This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തട്ടിപ്പ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

തട്ടിപ്പ്

ഒരാളേയൊ ഒരു വിഭാഗം ആളുകളേയൊ തെറ്റിദ്ധരിപ്പിച്ചും വ്യാജരേഖകളുടെ അടിസ്ഥാനത്തിലും മറ്റുമായി മറ്റൊരാളോ വിഭാഗമോ നേട്ടം ഉണ്ടാക്കുന്നതിന് സ്വീകരിക്കുന്ന നിയമരഹിതമായ മാര്‍ഗം. തട്ടിപ്പറിക്കുന്നതില്‍നിന്നും മോഷണം നടത്തുന്നതില്‍ നിന്നും വ്യത്യസ്ഥമാണ് തട്ടിപ്പ്. തട്ടിപ്പറിക്കുക എന്നത് ഭീഷണിപ്പെടുത്തിയോ ഭീഷണിപ്പെടുത്താതെയോ ബലമായി കൈവശപ്പെടുത്തുന്നതാണ്. മോഷണം എന്നത് ഒരാളുടെ പണമോ ആഭരണങ്ങളോ മറ്റോ ഉടമസ്ഥന്റെ അറിവോ സമ്മതമോ കൂടാതെ കൈവശപ്പെടുത്തുന്നതാണ്. എന്നാല്‍ തട്ടിപ്പിന് ചതിവ്, വഞ്ചന, ആള്‍മാറാട്ടം എന്നീ മാര്‍ഗങ്ങള്‍ ഉപയോഗപ്പെടുത്തുന്നു. തട്ടിപ്പില്‍ തെറ്റിദ്ധരിപ്പിക്കലും വഞ്ചനയും ചതിയും നടക്കുന്നുണ്ട്. തട്ടിപ്പിനിരയാകുന്നവര്‍ക്ക് പലപ്പോഴും വളരെ താമസിച്ചു മാത്രമേ ഇക്കാര്യം മനസ്സിലാകാറുള്ളൂ.

തട്ടിപ്പ് പല മേഖലകളിലും നടക്കുന്നുണ്ട്. വിവാഹം മുതല്‍ പാസ്പോര്‍ട്ടും വിസയും ലഭിക്കുന്നതിനുള്ള കാര്യങ്ങള്‍ക്കു വരെ തട്ടിപ്പു നടക്കുന്നു. വിവിധ മാര്‍ഗങ്ങളുപയോഗിച്ചാണ് പണം തട്ടിയെടുക്കുക. ഭക്ഷണസാധനങ്ങളിലും മറ്റും മായം ചേര്‍ത്തും, അളവുകളിലും തൂക്കങ്ങളിലും കൃത്രിമത്വം കാണിച്ചും തട്ടിപ്പു നടത്തുന്നു. വ്യാജരേഖകളും സര്‍ട്ടിഫിക്കറ്റുകളും സീലും മറ്റും തയ്യാറാക്കിയും അവ ഉപയോഗിച്ചും തട്ടിപ്പിനുള്ള മാര്‍ഗം കണ്ടെത്തുന്നു. വഞ്ചന, കാപട്യം, ചതി, ദുരുപയോഗപ്പെടുത്തല്‍ എന്നിവയെല്ലാം തട്ടിപ്പിന്റെ മാര്‍ഗങ്ങളാണ്. നിരപരാധികളായ ആളുകള്‍ തട്ടിപ്പിനു വിധേയരാകാറുണ്ട്. പ്രശ്നങ്ങളില്‍ സ്വയം പങ്കാളികളായി തട്ടിപ്പിനു വിധേയരാകുന്നവരുമുണ്ട്.

ഇന്ത്യന്‍ ശിക്ഷാനിയമത്തില്‍ തട്ടിപ്പുമായി ബന്ധപ്പെട്ട കുറ്റങ്ങളും അവയ്ക്കുള്ള ശിക്ഷകളും പ്രതിപാദിക്കുന്നുണ്ട്. നിയമവിരുദ്ധമായ കാര്യങ്ങളില്‍ ഏര്‍പ്പെട്ട് തട്ടിപ്പിനോ ചതിക്കോ വഞ്ചനക്കോ വിധേയമായി പണവും മറ്റും നഷ്ടപ്പെട്ടാല്‍ അതിനു പരിഹാരം ലഭിക്കുകയില്ല. ഉദാഹരണമായി, കള്ളനോട്ടടിക്കാരുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുകയും അവസാനം തട്ടിപ്പിനു വിധേയരാകുകയും ചെയ്താല്‍ നിയമപരമായ പരിരക്ഷ ലഭിക്കുകയില്ല. കള്ളനോട്ടടി, നോട്ടിരട്ടിപ്പ് മുതലായ പ്രവൃത്തികള്‍ നിയമവിരുദ്ധമായ കാര്യങ്ങളാകയാല്‍ അതിന്റെ പേരില്‍ തട്ടിപ്പു നടന്നാല്‍ പരാതിപ്പെടാന്‍ സാധ്യമല്ല. സ്വയം അറിഞ്ഞുകൊണ്ട് തട്ടിപ്പുസംഘവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവര്‍ക്കു നിയമത്തിന്റെ ആനുകൂല്യം ലഭിക്കുന്നതല്ല. അതേസമയം മുക്കുസ്വര്‍ണപണ്ടങ്ങള്‍ യഥാര്‍ഥത്തിലുള്ളതാണെന്നു പറഞ്ഞു വിശ്വസിപ്പിച്ച് പണം തട്ടിയെടുത്താല്‍ അതിനെതിരായി നടപടിയെടുക്കുവാനുള്ള വ്യവസ്ഥയുണ്ട്. അതുപോലെ വിവാഹതട്ടിപ്പ്, കള്ളരേഖകള്‍, ആള്‍മാറാട്ടം തുടങ്ങിയ തട്ടിപ്പുകള്‍ക്കെല്ലാം ന്യായമായ പരിഹാരം തേടാവുന്നതാണ്.

തട്ടിപ്പിനു വിധേയരാകുന്നവര്‍ക്ക് പൊലീസില്‍ പരാതിപ്പെട്ടും കോടതികളില്‍ കേസ് നടത്തിയും പരിഹാരം തേടുവാന്‍ സാധിക്കും. അതിനുള്ള കേസ് ഫയല്‍ ചെയ്യേണ്ടത് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേട്ടു കോടതികളിലാണ്. വഞ്ചനയും ചതിയും തട്ടിപ്പുമെല്ലാം ജാമ്യം നല്കുവാന്‍ പാടില്ലാത്ത കുറ്റങ്ങളാണ്. ഇത്തരം കുറ്റങ്ങള്‍ക്ക് നാലുവര്‍ഷം മുതല്‍ ഏഴുവര്‍ഷം വരെ കഠിനതടവും പിഴയും ശിക്ഷ ലഭിക്കാവുന്നതാണ്. സര്‍ക്കാര്‍ ജീവനക്കാരന്‍, ബാങ്കര്‍, വ്യാപാരി, ഏജന്റ് എന്നിവര്‍ വിശ്വാസവഞ്ചന നടത്തി തട്ടിപ്പ് നടത്തിയാല്‍ അതിന് പത്തുകൊല്ലം വരെ തടവോ പിഴയോ, തടവും പിഴയുമോ, ജീവപര്യന്തം തടവോ ലഭിക്കാവുന്നതാണ്.

തട്ടിപ്പിനു വിധേയരാകുന്നവര്‍ ഏറ്റവും വേഗത്തില്‍ അടുത്ത പൊലീസ് സ്റ്റേഷനില്‍ ഹാജരായി തട്ടിപ്പു നടത്തിയ ആളിന്റെ വിവരങ്ങളും - തെളിവുകള്‍ ഉണ്ടെങ്കില്‍ അവയും - പൊലീസ് ഇന്‍സ്പെക്ടറെയോ സ്റ്റേഷന്റെ ചാര്‍ജുള്ള ഉദ്യോഗസ്ഥനെയോ നേരിട്ടോ രേഖാമൂലമോ ബോധ്യപ്പെടുത്തി പരാതി രജിസ്റ്റര്‍ ചെയ്യണം. സംഭവത്തെക്കുറിച്ച് തെളിവുനല്‍കാന്‍ കഴിവുള്ള ആളുകളുടെ പേരും മേല്‍വിലാസവും പരാതിയോടൊപ്പം കൊടുക്കുകയും അധികാരികള്‍ ആവശ്യപ്പെടുമ്പോള്‍ അവരെ എത്തിക്കുകയും ചെയ്യേണ്ടതാണ്. പൊലീസ് മുഖാന്തരം കോടതിയില്‍ കേസ് നടത്തി കുറ്റം ചെയ്ത ആളില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കുവാനോ അയാള്‍ക്ക് ശിക്ഷ വാങ്ങിക്കൊടുക്കുവാനോ നിയമത്തില്‍ വ്യവസ്ഥയുണ്ട്. കേസ് എടുക്കുന്നതില്‍ പൊലീസ് അനാസ്ഥ കാണിച്ചാല്‍ കക്ഷികള്‍ക്ക് കോടതിയില്‍ നേരിട്ട് അഭിഭാഷകര്‍ മുഖേന കേസ് ഫയല്‍ ചെയ്ത് പരിഹാരം നേടാം. ക്രിമിനല്‍കോടതികളില്‍ക്കൂടിയുള്ള നടപടികളില്‍ നഷ്ടപരിഹാരം ചിലപ്പോള്‍ ലഭിക്കുകയില്ല. പ്രതി കുറ്റക്കാരനാണെന്നു തെളിഞ്ഞാല്‍ ശിക്ഷയ്ക്കു വിധേയനാക്കും. എന്നാല്‍ നഷ്ടപരിഹാരത്തിനായി സിവില്‍ വ്യവഹാരം കൊടുക്കാവുന്നതും ഉണ്ടായ നഷ്ടവും മറ്റും ബോധ്യപ്പെടുത്തിയാല്‍ നഷ്ടപരിഹാരം ഈടാക്കാവുന്നതുമാണ്.

തട്ടിപ്പുനടന്ന സ്ഥലത്തിന്റെ അധികാരപരിധിയിലുള്ള പൊലീസ് സ്റ്റേഷന്‍, കോടതി എന്നിവിടങ്ങളിലാണ് യഥാക്രമം പരാതി നല്കേണ്ടതും കേസ് ഫയല്‍ ചെയ്യേണ്ടതും. പൊലീസ് മുഖാന്തരം കേസ് നടത്തുമ്പോള്‍ തട്ടിപ്പിനു വിധേയരാകുന്നവര്‍ക്കുണ്ടാകുന്ന സാമ്പത്തിക ചെലവ് താരതമ്യേന കുറവായിരിക്കും. അവര്‍ക്കുവേണ്ടി ഗവണ്‍മെന്റ് അഭിഭാഷകര്‍ കേസ് നടത്തും. എന്നാല്‍ സ്വകാര്യമായി അന്യായം കൊടുക്കുമ്പോള്‍ അതിനുള്ള ചെലവ് തട്ടിപ്പിനിരയാകുന്നവര്‍ തന്നെ വഹിക്കണം. നഷ്ടം ഈടാക്കുവാന്‍ സിവില്‍ കോടതിയില്‍ കേസ് ഫയല്‍ ചെയ്യുമ്പോള്‍, ഈടാക്കപ്പെടേണ്ട തുകയ്ക്കുവേണ്ടി നിശ്ചയിക്കപ്പെട്ടിട്ടുള്ള കോര്‍ട്ട് ഫീ സ്റ്റാമ്പും മറ്റു ചെലവുകളും വഹിക്കേണ്ടതുണ്ട്. ഒരുലക്ഷം രൂപ വരെയുള്ള നഷ്ടപരിഹാര കേസുകള്‍ മുന്‍സിഫ് കോടതിയിലും അതിനു മുകളിലുള്ള തുകയ്ക്കുള്ള കേസുകള്‍ സബ് കോടതിയിലുമാണ് ഫയല്‍ ചെയ്യേണ്ടത്. സിവില്‍ കോടതികളിലെ കേസില്‍ തെളിവു നല്കേണ്ട ചുമതല തട്ടിപ്പിനിരയായവര്‍ക്കാണ്.

തട്ടിപ്പിനു സ്വീകരിച്ചുവരുന്ന മാര്‍ഗങ്ങളും രീതികളും പലവിധ മാണ്. ജാഗ്രതയോടും കരുതലോടുംകൂടി പ്രവര്‍ത്തിച്ചാല്‍ തട്ടിപ്പില്‍ അകപ്പെടാതിരിക്കുവാന്‍കഴിയും. അറിയാതെ തട്ടിപ്പിനിരയായാല്‍ അതിന് നിയമപരമായ പരിഹാരമാര്‍ഗങ്ങള്‍ പ്രയോജനപ്പെടുത്താം.

(എന്‍.ടി. ഗോപാലന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍