകണ്‍കള്‍ മട്ടും, ആപത്ത് ഇങ്കേ ഈര്‍ക്കിറത്, പട്ടുക്കോട്ടൈ പ്രഭാകര്‍ രചിച്ച അവന്‍ തപ്പക്കൂടാത് (1982), തോഴാ തോറ്റുപ്പോ (1984) എന്നീ കൃതികളും പ്രസിദ്ധമാണ്. ദേവീബാല, ശുഭ എന്നീ എഴുത്തുകാരികളും കുറ്റാന്വേഷണ നോവലിസ്റ്റുകളായി അറിയപ്പെടുന്നു.

ഭാരതീയ നവോത്ഥാനവും നോവലും. സുബ്രഹ്മണ്യ ഭാരതി ദേശാഭിമാന നിര്‍ഭരമായ കവിതകള്‍ രചിച്ച് തമിഴ്സാഹിത്യത്തില്‍ ഒരു നവോത്ഥാനദശ സൃഷ്ടിച്ചു. ഈ കാലത്തുതന്നെ ബംഗാളിലെ ബങ്കിംചന്ദ്രചാറ്റര്‍ജി, ശരച്ചന്ദ്രചാറ്റര്‍ജി എന്നിവരുടെ പ്രസിദ്ധ നോവലുകള്‍ പലതും ടി.എന്‍. കുമാരസ്വാമി തമിഴിലേക്ക് പരിഭാഷപ്പെടുത്തി. അവ തമിഴ് വായനക്കാരുടെ വീക്ഷണഗതിയിലും സാഹിത്യാഭിരുചിയിലും മാറ്റങ്ങള്‍ വരുത്താന്‍ സഹായകമായി. ആനന്ദവികടന്റെ പത്രാധിപത്യം ഏറ്റെടുത്ത കല്ക്കി കൃഷ്ണമൂര്‍ത്തി തമിഴ് നോവലിന്റെ രൂപഭാവങ്ങളില്‍ സാരമായ മാറ്റം വരുത്തി. അദ്ദേഹത്തിന്റെ ഭാഷാശൈലിയും രചനാരീതിയും ജനസാമാന്യത്തെ വളരെയധികം ആകര്‍ഷിച്ചു. കല്ക്കിയുടെ കണൈയാഴിയിന്‍ കനവു, കള്‍വനിന്‍ കാതലി എന്നീ നോവലുകള്‍ കഥാപാത്രസങ്കല്പത്തിന്റേയും നവീന രചനാരീതിയുടേയും നാടകീയത കൊണ്ട് വായനക്കാര്‍ക്ക് പ്രിയങ്കരങ്ങളായിത്തീര്‍ന്നു. സാവിത്രി എന്ന യുവതിയുടെ വിഷാദനിര്‍ഭരമായ ജീവിതത്തെ കേന്ദ്രമാക്കിക്കൊണ്ട് കല്ക്കി രചിച്ച ത്യാഗഭൂമി എന്ന നോവല്‍ തമിഴ് സാഹിത്യത്തിന് ഒരു പുതിയ മാതൃകയായി ഭവിച്ചു. ഇന്ത്യാ ചരിത്രത്തെ പശ്ചാത്തലമാക്കിക്കൊണ്ട് കല്ക്കി രചിച്ച പ്രശസ്ത കൃതിയായ പാര്‍ഥിപന്‍ കനവ് തമിഴിലെ ആദ്യത്തെ ചരിത്രനോവലായി കണക്കാക്കപ്പെടുന്നു. ഈ നോവലിന്റെ വിജയത്താല്‍ പ്രചോദിതനായ അദ്ദേഹം ശിവകാമിയില്‍ ശപഥം (1945), പൊന്നിയില്‍ ശെല്‍വന്‍ (1950) എന്നീ രണ്ട് ചരിത്ര നോവലുകള്‍ കൂടി എഴുതുകയുണ്ടായി. അദ്ദേഹത്തിന്റെ അലൈഓശൈ (1953) എന്ന നോവല്‍ ഇന്ത്യന്‍ സ്വാതന്ത്യസമരത്തെ പശ്ചാത്തലമാക്കി രചിക്കപ്പട്ട ശ്രദ്ധാര്‍ഹമായ കൃതിയാണ്. ഈ നോവലിന് കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് ലഭിക്കുകയുണ്ടായി. ഏകദേശം ഇതേ കാലഘട്ടത്തില്‍ ആര്‍.കെ.നാരായണന്‍ രചിച്ച സ്വാമിയും സ്നേഹിതര്‍കളും സാധാരണ വായനക്കാര്‍ക്കു മാത്രമല്ല ബാലികാബാലന്മാര്‍ക്കും ആസ്വാദനത്തിനു വക നല്കുന്ന, ഉന്നത നിലവാരമുളള രചനയാണ്.

മണിക്കൊടിയും തമിഴ് നോവലും. 1933-ല്‍ പ്രസിദ്ധീകരിച്ചു തുടങ്ങിയ മണിക്കൊടി എന്ന മാസിക തമിഴ് സാഹിത്യലോകത്ത് വലിയ ഒരു പരിവര്‍ത്തനം വരുത്തി. മണിക്കൊടി സൃഷ്ടിച്ച പുതിയ അന്തരീക്ഷത്തില്‍ പ്രതിഭാശാലികളും പരിവര്‍ത്തനേച്ഛുക്കളുമായ ഏതാനും സാഹിത്യകാരന്മാര്‍ രംഗപ്രവേശം ചെയ്തു. പുതുമൈപ്പിത്തന്‍, ബി.എസ്. രാമയ്യ, വി. രാമസ്വാമി അയ്യങ്കാര്‍ (1889-1951) എന്നിവരാണ് ഈ പുതിയ എഴുത്തുകാരില്‍ പ്രമുഖര്‍. പുതുമൈപ്പിത്തന്റെ തുമ്പക്കേണ് തുടങ്ങിയ ചെറുനോവലുകള്‍ നോവല്‍ സാഹിത്യത്തില്‍ വന്നുചേര്‍ന്ന പരിവര്‍ത്തനത്തിന് ദൃഷ്ടാന്തങ്ങളാണ്. ഇതേകാലത്ത് രാമകൃഷ്ണമൂര്‍ത്തിയുടെ നേതൃത്വത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ട കല്ക്കി അതിനു പിന്നാലെ പുറത്തിറങ്ങിയ കുമുദം എന്നീ പ്രസിദ്ധീകരണങ്ങള്‍ ആനന്ദവികടനെ പിന്തള്ളിക്കൊണ്ട് വായനക്കാരുടെ ശ്രദ്ധ പിടിച്ചുപറ്റി. ഈ വാരികകളില്‍ ഖണ്ഡശഃ പ്രസിദ്ധീകരിക്കപ്പട്ടുകൊണ്ടിരുന്ന നോവലുകള്‍ ജനങ്ങളുടെ സാഹിത്യാഭിരുചിക്കു രൂപം കൊടുക്കുന്നതില്‍ അതിപ്രധാനമായ പങ്കുവഹിച്ചു. അധികം താമസിയാതെ പുറത്തുവന്ന കലൈമകള്‍ (1932) എന്ന സാഹിത്യമാസികയും സമകാലിക നോവല്‍ സാഹിത്യത്തിന്റെ സ്വഭാവം നിര്‍ണയിക്കുന്ന ഒരു ശക്തിയായി മാറി. ബംഗാളിഭാഷയിലെ ബങ്കിംചന്ദ്രചാറ്റര്‍ജി, ശരച്ചന്ദ്രചാറ്റര്‍ജി, രവീന്ദ്രനാഥ ടാഗൂര്‍ എന്നീ മുന്തിയ എഴുത്തുകാരുടെ വിഖ്യാത നോവലുകളും ചന്തുമേനോന്റെ ഇന്ദുലേഖ എന്ന മലയാള നോവലും ഇതേ കാലത്ത് തമിഴിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടു. വിക്ടര്‍ യൂഗോയുടെ ലാ മിസറബിളെ, ഖണ്ഡേക്കര്‍ തുടങ്ങിയവരുടെ മറാഠിനോവലുകള്‍ എന്നിവ തമിഴിലേക്ക് തര്‍ജുമ ചെയ്യപ്പട്ടതും ഇക്കാലത്താണ്. ഈ അന്യഭാഷാ കൃതികള്‍ തമിഴ് നോവലെഴുത്തുകാരുടെ മനസ്സില്‍ സൃഷ്ടിച്ച പ്രതികരണങ്ങള്‍ തമിഴ് നോവലിന്റെ രൂപഭാവങ്ങളില്‍ പരിവര്‍ത്തനം വരുത്താന്‍ തുടങ്ങി.

ജനപ്രിയനോവലുകളുടെ രൂപഭാവങ്ങളും അവ സാമാന്യ വായനക്കാര്‍ക്കിടയില്‍ വളര്‍ത്തിയ അഭിരുചികളും സാഹിത്യത്തെ ഗൗരവപൂര്‍വം വീക്ഷിക്കുന്ന കാ.നാ. സുബ്രഹ്മണ്യം പോലുളള പല എഴുത്തുകാരുടെയും കര്‍ക്കശമായ വിമര്‍ശനത്തിന് വിഷയമായി. തമിഴ് ജനതയുടേയും തമിഴ്ഭാഷയുടേയും മഹത്ത്വം ഉയര്‍ത്തിക്കാട്ടാനും ജനസമൂഹത്തിന് അവയില്‍ അഭിമാനം വളര്‍ത്താനും വേണ്ടിയുളള പരിശ്രമം ഏകദേശം ഇതേകാലത്ത് തമിഴ്നാട്ടില്‍ ആരംഭിക്കുകയുണ്ടായി. അതിനു ശക്തമായ അടിത്തറ പാകിയത് 'സ്വയമര്യാദ' പ്രസ്ഥാനത്തിന് തുടക്കം കുറിച്ച ഇ.വി. രാമസ്വാമി നായ്ക്കര്‍ ആയിരുന്നു. ഈ പ്രസ്ഥാനത്തില്‍ നിന്നു പ്രചോദനം കൊണ്ട പല എഴുത്തുകാരും ജനങ്ങളില്‍ തമിഴ്ഭാഷാപ്രേമവും തമിഴ്നാടിനെക്കുറിച്ചുളള അഭിമാവും വളര്‍ത്താന്‍ ഉതകുന്ന സാഹിത്യകൃതികള്‍ രചിക്കാന്‍ ഉദ്യുക്തരായി. ദ്രാവിഡമുന്നേറ്റകഴകത്തിന്റെ സ്ഥാപകനായ സി.എന്‍.അണ്ണാദുരൈ (1909-1969) ആണ് ഈ സാഹിത്യപ്രസ്ഥാനത്തിന് തുടക്കം കുറിച്ച പ്രതിഭാശാലി. എന്നാല്‍ ഭാഷാഭിമാനവും തമിഴ്സംസ്കാരത്തോടുളള ഭക്തിയും വികാരനിര്‍ഭരമായ ശൈലിയില്‍ പ്രകാശിപ്പിക്കുന്ന നോവലുകള്‍ പൊതുവേതന്നെ സാഹിത്യമൂല്യം കുറഞ്ഞവയായതുകൊണ്ട് അവയ്ക്ക് സാഹിത്യചരിത്രത്തില്‍ വലിയ സ്ഥാനം ലഭിച്ചില്ല.

സാമൂഹികനോവല്‍ കല്ക്കിക്കുശേഷം. അഖിലന്‍ (അഖിലാണ്ഡം) രചിച്ച പ്രധാനപ്പെട്ട നോവലുകള്‍ നെഞ്ചിന്‍ അലൈകള്‍, പാവൈവിളക്ക്, പെണ്‍, വേങ്കയില്‍ മൈന്തന്‍, എങ്കേ പോകിറോം, ചിത്തിരപ്പാവൈ എന്നിവയാണ്. ചിത്തിരപ്പാവൈയ്ക്ക് ജ്ഞാനപീഠം ലഭിച്ചിട്ടുണ്ട്. ദീപം എന്ന ലിറ്റില്‍ മാഗസീനിന്റെ പത്രാധിപരായിരുന്ന നാ.പാര്‍ഥസാരഥി കുറിഞ്ചിമലര്‍, പൊന്‍വിലങ്കു, സമുദായവീഥി, തുളസിമാടം എന്നിവയുടെ കര്‍ത്താവാണ്. സമുദായ വീഥി കേന്ദ്രസാഹിത്യ അക്കാദമിയുടെ അവാര്‍ഡിന് അര്‍ഹമായി. കൊത്തമംഗലം സുബ്ബുവിന്റെ ശ്രദ്ധാര്‍ഹമായ നോവലാണ് തില്ലാനാ മോഹനാംബാള്‍. നോവലുകളിലൂടെ ആദര്‍ശങ്ങളും തത്ത്വങ്ങളും ജനങ്ങള്‍ക്കിടയില്‍ പ്രചരിപ്പിക്കാന്‍ ആഗ്രഹിച്ച മു.വരദരാജന്‍ ഉദ്ബോധനപരമായ പല നോവലുകളും എഴുതുകയുണ്ടായി. അദ്ദേഹത്തിന്റെ പ്രധാനപ്പെട്ട കൃതികളുടെ കൂട്ടത്തില്‍ കള്ളോ കാവ്യമോ, കരിത്തുണ്ട്, നെഞ്ചില്‍ ഒരു മുള്‍, അകല്‍വിലക്ക്, അല്ലി, കയമൈ, മണ്‍കൂടിശൈ എന്നിവ ഉള്‍പ്പെടുന്നു. നോവലുകളില്‍ ധാരാളം ഉപമകള്‍ പ്രയോഗിച്ചുവന്ന ഒരെഴുത്തുകാരനാണ് കു.രാജവേലു. കാതല്‍ തൂമ്പികിറതു, മകിഴിപ്പു, ഇളവേലിന്‍, കാന്തമുള്‍ എന്നിവയാണ് അദ്ദേഹത്തിന്റെ പ്രസിദ്ധ നോവലുകള്‍. സുന്ദരി, കോതൈത്തീവു എന്നീ നോവലുകളുടെ കര്‍ത്താവായ വ.ര. (വ. രാമസ്വാമി)യും ശ്രദ്ധേയനാണ്. എസ്.പി.അണ്ണാമലൈ എഴുതിയ കാതലെന്നും തീവിനിലേ, സോമു എഴുതിയ തന്തൈയും തായും, രഘുനാഥന്‍ രചിച്ച പുയല്‍, രംഗരാജന്‍ രചിച്ച പടകു വീടു, കി.രാജനാരായണന്‍ രചിച്ച ഗോപല്ലപുരം എന്നിവയും പ്രത്യേക പരാമര്‍ശമര്‍ഹിക്കുന്നു.

പുതിയ പ്രവണതകള്‍. നോവല്‍ സാഹിത്യത്തില്‍ പുതിയ പ്രവണതകള്‍ക്ക് തുടക്കം കുറിച്ചത് സുന്ദരരാമസ്വാമിയാണ്. അദ്ദേഹം തകഴി ശിവശങ്കരപിളളയുടെ തോട്ടിയുടെ മകന്‍, ചെമ്മീന്‍ എന്നീ നോവലുകള്‍ തമിഴിലേക്കു പരിഭാഷപ്പെടുത്തി. അദ്ദേഹത്തിന്റെ ആദ്യത്തെ നോവലായ പുളിയമരത്തിന്‍ കതൈ സാഹിത്യലോകത്തിന്റെ പ്രത്യേക ശ്രദ്ധ ആകര്‍ഷിച്ചു. അതിനെത്തുടര്‍ന്ന് അദ്ദേഹം രചിച്ച ജെ.ജെ. ചില കുറിപ്പുകള്‍, പെണ്‍കള്‍, ആണ്‍കള്‍, കുഴന്തൈകള്‍ എന്നീ നോവലുകളും അനന്യ സദൃശങ്ങളാണ്. ഇവയിലൂടെ സുന്ദര രാമസ്വാമി ഇന്ത്യന്‍ നോവലുകളുടെ ചരിത്രത്തില്‍ ഒരു പ്രത്യേക സ്ഥാനം കരസ്ഥമാക്കി. പുതുമയുളള ഇതിവൃത്തങ്ങളും കഥാപാത്രങ്ങളും, ആസ്വാദകരുടെ മനസ്സില്‍ മായാത്ത മുദ്ര അര്‍പ്പിക്കാന്‍ പര്യാപ്തങ്ങളായ ബിംബങ്ങളുടെ പ്രയോഗം, മൗലികതകൊണ്ട് വായനക്കാരുടെ മാത്രമല്ല നിരൂപകരുടേയും ആദരവു നേടുവാനുതകുന്ന ആഖ്യാനരീതി എന്നിവ ഈ നോവലുകളെ മറ്റു തമിഴ് നോവലുകളില്‍ നിന്നെല്ലാം വേര്‍തിരിച്ചു നിര്‍ത്തുന്നു.

സുന്ദരരാമസ്വാമിയുടെ നോവലുകളില്‍ നിന്നു വ്യത്യസ്തമായ ഭാവവും രൂപവും കാഴ്ചവയ്ക്കുന്ന കൃതികളെന്ന നിലയില്‍ ജഗസിര്‍പ്പിയന്‍ രചിച്ച മണ്ണില്‍ കൂരല്‍, ഇന്ദിരപാര്‍ത്ഥസാരഥിയുടെ കുരുതിപൂനല്‍, മായമാന്‍വേട്ടൈ എന്നിവയും പല സവിശേഷതകളുമുള്‍ക്കൊളളുന്ന മികച്ച കൃതികളാണ്.

പ്രാദേശിക ഭാഷകളിലും പ്രത്യേക സമുദായങ്ങളില്‍പ്പെട്ടവര്‍ സംസാരിക്കുന്ന ഭാഷാഭേദങ്ങളിലും നിരവധി നോവലുകള്‍ എഴുതപ്പെട്ടിട്ടുണ്ട്. ഷണ്‍മുഖസുന്ദരത്തിന്റെ അറവടൈ, ചട്ടി ചുട്ടതു, നാഗമ്മാള്‍ എന്നിവ കോയമ്പത്തൂരിലെ തമിഴ്ഭാഷാ ഭേദത്തിലാണ് രചിക്കപ്പെട്ടിരിക്കുന്നത്. കന്യാകുമാരി ജില്ലക്കാരിയായ ഹെപ്സി ബാ യേശുദാസന്‍ ആ ജില്ലയിലെ നാടാര്‍ സമുദായത്തില്‍പ്പെട്ട ജനങ്ങള്‍ സംസാരിക്കുന്ന ഭാഷയില്‍ എഴുതിയിട്ടുള്ള നോവലുകളാണ് പുത്തന്‍ വീട്, ഡോ. ചെല്ലപ്പ, മോനി എന്നിവ.

നവീന നോവലുകള്‍. മറ്റു ഭാരതീയഭാഷകളിലെന്നതുപോലെ തമിഴ് നോവല്‍ സാഹിത്യത്തിലും നവീന പ്രവണതകള്‍ പ്രദര്‍ശിപ്പിക്കുന്ന കൃതികള്‍ ഉണ്ടായിട്ടുണ്ട്. ജീവിത സമീപനത്തിലും രചനാശില്പത്തിലും പുതുമ പ്രദര്‍ശിപ്പിക്കുന്ന ഒന്നിലധികം നോവലുകളുടെ കര്‍ത്താവെന്ന നിലയില്‍ നീല പദ്മനാഭന്‍ പ്രശസ്തനാണ്. ഇദ്ദേഹത്തിന്റെ ആദ്യകാലനോവലുകളില്‍ ഒന്നായ തലൈമുറകള്‍ ഇതര നോവലുകളായ പളളികൊണ്ടപുരം (തമിഴില്‍ തിരുവനന്തപുരത്തിനു നല്‍കിയിരുന്ന പേര്) തേരോടും വീഥി, ഉറവുകള്‍ എന്നിവ മൗലികത അവകാശപ്പെടാവുന്ന കൃതികളാണ്. ഉറവുകള്‍ എന്ന നോവല്‍ നീല പദ്മനാഭന് രാജാ അണ്ണാമല ചെട്ടിയാര്‍ അവാര്‍ഡ് നേടിക്കൊടുത്തു. തിരുവനന്തപുരം വാസിയായ അ. മാധവന്റെ പുനലും മണലും എന്ന കൃതിയും തമിഴിലെ നവീന നോവല്‍ പ്രസ്ഥാനത്തിന് ഒരു മാതൃകയാണ്. തിരുവനന്തപുരത്തിനു സമീപത്തുളള നദീതീരങ്ങളില്‍ നിന്ന് മണല്‍ വാരുന്ന ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുടെ ജീവിതമാണ് ഈ നോവലിന്റെ പ്രമേയം. സി.എസ്. ചെല്ലപ്പയുടെ ജീവനാംശം, വല്ലിക്കണ്ണന്റെ നിനൈവുച്ചിരം, അലൈമോതും കടലോരത്തില്‍ എന്നിവയും മികച്ച നവീന നോവലുകളാണ്.

വിഖ്യാത നിരൂപകനായ ക.നാ.സുബ്രഹ്മണ്യവും നോവലിസ്റ്റ് എന്ന നിലയില്‍ ശ്രദ്ധ ആര്‍ജിച്ചിട്ടുണ്ട്. ഒരു നാള്‍, പൊയ്ത്തേവു, അസുരഗണം, താമസ് വന്താര്‍ എന്നിവയാണ് അദ്ദേഹത്തിന്റെ നോവലുകള്‍. അനേകം നോവലുകളുടെ കര്‍ത്താവെന്ന നിലയില്‍ പ്രശസ്തനായിട്ടുളള ജയകാന്തന്റെ പ്രധാനപ്പെട്ട കൃതികളില്‍ ചിലതാണ് സിനിമാവുക്കുപോന ചിത്താള്‍, ചില നേരങ്ങളില്‍ ചില മനിതര്‍കള്‍, ഒരു നടികൈ നാടകം പാക്കിറാള്‍, ജയശങ്കര എന്നിവ. കന്തസ്വാമി രചിച്ച ച്ഛായാവരം, അവന്‍ ആനതു എന്നീ നോവലുകളും എസക്ക് അരുമരാജന്‍ രചിച്ച കീറല്‍കള്‍, അഴുക്കുകള്‍ എന്നിവയും ഇവിടെ പരാമര്‍ശമര്‍ഹിക്കുന്നു. സുരേഷ്, ഇദയം, പെരുമാള്‍ മുക്കുകള്‍, ഇരാമുനകന്‍, സല്‍മാ, തമിഴവന്‍, എസ്. രാമകൃഷ്ണന്‍, ശിവകാമി, പാറു എന്നിവരും ശ്രദ്ധേയരാണ്.

ചരിത്രനോവലുകള്‍. മറ്റ് വികസിത ഭാഷകളിലെന്നപോലെ തമിഴിലും ചരിത്രപശ്ചാത്തലമുളള ഇതിവൃത്തങ്ങള്‍ ചിത്രീകരിക്കുന്ന ഏതാനും നോവലുകള്‍ ഉണ്ടായിട്ടുണ്ട്. അവയില്‍ ചാണ്ഡില്യന്‍ രചിച്ച കടല്‍പ്പുറ ജീവഭൂമി, മലൈവാസല്‍ കോ.വി. മണിശേഖരന്റെ അഗ്നികോപം, പീലിവളൈ, ചെമ്പിയന്‍ ശെല്‍വി, ജഗചിര്‍പ്പിയന്റെ നന്ദിവര്‍മന്‍ കാതലി, തിരുച്ചുറ്റമ്പലം, വിക്രമന്റെ നന്ദിപുരത്തുനായകി, പ്രപഞ്ചന്റെ മഹാനദി, മാനിടം വെല്ലും, രാജം കൃഷ്ണന്റെ കുറുഞ്ചിത്തേന്‍, സി.ആര്‍. രാജമ്മ എഴുതിയ വാനമ്പാടി, അനുരാധാരമണന്റെ വസന്തകാലപൂക്കള്‍, ശിവശങ്കരിയുടെ ത്രിവേണി സംഗമം എന്നിവ പ്രധാനമാണ്.

നാടകം

തമിഴ് സാഹിത്യത്തില്‍ മൂന്ന് സംഘങ്ങള്‍ ഉണ്ടായിരുന്നതുപോലെ, മൂന്നു തരം ഭാഷാപ്രയോഗങ്ങളും നിലവിലുണ്ടായിരുന്നു. ഇയല്‍തമിഴ്, ഇശൈതമിഴ്, നാടകത്തമിഴ് എന്നിവയാണ് ആ മൂന്നെണ്ണം. ഇയല്‍ത്തമിഴില്‍ സംഘകാലത്തിന്റെ ആരംഭംതൊട്ട് ആധുനികകാലം വരെ രചിക്കപ്പെട്ട അസംഖ്യം കൃതികള്‍ ലഭ്യമാണ്. ഇശൈത്തമിഴിലും പ്രാചീനകാലംതൊട്ട് ധാരാളം സംഗീതകൃതികള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ നാടകത്തമിഴില്‍ പ്രചീനങ്ങളായ ചില കൃതികള്‍ ഉണ്ടായിട്ടുണ്ടെന്ന് പുരാതന രേഖകളിലും ഗ്രന്ഥവ്യാഖ്യാനങ്ങളിലും പരാമര്‍ശിച്ചിട്ടുണ്ടെങ്കിലും ആ നാടക കൃതികളൊന്നും ലഭ്യമായിട്ടില്ല. നാടകത്തിന്റെ ലക്ഷണങ്ങള്‍ വിവരിച്ചിട്ടുളള ചില ഗ്രന്ഥങ്ങളുടെ പേരുകള്‍ നമുക്ക് അറിയാന്‍ കഴിഞ്ഞിട്ടുണ്ട്. അവ അകത്തിയം, ഗുണനൂല്‍, മുറുവല്‍ എന്നിവയാണ്. ഇംഗ്ളീഷില്‍ ഡാന്‍സ് എന്ന് വിശേഷിപ്പിക്കുന്ന കലയെയാണ് തമിഴില്‍ നാടകം എന്ന പദം കൊണ്ട് വിവക്ഷിച്ചിരുന്നത്. ആശയങ്ങള്‍ അഭിനയിച്ചു കാട്ടുന്നതിന് നാട്യം എന്നും കഥ അഭിനയിച്ചു കാട്ടുന്നതിന് നാടകം എന്നും പറഞ്ഞിരുന്നു. പ്രാചീനകാലത്തെ നാടക സമ്പ്രദായങ്ങളൊന്നും ഇപ്പോള്‍ അവശേഷിച്ചിട്ടില്ല. ഉദാഹരണത്തിന് പ്രാചീനകാലത്തെ കൂത്തിന്റെ ഒരു രൂപമായ തോല്‍പ്പാവക്കൂത്ത് അന്നത്തെ രൂപത്തില്‍ ഇപ്പോള്‍ നിലവിലില്ല.

17-ാം ശ.-ത്തില്‍ പ്രചാരത്തിലിരുന്ന ഒരു നാടകസമ്പ്രദായത്തിന് പള്ളുനാടകം എന്നായിരുന്നു പേര്. അതിന്റെ ഒരു മാതൃകയാണ് പ്രസിദ്ധമായ തിരുക്കുറ്റാലകുറവഞ്ചി. പിന്നെയും കുറേക്കാലം കഴിഞ്ഞ് 17,18 ശ.-ങ്ങളിലാണ് തെരുവുകളില്‍ അവതരിപ്പിക്കുന്ന നാടകരൂപം ആവിര്‍ഭവിച്ചത്. അവ അരങ്ങേറിവന്നത് കൊയ്ത്തു കാലത്തും ക്ഷേത്രോത്സവങ്ങളുടെ കാലത്തും ആയിരുന്നു.

ആധുനിക നാടകങ്ങളുടെ ആദ്യരൂപങ്ങള്‍ 'ഉരൈനടൈ' നാടകം (ഗദ്യനാടകം), കവിതൈനാടകം (പദ്യനാടകം) എന്നിവയായിരുന്നു. പദ്യനാടകങ്ങള്‍ ജനസാമാന്യത്തെ ആകര്‍ഷിച്ചിരുന്നില്ല. ആ നാടകവിഭാഗത്തിന്റെ ഒരു ഉദാഹരണമാണ് 1891-ല്‍ പ്രൊഫ. സുന്ദരംപിളള രചിച്ച മനോന്മണീയം. തമിഴിലെ ആദ്യത്തെ ഗദ്യനാടകം ഡംബാ ചാരിവിലാസം ആണ്. അതിന്റെ രചയിതാവ് കാശി വിശ്വനാഥ മുതലിയാര്‍ ആയിരുന്നു. അതിനുശേഷം സംബന്ധമുതലിയാര്‍, ശങ്കരദാസ് സ്വാമികള്‍ എന്നിവര്‍ നൂറുകണക്കിന് ഗദ്യനാടകങ്ങള്‍ എഴുതുകയുണ്ടായി. പ്രേക്ഷകരുടെ മുമ്പില്‍ അവതരിപ്പിക്കാന്‍ വേണ്ടി രചിച്ചവയായിരുന്നു അവയെല്ലാം.

സംബന്ധമുതലിയാര്‍ രചിച്ച പ്രധാനപ്പെട്ട നാടകങ്ങള്‍ സഭാപതി, ചന്ദ്രഹരി എന്നിവയാണ്. അദ്ദേഹം രചിച്ച സാവിത്രി എന്ന നാടകം അവതരിപ്പിക്കുന്നതു കണ്ട സ്ത്രീകളില്‍ പലര്‍ക്കും ഗര്‍ഭഛിദ്രം സംഭവിച്ചതായി പറയപ്പെടുന്നു. ഇതുപോലെതന്നെ അദ്ദേഹത്തിന്റെ ശനീശ്വരന്‍ എന്ന നാടകത്തിലെ ശനിയുടെ അവതരണം കണ്ട് ആളുകള്‍ മരണമടഞ്ഞതായും കേട്ടുകേള്‍വിയുണ്ട്. പദ്മഭൂഷണ്‍ പുരസ്കാരം നേടിയിട്ടുളള സംബന്ധമുതലിയാര്‍ 1891-ല്‍ സുഗുണ വിലാസം സഭ എന്നൊരു നാടക സംഘവും രൂപീകരിച്ചിട്ടുണ്ട്. അതിനുമുമ്പ് നാടകത്തില്‍ അഭിനയിച്ചിരുന്നവരെ സമൂഹം ആദരിച്ചിരുന്നില്ല. ഡോക്ടര്‍മാര്‍, എന്‍ജിനീയര്‍മാര്‍, വിദ്യാഭ്യാസവിദഗ്ധന്മാര്‍ തുടങ്ങിയ വിഭാഗങ്ങളില്‍പ്പെട്ട പ്രമുഖ വ്യക്തികളെ നാടകാവതരണത്തില്‍ പങ്കെടുപ്പിച്ച് മുതലിയാര്‍ ആ കലയ്ക്ക് സമൂഹത്തില്‍ മാന്യമായ പദവി നേടിക്കൊടുത്തു. സംബന്ധമുതലിയാരുടെ നാടകസംഘം അവതരിപ്പിച്ചിരുന്ന നാടകങ്ങള്‍ ഉത്തരകേരളത്തിലെ കണ്ണൂര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ വിപുലമായ പ്രചാരം നേടുകയുണ്ടായി. ആ നാടകങ്ങളിലെ തമിഴ് വാചകങ്ങളില്‍ മലയാളം കൂടി കലര്‍ത്തി അരങ്ങത്തു പ്രയോഗിക്കുന്ന പതിവ് നിലവില്‍ വന്നു. അതിനുളള ഒരുദാഹരണം ഇനി ചേര്‍ക്കുന്നു.

'കഴുത്തില്‍ വിഴുന്ത ഹാരം കഴറ്റാനും പാടില്ല

കാരണമെന്തോ ഞാന്‍ അറിഞ്ഞുകൂടാ

കത്തിപിച്ചാത്തിയും വാളും പൊട്ടിച്ചുപോയി

കാരണമെന്തോ ഞാന്‍ അറിഞ്ഞുകൂടാ.'

19-ാം ശ.-ത്തിന്റെ അന്തിമദശകം മുതല്‍ രണ്ടോ മൂന്നോ ദശകങ്ങളോളം സംഗീതം ഇടകലര്‍ത്തിയ നാടകങ്ങള്‍ എമ്പാടും പ്രചാരത്തിലിരുന്നു. തമിഴ്നാട്ടില്‍ മാത്രമല്ല കേരളത്തിലും അവ ജനപ്രീതിയാര്‍ജിച്ചു. സംഗീതനാടകം എന്നു വിളിക്കപ്പെട്ട അവയ്ക്ക് മലയാളത്തില്‍ അനുകരണങ്ങളും ഉണ്ടായി.

നാടകത്തിലെ പാശ്ചാത്യസ്വാധീനത. സംബന്ധമുതലിയാര്‍ക്കു പിന്നാലെ രംഗപ്രവേശം ചെയ്ത ഒരു നാടകകൃത്താണ് എം. കന്തസ്വാമിമുതലിയാര്‍. ഇദ്ദേഹത്തിന്റെ നാടകങ്ങളില്‍ ഷെയ്ക്സ്പിയര്‍, മോളിയര്‍, ഇബ്സെന്‍ എന്നീ പാശ്ചാത്യ നാടകകൃത്തുകളുടെ സ്വാധീനത തെളിഞ്ഞു കാണാം. ഇദ്ദേഹത്തിന്റെ കാലഘട്ടത്തില്‍പ്പെട്ട കൃഷ്ണസ്വാമി പാവലര്‍ 'ബാലമനോഹരസഭ' എന്നൊരു നാടക സംഘം രുപീകരിച്ചു. ഇദ്ദേഹത്തിന്റെ നാടകങ്ങളായ പതിഭക്തി, ഖദറിന്‍ വെറ്റി, ദേശീയകൊടി എന്നിവ മദ്രാസ് സംസ്ഥാനത്തൊട്ടാകെ നിരോധിക്കപ്പെടുകയുണ്ടായി. എന്നാല്‍ അദ്ദേഹം പരിക്ഷീണനാകാതെ ലണ്ടനിലേക്ക് ഈ നാടകസംഘങ്ങളെ കൊണ്ടുചെന്ന് രാജ്ഞിയുടെ മുമ്പില്‍ അവതരിപ്പിച്ചു.

20-ാം ശ.-ത്തിന്റെ ആദ്യഘട്ടത്തില്‍ തമിഴ് നാടകം വികസിപ്പിച്ചവരില്‍ പ്രമുഖര്‍ ശങ്കര്‍ദാസിന്റെ നാല് സഹോദരന്മാര്‍ ആയിരുന്നു. ടി.കെ. ശങ്കരന്‍, ടി.കെ. മുത്തുസ്വാമി, ടി.കെ. ഷണ്‍മുഖം, ടി.കെ. ഭഗവതി എന്നിവരാണ് ഈ സഹോദരന്മാര്‍. ഇവര്‍ 1925-ല്‍ 'ബാലഷണ്‍മുഖാനന്ദസഭ' എന്നൊരു നാടകക്കമ്പനി മധുരയില്‍ സ്ഥാപിച്ചു. ഇവര്‍ തമിഴ്നാട്ടിലെ നാടകത്തിന്റെ വികാസത്തിന് മികച്ച സംഭാവനകള്‍ നല്കിയിട്ടുള്ളവരാണ്. സംഘം കവയിത്രിയായ ഔവ്വയാരുടെ നാമധേയത്തില്‍ ഒരു നാടകം അവതരിപ്പിച്ച് അവര്‍ തമിഴ്നാട്ടിലെ ആസ്വാദകരുടെ അംഗീകാരം നേടി. ഓരോ സ്ഥലത്തും ആ നാടകം അനേകം കൊല്ലങ്ങളോളം പ്രദര്‍ശിപ്പിക്കുകയുണ്ടായി. ഇതിന്റെ പേരില്‍ പ്രസ്തുത നാടകത്തില്‍ ഔവ്വയാര്‍ ആയി അഭിനയിച്ച ടി.കെ. ഷണ്‍മുഖത്തിന് ഔവൈ ഷണ്‍മുഖം എന്ന പേരും സിദ്ധിച്ചു. സുബ്രമണ്യഭാരതിയുടെ കവിതകള്‍ക്ക് ദേശീയാംഗീകാരം സിദ്ധിക്കുന്നതിനും തന്റെ നാടകസംഘങ്ങളുടെ കലാകാരന്മാര്‍ക്കെല്ലാം തമിഴ്നാട്ടില്‍ ഉടനീളം തീവണ്ടിയില്‍ യാത്രക്കൂലി ഇളവ് നേടിക്കൊടുക്കുന്നതിനും ടി.കെ. ഷണ്‍മുഖം സുപ്രധാനമായ പങ്കുവഹിച്ചിട്ടുണ്ട്. പ്രശസ്ത നടന്മാരായ എന്‍.എസ്. കൃഷ്ണന്‍, എസ്.വി. സഹസ്രനാമം, ടി.എന്‍. ശിവതാണു, എം.പി. നാഗരാജന്‍, കെ.ആര്‍. രാമസ്വാമി തുടങ്ങിയ നൂറുകണക്കിന് നടന്മാരും ടി.കെ. സഹോദരന്മാരുടെ നാടകാവതരണങ്ങളില്‍ പങ്കുകൊണ്ടിരുന്നു.

ആശയപ്രചാരണപരങ്ങളായ നാടകങ്ങള്‍. ടി.കെ. ഷണ്‍മുഖത്തിന്റെ നാടകങ്ങളില്‍ പ്രചോദിതനായി അണ്ണാദുരൈ രചിച്ച ആദ്യത്തെ നാടകമാണ് ഗുമസ്താവിന്‍പെണ്‍. ദേവിനാടകസഭ അവതരിപ്പിച്ച മന്ത്രികുമാരി എന്ന നാടകത്തിന്റെ കഥയും സംഭാഷണവും തയ്യാറാക്കിയത് പ്രശസ്ത ഡി.എം.കെ. നേതാവായ കരുണാനിധിയാണ്. നോ: തമിഴ് നാടകവേദി

കലാലയ നാടകങ്ങള്‍. ഈ കാലഘട്ടത്തില്‍ ഡോ. മു. വരദരാജന്‍, സുഖിസുബ്രഹ്മണ്യം, മോഹനരംഗന്‍, എസ്.എസ്. ജ്ഞാനസംബന്ധം, ടി.എ. ജ്ഞാനമൂര്‍ത്തി എന്നീ കോളേജ് പ്രൊഫസര്‍മാര്‍ കൂടുതല്‍ യാഥാര്‍ഥ്യം നിറഞ്ഞ ഏകാങ്കനാടകങ്ങളും മറ്റും രചിച്ചിട്ടുണ്ട്. അവ മുഖ്യമായും കോളജ് രംഗവേദികളില്‍ അവതരിപ്പിക്കാനായി രചിച്ചവയാണ്. ഇതിനു സമാന്തരമായി മറ്റു ചില നാടകകൃത്തുക്കള്‍ ഹാസ്യരസപ്രധാനങ്ങളായ ലഘുനാടകങ്ങളും രചിച്ചിട്ടുണ്ട്. സതിശക്തി, വൈകുണ്ഡവൈദ്യര്‍, സംഗീതപയറ്റിയം, സ്ത്രീരാജ്യം എന്നീ നാടകങ്ങള്‍ സംബന്ധമുതലിയാര്‍ എഴുതിയത് ഈ ശൈലിയിലാണ്. അതിനു സമാന്തരമായി അക്കാലത്ത് സംഗീതത്തിന് പ്രാധാന്യമുളള നാടകങ്ങളും ഉണ്ടായിട്ടുണ്ട്. അരുണാചല കവിരായര്‍ എഴുതിയ രാമനാടകകീര്‍ത്തനൈ ഇതിന് ഉദാഹരണമാണ്; ഇതില്‍ 536 ഗാനങ്ങള്‍ അടങ്ങിയിരിക്കുന്നു.

സംസ്കൃതനാടകങ്ങളുടേയും പാശ്ചാത്യനാടകങ്ങളുടേയും പരിഭാഷകളും അനുകരണങ്ങളുമായി അനേകം കൃതികള്‍ തമിഴില്‍ ഉണ്ടായിട്ടുണ്ട്. ശാകുന്തളത്തിന്റെ പല തര്‍ജുമകളും മൃച്ഛകടികത്തിന് കതിരേശന്‍ ചെട്ടിയാര്‍ തയ്യാറാക്കിയ തമിഴ് പരിഭാഷയായ മണ്ണിയല്‍ ശിരുതേരും (ചെറുമണ്‍വണ്ടി) ഇവിടെ എടുത്തു പറയത്തക്ക രചനകളാണ്. തമിഴിലേക്ക് ഏറ്റവും കൂടുതല്‍ വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുളള നാടകങ്ങള്‍ ഷെയ്ക്സ്പിയറുടെ കൃതികളാണ്. സമീപകാലത്ത് പല പുതിയ പാശ്ചാത്യ നാടകകൃത്തുക്കളുടെയും വീക്ഷണഗതി, രചനാരീതി എന്നിവ അവലംബിച്ചുകൊണ്ട് നാടകങ്ങള്‍ രചിക്കാന്‍ പല പുതിയ എഴുത്തുകാരും ഉദ്യമിച്ചിട്ടുണ്ട്. അക്കൂട്ടത്തില്‍ മൗലികതയും നാടകീയ സൗകുമാര്യവും മുന്നിട്ടു നില്‍ക്കുന്ന കൃതികളും തീരെ കുറവല്ല. അത്തരം നാടകങ്ങളുടെ അവതരണത്തിലൂടെ ലോകനാടകവേദിയിലെ പുതിയ പ്രസ്ഥാനങ്ങള്‍ പലതും തമിഴ്നാട്ടിലേക്ക് കടന്നുവരികയും ചെയ്തിട്ടുണ്ട്. പരീക്ഷണ നാടകങ്ങളായിട്ടാണ് പലരും അവയെ കണക്കാക്കുന്നത്. പുതിയ നാടകകൃത്തുക്കളില്‍ മുത്തുസ്വാമി, രാമസ്വാമി, രാമാനുജം, മുംരാസ്വാമി എന്നിവര്‍ വളരെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.

നിരൂപണം

സുദീര്‍ഘമായ സാഹിത്യനിരൂപണ പാരമ്പര്യം അവകാശപ്പെടാവുന്ന ഒരു ഭാരതീയ ഭാഷയാണ് തമിഴ്. ആ പാരമ്പര്യത്തെ സംബന്ധിച്ച ആദ്യത്തെ രേഖകള്‍ പ്രാചീനവ്യാകരണ ഗ്രന്ഥമായ തൊല്കാപ്പിയത്തില്‍ നാം കണ്ടെത്തുന്നു. ക്രിസ്തുവര്‍ഷം ആരംഭത്തിനു മുമ്പ് തൊല്കാപ്പിയര്‍ എന്ന് അറിയപ്പെടുന്ന വൈയാകരണന്‍ രചിച്ച ആ ഗ്രന്ഥത്തില്‍ തമിഴ്ഭാഷയുടെ ഘടകങ്ങളേയും ഘടനയേയും കുറിച്ചുള്ള വിവരണങ്ങള്‍ക്കു പുറമേ, കാവ്യഘടകങ്ങളുടെ വിവരണവും കാവ്യതത്ത്വങ്ങളും കൂടി പ്രതിപാദിച്ചിരിക്കുന്നു. തൊല്കാപ്പിയത്തിന്റെ ആദ്യഭാഗങ്ങളായ എഴുത്തധികാരം, ചൊല്ലധികാരം എന്നിവയ്ക്കു പുറമേ സാഹിത്യ ലക്ഷണങ്ങളും തത്ത്വങ്ങളും അടങ്ങുന്ന പൊരുളധികാരവും അതില്‍ അടങ്ങിയിരിക്കുന്നു. സാഹിത്യത്തിന്റെ ഉള്ളടക്കത്തെ അകം എന്നും പുറം എന്നും രണ്ടു വിഭാഗങ്ങളായി തൊല്കാപ്പിയര്‍ തരംതിരിച്ചിരിക്കുന്നു. സാഹിത്യത്തിന്റെ ഉള്ളടക്കത്തെ ഇപ്രകാരം നിര്‍വചിക്കുകയും തരംതിരിക്കുകയും ചെയ്യുന്നതിനു പുറമേ പ്രാചീന തമിഴിലെ കാവ്യമീമാംസയില്‍ കാവ്യങ്ങളുടെ രചനാശീലങ്ങള്‍, വൃത്തങ്ങള്‍ തുടങ്ങിയ ബാഹ്യഘടകങ്ങളെപ്പറ്റിയും വിവരിച്ചിട്ടുണ്ട്.

പ്രാചീനകാലത്തെ ഈ കാവ്യതത്ത്വങ്ങളേയും കാവ്യലക്ഷണങ്ങളേയും ആസ്പദമാക്കിയാണ് പിന്നീട് നൂറ്റാണ്ടുകളോളം തമിഴിലെ സാഹിത്യനിരൂപകര്‍ കൃതികളെ വ്യാഖ്യാനിക്കുകയും വിലയിരുത്തുകയും ചെയ്തിട്ടുള്ളത്. ഈ കാലഘട്ടത്തില്‍ തമിഴില്‍ എഴുതപ്പെട്ടിരുന്ന സാഹിത്യനിരൂപണം മുഖ്യമായി വ്യാഖ്യാനപരമാണ്. ആദ്യകാലത്ത് നൂതനസമീപനങ്ങള്‍ അവലംബിച്ചുകൊണ്ടുള്ള വ്യാഖ്യാനങ്ങളും വിലയിരുത്തലുകളുമാണ് നടന്നിരുന്നത്. പില്ക്കാലത്ത് സംസ്കൃതത്തിലെ കാവ്യതത്ത്വങ്ങള്‍, കാവ്യഘടകങ്ങള്‍, അവയുടെ ലക്ഷണങ്ങള്‍ എന്നിവ തമിഴില്‍ വിശദീകരിക്കുന്ന ഗ്രന്ഥങ്ങളും ഉണ്ടായി. പതിനെട്ടാം നൂറ്റാണ്ടുവരെയുള്ള മധ്യകാല സാഹിത്യനിരൂപണം മേല്പറഞ്ഞ ലക്ഷണങ്ങളേയും നിര്‍വചനങ്ങളേയും അവലംബിച്ചുകൊണ്ടുള്ളതായിരുന്നു.

പാശ്ചാത്യസ്വാധീനവും നിയോക്ളാസ്സിസിസവും. തമിഴിലെ സര്‍ഗാത്മക സാഹിത്യത്തേയും നിരൂപണത്തേയും ഒരുപോലെ ബാധിച്ചിരുന്ന ജഡാവസ്ഥയ്ക്കു വിരാമമിട്ടുകൊണ്ട് ഒരു പുതിയ ചൈതന്യം ആ മേഖലകളില്‍ പ്രത്യക്ഷപ്പെട്ടത് 19-ാം ശ.-ത്തിന്റെ ആരംഭത്തില്‍ ഇന്ത്യയൊട്ടാകെ രാഷ്ട്രീയവും സാമൂഹികവും സാംസ്കാരികവുമായ നവോത്ഥാനം ആരംഭിച്ചപ്പോഴാണ്. സാഹിത്യരംഗത്ത് പാശ്ചാത്യമാതൃകകളെ അനുവര്‍ത്തിച്ചുകൊണ്ട് നവചൈതന്യം പ്രസരിപ്പിക്കാനുള്ള പരിശ്രമം ഇന്ത്യയൊട്ടാകെ ആരംഭിക്കുകയുണ്ടായി. തമിഴിലും ഇതിന്റെ നവതരംഗങ്ങള്‍ കാണുവാന്‍ കഴിയും.

19-ാം ശ.-ത്തിന്റെ ഉത്തരാര്‍ധത്തില്‍ നിരൂപണത്തിന്റെ പാശ്ചാത്യ മാതൃകകളാല്‍ പ്രചോദിതരായ പണ്ഡിതന്മാര്‍ പഴയ തമിഴ് സാഹിത്യ കൃതികള്‍ തേടിപ്പിടിച്ച് സംശോധിതപാഠങ്ങള്‍ തയ്യാറാക്കുകയും ആ വ്യാഖ്യാനത്തോടൊപ്പം അത്തരം കൃതികള്‍ പ്രസിദ്ധപ്പെടുത്തുകയും ചെയ്തു. തമിഴ്നാട്ടിലേയും അന്യദേശത്തേയും വായനക്കാര്‍ക്ക് തമിഴിലെ വിലപ്പെട്ട പ്രാചീന സാഹിത്യ സമ്പത്ത് കണ്ടറിയാനും ആസ്വദിക്കാനും ഈ സംരംഭം സഹായകമായി. ഇപ്രകാരമുള്ള പാഠസംശോധന നടത്തുകയും വ്യാഖ്യാനസഹിതം പഴയ കൃതികള്‍ പ്രസിദ്ധപ്പെടുത്തുകയും ചെയ്ത ആദ്യത്തെ പണ്ഡിതന്‍ സി.വി. ദാമോദരന്‍ പിള്ള (1832-1901) ആണ്. ഇതേരീതിയില്‍ കൂടുതല്‍ പ്രാചീനകൃതികള്‍ തേടിപ്പിടിച്ച് വ്യാഖ്യാനസഹിതം പുറത്തിറക്കിയ മറ്റൊരു പണ്ഡിതനാണ് യു.വി. സ്വാമിനാഥ അയ്യര്‍ (1855-1942). ഇപ്രകാരം പുറത്തിറക്കപ്പെട്ട പ്രാചീന സാഹിത്യകൃതികളെക്കുറിച്ച് പഠനം നടത്തി അതിന്റെ അടിസ്ഥാനത്തില്‍ തമിഴകത്തിന്റെ ചരിത്രം (1904) തയ്യാറാക്കി പ്രസിദ്ധീകരിച്ച വി. കനകസഭാപിള്ള എന്ന പണ്ഡിതന്‍ തന്റെ നിരൂപണാത്മക പഠനത്തിലൂടെ തമിഴിന്റെ പാരമ്പര്യം വായനക്കാര്‍ക്ക് വിശദീകരിച്ചുകൊടുക്കുന്നതില്‍ പ്രധാനപ്പെട്ട ഒരു പങ്കുവഹിച്ചു.

നൂതന പ്രവണതകള്‍. മേല്‍പ്പറഞ്ഞ നിരൂപണ സമ്പ്രദായം ഉപേക്ഷിച്ച് മൗലികമായ സാഹിത്യചിന്ത പ്രകാശിപ്പിക്കുന്ന നിരൂപണ ഗ്രന്ഥങ്ങള്‍ 19-ാം ശ.-ത്തിന്റെ ആദ്യദശകങ്ങളില്‍ത്തന്നെ തമിഴില്‍ ഉണ്ടായിത്തുടങ്ങി. അത്തരം നിരൂപണത്തിന്റെ പ്രഥമ മാതൃകകള്‍ ടി.ശെല്‍വ കേശവരായ മുതലിയാരുടെ (1864-1921) തമിഴ് വിയാസങ്കള്‍ (തമിഴ് ഉപന്യാസങ്ങള്‍), കമ്പര്‍, തിരുവള്ളുവര്‍ എന്നിവരെക്കുറിച്ച് തയ്യാറാക്കിയ ലഘുഗ്രന്ഥങ്ങള്‍ എന്നിവയാണ്. ആദ്യത്തെ ഗ്രന്ഥത്തില്‍ കവിതയുടേയും ഗദ്യസാഹിത്യത്തിന്റേയും അടിസ്ഥാനതത്ത്വങ്ങള്‍ വിശദമായി പ്രതിപാദിച്ചിരിക്കുന്നു. കമ്പരാമായണത്തിന്റെ മുഖ്യ സവിശേഷതകള്‍ പാശ്ചാത്യ സാഹിത്യ തത്ത്വങ്ങളെ ആസ്പദമാക്കി വിശദീകരിച്ചുകൊണ്ട് വി.വി.എസ്. അയ്യര്‍ രചിച്ച ഗ്രന്ഥം മൗലികമായ സാഹിത്യനിരൂപണത്തിന് ഉത്തമ ദൃഷ്ടാന്തമാണ്.

ഇതിനടുത്ത കാലത്തുതന്നെ സൗന്ദര്യ തത്ത്വശാസ്ത്രങ്ങളെ ആസ്പദമാക്കിയുള്ള നിരൂപണങ്ങളും തമിഴില്‍ ഉണ്ടായിത്തുടങ്ങി. ആ നിരൂപണശാഖയ്ക്ക് ഉറച്ച അടിത്തറ പാകിയത് ടി.കെ. ചിദംബരനാഥ മുതലിയാര്‍ (ടി.കെ.സി., 1881-1954) ആണ്. സാഹിത്യത്തിന്റെ രൂപത്തേയും ഭാവത്തേയും സമന്വയിപ്പിച്ചുകൊണ്ടുള്ള നിരൂപണത്തിന് അദ്ദേഹം തുടക്കം കുറിച്ചു. സാഹിത്യത്തിന്റെ ഓരോ ഘടകത്തേയും പ്രത്യേകം എടുത്തു ചര്‍ച്ച ചെയ്യുന്ന നിരൂപണ സമ്പ്രദായത്തെ അദ്ദേഹം അനുകൂലിച്ചിരുന്നില്ല. ടി.കെ.സി. കമ്പരാമായണത്തെ സൗന്ദര്യശാസ്ത്രപരമായി വ്യാഖ്യാനിച്ചു വിലയിരുത്തിക്കൊണ്ട് രചിച്ച ഗ്രന്ഥം പ്രത്യേക പരാമര്‍ശമര്‍ഹിക്കുന്നു.

പാശ്ചാത്യ സാഹിത്യനിരൂപണത്തിന്റെ അടിസ്ഥാന തത്ത്വങ്ങള്‍ ആദ്യമായി തമിഴില്‍ വിശദീകരിച്ചുകൊണ്ട് ഗ്രന്ഥമെഴുതിയത് എ. മുത്തുശിവന്‍ ആണ്. അശോകവനം (1947) എന്ന ഗ്രന്ഥത്തില്‍ ഷെയ്ക്സ്പിയറുടെ ദുരന്തനാടകങ്ങളെക്കുറിച്ച് എ.സി. ബ്രാഡ്ലി ഇംഗ്ളീഷില്‍ രേഖപ്പെടുത്തിയിട്ടുള്ള വസ്തുതകള്‍ മുത്തുശിവന്‍ തമിഴ് വായനക്കാര്‍ക്ക് സുഗ്രഹമാകത്തക്കരീതിയില്‍ പ്രതിപാദിച്ചിരിക്കുന്നു. കമ്പരാമായണത്തിലെ ചില അതിപ്രധാന കഥാപാത്രങ്ങളെ ആസ്പദമാക്കി എ. ശ്രീനിവാസരാഘവന്‍ (1905-75) എഴുതിയിട്ടുള്ള ഒരു ഗ്രന്ഥമാണ് ഈ പുതിയ നിരൂപണധാരയിലെ ശ്രദ്ധാര്‍ഹമായ മറ്റൊരു കൃതി. കമ്പന്‍കലൈ, അരശിയര്‍മൂവര്‍ (1954), തമ്പിയര്‍ ഇരുവര്‍ (1955) എന്നീ കൃതികളില്‍ എം.എസ്. ജ്ഞാനസംബന്ധം കമ്പരുടെ പാത്രസൃഷ്ടിയെപ്പറ്റി വിശദമായി പ്രതിപാദിച്ചിരിക്കുന്നു.

ആധുനിക നിരൂപണത്തിന്റെ ഉപജ്ഞാതാവ് എന്ന വിശേഷണം അര്‍ഹിക്കുന്ന റ്റി.പി. മീനാക്ഷിസുന്ദരം (1901-80) തമിഴ്സാഹിത്യത്തിന്റെ പല വശങ്ങളേയും പ്രധാനപ്പെട്ട പല കൃതികളേയും ആസ്പദമാക്കി വിലപ്പെട്ട ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുള്ള ആളാണ്. കാനല്‍വരി (1959), കുടിമക്കള്‍ കാപ്പിയം (1961) എന്നിവയാണ് മീനാക്ഷിസുന്ദരത്തിന്റെ പ്രധാന കൃതികള്‍. മുന്‍കാലത്ത് നിര്‍ണയിക്കപ്പെട്ടിരുന്ന മാനദണ്ഡങ്ങള്‍ അവലംബിക്കാതെ തനതായ കാഴ്ചപ്പാടിലൂടെ സാഹിത്യകൃതികളെ മനസ്സിലാക്കി മൌലികമായ വ്യാഖ്യാനവും വിലയിരുത്തലും നടത്തുകയാണ് അദ്ദേഹം ചെയ്തിട്ടുള്ളത്. ഒരു മികച്ച അക്കാദമിക് നിരൂപകനായിരുന്ന എം. വരദരാജന്‍ (1912-74) ഇലക്കിയ ആരായ്ചി (സാഹിത്യഗവേഷണം, 1953), ഇലക്കിയത്തിരണ് (സാഹിത്യ പാണ്ഡിത്യം, 1954) എന്നീ കൃതികളിലൂടെ തമിഴിലെ സാഹിത്യനിരൂപണത്തെ ഉന്നതനിലവാരത്തില്‍ എത്തിച്ചു. സാഹിത്യനിരൂപണത്തിന്റെ അടിസ്ഥാന തത്ത്വങ്ങള്‍ വിശദീകരിച്ചുകൊണ്ട് എന്‍. സഞ്ജീവി (1926- ) എഴുതിയിട്ടുള്ള ഗ്രന്ഥം ആധുനിക നിരൂപണത്തിന് ഒരു വഴികാട്ടിയാണെന്നു പറയാം.

കഥാസാഹിത്യ നിരൂപണം. നോവലിന്റേയും ചെറുകഥയുടേയും ആവിര്‍ഭാവത്തെത്തുടര്‍ന്ന് ആ സാഹിത്യരൂപങ്ങളെക്കുറിച്ചുള്ള നിരൂപണവും തമിഴില്‍ ആരംഭിച്ചു. പി.എസ്. സുബ്രഹ്മണ്യ അയ്യര്‍ രചിച്ച പ്രേമകലാവതീയം എന്ന നോവലിനെ പഴയ കാഴ്ചപ്പാടിലൂടെ സമീപിച്ച് വിലയിരുത്തിക്കൊണ്ട് ഗുരുസ്വാമിശര്‍മ എഴുതിയ നിരൂപണം ഈ മേഖലയില്‍പ്പെടുന്ന ആദ്യ കൃതികളിലൊന്നാണ്. പ്രശസ്ത നിരൂപകനായ കാ.നാ. സുബ്രഹ്മണ്യം തമിഴിലെ ആദ്യകാല നോവലുകളെ വിലയിരുത്തിക്കൊണ്ട് എഴുതിയിട്ടുള്ള ഒരു മികച്ച നിരൂപണഗ്രന്ഥം പ്രത്യേകം ശ്രദ്ധേയമാണ്. ഈ ഗ്രന്ഥകാരന്റെ വിമര്‍ശനകലൈ (1959), ഇലക്കിയ വിചാരം (1959) എന്നീ കൃതികള്‍ ഉന്നത നിലവാരം പുലര്‍ത്തുന്നു. സി.എസ്. ചെല്ലപ്പ തമിഴിലെ സാഹിത്യവിമര്‍ശനത്തെക്കുറിച്ച് ആധികാരികമായ ഒരു ഗ്രന്ഥം തയ്യാറാക്കിയിട്ടുണ്ട്. അദ്ദേഹത്തിന്റെ തമിഴ് ചെറുകതൈ പിറക്കിറത് (1974) എന്ന ഗ്രന്ഥം തമിഴിലെ ചെറുകഥാസാഹിത്യത്തിനുള്ള പ്രൌഢമായ ഒരവതാരികയാണെന്നു പറയാം. ആര്‍.ദണ്ഡായുധന്‍ രചിച്ച തമിഴ് സാമൂഹികനോവലുകളെക്കുറിച്ചുള്ള പഠനം നോവലുകളെക്കുറിച്ച് തമിഴില്‍ ഉണ്ടായിട്ടുള്ള സമഗ്രമായ ഒരവലോകനമാണ്. നോവല്‍ ഇലക്കിയം എന്ന പേരില്‍ എം.രാമലിംഗം എഴുതിയിട്ടുള്ള ഗ്രന്ഥം പാശ്ചാത്യ സിദ്ധാന്തങ്ങളെ അവലംബിച്ചുകൊണ്ട് തമിഴിലെ നോവലുകളെ അപഗ്രഥിച്ച് വിലയിരുത്തുന്ന ഒരു കൃതിയാണ്. 12 നോവലെഴുത്തുകാരെക്കുറിച്ച് അദ്ദേഹം രചിച്ചിട്ടുള്ള പുനൈകതൈവളം (കഥാസമ്പത്ത്, 1973) മറ്റൊരു മികച്ച നോവല്‍ പഠനമാണ്.

ചെറുകഥാസാഹിത്യത്തെക്കുറിച്ച് എഴുതപ്പെട്ടിട്ടുള്ള രണ്ട് ശ്രദ്ധാര്‍ഹങ്ങളായ ഗ്രന്ഥങ്ങളാണ് ആര്‍. ദണ്ഡായുധത്തിന്റെ തമിള്‍ചെറുകതൈ മുന്നോടികള്‍ (1972), രാമലിംഗത്തിന്റെ വിടുതലൈക്കു പിന്‍ പുതിയ തമിള്‍ ചെറുകതൈകള്‍ (1977) എന്നിവ. നോവല്‍ സാഹിത്യത്തെക്കുറിച്ച് എടുത്തുപറയത്തക്ക മറ്റൊരു നിരൂപണഗ്രന്ഥമാണ് ടി.വി. വീരസ്വാമിയുടെ തമിഴിന്‍ ചമൂക നാവലുകള്‍.

പുരോഗമന സാഹിത്യവും നിരൂപണവും. പുരോഗമന സാഹിത്യ പ്രസ്ഥാനത്തിന്റെ ആവിര്‍ഭാവത്തിനു ശേഷം ആ കാഴ്ചപ്പാടിലൂടെ സാഹിത്യ നിരൂപണം നടത്താന്‍ ഏതാനും എഴുത്തുകാര്‍ സ്വാഭാവികമായിത്തന്നെ സന്നദ്ധരായിട്ടുണ്ട്. അവരില്‍ പ്രമുഖന്‍ കെ. കൈലാസപതിയാണ്. നവീനസാഹിത്യ പ്രസ്ഥാനത്തിന്റെ ആരംഭവും തമിഴ് സാഹിത്യനിരൂപണത്തില്‍ പ്രതിഫലിക്കാന്‍ തുടങ്ങിയിട്ടുണ്ട്. അതിനുള്ള ദൃഷ്ടാന്തമാണ് എസ്.ആര്‍. മാര്‍ഗബന്ധു ശര്‍മ ചിലപ്പതികാരത്തെക്കുറിച്ച് പുതിയ കാഴ്ചപ്പാടിലൂടെ തയ്യാറാക്കിയ നിരൂപണപഠനങ്ങള്‍. പുതിയ സാഹിത്യ കൃതികളെ അധികരിച്ചും നവീനസാഹിത്യത്തിന്റെ കാഴ്ചപ്പാടിലൂടെ നിരൂപണങ്ങള്‍ വിരചിതമായിട്ടുണ്ട്. ലോകസാഹിത്യത്തില്‍ സമീപകാലത്ത് ആവിര്‍ഭവിച്ച താരതമ്യ നിരൂപണവും തമിഴില്‍ പ്രത്യക്ഷപ്പെട്ടുതുടങ്ങിയിട്ടുണ്ട്. താരതമ്യ സാഹിത്യത്തെക്കുറിച്ച് ശ്രദ്ധേയങ്ങളായ ലേഖനങ്ങള്‍ രചിച്ചിട്ടുള്ള എഴുത്തുകാരില്‍ പ്രമുഖന്‍ എസ്.വയ്യാപുരിപ്പിള്ള (1891-1956)) ആണ്.

സാഹിത്യചരിത്രങ്ങള്‍. സാഹിത്യചരിത്രരചനയും തമിഴില്‍ വളര്‍ച്ച പ്രാപിച്ചിട്ടുണ്ട്. അതിനു തുടക്കം കുറിച്ചത്

കെ.എസ്. ശ്രീനിവാസപിള്ള (1852-1929) ആയിരുന്നു. റ്റി.പി. മീനാക്ഷിസുന്ദരത്തിന്റേയും എം. വരദരാജന്റേയും കെ. സുബ്രഹ്മണ്യപിള്ളയുടേയും തമിഴ്സാഹിത്യചരിത്രങ്ങള്‍ സംക്ഷിപ്തങ്ങളാണെങ്കിലും സമഗ്രതയുള്ളവയാണ്. ഓരോ ശതകത്തിലേയും തമിഴ്സാഹിത്യത്തെ പ്രത്യേകമെടുത്ത് ഓരോ വാല്യത്തില്‍ പ്രതിപാദിച്ചുകൊണ്ട് എം. അരുണാചലം തയ്യാറാക്കിയിട്ടുള്ള ഗ്രന്ഥങ്ങള്‍ സ്വാഭാവികമായിത്തന്നെ അതിവിശദമായി സാഹിത്യത്തിന്റെ വികാസപരിണാമങ്ങള്‍ പ്രതിപാദിക്കുന്നവയാണ്.

ഗദ്യസാഹിത്യം

സുദീര്‍ഘമായ ചരിത്രമുള്ള ഭാഷയാണ് തമിഴ്. അതിലെ പദ്യസാഹിത്യത്തിന് രണ്ടായിരത്തില്‍പ്പരം കൊല്ലത്തെ പാരമ്പര്യമുണ്ട്. എന്നാല്‍ തമിഴിലെ ഗദ്യരചനയ്ക്ക് താരതമ്യേന ദൈര്‍ഘ്യം കുറഞ്ഞ ഒരു ചരിത്രമാണുള്ളത്. ഇന്നോളം കണ്ടുകിട്ടിയിട്ടുള്ള പഴക്കമേറിയ തമിഴ് ഗദ്യലിഖിതങ്ങള്‍ ചരിത്രരേഖകളാണ്. അനേകം നൂറ്റാണ്ടുകള്‍ക്കു മുമ്പ് രേഖപ്പെടുത്തിയ ശിലാലിഖിതങ്ങളും താമ്രലിഖിതങ്ങളും മറ്റും ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. സംഘം കൃതികളുടെ കാലത്തോ അതിനുമുമ്പോ എഴുതപ്പെട്ട രണ്ട് പഴയ തമിഴ് ഗ്രന്ഥങ്ങളാണ് തകടൂര്‍യാത്തിരൈ, പെരുന്തേവനാരുടെ ഭാരതം എന്നിവ. സാമാന്യം ദൈര്‍ഘ്യമുള്ള ഗദ്യപ്രയോഗം അടങ്ങിയിട്ടുള്ള ആദ്യകാലഗ്രന്ഥങ്ങള്‍ നക്കീരാര്‍ മുതല്‍ നാച്ചിനാര്‍ക്കിനിയര്‍ വരെയുള്ള വ്യാഖ്യാതാക്കളുടെ കൃതികളാണ്. ആ വ്യാഖ്യാനങ്ങളിലെ ഭാഷാഘടന അത്യന്തം സങ്കീര്‍ണമത്രേ. ഇറൈയനാര്‍ അകപ്പൊരുള്‍ എന്ന പ്രസിദ്ധ ഗ്രന്ഥത്തിന് വൈഷ്ണവ പണ്ഡിതന്മാര്‍ തയ്യാറാക്കിയ വ്യാഖ്യാനങ്ങളിലെ ഭാഷ ഒരുതരം മണിപ്രവാളമാണ.് സംസ്കൃത പദ അര്‍ഥങ്ങള്‍ക്കാണ് അതില്‍ മുന്‍തൂക്കം ഉള്ളത്.

വിദേശ മിഷനറിമാരും തമിഴ് ഗദ്യവും. യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്ന് തമിഴ്നാട്ടില്‍ എത്തിച്ചേര്‍ന്ന ക്രിസ്ത്യന്‍ മിഷനറിമാര്‍ ക്രിസ്തുമതം പ്രചരിപ്പിക്കുന്നതിനുവേണ്ടി തമിഴ്ഭാഷ അഭ്യസിക്കുകയും അചിരേണ തമിഴ്ഗ്രന്ഥങ്ങള്‍ രചിക്കുകയും ചെയ്തു. ഇവയില്‍ ഹെന്റിക് ഹെന്റിക്കസിന്റെ (1520-1600) തമ്പിരാന്‍വണക്കം, റോബര്‍ട്ട് ഡി നോബിലിയുടെ തമിഴ് കൃതികള്‍, കോണ്‍സ്റ്റന്‍ഷ്യന്‍സ് ബെഷ്കിയുടെ സംസാരഭാഷയുടെ വ്യാകരണം, നിഘണ്ടു, വേതിയര്‍ ഒഴുക്കം, പരമാര്‍ഥ ഗുരുകതൈ എന്നിവ പ്രമുഖങ്ങളാണ്.

ബൈബിളിന്റെ തമിഴ് പരിഭാഷ. ഡന്മാര്‍ക്കില്‍ നിന്ന് തമിഴ് നാട്ടില്‍ എത്തിയ ജര്‍മനിക്കാരനായ സീഗന്‍ബാല്ഗ (1683-1719) ബൈബിളിലെ പുതിയ നിയമം ആദ്യമായി തമിഴിലേക്ക് പരിഭാഷപ്പെടുത്തി. തമിഴ്നാട്ടിലെ സംഭാഷണ ഭാഷയിലാണ് അദ്ദേഹം ഈ തര്‍ജുമ തയ്യാറാക്കിയത്. അതിനാല്‍ അത് തമിഴ് ഗദ്യത്തിന്റെ വഴിത്തിരിവിന് തുടക്കം കുറിച്ചു.

യൂറോപ്പില്‍ നിന്നു വന്ന മിഷനറിമാരില്‍ പ്രധാനികള്‍ അവിടെ നിന്ന് അച്ചടിക്കുള്ള യന്ത്രോപകരണങ്ങള്‍ കൂടി ഇന്ത്യയില്‍ കൊണ്ടുവന്നു. ഇങ്ങനെ മിഷനറിമാര്‍ തുടങ്ങിവച്ച പുസ്തക പ്രസിദ്ധീകരണം തമിഴ് ഗദ്യത്തിന്റെ പ്രചാരത്തിന് അടിത്തറപാകി. അച്ചടിയന്ത്രം തമിഴ്നാട്ടില്‍ എത്തിച്ച മിഷനറിമാര്‍ അച്ചടി വിദ്യയിലൂടെ തമിഴ്ഗദ്യത്തിന്റെ വളര്‍ച്ച സുഗമമാക്കിത്തീര്‍ത്തു.

അച്ചടിയുടെ വളര്‍ച്ചയും ആധുനിക തമിഴ്ഗദ്യത്തിന്റെ ആവിര്‍ഭാവവും. ഈസ്റ്റ് ഇന്ത്യാക്കമ്പനിയുടെ ഉദ്യോഗസ്ഥരായി മദിരാശിയില്‍ പ്രവര്‍ത്തിച്ചിരുന്ന യൂറോപ്യന്മാര്‍ക്ക് തമിഴ് പഠിക്കാന്‍ സൗകര്യം സൃഷ്ടിക്കുന്നതിനുവേണ്ടി മദ്രാസില്‍ നിന്ന് കമ്പനിയുടെ പ്രോത്സാഹനത്തോടുകൂടി അച്ചടിശാലകള്‍ ആരംഭിച്ചു. 'ചെന്നൈ കല്വി സംഘം', 'പാഠനൂല് സംഘം' എന്നീ പേരുകളില്‍ രണ്ട് സമിതികള്‍ രൂപീകരിക്കപ്പെട്ടു. സുപ്രസിദ്ധ തമിഴ് പണ്ഡിതനായിരുന്ന രാമാനുജ കവിരായര്‍ ആണ് ഈ സംഘങ്ങള്‍ക്ക് നേതൃത്വം നല്കിയത്. തമിഴില്‍ രചിക്കപ്പെടുന്ന ഏറ്റവും മികച്ച വ്യാകരണഗ്രന്ഥത്തിന് സമ്മാനം നല്കുമെന്ന് പാഠനൂല്‍ സംഘം പരസ്യം ചെയ്തു. തിരുവേര്‍ക്കാടു സുബ്ബരായ മുതലിയാര്‍ ചോദ്യോത്തരരൂപത്തില്‍ രചിച്ച തമിഴ്വിളക്കം (1811), ബെഷ്കി (വീരമാമുനിവര്‍) എന്ന മിഷനറിയുടെ പരമാര്‍ഥ ഗുരുകഥൈ, താണ്ഡവരായ മുതലിയാരുടെ പഞ്ചതന്ത്രവിവര്‍ത്തനം (1826) എന്നിവയും ഈ സാഹചര്യങ്ങളില്‍ തമിഴ്ഗദ്യത്തിന്റെ വികാസത്തിന് സഹായകങ്ങളായിത്തീര്‍ന്ന പ്രസിദ്ധീകരണങ്ങളാണ്. സിലോണിലെ യാഴ്പ്പാണത്തു ജനിച്ച ആറുമുഖനാവലര്‍ (1822-89) ധര്‍മം, മതം, സംസ്കാരം, ചരിത്രം, ഭാഷ എന്നിങ്ങനെ വിവിധ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന ഉപന്യാസങ്ങളോടൊപ്പം ഏതാനും തമിഴ് പ്രാചീന ഗ്രന്ഥങ്ങളും കണ്ടെടുത്ത് പ്രസിദ്ധപ്പെടുത്തി. അങ്ങനെ തമിഴ്ഗദ്യത്തിന്റെ ആരോഗ്യകരമായ വളര്‍ച്ചയ്ക്കു വഴിതെളിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു.

ഉപന്യാസസാഹിത്യം. സി.ഡബ്ള്യു. ദാമോദരന്‍ പിള്ള ദിനവര്‍ത്തമാനി എന്ന ആനുകാലികത്തിന്റെ പ്രസിദ്ധീകരണം ആരംഭിക്കുകയും അതില്‍ വീരസ്വാമിച്ചെട്ടിയാര്‍ എന്നയാള്‍ തയ്യാറാക്കിയ ഉപന്യാസങ്ങള്‍ പ്രസിദ്ധപ്പെടുത്തിത്തുടങ്ങുകയും ചെയ്തു. പില്ക്കാലത്ത് വിനോദരസമഞ്ജരി (1877) പ്രസ്തുത ഉപന്യാസങ്ങള്‍ സമാഹരിച്ച് പ്രസിദ്ധപ്പെടുത്തുകയുണ്ടായി. സാമൂഹിക ജീവിതത്തെ അധികരിച്ചുള്ള ലേഖനങ്ങളും ചരിത്രസംഭവങ്ങള്‍, പുരാവൃത്തങ്ങള്‍, പൂര്‍വകാല സാഹിത്യ കൃതികളിലെ കഥാപാത്രങ്ങള്‍ തുടങ്ങിയ പലതരം വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന ഉപന്യാസങ്ങളും അദ്ദേഹം എഴുതി പ്രസിദ്ധീകരിച്ചിട്ടുണ്ട്. വായനക്കാരുടെ ശ്രദ്ധ ആകര്‍ഷിക്കത്തക്ക വിഷയങ്ങള്‍ വാര്‍ത്തകളുടേയും ഉപന്യാസങ്ങളുടേയും കഥകളുടേയും രൂപത്തില്‍ അവതരിപ്പിക്കുന്ന മറ്റു പല ആനുകാലിക പത്രങ്ങളും കാലക്രമേണ പുറത്തുവന്നു തുടങ്ങി. അവ ഗദ്യസാഹിത്യത്തെ പരിപോഷിപ്പിക്കുന്നതിനു പുറമേ മറ്റു പല വിഷയങ്ങളേയും സംബന്ധിച്ച വിജ്ഞാനം ജനങ്ങള്‍ക്കിടയില്‍ പ്രചരിപ്പിക്കുന്നതിനും ഉപകരിച്ചു. വിവേകചിന്താമണി (1892), ജ്ഞാനബോധിനി (1898), ചെന്തമിഴ് (1901) എന്നിവ അക്കാലത്ത് പ്രസിദ്ധീകരിക്കപ്പെട്ടു തുടങ്ങിയ ആനുകാലികങ്ങളില്‍ പ്രധാനപ്പെട്ട ചിലതു മാത്രമാണ്. അക്കാലത്തുണ്ടായ ചില നോവലുകളും ഖണ്ഡശഃ പ്രസിദ്ധപ്പെടുത്തിയിരുന്നു. സാഹിത്യചരിത്രകാരനായ എം.എസ്.പൂര്‍ണ്‍ലിംഗവും പണ്ഡിതനായ വി.ജി. സൂര്യനാരായണശാസ്ത്രിയും ആയിരുന്നു ജ്ഞാനബോധിനിയുടെ പത്രാധിപന്മാര്‍. ഈ പത്രത്തില്‍ ശ്രദ്ധാര്‍ഹങ്ങളായ സാഹിത്യനിരൂപണങ്ങളും ഇടയ്ക്കിടയ്ക്ക് പ്രത്യക്ഷപ്പെട്ടുകൊണ്ടിരുന്നു. ഗദ്യസാഹിത്യ രൂപങ്ങള്‍ വികാസം പ്രാപിക്കുന്നതിനും ഈ ആനുകാലികങ്ങള്‍ സഹായകങ്ങളായി. പ്രണതാര്‍ത്തി ശിവന്‍ തമിഴ് ക്ളാസ്സിക്കുകളെപ്പറ്റി ലളിതവും സുഗ്രഹവുമായ ശൈലിയില്‍ തയ്യാറാക്കിയ വിമര്‍ശനങ്ങള്‍ ഇക്കൂട്ടത്തില്‍ ശ്രദ്ധേയങ്ങളാണ്.

ഇക്കാലത്തെ പ്രമുഖ ഗദ്യസാഹിത്യകാരന്മാരില്‍ ഒരാള്‍ തിരുമണം ശെല്‍വകേശവരായ മുതലിയാര്‍ ആണ്. സാഹിത്യ സൗകുമാര്യമുള്ള തമിഴ്ഭാഷയില്‍ അക്കാലത്തെ പല ഗദ്യസാഹിത്യകാരന്മാരും കത്തുകളെഴുതി പരസ്പരം അയച്ചു കൊടുക്കാറുണ്ടായിരുന്നു. ഇത്തരം കത്തുകള്‍ അക്കാലത്ത് ഒരു പ്രത്യേക സാഹിത്യശാഖയായി വികാസം പ്രാപിച്ചു എന്നു പറയാം.

20-ാം ശ.-ത്തിന്റെ പ്രാരംഭ ദശകങ്ങളില്‍ സാധാരണക്കാര്‍ക്കു സുഗ്രഹമായ ഭാഷയില്‍ ഗദ്യസാഹിത്യരചന നടത്താന്‍ കൂടുതല്‍ ആളുകള്‍ സന്നദ്ധരായി. അതിനു പുറമേ വാര്‍ത്തകള്‍, കാലിക പ്രാധാന്യമുള്ള വിഷയങ്ങളെക്കുറിച്ചുള്ള ലേഖനങ്ങള്‍ എന്നിവ വായിക്കാന്‍ ജനസാമാന്യത്തിനുള്ള കൌതുകത്തെ തൃപ്തിപ്പെടുത്തുന്നതിനുവേണ്ടി ദിനപ്പത്രങ്ങള്‍ പ്രസിദ്ധീകരിക്കപ്പെട്ടു തുടങ്ങി. ആദ്യമായി പുറത്തുവന്ന ദിനപ്പത്രങ്ങളില്‍ പ്രധാനപ്പെട്ട ഒന്ന് സ്വദേശമിശ്രന്‍ (1882) ആണ്. ഈ പത്രത്തിന്റെ നടത്തിപ്പില്‍ വിഖ്യാത തമിഴ്കവിയായ സുബ്രഹ്മണ്യഭാരതിയും പങ്കുചേര്‍ന്നു. പ്രത്യേക പരാമര്‍ശമര്‍ഹിക്കുന്ന ദേശഭക്തന്‍ എന്ന ആനുകാലിക പത്രമാണ് ഇക്കാലത്ത് ആരംഭിച്ച മറ്റൊരു പ്രസിദ്ധീകരണം. അതിന്റെ പത്രാധിപര്‍ വി. കല്യാണസുന്ദര മുതലിയാര്‍ ആയിരുന്നു. നവശക്തിയില്‍ കല്യാണസുന്ദര മുതലിയാര്‍ എഴുതിയിരുന്ന ലേഖനങ്ങള്‍, കാലിക പ്രാധാന്യമുള്ള വിഷയങ്ങള്‍ എന്നിവ ഏതൊരു വായനക്കാരനേയും ആകര്‍ഷിക്കുമാറ് പ്രതിപാദിക്കപ്പെട്ടവയായിരുന്നു. കല്ക്കി എന്ന പേരില്‍ അറിയപ്പെടുന്ന കൃഷ്ണമൂര്‍ത്തി ആകര്‍ഷകമായ ശൈലിയില്‍ത്തന്നെ ലേഖനങ്ങളും കഥകളും മറ്റും എഴുതിയിരുന്ന ആളാണ്. ഇത്തരം പത്രലേഖകരിലൂടെ നോവല്‍, കഥ തുടങ്ങിയവയില്‍നിന്നു ഭിന്നമായ ഒരു ഉപന്യാസ സാഹിത്യരൂപവും വളര്‍ന്നുവന്നു.

എ.ജി. ഗാര്‍ഡിനര്‍, ജി.കെ. ചെസ്റ്റര്‍ട്ടന്‍, ജെ.ബി. പ്രീസ്റ്റ്ലി തുടങ്ങിയ ഇംഗ്ളീഷ് എഴുത്തുകാരുടെ മാതൃക പിന്‍തുടര്‍ന്ന് ധര്‍മബോധം തുളുമ്പുന്ന ശൈലിയില്‍ ലഘൂപന്യാസങ്ങള്‍ എഴുതാന്‍ 20-ാം ശ.-ത്തിന്റെ രണ്ടാംപാദത്തില്‍ തമിഴിലെ ചില പുതിയ എഴുത്തുകാര്‍ നടത്തിയ പരിശ്രമം തമിഴിലെ ഗദ്യസാഹിത്യത്തിന് പുതിയൊരു മാനം കൂടി നല്കി. മണിക്കൊടി എന്ന പത്രത്തില്‍ ലേഖനങ്ങള്‍ എഴുതിയിരുന്ന വാ.രാ. (വി. രാമസ്വാമി അയ്യങ്കാര്‍) ഏതു വിഷയവും പ്രൌഢമായ രീതിയില്‍ കൈകാര്യം ചെയ്യാന്‍ പര്യാപ്തവും അതേസമയം ലളിതവും മൂര്‍ച്ചയേറിയതുമായ ഒരു ഗദ്യശൈലി ആവിഷ്കരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തു. വാ.രാ.-യുടെ രചനാശൈലിയോട് സാദൃശ്യമുള്ളതും അതേസമയം സവിശേഷ വ്യക്തിത്വം പാലിക്കുന്നതുമായ ഒരു ശൈലി ആവിഷ്കരിച്ച ഗദ്യകാരനാണ് ടി.ജെ. രംഗനാഥന്‍.

തമിഴില്‍ ആദ്യമായി ഒരു ചരിത്രഗ്രന്ഥം എഴുതിയത് കലാനിധി മാസികയുടെ പത്രാധിപരായ പഗഡാല നരസിംഹലുനായുഡു ആണ്. 1902-ല്‍ പുറത്തിറങ്ങിയ ദക്ഷിണേന്ത്യാ ചരിത്രമാണ് ഈ ഗ്രന്ഥം. ഇതിനേത്തുടര്‍ന്ന് വിവിധ കാലഘട്ടങ്ങളിലെ തമിഴ്നാടിന്റെ ചരിത്രം പ്രതിപാദിക്കുന്ന പല ഗ്രന്ഥങ്ങളും പ്രത്യക്ഷപ്പെട്ടുതുടങ്ങി. അക്കൂട്ടത്തില്‍ എടുത്തു പറയത്തക്ക ഒരെണ്ണം സദാശിവപണ്ടാരത്താരുടെ പാണ്ഡ്യ-ചോഴ ചരിത്രമാണ്. തുടര്‍ന്ന് എം.രാഗവയ്യങ്കാരുടെ ചേരവംശചരിത്രം പുറത്തുവന്നു. രാജ്യ ചരിത്രങ്ങള്‍ക്കു പുറമേ തമിഴ് ജനതയുടേയും ഭാഷയുടേയും ചരിത്രങ്ങളും അചിരേണ പ്രസിദ്ധീകരിക്കപ്പെട്ടുതുടങ്ങി. ആയിനത്തില്‍പ്പെടുന്ന ആദ്യത്തെ ശ്രദ്ധേയമായ ഗ്രന്ഥം കെ. ശ്രീനിവാസപിള്ളയുടെ തമിഴര്‍ വരലാറു എന്ന കൃതിയാണ്. വൈയ്യാപുരിപിള്ളയുടെ ഇലക്കിയ ഉദയവും തമിഴ്ചുടര്‍മണികളും, മീനാക്ഷിസുന്ദരത്തിന്റെ കാനല്‍വരി എന്ന ഗ്രന്ഥവും തമിഴ്സാഹിത്യത്തിന്റെ വിവിധ വശങ്ങളേയും വിവിധ ഘട്ടങ്ങളേയും കുറിച്ചുള്ള പ്രത്യേക പഠനങ്ങള്‍ അവതരിപ്പിക്കുന്നു. കെ.കൈലാസപതി എഴുതിയ തമിഴ്നോവല്‍ ഇലക്കിയം, ക.നാ.സുബ്രഹ്മണ്യത്തിന്റെ പഠിത്തിരുക്കീറീര്‍കളാ, കെ.ശിവതമ്പിയും ശെന്തില്‍നാഥനും ചേര്‍ന്ന് എഴുതിയ തമിഴ് ചെറുകഥാചരിത്രം എന്നിങ്ങനെ സാഹിത്യത്തിന്റെ വിവിധ ശാഖകളുടെ ചരിത്രം പ്രതിപാദിക്കുന്ന ഗ്രന്ഥങ്ങള്‍ ഈ ഗദ്യശാഖയെ കൂടുതല്‍ സമ്പന്നമാക്കിയിട്ടുണ്ട്. 20-ാം ശ.-ത്തിന്റെ അന്ത്യത്തില്‍ എസ്.വി.സുബ്രഹ്മണ്യത്തിന്റേതായി പ്രസിദ്ധീകരിക്കപ്പെട്ട സാഹിത്യചരിത്രഗ്രന്ഥം ആ വിഷയത്തെക്കുറിച്ചുള്ള പുതിയ ഒരു കാഴ്ചപ്പാട് അവതരിപ്പിക്കുന്നു. തമിഴ്സാഹിത്യത്തിന്റെ വിഭിന്നവശങ്ങളേയും ഘട്ടങ്ങളേയും അധികരിച്ചു നടന്നിട്ടുള്ള ഗവേഷണങ്ങള്‍ പല രൂപത്തില്‍ വായനക്കാരുടെ മുമ്പില്‍ അവതരിപ്പിക്കുന്ന പുസ്തകങ്ങളുടെ കാര്യവും ഇവിടെ സ്മരണീയമാണ്.

വിവിധ ശാസ്ത്രങ്ങളേയും സാങ്കേതിക ശാസ്ത്രങ്ങളേയും അധികരിച്ച് തമിഴില്‍ 1930 മുതല്‍ ഒട്ടേറെ ഗ്രന്ഥങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. ഇവയെല്ലാം ചേര്‍ന്ന് തമിഴ്ഭാഷയുടെ വിജ്ഞാനസാഹിത്യത്തെ സമ്പന്നമാക്കിയിട്ടുണ്ട്. തമിഴ്ഭാഷയിലുള്ള പത്രപ്രവര്‍ത്തനത്തിന്റെ വിഭിന്ന വശങ്ങളെക്കുറിച്ചു പ്രതിപാദിക്കുന്ന നിരവധി ലേഖനങ്ങളും പുസ്തകങ്ങളും ഇരുപതാം നൂറ്റാണ്ടില്‍ ഉണ്ടായിട്ടുണ്ട്. സാമൂഹിക പരിവര്‍ത്തനത്തിന് ഉതകുന്ന തരത്തിലുള്ള ഗദ്യരചനകള്‍ തമിഴില്‍ വികാസം പ്രാപിക്കുന്നതിന് ഇ.വി.രാമസ്വാമിനായ്ക്കരും സോഷ്യലിസ്റ്റ് ചിന്താഗതിക്കാരും എഴുതിയിട്ടുള്ള പത്രലേഖനങ്ങള്‍ വഴിതെളിച്ചു.

20-ാം ശ.-ത്തിന്റെ ആരംഭം തൊട്ട് തമിഴില്‍ യാത്രാവിവരണപരമായ ഒട്ടേറെ ലേഖനങ്ങളും ഏതാനും ഗ്രന്ഥങ്ങളും പുറത്തു വന്നിട്ടുണ്ട്. വിജ്ഞാനപ്രദവും സരസവുമായ ഒരു ഗദ്യരചനാമേഖല ഇവയിലൂടെ രൂപംകൊണ്ടിരിക്കുന്നു.

ഇങ്ങനെ തമിഴ് ഗദ്യസാഹിത്യം കൂടുതല്‍ വൈചിത്യ്രവും വികാസവും ആര്‍ജിച്ചുകൊണ്ടിരിക്കുന്നു എന്ന വസ്തുത മേല്‍പ്പറഞ്ഞ ഗദ്യസാഹിത്യശാഖകളുടെ വിവരണത്തില്‍ നിന്നു വ്യക്തമാകുന്നു.

ജീവചരിത്രം

തമിഴ്നാട്ടിലെ പ്രാചീനകാല നേതാക്കന്മാരുടെ ജീവിതകഥകള്‍ സംഘം കവിതകളില്‍ പ്രതിപാദിച്ചിരുന്നു. എന്നാല്‍ കവിതകളുടെ ഭാവനയ്ക്കൊത്ത രൂപത്തിലാണ് അവര്‍ ആ കഥകള്‍ രേഖപ്പെടുത്തിയിട്ടുള്ളത്. അതിനേത്തുടര്‍ന്ന് വീരപുരുഷന്മാരുടെ കഥകളും ഇതേ രീതിയില്‍ പ്രാചീനകാവ്യങ്ങളില്‍ പ്രതിപാദിച്ചിരുന്നു. ഇവയില്‍ നായനാര്‍മാരുടെ ജീവചരിത്രം പ്രതിപാദിക്കുന്ന പെരിയപുരാണം, മാണിക്യവാചകരുടെ ജീവചരിത്രമായ തിരുവാണ്ടവുരാര്‍ പുരാണം, പട്ടിണത്തടികള്‍ പുരാണം എന്നിവ പ്രധാനമാണ്. 19-ാം ശ.-ത്തിലും 20-ാം ശ.-ത്തിലുമുള്ള എഴുത്തുകാര്‍ തങ്ങള്‍ക്ക് നേരിട്ട് അറിയാവുന്ന വ്യക്തികളുടെ ജീവചരിത്രങ്ങള്‍ ഗദ്യരൂപത്തില്‍ പ്രദിപാദിച്ചിട്ടുണ്ട്. എങ്കിലും അപ്രകാരമുണ്ടായ പല കൃതികളിലും കഥാപുരുഷന്മാരുടെ ജീവിതത്തിലെ മുഖ്യ സംഭവങ്ങളുടെ വിവരണവും സ്തുതിവചനങ്ങളുമാണ് പ്രായേണ കാണപ്പെടുന്നത്. ഇവയ്ക്കു പുറമേ പാശ്ചാത്യഭാഷകളിലെ ജീവചരിത്രങ്ങള്‍ പരിഭാഷപ്പെടുത്തി അവതരിപ്പിക്കാനും ചില എഴുത്തുകാര്‍ തയ്യാറായിട്ടുണ്ട്. അവയ്ക്കു സാഹിത്യമൂല്യം കുറവാണെന്ന് എടുത്തു പറയേണ്ടിയിരിക്കുന്നു.

പ്രശസ്ത കവിയായ മീനാക്ഷിസുന്ദരംപിള്ള(1815-76)യുടെ ജീവചരിത്രം അദ്ദേഹത്തിന്റെ ശിഷ്യനായിരുന്ന സ്വാമിനാഥയ്യര്‍ (1855-1942) രണ്ട് വാല്യങ്ങളായി എഴുതി പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. കഥാപുരുഷന്റെ വ്യക്തിത്വത്തേയും ജീവിതത്തേയും അദ്ദേഹം സാഹിത്യത്തിനു നല്കിയിട്ടുള്ള സംഭാവനകളേയും അതിസൂക്ഷ്മമായി മനസ്സിലാക്കി രചിക്കപ്പെട്ട ഈ ജീവചരിത്രം വസ്തുനിഷ്ഠവും വിജ്ഞാനപ്രദവുമാണ്. ഈ ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയിട്ടുള്ള കാര്യങ്ങളെല്ലാം ആധികാരികമായതുകൊണ്ട് അത് തമിഴിലെ ജീവചരിത്രസാഹിത്യത്തിന് ഉറപ്പുള്ള ഒരു അടിത്തറ പാകി എന്നു പറയാം.

ആധുനിക തമിഴ് കവികളില്‍ അഗ്രഗണ്യനായ സുബ്രഹ്മണ്യ ഭാരതി (1882-1921)യുടെ ജീവചരിത്രങ്ങള്‍ പലരും എഴുതിയിട്ടുണ്ട്. അക്കൂട്ടത്തില്‍ ഏറ്റവും ആധികാരികവും വിശിഷ്ടവുമായ ഗ്രന്ഥം പ്രസിദ്ധ സാഹിത്യകാരനായ വാ.രാ. (വ. രാമസ്വാമി അയ്യങ്കാര്‍) രചിച്ചതാണ്. മഹാകവി ഭാരതിയാര്‍ എന്ന ഈ പുസ്തകം 126 പേജുകള്‍ മാത്രം അടങ്ങുന്നതാണെങ്കിലും കഥാപുരുഷന്റെ ജീവിതത്തേയും കാവ്യസാധനയേയും മനസ്സിലാക്കാന്‍ വായന ക്കാര്‍ക്ക് തികച്ചും സഹായകമായ ഒരു സാഹിത്യകൃതിയാണ്.

തമിഴ്നാട്ടുകാരുടെ ഭാഷണത്തില്‍ നിന്ന് സംസ്കൃത പദങ്ങള്‍ ഒഴിവാക്കണമെന്ന വാദം ഒരു പ്രസ്ഥാന മുദ്രാവാക്യമെന്ന നിലയില്‍ പ്രചരിപ്പിച്ച സ്വാമിവേദാചലധമറൈമലൈ അടികള്‍ എന്നറിയപ്പെടുന്നു (1876-1950)പത്തിന്റെ ജീവിതകഥയെ ആസ്പദമാക്കി അദ്ദേഹത്തിന്റെ പുത്രനായ തിരുനാവുക്കരശു രചിച്ചിട്ടുള്ള ജീവചരിത്ര ഗ്രന്ഥം വസ്തുനിഷ്ഠവും സൂക്ഷ്മവും വിജ്ഞാനപ്രദവുമാണ്.

തമിഴ്നാട്ടിലെ ഒരു പ്രമുഖ ഭിഷഗ്വരനായിരുന്ന ഡോ. രംഗാ ചാരി(1882-1932)യെക്കുറിച്ച് രാജംകൃഷ്ണന്‍ എഴുതിയ ജീവചരിത്രം മൂല്യവത്താണെന്നു പറയാം. തമിഴിലെ പ്രശസ്ത നോവലെഴുത്തുകാരനും കഥാകൃത്തുമായ കല്ക്കി കൃഷ്ണമൂര്‍ ത്തിയുടെ (1899-1954) ജീവിതകഥ പൊന്നിയിന്‍ പുതല്‍വന്‍ എന്ന പേരില്‍ സുന്ദരം (എം.ആര്‍.എം. സുന്ദരം) രചിച്ചിട്ടുണ്ട്. 900 പേജുകള്‍ അടങ്ങിയ ഈ ജീവചരിത്രം വസ്തുനിഷ്ഠവും ആസ്വാ ദ്യവുമാണ്. തമിഴ് ചെറുകഥാകാരന്മാരില്‍ അഗ്രഗണ്യനായ പുതു മൈപ്പിത്തന്റെ (സാക്ഷാല്‍ പേര് വൃദ്ധാചലം) ജീവിതത്തെ അധികരിച്ച് ടി.എം.സി. രഘുനാഥന്‍ എഴുതിയിട്ടുള്ള ജീവചരിത്രവും (1951) പ്രധാനമാണ്. വളരെ ഹ്രസ്വമാണെങ്കിലും കഥാനായകന്റെ ജീവിതത്തേയും എഴുത്തുകാരനെന്ന നിലയില്‍ അദ്ദേഹത്തിനുണ്ടായിരുന്ന സിദ്ധികളേയും മനസ്സിലാക്കാന്‍ സഹായകമാണ് ഈ ഗ്രന്ഥം. വി.കൃഷ്ണസ്വാമിയെക്കുറിച്ച് മകന്‍ ചന്ദ്രശേഖര്‍ രചിച്ചിട്ടുള്ള ജീവചരിത്രവും മദ്രാസ് മുഖ്യമന്ത്രിയായിരുന്ന ഓമനൂര്‍ രാമസ്വാമി റെഡ്യാരെക്കുറിച്ച് സോമലേ എഴുതിയ ജീവചരിത്രവും സാമാന്യം വിപുലമാണ്. ഹാ.കി. വാലമിനെക്കുറിച്ച് മതു.ചാ. വിമലാനന്ദം രചിച്ച ഇലക്കിയ ജ്യോതി, രാമലിംഗസ്വാമികളെക്കുറിച്ച് ഊരന്‍ അടികള്‍ രചിച്ച രാമലിംഗ അടികള്‍ വരലാറു എന്നിവയാണ് മറ്റു പ്രധാന ജീവചരിത്രങ്ങള്‍.

ആത്മകഥകള്‍

തമിഴില്‍ ഉണ്ടായിട്ടുള്ള ആത്മകഥാപരങ്ങളായ ഗ്രന്ഥങ്ങളില്‍ പ്രധാനപ്പെട്ടവ യു.വി. സ്വാമിനാഥയ്യര്‍ എഴുതിയിട്ടുള്ള എന്‍ചരിതം, വി. കല്ല്യാണസുന്ദരം രചിച്ചിട്ടുള്ള വാഴ്കൈക്കുറിപ്പുകള്‍, നാമക്കല്‍ രാമലിംഗംപിള്ളയുടെ എന്‍കതൈ, കോവൈ അയ്യാമുത്തിന്റെ എനദു നിനൈവുകള്‍ തുടങ്ങിയവയാണ്.

ഈ ആത്മകഥാകാരന്മാര്‍ അവരുടെ പ്രവര്‍ത്തന മേഖലകളേയും സമകാലിക സാമൂഹികജീവിതത്തെ സംബന്ധിച്ച വസ്തുതകളേയും കൂടി തങ്ങളുടെ സ്മരണകളുടെ ഭാഗമായി വിവരിച്ചിട്ടുള്ളതുമൂലം അവരുടെ ഗ്രന്ഥങ്ങള്‍ക്ക് വ്യക്തിഗതമല്ലാത്ത പ്രാധാന്യം കൂടി സിദ്ധിച്ചിട്ടുണ്ട്. മറ്റു ഭാഷകളിലുള്ള സുപ്രധാനങ്ങളായ പല ജീവചരിത്ര ഗ്രന്ഥങ്ങളും ആത്മകഥകളും തമിഴിലേക്ക് തര്‍ജുമ ചെയ്യപ്പെട്ടിട്ടുണ്ട് എന്ന വസ്തുതയും ഇവിടെ സ്മരണീയമാണ്. അവയിലൊന്ന് ഗാന്ധിജി രചിച്ചിട്ടുള്ള ആത്മകഥയുടെ പരിഭാഷയാണ്.

ബാലസാഹിത്യം

പ്രാചീനകാലത്ത് ബാലികാബാലന്മാര്‍ക്കുവേണ്ടി മുതിര്‍ന്നവര്‍ കഥകള്‍ സങ്കല്പിച്ചുണ്ടാക്കിയിരുന്നു എന്ന് തൊല്കാപ്പിയത്തിലെ പരാമര്‍ശങ്ങളില്‍ നിന്നു മനസ്സിലാക്കാം. ഇപ്രകാരമുള്ള കഥകള്‍ പറയാനും കേള്‍ക്കാനുമുള്ള താത്പര്യം പഴയകാലത്തും ജനങ്ങള്‍ക്കിടയില്‍ നിലവിലിരുന്നു എന്നാണ് ഇതിനര്‍ഥം. കടങ്കഥകളെ 'പിച്ചി' എന്നാണ് തൊല്കാപ്പിയത്തില്‍ വിശേഷിപ്പിച്ചിരിക്കുന്നത്. ആ ഗ്രന്ഥത്തില്‍ പരാമര്‍ശിക്കപ്പെടുന്ന കല്പിതകഥകള്‍ പലതരം ജന്തുക്കള്‍ തമ്മിലുള്ള ബന്ധങ്ങളും അവയുടെ പലതരം വ്യാപാരങ്ങളും ചിത്രീകരിക്കുന്നവയാണ്. കടങ്കഥകള്‍ക്ക് പില്‍ക്കാലത്തെന്നപോലെ ഈ പ്രാചീനകാലത്തും പദ്യസദൃശമായ രൂപം ഉണ്ടായിരുന്നതായി അനുമാനിക്കാം. എന്നാല്‍ കല്പിതകഥകള്‍ ഗദ്യച്ഛായയുള്ള രൂപത്തിലാണ് നിലനിന്നുപോന്നിട്ടുള്ളത്.

കുട്ടികള്‍ക്കു ചൊല്ലാനും ചൊല്ലിക്കേള്‍പ്പിക്കാനും വേണ്ടിയുള്ള നാടോടിപ്പാട്ടുകള്‍ അനവധി നൂറ്റാണ്ടുകള്‍ക്കു മുമ്പു മുതല്‍ തമിഴില്‍ പ്രചരിച്ചുപോരുന്നു. കുട്ടികള്‍ക്കു കേള്‍ക്കാന്‍ കൌതുകമുള്ള സംഭവകഥകളും സങ്കല്പങ്ങളും ചിത്രീകരിക്കുന്നവ ആയിരുന്നു ഈ പാട്ടുകള്‍. അവയും വളരെ അടുത്തകാലംവരെ വായ്മൊഴി രൂപത്തിലാണ് നിലനിന്നുപോന്നിട്ടുള്ളത്. പ്രാചീനങ്ങളായ ഈ നാടോടിപ്പാട്ടുകള്‍ ശേഖരിച്ച് ആദ്യമായി അച്ചടിച്ചത് ആര്‍. അയ്യസ്വാമിയാണ്. അവയ്ക്ക് അദ്ദേഹം കുളൈന്തകള്‍ക്കാന നാടോടിപാടല്‍കള്‍ എന്നാണ് പേരു നല്കിയിരിക്കുന്നത്. സദാചാരതത്ത്വങ്ങള്‍ പ്രതിപാദിക്കുന്ന നാടോടിപ്പാട്ടുകള്‍ പല നൂറ്റാണ്ടുകള്‍ക്കു മുമ്പു മുതല്‍ തമിഴ്നാട്ടില്‍ പ്രചരിച്ചുവരുന്നു. ഔവ്വയാരുടെ ആത്തിച്ചുടിയും (ആത്തിപുഷ്പം ചൂടിയവര്‍), പാണ്ഡ്യന്റെ വെട്റിവെര്‍ക്കയും ഉലകനാഥരുടെ ഉലകനീതിയുംഇവയുടെ കൂട്ടത്തില്‍പ്പെടുന്ന പ്രധാനപ്പെട്ട ചില നാടന്‍പാട്ടുകള്‍ ആണ്.

പ്രാചീനകാലത്തു തന്നെ ഇങ്ങനെ പലതരം നാടോടിപ്പാട്ടുകള്‍ തമിഴില്‍ പ്രചാരത്തിലിരുന്നുവെങ്കിലും അവയെല്ലാം ഇന്നു നാം ഉദ്ദേശിക്കുന്ന അര്‍ഥത്തിലുള്ള ബാലസാഹിത്യത്തില്‍പ്പെടുന്നവ ആയിരുന്നില്ല. ബാലന്മാര്‍ക്കുവേണ്ടി ലളിതഗാനങ്ങളും ലഘു കവിതകളും ബോധപൂര്‍വം രചിക്കപ്പെട്ടുതുടങ്ങിയത് ആധുനിക തമിഴിലെ പ്രമുഖകവിയായ സുബ്രഹ്മണ്യഭാരതിയുടെ കാലം മുതല്‍ക്കാണ്. ബാലികാബാലന്മാര്‍ക്ക് പാടിനടക്കാവുന്ന പല ലഘു കവിതകളും ഭാരതി രചിച്ചിട്ടുണ്ടെങ്കിലും അവരുടെ ഭാവനയ്ക്കൊത്ത ഗാനങ്ങളും കവിതകളും ഏറ്റവും കൂടുതല്‍ രചിച്ചിട്ടുള്ളത് കവിമണി ദേശികവിനായകം പിള്ളയാണ്. മറ്റൊരു പ്രശസ്തകവിയായ ഭാരതീദാസനും കുട്ടികളുടെ മനസ്സിനിണങ്ങുന്ന അനേകം ലഘുഭാവഗീതങ്ങള്‍ രചിച്ചിട്ടുണ്ട്.

സുബ്രഹ്മണ്യഭാരതിയുടെ പാപ്പപ്പാട്ട് (കുട്ടികള്‍ക്കുള്ള പാട്ട്) എന്ന കൃതി ആധുനിക ബാലസാഹിത്യത്തിന് ലഭിച്ചിട്ടുള്ള ഒരു ഉത്തമ കൃതിയാണ്. അത് ഔവ്വയാരുടെ ബാലകവിതകളെപ്പോലെ സാരോപദേശങ്ങള്‍ അടങ്ങിയവയത്രേ. ദേശികവിനായകംപിള്ള കുട്ടികള്‍ക്കു പാടാന്‍ പറ്റിയ ഗാനരൂപത്തിലുള്ള അനവധി ലഘുകവിതകള്‍ രചിച്ചിട്ടുള്ള ആളാണ്. ആ കവിതകള്‍ 'ഇളം തെന്റല്‍' (ഇളംകാറ്റ്) എന്ന പേരില്‍ സമാഹരിച്ച് പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെപശുവും കന്റും (പശുവും കിടാവും) എന്ന കവിത ആധുനികകാലത്തെ ബാലകവിതകളില്‍ വച്ച് ഏറ്റവും കൂടുതല്‍ പ്രചാരമാര്‍ജിച്ചിട്ടുള്ളതാണ്. കവിതാരൂപത്തില്‍ കുട്ടികള്‍ക്ക് ആസ്വാദ്യങ്ങളായ കഥകള്‍ പറയുന്ന കൃതികള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. ഇന്നത്തെ അമുദു എന്നപേരില്‍ രണ്ടുഭാഗങ്ങളായി സമാഹരിച്ചിട്ടുള്ള ബാലകവിതകളുടെ കര്‍ത്താവായ ഭാരതീദാസന്‍ ബാലസാഹിത്യത്തിന് പുതിയൊരു മാതൃക ആവിഷ്കരിച്ച ആളാണ്. കീര്‍ത്തനങ്ങള്‍ എന്ന പേരില്‍ അദ്ദേഹം കുട്ടികള്‍ക്കുവേണ്ടി എഴുതിയിട്ടുള്ള പാട്ടുകള്‍ വിഖ്യാതങ്ങളത്രേ. സംസ്കൃതപദങ്ങളോ ഗ്രാമ്യപദങ്ങളോ കലരാത്ത തമിഴിലാണ് അദ്ദേഹം തന്റെ ബാലകവിതകള്‍ രചിച്ചത്. ഇളൈജ്ഞര്‍ ഇലക്കിയം (യുവസാഹിതി) എന്ന പേരുള്ള ഒരു കവിതാസമാഹാരവും അദ്ദേഹത്തിന്റേതായി പ്രസിദ്ധീകരിച്ചിട്ടുണ്ട്.

താഴ്ന്ന ക്ളാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്കുവേണ്ടി തയ്യാറാക്കുന്ന പാഠപുസ്തകങ്ങളില്‍ ചേര്‍ക്കാന്‍വേണ്ടി ബാലകവിതകള്‍ എഴുതാറുള്ള ചില എഴുത്തുകാര്‍ തമിഴിലുണ്ട്. സി.ആര്‍. നമശിവായമുതലിയാര്‍, മണിതിരുനാവുക്കരശു, മയിലൈശിവമുത്തു എന്നിവര്‍ ഇത്തരം കവികളുടെ കൂട്ടത്തില്‍ ശ്രദ്ധേയരാണ്. നമശിവായമുതലിയാരുടെ ബാലകവിതകള്‍ സുഗ്രഹങ്ങളും മനസ്സില്‍ തങ്ങിനില്‍ക്കുന്നവയുമാണ്. അപ്പാവൈപ്പോല്‍ നാന്‍ ആനാല്‍ (ഞാന്‍ അച്ഛനു തുല്യനായിത്തീര്‍ന്നാല്‍, അതായത് അച്ഛനോളം വളര്‍ന്നാല്‍) എന്ന് ആരംഭിക്കുന്ന കവിത ഇതിനൊരു ദൃഷ്ടാന്തമാണ്. ശിവമൂര്‍ത്തി രചിച്ച പിട്ടു (ഒരു ഉറക്കുപാട്ട്) എന്ന കൃതിയും പ്രസിദ്ധമാണ്. മുത്തുപാടല്‍കള്‍ എന്ന പേരിലാണ് അദ്ദേഹത്തിന്റെ കൃതികള്‍ സമാഹരിക്കപ്പെട്ടിട്ടുള്ളത്.

കുട്ടികള്‍ക്കുവേണ്ടിയുള്ള കവിതകളുടെ രചനയിലൂടെ പ്രസിദ്ധിയാര്‍ജിച്ച മറ്റൊരാളാണ് അഴവള്ളിയപ്പ. അദ്ദേഹത്തിന്റെ പ്രസിദ്ധമായ ഒരു കൃതിയാണ് മലരും ഉള്ളം (വിടരുന്ന ഹൃദയം). ഈ കവിയുടെ പ്രശസ്തി മറ്റു പലരേയും ബാല കവിതാ രചനയിലേക്ക് ആകര്‍ഷിച്ചിട്ടുണ്ട്. അഖിലേന്ത്യാ റേഡിയോയില്‍ കുട്ടികള്‍ക്കു വേണ്ടിയുള്ള പരിപാടിയുടെ ചുമതല വഹിച്ചിരുന്ന ആര്‍. അയ്യാസ്വാമി (1912-80) ബാലകവിതകളുടെ കര്‍ത്താവെന്ന നിലയില്‍ അനുസ്മരിക്കപ്പെടുന്നു. അദ്ദേഹത്തിന്റെ ബാലരാമായണം കുട്ടികള്‍ക്ക് ആസ്വാദ്യമാംവണ്ണം രാമായണകഥ പ്രതിപാദിക്കുന്ന നല്ലൊരു കൃതിയാണ്.

തമിഴ്ഒലി, തനിഹൈ ഉലകനാഥന്‍, പൂവണ്ണന്‍, പെരിയ സ്വാമി തൂരന്‍, നാഗമുത്തയ്യ, നമ്പിശ്രീനിവാസന്‍ എന്നിവരാണ് പ്രശസ്ത രായ മറ്റു ബാലകവിതാരചയിതാക്കള്‍. രാജം സീതാരാമന്റെ ബാലര്‍ ഇയര്‍ക്കൈപാടല്‍, വി.ആര്‍. ശിവജ്ഞാന വള്ളലിന്റെ കുളന്തൈകള്‍ക്ക് അണ്ണ, അരുമ സോമസുന്ദരത്തിന്റെ ചിറവരക്കു വിജ്ഞാനം, പിറൈ അണിവോന്റെ അറിവ് കേള്‍വികള്‍, പി.വി. മുത്തുകൃഷ്ണന്റെ ശിറുവര്‍ ഉലകം, ഷണ്‍മുഖ സുബ്ബയ്യന്റെ കണ്ണന്‍ എന്‍ തമ്പി എന്നിവ എടുത്തുപറയത്തക്ക ബാലകവിതാസമാഹാരങ്ങളാണ്.

ബാലകഥകള്‍. കുട്ടികള്‍ക്കുവേണ്ടിയുള്ള കഥകള്‍ എഴുതാന്‍ മുന്‍കൈയെടുത്തിട്ടുള്ള ആളാണ് വീരമാമുനിവര്‍ (1680-1746). കുമാരസ്വാമി നായിഡു ആന്‍ഡ് സണ്‍സ് എന്ന പ്രസിദ്ധീകരണശാല കുട്ടികള്‍ക്കു വേണ്ടിയുള്ള പല ചെറുകഥാസമാഹാരങ്ങളും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ഇതിനുപുറമേ വായ്ഗോവിന്ദന്‍ എന്നൊരാള്‍ കുട്ടികള്‍ക്കുവേണ്ടി നാടോടിക്കഥകള്‍ പുനരാഖ്യാനം ചെയ്ത് തന്റെ അനില്‍ എന്ന മാസികയിലൂടെ അവതരിപ്പിച്ചിട്ടുണ്ട്. ആര്‍. രാജചൂഢാമണി ഇന്ത്യയിലെ പല നാടോടിക്കഥകളും തമിഴില്‍ പുനരാഖ്യാനം ചെയ്തിട്ടുണ്ട്. കുട്ടികള്‍ക്കുവേണ്ടിയുള്ള സാരോപദേശ കഥകളുടെ പല സമാഹാരങ്ങളും പുറത്തുവന്നിട്ടുള്ളതും സ്വാഗതാര്‍ഹമാണ്.

ഇതുപോലെതന്നെ കുട്ടികള്‍ക്കായി നിരവധി നോവലുകള്‍ തമിഴില്‍ പ്രസിദ്ധീകൃതങ്ങളായിട്ടുണ്ട്. തമിഴ്വാണന്റെ ഭയമായിരുക്കെ എന്ന കൃതിയാണ് കുട്ടികള്‍ക്കുവേണ്ടി തുടര്‍ക്കഥാരൂപത്തില്‍ പ്രത്യക്ഷപ്പെട്ട ആദ്യനോവല്‍. പില്‍ഗ്രിംസ് പ്രോഗ്രസ് എന്ന ഇംഗ്ളീഷ് കൃതിയുടെ പുനരാഖ്യാനമാണ് പെരിയസ്വാമിതൂരന്റെ മായക്കള്ളന്‍ എന്ന കൃതി. കുട്ടികള്‍ക്കു വേണ്ടിയുള്ള അനവധി കുറ്റാന്വേഷണ നോവലുകളും രചിക്കപ്പെട്ടിട്ടുണ്ട്. അക്കൂട്ടത്തില്‍ ദേവന്റെ തുപ്പറിയും ശാംബു, ദേവശിഖാമണിയുടെ പരമന്‍ അരുള്‍, ആര്‍.വി.യുടെ അശട്ടുപിച്ചു, ഇനിയവന്റെ പൊന്‍മനം എന്നിവ ശ്രദ്ധേയങ്ങളാണ്.

മറ്റു ലോകഭാഷകളില്‍നിന്ന് തമിഴിലേക്ക് കുറ്റാന്വേഷണ നോവലുകള്‍ തര്‍ജുമ ചെയ്യാനും അനേകം എഴുത്തുകാര്‍ തയ്യാറായിട്ടുണ്ട്. ആലിസ് ഇന്‍ വണ്ടര്‍ലാന്‍ഡ് എന്ന കൃതി അലമുവിന്‍ അതിശയ ഉലകം എന്ന പേരില്‍ റ്റി.ജെ. രംഗനാഥന്‍ വിവര്‍ത്തനം ചെയ്തിരിക്കുന്നു. കുട്ടികളുടെ വിജ്ഞാനവര്‍ധനവിന് ഉതകുന്ന ശാസ്ത്രഗ്രന്ഥങ്ങളും സാമാന്യ വിജ്ഞാനപ്രദങ്ങളായ കൃതികളും ഇപ്പോള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നു.

കുട്ടികള്‍ക്കുവേണ്ടിയുള്ള ആനുകാലികങ്ങള്‍. കുട്ടികളുടെ പാരായണത്തിനുള്ള കവിതകള്‍, നാടകങ്ങള്‍, ശാസ്ത്രലേഖനങ്ങള്‍, നോവലുകള്‍, കഥകള്‍ തുടങ്ങിയവ പ്രസിദ്ധീകരിക്കുന്ന പല ആനുകാലികങ്ങളും അല്പകാലത്തിനു മുമ്പുതൊട്ട് തമിഴ് നാട്ടില്‍ പ്രസിദ്ധപ്പെടുത്തിവരുന്നുണ്ട്. തമിഴ് തായ്, ബാലദീപിക എന്നിവ ഇതിനു ദൃഷ്ടാന്തങ്ങളാണ്. തമിഴിലെ പ്രധാനപ്പെട്ട ആനുകാലികങ്ങള്‍ അടുത്തകാലത്ത് ബാലസാഹിത്യപ്പതിപ്പുകള്‍ പ്രസിദ്ധീകരിച്ചുതുടങ്ങിയിട്ടുണ്ട്. തമിഴിലെ ബാലസാഹിത്യം ആശാസ്യമായ തോതിലുള്ള വികാസം ഇതിനകം നേടിക്കഴിഞ്ഞിട്ടുണ്ടെന്നും ഇനിയും അത് കൂടുതല്‍ സമ്പന്നമായിത്തീരാനുള്ള സാധ്യതകള്‍ തെളിഞ്ഞിട്ടുണ്ടെന്നും മേല്‍പ്പറഞ്ഞ വസ്തുതകള്‍ വെളിപ്പെടുത്തുന്നു.

പ്രസ്ഥാനങ്ങളും സംഘടനകളും

സാഹിത്യരചന നടത്തുന്നവര്‍ വ്യക്തികളാണെങ്കിലും അതിന്റെ വികാസവും മൂല്യവും സാധ്യമാകുന്നതിന് സംഘടിതപരിശ്രമങ്ങള്‍ അന്ത്യന്താപേക്ഷിതമാണ്. തമിഴ്നാട്ടില്‍ സാഹിത്യത്തിന്റെ വികാസത്തെ ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ പ്രാചീനകാലം മുതല്‍ ഉണ്ടായിരുന്നിട്ടുണ്ട്. ഇപ്രകാരമുള്ള ആദ്യത്തെ സംഘടന സുപ്രസിദ്ധമായ തമിഴ്സംഘമത്രേ. ഈ പേരില്‍ മൂന്ന് സംഘടനകള്‍ വിവിധ സ്ഥലങ്ങളിലായി നിലവിലിരുന്നു എന്ന് വിശ്വസിക്കപ്പെടുന്നുണ്ടെങ്കിലും അവയില്‍ മൂന്നാമത്തെ സംഘടനയായി കരുതപ്പെടുന്ന മധുരൈ തമിഴ്സംഘത്തെപ്പറ്റി മാത്രമേ വ്യക്തമായ അറിവ് ഇന്നു ലഭ്യമായിട്ടുള്ളൂ. പ്രസ്തുത സംഘം ക്രിസ്തുവര്‍ഷത്തിന്റെ ആദ്യശതകങ്ങളിലാണ് നിലവിലിരുന്നതെന്നും സംഘംകൃതികള്‍ എന്നപേരില്‍ അറിയപ്പെടുന്ന കാവ്യങ്ങള്‍ ആ സംഘത്തിന്റെ നേതൃത്വത്തിലാണ് സമാഹരിച്ച് പ്രസിദ്ധീകരിക്കപ്പെട്ടതെന്നും കണ്ടെത്താന്‍ ഗവേഷകര്‍ക്കു കഴിഞ്ഞിട്ടുണ്ട്. ജൈനമതസന്ന്യാസിമാര്‍ അവരുടേതായ സാഹിത്യസംഘങ്ങള്‍ രൂപവല്‍ക്കരിച്ചിരുന്നു എന്ന അഭിപ്രായം പല ഗവേഷകന്‍മാരും രേഖപ്പെടുത്തിയിട്ടുണ്ട്. പ്രസിദ്ധങ്ങളായ സംഘംകൃതികള്‍ക്കുശേഷം ക്രോഡീകരിക്കപ്പെട്ട ധര്‍മോപദേശപരങ്ങളായ കൃതികളില്‍ പലതും ജൈനസാഹിത്യ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ ആസൂത്രണം ചെയ്യപ്പെട്ടവ ആയിരിക്കാന്‍ സാധ്യതയുണ്ട്.

ജൈന ബുദ്ധ മതങ്ങളുടെ സ്വാധീനത വെളിപ്പെടുത്തുന്ന കാവ്യങ്ങളുടെ കാലത്തിനുശേഷം തമിഴ്നാട്ടില്‍ തഴച്ചുവളര്‍ന്ന ഭക്തികാവ്യങ്ങള്‍ ശൈവ-വൈഷ്ണവ പ്രസ്ഥാനങ്ങളില്‍പ്പെട്ട ദാര്‍ശനികന്‍മാരുടെ നേതൃത്വത്തില്‍ രചിക്കപ്പെടുകയും പ്രചാരം നേടുകയും ചെയ്തവയാണ്. ആഴ്വാര്‍മാര്‍ എന്നപേരില്‍ അറിയപ്പെടുന്ന വൈഷ്ണവ സിദ്ധന്മാരും നായനാര്‍മാര്‍ എന്ന പേരില്‍ അറിയപ്പെടുന്ന ശൈവമത സിദ്ധരുമാണ് ഈ കാവ്യപരമ്പരയുടെ പിന്നില്‍ പ്രവര്‍ത്തിച്ചിരുന്നത്.

ആധ്യാത്മിക ചിന്തയോടും മതവിശ്വാസത്തോടും ബന്ധപ്പെട്ടസംഘടനകളാണ് തമിഴ്നാട്ടിന്റെ വിവിധഭാഗങ്ങളില്‍ മഠങ്ങള്‍ സ്ഥാപിക്കുന്നതിന് വഴിതെളിച്ചത്. ധാര്‍മികജീവിതം പ്രചരിപ്പിക്കുക എന്നതായിരുന്നു ഈ മഠങ്ങളുടെ പരമപ്രധാനമായ ലക്ഷ്യം. തിരുവാടു തുറൈ, ധര്‍മപുരം, കാഞ്ചീപുരം, സൂര്യനാര്‍ കോയില്‍ എന്നിവിടങ്ങളിലെ മഠങ്ങള്‍ ഇവിടെ പ്രത്യേക പരാമര്‍ശമര്‍ഹിക്കുന്നു. ധര്‍മപുരം മഠം എന്ന വിഖ്യാതമഠം സ്ഥാപിച്ചത് തിരുജ്ഞാനസംബന്ധര്‍ എന്ന മഹാജ്ഞാനിയാണ്.

ബ്രിട്ടിഷ് ഭരണത്തിന് എതിരായുള്ള പ്രക്ഷോഭണം ആരംഭിച്ച കാലം മുതല്‍ അനൗപചാരികമായ ഒരു സംഘടിതപ്രസ്ഥാനം തമിഴ്നാട്ടില്‍ രൂപംകൊണ്ടു. ഗാന്ധിജിയുടെ രംഗപ്രവേശത്തെതുടര്‍ന്ന് കോണ്‍ഗ്രസ് സംഘടനയുടെ ആഭിമുഖ്യത്തില്‍ സ്വാതന്ത്യ്ര പ്രക്ഷോഭണം ശക്തമായിത്തീര്‍ന്നു. അങ്ങനെ സ്വാതന്ത്യ്രബോധത്തില്‍ നിന്നു രൂപംകൊണ്ട സംഘടിതശക്തിയുടെ ഫലമായിട്ടാണ് തമിഴ് സാഹിത്യം ഇരുപതാം നൂറ്റാണ്ടില്‍ സമ്പന്നമായിത്തീര്‍ന്നത്.

ഇ.വി. രാമസ്വാമിനായ്ക്കരുടെ സ്വയമര്യാദൈ പ്രസ്ഥാനം തമിഴ്സാഹിത്യത്തിന്റെ ഉയിര്‍ത്തെഴുന്നേല്പിന് അത്യന്തം സഹായകമായിട്ടുണ്ടെന്ന് ഭാരതീദാസന്റെ കവിതകളും മറ്റനേകം സാഹിത്യകാരന്‍മാരുടെ കൃതികളും വെളിപ്പെടുത്തുന്നു. ഏതാനും ദശകങ്ങള്‍ക്കുമുമ്പ് തമിഴ്നാട്ടില്‍ രൂപംകൊണ്ട പല സാഹിത്യപ്രസ്ഥാനങ്ങളും ഈ സന്ദര്‍ഭത്തില്‍ പരാമര്‍ശമര്‍ഹിക്കുന്നു. പുരോഗമന സാഹിത്യപ്രസ്ഥാനം, നവീന സാഹിത്യപ്രസ്ഥാനം എന്നിവ സാഹിത്യത്തില്‍ പുതിയ പരീക്ഷണങ്ങള്‍ നടത്തുന്നതിന് എഴുത്തുകാരെ പ്രചോദിപ്പിച്ചുകൊണ്ടിരിക്കുന്നു.

തമിഴ്നാട്ടിലും അഖിലേന്ത്യതലത്തിലും ഉണ്ടായ സാഹിത്യഅക്കാദമികളും നാടകഅക്കാദമികളും ജ്ഞാനപീഠസമ്മാനം പോലുള്ള പുരസ്കാരങ്ങള്‍ നല്കി സാഹിത്യകാരന്മാരെ പ്രോത്സാഹിപ്പിക്കുന്ന സ്ഥാപനങ്ങളും തമിഴ്സാഹിത്യത്തിന്റെ വളര്‍ച്ചയ്കു നല്‍കിയിട്ടുള്ള ഉത്തേജനം സര്‍വോപരി ചൂണ്ടികാണിക്കേണ്ടിയിരിക്കുന്നു

വിശിഷ്ടങ്ങളായ സാഹിത്യകൃതികള്‍ തിരഞ്ഞെടുത്ത് പ്രസിദ്ധീകരിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും സഹായകമായി പ്രവര്‍ത്തിക്കുന്ന നാഷണല്‍ ബുക്ക് ട്രസറ്റ് പോലെയുള്ള അഖിലേന്ത്യ സ്ഥാപനങ്ങളും തമിഴ്നാട്ടിലെ സംഘടിത സംവിധാനങ്ങളും സാഹിത്യ വികാസനത്തില്‍ വഹിച്ചുകൊണ്ടിരിക്കുന്ന പങ്കും നിര്‍ണായക പ്രധാന്യമുള്ളവ‌യാണ്

ഉപസംഹാരം

ഇന്ത്യയില്‍ പ്രാചീനകാലം മുതല്‍ പ്രചാരത്തിലിരിക്കുന്ന ഒരു ഭാഷയാണ് തമിഴ്.അതില്‍ സമ്പന്നമായ ഒരു സാഹിത്യമുണ്ടാവുക എന്നത് സ്വാഭാവികം മാത്രം.ആ സാഹിത്യം ക്രിസ്തുവര്‍ഷാരംഭത്തിനു തൊട്ടുമുമ്പോ ക്രിസ്തുവര്‍ഷത്തിന്റെ ആദ്യശതകളിലോ ആരംഭിച്ചതായി കരുതാം.സ്വാഭാവികമായിത്തന്നെ അതിന്റെ രൂപഭാവങ്ങളില്‍ പല പരിവര്‍ത്തനങ്ങളും ഉണ്ടായിട്ടുണ്ട് .ആദ്യകാലത്തെ തമിഴ് സാഹിത്യം സംഘകൃതികള്‍ എന്ന പേരില്‍ അറിയപ്പെടുന്ന കവിതാസമാഹരങ്ങള്‍ ഉള്‍പ്പെട്ടതാണ്.അവയുടെ ആവിര്‍ഭാവകാലത്തിനും 21-ാം നൂറ്റാണ്ടിനുമിടിയില്‍ വ്യത്യസ്ത പ്രമേയങ്ങള്‍ ചിത്രീകരിക്കുന്ന പലതരം കാവ്യങ്ങളും കവിതാപ്രസ്ഥാനങ്ങളും തമിഴില്‍ ഉണ്ടായിട്ടുണ്ട്‌‌‌


(മു. വരദരാജന്‍, കെ.എസ്.നാരായണപിള്ള.സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍