This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തത്തകള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

07:02, 21 ജൂണ്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

തത്തകള്‍

വാലന്‍ തത്ത

സിറ്റാസിഫോര്‍മസ് (Psittaciformes) പക്ഷി ഗോത്രത്തിലെ സിറ്റാസിഡേ (Psittacidae) കുടുംബത്തില്‍പ്പെടുന്ന പക്ഷികള്‍. കുറുകിയ കാലുകള്‍, മെലിഞ്ഞ ശരീരം, തടിച്ചുരുണ്ട് കുറുകിയതും ഉറപ്പുള്ളതും അറ്റം കൂര്‍ത്തു വളഞ്ഞതുമായ ചുണ്ട്, നീണ്ട് ത്രികോണാകൃതിയിലുള്ള വാല്‍, മരത്തില്‍ കയറാനുപയോഗിക്കത്തക്ക കാലുകള്‍, പച്ചത്തൂവലുകള്‍ എന്നിവ തത്തകളുടെ സവിശേഷതകളാണ്. ഇവ മിക്കപ്പോഴും കൂട്ടം ചേര്‍ന്നാണ് സഞ്ചരിക്കുന്നത്. 32 ഇനം തത്തകളുണ്ടെങ്കിലും അഞ്ചിനങ്ങള്‍ മാത്രമാണ് കേരളത്തില്‍ കാണപ്പെടുന്നത്. ഇവയില്‍ ഏറ്റവുമധികമായുള്ളത് നാട്ടുതത്തയാണ്. പഞ്ചവര്‍ണക്കിളി, വാലന്‍തത്ത എന്നീ പേരുകളില്‍ അറിയപ്പെടുന്ന ഈ പക്ഷിയുടെ ശാ.നാ. സിറ്റാക്കുല ക്രാമേറി (Psittacula krameri) എന്നാണ്. ഇവ സംഘങ്ങളായി കൃഷിസ്ഥലങ്ങളിലെത്തി കൃഷിക്കും ഫലവൃക്ഷങ്ങള്‍ക്കും വന്‍തോതില്‍ നാശനഷ്ടമുണ്ടാക്കാറുണ്ട്. വിളഞ്ഞു നില്ക്കുന്ന ധാന്യച്ചെടികള്‍, പാകമായി വരുന്ന കായ്കള്‍ തുടങ്ങിയവ ഭക്ഷിക്കുന്നതിനേക്കാള്‍ ഏറെ അവ കൊത്തി നശിപ്പിക്കുകയാണ് ചെയ്യുന്നത്.

ശരീരം മുഴുവനും പച്ച, മുകള്‍വശത്ത് നീലയും അടിഭാഗത്ത് മഞ്ഞനിറവുമുള്ള വാല്‍, കൊക്കിന്റെ മുകള്‍പ്പകുതി ചുവന്നതും കീഴ്പ്പകുതി കറുത്തതും, കൊക്കിന്റെ അടിയില്‍ നിന്നു തുടങ്ങി പുറം കഴുത്തു ചുറ്റിപ്പോകുന്ന ഒരു കറുത്ത 'മാല'യും അതിനെ തൊട്ടുകിടക്കുന്ന ഇളംചുവപ്പു വരയും ആണ്‍പക്ഷിയുടെ സവിശേഷതകളാണ്. പെണ്‍പക്ഷിക്ക് ചുവപ്പു മാലയ്ക്കു പകരം പുല്‍പ്പച്ച നിറത്തിലുള്ള തൂവലുകളാണ് കാണപ്പെടുക.

പൂന്തത്ത

പൂന്തത്ത (Blossom headed parakeet). ശാ.നാ. സിറ്റാക്കുല സയനോസെഫാല (Psittacula cyanocephaia). ആണ്‍പക്ഷിയുടെ തല ഊതയും ചുവപ്പും കലര്‍ന്ന നിറമായിരിക്കും. കഴുത്തിനു ചുറ്റും കറുത്ത വളയവും ചിറകില്‍ ചുമലിനടുത്തായി ചുവന്ന ഒരു ചുട്ടിയും കാണപ്പെടുന്നു. പെണ്‍പക്ഷിയുടെ തലയ്ക്ക് ഊത കലര്‍ന്ന ചാരനിറമായിരിക്കും. ചുമലില്‍ ചുവപ്പ് ചുട്ടി കാണുന്നില്ല. കഴുത്തിനു ചുറ്റും മഞ്ഞവളയമാണുള്ളത്. ആണ്‍പക്ഷിയുടെ കൊക്കിന് ഇളം ഓറഞ്ചും പെണ്‍പക്ഷിയുടേതിന് മഞ്ഞനിറവുമാണ്. പൂന്തത്തകളുടെ വാലിന്റെ മുകള്‍ഭാഗം നീലയും മധ്യത്തിലുള്ള നീണ്ട തൂവലുകളുടെ അറ്റത്ത് ഒരിഞ്ചോളം നീളത്തില്‍ വെള്ളനിറവുമായിരിക്കും. പറക്കുമ്പോള്‍ ഈ വെള്ളനിറം വ്യക്തമായി കാണാനാകും. ടൂയി-ടൂയി എന്ന് ശബ്ദമുണ്ടാക്കിക്കൊണ്ടാണ് ഇവ പറക്കുന്നത്.

നീലത്തത്ത

നീലത്തത്ത (Blue winged parakeet). ശാ.നാ. സിറ്റാക്കുല കൊളുംബോയ്ഡസ് ((Psittacula columboides)). നീലത്തത്തയുടെ ശരീരത്തിന് നീല കലര്‍ന്ന പച്ചനിറം; ചിറകുകളും വാലിന്റെ മുകള്‍ഭാഗവും നീലയും, തലയും മാറിടവും പുറവും ചുവപ്പു കലര്‍ന്ന ചാരനിറവും, വാലിന്റെ അഗ്രം മഞ്ഞയും ആയിരിക്കും. ആണ്‍പക്ഷിക്ക് കഴുത്തില്‍ കറുത്ത മാലയും, അതിനുതൊട്ടു നീലയും പച്ചയും കലര്‍ന്ന ഭംഗിയുള്ള ഒരു മാലയുമുണ്ട്. കൊക്കിന്റെ മുകള്‍പ്പകുതി ചുവപ്പും, അറ്റം മഞ്ഞയും കീഴ്പ്പകുതി മങ്ങിയ കറുപ്പും നിറമാണ്. പെണ്‍പക്ഷിയുടെ കൊക്കിന്റെ മേല്‍പ്പകുതി മങ്ങിയ കറുപ്പു നിറത്തിലായിരിക്കും. മുളന്തത്ത എന്ന പേരിലും അറിയപ്പെടുന്ന നീലത്തത്ത ഒരു കാട്ടുപക്ഷിയാണ്. ഇവ 30-40 എണ്ണമുള്ള കൂട്ടങ്ങളായാണ് സഞ്ചരിക്കുക. ക്രേ-ക്രേ-ഷ്ക്രേ-ഷ്ക്രേ എന്നിങ്ങനെയുള്ള പരുക്കന്‍ ശബ്ദം പുറപ്പെടുവിക്കുന്ന നീലത്തത്തയെ വളരെ ദൂരത്തു നിന്നുതന്നെ തിരിച്ചറിയാന്‍ കഴിയും.

തത്തകള്‍ മുട്ടയിടുന്നത് വേനല്‍ക്കാലത്താണ്. ഡി. മുതല്‍ ഏ. വരെയുള്ള മാസങ്ങളിലാണ് ഇവ കൂടുകെട്ടുന്നത്. 6-20 മീ. വരെ ഉയരമുള്ള മരപ്പൊത്തുകളിലാണ് ഇവ കൂടുണ്ടാക്കുക. മരം കൊത്തിയുടെയും മറ്റും പഴയ കൂടുകളും ഇവ ഉപയോഗിക്കാറുണ്ട്. മതിലിലും ചുമരുകളിലും ഉള്ള ദ്വാരങ്ങളും തത്തകള്‍ കൂടുകളാ യുപയോഗിക്കും. മാളത്തിനുള്ളില്‍ കൂടുണ്ടാക്കാതെ തന്നെ തത്തകള്‍ മുട്ടയിടും. സാധാരണ നാല് മുട്ടകളിടുന്നു. മുട്ട വിരിഞ്ഞു വരുന്ന കുഞ്ഞുങ്ങള്‍ക്ക് കാഴ്ചയുണ്ടാകില്ല. കുഞ്ഞുങ്ങളുടെ ശരീരത്തില്‍ തൂവലുകളോ രോമങ്ങളോ കാണപ്പെടുന്നില്ല. തത്തകള്‍ അനുകരണ സാമര്‍ഥ്യം കൂടുതലുള്ള പക്ഷിയായതിനാല്‍ നിരന്തരം പരിശീലിപ്പിച്ചാല്‍ അക്ഷരസ്ഫുടതയോടെ സംസാരിക്കാന്‍ ഇവയ്ക്കു കഴിയും.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍