This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തത്തച്ചിന്നന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

തത്തച്ചിന്നന്‍

Indian Iorikeet

തത്തച്ചിന്നന്‍

ആറ്റക്കുരുവിയോളം മാത്രം വലുപ്പമുള്ള തത്ത. ശാ.നാ. ലോറിക്കുലസ് വെര്‍ണാലിസ് (Loriculus vernalis). ദേഹത്തിന് മരതകപ്പച്ച നിറമായിരിക്കും. വാലിന്റെ അല്പം മുകളിലായി രക്തവര്‍ണത്തില്‍ വീതിയുള്ള ഒരു പട്ടയുണ്ട്. ചിറക് ഒതുക്കിയിരിക്കുമ്പോള്‍ ഈ പട്ട കാണാന്‍ കഴിയില്ല. ആണ്‍പക്ഷിയുടെ കഴുത്തിന് നീല നിറവും പെണ്‍പക്ഷിയുടേതിന് പച്ചയുമാണ്. വൃക്ഷങ്ങളില്‍ത്തന്നെ കഴിഞ്ഞുകൂടാനിഷ്ടപ്പെടുന്ന ഈ പക്ഷികള്‍ ആഹാരം സമ്പാദിക്കുന്നത് മരങ്ങളുടെ ഇലകള്‍ക്കിടയില്‍ നിന്നാണ്. എപ്പോഴും ച്വീ-ച്വീ-ച്വീ എന്നുറക്കെ ശബ്ദിച്ചുകൊണ്ട് ചുറ്റും പറക്കുന്നു.

വലുപ്പം കുറഞ്ഞ ശരീരവും തത്തക്കൊക്കും ചുവന്ന അടയാളവും തത്തച്ചിന്നനെ തിരിച്ചറിയാന്‍ സഹായിക്കുന്നു. പൊതുവേ എല്ലാ തത്തകള്‍ക്കും കാണപ്പെടുന്ന നീണ്ടു കൂര്‍ത്ത വാല്‍ ഈ പക്ഷിക്കില്ല.

മഴക്കാലത്താണ് തത്തച്ചിന്നന്‍ ധാരാളമായി കാണപ്പെടുന്നത്. ചുരുങ്ങിയ തോതില്‍ ദേശാടനസ്വഭാവമുള്ളതിനാല്‍ എല്ലാക്കാലത്തും ഇവ ഒരു സ്ഥലത്തു കാണപ്പെടാറില്ല. തെങ്ങ്, തേക്ക്, ആല്‍വൃക്ഷം തുടങ്ങിയ ഉയരം കൂടിയ വൃക്ഷങ്ങളിലേക്ക് ഇവ ച്വീ-ച്വീ-ച്വീ ശബ്ദമുണ്ടാക്കിക്കൊണ്ട് വളരെ വേഗത്തില്‍ പറന്നു നടക്കും. അരയാലിലും പേരാലിലും പഴങ്ങള്‍ തിന്നാനും പൂവരശിന്‍ പൂവിലെ തേന്‍ കുടിക്കാനും വാഴച്ചുണ്ടിലെ തേന്‍കുടിക്കാനും തത്തച്ചിന്നന്‍ പറന്നടുക്കുന്നു. വാഴച്ചുണ്ടില്‍ പലപ്പോഴും ഇവയെ കാണാന്‍ കഴിയുന്നതിനാല്‍ വാഴക്കിളിയെന്നും ഇതിനു പേരുണ്ട്. കടവാവലുകളെപ്പോലെ തൂങ്ങിക്കിടന്നാണ് ഇവ രാത്രിയില്‍ ഉറങ്ങുന്നത്.

തത്തച്ചിന്നന്‍ ഇണകളായോ നാലോ അഞ്ചോ എണ്ണമുള്ള ചെറുകൂട്ടങ്ങളായോ സഞ്ചരിക്കുന്നു. പാകമെത്തിയ കായ്കളുള്ള വൃക്ഷങ്ങളില്‍ ഒരു പറ്റം (20-50 എണ്ണം) പക്ഷികളെ കാണാന്‍ കഴിയും.

മറ്റു തത്തകളെപ്പോലെ തത്തച്ചിന്നനും മരപ്പൊത്തുകളിലാണ് കൂടുണ്ടാക്കുന്നത്. മുട്ടയിടാനും കുഞ്ഞുങ്ങള്‍ക്കു കിടക്കാനും പച്ച ഇലകള്‍ ശേഖരിച്ച് മെത്തയുണ്ടാക്കും. പച്ചിലക്കഷണങ്ങളെ വളരെ വിദഗ്ധമായ രീതിയില്‍ മാളങ്ങളിലെത്തിച്ച ശേഷം അവ കടിച്ചെടുത്ത് കൂടുണ്ടാക്കാന്‍ തുടങ്ങും. നാടപോലെയുള്ള ഇലക്കഷണം കീറിയെടുത്ത് അതിന്റെ ഒരറ്റം മുതുകില്‍ രക്തനിറത്തിലുള്ള തൂവലുകള്‍ക്കിടയില്‍ തിരുകും. ഇങ്ങനെ വയ്ക്കുന്ന ഇലക്കഷണങ്ങള്‍ കുറെയെല്ലാം താഴെ വീണു നഷ്ടപ്പെടുമെങ്കിലും അതൊന്നും ഗൌനിക്കാതെ ഇവ വീണ്ടും വീണ്ടും ഇലക്കഷണങ്ങള്‍ അരപ്പട്ടയിലെ തൂവലുകള്‍ക്കിടയില്‍ തിരുകി കുറെ കഷണങ്ങള്‍ ശേഖരിച്ചശേഷം കൂട്ടിലേക്കു മടങ്ങും. ഇങ്ങനെ കുറേ ഇലത്തുണ്ടുകള്‍ ശേഖരിച്ച ശേഷമേ മുട്ടയിടാറുള്ളൂ. മുട്ടകള്‍ക്ക് തൂവെള്ള നിറമായിരിക്കും. പെണ്‍പക്ഷിയാണ് കൂടുകെട്ടുന്നതും അടയിരിക്കുന്നതും. കള്ളു ശേഖരണത്തിനായി തെങ്ങിലും പനയിലും മറ്റും വച്ചിട്ടുള്ള കള്ളുപാനികളില്‍നിന്ന് ഇവ കള്ള് കുടിക്കാറുണ്ടത്രേ.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍